തിരുവനന്തപുരം ∙ സിപിഎമ്മിന്റെ പ്രമുഖരായ അഞ്ചു മന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നു ധാരണ. എ.കെ.ബാലൻ, ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണ് മത്സരത്തിൽ നിന്നു മാറുന്നത്. ഇവരിൽ ഐസക് ഉൾപ്പെടെയുള്ളവർ മത്സരത്തിൽ നിന്നു മാറിനിന്നാൽ മണ്ഡലം സംരക്ഷിക്കാനാകുമോയെന്നു വിലയിരുത്തും. മുൻ സിപിഎം എംപി കെ.എസ്.മനോജിനെ കോൺഗ്രസ് ആലപ്പുഴയിൽ മത്സരിപ്പിച്ചാലുള്ള സാഹചര്യവും സിപിഎം നേതൃത്വം പരിശോധിക്കുന്നുണ്ട്.
എം.എ.ബേബി വീണ്ടും മത്സരിച്ചേക്കും. മുൻ മണ്ഡലമായ കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തുടരാൻ സാധ്യതയുള്ളതിനാൽ ബേബിക്കുവേണ്ടി പുതിയ മണ്ഡലം കണ്ടെത്തേണ്ടിവരും. ബേബിക്ക് രാജ്യസഭ സീറ്റ് നൽകാത്തതും പാർട്ടിയിൽ ചർച്ചയായിരുന്നു. കെ.സോമപ്രസാദും എളമരം കരീമും രാജ്യസഭയിലേക്കു പോയപ്പോൾ ബേബിയുടെ അവസരമാണു നഷ്ടമായതെന്ന വാദമുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അടുപ്പമുള്ള ബേബിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ നേതൃത്വവുമായി കൂടുതൽ ഐക്യപ്പെടാനാണു പിണറായി വിജയൻ ആഗ്രഹിക്കുന്നത്.
വി.എസ്.അച്യുതാനന്ദൻ ഒഴിയുന്ന സാഹചര്യത്തിൽ മലമ്പുഴയിൽ മത്സരിക്കാൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനു താൽപര്യം ഉണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് കൺവീനർ കൂടിയായ വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പ്രചാരണത്തിൽ കേന്ദ്രീകരിക്കും. യുഡിഎഫിനെതിരായ വിജയരാഘവന്റെ ആക്രമണങ്ങൾ തിരിഞ്ഞു കുത്തിയതു സിപിഎമ്മിന്റെ അണികൾക്കിടയിൽ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണു കഴിഞ്ഞദിവസം ഇ.ശ്രീധരൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയപ്പോൾ കോടിയേരിക്കൊണ്ട് അതിനു മറുപടി പറയിച്ചത്.
മലമ്പുഴയിൽ സ്ഥാനാർഥിയാകാനുള്ള മുൻ എംപി പി.കെ.കൃഷ്ണദാസിന്റെ ആഗ്രഹം സഫലമാകാനാണു സാധ്യത. കണ്ണൂരിൽ അണികൾക്കിടയിൽ സ്വാധീനമുള്ള പി.ജയരാജനെ മാറ്റിനിർത്തുന്നുവെന്ന വികാരം പൊതുവേ ശക്തമാണ്. അതിനാൽ അദ്ദേഹത്തെ മത്സരരംഗത്തിറക്കും. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ മുഹമ്മദ് റിയാസും സംസ്ഥാന പ്രസിഡന്റ് എ.എ.റഹീമും മത്സരത്തിനുണ്ടാകും.
കോവിഡ് വാക്സീൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി.
കോഴിക്കോട് മാത്തോട്ടം അരക്കിണർ കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാക്സീൻ പ്രത്യാഘാതങ്ങളെ മെഡിക്കൽ കോളജ് അധികൃതർ പൂർണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.
‘പരിയാരം മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു. വാക്സീൻ എടുത്തതിനു ശേഷം തലവേദനയും ഛർദിയും തുടങ്ങി. കൂടെ വാക്സീൻ എടുത്ത പലർക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീൻ എടുത്ത ശേഷമുള്ള പ്രശ്നങ്ങൾ കൃത്യസമയത്ത് കൈകാര്യം ചെയ്യാൻ പരിയാരം മെഡിക്കൽ കോളജ് അധികൃതർ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു’’– കുടുംബം പറഞ്ഞു.
ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കൽ കോളജ് അധികൃതർ. കോളജിലെ വിദ്യാർഥിനിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നതായും അറിയിച്ചു
പള്ളിവാസൽ പവർഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ കുറ്റസമ്മതക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയിൽ അരുൺ(അനു–28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്. അരുൺ സുഹൃത്തുക്കൾക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു.
വർഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും കത്തിലുണ്ട്. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തിൽ പറയുന്നു.
കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ഇന്നലെ പൊലീസിനു ലഭിച്ചു. ഫോൺ ഒടിച്ചുകളഞ്ഞതാണെന്ന് പൊലീസ് പറയുന്നു. ഫോണിന്റെ ബാറ്ററിയും പിൻഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു.
കൂടുതൽ തെളിവുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
രേഷ്മയുടെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. ഉളി പോലുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. മരപ്പണിക്കാരനായ അരുൺ ചെറിയ ഉളി എപ്പോഴും കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രാജകുമാരിയിൽ എത്തിയിട്ടു മാസങ്ങളായെങ്കിലും ഇയാൾക്ക് ഇവിടെ ആരുമായും അടുത്ത ബന്ധമില്ല.
പോസ്റ്റ്മോർട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രേഷ്മയുടെ സംസ്കാര ചടങ്ങുകൾ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടിൽ നടത്തി. രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ 4 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്കൂളും പരിസരവും അണുവിമുക്തമാക്കി. രേഷ്മയോടൊപ്പം 2 ബാച്ചുകളിലായി 80 വിദ്യാർഥികളാണ് പ്ലസ് ടു വിഭാഗത്തിൽ ഉണ്ടായിരുന്നത്. രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.
ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് കോട്ടുവിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം പേര് ചേര്‍ന്ന് വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തകര്‍ത്താണ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്. നാല് ദിവസം മുമ്പാണ് ഇവര്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാട്ടിലെത്തിയതുമുതല്‍ ബിന്ദു സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സംശയം. യുവതി നാട്ടിലെത്തിയ ദിവസം രാത്രി രണ്ടുപേരെ വീടിന് സമീപം കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളം യുഡിഎഫിന് മുന്‍തൂക്കം നല്‍കുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ. മധ്യകേരളത്തിലെ 41 സീറ്റുകളില്‍ എല്‍ഡിഎഫ് 16 മുതല്‍ 18 സീറ്റ് വരെ നേടിയേക്കുമെന്നും യുഡിഎഫ് 23-25 വരെ ഇടങ്ങളില്‍ ജയിച്ചേക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യതയും സര്‍വ്വേ പ്രവചിക്കുന്നു.
വടക്കൻ കേരളത്തിൽ ഇടതുമുന്നണി വ്യക്തമായ ആധിപത്യം പുലർത്തുമെന്നാണ് പ്രീ പോൾ സർവേ ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതൽ 26 വരെ സീറ്റാണ് ലഭിക്കുക. എൻഡിഎ 17 സീറ്റ് വരെ നേടാം. രണ്ട് മുതൽ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു.
മധ്യകേരളത്തില്‍ 42 ശതമാനം പേര് യുഡിഎഫിനെ പിന്തുയ്ക്കുമെന്നും 39 ശതമാനം പേര് എല്‍ഡിഎഫിനെ പിന്തുണക്കുമെന്നും സര്‍വ്വേ പറയുന്നു. 16 ശതമാനം വോട്ട് എന്‍ഡിഎയ്ക്കും മൂന്ന് ശതമാനം വോട്ട് മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുസ്ലിം വിഭാഗം കാര്യമായി പിന്തുണക്കുമോ എന്ന ചോദ്യത്തിന് അതെയെന്ന് 30 ശതമാനം പേരും ഇല്ലെന്ന് 48 ശതമാനം പേരും പ്രതികരിച്ചു. പറയാൻ കഴിയില്ലെന്ന് 22 ശതമാനം പേർ പ്രതികരിച്ചു. എൽഡിഎഫും സിപിഎമ്മും മുസ്ലിം വിഭാഗത്തോട് അടുത്തുവെന്ന് 51 ശതമാനം മുസ്ലിം വോട്ടർമാർ വിശ്വസിക്കുന്നു. 34 ശതമാനം ഇല്ലെന്ന് വിശ്വസിക്കുന്നു. 15 ശതമാനം പേർക്ക് ഇതേക്കുറിച്ച് അറിയില്ല.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ എതിർക്കുന്നതിൽ കൂടുതൽ ആശ്രയിക്കാവുന്നത് യുഡിഎഫിനെയാണെന്ന് 34 ശതമാനം പേർ വിശ്വസിക്കുന്നു. അതേസമയം 44 ശതമാനം പേർ എൽഡിഎഫിനെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു. 22 ശതമാനം പേർക്ക് അക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമില്ല.
സർവേയിൽ പങ്കെടുത്ത മുസ്ലിം സമുദായക്കാരായ 72 ശതമാനം പേരും തങ്ങളുടെ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്രസർക്കാരിനോ സ്വാധീനം ചെലുത്താനാവില്ലെന്നാണ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും സ്വാധീനിക്കുമെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ നാല് ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായം ഉണ്ടായിരുന്നില്ല.
മോഹൻലാലിന്റെ ദൃശ്യം 2 നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽകരിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ.
ഇത് ഒരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ലെന്നും സിനിമയിൽ അയുക്തികമായ പലതുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ൽ. അതൊരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ല, പോട്ടെ. പോപ്പുലർ സിനിമയിൽ സംവിധായകൻ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.
പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരിൽ, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടിൽ എമ്പാടും ബഗ് വെയ്ക്കുക, വോയ്സ് റിക്കാർഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും !!
‘നിയമത്തിനു മുന്നിൽ തെളിവ്മൂല്യമില്ല – ലീഡ് കിട്ടാനാണ്’ എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്.
ശുദ്ധ പോക്രിത്തരമാണ്.
“സിസ്റ്റമിക് സപ്പോർട്ടൊന്നും ഞങ്ങൾക്ക് കിട്ടുന്നില്ല” എന്നു IG ജഡ്ജിയുടെ ചേംബറിൽ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടിൽ ഒളിക്യാമറ വെച്ചു റിക്കാർഡ് നടത്തി കേസ് തെളിയിക്കാൻ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകൻ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാൽ, ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ IG യുടെ ജോലി തെറിക്കേണ്ടതാണ്.
പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാൻ അവസരം നൽകുന്നത് ക്രൈം കുറയ്ക്കാൻ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്കളങ്ക ഊളകൾ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാൻ നോക്കുന്നത്.
NB: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകൾ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിൾ ചെയ്തു നോക്കണം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.റിമി ടോമി ജഡ്ജായെത്തുന്ന സൂപ്പർ ഫോറിന് നിരവധി ആരാധകരാണ്. ചിരിയും കളിയും തമാശയും പരസ്പരം കളിയാക്കും ഒക്കെ ആയി ആണ് ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്.
ആദ്യ പ്രണയത്തെപ്പറ്റി റിമി പറയുന്നതിങ്ങനെ…..
എന്റെ ഓർമ്മയിലുള്ള ആദ്യ പ്രണയമെന്ന് പറയുന്നത്. എട്ടിലും ഒൻപതിലും പത്തിലുമൊക്കെ പഠിക്കുന്ന സമയത്താണ്. പാട്ട് പാടുന്ന കൊച്ചെന്ന രീതിയിൽ എന്നെ നാട്ടിൽ എല്ലാവർക്കും തന്നെ അറിയാം. സൺഡേ സ്കൂളിൽ പഠിക്കുന്ന സമയത്ത് അവിടെ നിന്നും ജയിച്ച് പോയൊരാള്. എന്നെക്കാളും ഒരു അഞ്ചാറ് വയസ് മൂത്ത പയ്യനാണ്.
എല്ലാവരും ചേട്ടാന്നാണ് വിളിക്കാറുള്ളത്. ആദ്യമൊക്കെ ഞാൻ പാട്ട് പാടുമ്പോൾ വരുന്നതും നോക്കുന്നതുമൊക്കെ കണ്ടപ്പോൾ എനിക്ക് കുറച്ച് മനസിലായി തുടങ്ങി. എന്തോ ഒരിതുണ്ടെന്ന് നമുക്ക് അറിയാം. പിന്നെ പിന്നെ ഞാൻ സ്കൂളിലേക്ക് പോകുമ്പോഴും അവിടെ നിന്ന് തിരിച്ച് വരുമ്പോഴൊക്ക പുള്ളി ഓപ്പോസിറ്റ് വരാൻ തുടങ്ങി. അതോടെ എനിക്ക് വലിയ ടെൻഷനൊക്കെയായി.
പിന്നെ ഒരു ദിവസം സൺഡേ സ്കൂളിൽ നിന്നും രക്തം ദാനം ചെയ്യാൻ നോക്കിയപ്പോൾ എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇതോടെ പുള്ളിക്കാരൻ അവിടെ എല്ലാവർക്കും ചിലവൊക്കെ കൊടുത്തു. ഇതൊക്കെ ഞാനും അറിയുന്നുണ്ടായിരുന്നു.ആ സമയത്ത് ഒന്ന് നോക്കിയാൽ പോലും വലിയൊരു തെറ്റാണ്. പക്ഷെ അറിയാതെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് ഓടി കളയുമായിരുന്നു.
പിന്നെ ഞാൻ ഗാനമേളയ്ക്ക് ഒക്കെ പോയി തുടങ്ങിയതോടെ പുള്ളിക്കാരൻ എന്തോ പഠിക്കാൻ പോയി. നഴ്സ് ആയി വിദേശത്തേക്ക് മാറി. പിന്നെ ഒന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ ഉള്ളിൽ നിൽക്കുന്ന ആദ്യ പ്രണയം, ആ ഫീൽ, ഒരു ടെൻഷൻ, നോക്കാനുള്ള ഭയം, ഒരു ഇഷ്ടമൊക്കെ തോന്നിയത് അതിലൂടെയായിരുന്നു. ആ പയ്യൻ ഇതൊക്കെ ഇപ്പോൾ കേൾക്കുന്നുണ്ടെങ്കിൽ പുള്ളിയ്ക്ക് എന്തായാലും മനസിലാവും. അദ്ദേഹം എവിടെയാണെന്ന് പോലും എനിക്കിപ്പോൾ അറിയത്തില്ല
രേഷ്മയുടെ കൊലപാതകത്തിൽ പ്രതി അരുൺ എന്നു പൊലീസ് സംശയിക്കുന്നു. എന്നാൽ പ്രതിയെ കണ്ടെത്താനോ കൊലപാതകത്തിന്റെ തുമ്പു കണ്ടെത്താനോ കഴിയാതെ പൊലീസ്. രേഷ്മയും അരുണും ഒന്നിച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും നാട്ടുകാരുടെ മൊഴിയുമാണ് ആശ്രയം.
ഇരുവരെയും അവസാനമായി ഒന്നിച്ചുകണ്ടു 15 മിനിറ്റു കഴിഞ്ഞു രേഷ്മയ്ക്കു കുത്തേറ്റു എന്നാണു പ്രാഥമിക നിഗമനം. ഇതാണു പ്രതി അരുൺ എന്നു പൊലീസ് സംശയിക്കാനുള്ള കാരണം. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ടാണു മുറിവേറ്റത് എന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. അരുൺ മരപ്പണിക്കാരനാണ് എന്നതും സംശയം ബലപ്പെടുത്തുന്നു. എന്നാൽ രേഷ്മയെ മുറിവേൽപിച്ച ആയുധം കണ്ടെത്താനായില്ല.
രേഷ്മയ്ക്കു കുത്തേറ്റ സ്ഥലത്തിനു സമീപത്തു നിന്നു കിട്ടിയത് അരുണിന്റെ മൊബൈൽ ഫോൺ ആണെന്നു പൊലീസ് കരുതുന്നു. ബാറ്ററിയും കവറും ഊരി മാറിയ നിലയിലായിരുന്നു ഫോൺ. അതിനാൽ ഫോൺ പിന്തുടർന്നുള്ള അന്വേഷണത്തിനു സാധ്യതയില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഇൗ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായാണു കാണുന്നത്.
അരുൺ ഇടുക്കി ജില്ല വിട്ടു പോകാതിരിക്കാൻ വെള്ളിയാഴ്ച രാത്രി തന്നെ നടപടിയെടുത്തെന്നു പൊലീസ് പറയുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് എത്തി. അരുണിനെ കണ്ടെത്താതെ സംഭവത്തിനു കൂടുതൽ വ്യക്തത കിട്ടില്ല എന്ന അവസ്ഥയിലാണു പൊലീസ്.
സ്കൂളിൽ നിന്നു രേഷ്മ സാധാരണ ദിവസങ്ങളിൽ വീട്ടിലേക്കു മടങ്ങുന്നത് അമ്മയോടൊപ്പമായിരുന്നു. വാടക വീടുള്ള പവർഹൗസിൽ നിന്നു കുഞ്ചിത്തണ്ണി വരെ നടന്നും തുടർന്നു ബസിലുമാണു രേഷ്മ ബൈസൺവാലിയിലെ സ്കൂളിൽ പോയിരുന്നത്. പവർഹൗസിനടുത്തുള്ള സ്വകാര്യ റിസോർട്ടിലാണു രേഷ്മയുടെ അമ്മ ജെസി ജോലി ചെയ്യുന്നത്.
സ്കൂളിൽ നിന്നു വരുന്ന വഴി ജെസിയോടൊപ്പമാണു വീട്ടിലേക്കു നടന്നു പോകാറുള്ളത്. വെള്ളിയാഴ്ച വൈകിട്ട് 5 വരെ ജെസി രേഷ്മ വരുന്നതും കാത്തു നിന്നു. തുടർന്നു തനിയെയാണു വീട്ടിലേക്കു പോയത്. ഉടനെ തന്നെ വെള്ളത്തൂവൽ പൊലീസിൽ വിവരമറിയിച്ചു. സ്കൂളിൽ നിന്നു വൈകിട്ട് പതിവുപോലെ മടങ്ങിയെന്നാണു ക്ലാസിലെ സഹപാഠികളുടെ മൊഴി.
രേഷ്മയുടെ വീട്ടിൽ വരാറുള്ള ബന്ധുവാണ് അരുൺ എന്നു രേഷ്മയുടെ പിതാവ് രാജേഷ് പറയുന്നു. കുടുംബത്തിൽ എല്ലാവരോടും ഏറെ സ്നേഹത്തോടെയാണ് അരുൺ പെരുമാറിയിരുന്നതെന്നും സംശയകരമായി ഒന്നും തോന്നിയിട്ടില്ലെന്നും രാജേഷ് പറഞ്ഞു. 18 വർഷം മുൻപു കോതമംഗലം വടാട്ടുപാറയിൽ നിന്നു പള്ളിവാസൽ പവർഹൗസിലെത്തിയ രാജേഷ് കൂലിപ്പണി ചെയ്യുന്നയാളാണ്.
സംശയത്തെ തുടർന്ന് ഭർത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഫെബ്രുവരി 13ന് രാത്രിയാണ് സലീനയെ ഭർത്താവ് മേപ്പയൂർ സ്വദേശി പത്താംകാവുങ്ങൽ കെവി അഷ്റഫ്(38) വിളിച്ചുവരുത്തി കൊലപ്പെടുത്താൻ നോക്കിയത് . അഷ്റഫിനെ സംഭവദിവസം തന്നെ കസബ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിലെ മുറിയിൽ രാത്രി 10.45 ഓടെ അഷ്റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. ഇതോടെ സലീന സ്വയം കഴുത്തിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് അഷ്റഫ് പറഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സലീന ഒറ്റക്കാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. ബോധരഹിതയാവുന്നതിനുമുമ്പ് ഭർത്താവാണ് തന്റെ കഴുത്തിൽ കത്തിയുപയോഗിച്ച് പരിക്കേൽപ്പിച്ചതെന്ന് ഇവർ ആശുപത്രിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു.
സലീനയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ ഇവരുടെ കൂടെ ഒന്നരവയസ്സുളള മകൾ അഫ്രിനും കൂടെയുണ്ടായിരുന്നു. മെഡിക്കൽ കോളജ് വെന്റിലേറ്ററിലായിരുന്ന സലീന ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുൻ പ്രവാസികൂടിയായ ഭർത്താവ് അഷ്റഫ്, എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റൽ നടത്തുന്ന സലീനയെ സംശയത്തെ തുടർന്നാണ് ലാഡ്ജിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കൊലപാതക ശ്രമത്തിൽ അറസ്റ്റിലായ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കസബ പോലീസ് പറഞ്ഞു.
തമിഴ് നടനും മലയാളിമായ ആര്യയ്ക്ക് എതിരെ തട്ടിപ്പ് ആരോപണങ്ങളുമായി ജർമൻ പൗരയായ യുവതി രംഗത്ത്. ആര്യ വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ പണം തട്ടി എന്നാണ് വിദ്ജ നവരത്നരാജ എന്ന യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്.
ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുൻപും പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് ആര്യയുമായി സൗഹൃദത്തിലായി എന്നാണ് യുവതി പറയുന്നത്. ചെന്നൈയിലെ ചില സുഹൃത്തുക്കൾ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടർന്ന് കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നൽകിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു.
പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആര്യയും അമ്മയും തന്നെ ഭീഷണിപ്പെടുത്തി. തുടർന്നാണ് ആര്യ താനെന്ന ചതിക്കുകയാണെന്ന് മനസിലായത്. ഇത്തരത്തിൽ മറ്റുപലരെയും ആര്യ വഞ്ചിച്ചിട്ടുള്ളതായും യുവതി കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ ആര്യയിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.