Kerala

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് നേഴ്സിംഗ് മേഖലയിലാണ്. ആരോഗ്യരംഗത്തെ മലയാളി നേഴ്സുമാരുടെ സേവനങ്ങൾ എൻഎച്ച്എസ് എന്നും വിലമതിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോയപ്പോൾ യുകെയിലെ ആരോഗ്യരംഗത്തെ മുന്നണി പോരാളികളായിരുന്നു മലയാളി നേഴ്സുമാർ.

എന്നാൽ യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കടുത്ത നാണക്കേട് വരുത്തിയിരിക്കുന്ന ഒരു വാർത്തയാണ് സ്കൈ ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്. രോഗിയായ തങ്ങളുടെ പിതാവിനെ പരിചരിച്ച നേഴ്സ് ആ വിശ്വാസത്തെ സാമ്പത്തികമായി ദുരുപയോഗം ചെയ്തെന്ന് മക്കൾ ആരോപിക്കുന്ന വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കുന്നത്. മലയാളിയായ അനിറ്റാ ജോർജ് നടത്തിയ സാമ്പത്തിക തിരുമറികൾ മക്കൾ കണ്ടെത്തിയത് പിതാവിൻറെ മരണശേഷമാണ്. നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നടത്തിയ അന്വേഷണത്തിൽ അനിറ്റ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. അനിറ്റ രോഗിയുടെ കാര്യത്തിൽ വഴിവിട്ട് പ്രവർത്തിച്ചതിന് തെളിവായി ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ കൈകാര്യം ചെയ്യുക, വീട്ടിൽ രക്തപരിശോധന നടത്തുക, ഭാര്യയോ കുട്ടികളുടെയോ അറിവില്ലാതെ അടുത്ത ബന്ധുവായി സ്വയം സ്ഥാപിക്കുക. തുടങ്ങിയ അനുചിത പ്രവർത്തികൾ പലതും സാമ്പത്തിക തിരുമറകളിലേയ്ക്ക് നയിച്ചതായാണ് കണ്ടെത്തിയത്. രോഗിയുടെ മകളായി പലയിടത്തും രേഖപ്പെടുത്തി അവൾ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും മക്കൾ ആരോപിച്ചു.

ഇയാൻ പെർസിവലിൻ്റെ എന്ന തങ്ങളുടെ പിതാവിൻറെ 2016 – ൽ മരണമടഞ്ഞതിനുശേഷമാണ് മക്കൾ പല നഗ്നസത്യങ്ങളും മനസ്സിലാക്കിയത്. ലക്ഷങ്ങൾ തങ്ങളുടെ പിതാവിൽ നിന്ന് ചൂഷണം ചെയ്തതായി ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലായതായി അവർ വെളിപ്പെടുത്തി. നേഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ അനിറ്റയുടെ പ്രവർത്തനങ്ങളിൽ തന്റെ പദവിക്ക് യോഗിക്കുന്നതല്ലെന്നും ഒരു സ്‌ട്രൈക്കിംഗ് ഓഫ് ഓർഡർ വഴിയായി അവളെ അജീവനാന്തകാലം നേഴ്സിംഗ് ജോലിയിൽ നിന്ന് വിലക്കുകയും ചെയ്തു.

വയോജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസ്വസ്ഥത ഉണ്ടാക്കുന്ന ഈ സംഭവം എന്ന് പത്രം റിപ്പോർട്ട് ചെയ്തു. 2017 മുതൽ ഇത്തരം തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ചതും പലർക്കും ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപ്പെട്ടതായും ഹവർഗ്ലാസ് ചാരിറ്റി റിപ്പോർട്ട് ചെയ്യുന്നു. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൻ്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങൾ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്താനായി കേസ് വീണ്ടും അവലോകനം നടത്തും എന്ന് സ്വാൻസീ ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിൻ്റെ വക്താവ് പറഞ്ഞു.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്. തങ്ങള്‍ ആവശ്യപ്പെട്ടത് സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം അറിയിച്ചു. സിബിഐ അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല.

പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നാണ് അപ്പീലിലെ വാദം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണം നിയമസഭയില്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത വര്‍ഷം പകുതിയോടെ നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

സമൂഹ്യ ക്ഷേമ പെന്‍ഷന്‍ 150 രൂപയെങ്കിലും കൂട്ടി 1750 ആക്കും എന്ന് വ്യാപക പ്രചരണമുണ്ടയിരുന്നെങ്കിലും ബജറ്റില്‍ ഒരു രൂപ പോലും കൂട്ടിയില്ല. മൂന്നു മാസത്തെ കുടിശിക നല്‍കും. കൃഷിയും ആരോഗ്യവുമടക്കം ചില മേഖലകള്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ബജറ്റ് പൊതുവേ നിരാശാജനകമെന്ന വിലയിരുത്തലാണ് വരുന്നത്.

അതിനിടെ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് തിരിച്ചടിയായി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചു. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. 150 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് കോടതി ഫീസും കൂട്ടി.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.

എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി വകയിരുത്തി. മജ്ജ മാറ്റി വയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം ഒരുക്കും. പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ആള്‍ താമസമില്ലാതെ കിടക്കുന്ന വീടുകള്‍ കണ്ടെത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ‘കെ ഹോംസ്’ എന്ന പേരില്‍ പ്രത്യേക പദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. ടൂറിസ്റ്റുകള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്.

വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകുമെന്നാണ് ധനമന്ത്രി പറയുന്നത്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി.

വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കുട്ടിയുടെ മരണത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തു. പ്രാഥമിക പരിശോധന പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം. മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരൻ റിതാൻ രാജുവാണ് മരിച്ചത്.

ജയ്പൂരിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ രാജസ്ഥാൻ ദാമ്പതികളുടെ ഇളയകുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. മുന്നറിയിപ്പ് ഇല്ലാത്തതും മാലിന്യ കുഴി തുറന്ന് കിടന്നതും അപകട കാരണമാവുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കൾ സമീപത്തുള്ള കഫേയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് അപകടം. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.

10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയിൽ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കൾ അറിയുന്നത്. കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ എയർപോർട്ട്‌ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയിൽ വീണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു.

സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറ‍ഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിയുടെ മരണത്തിൽ അനുശോചിച്ചും സംഭവത്തിൽ വിശദീകരണം നൽകിയും സിയാൽ വാർത്തക്കുറിപ്പ് ഇറക്കി. നടവഴിയിൽ അല്ല അപകടം നടന്നതെന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്നുമാണ് വാർത്തക്കുറിപ്പില്‍ പറയുന്നത്.

എന്നാൽ, ആർക്കും യഥേഷ്ട്ടം കയറി ചെലവുന്ന പുൽത്തകിടിയാണ് ഇത്. കുട്ടികളെ ഉറപ്പായും ആകർഷിക്കും എന്നാണ് ദൃക്സാക്ഷിപറയുന്നത്. ഇവിടെ ഒരു മൂന്നറിയിപ്പ് ബോർഡോ ബാരികേഡോ ഒന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷി പറയുന്നു. അപകടം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ സിയാൽ പുറത്ത് വിട്ടിട്ടില്ല.

കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.

നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡിഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉ​ഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹോട്ടലിലെ ​ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സുമിത്തിന്റെ തലയ്ക്ക്‌ ​ഗുരുതരമായി പരിക്കേൽക്കുകയും ചൂട് വെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. അതീവ​ഗുരുതരമായ സാഹചര്യത്തിലാണ് സുമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. എന്നാല്‍, സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ സമീപത്തെ കടകള്‍ അടച്ചിട്ടുണ്ട്.

വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്ക് 28 വയസാണ് പ്രായം.

മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്.

തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ്(38) ആണ് മരിച്ചത്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്.

ഉത്സവത്തിന് കച്ചവടത്തിനായി എത്തിയ യുവാവാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളുടെയും നില ഗുരുതരമാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റി.

യുവാവിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നര കിലോ മീറ്ററോളം ഓടി.

അവിടെ നിന്നിരുന്ന ആനന്ദിനെ കുത്തി വീഴ്ത്തി. അവിടെ നിന്നും നാലര കിലോ മീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. പിന്നീട് ഏറെ നേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്.

പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറില്‍ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് – 26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.45-നായിരുന്നു അപകടം.

സുഹൃത്തുക്കളായ സന്ദീപ്, റോഷന്‍, അജിത്ത് എന്നിവരും മറിഞ്ഞ ചങ്ങാടത്തില്‍ ഉണ്ടായിരുന്നു. മൂവരും നീന്തി രക്ഷപ്പെട്ടു. പത്രവിതരണം നടത്തുന്ന ജോലിയായിരുന്നു രമേശിന്. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടു മണിയോടെ പരുമല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉഷയാണ് മാതാവ്. സഹോദരി രേഷ്മ. സംസ്‌കാരം പിന്നീട്.

യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയുണ്ടാവണമെന്ന ആവശ്യം ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. അങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, യു.ഡി.എഫ്. ഘടകകക്ഷികള്‍ ചേര്‍ന്ന് ലീഗിനോട് മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍, പറ്റില്ലെന്ന് വാശിപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘യു.ഡി.എഫില്‍ തീരുമാനം എടുക്കുന്നത് എല്ലാവരും കൂടിയാലോചിച്ചാണ്. സന്തോഷത്തോടെ എല്ലാവരും കൂടെ തീരുമാനിച്ചാല്‍ അത് ഏറ്റെടുക്കുന്നതില്‍ മുസ്ലിം ലീഗിന് എന്താണ് വിരോധമുള്ളത്. യു.ഡി.എഫിലെ എല്ലാഘടകകക്ഷികളും കൂടെ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞാല്‍, പറ്റില്ലെന്ന് വാശിപിടിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കില്ല. മുസ്ലിം ലീഗ് ഇതുവരെ അങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. വെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ജനങ്ങള്‍ യു.ഡി.എഫിന്റെ കൂടെയാണെന്ന തികഞ്ഞ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ലീഡറെക്കുറിച്ചുള്ള ചര്‍ച്ച മുന്നണിയില്‍ നടക്കുന്നത്. അതിനപ്പുറത്തേക്കൊന്നുമില്ല’, പി.എം.എ. സലാം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ ‘മ’ സാഹിത്യോത്സവത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയാണ് മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലിംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു സാദിഖലി തങ്ങളുടെ പുഞ്ചിരിയോടെയുള്ള മറുപടി. യു.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ പ്രധാനപദവി കുഞ്ഞാലിക്കുട്ടിക്കാവുമെന്നും തങ്ങള്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് വിചാരിച്ചാല്‍ അത് നടക്കും. മുഖ്യമന്ത്രി ഇവിടെത്തന്നെയുണ്ട്’, എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയെ ചൂണ്ടി, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങളുടെ മറുപടി. ഇതിനെക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടയിലെ ഉണ്ടായ അക്രമ പ്രവര്‍ത്തനങ്ങളില്‍ സഭാ നേതൃത്വം നടപടികളാരംഭിച്ചു.

പ്രസ്താവനയുടെ പൂര്‍ണ രൂപം:

കാക്കനാട്: ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കണമെന്ന തീരുമാനത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അതീവ വേദനാജനകവും അപലപനീയവുമാണ്.

പ്രസാദഗിരി പള്ളിയില്‍ വയോധികനായ ഫാ. ജോണ്‍ തോട്ടുപുറത്തെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ അള്‍ത്താരയില്‍നിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേര്‍ ചേര്‍ന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികള്‍ക്ക് ഉതപ്പും വേദനയും ഉളവാക്കുന്നു.

സാമാന്യ ബോധമുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്. പരിശുദ്ധ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന കാര്‍മികനെ ബലപ്രയോഗത്തിലൂടെ തള്ളി വീഴ്ത്തുകയും, അതിവിശുദ്ധ സ്ഥലമായ മദ്ബഹായുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്തതുവഴി എന്തു നേട്ടമാണ് അക്രമകാരികള്‍ സ്വന്തമാക്കിയത്?

സഭയെ അനുസരിക്കാന്‍ തയ്യാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിര്‍വീര്യമാക്കാനും ശ്രമിക്കുമ്പോള്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്: ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടേയുമാണ് അനേകം വൈദികരെ ഇവര്‍ സ്വാധീനിക്കുന്നത്.

അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാല്‍ കുറേയേറെ വൈദികര്‍ സഭയെ അനുസരിക്കാന്‍ തയ്യാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണ് പ്രസാദഗിരി ഇടവക പള്ളിയില്‍ നടന്നത്.

സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാന പാലകരായ പോലീസിനെ ഭീഷണികളിലൂടെ നിര്‍വീര്യമാക്കുകയും ചെയ്ത് അതിരൂപതയില്‍ അരാജകത്വം വിതയ്ക്കുന്ന വൈദികരും അല്മായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്നതെന്നോര്‍ക്കണം.

സമാധാനപൂര്‍വ്വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരില്‍ അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കലാപകാരികളുടെമേല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സഭാപരമായ ശിക്ഷണനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved