മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു.
പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.
1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എകെജി, ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികൾക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാതിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്തും. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. അഞ്ച് സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. അതേസമയം കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക തയാറായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള യുഡിഎഫിന്റെ പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംപിമാരായ ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരാണ് പത്തംഗ സമിതിയിലെ മറ്റംഗങ്ങൾ. യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനുമായി സമിതി തുടര്‍ച്ചയായി യോഗം ചേരണമെന്നും ഇതുമായി ബന്ധപ്പെട്ട എഐസിസി ഉത്തരവിൽ പറയുന്നു. കെപിസിസിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന്റേയും പ്രചരണ തന്ത്രം രൂപീകരിക്കുന്നതിന്റേയും ഉത്തരവാദിത്തം ഈ സമിതിക്കാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ ചാണ്ടി സജീവമാകാതിരുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേരിട്ട തിരിച്ചടിക്ക് കാരണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമാവുകയും പ്രചാരണത്തില്‍ ഇടപെടുകയും വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കേരളത്തിൽ നിന്ന് ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് മുഖ്യ അജണ്ടയെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത ശേഷം മുതിർന്ന നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.
കൊല്ലം ജില്ലയിലെ എഴുകോണിൽ തുടർപഠനത്തിന് സാമ്പത്തികമായ പിന്തുണയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഴുകോൺ പോച്ചംകോണം സ്വദേശി അനഘ(19)യാണ് മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനഘയെ കണ്ടെത്തിയത്. സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ ഇളയ മകളാണ് അനഘ.
ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാൻ പണമില്ലാത്ത മനോവിഷമത്തിലാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രദേശത്തെ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് വിദ്യാർത്ഥിനിടെ മാനസികമായി വിഷമിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ ഈ ആരോപണം കാനറ ബാങ്ക് അധികൃതർ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. തേനിയിലെ ഒരു കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് മാനേജ്‌മെന്റ് കോട്ടയിൽ അനഘ സീറ്റ് നേടിയിരുന്നു. പഠനത്തിനായി വായ്പയ്ക്കായി ശ്രമിച്ചെങ്കിലും കാനറാ ബാങ്ക് അധികൃതർ നിഷേധിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അനഘയുടെ പിതാവ് സുനിൽ പ്രവാസിയായിരുന്നു. ഇദ്ദേഹം രണ്ടു വർഷമായി നാട്ടിലുണ്ട്. അസ്വഭാവിക മരണത്തിന് എഴുകോൺ പോലീസ് കേസെടുത്തു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വ്യാഴാഴ്ച പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും മേജര്‍ ആര്‍ച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ഇന്നു രാവിലെ 11ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സഭ അധ്യക്ഷന്മാര് പ്രതികരിച്ചു. വളരെ സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നു കൂടിക്കാഴ്ച.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഭയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ഭീമ കൊറേഗാവ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ഉള്‍പ്പടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
ഫാ. സ്റ്റാന്‍ സ്വാമിയുടെ മേല്‍ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുന്നു. 83 വയസുകാരനായ വൈദികന്റെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ദിനാള്‍മാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിച്ചു നല്‍കിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും സഭ അധ്യക്ഷന്മാര് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ പ്രധാനമന്ത്രി അനുകൂല നിലപാടാണ് പങ്കുവച്ചതെന്നും അവര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യക്തമാക്കി.
മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്.
രാവിലെ ഒമ്പതരയോടെ മിസോറാം ഹൗസില്‍ എത്തിയ ശേഷമാണ് കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെട്ടത്. ചര്‍ച്ചയ്ക്കായി കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളും സഭാ തലവന്മാര് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും സ്വാഗതാര്‍ഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ക്രൈസ്തവര്‍ക്കു കിട്ടാതെ പോകുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ തലവന്മാര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ക്വീൻ’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യം കൂടിയാണ് സാനിയ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സാനിയ.
താൻ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നുവെന്നും അതിനാൽ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാർത്ത തന്നെ തകർത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി.
സാനിയയുടെ കുറിപ്പിന്റെ പൂർണരൂപം:
2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികൾ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട് .
വെള്ളപ്പൊക്കമാകട്ടെ, പകർച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈൻ അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാൻ പോസിറ്റീവ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകൾ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാൻ തകർന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയിൽ തന്നെയിരുന്നു ദിവസങ്ങൾ എണ്ണുവാൻ തുടങ്ങി.
നെറ്റ്ഫ്ലിക്സിൽ കൂടുതൽ എൻഗേജ്ഡ് ആവാൻ തീരുമാനിച്ചെങ്കിലും സഹിക്കുവാൻ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകൾ തുറക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോൾ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.
ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതൽ ഈ സമയം വരെ ഞാൻ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതൽ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാൻ ഉണരുമെന്നു പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്പോൾ ആർക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങൾ ഒരു മുറിയിൽ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ )
അതിനാൽ, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല !!
Ps – ഞാൻ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി
എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’..നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തി. ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്ന് ധര്‍മ്മജന്‍ പറഞ്ഞു.
പ്രമുഖ മാധ്യമത്തിനോട് ആണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. താന്‍ പാര്‍ട്ടി അനുഭാവിയായതിനാല്‍ ആരോ ഉണ്ടാക്കിയെടുത്തതാണ് ഈ വ്യാജവാര്‍ത്തയെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
ധര്‍മ്മജന്‍ വൈപ്പിനില്‍നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു വാര്‍ത്ത. ഇത് കേട്ട് നിരവധിപ്പേര്‍ തന്നെ വിളിച്ചെന്ന് ധര്‍മ്മജന്‍ പറയുന്നു. ‘പിഷാരടി ഇപ്പോള്‍ വിളിച്ചുചോദിച്ചു കേട്ടതില്‍ വല്ല കയ്യുമുണ്ടോ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’ ധര്‍മ്മജന്‍ പറഞ്ഞു.
താനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നു. വൈപ്പിനിലെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല’ ധര്‍മജന്‍ അറിയിച്ചു.
‘രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ. അവിടുന്ന് കയറിയിട്ടില്ല. സ്‌കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനുമാണ്. പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’. യുഡിഎഫ് സമീപിച്ചാല്‍ നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാമെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു.
‘ഇനിയിപ്പോള്‍ മത്സരിക്കാനാണെങ്കില്‍ തന്നെ ഞാന്‍ കോണ്‍ഗ്രസിലേക്കേ പോകൂവെന്നും എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ മുഴുവന്‍ സമയവും അതിനായ് മാറ്റിവയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. വളരെ കുറച്ച് ആള്‍ക്കാരാണ് എന്റെ ലോകം. അത് അങ്ങനെതന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം. അതിനര്‍ഥം സാമൂഹ്യപ്രതിബദ്ധത ഇല്ലെന്നല്ലെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
ഷെറിൻ പി യോഹന്നാൻ
പുതുമയുള്ള കാഴ്ചകളൊന്നും ചിത്രത്തിലില്ല. നാം എന്നും രാവിലെ മുതൽ രാത്രി വരെ ‘കണ്ട്’ മാത്രം അറിയുന്ന കാഴ്ചകൾ. ആ കാഴ്ചകളെയാണ് വളരെ മനോഹരമായി ജിയോ ബേബി അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെത്തുന്ന പെണ്ണിനെ കാത്തിരുന്നത് അടുക്കളയാണ്; ‘മഹത്തായ ഭാരതീയ അടുക്കള.’ പേരിനുള്ളിലെ ഈ സർക്കാസം ചിത്രത്തിലുടനീളം തെളിഞ്ഞുകാണം. കിടപ്പറയിൽ പോലും തന്റെ ഇഷ്ടം തുറന്നുപറയാൻ പാടുപെടുന്ന നായിക അടുക്കളയിൽ മാത്രമായി തളച്ചിടപ്പെട്ടിരിക്കുകയാണ്.
ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു സ്വാന്തന്ത്ര്യത്തിലേക്ക് അവൾ നടന്നുകയറുന്ന കാഴ്ചകൾ മനോഹരമാണ്. ചിത്രത്തിന്റെ അവസാന പത്തു മിനിറ്റിൽ പ്രേക്ഷകന് ആ സന്തോഷം അനുഭവിക്കാം. പ്രകടനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നിമിഷയുടെതാണ്. ഇമോഷൻസ് എല്ലാം പ്രേക്ഷകനിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ നിമിഷ വിജയിച്ചിട്ടുണ്ട്. സുരാജും അച്ഛനായി അഭിനയിച്ച നടനും സിദ്ധാർഥ് ശിവയും പ്രകടനങ്ങളിൽ മികച്ചുനിൽക്കുന്നു.
ആവർത്തിച്ചു കാണുന്ന അടുക്കള ദൃശ്യങ്ങൾ വിരസമായി തോന്നിയാൽ ആവർത്തനങ്ങളുടെ അടുക്കളയിൽ കുടുങ്ങി പോകുന്ന സ്ത്രീയുടെ വിരസത എത്രത്തോളമാണെന്ന് ഓർത്താൽ മതിയാവും. “വെള്ളം നിനക്ക് തന്നെ എടുത്ത് കുടിച്ചൂടെടാ” എന്ന സംഭാഷണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ മികച്ച രീതിയിൽ ഒരുക്കിയ സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്.
ആർത്തവത്തെ അശുദ്ധിയായി കാണുന്ന, പൊടിപിടിച്ചു പഴകിപോയ ചിന്തകൾ പേറുന്ന കുടുംബത്തിലെ കാഴ്ചകൾ അവസാനിക്കുന്നില്ല.. പല തലമുറകളിലായി തുടരുകയാണ്. കഥാപാത്രങ്ങളുടെ പേരുകൾക്ക് ചിത്രത്തിൽ പ്രസക്തിയില്ല. കാരണം ചിത്രത്തിലുള്ളത് നാം ഓരോരുത്തരും ആണ്. കണ്ട് മനസിലാക്കുക…. മനോഹരം
മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ഇതുസംബന്ധിച്ച വക്കീല്‍ നോട്ടീസിനോടാണ് പ്രതികരണം. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. താന്‍ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും റിജില്‍ മാക്കുറ്റി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
‘നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്‍റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്‍റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്.’ അദ്ദേഹം പറഞ്ഞു.
ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്‍റെ നാവിന്‍റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്‍റെ രാഷ്ട്രീയം. അതാണ് എന്‍റെ നിലപാട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.