പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകളും ഉന്നതരും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും ചര്‍ച്ചയാവുകയാണ്. ഇതിനിടെ ഗായകന്‍ എം.ജി ശ്രീകുമാറിന് മോന്‍സണ്‍ സമ്മാനിച്ച ഒരു മോതിരത്തെ കുറിച്ച് പറയുന്ന വീഡിയോയും ചര്‍ച്ചയാവുകയാണ്.
ടോപ് സിംഗര്‍ പരിപാടിക്കിടെ തന്റെ മോതിരത്തെ കുറിച്ച് ചോദിച്ച രമേഷ് പിഷാരടിക്ക് എം.ജി ശ്രീകുമാര്‍ നല്‍കുന്ന മറുപടിയാണ് മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ ശ്രദ്ധ നേടുന്നത്. എം.ജി ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്.
”എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സണ്‍. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. പരിപാടിയില്‍ എം.ജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്” എന്നാണ് എം.ജി. ശ്രീകുമാര്‍ പറയുന്നത്.
മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ എന്ത് കല്ലാണെന്ന് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് ഗായകന്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇത്തരത്തിലുള്ളവ ധരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും തമാശ രൂപേണ പറയുന്നുണ്ട്.
കോറം എന്ന ആന്റിക് വാച്ചിനെ കുറിച്ചും ഗായകന്‍ പറയുന്നു. ഇതെല്ലാം മോന്‍സന് തിരിച്ചു കൊടുക്കേണ്ടതാണെന്നും പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ, പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കെ സുധാകരന്‍, നടന്മാരായ മോഹന്‍ലാല്‍, ബാല എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ച് കയറി സ്കൂട്ടര്‍ യാത്രികയായ നഴ്സിന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.
വീട്ടിൽനിന്ന് സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.15ഓടെ മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.
തല ടിപ്പറിന് പിന്നിൽ ഇടിച്ച ശേഷം സുനിത തെറിച്ചുവീഴുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. പിന്നീട് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.
ചെട്ടികുളങ്ങര കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കഴുത്തിന് മുറിവേറ്റ കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50), ഇയാളുടെ മാതാവ് പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രുഗ്മിണി (78) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രുഗ്മണിയുടെ നില ഗുരുതരമാണ്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് തന്‍റെ സ്വന്തം സ്‌കൂട്ടറിന് തീയിട്ട ശേഷം വീടിനും തീയിട്ടു. ഇത് കണ്ടു നിന്ന നാട്ടുകാര്‍ പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തിവെക്കുകയായിരുന്നു.
ആരെങ്കിലും അടുത്തെത്തിയാല്‍ കഴുത്തറുക്കും എന്ന ഭീഷണിയോടെയായിരുന്നു ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തി വെച്ചത്. ഇത് കണ്ട് നിന്നവര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷത്തോടെ ഭീഷണി തുടർന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന അതിരു കല്ലില്‍ കാല്‍തട്ടി നിലത്തേക്ക് വീണു. ഇതുകണ്ട് പ്രകോപിതനായ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഇയാളുടെ കഴുത്തിലേക്ക് കത്തിവെച്ച് സ്വന്തം കഴുത്തും അറുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസും അഗ്നിശമനയും ചേര്‍ന്ന് സുരേഷിനെ കീഴ്‌പ്പെടുത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറുവേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ ഭാര്യയും മകനും ഭാര്യയുടെ വീട്ടിലാണ് താമസം.
മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പൊലീസ് പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറായിരുന്ന സുരേഷിന്‍റെ കംപ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്‌കൂട്ടര്‍ വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്
കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു. ചികിത്സയിലിരിക്കെയാണ് വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്.
തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്.
എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആയിഷയുടെ ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്.
തിരുവനന്തപുരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് സ്വദേശി വൃന്ദയെയാണ് ഭര്‍തൃസഹോദരനായ സുബിന്‍ലാല്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വൃന്ദ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തയ്യല്‍ക്കടയില്‍ ജോലിചെയ്യുന്നതിനിടെയാണ് വൃന്ദയ്ക്ക് നേരേ ഭര്‍തൃസഹോദരന്‍ ആക്രമണം നടത്തിയത്. കാറിലെത്തിയ പ്രതി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവ് പിന്നാലെ ഓടിയെത്തി തീകൊളുത്തി. ഇതിനുശേഷം സംഭവസ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു.
ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, സുബിന്‍ലാലിനെ ഇഞ്ചയ്ക്കല്‍ ബൈപ്പാസില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാള്‍ അമ്പലത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്.
വധശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. വൃന്ദ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പോലീസ് പറഞ്ഞു.
അടിമാലി: ഇടുക്കിയില്‍ ബന്ധുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് രാജക്കാട് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ കോട്ടയത്താണ് ജോലിചെയ്തിരുന്നത്. അതിനാല്‍ നാട്ടിലെ ബന്ധുവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവിടെവെച്ച് ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബുധനാഴ്ച രാവിലെ വരെ ആരുമറിഞ്ഞിരുന്നില്ല. രാവിലെ വയറുവേദന അസഹ്യമായതോടെയാണ് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ രാജക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുക്കുമെന്നും പോലീസ് അറിയിച്ചു.
കേരള തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട് വാളയാര്‍ ഡാം അപകട മുനമ്പാകുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഡാമില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇരുപത്തി ആറായി. ഇതില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ പതിനേഴുപേര്‍ തമിഴ്നാട്ടുകാരാണ്.
ഡാമിൽ കുളിക്കാനിറങ്ങി മണൽക്കുഴികളിൽ അകപ്പെട്ടു കാണാതായ 3 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സഹപാഠികളും അയൽവാസികളുമായ കോയമ്പത്തൂർ സുന്ദരാപുരം വെള്ളൂർ രമേശിന്റെ മകൻ സഞ്ജയ് (16), കാമരാജ് നഗർ ഷൺമുഖന്റെ മകൻ പൂർണേശ് (16), ഫേസ് ടു തെരുവ് ജോസഫിന്റെ മകൻ ആന്റോ (16) എന്നിവരാണു മുങ്ങിമരിച്ചത്. ഇന്നലെ പുലർച്ചെ പൂർണേശിന്റെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. മറ്റു രണ്ടു പേർക്കായി ഏഴു മണിക്കൂറിലേറെ പരിശോധന നീണ്ടു.
കൊച്ചിയിൽ നിന്നുള്ള നേവി സ്പെഷൽ ഡൈവിങ് ടീമും പാലക്കാട്–കഞ്ചിക്കോട് അഗ്നിരക്ഷാസേനയും മലപ്പുറത്തു നിന്നെത്തിയ സ്വകാര്യ ഏജൻസിയുടെ നീന്തൽ വിദഗ്ധരും സിവിൽ ഡിഫൻസ് അംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കണ്ടാല്‍ ശാന്തം. തടസങ്ങളില്ലാതെ കുളിക്കാനുള്ള സൗകര്യം. മനോഹാരിത മാത്രം കണ്ട് ഡാമിലിറങ്ങുന്നവര്‍ക്ക് അടിയൊഴുക്കും മണലെടുത്ത കുഴികളും തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ അത്യാഹിതം. ജലനിരപ്പിനടിയില്‍ അപകടക്കുഴികളും ചുഴികളുമാണുള്ളത്. അടിയിലേക്കെത്തിയാല്‍ അസാധ്യ തണുപ്പും. കഴിഞ്ഞദിവസം മരിച്ച മൂന്ന് വിദ്യാര്‍ഥികളും കരയില്‍ നിന്ന് അധിക ദൂരെയല്ലാത്തിടത്താണ് ഡാമിലെ കുഴിയില്‍പ്പെട്ടത്.
നടപടിയും പരിശോധനയും കര്‍ക്കശമാക്കിയപ്പോള്‍ അനധികൃത മണല്‍വാരലിന് കുറവുണ്ടായി. ഡാം ഭാഗികമായി സുരക്ഷിതമായി. എങ്കിലും പഴയ കുഴികള്‍ ഇപ്പോഴും കയങ്ങള്‍ക്ക് സമാനമായി തുടരുന്നു എന്നതാണ് ഓരോ അപകടവും സൂചിപ്പിക്കുന്നത്. കരയില്‍ നിന്ന് അധിക ദൂരമില്ലാത്തിടത്ത് നിരവധി ഗര്‍ത്തങ്ങളുണ്ട്.
പലതും മണല്‍വാരലിന് ശേഷം ഉപേക്ഷിച്ച കുഴികളാണ്. കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ഇറങ്ങിയ ഭാഗത്ത് പതിനഞ്ച് അടിയിലേറെ താഴ്ചയുള്ള ചെറുതും വലുതുമായ കുഴികളുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു. പലയിടത്തും ചതുപ്പും ചെരിവും കാണപ്പെട്ടിരുന്നതായും വെള്ളത്തിനടിയിലൂടെ സഞ്ചരിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. വാളയാര്‍ ചെക്പോസ്റ്റിലെത്താതെ ചെറുവഴികളിലൂടെ ഡാമിലെത്താനുള്ള സൗകര്യമാണ് തമിഴ്നാട്ടുകാരെ കൂടൂതല്‍ ആകര്‍ഷിക്കുന്നത്.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് നടന്‍ ബാലയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ഡ്രൈവര്‍ അജി നെട്ടൂര്‍. ഇതുമായി ബന്ധപ്പെട്ട് നടന്‍ ബാലയുടെ വെളിപ്പെടുത്തലുകള്‍ നുണയാണെന്നും അജി നെട്ടൂര്‍ വെളിപ്പെടുത്തി.
അജി നെട്ടൂരിന്റെ പ്രതികരണം; ‘ബാലച്ചേട്ടന്‍ പറയുന്നത് നുണയാണ്. കഴിഞ്ഞ മാസം ബാല വിവാഹിതനാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് അദ്ദേഹത്തെ വിളിക്കുന്നത്. വ്യക്തിപരമായി സംസാരിച്ചത് ബാലച്ചേട്ടന്റെ വിവാഹകാര്യം മാത്രമാണ്. മോന്‍സണുമായുള്ള ശമ്പളത്തിന്റെ പ്രശ്‌നം പറഞ്ഞ് ബാലയെ ഒരിക്കല്‍പോലും വിളിച്ചിട്ടില്ല. നാല് മാസം മുന്‍പാണ് ഇതൊക്കെ നടന്നതെന്നാണ് ബാല പറഞ്ഞത്. അതും തെറ്റാണ്. കഴിഞ്ഞമാസം വിവാഹക്കാര്യം അറിഞ്ഞപ്പോള്‍ വിളിച്ചതാണ്. ബാലച്ചേട്ടന് മോന്‍സണ്‍ കൊടുത്ത സാധനങ്ങളില്‍ ചിലത് ചില ജ്വല്ലറികളില്‍ കാണിച്ചപ്പോള്‍ ഒറിജിനലല്ലെന്ന് മനസിലായതായി അദ്ദേഹം എന്നോട് പരാതി പറഞ്ഞിരുന്നു.
‘എനിക്കെതിരെ മോന്‍സണ്‍ സാര്‍ നല്‍കിയ പരാതി കള്ളക്കേസാണെന്നും അത് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ചിന് മൊഴി നല്‍കി തിരികെ വരുമ്പോഴായിരുന്നു ബാല വീണ്ടും വിളിച്ചത്. കേസ് എല്ലാം ഒഴിവാക്കാമെന്നും മോന്‍സണ്‍ സാറിനെതിരെ ഇനി മോശമായിട്ടൊന്നും പറയരുതെന്നും ബാലച്ചേട്ടന്‍ പറഞ്ഞു. അനൂപ് അഹമ്മദുമായി ബാലച്ചേട്ടന് 5 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നു. അതില്‍ ഇടനില നിന്നത് ഞാനാണ്.
പുരാവസ്തു എന്ന പേരില്‍ തട്ടിപ്പാണ് നടത്തിയതെന്ന് അറിയില്ലായിരുന്നു. ആ വസ്തുക്കളില്‍ കാല്‍ശതമാനവും മട്ടാഞ്ചേരിയില്‍ നിന്ന് സംഘടപ്പിച്ചവയായിരുന്നു. 70 ശതമാനത്തോളം സാധനങ്ങളും തിരുവനന്തപുരത്തുള്ള സന്തോഷ് എന്നയാളുടെ പക്കല്‍ നിന്നും ബാക്കി കോയമ്പത്തൂരുള്ള ഡോ. പ്രഭു എന്നയാളുടെ പക്കല്‍ നിന്നും വാങ്ങിയതാണ്’. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അജി നെട്ടൂര്‍ പ്രതികരിച്ചു.
അജി നെട്ടൂരും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പത്ത് വര്‍ഷക്കാലം മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറായിരുന്നു അജി നെട്ടൂര്‍. ഇദ്ദേഹത്തിന്റെ സുഹൃത്തിനെ മോന്‍സണ്‍ തട്ടിപ്പിനിരയാക്കിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് അജിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തു നിന്നുള്‍പ്പെടെ അജിക്ക് പീഡനമേല്‍ക്കേണ്ടി വന്നു. ഇതിന് പിന്നാലെ മോന്‍സണിനെതിരെ അജിയും പരാതി നല്‍കി. ഇതോടെയാണ് ബാലയുടെ ഇടപെടല്‍.
മോന്‍സണ്‍ മാവുങ്കലിന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണ് ബാല. ഈ ഒരു ബന്ധത്തിന്റെ പുറത്താണ് ബാല വിഷയത്തില്‍ ഇടപെട്ടത്. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നുണ്ട്.
പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ കോടികൾ തട്ടിയതിന് അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ പൊലീസ് വഴിവിട്ടു സഹായിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സനെതിരെ പരാതി നല്‍കിയവരുടെ ഫോൺ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തി നല്‍കി. ഇക്കാര്യം ഐജി ജി.ലക്ഷ്മണിനോട് മോന്‍സ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പൊലീസ്, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ക്ക് മാത്രം ലഭിക്കുന്ന വിവരങ്ങളാണു മോന്‍സന് അനധികൃതമായി എടുത്തു നല്‍കിയത്. ആരാണ് വിവരങ്ങൾ ചോർത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ഐജി പറഞ്ഞപ്പോഴാണ് സിഡിആർ (കോൾ വിവരങ്ങൾ) എടുക്കുന്നുണ്ടെന്ന് മോൻസൻ പറഞ്ഞത്.
ആലപ്പുഴ സി– ബ്രാഞ്ച് ഡിവൈഎസ്പി ബെന്നിക്ക് ‘ഫയറിങ്’ കൊടുക്കണമെന്നും മോന്‍സന്‍ ഐജിയോട് പറയുന്നുണ്ട്. ചേര്‍ത്തലയിലെ വാഹനക്കേസില്‍ എതിര്‍ നിലപാട് എടുത്തതാണ് കാരണം. കേസിൽ ആലപ്പുഴ എസ്പിയെയും മോന്‍സന്‍ കണ്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഐജി ലക്ഷ്മണിനോട് പരാതി പറഞ്ഞത്. മോന്‍സനെതിരായ അന്വേഷണം ഐജി ലക്ഷ്മണ്‍ അട്ടിമറിച്ചതിന്‍റെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നഗരസഭയുടെ പുതിയ എജി രാഘവ മേനോൻ മന്ദിരത്തോട് ചേർന്നുള്ള ആഴമേറിയ ‘പോളക്കുള’ത്തിലേക്ക് രണ്ട് യാത്രികരെയും കൊണ്ട് കാർ മുങ്ങു. സ്റ്റാച്യുവിനു സമീപത്താണ് സംഭവം. കാറിന്റെ ഡിക്കി ഭാഗം തുറക്കാൻ സാധിച്ചതുകൊണ്ട് വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ശബ്ദംകേട്ട് സമീപവാസികളടക്കം ഓടിക്കൂടിയാണ് യാത്രക്കാരായ ഇരുവരേയും കരയ്ക്ക് കയറ്റിയത്.
കടവന്ത്ര ഓർക്കിഡ് പാരഡൈസ് അപ്പാർട്ട്‌മെൻറിൽ താമസിക്കുന്ന വേണുഗോപാൽ (56), തിരുവാങ്കുളം സോണാട്ട് ബിനോയ് (54) എന്നിവരാണ് കാറിനൊപ്പം കുളത്തിൽ വീണത്. ഇരുവരും ലോക്കോ പൈലറ്റുമാരാണ്. ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. വേണുഗോപാലാണ് കാർ ഓടിച്ചിരുന്നത്. കാർ നേരെ പാർക്ക് ചെയ്യുന്നതിനിടെ കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വെള്ളത്തിലേക്ക് താഴ്ന്ന കാറിന്റെ ഡിക്കി ഡോറിന്റെ കുറച്ചു ഭാഗം മാത്രമേ പുറമേ കാണാനുണ്ടായിരുന്നുള്ളൂ.
തൃപ്പൂണിത്തുറ നഗരസഭയുടേതാണ് വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുളം. കുളത്തിനരികിൽ സംരക്ഷണ ഭിത്തിയോ, മറ്റ് സുരക്ഷാ കാര്യങ്ങളോ ഇല്ലാത്തതിനാൽ പരിചയമില്ലാത്തവർക്ക് പായൽ നിറഞ്ഞു കിടക്കുന്ന കുളം പറമ്പാണെന്നേ തോന്നുകയുള്ളൂ. ഇതാണ് അപകടത്തിനിടയാക്കിയത്.
ഈ സമയം ഇവിടെ തെരുവ് വിളക്ക് തെളിഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇവിടെ മറ്റൊരു കാർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കുളമാണെന്നറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമെന്ന് വേണുഗോപാൽ പറഞ്ഞു. കുളത്തിൽ പുല്ല് വളർന്നു നിൽക്കുന്നുണ്ട്. കാറിലിരുന്ന് നോക്കിയപ്പോൾ പറമ്പ് പോലെയാണ് തോന്നിയതെന്നും വേണുഗോപാൽ പറഞ്ഞു. കാറിനൊപ്പം മുങ്ങിയതോടെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാഗ്യത്തിന് ഡിക്കി ഭാഗം തുറക്കാനായി. ആളുകളും ഓടിക്കൂടി. അതാണ് രക്ഷയായതെന്നും അദ്ദേഹം പറഞ്ഞു.