കുട്ടനെല്ലൂർ (തൃശൂർ) ∙ ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റു മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒപ്പം താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണു ക്ലിനിക്കിൽ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കെയാണു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു.
പഠന ശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവുമായി സോന അകന്നു. തുടർന്ന് വിദേശത്ത് ഉൾപ്പെടെ സോന ജോലി ചെയ്തെങ്കിലും മഹേഷ് സൗഹൃദം സ്ഥാപിച്ച് നാട്ടിൽ കൊണ്ടുവരികയായിരുന്നു. മഹേഷിന്റെ നിർബന്ധത്തിനാണ് കുട്ടനല്ലൂരിൽ ഡന്റൽ ക്ലിനിക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടു പിടിച്ചതടക്കം സഹായങ്ങൾ ചെയ്തത് മഹേഷായിരുന്നു. തൃശൂർ കുരിയച്ചിറയിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഭാര്യയും ഭർത്താവുമാണ് എന്നാണ് ഇവർ പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലം മുതൽ മഹേഷുമായി സൗഹൃദത്തിലായിരുന്നു സോന. ഒരു കൂട്ടുകാരിയുടെ ബന്ധുവാണ് മഹേഷ് എന്നാണു വിവരം.
ക്ലിനിക് നടത്തിപ്പിന് സൗകര്യം ഒരുക്കിയത് മഹേഷാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന വിവരം സോന വീട്ടിൽ അറിയിച്ചിരുന്നില്ല. എതിർത്താൽ ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും കൂടെ താമസിപ്പിച്ചതും പണം തട്ടിയെടുത്തതുമെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്ലിനിക്കിലെ വരുമാനം മുഴുവൻ കഴിഞ്ഞ ഒരു വർഷമായി മഹേഷ് തട്ടിയെടുക്കുയായിരുന്നു. 2018 -19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു.
ഒരാഴ്ച മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ സോനയെ സുഹൃത്തായ മഹേഷ് കുത്തി പരിക്കേൽപ്പിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സോന മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സോന ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്. ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷുമായി പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികളും മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനുപിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്. തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് സോന പോലീസിൽ പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാർ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
പത്തനാപുരം ∙ പൊടി പറക്കുന്ന, പച്ചമണ്ണിന്റെ ഗന്ധം വിട്ടുമാറാത്ത തറയിൽ, പുൽപ്പായയിൽ ഉറങ്ങാൻ കിടന്ന കുരുന്ന് ഇന്നു ഗ്രാമത്തിന്റെ നോവാണ്. പിതൃസഹോദരിയുടെ മകൾക്കൊപ്പം മുത്തശ്ശിക്കഥകളും ചൊല്ലി ഉറങ്ങിയ 10 വയസ്സുകാരി ആദിത്യ മണ്ണിലലിഞ്ഞു. മാതാപിതാക്കളും രണ്ട് കുരുന്നുകളും ഉൾപ്പെടുന്ന കുടുംബത്തിന് മൺകട്ടയിൽ പൊതിഞ്ഞ ചുമരുകളും ടാർപോളിൻ വിരിച്ച മേൽക്കൂരയും ഒരു സംരക്ഷണവും നൽകുന്നില്ലെന്ന് അറിഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് മുഖം തിരിച്ചതാണ് അധികൃതർ.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് 1990ൽ നിർമിച്ചു നൽകിയ വീട് നല്ലൊരു കാറ്റടിച്ചാൽ നിലംപതിക്കുന്ന അവസ്ഥയിലാണ്. 2 മുറികളുള്ള വീട്ടിൽ നിലത്തു പായ വിരിച്ചാണ് ആദിത്യയും പിതൃസഹോദരീ പുത്രിയും ഉറങ്ങാൻ കിടന്നത്. പതിവില്ലാതെ പുലർച്ചെ എഴുന്നേറ്റ ആദിത്യ, തളർച്ചയിലേക്കു വീണുകൊണ്ടിരുന്നു. തോളെല്ലിലും കഴുത്തിനു പിന്നിലുമായി മുറിവിന്റെ പാടുകൾ കണ്ടെങ്കിലും തടിച്ചതു പോലെ തോന്നിയതിനാൽ ഉറുമ്പോ മറ്റോ ആണെന്നു കരുതി.
ഏഴു മണിയോടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണു പാമ്പു കടിച്ചതാണെന്നു ബോധ്യമാകുന്നത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ആദിത്യ കിടന്ന മുറി പരിശോധിച്ചപ്പോഴാണു ഭിത്തിയോടു ചേർന്ന മാളത്തിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്ന ആദിത്യ കൂട്ടുകാർക്കിടയിലെ താരമായിരുന്നു. ഇനി അവൾ കണ്ണീരോർമ. വിവിധ പദ്ധതികളിലായി 2 തവണ വീട് അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാലാണു മുടങ്ങിയത്. നിലവിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട ഇവർക്കു വീട് ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഷെഹല ഷെറിന്നു പാമ്പുകടിയേറ്റതു ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ചായിരുന്നു . അന്ന് ക്ലാസ് റൂമിൽ പാമ്പുകൾക്ക് കയറിക്കൂടാൻ പാകത്തിലുള്ള നിരവധി മാളങ്ങളാണ് കണ്ടെത്തിയത് . സമാന സാഹചര്യത്തിലാണ് ആദിത്യയ്ക്കും പാമ്പുകടിയേറ്റ ത് . അത് സ്വന്തം വീട്ടിൽ നിന്നാണ് എന്ന് മാത്രം
സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. മാതാപിതാക്കളുടെ രേഖാ മൂലമുള്ള അനുമതിയുണ്ടെങ്കില്‍ മാത്രം വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയാല്‍ മതി. ഹാജറിന്റെ കാര്യത്തില്‍ കടുംപിടുത്തമുണ്ടാകില്ല. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുവാദം നല്‍കും. ഈ മാസം 15 മുതല്‍ ഘട്ടംഘട്ടമായി സ്കൂള്‍ തുറക്കാനാണ് മാര്‍ഗരേഖ. സ്കൂളില്‍ അണുനശീകരണം നടത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍. സ്കൂളിലുള്ള മുഴുവന്‍ സമയവും വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്ക് ധരിക്കണം. സ്കൂളില്‍ പരിപാടികളും ചടങ്ങുകളും അനുവദിക്കില്ല. അടിയന്തരസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കര്‍മസമിതികള്‍ രൂപീകരിക്കണം. തിരക്കൊഴിവാക്കാന്‍ കഴിയുംവിധം പിരീഡുകളും പരീക്ഷകളും ക്രമീകരിക്കണം. പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുന്‍പ് ലഭ്യമാക്കണം. സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യം അനുസരിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസും രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസ് എന്നീ നിലകളില്‍ പ്രശസ്തയായ ജ. കെ.കെ. ഉഷ (81) അന്തരിച്ചു. 2000-2001 സമയത്തായിരുന്നു ജ. കെ കെ ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. ഇതിന് മുന്‍പ് ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1961-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന്‍ 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി.
1939 ജൂലൈ മൂന്നിന് തൃശൂരിലായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരന്‍ ആണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധയേയരായിരുന്നു ഇരുവരും. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).
ജസ്റ്റിസ് കെ കെ ഉഷ യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ കെ ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു.
സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിലുള്ളയാളായതു കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന്ഉത്തരവില്‍ പറയുന്നുണ്ട്.
ഇരിട്ടിക്കു സമീപം ഉളിക്കല്‍ നുച്യാട് കോടാറമ്പ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെയും സഹോദരപുത്രന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച യുവതിയുടെ മകനെ കണ്ടെത്താനായില്ല. ഉളിക്കല്‍ പഞ്ചായത്തിലെ നുച്ച്യാട് വാര്‍ഡ് മെംബര്‍ കബീറിന്റെ സഹോദരി പള്ളിപ്പാത്ത് താഹിറ(32), സഹോദര പുത്രന് ബാസിത്ത്(13) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഹിറയുടെ മകന് ഫായിസിനെയാണ് കണ്ടെത്താനുള്ളത്. രാത്രി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും വെളിച്ചക്കുറവും പുഴയിലെ ശക്തമായ നീരൊഴുക്കും കാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരച്ചില്‍ ശനിയാഴ്ച രാവിലെ പുനരാരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടിനെ നടുക്കിയ അപകടം. കോടാറമ്പ് പുഴയോട് ചേര്‍ന്ന് താമസിക്കുന്ന താഹിറയും കുടുബവും അലക്കാനും കുളിക്കാനും മറ്റും ഈ പുഴയിലാണു പോവാറുള്ളത്.
വെള്ളിയാഴ്ച താഹിറയോടൊപ്പം എത്തിയ കുട്ടികള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താഹിറയും പുഴയില്‍ അകപ്പെട്ടതെന്നു കരുതുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികള്‍ താഹിറയെയും ബാസിത്തിനെയും കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടിയില്‍ നിന്നു ഫയര്‍ഫോഴ്സ്, ഉളിക്കല്‍ പോലിസ്, ഇരിട്ടി തഹസില്‍ദാര്‍ ദിവാകരന് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.
വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ ഒരു ഡോക്ടറും സീരിയല്‍ നടനും അടക്കം മൂന്ന് പേര് അറസ്റ്റില്‍. മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന് ജസ്മീര്‍ ഖാന്, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തത്.
വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്ബത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു.
വീട്ടമ്മയുടെ സഹോദരിയുടെ മകനാണ് കേസിലെ ഒന്നാംപ്രതിയും ദന്തഡോക്ടറുമായ സുബു. ഇയാളാണ് മുഖ്യ ആസൂത്രകന്‍. സുബുവിന്റെ ആവശ്യപ്രകാരമാണ് സീരിയല്‍ നടന് ജസ്മീര്‍ ഖാന്റെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ജസീര്‍ ഖാന് സിം കാര്‍ഡ് എടുത്തുനല്കിയതാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം. പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പൊലീസ് നടപടി.
ദന്താശുപത്രിയില്‍വച്ച് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി സോന ജോസ് (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദന്താശുപത്രിയില്‍വച്ച് സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്നറുമായ മഹേഷ് സോനയെ കുത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു മരണം. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു.
അതേസമയം സോനയെ കുത്തിയശേഷം ഒളിവില്‍ പോയ പ്രതി മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സോന കഴിഞ്ഞ രണ്ടു വര്‍ഷമായി മഹേഷിനൊപ്പം ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് മഹേഷിനെതിരേ സോന പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
ഫേസ്ബുക്ക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.സ്ത്രീകളെക്കുറിച്ചു അശ്ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ ചെയ്യുന്ന വിജയ് പി നായരേ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഉള്ള പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ഈ പ്രതികരണവും.സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം
ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേൾക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവർക്ക് ആരാധകർ ഏറി വരുന്നതും.
അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന് ശേഷം കുറേക്കൂടി വ്യക്തമായി..
ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരാണവർ, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കൾ ഉണ്ട്, അവർ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോർട്ട് അറിയിക്കണം, ഞങ്ങൾ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോൺ വെച്ച അവർ നേരെ പോയി ഫേസ്ബുക്കിൽ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വർഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ pro pic പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ്
ഇതെന്ത് തരം സമീപനമാണ്, ഞാൻ പരാതിപ്പെട്ട 2 വ്യക്തികൾ എന്റെ സുഹൃത്തുക്കൾ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവർ. പക്ഷെ ഇവർ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലൂടെ പറയുന്നവർ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?
ഞാൻ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ് ഇട്ടവരെ അവർ block ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്.
എന്നെ ആക്രമിക്കുന്നവർ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വർഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്… എല്ലാത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഞാൻ. ആ എന്നെ ഇങ്ങനെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
നാളെ ഓരോരുത്തർക്കും ഇതരത്തിലൊരു സൈബർ ആക്രമണം വരുമ്പോൾ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ പോരാടിയത്.. അത് മനസിലാക്കാൻ സ്ത്രീകൾക്ക് പോലും സാധിക്കുന്നില്ലെങ്കിൽ……….
ഇത് പറയാൻ വേണ്ടി മാത്രം വന്നതാണ്… ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാൻ ശ്രമിക്കും.
ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്.. ഒരുപാടു പേരുടെ കണ്ണുനീർ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.
സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി.ഇത്തിരി സങ്കടം വന്നു. 30 വർഷത്തെ കള്ളത്തരം ഓർത്ത്.
അതേസമയം വിജയ് പി നായർക്കെതിരെയുള്ള പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറി. അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു.
ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ഗ്ലൈഡര്‍ തകര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ബോര്‍ഡിനെ നിയോഗിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ബിഒടി പാലത്തിന് സമീപത്താണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്.
രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.