Kerala

കുരിശുപള്ളി മാതാവിന്റെ മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന നടന്‍ സുരേഷ് ഗോപിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. കുമളിയില്‍ കാവല്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി പാലായില്‍ എത്തിയത്. ദൈവകൃപയോടെ മുന്നോട്ട് എന്ന് കുറിച്ചുകൊണ്ട് താരം ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കുരിശുപള്ളിയില്‍ തിരി കത്തിച്ച് പ്രാര്‍ഥിച്ചതിന് ശേഷം കീഴ്തടിയൂര്‍ യൂദാ സ്ലീഹാ പള്ളിയിലും സുരേഷ് ഗോപി സന്ദര്‍ശിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്‍പതാമത് ചിത്രമായ ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തതും ഈ പള്ളിമുറ്റത്തുവച്ചായിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.

കോഴിക്കോട് തലയാട് മണിച്ചേരി മലയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മണിച്ചേരിമല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് മരിച്ചത്. 47 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.

പരിക്കേറ്റ റീനയെ തലയാട്, പൂനൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. റോണി സണ്ണി, സോണി സണ്ണി എന്നിവരാണ് മക്കള്‍.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറഖപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം).

മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കുന്നു.

*കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്*

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

*പൊതു നിര്‍ദ്ദേശങ്ങള്‍*

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്തുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേയ്ക്ക് പോകരുത്.

മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി നാലുകാരിയായ രഹ്ന, മക്കളായ ആദിത്യന്‍, (12) അര്‍ജുന്‍ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിലാണ് സംഭവം

രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത സമയത്ത് ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

ഒരു കുട്ടിയെ കണ്ടെത്തുമ്പോള്‍ അനക്കമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതി അംഗവുമായ ടി.കെ. പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് പോലീസ്. തങ്ങള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. എസ്പി ഓഫിസില്‍ ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എംസി കമറുദ്ദീന്‍ പിടിയിലായതോടെ തങ്ങള്‍ ഒളിവില്‍ പോയെന്നു പോലീസ് സ്ഥിരീകരിച്ചു.

കമറുദ്ദീന്‍ ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി 2003 ലാണു ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ശാഖകളിലേക്ക് 749 പേരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു. 2019 നവംബറില്‍ 3 ശാഖകളും പൂട്ടിയതോടെയാണു നിക്ഷേപകര്‍ ആശങ്കയിലായത്. നിക്ഷേപം തിരികേ കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി എത്തിയത്.

തട്ടിപ്പ് കേസില്‍ ഇതുവരെ 117 കേസ് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകര്‍ പോലീസിനെ സമീപിക്കുന്നത് തുടരുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മൊത്തം 77 കേസുകള്‍ അന്വേഷിക്കുന്നുണ്ട്. 13 കോടി രൂപയുടെ തിരിമറിക്കു തെളിവു ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്പി വിവേക് കുമാര്‍ പറഞ്ഞു.

പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്‍റെ മകൻ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാർ സിവിഷനിൽ നിന്ന് മത്സരിക്കും. ഇരുപത് വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായ ഷോൺ യുവജനപക്ഷം സംസ്ഥാന സെക്രട്ടറിയാണ്. മീനച്ചില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്‍റായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ കെ.എസ്.സി. യുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് ജനപക്ഷം സ്ഥാനാർഥിയായ ലിസി സെബാസ്റ്റ്യനാണ് വിജയിച്ചത്.

25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരം കേരളത്തിൽ വലിയ വിവാദമായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് അവാർഡിന് അർഹമായത്. ജയശ്രീ കളത്തിലാണ് മീശ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത്. ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നതാണ്​ ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്റെ ഏർപ്പെടുത്തിയ ഈ പുരസ്കാരം. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. അസമീസ്, ബംഗാളി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിനും പ്രാതിനിധ്യം. 4 കൃതികള്‍ എഴുത്തുകാരുടെ ആദ്യ നോവലുകളാണ്. 2 കൃതികള്‍ വിവര്‍ത്തനങ്ങളും. അവയിലൊന്നാണ് മലയാളത്തില്‍ ഇതിനകം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മീശ.

വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികൾ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും ഉള്ള പെൺകുട്ടികളെ കാണുമ്പോഴേ ഈ കാര്യം അടിവരയിട്ട് ഉറപ്പിക്കാം. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാർ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെൺകുട്ടികളെ മാത്രമാണ് മോഡലിങ്ങിനായി ക്ഷണിക്കുന്നതും.
ഇപ്പോഴിതാ മലയാളികളുടെ സ്ഥിര സൗന്ദര്യ സങ്കൽപ്പങ്ങളെ തച്ചുടച്ചിരിക്കുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവർക്കും താടിയുള്ളവർക്കും എല്ലാം പ്രചോദനം നൽകാൻ വേണ്ടിയാണെന്ന് ഇന്ദുജ പറഞ്ഞു.

വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രനാണ്. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്അ രുവിയുടെ വക്കില്‍ ഇരിക്കുന്നതാണ് ചിത്രം.

139 കിലോ ആയിരുന്നു മുന്‍പ് എന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയില്‍ എത്തി നില്‍ക്കുമ്പോള്‍ തടി എന്റെ സ്വപ്‌നങ്ങള്‍ക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവര്‍ ചിലപ്പോള്‍ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പന്‍ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണെന്ന് ഇന്ദുജ പറഞ്ഞു

https://www.facebook.com/induja.prakash.3/posts/1113205162432593

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന ഉള്‍പ്പെടെ നാലോളം വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എം.എല്‍.എയ്ക്ക് എതിരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാല് കേസുകളിലാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ മൊത്തം 115 കേസുകള്‍ എം.എല്‍.എയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എം.എല്‍.എ നടത്തിയത് ആസൂത്രിത തട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കി. ജ്വല്ലറി ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക വീഴ്ചയാണെന്ന എം.സി കമറുദീന്‍െ്‌റ വാദം നിലനില്‍ക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ആസൂത്രിതമായി നിക്ഷേപകരെ വഞ്ചിക്കുന്നതിന് വേണ്ടി നടന്ന തട്ടിപ്പാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുസ്ലീം ലീഗിന്‍െ്‌റ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ കമറുദീനെതിരെ പരാതിയും മൊഴിയും നല്‍കിയിരുന്നു.

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് തട്ടിപ്പിനിരയായത്. അതുകൊണ്ടുതന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് പണം തിരിച്ചുനല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലീസ് പരാതിയിലേക്ക് എത്തുന്നതിന് മുമ്പാണ് പണം തിരികെ നല്‍കാന്‍ മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ കമറുദീന്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

ഇതിനിടെ കഴിഞ്ഞ മുസ്ലീം ലീഗ് നേതൃത്വം ജ്വല്ലറിയുടെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാനാകില്ലെന്ന് വ്യക്തമായതോടെയാണ് കമറീദിനെ ലീഗ് നേതൃത്വം കൈവിടുന്നത്. ജ്വല്ലറിയുടെ കേരളത്തിലെയും കര്‍ണാടകയിലെ ആസ്തികളില്‍ ഭൂരിഭാഗവും വിറ്റ് പണമാക്കി മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതോടെ കമറുദീന്‍ ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ എന്ന നിലപാടിലേക്ക് മുസ്ലീം ലീഗ് നേതൃത്വം എത്തിയിരുന്നു. നേരത്തെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ലീഗ് നേതൃത്വം കമറുദീന് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ആസ്തികള്‍ ഇതിനകം വിറ്റഴിച്ചതിനാല്‍ ഇനി നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണ്.

നിക്ഷേപകരില്‍ നിന്ന് വാങ്ങിയ പത്ത് കോടി രൂപയ്ക്ക് എം.സി കമറുദീനും പൂക്കോയ തങ്ങളും ബംഗളുരുവില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ ഭൂമി വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങിയത് കമ്പനി രജിസ്റ്ററില്‍ ഇല്ലെന്നും ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം വിറ്റതായും കണ്ടെത്തി. നിക്ഷേപത്തിൻെറ പേരില്‍ 150 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപകൂടി പിടികൂടി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് പണം പിടികൂടിയത്. മെഡിക്കല്‍ കോളേജ് ജീവനക്കാരന്റെതാണ് ഈ കാര്‍.

ഡല്‍ഹിയിലും കേരളത്തിലുമായുള്ള ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ നിന്നും ഇതുവരെ കണക്കില്‍ പെടാത്ത 15 കോടി രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ബിലീവേഴ്സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപറ്റിയ തുക റിയല്‍ എസ്റ്റേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കണക്കുകള്‍ നല്‍കിയതിലും വലിയ പൊരുത്തക്കേടുണ്ട്.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുകയാണ്. കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും പള്ളികളിലും എല്ലാം പരിശോധനകള്‍ തുടരുകയാണ്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്.

കോടികണക്കിനു രൂപയുടെ പണം ഇടപാടുകള്‍ പിടികൂടിയിട്ടുണ്ട്. റെയ്ഡ് നടത്തവേ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്റ്റാഫിന്റെ കാറില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം തിരുവല്ലയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ 70 കോടി രൂപയുമായി കടന്നു കളഞ്ഞതായി വിവരം ഉണ്ട്.

ഇയാള്‍ ഈ പണവുമായി മുങ്ങിയത് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടങ്ങിയ ശേഷമായിരുന്നു. തിരുവല്ലയില്‍ പരിശോധനയ്ക്കിടയില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 50 ലക്ഷം രൂപ പിടിച്ചെടുത്തത്.

ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പോലീസിനോട് ഇടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്.

ബിഷപ്പ് കെപി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.

Copyright © . All rights reserved