നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളി. അങ്കമാലി-എറണാകുളം റയിൽവേ ട്രാക്കിലാണ് മൃതദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയത്. ഒഡീഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒഡീഷ സ്വദേശികളായ അഷിഷ് ബോയി, ചെങ്കാല സുമൻ എന്നിവരാണ് പിടിയിലായത്. റയിൽവേ ട്രാക്കിന് അര കിലോമീറ്റർ ദൂരെ പ്രവർത്തിക്കുന്ന ഹാർഡ്ബോർഡ് പെട്ടി കമ്പനിയിലെ ജോലിക്കാരാണ് മൂന്നുപേരും. ഇന്നലെ രാത്രി ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൽപ്പിടുത്തം നടന്നതിൻ്റെ തെളിവുകളും പരിസരത്ത് രക്തക്കറയും കണ്ടെത്തി.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ബിജെപി. നേമത്ത് ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുന്നത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലൂടെയാണ്. ഇത്തവണയും നേമം നിലനിർത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
രാജഗോപാലിന് 91 വയസ്സായി. ഒരു തിരഞ്ഞെടുപ്പിൽ കൂടി രാജഗോപാലിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ഒരുക്കമല്ല. അതുകൊണ്ടാണ് രാജഗോപാലിന് പകരക്കാരനെ തേടുന്നത്. കുമ്മനം രാജശേഖരൻ നേമത്ത് മത്സരിക്കണമെന്നാണ് പാർട്ടിയിലെ താൽപര്യം. മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിനു പാർട്ടി നിർദേശം നൽകി. നേമം മണ്ഡലത്തിൽ കുമ്മനം വീട് വാടകയ്‌ക്കെടുത്തതായാണ് റിപ്പോർട്ട്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാൻ സാധിച്ചിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കില്ല. പകരം, മറ്റൊരു മുതിർന്ന നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനാണ് സാധ്യത.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മത്സരരംഗത്തുണ്ടാകും. സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ആർഎസ്എസ് താൽപര്യം. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ മത്സരിക്കൂ എന്ന നിലപാടാണ് സുരേന്ദ്രന്.
ബി.ഗോപാലകൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനും സാധ്യതയുണ്ട്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കേരള ബിജെപിയിൽ തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായഭിന്നത തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതി മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.
ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ കിടന്ന് ഒരു സംഘടനയുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും സർക്കാർ ബോധിപ്പിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് വിജിലൻസ് കോടതിയിൽ വിവരം അറിയിച്ചത്.
മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റിയിലേക്ക് മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയതായും വിജിലൻസിനു വേണ്ടി സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
വിജിലൻസിന്റെ വിശദീകരണം കേട്ടതോടെ കോടതി പ്രതിക്കെതിരെ തിരിഞ്ഞു. നോമിനേഷൻ നൽകാം എങ്കിൽ ജയിലിൽ പോകാനും തയ്യാറാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
‘ആരോഗ്യ കാരണം മാത്രം കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ ഉദേശിക്കുന്നതായി കാണുന്നു. നോമിനേഷൻ നൽകുന്നന്നത് ജയിലിൽ പോയിട്ടും ആകാം,’ കോടതി വ്യക്തമാക്കി.
മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് ബോധിപ്പിച്ചു. ആശുപത്രിയിൽ നിന്നാണ് നോമിനേഷനിൽ ഒപ്പിട്ടത്. വിദഗ്‌ധ ഡോക്ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണം. കീഴ് കോടതിയിൽ ജാമ്യപേക്ഷ സമർപിച്ചിട്ടില്ല.ഒപ്പിടാനുള്ള പെർമിഷൻ മാത്രമാണ് ചോദിച്ചതെന്നും ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റും എന്ന് തോന്നുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
സർക്കാരിന്റെ സത്യവാങ്‌മൂലത്തിന് മറുപടി നൽകാൻ ഇബ്രാഹിംകുഞ്ഞിനോട് കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ പ്രശസ്തിക്കും പണത്തിനും എല്ലാം നടുവിൽ കഴിയവെ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു റാണി പത്മിനിയുടെ മരണം.
ജ്വലിക്കുന്ന സൗന്ദര്യവും കണ്ണുകളിലെ പ്രണയഭാവവും കൊണ്ട് ആരാധകരെ സമ്പാദിച്ച റാണി പത്മിനിയുടെ ജീവിതം 1986 ഒക്ടോബർ പതിനഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അവസാനിക്കുകയായിരുന്നു. റാണിയെ സ്വന്തം അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാരാണ് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. താരം മരിച്ച വിവരം പോലും അഞ്ചു ദിവസത്തിനു ശേഷമാണ് പുറമലോകമറിഞ്ഞത്.
1981 ൽ കഥയറിയാതെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റാണി പത്മിനി ആശ, ഇനിയെങ്കിലും, ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രശസ്ത്രിയിലേക്ക് ഉയരുകയായിരുന്നു. പതിയെ റാണിയെ മാദകനടിയാക്കി ചലച്ചിത്ര ലോകം അവതരിപ്പിച്ചു. അഭിനയത്തേക്കാൾ ശരീരപ്രദർശനം സംവിധായകർ ആവശ്യപ്പെട്ട് റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ ഇമേജിനെ തകിടം മറിച്ചു.
ഹിന്ദി സിനിമാലോകത്തേക്ക് പോയ റാണി വേണ്ടവിധം ശോഭിക്കാതെ തിരിച്ച് മദ്രാസിലേക്ക് തന്നെ വണ്ടി കയറി. മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസമാക്കിയതാണ് അവരുടെ ജീവൻ പോലും നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
ബംഗ്ലാവിൽ താമസമാരംഭിച്ച റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. ആദ്യം റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്നയാളാണ് എത്തിയത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു. കാർ മോഷണക്കേസിലുൾപ്പടെ ജയിൽ ശിക്ഷ അനുഭവിച്ച ക്രിമിനലാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും താരവും അമ്മയും അറിഞ്ഞിരുന്നില്ല.
ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തിയിരുന്നു. ഒരിക്കൽ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി പുറത്താക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ ജെബരാജ് റാണിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ഈ ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാനും റാണി പത്മിനി നീക്കം നടത്തി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും മൊത്തം വിലയും പണമായി തന്നെ കൈ മാറാമെന്ന് വാക്കു നൽകുകയും ചെയ്തു.
ഈ വിവരമറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തത്. അവസരം പാർത്തിരുന്ന ജെബരാജ് വാച്ച്മാനെയും പാചകക്കാരനെയും ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15ന് ക്രൂരന്മാർ പ്ലാൻ ചെയ്ത ആ ദാരുണ ദിനമെത്തി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്രതികൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മദ്യപിച്ച റാണി എന്തോ ആവശ്യത്തിന് അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി.
അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ അക്രമികൾ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. അതിനുശേഷം അവരെ കുത്തിക്കൊലപ്പെടുത്തുകയും 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു. ഇരുവരും കൊല്ലപ്പെട്ടതു പോലും പുറംലോകമറിഞ്ഞില്ല.
നേരത്തെ പറഞ്ഞുറപ്പിച്ച പോലെ വീട് വാങ്ങുന്ന കാര്യം സംസാരിക്കാൻ റാണി പത്മിനിയെ കാണാനായി ഒക്ടോബർ ഇരുപതാം തീയതി ബ്രോക്കർ പ്രസാദ് ബംഗ്ലാവിലെത്തിയപ്പോഴാണ് താരത്തിന്റെ ദാരുണമരണം ലോകമറിഞ്ഞത്. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാതെ വന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് വീടിനകത്തു നിന്നും വല്ലാത്ത ഒരു ദുർഗന്ധം വമിക്കുന്നതായി പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി. മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെയും ശല്യം കൂടിക്കൂടി വന്നു.
തിരഞ്ഞുപോയ പ്രസാദ് ഒടുവിൽ എത്തിപ്പെട്ടത് ഒരു കുളിമുറിക്ക് മുന്നിലായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്ന രണ്ട് ശവശരീരങ്ങൾ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി. പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെ പോസ്റ്റ്‌മോർട്ടം കുളിമുറിയിൽ വെച്ചുതന്നെയാണ് നടത്തിയത്.
റാണിയുടെ മരണമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങൾ സീറ്റിൽ വയ്ക്കാൻ പോലും ടാക്‌സിഡ്രൈവർ സമ്മതിച്ചില്ല. രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയതുമില്ല. മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒട്ടേറെ പ്രിയപ്പെട്ട സിനിമകളെ ബാക്കിയാക്കി റാണി പത്മിനിയുടെ ജീവിതം ദുരന്തമായി പര്യവസാനിച്ചു.
ഒരുപാട് സ്വപ്‌നങ്ങളുമായി നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി യുവാവിനെ മരണം കവർന്ന ഹൃദയം തകർക്കുന്ന അനുഭവം വിവരിക്കുകയാണ് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. തന്റെ കടിഞ്ഞൂൽ കൺമണിയെ ആദ്യമായി കാണാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു കൊല്ലം അഞ്ചൽ സ്വദേശിയായ റെജി കോശി. എന്നാൽ നിശബ്ദ ഹൃദയാഘാതം റെജിയുടെ ജീവൻ കവരുകയായിരുന്നു.
ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ പരസ്യ കമ്പനിയിൽ ടെക്‌നീഷ്യനായിരുന്നു റെജി കോശി. കുറച്ച് കാലങ്ങളായി അവധി ദിനങ്ങളിൽ തനിക്ക് ആദ്യമായി ജനിച്ച കുഞ്ഞിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിവെക്കുന്ന തിരക്കിലായിരുന്നു റെജി. കുഞ്ഞിനെ കാണാൻ ജനുവരിയിലാണ് നാട്ടിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചത്. എന്നാൽ നിയോഗം റെജിയുടെ ജീവനറ്റ ശരീരമാണ് നാട്ടിലെത്തിച്ചത്. ഒപ്പം ഒരു പെട്ടിയിൽ റെജി തന്റെ കുഞ്ഞുമകനായി വാങ്ങിച്ച് കൂട്ടിയ കളിപ്പാട്ടങ്ങളുടെ പെട്ടിയും.
പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി കഴിഞ്ഞ ദിവസം തനിക്ക് മുന്നിലെത്തിയ യുവാവിന്റെ മരണത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
ദൈവം നിശ്ചയിച്ച സമയത്താണ് മരണം. ആ സമയം, പക്ഷേ, ദൈവം ആർക്കും അറിയിച്ചു കൊടുത്തിട്ടില്ല. ഞാനിപ്പോഴൊന്നും മരിക്കില്ല എന്നാർക്കും പറയാൻ കഴിയില്ല. മരണത്തെ ഭയന്നിട്ട് കാര്യവുമില്ല. അതെപ്പോഴും നമ്മളോടപ്പമുണ്ട്.
ഇന്നലെ വളരെ വേദനയോട് കൂടിയാണ് ഒരു ചെറുപ്പക്കാരന്‍റെ മൃതദേഹം നാട്ടിലേക്ക് അയച്ചത്. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശി റെജി കോശി കഴിഞ്ഞ 13 വര്‍ഷമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട്.സ്വന്തം കുഞ്ഞിനെ പോലും കാണാന്‍ കഴിയാതെ ഈ ലോകത്ത് നിന്നും യാത്രയായി. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പരസ്യ കമ്പനിയില്‍ ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു.ജനുവരിയില്‍ അവധിക്ക് നാട്ടില്‍ പോകുവാന്‍ വേണ്ടിയിരിക്കുകയായിരുന്നു. ആദ്യമായി ജനിച്ച സ്വന്തം കുഞ്ഞിനെ കാണുവാനുളള ആഗ്രഹമായിരുന്നു,റെജിയുടെ മനസ്സ് മുഴുവനും.അവധി ദിവസങ്ങളില്‍ വാവക്ക് വേണ്ടിയുളള കളിപ്പാട്ടങ്ങളും,വസ്ത്രങ്ങളും വാങ്ങി വെക്കുകയായിരുന്നു.റെജിയെ ആദ്യമായി ഗള്‍ഫില്‍ കൊണ്ട് വന്ന സുഹൃത്ത് ബിജു പറയുകയാണ്,മരിക്കുന്നതിന്‍റെ തലേ ദിവസം റെജിയെ വിളിച്ച് തന്നെ ഒന്ന് കാണാന്‍ പോലും കഴിയുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, ജനുവരിയില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങളെയൊക്കെ വന്ന് കാണാം,സ്വന്തം കുഞ്ഞിനെ പോലും കാണാന്‍ കഴിയാത്തതിന്‍റെ പ്രയാസം ബിജുമായി പങ്ക് വെക്കുകയും ചെയ്തു. പിറ്റേദിവസം റെജി ഉണര്‍ന്നില്ല,അവന്‍റെ ആഗ്രഹങ്ങള്‍,സ്വപ്നങ്ങള്‍ എല്ലാം ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായി.എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലേക്ക് റെജിയുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ കൂട്ടുകാരന്‍ ബിജുവിന്‍റെ കെെയ്യിലുളള മറ്റൊരു പെട്ടിയില്‍ മുഴുവനും, താന്‍ ഒരുപാട് കാണാന്‍ കൊതിച്ച,,ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത കുഞ്ഞുമോന് പപ്പയുടെ സ്നേഹസമ്മാനങ്ങളായിരുന്നു. ഭൂമിയിലുള്ള സർവസ്വവും വിട്ടേച്ചു പോവലാണ് മരണം. ഒരു സമ്പാദ്യവും കൂടെ കൊണ്ട് പോകുവാനാവില്ല എന്ന സതൃം തിരിച്ചറിയുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 29 ലെ രാത്രി റൂമില്‍ ഭക്ഷണം ഉണ്ടാക്കിയത് റെജിയായിരുന്നു.റൂമിലുണ്ടായിരുന്ന എല്ലാപേരും കൂടി ചേര്‍ന്ന് ആഹാരം കഴിച്ച്, തമാശയും പറഞ്ഞ് സന്തോഷത്തോടെ ഉറങ്ങാന്‍ കിടക്കുകയായിരുന്നു.സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ കൂടെയുളളവര്‍ നോക്കുമ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുകയായിരുന്നു.Silent Attack ആയിരുന്നു. നല്ലൊരു സുഹൃത്ത്,സ്നേഹം നിറഞ്ഞവന്‍, ഒരാളെയും വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്തവന്‍,ഇതൊക്കെയാണ് റെജിയെ കുറിച്ച് സുഹൃത്തുകള്‍ക്ക് പറയാനുളളത്.
“നാളെ നമ്മള്‍ ജീവിക്കാനും,ജീവിക്കാതെ ഇരിക്കുവാനും സാധ്യതയുണ്ട്,പക്ഷെ ഈ സുന്ദരമായ നിമിഷങ്ങള്‍ നാളെ ഓര്‍മ്മിക്കപ്പെടും.”
അവസാനമായി റെജി Face book ല്‍ പോസ്റ്റ് ചെയ്ത Status ഇതായിരുന്നു. ദെെവം നിശ്ചയിച്ച സമയം വന്നെത്തിയാല്‍ അതിലേക്ക് മനുഷ്യന് മടങ്ങിപ്പോവുകയല്ലാതെ നിവൃത്തിയില്ല.ചെറുപ്പകാരുടെ മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നമ്മുക്ക് പ്രയാസവും ദുഃഖവും ഉണ്ടാകും.എന്നാല്‍ മരണത്തിന് ചെറുപ്പവലിപ്പങ്ങളില്ല,കാലവും സമയവുമില്ല, ഇതാണ് ഒരു യാഥാര്‍ത്ഥ്യം.
പ്രിയപ്പെട്ടവരുടെ വേര്‍പ്പാടിന്‍റെ വേദനയുടെ ആഴം വളരെ വലുതാണ്.ജീവിച്ച് തുടങ്ങയതെയുളളു. ഇനി ഒരുപാട് കാലം,സ്നേഹത്തോടെ ഇണങ്ങിയും, പിണങ്ങിയും ജീവിക്കേണ്ടവള്‍,റെജിയുടെ ഭാര്യ. ജനിച്ചതിന് ശേഷം സ്വന്തം പപ്പായെ കാണാന്‍ കഴിയാത്ത ആ കുഞ്ഞുമോന്‍,എന്ത് പറഞ്ഞാണ് ആ കുടുംബത്തെ ആശ്വസിപ്പിക്കുക എന്നറിയില്ല. പ്രിയതമന്‍റെ വേര്‍പ്പാട് നല്‍കിയ വേദന താങ്ങാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
അതോടപ്പം പരേതന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഈ മാസം 10 മുതൽ 31 വരെ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ബി ഗ്രൂപ്പ്, ഇ ഗ്രൂപ്പ് എന്നിവയിലെ മത്സരങ്ങൾ സ്റ്റാർ നെറ്റ്‌വർക്ക് തത്സമയം സംപ്രേക്ഷണം ചെയ്യും. ടൂർണമെന്റിൽ കേരളം കളിക്കുന്നത് ‘ഇ’ ഗ്രൂപ്പിലാണ്. ഇത് കൊണ്ടു തന്നെ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്. ശ്രീശാന്തിന്റെ തിരിച്ചു വരവ് ടെലിവിഷനിലൂടെ കാണാൻ കഴിയുമെന്നതിനാലും ഇത് ക്രിക്കറ്റ് പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.
കേരളത്തിനൊപ്പം കരുത്തരായ മുംബൈ, ഡെൽഹി, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ ടീമുകളാണ് ഇ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബി യിൽ കളിക്കുന്നത് തമിഴ്നാട്, ജാർഖണ്ഡ്, അസം, ഹൈദരാബാദ്, ഒഡീഷ, ബെംഗാൾ ടീമുകളാണ്. ഒരു ദിവസം രണ്ട് മത്സരങ്ങൾക്കാണ് തത്സമയ സംപ്രേക്ഷണം ഉണ്ടാവുക. അത് കൊണ്ടു തന്നെ കേരളത്തിന്റെ എല്ലാ മത്സരങ്ങൾക്കും സംപ്രേക്ഷണം ഉണ്ടാകാനുള്ള സാധ്യതകളും കുറവാണ്.
കേരളത്തിന്റെ മത്സരങ്ങൾ ഇങ്ങനെ,
ജനുവരി 11 Vs പുതുച്ചേരി
ജനുവരി 13 Vs മുംബൈ
ജനുവരി 15 Vs ഡെൽഹി
ജനുവരി 19 Vs ഹരിയാന.
കൊച്ചി∙ അർധരാത്രിയിൽ ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഭർത്താവിനെ കൂട്ടിക്കൊണ്ടു പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതെ വന്നതോടെ ആശങ്കയിലായെന്ന് ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ വിഫോർ കേരള നേതാവ് നിപുൻ ചെറിയാന്റെ ഭാര്യ ഡോണ നിപുൻ. അർധരാത്രിക്കടുത്ത സമയത്താണ് ഫ്ലാറ്റിൽ പൊലീസ് എത്തിയത്. സംസാരിക്കാനാണ്, താഴേയ്ക്ക് ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാർ കാത്തുനിൽക്കുന്നെന്ന് ഫ്ലാറ്റിലെ ജീവനക്കാരാണ് പറഞ്ഞത്.
കയറി വരാൻ ആവശ്യപ്പെട്ടപ്പോഴാണ് വീട്ടിലെത്തി സ്റ്റേഷനിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. സ്വാഭാവികമായും അറസ്റ്റ് ചെയ്യാൻ വാറന്റോ മറ്റു രേഖകളോ ഉണ്ടോയെന്നു ചോദിച്ചു. ഇല്ല, ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു പൊലീസ് ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. അദ്ദേഹത്തെ കൊണ്ടുപോയി ഒരു മണിക്കൂർ കഴിഞ്ഞ് കാക്കനാട് സ്റ്റേഷനിൽ വിളിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു പറഞ്ഞു. അറസ്റ്റ് വിവരം സ്റ്റേഷനിൽ അറിയില്ലെന്നും പറഞ്ഞു.
ഇൻഫോപാർക്ക് സ്റ്റേഷനിലും ഇതു തന്നെ പറഞ്ഞു. ഇതോടെ മിസിങ് കേസ് ഫയൽ ചെയ്യണോ എന്ന് ചോദിച്ചു. പൊലീസ് വേഷത്തിലുള്ള ആളാണെങ്കിലും ആരാണ് കൊണ്ടു പോയത് എന്നറിയില്ല, അതിനാലാണ് പരാതി തരണോയെന്ന് ചോദിച്ചത്. വേണ്ടെന്ന് പറഞ്ഞ് മരട് സ്റ്റേഷനിലെ നമ്പർ തന്നു. അവിടെ വിളിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലുണ്ടെന്നു പറഞ്ഞത്. പിന്നീടാണ് പനങ്ങാട് സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയതെന്ന് അറിയുന്നതെന്നും ഭാര്യ ഡോണ പറഞ്ഞു.
മൂന്നു പൊലീസ് സ്റ്റേഷനിൽനിന്നുള്ളവർ ഫ്ലാറ്റ് വളഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്യാനെത്തിയതെന്ന് വിഫോർ കേരള സെക്രട്ടറി ഷക്കീർ അലി പറഞ്ഞു. നേരത്തെ പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പാലം തുറന്നു നൽകിയതിൽ വിഫോർ കേരളയ്ക്ക് പങ്കില്ല. നിപുൻ ചെറിയാൻ ഈ സമയം സ്ഥലത്തില്ലെന്നു മാത്രമല്ല, വിഫോർ പ്രവർത്തകർ ആരും പാലം തുറന്നിട്ടില്ല. പാലം തുറന്നു കൊടുത്തത് പൊതു ജനങ്ങളാണ്. പണി പൂർത്തിയായിട്ടും ജനങ്ങളെ കഷ്ടപ്പെടുത്തുന്നതല്ലാതെ അത്യാവശ്യ കാര്യങ്ങൾക്കു പോലും പാലം തുറന്നു നൽകാത്തതിനോട് ജനങ്ങൾക്ക് അമർഷമുണ്ട്. പാലം തുറന്നു നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസില്‍ എന്‍.ഐ.എ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവരുൾപ്പെടെ മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണ പിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് ആറു മാസം തികയുന്നതിനു മുന്‍പാണ് എന്‍.ഐ.എ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത്തഞ്ചോളം പ്രതികളിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന.
കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങൾ കോടതിക്കു മുന്നിലെത്തും.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിന്‍സിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോഴും വിദേശത്താണ്.
കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അണുബാധയാണ് മരണകാരണം എന്ന് റിപ്പോർട്ട് ചെയ്തു.
രണ്ടു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്ന് ഇന്നു രാവിലെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാത്ത അവസ്ഥയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്.
പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാണ് കുഞ്ഞിന്റെ സംസ്‌കാരം
മലയാളികളുടെ പ്രിയ സിനിമാതാരം നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മകൾ ശ്രീലക്ഷ്മി. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്.
പിറന്നാൾ ആശംസകൾ പപ്പാ.. ഞാൻ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ.. ശ്രീലക്ഷ്മി കുറിച്ചു. ജഗതി ശ്രീകുമാർ-കല ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. എന്നും മലയാള സിനിമ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ജഗതിയുടേത്. അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.
ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്. ജഗതിയില്ലാത്ത മലയാള സിനിമ ഓര്‍ക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജഗതിയുടെ ചിരി എന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.
ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്.
View this post on Instagram