ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാന്‍ നാല് കെട്ടിയ യുവാവിന് ഭാര്യമാരുടെ ഫെയ്‌സ് ബുക്ക് സൗഹൃദം കെണിയായി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ് അനാഥത്വത്തിന്റെ കണ്ണീര്‍ കഥപറഞ്ഞ് അങ്ങോളം ഇങ്ങോളം കല്യാണം കഴിച്ചുനടന്ന വിരുതന്‍ പിടിയിലായത്.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെ കോന്നി പോലീസ് ആണ് അകത്താക്കിയത്.
താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയും. അവരില്‍നിന്ന് കിട്ടുന്ന കണ്ണീരാനുകൂല്യം മുതലാക്കി കല്യാണവും കഴിക്കും. ഇതായിരുന്നു പതിവ് തന്ത്രം. തുടര്‍ന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി. അടുത്തുതന്നെ കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാള്‍ അവരുമൊത്ത് കഴിഞ്ഞപ്പോഴാണ് ഫെയ്‌സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ വലയിലാക്കി അര്‍ത്തുങ്കല്‍വെച്ച് കല്യാണവും കഴിച്ചു.
രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്‌സ് ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് തന്റെ മുന്‍ ഭര്‍ത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികള്‍ വിശദീകരിച്ചുകൊടുത്തു. ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ഷുറന്‍സ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോള്‍ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാന്‍ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നി. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി കോന്നി പോലീസിനെ സമീപിച്ചത്. കാസര്‍കോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച് ഇയാള്‍ ബലാത്സംഗം നടത്തിയതായും പോലീസിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. റിമാന്‍ഡ് ചെയ്തു.
ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസിൽ പ്രതി കിരണിന്‍റെ മാതാപിതാക്കളും അറസ്റ്റിൽ. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി. കിരണിന്‍റെ അച്ഛൻ കുഞ്ഞുമോന്‍റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്‍റെ മൃതദേഹം പാടത്തെറിഞ്ഞത്. മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിൽ കിരണിന്‍റെ പിതാവ് കുഞ്ഞുമോൻ, മാതാവ് അശ്വതി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഇരുവരും തെളിവു നശിപ്പിക്കാൻ കിരണിനൊപ്പം കൂട്ടുനിന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കിരണിന്‍റെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആസൂത്രിതമായാണ് കൊല നടത്തിയതെന്നും വൈദ്യുതി കെണി ഒരുക്കിയത് വീടിന് പുറകിലാണെന്നും പൊലീസ് പറഞ്ഞു. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പിൽ വെച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ദിനേശിന്റെ മരണം വൈദ്യുതാഘാതം ഏറ്റാണെന്ന് കണ്ടെത്തിയത്. സംശയത്തിന് അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അയൽവാസിയായ കിരൺ കുറ്റം സമ്മതിച്ചത്. അമ്മയും ദിനേശനുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കിരൺ അന്വേഷണസംഘത്തോട് പറഞ്ഞു. ഇലക്ട്രിക്ക് ജോലി അറിയുന്ന കിരൺ വീടിന്റെ പിൻഭാഗത്ത് ഒരുക്കിയ കെണിയിൽ ദിനേശൻ വീഴുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം പാടശേഖരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷവും പ്രതി കിരൺ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുമെല്ലം മുന്നിലുണ്ടായിരുന്നു. സംഭവത്തിൽ കിരണിനെ ഇന്നലെ പുന്നപ്രയിലെ വീട്ടിൽ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന് മകൻ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപാനിയായ ദിനേശൻ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.
പൊലീസെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റതാണ് മരണകാരണമെന്ന് മനസ്സിലായത്. തുടരന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അതേസമയം കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്നും റിപ്പോർട്ട്.
കിരണിൻ്റെ അമ്മയുടെ സുഹൃത്താണ് കൊല്ലപ്പെട്ട ദിനേശൻ. കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീട്ടീലേക്ക് വന്നപ്പോഴാണ് കിരൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് മാറ്റിയ മൃതദേഹത്തിൽ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും റിപ്പോർട്ട്. നിലവിൽ പൊലീസ് പ്രതിയെ കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ്.
പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്ത പാലും മുട്ടയും വാങ്ങുന്നതില്‍ ബില്‍തുകയില്‍ തട്ടിപ്പ് നടത്തി സ്‌കൂളിലെ പ്രധാനാധ്യാപിക കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ട്.
പാലും മുട്ടയും വിതരണത്തില്‍ തട്ടിപ്പ് നടത്തിയ എടവണ്ണ ജി.എം.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപിക 1.22 ലക്ഷം തിരിച്ചടക്കണമെന്നാണ് ധനകാര്യ റിപ്പോര്‍ട്ട്. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി 2022 ജൂണ്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ സ്‌കൂളിലേക്ക് വാങ്ങിയ പാലിന്റെയും മുട്ടയുടെയും കണക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 281 കുട്ടികളാണ് ഭക്ഷണ പരിപാടിയിലുള്ളത്. ഇവര്‍ക്ക് നല്‍കുന്ന പാലിന്റെയും മുട്ടയുടെയും കണക്കിലാണ് കള്ളക്കളി നടത്തിയത്. യഥാര്‍ഥത്തില്‍ വാങ്ങിയ പാലിനേക്കാളും മുട്ടയേക്കാളും കൂടുതല്‍ വാങ്ങിയതായി കാണിച്ച് കണക്ക് തയാറാക്കി. പാലില്‍ അധികമായി കൈപ്പറ്റിയ 71240 രൂപ, സ്‌കൂള്‍ പ്രധാനാധ്യാപിക കെ. ബിന്ദുവില്‍നിന്നും ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
2022 ജൂണ്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ സ്‌കൂളിലേക്ക് വാങ്ങിയ മുട്ടയുടെ എണ്ണവും കൂട്ടികാണിച്ചാണ് രജിസ്റ്റരില്‍ രേഖപ്പെടുത്തിയത്. യഥാര്‍ഥത്തില്‍ വാങ്ങിയതിനേക്കാള്‍ അധികമായി കൈപ്പറ്റിയ 51,266 രൂപ പ്രധാനാധ്യാപിക കെ. ബിന്ദുവിനിന്നും തിരിച്ചടക്കണമെന്നാണ് റിപ്പോര്‍ട്ട്. പാല്‍, മുട്ട എന്നിവ വിതരണം നടത്തിയതില്‍ ക്രമക്കേട് നടത്തിയതിനു കെ. ബിന്ദുവിനെതിരെ ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.
സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി വിവിധ ഫണ്ടുകളുടെ വിനിയോഗം തുടങ്ങിയ ബന്ധപ്പെട്ട പരിശോധന നടത്തിയത്. ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ 2022-23, 2023- 24 വര്‍ഷത്തെ ചെലവുകളുമായി ബന്ധപ്പെട്ട രേഖകള്‍, രജിസ്റ്ററുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍ തുടങ്ങിയവയാണ് പരിശോധന നടത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ശരാശരി 40 ലിറ്റര്‍ പാലും 263 മുട്ടയും വിതരണം ചെയ്തതായി ബില്ല് സമര്‍പ്പിച്ചു. തുടര്‍ന്ന് അടുക്കളയും സന്ദര്‍ശിച്ച് പാചകക്കാരുമായി സംസാരിച്ചപ്പോഴാണ് ബില്ലില്‍ രേഖപ്പെടുത്തിയ പാലും മുട്ടയില്‍ വിതരണം ചെയ്യുന്നില്ലെന്ന് വ്യക്തമായത്.
കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ഏകദേശം 40 ലിറ്റര്‍ പാല്‍ വീതം വാങ്ങിയതായി രണ്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് ബില്ലുകള്‍ തുക ക്ലെയിം ചെയ്തു. എന്നാല്‍, ശരാശരി 25 ലീറ്റര്‍ പാല്‍ മാത്രമാണ് ഒരു ദിവസം കുട്ടികള്‍ക്കായി വാങ്ങുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പാലിന്റെ അളവ് കൂടുതല്‍ കാണിച്ച് തുക കൈപ്പറ്റിയതു സംബന്ധിച്ച് ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുണ്ടായിരുന്ന കെ. സാലിമ, പ്രധാനാധ്യാപിക കെ. ബിന്ദു എന്നിവരില്‍ നിന്നും വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിയുടെ ചെലവഴിച്ച തുക കൃത്യസമയത്ത് ലഭിക്കാത്തതും പാലോ മുട്ടയോ ഉള്ള ദിവസങ്ങളില്‍ കുട്ടിയൊന്നിന് 150 എം.എല്‍ പാലും ഒരു മുട്ടയും നല്‍കുന്നുവെന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, പാലും മുട്ടയും കഴിക്കാത്ത നിരവധി കുട്ടികള്‍ ഉണ്ട്. രജിസ്റ്ററില്‍ തെറ്റായ കണക്ക് കാണിക്കുന്നതെന്ന് കെ. സാലിമ അറിയിച്ചു. ഇക്കാര്യം പ്രധാനാധ്യാപികയായ കെ. ബിന്ദുവും സമ്മതിച്ചു.
മുട്ട നല്‍കേണ്ട ദിവസങ്ങളിള്‍ ശരാശരി 263 മുട്ട വീതം വാങ്ങിയതായി രജിസ്റ്ററില്‍ എഴുതി. എന്നാല്‍ എന്നാല്‍ 100 മുട്ട മാത്രമാണ് ഒരു ദിവസം ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുട്ട നല്‍കേണ്ട ദിവസങ്ങളില്‍ തോരന്‍ രൂപത്തില്‍ ഉച്ചഭക്ഷണത്തോടൊപ്പമാണ് മുട്ട നല്‍കിയിരുന്നത്. ഇത്തരത്തില്‍ ബില്ലില്‍ ക്ലെയിം ചെയ്യുന്നതിനെക്കാള്‍ ശരാശരി 163 മുട്ടയോളം കുറവാണ് യഥാര്‍ഥത്തില്‍ ഉപയോഗിക്കുന്നത്.
ഇതു സംബന്ധിച്ച വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിക്കായി ചെലവഴിക്കുന്ന തുകകള്‍ യഥാസമയത്ത് ലഭിക്കാറില്ലായെന്നും സ്‌കൂളിലെ മുഴുവന്‍ കുട്ടികളും കഴിക്കാറില്ല എന്നും, ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണം എം.ഡി.എം സൈറ്റില്‍ ചേര്‍ക്കുമ്ബോള്‍ കുട്ടികളുടെ എണ്ണത്തിനാനുപാതികമായ മുട്ടകളുടെ എണ്ണം രജിസ്റ്ററില്‍ വരുന്നതാണ് മുട്ടയുടെ എണ്ണത്തില്‍ വരുന്ന വ്യത്യാസത്തിന് കാരണം എന്നതാണ് ചുമതലയുള്ള അധ്യാപികയും പ്രധാനാധ്യാപികയും നല്‍കിയ വിശദീകരണം. എന്നാല്‍ മുട്ടയുടെ എണ്ണത്തിനനുസരിച്ച് ബില്ലുകള്‍ തയാറാക്കി ആനുപാതികമായ തുക കൈപ്പറ്റുന്നത് അംഗീകരിക്കാവുന്നതല്ല. ഇതിനാല്‍ത്തന്നെ ഈ വിശദീകരണം അംഗീകരിക്കാവുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ അദ്ദേഹം കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ബി.ജെ.പി. വിരുദ്ധ രാഷ്ട്രിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ലെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഡല്‍ഹി പോലെ തന്ത്രപ്രധാനമായ ഒരു പ്രദേശത്തിന്റെ ഭരണം 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബി.ജെ.പിക്ക് ലഭിച്ചിരിക്കുകയാണ്. ആരാണ് ആ ഭരണം ബി.ജെ.പിക്ക് നല്‍കിയത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, അത് കോണ്‍ഗ്രസാണ്. ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസിനും എ.എ.പിക്കും യോജിച്ച് നില്‍ക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്നാണ് എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തിയത്.
കോണ്‍ഗ്രസ് ഇപ്പോഴും പഴയ വല്ല്യേട്ടന്‍ മനോഭാവം തുടരുകയാണ്. ഞങ്ങള്‍ മഹാമേരുവാണെന്നാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിനു മുന്‍പ് നടന്ന തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സീറ്റ് വട്ടപൂജ്യമാണ്. യോജിച്ച് മത്സരിച്ചില്ലെങ്കില്‍ അവിടെ ബി.ജെ.പിക്കായിരിക്കും മുന്‍കൈ കിട്ടുകയെന്ന് ഇന്ത്യന്‍ രാഷ്ട്രിയത്തിന്റെ എന്തെങ്കിലും ഭാഗമറിയുന്ന എല്ലാവര്‍ക്കും അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് കഴിഞ്ഞ ദിവസവും എം.വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. സ്വയം ഇല്ലാതാകാനും ആം ആദ്മി പാര്‍ട്ടിയെ തോല്‍പിക്കാനും കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടാണ് ബി.ജെ.പി അധികാരത്തില്‍വന്നതെന്നായിരുന്നു എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന ശത്രുവെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതുകൊണ്ടാണ് ബിജെപി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള അനന്തുവിനെ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിൽ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലുമെത്തിച്ച് തെളിവെടുക്കും.
അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു. 2023 അവസാനമാരംഭിച്ച സ്കൂട്ടർവിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.
എൻ.ജി.ഒ. കോൺഫെഡറേഷനിൽനിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയതെന്നും വ്യക്തമായി. തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ തട്ടിപ്പുകേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഇപ്പോഴുമെത്തുന്നുണ്ട്. എറണാകുളം റൂറൽ ജില്ല, ഇടുക്കി എന്നിവിടങ്ങളിൽ ശനിയാഴ്ചയും പരാതികളെത്തി. മാള സ്റ്റേഷനിൽ രണ്ടുകേസുകൾ കൂടി എടുത്തു. ഇതോടെ നിലവിൽ തൃശ്ശൂർ ജില്ലയിൽ നാലുകേസുകളായി. തൃശ്ശൂർ സിറ്റി പോലീസിന് കീഴിൽ പതിനഞ്ച് പരാതികളും ലഭിച്ചിട്ടുണ്ട്.
വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ആള്‍ത്തുളയുടെ മൂടി തകര്‍ന്നുവീണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15-ഓടെ ചാത്തന്നൂര്‍ തിരുമുക്ക് എം.ഇ.എസ്. എന്‍ജിനിയറിങ് വനിതാ ഹോസ്റ്റലിലായിരുന്നു അപകടം. കൊല്ലം മേവറം മെഡിസിറ്റി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.
മനീഷയുടെ ബന്ധുക്കള്‍ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മനീഷയ്‌ക്കൊപ്പം ആള്‍ത്തുളയിലൂടെ വീണ കണ്ണൂര്‍ സ്വദേശി സ്വാതി സത്യന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സ്വാതിയില്‍നിന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയുടെ മുകളിലിരുന്ന് കാപ്പി കുടിച്ചശേഷം ഇരുവരും ആള്‍ത്തുളയുടെ മേല്‍മൂടിക്കു മുകളിലിരുന്നു. ഇതേസമയംതന്നെ മേല്‍മൂടിതകര്‍ന്ന് മനീഷയും സ്വാതിയും ആള്‍ത്തുളയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ആള്‍ത്തുളയിലേക്കു വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളികളും പതിച്ചിരുന്നു. മനീഷയുടെ ദേഹത്തേക്കാണ് സ്വാതി പതിച്ചത്.
കുറച്ചു സമയത്തിനുശേഷം സ്വാതി പൈപ്പുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി ആള്‍ത്തുളയ്ക്കു താഴെയുള്ള കമ്പികൊണ്ടുള്ള ചെറിയവാതില്‍ തുറന്ന് പുറത്തേക്ക് ഇഴഞ്ഞിറങ്ങി, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കാര്‍ പോര്‍ച്ചിലേക്ക് എത്തുകയായിരുന്നു. സ്വാതി പുറത്തെത്തിയത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുമാത്രമാണ് ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാനായത്.
മേവറം മെഡിസിറ്റി ആശുപത്രിയിലെ എച്ച്.ആര്‍.വിഭാഗം ജീവനക്കാരിയായിരുന്നു മനീഷ. സഹോദരന്‍ മിഥുന്‍. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് നേഴ്സിംഗ് മേഖലയിലാണ്. ആരോഗ്യരംഗത്തെ മലയാളി നേഴ്സുമാരുടെ സേവനങ്ങൾ എൻഎച്ച്എസ് എന്നും വിലമതിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോയപ്പോൾ യുകെയിലെ ആരോഗ്യരംഗത്തെ മുന്നണി പോരാളികളായിരുന്നു മലയാളി നേഴ്സുമാർ.
എന്നാൽ യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കടുത്ത നാണക്കേട് വരുത്തിയിരിക്കുന്ന ഒരു വാർത്തയാണ് സ്കൈ ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്. രോഗിയായ തങ്ങളുടെ പിതാവിനെ പരിചരിച്ച നേഴ്സ് ആ വിശ്വാസത്തെ സാമ്പത്തികമായി ദുരുപയോഗം ചെയ്തെന്ന് മക്കൾ ആരോപിക്കുന്ന വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കുന്നത്. മലയാളിയായ അനിറ്റാ ജോർജ് നടത്തിയ സാമ്പത്തിക തിരുമറികൾ മക്കൾ കണ്ടെത്തിയത് പിതാവിൻറെ മരണശേഷമാണ്. നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നടത്തിയ അന്വേഷണത്തിൽ അനിറ്റ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. അനിറ്റ രോഗിയുടെ കാര്യത്തിൽ വഴിവിട്ട് പ്രവർത്തിച്ചതിന് തെളിവായി ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ കൈകാര്യം ചെയ്യുക, വീട്ടിൽ രക്തപരിശോധന നടത്തുക, ഭാര്യയോ കുട്ടികളുടെയോ അറിവില്ലാതെ അടുത്ത ബന്ധുവായി സ്വയം സ്ഥാപിക്കുക. തുടങ്ങിയ അനുചിത പ്രവർത്തികൾ പലതും സാമ്പത്തിക തിരുമറകളിലേയ്ക്ക് നയിച്ചതായാണ് കണ്ടെത്തിയത്. രോഗിയുടെ മകളായി പലയിടത്തും രേഖപ്പെടുത്തി അവൾ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും മക്കൾ ആരോപിച്ചു.
ഇയാൻ പെർസിവലിൻ്റെ എന്ന തങ്ങളുടെ പിതാവിൻറെ 2016 – ൽ മരണമടഞ്ഞതിനുശേഷമാണ് മക്കൾ പല നഗ്നസത്യങ്ങളും മനസ്സിലാക്കിയത്. ലക്ഷങ്ങൾ തങ്ങളുടെ പിതാവിൽ നിന്ന് ചൂഷണം ചെയ്തതായി ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലായതായി അവർ വെളിപ്പെടുത്തി. നേഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ അനിറ്റയുടെ പ്രവർത്തനങ്ങളിൽ തന്റെ പദവിക്ക് യോഗിക്കുന്നതല്ലെന്നും ഒരു സ്‌ട്രൈക്കിംഗ് ഓഫ് ഓർഡർ വഴിയായി അവളെ അജീവനാന്തകാലം നേഴ്സിംഗ് ജോലിയിൽ നിന്ന് വിലക്കുകയും ചെയ്തു.
വയോജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസ്വസ്ഥത ഉണ്ടാക്കുന്ന ഈ സംഭവം എന്ന് പത്രം റിപ്പോർട്ട് ചെയ്തു. 2017 മുതൽ ഇത്തരം തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ചതും പലർക്കും ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപ്പെട്ടതായും ഹവർഗ്ലാസ് ചാരിറ്റി റിപ്പോർട്ട് ചെയ്യുന്നു. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൻ്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങൾ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്താനായി കേസ് വീണ്ടും അവലോകനം നടത്തും എന്ന് സ്വാൻസീ ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിൻ്റെ വക്താവ് പറഞ്ഞു.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്. തങ്ങള്‍ ആവശ്യപ്പെട്ടത് സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം അറിയിച്ചു. സിബിഐ അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല.
പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നാണ് അപ്പീലിലെ വാദം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണം നിയമസഭയില്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത വര്‍ഷം പകുതിയോടെ നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
സമൂഹ്യ ക്ഷേമ പെന്‍ഷന്‍ 150 രൂപയെങ്കിലും കൂട്ടി 1750 ആക്കും എന്ന് വ്യാപക പ്രചരണമുണ്ടയിരുന്നെങ്കിലും ബജറ്റില്‍ ഒരു രൂപ പോലും കൂട്ടിയില്ല. മൂന്നു മാസത്തെ കുടിശിക നല്‍കും. കൃഷിയും ആരോഗ്യവുമടക്കം ചില മേഖലകള്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ബജറ്റ് പൊതുവേ നിരാശാജനകമെന്ന വിലയിരുത്തലാണ് വരുന്നത്.
അതിനിടെ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് തിരിച്ചടിയായി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചു. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. 150 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് കോടതി ഫീസും കൂട്ടി.
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.
എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി വകയിരുത്തി. മജ്ജ മാറ്റി വയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം ഒരുക്കും. പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആള്‍ താമസമില്ലാതെ കിടക്കുന്ന വീടുകള്‍ കണ്ടെത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ‘കെ ഹോംസ്’ എന്ന പേരില്‍ പ്രത്യേക പദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. ടൂറിസ്റ്റുകള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്.
വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകുമെന്നാണ് ധനമന്ത്രി പറയുന്നത്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.