Kerala

കൊടുവള്ളിയിൽ സ്വതന്ത്രൻ കാരാട്ട് ഫൈസൽ ജയിച്ചു. സ്വർണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ എൽഎഡിഎഫ് അഭ്യർഥന നിരസിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത് ഇറങ്ങിയത്. ഇവിടെ ഇടത് സ്ഥാനാര്‍ഥി ഉള്‍വലിഞ്ഞതായി ആക്ഷേപവും ഉയര്‍ന്നിരുന്നു. യുഡിഎഫിലെ കെകെ ഖാദറാണ് രണ്ടാമത്. ഒ.പി.റഷീദെന്ന ഇടത് സ്ഥാനാര്‍ഥി പിന്നിലുമായി. കൊടുവള്ളി നഗരസഭ പക്ഷേ യുഡിഎഫ് ഭരിക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന കുതിപ്പുമായി ബിജെപി. 2015 ലെ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തി. പന്തളം നഗരസഭ ഭരണം ബിജെപി പിടിച്ചു. ആകെയുള്ള 33 സീറ്റിൽ 17 ഇടത്ത് ബിജെപി ജയിച്ചു. എൽഡിഎഫിനെ പുറത്താക്കി നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തു. ശബരിമല യുവതീപ്രവേശം അടക്കമുള്ള വിഷയങ്ങൾ ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു.

ആറ്റിങ്ങലിലും വർക്കലയിലും യുഡിഎഫിനെ പിന്നിലാക്കി എൻഡിഎ രണ്ടാം സ്ഥാനത്ത്. അതിശയകരമായ നേട്ടമാണിത്. വർക്കലയിൽ എൽഡിഎഫ് 12 സീറ്റുകളുമായി ലീഡ് ചെയ്യുമ്പോൾ എൻഡിഎ 11സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. ഷൊർണൂരിൽ എൽഡിഎഫ് ഒൻപത് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്ത്.

ഉള്ള്യേരി പഞ്ചായത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരൻ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാർഥി കെ. ഭാസ്‌കരന്‍ ആണ് പരാജയപ്പെട്ടത്.എല്‍ഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വോട്ടിന് ഇവിടെ ജയിച്ചു. 441 വോട്ടാണ് അസ്സയിനാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷെമീർ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.

അതേസമയം, കെ.സുരേന്ദ്രന്റെ സ്വന്തം വാർഡിൽ ബിജെപി സ്ഥാനാർഥി ജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് വിജയിച്ചത്. അമ്പത്തിയെട്ടു വോട്ടിനാണ് ജയം. ഇടതു ആധിപത്യമുള്ള അത്തോളിയില്‍ ഇത് ആദ്യമായാണ് ബിജെപി വിജയം നേടുന്നത്.

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി. നഗരസഭ 30 ഡിവിഷനില്‍ മത്സരിച്ച വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷ് തോറ്റു. 140 വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥി പി വത്സലയോടാണ് ലത തോറ്റത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി.

ദേശീയപാത ബൈപ്പാസിനായി കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തു വന്ന് ശ്രദ്ധേയരായ വയല്‍ക്കിളികള്‍, മാറ്റത്തിനായി വോട്ടു ചോദിച്ചാണ് ഇത്തവണ മത്സര രംഗത്തിറങ്ങിയത്. കീഴാറ്റൂരില്‍ സമരത്തിന് നേതൃത്വം നല്‍കിയ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ കൂടിയായ ലത സുരേഷ് സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു.

കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചത്. ഇവിടെ ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നില്ല.

തൊടുപുഴ നഗരസഭയില്‍ പി.െജ.ജോസഫിന് തിരിച്ചടി. ജോസഫ് വിഭാഗം മല്‍സരിച്ച ഏഴില്‍ അഞ്ചു സീറ്റിലും തോറ്റു. ജോസ് വിഭാഗം നാലില്‍ രണ്ടു സീറ്റില്‍ ജയിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ല – UDF 13, LDF 12, BJP 8, UDF വിമതര്‍ 2. യുഡിഎഫിന്റെ സിറ്റിങ് ഉൾപ്പെടെ പിടിച്ചെടുത്തു. കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫിനു വമ്പന്‍ ജയം; കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിനു തിരിച്ചടി. മല്‍സരിച്ച പതിമൂന്നില്‍ ജയം രണ്ടിടത്തുമാത്രം.

തിരൂര്‍ നഗരസഭ യു.ഡി.എഫ്. തിരിച്ചുപിടിച്ചു; UDF 19, LDF 16, IND 2, BJP 1. അതേസമയം, യുഡിഎഫ് മൂന്നു ജില്ലകളില്‍ മുന്നിലാണ്. എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മുന്‍തൂക്കം യുഡിഎഫിന്. മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ സഖ്യത്തിന് നേട്ടം. മുക്കം നഗരസഭയില്‍ ത്രിശങ്കുവാണ്. ലീഗ് വിമതന്റെ നിലപാട് നിര്‍ണായകമാകും. ഒഞ്ചിയത്ത് ആര്‍എംപിക്ക് തിരിച്ചടി. പ്രസിഡന്റിന്റെ ഉള്‍പ്പെടെ വാര്‍ഡില്‍ LDF ജയം.

കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 28 സീറ്റും നേടി.അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് കോഴിക്കോട്ട് തോറ്റു‌. കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ ജയിച്ചു.

പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് യുഡിഎഫിന് ജയം.355 വോട്ടിന് യുഡിഎഫിലെ ആർ.രതീഷാണ് വിജയിച്ചത്. ഈ വാർഡ് എൽഡിഎഫിൽ നിന്നു പിടിച്ചെടുക്കുകയായിരുന്നു.

കാസര്‍കോട് നഗരസഭയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും അതിദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. ജില്ലയില്‍ യുഡിഎഫിന്റെ പ്രധാന പ്രചാരണവിഷയവും ഇരട്ടക്കൊലപാതകം തന്നെയായിരുന്നു. ഏതു വിധേെനയും വാര്‍ഡ് നിലനിര്‍ത്താനുള്ള എല്‍ഡിഎഫിന്റെ ശ്രമങ്ങള്‍ക്കാണു തിരിച്ചടി ഏറ്റിരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം പ്രവര്‍ത്തകരാണു പ്രധാന പ്രതികള്‍. ഈ കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വരെ പോയെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം കല്യോട്ട് എത്തിയ സിബിഐ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം പുനരാവിഷ്‌കരിച്ചിരുന്നു. എസ്.പി. നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ബിജെപിയുടെ തൃശൂരിലെ മേയർ സ്ഥാനാർത്ഥി അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. പലയിടങ്ങളിലും ബിജെപിക്ക് മുന്നേറ്റമുണ്ടെങ്കിലും പ്രമുഖ നേതാവിന്റെ തോൽവി ബിജെപിക്ക് ആഘാതമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഇവിടെ ജയിച്ചത്. നിലവിൽ പുറത്തുവരുന്ന കണക്കനുസരിച്ച് തൃശൂർ കോർപ്പറേഷനിൽ യുഡിഎഫിന് തന്നെയാണ് ആധിപത്യം. തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് – എല്‍ഡിഎഫ് ഇ‍ഞ്ചോടിഞ്ച് പോരാട്ടമാണ്.

വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടതിന് മുന്‍തൂക്കം. കേരള കോണ്‍ഗ്രസ് സഖ്യം പാലാ നഗരസഭയില്‍ ഉള്‍പ്പെടെ നേട്ടമുണ്ടാക്കിയത് എൽഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഭരണത്തുടര്‍ച്ച ഉറപ്പായി.

തിരുവനന്തപുരത്ത് വ്യക്തമായ മുന്‍തൂക്കം. ഇവിടെ യുഡിഎഫിന് വൻ തിരിച്ചടി. നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി. എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ സഖ്യത്തിന് നേട്ടമുണ്ട്. പക്ഷേ മുക്കം നഗരസഭയില്‍ അധികാരത്തിലെത്താനായില്ല. തളിപ്പറമ്പ്, ശ്രീകണ്ഠപുരം നഗരസഭകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. വിഡിയോ സ്റ്റോറി കാണാം.

അതേസമയം, പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും അക്കൗണ്ട് തുറന്നു. വര്‍ക്കലയില്‍ എല്‍ഡിഎഫ്–ബിജെപി ഒപ്പത്തിനൊപ്പമാണ്. കോഴിക്കോട്ട് മേയറുടെ വാര്‍ഡില്‍ ബിജെപിക്കാണ് ജയം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 20 ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും 12 ഇടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.

അമേരിക്കയില്‍നിന്ന് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന തെരഞ്ഞെടുപ്പു വിജയം. ടെക്‌സസിലെ മിസോറി സിറ്റി മേയറായി കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട് ചരിത്ര വിജയം നേടി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്. റോബിന്‍ ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. 537 വോട്ടുകള്‍ക്കാണ് റോബിന്‍ വിജയിച്ചത്. തന്നെ പിന്തുണച്ച എല്ലാവരോടും പ്രത്യേകിച്ച് ഇവിടത്തെ മലയാളി സമൂഹത്തോടു നന്ദി പറയുന്നതായി റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പ്രതികരിച്ചു.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ റോബിന്‍ ഉള്‍പ്പടെ മൂന്നുസ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നുവെങ്കിലും ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ കഴിയാത്തതിനാലാണ് റണ്‍ ഓഫ് വേണ്ടിവന്നത്. മിസോറി സിറ്റി ഭരണഘടന പ്രകാരം വിജയിക്കാന്‍ 51 ശതമാനത്തിനു മുകളില്‍ വോട്ടു ലഭിച്ചിരിക്കണം. ഇതനുസരിച്ചാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പു നടന്നത്.

ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസോറി. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമായിരുന്നു. മലയാളികള്‍ ഒന്നടങ്കം റോബിനെ പിന്തുണച്ചതാണ് അദ്ദേഹത്തിനെ തെരഞ്ഞെടുപ്പു വിജയത്തിലേക്കു നയിച്ചത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുമ്പോള്‍ മിസ്സോറി സിറ്റിയിലെ ജനങ്ങളാകെ പ്രതീക്ഷയിലാണ്.

2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്‍. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍ ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തിരക്കിലായിരുന്നു അദ്ദേഹം.

ഇത്തവണ മേയറായി മത്സരിച്ചതിനെക്കുറിച്ച് റോബിന്‍ ഇലക്കാട്ട് പറയുന്നത് ഇങ്ങനെയാണ്- രണ്ടു പതിറ്റാണ്ടിലേറെ മേയറായിരുന്ന അലന്‍ ഓവന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. അദ്ദേഹത്തെ തോല്‍പ്പിച്ച യോ ലാന്‍ഡാ ഫോര്‍ഡിനെതിരെ സമൂഹത്തില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പും പിന്നെ, അലന്‍ ഓവന്‍ അടക്കമുള്ള സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവുമാണ് തന്നെ ഈ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്.

കോളനി ലെയ്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗവും പ്രസിഡന്റുമായിട്ടാണ് റോബിന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, സിറ്റിയുടെ പാര്‍ക്സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി. അതിനു ശേഷമാണ് സിറ്റി കൗണ്‍സിലിലേക്ക് മൂന്നുവട്ടം മത്സരിച്ചത്. ഇതില്‍ രണ്ടു തവണയും എതിര്‍ സ്ഥാനാര്‍ഥികള്‍ പോലുമില്ലായിരുന്നു.

കൗണ്‍സില്‍മാനെന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടും. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് റോബിന്‍ പറയുന്നു. പൊതുയിടങ്ങളിലെ സുരക്ഷിതത്വവും സാമ്പത്തിക കാര്യങ്ങളിലെ ദീര്‍ഘവീക്ഷണവും ഇന്‍ഫ്രാസ്ട്രക്ചര്‍ പുതുക്കലുമെല്ലാമാണ് തന്റെ ലക്ഷ്യം. ഇതെല്ലാം നടപ്പിലാക്കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍ ഇലക്കാട്ട്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ ടീന ആണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവരാണ് മക്കള്‍.

മയക്കുമരുന്ന് കേസില്‍ തെറ്റിദ്ധരിക്കപ്പെട്ട് ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ അശോകന്‍. ജീവിതം അവസാനിച്ചു എന്ന് ആലോചിച്ച് കരഞ്ഞ നാളുകളെ കുറിച്ചാണ് അശോകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നും താന്‍ ഏറെ നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു സംഭവമാണിത് എന്നാണ് അശോകന്‍ പറയുന്നത്.

അശോകന്റെ വാക്കുകള്‍:

1988-ല്‍ ആണ് ഈ സംഭവം. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. അപ്പോള്‍ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു.

ഞങ്ങള്‍ വല്ലാതെ ഭയന്നു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. മുറിയിലെ കാര്‍പ്പറ്റ് പൊക്കി നോക്കിയും ബെഡൊക്കെ കത്തി കൊണ്ടി കീറി നോക്കിയും ബാത്ത്‌റൂം, ബാഗ്, അലമാര എല്ലാം വിശദമായി തിരഞ്ഞു. ഒരു മണിക്കൂറിന് ശേഷം അവര്‍ ഞങ്ങളെ ഖത്തറിലെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി. അപ്പോഴാണ് അവര്‍ സിഐഡികളാണെന്ന് മനസ്സിലായത്.

അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കി, പരസ്പരം എന്തൊക്കേയോ അറബിയില്‍ പറയുന്നത് കേട്ടു. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖത്ത് ഒരുപാട് അടി കിട്ടി വല്ലാതെ ചുവന്നിരിക്കുന്നു. അതിന് ശേഷം ഞങ്ങളെ ജയിലില്‍ കൊണ്ടുപോയി രണ്ട് സെല്ലിലിട്ട് പൂട്ടി. ഇത് സ്വപ്‌നമാണോ എന്നൊക്കെ ചിന്തിച്ചു പോയി.

എനിക്കൊപ്പം രണ്ട് പാകിസ്ഥാനി തടവുകാരാണ് ഉണ്ടായിരുന്നത്. ഞാന്‍ കരയുകയാണ് അവര്‍ സമാധാനിപ്പിച്ചു. ഇനി ജീവിതത്തില്‍ ഇവിടെ നിന്നും ഇറങ്ങാന്‍ പറ്റില്ലെന്ന് തോന്നി. സെല്ലില്‍ കിടന്ന് കരയുക എന്നല്ലാതെ വേറൊന്നും ചെയ്യാനുണ്ടായില്ല. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കരഞ്ഞു. പിറ്റേന്ന് രാവിലെ ആയപ്പോള്‍ മുമ്പ് മലയാളികള്‍ മുമ്പ് കിടന്നിരുന്ന സെല്ലിലാണ് താന്‍ കിടന്നത് എന്ന് മനസ്സിലായി.

ഇതോടെ ഞാന്‍ അമ്മയെ കുറിച്ചോര്‍ത്തു. ഇനി ഇറങ്ങാന്‍ സാധിക്കില്ലെന്ന് വിചാരിച്ചു. 10 മണി ആയപ്പോ ഞങ്ങളുടെ സ്‌പോണ്‍സര്‍ എത്തി. കുഴപ്പമില്ലെന്ന് പറഞ്ഞു. അവിടെയുള്ള പൊലീസുകാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനെയും കമല്‍ഹാസനെയും മാത്രമേ അറിയുകയുള്ളുവായിരുന്നു. യൂ അമിതാഭ് ബച്ചന്‍ ഫ്രണ്ട് എന്നൊരാള്‍ വന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ സിനിമ മാത്രമേ കണ്ടിട്ടുള്ളു. എങ്കിലും യെസ് എന്ന് പറഞ്ഞു.

പിന്നീട് മറ്റൊരു അറബി എത്തി യൂ കമല്‍ഹാസന്‍ ഫ്രണ്ട് എന്ന ചോദിച്ചു അതിനും യെസ് എന്ന് പറഞ്ഞു. പതിനൊന്നര മണിയായപ്പോള്‍ ഒരു അറബി വന്ന് എന്നെ കൂട്ടികൊണ്ടു പോയി. അപ്പോഴാണ് കാര്യം മനസ്സിലായത്. ഡ്രഗ് അഡിക്ട് ആയി ഞാന്‍ അഭിനയിച്ച സിനിമയിലെ സ്റ്റില്‍സ് കട്ട് ചെയ്ത് ആരോ അയച്ച് പാര വെച്ചതാണ്. സിനിമ കാരണം ജയിലില്‍ കൊണ്ടിട്ടു.

ജയിലില്‍ നിന്നും റിലീസാകാന്‍ കാരണം മറ്റൊരു സിനിമയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കിയ അനന്തരം. സിനിമയെ കുറിച്ച് ഗള്‍ഫിലെ ഒരു പത്രത്തില്‍ ഉണ്ടായിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന പത്രവാര്‍ത്ത. അതില്‍ സിനിമയെ കുറിച്ചും എന്നെ കുറിച്ചും വിശദീകരിച്ച് എഴുതിയിട്ടുണ്ട്. സ്‌പോണ്‍സര്‍ അത് പൊലീസുകാര്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകടമരണത്തിനു കാരണമായ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ലോറിയേയും ഡ്രൈവറേയും ഈഞ്ചക്കലില്‍ നിന്നാണ് ഫോര്‍ട്ട് എ.സി പ്രതാപന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്ററഡിയിലെടുത്തത്.

വെള്ളായണിയിലേക്ക് എം.സാന്‍റ് കയറ്റിപ്പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ജോയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് പൊലീസിനു നല്‍കിയമൊഴി. ഇയാളെകുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നു ഫോര്‍ട്ട് എ.സി പറ‍ഞ്ഞു

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. അതേസമയം സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മരണം ഗൗരവമായി പരിശോധിക്കുമെന്നായിരുന്നു മന്ത്രി.

RECENT POSTS
Copyright © . All rights reserved