വാർത്ത പുറംലോകം അറിഞ്ഞു മണിക്കൂറുകൾക്ക് ഉള്ളിൽ ആറാം ക്ലാസുകാരൻ സച്ചിനെ തേടി സഹായങ്ങളുടെ പ്രവാഹം. പാതിവഴിയിൽ പണി നിലച്ച സച്ചിന്റെ വീട് അറ്റകുറ്റപ്പണികളെല്ലാം തീർത്തു പൂർത്തീകരിച്ചു നൽകുമെന്നു മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാർ അറിയിച്ചു. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി ഒട്ടേറെപ്പേർ ഫോണിലൂടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
സച്ചിന്റെ നിസ്സഹായാവസ്ഥയെപ്പറ്റി മനോരമ പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ചുമതല വഹിക്കുന്ന ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ മാള വടമയിൽ സച്ചിന്റെ വീടു തേടിയെത്തിയത്. സച്ചിന്റെ ജീവിതസാഹചര്യങ്ങൾ കണ്ട് സഹായ വാഗ്ദാനം നേരിട്ടറിയിച്ചു.
സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ളവരും സഹായം വാഗ്ദാനം ചെയ്തു.
തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ കൊമേഴ്സ് വിഭാഗം തങ്ങളുടെ രാജ്യാന്തര കോൺഫറൻസിൽ ഓണറേറിയം നൽകാൻ സ്വരൂപിച്ച പണം സച്ചിനു നൽകി. കാവനാട് യുവജന കൂട്ടായ്മ, മാള സേവാഭാരതി തുടങ്ങിയ സംഘടനകളും സഹായങ്ങൾ എത്തിച്ചു നൽകി. സച്ചിന്റെ അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. അമ്മ കൂലിപ്പണിക്കു പോയാണ് കുടുംബം പോറ്റുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ഇവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരുന്നു.







