Kerala

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ എൻഐഎ സംഘം മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യംചെയ്യൽ നടത്തിയിരുന്നു. ഏതാണ്ട് ഒമ്പത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനോട് ഇന്ന് വീണ്ടും എൻഐഎ ഓഫീസിൽ ഹാജരാകാൻ അന്വേഷണസംഘം നിർദേശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണസംഘത്തിന്റെ മുന്നിൽ ഹാജരായി. ശിവശങ്കർ നേരത്തെ തിരുവനന്തപുരത്ത് വെച്ച് നൽകിയ മൊഴിയും ഇന്നലെ കൊച്ചി ആസ്ഥാനത്ത് വെച്ച് നൽകിയ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടുകൾ വ്യക്തത വരുത്തുകയെന്നതാണ് എൻഐഎയുടെ ലക്ഷ്യം.

എന്നാൽ മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങാനും സാധ്യതയുണ്ട്. പ്രത്യേകം എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് ഇന്നലെ എൻഐഎ സംഘം ചോദിച്ചത്. എന്നാൽ പല ചോദ്യങ്ങൾക്കും വ്യക്തമായ രീതിയിലുള്ള ഉത്തരം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. എൻഐഎയുടെ ദക്ഷിണേന്ത്യൻ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരിയെന്ന നിലയിലാണ് പരിചയമെന്ന് ശിവശങ്കർ പറഞ്ഞു.

സ്വപ്നയുടെ ഭർത്താവ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട് സന്ദർശിച്ചതെന്നും ശിവശങ്കർ എൻഐഎയ്ക്ക് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികൾ ഗൂഢാലോചന നടത്തുന്നതിനായി തിരുവനന്തപുരത്ത് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് ശിവശങ്കർ സഹായിച്ചത് സ്വപ്നയുടെ ഭർത്താവിന്റെ അഭ്യർത്ഥനയെ തുടർന്നാണ്. എന്നാൽ അവരുടെ വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറച്ചു ദിവസത്തേക്ക് മാറി താമസിക്കുന്നതിനുവേണ്ടി ഫ്ലാറ്റ് വേണമെന്നുള്ള ആവശ്യം സ്വപ്നയുടെ ഭർത്താവ് ഉന്നയിചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് റെഡിയാക്കി കൊടുത്തതെന്നും ശിവശങ്കർ മൊഴിയിൽ പറയുന്നു.

കൊറോണ പ്രതിസന്ധിക്കിടെ ഓടിത്തുടങ്ങിയ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല. സ്വകാര്യ ബസുടമകളുടെ സംഘടനകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുവരെ എല്ലാ ബസുകളും ഓടിത്തുടങ്ങിയിരുന്നില്ല. ഓടുന്ന ബസുകളാണെങ്കില്‍ വലിയ നഷ്ടവും നേരിടുന്നുവെന്നാണ് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തി വയ്ക്കാന്‍ കാരണമായി സ്വകാര്യ ബസുടമകള്‍ പറയുന്നത്.

ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനായി ജി ഫോം സമര്‍പ്പിയ്ക്കുമെന്ന് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു.

ഏഴ് വര്‍ഷം മുന്‍പ് പള്ളിക്കത്തോട്ടില്‍ നിന്നും കാണാതായ ദമ്പതിമാരെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പില്‍ ടോം തോമസ് (36), ഭാര്യ റീജ തോമസ് (32) എന്നിവരെയാണ് ഹോം സ്റ്റേ നടത്തിപ്പ് സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു. സാമ്പത്തികബാധ്യത മൂലമാണ് ഇവര്‍ നാടുവിട്ടതെന്നും പോലീസ് വ്യക്തമാക്കി.

അടുത്തയിടെ ദമ്പതിമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആലപ്പുഴയില്‍ ഇവരെ കണ്ട ഒരാള്‍ ഇക്കാര്യം പോലീസിന് നല്‍കി. പിന്നാലെയാണ് ഇവരെ കണ്ടെത്തിയത്. കാണാതായ സംഭവത്തില്‍ കേസുള്ളതിനാല്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പള്ളിക്കത്തോട് ബൈപ്പാസ് റോഡില്‍ ഹോട്ടല്‍ നടത്തിയിരുന്നു. നാടുവിട്ടശേഷം ആദ്യത്തെ 15 ദിവസം ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ശേഷം ആലപ്പുഴയില്‍ പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള നഗരത്തിലെ സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. 25 മുറികളും ചെറിയ ഹട്ടുകളുമുള്ള സ്ഥാപനം വാടകയ്ക്ക് എടുത്ത് നടത്തുന്നതിനൊപ്പം ചെറിയ ഹോട്ടലും ഇവര്‍ നടത്തിയിരുന്നു.

 

പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. ഹർജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്‌ചയ്‌ക്കകം നിലപാടറിയിക്കണം.

മാതാവിന്റെ കരൾ മാറ്റ ശസ്ത്രക്രിയക്ക് സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഫിറോസിനെതിരായ പരാതി. തളിപ്പറമ്പ് സ്വദേശി വർഷയുടെ പരാതിയിലാണ് ചേരാനെല്ലൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. ഹർജി അടുത്ത തിങ്കളാഴ്‌ച കോടതി പരിഗണിക്കും.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ഫിറോസിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയ‌യ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.

വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒൻപത് മണിക്കൂറിലേറെ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തു. ഇന്നു രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ എൻഐഎ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതു രണ്ടാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി.വന്ദന, ബെംഗളൂരുവിൽ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

രാവിലെ നാലരയോടെ അദ്ദേഹം പൂജപ്പുരയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ച ശിവശങ്കർ രാവിലെ 9.30ഓടെയാണ് കൊച്ചിയിൽ എത്തിയത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ.

സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് കഴിഞ്ഞ മൂന്ന് തവണയും ശിവശങ്കറിനെ ചോദ്യം ചെയ്‌തത്. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ഇടപെടൽ​ നടത്തിയിട്ടുണ്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്. ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും സ്വർണക്കടത്തിൽ ശിവശങ്കറിനു യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ കസ്റ്റംസ് പ്രതി ചേർത്തു. പ്രത്യക സാമ്പത്തിക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇരുവരും യഥാക്രമം പതിനേഴും പതിനെട്ടും പ്രതികളാണ്. സ്വർണക്കടത്തിൽ ഇവർക്ക് നിർണായക പങ്കുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി.

കേസിലെ മറ്റൊരു പ്രതിയായ റമീസിന്റെ കസ്റ്റഡി അപേക്ഷ നീട്ടണമെന്ന ആവശ്യം കോടതി നിരസിച്ചു. മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡി നീട്ടി നൽകണമെന്നായിരുന്നു അപേക്ഷയിൽ ആവശ്യപ്പെട്ടത്. റമീസിനെ ഓഗസ്റ്റ് 10 വരെ റിമാൻഡ് ചെയ്തു. സ്വപ്നയുടേയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കാനായി കോടതി മാറ്റി.

സ്വകാര്യമില്ലുകളിൽ നിന്നും സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരക വിഷാംശം ഉള്ളതായി റിപ്പോർട്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്തും റെഡ് ഓക്‌സൈഡ് ചേർത്തും മട്ട അരി (സിഎംആർ) എന്ന വ്യാജേന എത്തിക്കുകയായിരുന്നു എന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള അരി എത്തിച്ചിരിക്കുന്നത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ചില റേഷൻകടകളിലേക്കാണെന്നും റേഷൻ കടക്കാരും കാർഡ് ഉടമകളും വ്യാപകമായി പരാതി ഉയർത്തിയെന്നും റിപ്പോർട്ട് ഉണ്ട്.

എറണാകുളം കാലടിയിലെ മില്ലുകളിൽ നിന്നാണ് കൂടുതൽ അരി എത്തിയതെന്നാണ് വിവരം. ഉപഭോക്താക്കളും റേഷൻ വ്യാപാരികളും നൽകിയ പരാതിയിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അന്വേഷണത്തിന് നിർദേശം നൽകി. 56 സ്വകാര്യമില്ലുകളാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാറുമായി കരാറുള്ളത്. ഇവിടങ്ങളിൽ വലിയ കൊള്ളയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.

100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി തിരികെ സപ്ലൈകോക്ക് നൽകണം. ഒരു ക്വിന്റലിന് 214 രൂപ മില്ലുടമകൾക്ക് നൽകും. എന്നാൽ കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല്, മില്ലുകാർ അരിയാക്കി വൻവിലയ്ക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. പകരം തമിഴ്‌നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ള അരി തവിടുപയോഗിച്ച് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് മട്ടയാക്കി റേഷൻ കടകളിലേക്ക് എത്തിക്കും. ഈ അരി നന്നായി കഴുകിയാൽ ചുവപ്പുനിറം മാറി വെള്ളയാകുന്നതാണ് പതിവ്. അതേസമയം, റേഷൻകട വഴി വിതരണം ചെയ്യുന്നതിനായി എത്തുന്ന മട്ട അരി എറെയും നിറം ചേർത്തവയാണെന്ന് മുമ്പ് വിജിലൻസ് അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തരായവരുടെ എണ്ണം കൂടി. 745 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 19,727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1054. ഇന്ന് 483 പേര്‍ സമ്പര്‍ക്കംവഴി രോഗം നേടിയവരാണ്. ഇതില്‍ 35 പേരുടെ ഉറവിടം അറിയില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്തുനിന്നും
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 91 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം-161
മലപ്പുറം-86
കൊല്ലം-22
പത്തനംതിട്ട-17
ഇടുക്കി-70
എറണാകുളം-15
കോഴിക്കോട്-68
പാലക്കാട്-41
തൃശൂര്‍-40
കണ്ണൂര്‍-38
ആലപ്പുഴ-30
വയനാട്-17
കാസര്‍കോട്-38
കോട്ടയം-59

കഴിഞ്ഞ 24 മണിക്കൂറിനിടെ 18417 സാംപിളുകള്‍ പരിശോധിച്ചു. 1237 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 9611 പേരാണ് കൊറോണ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മന്ത്രിസഭായോഗം. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലേക്ക് പോകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

കോട്ടയം: മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞതിന് ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസ് എടുത്തു. സംഭവത്തില്‍ കൗണ്‍സിലറടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ് കോളജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് തടഞ്ഞത്. മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെയായിരുന്നു നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. പിന്നീട് വന്‍ പോലീസ് സന്നാഹത്തോടെയാണ് സംസ്‌കാരം നടത്തിയത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ നടപടി ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആസൂത്രിതമായി ഉണ്ടായ പ്രശ്‌നമാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് എട്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ ആറുപേരും എഴുപത് വയസ് കഴിഞ്ഞവരാണ്. കോട്ടയം മെഡി.കോളജില്‍ വെള്ളിയാഴ്ച മരിച്ച ഔസേപ്പ് ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് വെള്ളിയാഴ്ച മരിച്ച ഷാഹിദയ്ക്കും രോഗം സ്ഥിരീകരിച്ചു. അര്‍ബുദ രോഗിയായിരുന്നു. ഷാഹിദയുടെ അമ്മ മരിച്ചതും കോവിഡ് ബാധിച്ചാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്, മഞ്ചേരി മെഡി.കോളജില്‍ തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, പരിയാരം മെഡി. കോളജില്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, കോഴിക്കോട് മുക്കം മേലാനിക്കുന്ന് സ്വദേശി മുഹമ്മദ് (62) എന്നിവരും കോവിഡ് ബാധിച്ച് മരിച്ചു.

Copyright © . All rights reserved