Kerala

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജി.എസ്.ടി അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്നും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്. മനീഷിനെയും സഹോദരിയേയും അമ്മയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് മുറികളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങളും.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുമായി ബന്ധപ്പെട്ട വിഷയത്തിന് നാട്ടില്‍പോകുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അവധി അവസാനിച്ചിട്ടും ഓഫീസിലെത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഇതിനിടെ സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കും പ്രദേശത്ത് നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പേ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. മൃഗങ്ങള്‍ വല്ലതും ചത്തുകിടക്കുന്നതായാണ് ആദ്യം കരുതിയിരുന്നതും. സഹപ്രവര്‍ത്തകരും മറ്റും എത്തിയതിന് പിന്നാലെ നാട്ടുകാരും മറ്റുള്ളവരുമെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി തുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ജനലിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. പിന്നീട് രാത്രി പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ അടക്കം സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്.

ഒന്നര വര്‍ഷത്തോളമായി ഈ ക്വാര്‍ട്ടേഴ്‌സില്‍ മനീഷ് താമസം തുടങ്ങിയിട്ട്. മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് സഹോദരിയേയും ഇവിടെ താമസം തുടങ്ങിയിട്ടുള്ളൂവെന്നാണ് വിവരം.

അഞ്ചു വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്തതിൻ്റെ വിശമത്തിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. മാര്‍ച്ച്‌ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കോടഞ്ചേരി സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂള്‍ അധ്യാപിക അലീന (30 ) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു. 6 വർഷം ജോലി ചെയ്തിട്ടും നിയമനം നല്‍കിയില്ലെന്ന മനോവിഷമത്തിലാണ് ആത്മഹത്യ, എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍. കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍ പി സ്കൂള്‍ അധ്യാപികയായിരുന്നു അലീന ബെന്നി.

ബുധനാഴ്ചയാണ് കോഴിക്കോട് കട്ടിപ്പാറ സ്വദേശിനിയായ അധ്യാപിക അലിന ബെന്നി ആത്മഹത്യ ചെയ്തത്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴില്‍ വരുന്ന കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍ പി സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് ആത്മഹത്യ. 6 വർഷമായിട്ടും അലിനക്ക് നിയമനം നല്‍കിയില്ലെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ എന്ന പരാതിയുമായി പിതാവ് രംഗത്തെത്തി. അതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായി. ടി.എം.ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്.

ഫോർട്ട്കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെർമിറ്റ് പുതുക്കുന്നതിന് ജെയ്സൺ കൈക്കൂലി ചോദിച്ചെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയ്സണെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ജെയ്സണും മറ്റുചില ഉദ്യോ​ഗസ്ഥരും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.

ജെയ്സന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വിദേശമദ്യത്തിൽ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്. ജെയ്സണേയും രണ്ട് ഏജന്റുമാരേയും വിജിലൻസ് ചോദ്യംചെയ്ത് വരികയാണ്.

റോഡിൽവെച്ച് പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജെയ്സണെ വിജിലൻസ് സംഘം പിടികൂടിയതെന്ന് വിജിലൻസ് എസ്.പി പ്രതികരിച്ചു. രാമു, സജി എന്നീ കൺസൾട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേർ. സജിയാണ് ജെയ്സന്റെ ഏറ്റവും അടുത്തയാൾ. വീടിനുപുറമേ ജെയ്സന്റെ ഓപീസിലും റെയ്ഡ് നടത്തി. റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കുറവിലങ്ങാട് വെമ്പള്ളിയിൽ ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജു സി.രാജു (42) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് 8 മണിയോടുകൂടി വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ എത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ ഇവരെ ചീത്ത വിളിക്കുകയും, അവിടെയിരുന്ന ചില്ലു ഗ്ലാസുകൾ എടുത്ത് മധ്യവയസ്കന്റെയും, സുഹൃത്തിന്റെയും നേരെ എറിയുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായ പരിക്കേൽക്കുകയും ചെയ്തു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ മാരായ ശരണ്യ എസ്. ദേവൻ, മഹേഷ് കൃഷ്ണൻ, ജെയ്സൺ അഗസ്ത്യൻ, എ.എസ്. ഐ ജോണി പി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കി കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്.

കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലം​ഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം രക്ഷപ്പെടുകയുംചെയ്തു.

ആദ്യത്തെ അടിയിൽത്തന്നെ ബോധം പോയതുകൊണ്ട് പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറഞ്ഞു. രാവിലെ ഉണർന്നശേഷം ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടുകയും പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

മോഷണത്തിനുപിന്നാലെ ഇവരുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന യുവതിയെ കാണാതായിട്ടുണ്ട്. ഒരാഴ്ച മുൻപാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിലേക്ക് വന്നത്. നാലുമാസം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

ഇന്നലെ വൈകിട്ട് എളമക്കരയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി. കെവശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്‌കൂളില്‍ പോയത്. ഇത് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്.

വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.

ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്ക് തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (28) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് എതിരെ വന്ന ബസിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിനിടെ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് പരാതി.

സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.

സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അടുത്തിടെ അന്തരിച്ച നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവിന്‍റെ പരാക്രമം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്‍റെ പരാക്രമം അരങ്ങേറിയത്. പ്രദേശത്തെ വീടുകളിൽ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ നീക്കിയത്.

പൊലീസ് യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ഇയാൾ ജീവനക്കാരോടടക്കം തട്ടിക്കയറിയെന്നും പൊലീസ് പറ‍ഞ്ഞു.

തുടര്‍ന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിലും ഇയാൾ ബഹളമുണ്ടാക്കിയതോടെ കൈകാലുകൾ ബന്ധിച്ചാണ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇയാൾ സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ‘ഗോപൻ സ്വാമി’യെന്ന പേര് വൈറലായത്. കഴിഞ്ഞ മാസമാണ് അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നത്.

വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യമായൊന്നുമുണ്ടായില്ല. നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമൊക്കെ ചെയ്തുപോന്നിരുന്ന ആളാണ് ‘ഗോപൻ സ്വാമി’ എന്നറിയപ്പെടുന്ന മണിയൻ. അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്.

പിന്നീട് ചുമട്ടുതൊഴിലിലേക്ക് മാറി. ആത്മീയതയുടെ വഴിയിലേക്ക് മാറിയതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് സ്വീകരിക്കുന്നതും ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയതും. ഇരുപത് വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചു. ഇവിടെ പൂജകള്‍ ചെയ്തു പോന്നിരുന്നു. രക്ത സമ്മർദവും പ്രമേഹവും കാരണം പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയരുന്ന ഗോപൻ മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു.

ജനുവരി ആദ്യവാരം ഗോപൻ സ്വാമി മരിച്ചു. ഗോപന്‍റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ജനുവരി 16ന് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്നാരോപിച്ച് യുവാവിന്‍റെ പരാക്രമം. മാനസിക പ്രശ്നമുള്ള യുവാവാണെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

RECENT POSTS
Copyright © . All rights reserved