ഫ്രൈഡേ ഫിലിം ഹൗസില്‍ നടന്ന തിരിമറിയാണ് നടനും സഹനിര്‍മ്മാതാവുമായിരുന്ന വിജയ് ബാബുവുമായി പ്രശ്നമുണ്ടാകാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. സിനിമയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്വത്ത് തര്‍ക്കങ്ങളുണ്ടായിട്ടില്ല. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ് എന്ന് സാന്ദ്ര പറയുന്നു.
പക്ഷെ, ആശുപത്രിയില്‍ എത്തുമ്പോഴാണ് മാന്‍ഹാന്‍ഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവര്‍ കൊടുത്തതും താന്‍ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പോയതും താന്‍ അറിഞ്ഞില്ല. പെട്ടെന്ന് ആകെ പരിഭ്രമിച്ചുപോയി. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്റ്റൊക്കയിട്ടു.
ആളുകള്‍ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്നമല്ലായിരുന്നു തങ്ങള്‍ തമ്മിലുണ്ടായിരുന്നത്. തന്നെ സംബന്ധിച്ചിടത്തോളം തന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. തന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ സഹിക്കാന്‍ പറ്റോ? താന്‍ മുഖം നോക്കാതെ നടപടിയെടുത്തു. അത് വിജയിക്ക് വേദനയുണ്ടാക്കി.
ആ വിഷയത്തിന് ശേഷം സിനിമ തന്നെ വേണ്ട എന്നായി. താന്‍ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. സിനിമയേ വേണ്ട എന്ന് താന്‍ പറഞ്ഞു. അപ്പോഴേക്ക് ശരിക്കും മടുത്തു. ആറ് വര്‍ഷം കൊണ്ട് 60 വര്‍ഷത്തെ ജീവിതാനുഭവമാണ് സിനിമ തന്നിരിക്കുന്നത് എന്നും സാന്ദ്ര പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
അരീക്കോട് ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ കാട്ടിലേക്ക് കയറിപ്പോയ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചിൽ നാട്ടുകാർ താൽക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിക്കാതെ വന്നതോടെ സംഭവത്തിൽ ദുരൂഹത ഉറപ്പിക്കുകയാണ് പോലീസ്.
ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്താൻ ഊർക്കടവിലെത്തിയത്. ഡോഗ് സ്‌ക്വാഡും തെരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ വനത്തിൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തിൽ ദുരൂഹത ഉറപ്പിക്കുന്നത്.
തുടർച്ചയായ ഏഴ് ദിവസം സൗഹാന് വേണ്ടിയുളള തെരച്ചിൽ വീടിന്റെ പരിസരത്തും വീടിനോട് ചേർന്ന വനപ്രദേശത്തും നടത്തിയിരുന്ന നാട്ടുകാർ ഒടുവിൽ ഒരു തുമ്പും ലഭിക്കാതെയായതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. കാടിറങ്ങി വന്ന കുരങ്ങിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി കാട്ടിലേക്ക് കയറി പോയത്.
അന്നേദിവസം രാവിലെ വീടിനോട് ചേർന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാൾ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിർത്തിയിടുകയും രാത്രിയിൽ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.
പാലായിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് വിവാദ റിപ്പോർട്ട്. പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ടാണ് വലിയ ചർച്ചയാകുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തെ തുടർന്നാണ് ആശുപത്രിയുടെ വിവാദ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ ഉണ്ട്. പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ ആശുപത്രിയാണ് റിപ്പോർട്ട് നൽകിയത്.
ഈ മാസം ആറിനായിരുന്നു മഹിമ വാക്‌സിൻ സ്വീകരിച്ചത്. നാല് ദിവസത്തിന് ശേഷം കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അവശ നിലയിലായതിനെ തുടർന്ന് മഹിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, വിവാദമായ റിപ്പോർട്ടിന്റെ പേരിൽ ആശുപത്രിക്കെതിരെ
ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ യുവതിയുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. വിമാനം ഇന്ന് രാവിലെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് വിമാനം റദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
കുട്ടികളും രോഗികളും പ്രായമായവരും അടക്കം 150-ലധികം യാത്രക്കാരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
വിമാനം വൈകിയത് സംബന്ധിച്ച് എയര്‍ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നില്ല. മുംബൈയില്‍ നിന്നടക്കമുള്ള വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളു.
18-ാം തീയതിയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്ന് തവണയാണ് പ്രത്യേക സര്‍വീസ്.
ബ്രാംപ്റ്റൺ/ആലപ്പുഴ:ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 11-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു.
പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തും എത്തി. വനിത വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയൺസ് രണ്ടാം സ്ഥാനത്തും എത്തിയതായി ബ്രാംപ്റ്റൺ മലയാളി സമാജം പ്രസിഡൻ്റും കനേഡിയൻ നെഹ്റു ട്രോഫി സമിതി ചെയർമാൻ കൂടിയായ കുര്യൻ പ്രക്കാനം പറഞ്ഞു. ജലരാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുമ്പോഴും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവ കാലം കേരളത്തിൽ കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം കാണികൾക്ക് ആവേശം പകർന്നതായും ഇരുപതിലധികം ടീമുകൾ പങ്കെടുത്തതായും ഓവർസീസ് മീഡിയ ടീം ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.
രാവിലെ 10ന് കനേഡിയൻ നെഹ്റു ട്രോഫി സമിതി ജലോത്സവ ചെയർമാൻ കുര്യൻ പ്രക്കാനം ഇന്ത്യയുടെ ദേശിയ പതാക ജലോത്സവ വേദിയിൽ ഉയർത്തിയതോടെ ഒന്റേരിയോയിലെ പ്രൊഫസേഴ്‌സ് ലെയിക്കിൽ മത്സരത്തിന് തുടക്കമായി, ഒരു ഉത്സവ പ്രതിച്ഛായ പകർന്നു. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത് അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമായിരുന്നു. വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ വരെ മത്സരത്തിൽ അണിനിരന്നു.പ്രവാസി മലയാളി ലോകത്തു തന്നെ നടന്ന ഏറ്റവും വലിയ മത്സരമായി തീർന്നിരിക്കുന്നു. ലോക കേരള സഭാംഗമായ കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേസിൻ്റെ സ്ഥാപക പ്രസിഡന്റ്. കുര്യൻ പ്രക്കാനം, ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മിറ്റി നേതൃത്വം നല്കി.
മന്ത്രി സർക്കാരിയ എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, എംപിപി അമർ ജോത്ത് സന്ദു,മേയർ പാട്രിക്ക് ബ്രൗൺ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
ജലോത്സവത്തിന് മുന്നോടിയായി പത്മശ്രീ എം.എ യൂസഫലി വിർച്ച്വൽ ഫ്ലാഗ് ചെയ്ത പതാക ദുബൈയിൽ നിന്നും എത്തിച്ച് പതാക പ്രയാണവും നടന്നു.
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന നടി ചിത്രയുടെ വേർപാടിന്റെ വേദനയിലാണ് ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരം കൂടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ 6 മാസം അപരിചിതരെപ്പോലെയാണ് താനും ഭർത്താവും കഴിഞ്ഞതെന്ന് മുൻപ് ചിത്ര പറഞ്ഞിരുന്നു.
അമ്മ സെലിബ്രിറ്റിയാണെന്ന കാര്യമൊന്നും ചിത്രയുടെ മകളായ മഹാലക്ഷ്മിക്ക് അറിയില്ലായിരുന്നു. ഹൈസ്‌കൂളിലെത്തിയപ്പോഴാണ് അവൾക്ക് അമ്മയുടെ സിനിമകളെക്കുറിച്ചൊക്കെ മനസ്സിലായത്. അമ്മ അഭിനയം നിർത്തേണ്ടിയിരുന്നില്ലെന്നും വീണ്ടും അഭിനയിച്ച് തുടങ്ങണമെന്നുമായിരുന്നു മകൾ അമ്മയോട് പറഞ്ഞതെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു.
ജെ. ശശികുമാർ സംവിധാനം ചെയ്ത ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു ചിത്ര എത്തിയത്. ഇരുവരും തകർത്തഭിനയിച്ച ‘നാണമാവുന്നു മേനി നോവുന്നു’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തി.
അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർക്കുന്നവയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്ര അഭിനയിച്ചിരുന്നു. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു.
മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി പറഞ്ഞത് നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് ചിത്ര, കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, വിങ്ങലടക്കാൻ സാധിക്കാതെ നിൽക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാളത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും നിറയുകയാണ്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ചിത്രയുടെ ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി.
എടത്വ:ജനിച്ച ഉടൻ അച്ഛൻ ഉപേക്ഷിക്കുകയും കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ഓണക്കോടിയുമായി സൗഹൃദവേദി എത്തി.
അമ്മൂമ്മ വത്സലയുടെ ആശ്രയത്തിൽ കഴിയുന്ന എടത്വ സ്വദേശി ജയന്തൻ്റെയും വത്സലയുടെയും ഏകമകൾ ജയന്തിയുടെ പെൺകുഞ്ഞിനാണ് ഓണക്കോടിയുമായി സൗഹൃദവേദി എത്തിയത്.
വത്സലയുടെ ഭർത്താവിൻ്റെയും മകൾ വാസന്തിയുടെയും ജീവൻ ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നതോടെ പിഞ്ചു കുഞ്ഞിൻ്റെ സംരക്ഷണത്തിന് വത്സല മാത്രമാണുള്ളത്. എടത്വ പാണ്ടങ്കരിയിലെ മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് വത്സല മകളെ വിവാഹം കഴിപ്പിച്ചത്. തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.വീടും സ്ഥലവും ഇല്ലാതെ ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി വാസന്തി ജീവിത ദുരിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. വാസന്തിയുടെ മകൻ ബികോം വിദ്യാർഥിയാണ്.അവസാന മൂന്ന് സെമസ്റ്ററിൻ്റെ ഫീസ് അടയ്ക്കുവാൻ സാധിക്കാഞ്ഞതിനാൽ പരീക്ഷ എഴുതുവാൻ സാധിച്ചിട്ടില്ല.ഭർത്താവ് മരപ്പണിക്കാരൻ ആയിരുന്നു .മകൻ്റ പഠനത്തിനും കുഞ്ഞിൻ്റെ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴികാണാതെ ചിറകറ്റ സ്വപ്നങ്ങളുമായി വാസന്തി വിഷമിക്കുമ്പോഴാണ് ജീവിത പ്രതീക്ഷകൾക്ക് ചിറകു നൽകാൻ ‘അകലെയാണെങ്കിലും അരികിലുണ്ട് ‘ എന്ന സന്ദേശവുമായി എടത്വ സൗഹൃദ വേദി എത്തിയത്.
സൗഹൃദവേദി പ്രസിഡണ്ട് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലാണ് ഭാരവാഹികളായ രജീഷ് കുമാർ പി വി, പി ഡി സുരേഷ്, എൻ ജെ സജീവ് എന്നിവർ കഴിഞ്ഞ മാസം വത്സല താമസിക്കുന്ന പുറക്കാട്ട് എത്തിയത്.ദുരിതങ്ങളിൽ കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ച് അവർ സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും കൂടാതെ കുഞ്ഞിനുള്ള ഭക്ഷ്യവസ്തുക്കളും വത്സലയ്ക്കും മകനും ഉള്ള ഭക്ഷ്യകിറ്റും,മാസ്ക്കും സാനിറ്റൈസറും നൽകിയാണ് കഴിഞ്ഞ മാസം അവർ മടങ്ങിയത്.
കുഞ്ഞിന് ആവശ്യമായ ബേബിഫുഡും മറ്റ് കാര്യങ്ങളും സുമനസ്സുകളുടെ സഹായത്തോടെ മുടങ്ങാതെ എത്തിക്കുമെന്ന് നല്കിയ വാഗ്ദാനമാണ് സൗഹൃദ വേദി ഭാരവാഹികൾ നിറവേറ്റിയത്.സുമനസ്സുകളുടെ സഹായത്തോടെ ഇവർക്ക് ഒരു വീട് നൽകാൻ പദ്ധതിയുണ്ടെന്നും ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു. എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസി (മനു) ൻ്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ് സൗഹൃദ വേദി വഹിക്കും. കൂടാതെ വത്സലയുടെ മകന് കോളജിൽ അടയ്ക്കാൻ ള്ള 36000 രൂപയും നല്കും.
ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ലഭിച്ച അപ്രതീക്ഷിത ഓണ സമ്മാനമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ ഓണാശംസകള്‍
‘ഇന്ത്യയില്‍ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും അതിനെ മറ്റുള്ളവരില്‍ നിന്നും അതുല്യമാക്കുന്നു. ഈ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വലിയ ആഘോഷമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ ഓണം സമൃദ്ധമായി ആഘോഷിക്കുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു’ – മാര്‍ക്ക് മക്‌ഗൊവന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സാംസ്‌കാരിക വൈവിദ്യമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ മുഖമുദ്ര. അതില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളികള്‍ നമ്മുടെ സംസ്ഥാനത്തിന് നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് ആതുര സേവന രംഗത്ത് മലയാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മഹാമാരിയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയ മലയാളി സമൂഹത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനായ മാവായുടെ (മലയാളി അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ) കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും പ്രീമിയര്‍ പ്രശംസിച്ചു. മലയാളത്തില്‍ നന്ദിയും അര്‍പ്പിച്ചുകൊണ്ടാണ് മക്‌ഗൊവന്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
മഹാമാരിയുടെ ഭീഷണി പൂർണമായും മാഞ്ഞുപോകാത്ത ഈ സാഹചര്യത്തിൽ കരുതലോടെ പൊന്നോണത്തെ വരവേറ്റ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളെ പൂർണമായും ഒഴിവാക്കി വീടകങ്ങളിലാണ് ഇക്കുറിയും ഓണം.
കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം ഇത് രണ്ടാം തവണയാണ്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ പൂക്കളവും പുതുവസ്ത്രവും സദ്യയുമൊക്കെ ഒരുക്കി പുതിയ പ്രതീക്ഷയോടെ ഓണത്തെ ആഘോഷമാക്കുകയാണ്.
ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നില്‍ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളില്‍ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ഓണാശംസകൾ.
ബിജോ തോമസ് അടവിച്ചിറ
പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.