തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കൊന്നുകുഴിച്ചിട്ട സംഭവത്തിൽ അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു സംഭവം. വീടിന് പിന്നിൽ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നതും കണ്ടു എന്നാണ് ഗിരിജ പ്രതികരിച്ചത്.
ഇക്കാര്യങ്ങൾ താനാണ് നാട്ടിൽ പറഞ്ഞ് പരത്തിയതെന്ന് കാണിച്ച് അനീഷയുടെ സഹോദരൻ അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഗിരിജ പറയുന്നു. പിന്നാലെ വെള്ളികുളങ്ങര പൊലീസ് തന്നെ വിളിപ്പിച്ചു. താനല്ല പറഞ്ഞതെന്ന് പറഞ്ഞപ്പോൾ പൊലീസ് വിട്ടയച്ചു. ഇനി ഇതുപോലെ ഉണ്ടായാൽ ഫോണിൽ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയൽവാസി ഗിരിജ പറയുന്നു. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തിൽ പറഞ്ഞതെന്നും ഗിരിജ പറയുന്നു. ആദ്യത്തെ കുഞ്ഞിന്‍റെ മരണത്തിലാണ് നിർണായക വിളപ്പെടുത്തൽ. ഗിരിജയുടെ സാക്ഷിമൊഴി റൂറൽ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഗിരിജയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെൺസുഹൃത്തിൽ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്‍റെ വെളിപ്പെടുത്തൽ. യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിയെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാതശിശുക്കളിൽ ഒരു കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നഗരത്തിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. കൊച്ചി കതൃക്കടവ് റോഡിലെ ബാറിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റതായാണ് വിവരം. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം.
ശനിയാഴ്ച രാത്രിയാണ് ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായത്. തൊടുപുഴ സ്വദേശിയായ യുവാവിനെ ഒരു യുവതിയാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. മദ്യക്കുപ്പി കൊണ്ട് യുവാവിന്റെ കഴുത്തിലാണ് കുത്തിയതെന്നും പറയുന്നു. സംഭവത്തില്‍ യുവതിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗികവിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഒട്ടേറെപേരാണ് ബാറിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്നവരെയെല്ലാം പിരിച്ചുവിട്ടു. നിലവില്‍ രംഗം ശാന്തമാണ്. സ്ഥലത്ത് പോലീസ് കാവലുമുണ്ട്.
ഐഎച്ച്ആര്‍ഡി താല്‍കാലിക ഡയറക്ടറായി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ നിയമിച്ചതില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി. വി.എ അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനത്തിലാണോ അരുണ്‍കുമാര്‍ ഈ പദവിയിലെത്തിയതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജഡ്ജിയായിട്ടുള്ള ഡി.കെ സിങ് വ്യക്തമാക്കി. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി സര്‍വകലാശാല വിസിക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അരുണ്‍ കുമാറിന് ആ യോഗ്യത ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 2018 ലെ യുജിസി മാനദണ്ഡപ്രകാരം ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം ഈ പദവിയിലെത്താന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയിരിക്കുന്നതെന്നാണ് കോടതി മനസിലാക്കുന്നത്. ഇക്കാര്യം തീര്‍ത്തും വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരേ കേസുണ്ടായിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. ഈ കേസില്‍ പക്ഷേ അരുണ്‍കുമാറിനെ തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഡാമുകളിലെ ജല നിരപ്പ് ക്രമീകരിക്കുന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവ തുറന്നു.
രാവിലെ 10.15 ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. സെക്കന്റില്‍ 50 ക്യുബിക് വെള്ളമാണ് ആദ്യഘട്ടത്തില്‍ ഒഴുക്കി വിടുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
10.20 ഓടെയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 111.19 അടിയായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു മൂന്ന് ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 110.49 അടിയായി നിലനിര്‍ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്‍.
ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര്‍ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
അതേസമയം ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലും ജല നിരപ്പ് ഉയരുകയാണ്. ഡാമിന്റെ ജലനിരപ്പ് 135 അടിയായി. 136 അടിയായാല്‍ സ്പില്‍ വേയിലുടെ ജലം പെരിയാറിലേക്ക് ഒഴുക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.
കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരൻ മരിച്ചു. തിരുവല്ല കടപ്ര റോണി മാത്യു – റിബി അന്ന ജോൺ ദമ്പതികളുടെ മകൻ റെസിൻ മാത്യു ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
പിതാവ് റോണി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. നെഞ്ചിലേറ്റ ഗുരുതര പരിക്കിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഫേൽ ഇന്ന് പുലർച്ചെ ആറുമണിയോടെ മരിക്കുകയായിരുന്നു. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം തായ്‌ലൻഡിലെ വിനോദ യാത്രയ്ക്ക് ശേഷം കൊച്ചിയിൽ നിന്നും കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് റെസിൻ മാത്യു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: റോഹൻ, റയാൻ.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പാര്‍ട്ടിയില്‍ വിമര്‍ശനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി. രാജീവുമാണ് വിമര്‍ശനമുന്നയിച്ചത്.
വര്‍ഗീയ ശക്തികളുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന തരത്തിലുളള പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നുമാണ് ഇരുവരും നിര്‍ദേശിച്ചത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് നേതൃയോഗത്തില്‍ ധാരണയായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കണക്കുക്കൂട്ടല്‍ പിഴച്ചെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ട് ചോര്‍ച്ചയില്‍ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് തീരുമാനം. എം.വി ഗോവിന്ദന്റെ ആര്‍.എസ്.എസ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അടിയന്തരാവസ്ഥക്കാലത്തെ ആര്‍.എസ്.എസ് ബന്ധത്തെപ്പറ്റി താന്‍ നടത്തിയ പരാമര്‍ശം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ നിലപാട്. ഗുണം ചെയ്യാനോ, ദോഷം ചെയ്യാനോ അല്ല, ചരിത്രം പറഞ്ഞതാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തല്‍ ആവശ്യമെങ്കില്‍ തിരുത്തും. സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. പിണറായിസം എന്നൊന്നില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിസ്ഥാനം ഭദ്രമാണ്. തുടര്‍ ഭരണത്തിനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ഇടത് മുന്നണിക്ക് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
എറണാകുളം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും ജൂണ്‍ 30 വരെ നിരോധിച്ചിട്ടുണ്ട്.
തൃശ്ശൂര്‍: ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അംഗനവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, എല്ലാ കോളേജുകളും (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) അവധിയായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇടുക്കി ജില്ലയിലെ തോപ്രാൻകുടി,മേരിഗിരി, ഉദയഗിരി പ്രദേശങ്ങളിലെ ആദ്യകാല സാമൂഹിക വികസന മുന്നേറ്റങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കാരക്കാട്ട് കുര്യൻ തോമസ് (കുട്ടിച്ചൻ ) 78 നിര്യാതനായി. മേരിഗിരിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ കുട്ടിച്ചൻ ചേട്ടൻ ഇടുക്കി ജില്ലയിലെ ആദ്യകാല സാമൂഹിക വികസനത്തിന് പ്രത്യേകിച്ച് റോഡുകൾ ഉൾപ്പെടെ ഉളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ മുൻകൈയ്യെടുത്ത വ്യക്തിത്വമായിരുന്നു.
മേരിഗിരി മേഖലയിൽ വൈദുതി, ടെലിഫോൺ സൗകര്യങ്ങൾ എത്തിക്കുന്നതിൽ വളരെ അധികം പ്രയത്നിച്ച വക്തിയാണ് വിടവാങ്ങിയത്. പൊതുജനങ്ങളുടെ ഇടയിൽ കുട്ടി സാർ എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന കുട്ടിച്ചൻ കാരക്കാട്ട് ദീർഘകാലം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഒരു മികച്ച സഹകാരി ആയിരുന്ന കുട്ടിച്ചൻ, ഉദയഗിരി സർവീസ് ബാങ്ക് മുൻ ബോർഡ് മെമ്പർ ആണ്.
മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (27/06/2025) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് ഉദയഗിരി സെൻ്റ് മേരീസ് ചർച്ചിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: മേരിക്കുട്ടി പെരുവന്താനം പൗവ്വത്ത് കുടുംബാംഗമാണ് . മക്കൾ: അനീഷ്, അനിത. മരുമക്കൾ: ബോബി ചെൻമരപ്പള്ളി, സിനി പറക്കുളങ്ങര.
കുട്ടിച്ചൻ മുണ്ടക്കയം കരിനിലത്ത് കാരക്കാട്ട് പരേതരായ കെ.കെ. തോമസിൻെറയും ഏലിയാമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: പരേതനായ കെ. ടി ജോസഫ് (പാറത്തോട്), കെ. ടി തോമസ് (കരിനിലം), പരേതനായ ആന്റണി തോമസ് (കരിനിലം), മേരിക്കുട്ടി തോമസ് കരിപ്പാപ്പറമ്പിൽ, മോളി ജോസഫ് കല്ലറയ്ക്കൽ (ആലക്കോട്).
മലയാളം യുകെ ന്യൂസ് ഡയറക്ടർ ബോർഡ് മെമ്പർ ജോജി തോമസ് സഹോദര പുത്രനാണ്.
പരേതൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃശൂർ എംജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ ആണ് യുവാവ് ബസിനടിയിൽപ്പെട്ടത്. ഉദയനഗർ സ്വദേശി വിഷ്‌ണുദത്ത് (22) ആണ് മരിച്ചത്. തൃശൂർ സീതാഖാം ഫാർമസിയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണുദത്ത്.
വിഷ്‌ണുദത്തിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന അമ്മ പത്മിനി (60) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ പിന്നിൽ നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്‌ണുദത്തിനെ രക്ഷിക്കാനായില്ല. ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിഷ്‌ണുദത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ജനരോഷം ശക്തമാവുകയാണ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കൗൺസിലർമാരും ഉൾപ്പെടെ റോഡിലെ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചിട്ടും നടന്നില്ല. ഇവർ മേയർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. കോർപ്പറേഷന്റെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. പൂർണമായും റോഡ് തടഞ്ഞുകൊണ്ടാണ് പ്രതിഷേധം. ഒടുവിൽ ഏറെ പണിപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റിയത്. ബിജെപിയും സംഭവത്തിൽ പ്രതിഷേധവുമായെത്തി.
കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശികളായ മിഥുന്‍ രാജ്, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്നും എല്‍എസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആനിഹാള്‍ റോഡില്‍ നിന്നാണ് യുവാക്കളെ ഡാന്‍സഫ് സംഘം പിടികൂടിയത്. ഗോവയില്‍ നിന്നും എത്തിച്ച 105 എല്‍എസ്ഡി സ്റ്റാമ്പും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്നും കണ്ടെടുത്തു.