നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം.
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.
പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു.
അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. ജയ് മോന്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഒരു മണിക്കൂറോളം പോലീസും അഗ്‌നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.
കാമാക്ഷി സ്വദേശിനി താമഠത്തില്‍ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. ഇയാളും സിന്ധുവും തമ്മില്‍ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയുമായി അടുപ്പം നിലനില്‍ക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു എന്നു പറയുന്നു
ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയില്‍ നിന്നു പണിക്കന്‍കുടിയിലെത്തി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.
സിന്ധു അടുത്ത നാളില്‍ ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ബിനോയി പ്രകോപിതനായിരുന്നു. ഇതിന്റെ പേരില്‍ വഴക്കിട്ട ഇയാള്‍ മകനെ കൊന്നു കെട്ടിത്തൂക്കുമെന്നു സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. 12നാണ് സിന്ധുവിനെ കാണാതായത്. മകന്‍ വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുട വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്.
കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടു കിടക്കുന്നതിനായി സിന്ധു പറഞ്ഞു വിട്ടിരുന്നു. ബിനോയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. പിറ്റേന്നു മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായത്.
തുടര്‍ന്ന് മകന്‍ സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
സിന്ധുവിന്റെ തിരോധാനം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ബിനോയ് സ്ഥലത്തുനിന്നു മുങ്ങിയത്. 29ന് തൃശൂരില്‍ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു.
കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 12-കാരന്‍ മരിച്ചു. കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.
വിവരമറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി കോഴിക്കോടെത്തിയാല്‍ ഉടന്‍ ഉന്നതതല യോഗം ചേരും. കേന്ദ്ര സംഘവും ഇന്ന് കോഴിക്കോടെത്തുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള വഴി മധ്യേ തൃശൂര്‍ വെച്ചാണ് ആരോഗ്യ മന്ത്രി കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു.
എടത്വ: കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെയും, ‘സേവ്’ എന്നീ സംഘടനകളുടെ സംയൂക്താഭിമുഖ്യത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര
അധ്യക്ഷത വഹിച്ചു.ഹരിത ദിനാചരണം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം നിർവഹിച്ചു.
ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് ,ജേക്കബ് സെബാസ്റ്റ്യൻ,എൻ.ജെ.സജീവ്,ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.ഗ്രീൻ കമ്യൂണിറ്റി അംഗങ്ങളായിട്ടുള്ളവർ തങ്ങളുടെ ഭവനങ്ങളിൽ വൃക്ഷതൈ നട്ട് ഹരിത ദിനാചരണത്തിൽ പങ്കാളികളായി.
ഗ്രീൻ കമ്മ്യൂണിറ്റിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ആരംഭിച്ച സ്റ്റുഡൻ്റ്സ് ആർമി ഫോർ വിവിഡ് എൻവയർമെൻ്റ് ( സേവ് ) പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈ നട്ടു ഹരിത ദിനാചരണത്തിൽ പങ്കാളികളായി. വിർച്ച്വൽ ഹരിത സംവാദത്തിൽ മുൻ ഡി.ഡി.ഇ :ഇ.കെ സുരേഷ്കുമാർ, പ്രൊഫ ശോഭിന്ദ്രൻ മാസ്റ്റർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.സേവ് അക്കാഡമിക് കോർഡിനേറ്റർ സൽമാൻ അബ്ദുല്ല, ഗ്രീൻ കമ്മ്യൂണിറ്റി സംസ്ഥാന ജനറൽ കൺവീനർ ഷൗക്കത്ത് അലി എരോത്ത്, സേവ് എക്സിക്യൂട്ടീവ് അംഗം അരവിന്ദ് എസ്. വീമംഗലം എന്നിവർ നേതൃത്വം നൽകി.ഹരിത ദിനാചാരണത്തിൽ വിദ്യാർഥികൾ കഴുകി ഉണക്കിയ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം അതാത് പ്രദേശങ്ങളിലെ ഹരിത കർമ്മ സേനക്ക് കൈമാറും.
മുൻമന്ത്രി ജി സുധാകരൻ ബിജെപിയിലേക്ക് എന്ന് സൂചന.ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി സുധാകരൻ ബന്ധപ്പെട്ടതായും വീക്ഷണം റിപ്പോർട്ട് ചെയുന്നു . തദ്ദേശ തിരഞ്ഞെടുപ്പ് സമയം മുതൽ തന്നെ സുധാകരനും പാർട്ടിയുമായുള്ള തർക്കം മറ നീക്കി പുറത്തു വന്നിട്ടുള്ളതാണ്.നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം ചേരിതിരിഞ്ഞ് പോലും തർക്കം രൂക്ഷമായിരുന്നു. കഴിഞ്ഞദിവസം പാർട്ടി നേതൃത്വം സുധാകരനെതിരെ ചർച്ചകൾ സജീവമാക്കിയിരുന്നു.
അതോടൊപ്പം തന്നെ സുധാകരൻ നേതൃത്വത്തിനെതിരെ പാർട്ടിയിലെ വിഷയങ്ങളിൽ കവിത എഴുതിയതും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. സുധാകരൻ ബിജെപിയിലേക്ക് എന്ന വാർത്തയിൽ ഇതുവരെയും സിപിഎം നേതൃത്വം പ്രതികരണത്തിന് തയ്യാറായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തുടനീളം ബിജെപിയുമായി പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം നടത്തിയ രഹസ്യബന്ധങ്ങൾ സുധാകരനിലൂടെ പുറത്തറിയുമെന്ന ഭയമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.വരുംദിവസങ്ങളിൽ ആലപ്പുഴയിലെ പാർട്ടിയിലെ തർക്കം കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.
വിവാഹ വാഗ്ദാനം നല്‍കി ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 മുതൽ യുവതിയുമായി അടുപ്പം പുലർത്തിയ ഗ്രീനു ജോർജ് അന്ന് മുതൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോർജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറേ കാലമായി വിവാഹ കാര്യം പറയുമ്പോഴൊക്കെ ഗ്രീനു ഒഴിഞ്ഞു മാറി. ഇതിനിടെ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പെൺകുട്ടി ഡൽഹിയിൽ പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയായ വീട്ടമ്മയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. നാല്‍പത്തിയഞ്ചുകാരിയായ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ അയല്‍കാരനായ ബിനോയിക്ക് പങ്കുണ്ടെന്നാണ് പരാതി. കേസ് അന്വേഷണത്തില്‍ പൊലീസ് അലംഭാംവം കാണിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതാണ് സിന്ധുവിന്റെ ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തുന്നത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രണയം സഫലമാകില്ലെന്ന് ഉറപ്പായതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമിതാക്കളിൽ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ നാദിർഷാ അലി (30) ആണ് മരിച്ചത്. മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതിയെ (26) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറയൂർ ഭ്രമരം വ്യൂപോയിന്റിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പ്രണയം വീട്ടിലറിയിക്കാനായില്ലെന്നും ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞ് ഇരുവരും വീഡിയോ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചിരുന്നു. ശേഷമാണ് യുവാവ് പാറക്കെട്ടിൽ നിന്നു ചാടി ജീവനൊടുക്കിയത്. കൂടെയുണ്ടായിരുന്ന യുവതിയെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌കൂൾ അധ്യാപികയായ യുവതിയും നൃത്തപരിശീലകനായ നാദിർഷ അലിയും മൂന്നു വർഷമായി പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ ഒരുമിച്ച് കാറിലാണ് ഇവർ വ്യൂ പോയിന്റിൽ എത്തിയത്. ഇവിടെവെച്ച് ജീവനൊടുക്കുന്നതിനെ കുറിച്ച് സൂചന നൽകുന്ന വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചത്.
പിന്നീട് നിലവിളി കേട്ട് വിനോദസഞ്ചാരികൾ സമീപവാസികളെയും കൂട്ടി നടത്തിയ തിരച്ചിലിലാണ് കൈത്തണ്ട മുറിഞ്ഞ നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതി പറഞ്ഞതനുസരിച്ചു നടത്തിയ തിരച്ചിലിൽ 150 അടി താഴ്ചയിലുള്ള മുൾക്കാട്ടിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.
1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായകമായ ആ ചെറുത്ത്‌നില്‍പ്പ് പ്രമേയമാകുന്ന സിനിമ വരുമ്പോള്‍ ടി.ദാമോദരന്‍ മാസ്റ്ററുടെ രചനയില്‍ ഐ.വി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമ കൂടി ചര്‍ച്ചയാവുകയാണ്. 1921 മുന്നോട്ട് വച്ച രാഷ്ട്രീയത്തെക്കുറിച്ചും സിനിമ നേരിട്ട വിമര്‍ശനത്തെക്കുറിച്ചും രചനാ വേളയില്‍ ടി ദാമോദരന്‍ നേരിട്ട ഭീഷണികളെക്കുറിച്ചും മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ സംസാരിക്കുന്നു.
സിനിമ ആലോചിക്കുന്ന ഘട്ടത്തില്‍ ടി ദാമോദരനെ പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നുവെന്ന് ദീദി ദാമോദരന്‍. കൊല്ലപ്പെട്ടേക്കാം സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വാണിജ്യസിനിമയുടെ അകന്ന് നിന്ന് ചരിത്രത്തോട് നീതി പുലര്‍ത്തിയ ചിത്രവുമാണ് 1921 എന്ന് ദീദി.
സിനിമയുടെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ വലിയ വാദപ്രതിവാദം നടന്നിരുന്നു. ഇപ്പോള്‍ നടക്കുന്ന എതിര്‍പ്പുകളും വിവാദങ്ങളുമൊന്നും പുതിയതല്ല. സോഷ്യല്‍മീഡിയ ഇല്ലായിരുന്നതിനാല്‍ അന്നത്തെ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞില്ലെന്ന് മാത്രം. ഭീഷണികള്‍ അന്നും ഉണ്ടായിരുന്നു. ഐവി ശശിയും ടി ദാമോദരനും ചരിത്രത്തെക്കുറിച്ച് പറയാന്‍ പറ്റുന്നവരല്ല എന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ ഉണ്ടായി. ചരിത്രത്തിനോട് നീതികേട് കാണിക്കും. പക്ഷപാതിത്വമുണ്ടാകും.
സിനിമ വരുന്നതിന് മുമ്പേ മുന്‍ധാരണകളോടെ ചര്‍ച്ചകള്‍ ഉണ്ടായി. സിനിമ പുറത്തിറങ്ങിയതോടെ ആലി മുസ്ലിയാരുടെ ഭാഷയെക്കുറിച്ചായി ചര്‍ച്ച. സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള പ്രശ്നങ്ങളെല്ലാം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. വളരെ കൃത്യമായി ബാലന്‍സ് ചെയ്താണ് സിനിമയെടുത്തത്. എല്ലാവരുടെയും ഭാഗം ആ സിനിമ പറഞ്ഞു. പിന്നീട് ഒരു ആര്‍എസ്എസുകാര്‍ക്കോ മുസ്ലിം സംഘടനകള്‍ക്കോ നിഷ്പക്ഷരായവര്‍ക്കോ കുറ്റം പറയാനോ വിവാദമുണ്ടാക്കാനോ ഒന്നും 1921ല്‍ ഉണ്ടായില്ല. എല്ലാം ശാന്തമായിരുന്നു.
സിനിമാ ചര്‍ച്ച നടക്കുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊന്നുകളയും സൂക്ഷിക്കണമെന്ന്. മണ്ണില്‍ മുഹമ്മദ് എന്ന ആളാണ് സിനിമയ്ക്ക് പണമിറക്കുന്നതെന്നും അയാള്‍ക്ക് ലക്ഷ്യങ്ങളുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇന്നത്തെപോലെ തുറന്ന ഭീഷണികളായിരുന്നില്ല അന്ന്. കത്തുകളായി എഴുതി കൊടുത്തിരിക്കാം. മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യില്ല. അതുകൊണ്ട് നാട്ടുകാര്‍ അറിഞ്ഞതുമില്ല. മനുഷ്യര്‍ ഇപ്പോള്‍ മാറിപ്പോയി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. അന്നത്തെ പോലെ തന്നെയാണ് ഇന്നും. ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ വേദികളുണ്ടെന്നത് മാത്രമാണ് വ്യത്യാസം.
1921 എന്ന സിനിമയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വ്യക്തിയെ അടിസ്ഥാനമാക്കിയ സിനിമയായിരുന്നില്ല. ഹിസ്റ്റോറിക്കല്‍ ഡ്രാമയായിരുന്നു. ടൈറ്റാനിക്ക് പോലൊരു സിനിമയിലെ മുഖ്യകഥാപാത്രങ്ങളായി വന്നവര്‍ ആ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ മുങ്ങിമരിച്ചത് വേറെ ആളുകളാണെന്നും പറയുന്നത് പോലെയാണ് മറിച്ചുള്ള വാദം. ടൈറ്റാനിക് ഒരു വാണിജ്യ ഹിറ്റ് ചിത്രമാണ്. അതില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതിരുന്ന രണ്ട് കഥാപാത്രങ്ങളുിലൂടെ കഥ പറയുകയാണ്. അതുപോലെ തന്നെയാണ് 1921നെയും കാണേണ്ടത്. ടി ദാമോദരന് ചരിത്രത്തോട് കൂടുതല്‍ താല്‍പര്യമുള്ളത് കൊണ്ട് അതിനോട് നീതിപുലര്‍ത്തി.
മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറിനെ വെച്ച് ധാരാളം പണം ചെലവഴിച്ച് ഉണ്ടാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്. അത്തരം ഒരുപാട് ഘടകങ്ങളുണ്ടായിട്ടും ഇതുപോലൊരു സിനിമ ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ് ഞാന്‍ അതില്‍ കാണുന്ന പ്രത്യേകത. ഇവര്‍ ഡോക്യമെന്ററി ഉണ്ടാക്കുന്നവരായിരുന്നില്ലല്ലോ. അവരത് അവകാശപ്പെട്ടിട്ടുമില്ല. കെ കേളപ്പനെ അവതരിപ്പിച്ചത് ചെറിയൊരു നടനാണ്, ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശം മാത്രം എന്നൊക്കെ പറയുന്നത് പോലെ തന്നെയാണ് 1921ല്‍ വാരിയംകുന്നത്തിനെ അപ്രധാന കഥാപാത്രമാക്കി എന്ന് പറയതും.
1921 എന്ന സിനിമയുടെ പുനര്‍വായനയ്ക്ക് ഇപ്പോളത്തെ സാഹചര്യത്തില്‍ സാധ്യതയില്ല. ഐവി ശശി- ടി ദാമോദരന്‍ സിനിമകള്‍ അങ്ങനെ വായിക്കാന്‍ നിരൂപകര്‍ക്ക് താല്‍പര്യവും ഉണ്ടായിരുന്നില്ല. അവരുടെ സിനിമകള്‍ക്ക് നേരെ തെറിവിളിക്കാന്‍ മാത്രമാണ് അന്നും ഇന്നും താല്‍പര്യം. വരേണ്യതയ്ക്ക് യോജിച്ചതല്ല ഇവരുടെ സിനിമകള്‍. ആ കഥാപാത്രത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കിയേക്കാം. 1921 സിനിമയുടെ പക്ഷം ചേരല്‍ വ്യക്തമായിരുന്നു. വാണിജ്യസിനിമയുടെ അകത്ത് നിന്ന് ചരിത്രത്തോട് നീതി കാണിക്കാവുന്നതിന്റെ പരമാവധി ആ സിനിമ ചെയ്തിട്ടുണ്ട്. അത്രയേറെ ജീവിതം ആ സിനിമയ്ക്ക് പറയാനുണ്ടായിരുന്നു. അതിലെ ഏതെങ്കിലും കഥാപാത്രം ഏതെങ്കിലും പക്ഷത്ത് നിന്നിരുന്നെങ്കില്‍ അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാറുമായിരുന്നു. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോള്‍.
രാഷ്ട്രീയത്തിന് ആ സിനിമയില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. മാപ്പിള ലഹളയെന്നാണോ, കലാപമെന്നാണോ എന്നാണോ വിളിക്കപ്പെടേണ്ടത് എന്നായിരുന്നു അന്നത്തെ പ്രശ്നം. അത് ഒരു രാഷ്ട്രീയ നിലപാട് തന്നെയായിരുന്നു. ആ സിനിമയെക്കുറിച്ച് അത്തരത്തില്‍ ഇപ്പോള്‍ പോലും നിരൂപകര്‍ പറയാന്‍ ഇടയില്ല. പാവം മമ്മൂട്ടി ഫാന്‍സോ അങ്ങനെയുള്ള കുറച്ച് മനുഷ്യരോ മാത്രമാണ് 1921 ചര്‍ച്ച ചെയ്യുന്നത്. നിരൂപകര്‍ക്ക് 1921 എന്ന സിനിമ പഠിക്കപ്പെടേണ്ട ഒന്നാണെന്ന് തോന്നിയിട്ടില്ല. അങ്ങനെയുള്ള ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല ഇനി നടക്കാനും സാധ്യതയില്ല.
ചരിത്രം എന്നത് ഒബ്ജക്ടീവായ കാര്യമാണെന്ന ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആളുകള്‍ പറയുന്നതാണ് ചരിത്രം. ആദ്യത്തെ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ ശിപായി ലഹള എന്നാണ് വിളിച്ചത്. ജാതി എന്നത് അന്നും ഇന്നും ഉണ്ട്. ഓരോ സിനിമയുടെ പിറകിലുള്ളവര്‍ക്കും ഓരോ താല്‍പര്യമുണ്ടാകും. ഒരു സിനിമ സൂപ്പര്‍ ഹിറ്റായാലും തിരക്കഥാകൃത്തിന് കൂടുതല്‍ പണം ലഭിക്കില്ല. ടി ദാമോദരന് ആ സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെതായ താല്‍പര്യം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പുറത്തെത്തിക്കാനുള്ള മികച്ച മാധ്യമമായാണ് സിനിമയെ ടി ദാമോദരന്‍ കണ്ടത്. ചരിത്രത്തിലെ ഇത്തരം ചില ശബ്ദങ്ങള്‍ കൂടി പുറത്തെത്തണമെന്ന് കരുതിയിട്ടുണ്ടാകണം. നിര്‍മ്മാതാവ് വലിയൊരു ഹിറ്റ് കിട്ടാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. ഐവി ശശിക്ക് ചരിത്രത്തില്‍ വലിയ താല്‍പര്യമില്ലായിരുന്നുവെങ്കിലും സൂപ്പര്‍ഹിറ്റുകള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുകയെന്നതായിരിക്കാം ലക്ഷ്യം.
ഒരു ചരിത്രസംഭവത്തിന് മേല്‍ എല്ലാവര്‍ക്കും സിനിമ ചെയ്യാന്‍ കഴിയുക എന്നതാണ് ജനാധിപത്യം. ആഷിക് അബുവിന്റെ സിനിമയെ പോലെ തന്നെയാണ് അലി അക്ബറിന്റെ സിനിമയോടുമുള്ള സമീപനത്തെയും കാണേണ്ടത്. രണ്ട് പേരുടെ സിനിമയോടും അസഹിഷ്ണുത കാണിക്കുന്നതിനെ ഒരുപോലെ കാണണം. രണ്ടും വരട്ടെ. ചിലര്‍ക്ക് നായകനായ ആള്‍ മറ്റേ ആള്‍ക്ക് പ്രതിനായകനായി തോന്നാം. അലി അക്ബര്‍ സിനിമയെടുക്കരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.
ചരിത്രം വളച്ചൊടിച്ചു എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ചരിത്രം നിഷ്പക്ഷമല്ല. അതത് കാലത്തിന്റെ താല്‍പര്യങ്ങളാണ് ചരിത്രത്തിലുള്ളത്. ചരിത്രത്തില്‍ തിയ്യതികളും കഥാപാത്രങ്ങളും മാത്രമാണ് സത്യം. ചരിത്രത്തിന്റെ പുനര്‍വായന എംടി ചെയ്യുമ്പോള്‍ മാത്രം വളരെ പ്രശംസിക്കുകയും മറ്റുള്ളവരാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് ശരിയല്ല. അത്രയൊക്കെ പ്രായപൂര്‍ത്തി മലയാളി കാണിക്കണം. വാരിയംകുന്നത്തിനെ കുറിച്ച് പല സിനിമകള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കണം. ഗാന്ധിജിക്കെതിരെ മുമ്പ് പറയാന്‍ സമ്മതിക്കില്ലായിരുന്നു. നാഥുറാം ഗോഡ്‌സെ പറഞ്ഞത് കൂടി കേട്ടിട്ടല്ലേ നമ്മള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത്. സെന്‍സറിംഗ് മുതിര്‍ന്ന ഒരു സമൂഹം വെച്ച് പുലര്‍ത്തേണ്ടതല്ല.