തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ ശിക്ഷവിധിക്കുന്നത് പാലക്കാട് ജില്ലാ അഡീഷണൽ കോടതി-ഒന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രണയവിവാഹം നടന്ന് 88-ാം നാൾ തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് (27) കൊല്ലപ്പെട്ട കേസിലെ രണ്ടുപ്രതികളും കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച ജഡ്‌ജി ആർ. വിനായകറാവു കണ്ടെത്തിയിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49) ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47) രണ്ടാംപ്രതിയുമാണ്.
ശനിയാഴ്ച വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും നിലപാടുകൾകൂടി േകൾക്കാൻ കോടതി തീരുമാനിക്കയായിരുന്നു. പ്രതികൾ ചെയ്‌തത് അത്യന്തം ഹീനമായ കുറ്റമാണെന്നും ഇരുവർക്കും പരമാവധിശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാതീയമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന അനീഷിനെ കരുതിക്കൂട്ടി കൊലചെയ്തതാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
പ്രതിഭാഗം ഓൺലൈനായാണ് തങ്ങളുടെവാദം നിരത്തിയത്. കരുതിക്കൂട്ടിയുള്ളതും അപൂർവത്തിൽ അപൂർവവുമായ കൊലപാതകമല്ല നടന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും പ്രതികൾ ഇനി കുറ്റകൃത്യം ചെയ്യാനിടയില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. തുടർന്നാണ് കോടതി വിധിപ്രസ്താവിക്കുന്നത് 28-ലേക്ക് മാറ്റിയത്.
2020 ഡിസംബർ 25-ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിന് സമീപത്തുവെച്ച് അനീഷിനെ സുരേഷും പ്രഭുകുമാറും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതരസമുദായത്തിൽപ്പെട്ട അനീഷ് ഹരിതയെ വിവാഹംകഴിച്ചതിൽ ഹരിതയുടെ വീട്ടുകാർക്കുണ്ടായ നീരസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്.
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും കൂസലില്ലാതെയാണ് പ്രതികളായ സുരേഷും പ്രഭുകുമാറും കോടതിയിൽ വിധികേൾക്കാൻ എത്തിയത്. ശനിയാഴ്ചരാവിലെ പോലീസ്ജീപ്പ് ഒഴിവാക്കി ഓട്ടോറിക്ഷയിലാണ് പോലീസ് പ്രതികളെ കോടതിവളപ്പിൽ എത്തിച്ചത്.
വിധികേൾക്കാനായി അനീഷിന്റെ ഭാര്യ ഹരിത, മാതാപിതാക്കളായ ആറുമുഖൻ, രാധ, സഹോദരങ്ങൾ എന്നിവർ കോടതിയിലെത്തിയിരുന്നു. “അനീഷിനെ കൊലപ്പെടുത്തിയവർക്ക് പരമാവധിശിക്ഷ കൊടുക്കണം” -ഹരിത കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുഴൽമന്ദം പോലീസ്‌സ്റ്റേഷനിൽവെച്ച് 90 ദിവസത്തിനകം അനീഷിനെ കൊലപ്പെടുത്തുമെന്ന ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ഭീഷണിമുഴക്കിയിരുന്നു. ഇതിനുശേഷം 88-ാം ദിവസം അനീഷ് കൊല്ലപ്പെട്ട സംഭവം മാധ്യമങ്ങളോട് വിവരിക്കവേ ഹരിതയും അനീഷിന്റെ അമ്മ രാധയും പൊട്ടിക്കരഞ്ഞു.
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും പിണറായി ചോദിച്ചു. പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരു പോലീസുകാരന്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്? തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്.
പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവേശം? എന്നും പിണറായി ചോദിച്ചു.
ഷെയർട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയിൽനിന്ന് പലതവണയായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ തൃശ്ശൂർ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണംസംഘം അറസ്റ്റുചെയ്തു. മലപ്പുറം ഒളകര കാവുങ്ങൽവീട്ടിൽ കെ. മുഹമ്മദ് ഫൈസൽ (26), വേങ്ങര ചേറൂർ കരുമ്പൻവീട്ടിൽ ഖാദർ ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്. ഒരു വിദ്യാർഥിനിയുടെ അക്കൗണ്ടാണ് ഇവർ തട്ടിപ്പിനുപയോഗിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. സി.ഐ.എൻ.വി. എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിയെ ഫോണിൽ വിളിച്ച് ഷെയർട്രേഡിങ്ങിനെക്കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ളാസെടുത്ത് വിശ്വാസ്യത നേടുകയും ചെയ്തു. അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി 1,24,80,000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.
തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ വിയ്യൂർ സ്വദേശി സിറ്റി സൈബർക്രൈം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പരിചയത്തിലുള്ള വിദ്യാർഥിനിയുടെ അക്കൗണ്ടിലേക്കാണ് പണമയച്ചതെന്ന് കണ്ടെത്തി. വിദ്യാർഥികളുടെ അക്കൗണ്ട് സൈബർത്തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത് നേരത്തേയും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണവും നടത്തിയിരുന്നു.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയപ്രദീപ്, കെ.എസ്. സന്തോഷ്, സുധീപ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജെസി ചെറിയാൻ, സിവിൽ പോലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.
തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ്. ഇതുമായി ബന്ധപ്പെട്ടുവന്ന ആരോപണങ്ങളും വാര്‍ത്തകളുമെല്ലാം അടിസ്ഥാനരഹിതമാണെന്നും താന്‍ മന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഇത്തരം ആരോപണം വരുന്നതെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണവെ തോമസ് കെ. തോമസ് വ്യക്തമാക്കി.
“ആരോപണത്തിനു പിന്നില്‍ ആന്റണി രാജുവാണെന്നും അദ്ദേഹത്തിന് തന്നോട് എന്തിനാണ് വ്യക്തിവൈരാഗ്യമെന്ന് അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ കമ്മിറ്റികൂടി ഐകകണ്ഠ്യേന ഒരു തീരുമാനമെടുത്തു. ആ തീരുമാനം പുറത്തുവന്നപ്പോഴാണ് ഈ ആരോപണം വരുന്നത്. ഇതില്‍ ഗൂഢാലോചനയുണ്ട്.
100 കോടിയെന്നൊക്കെയുള്ള വലിയൊരു കാര്യം നിയമസഭാ ലോബിയിലാണോ ചര്‍ച്ച ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. എംഎല്‍എമാരും അവരുടെ അതിഥികളും സെക്രട്ടറിമാരുമടക്കം പലരും കയറിയിറങ്ങുന്ന നിയമസഭയുടെ ലോബിയില്‍ ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും ചര്‍ച്ച ചെയ്യുമോ”. കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കാനെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ആന്റണി രാജു തോമസ് ചാണ്ടിയേയും ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ആരോപിച്ചു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ തോമസ് കെ. തോമസ് വാഗ്ദാനം ചെയ്‌തെന്നായിരുന്നു അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചിരുന്നു.
ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഒക്ടോബർ 26 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
കൂടാതെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും ഒക്ടോബർ 26 വരെ നിരോധിച്ചു.
ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. 2012ൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒരു കേസ് ആണ് മോഹൻദാസ് വധക്കേസ്. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോമം മണപ്പിച്ചു ബോധംകെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്. പിന്നീട് കൊല്ലപ്പെട്ട മോഹൻദാസിന്റെ ബൈക്ക് ആളില്ലാതെ കണ്ടെയ്നർ റോഡിന്റെ അരികിൽ ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെയ്നർ റോഡിന്റെ സമീപത്തുള്ള കുറ്റികാട്ടിൽ നിന്നുമാണ് മൃതുദേഹം കണ്ടെത്തുന്നത്.
നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അപ്പീൽ പരിഗണിച്ച ഹൈക്കോടതി നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തി. കേസിലെ തെളിവുകളും കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും കുറ്റം ചെയ്തത് പ്രതികൾ തന്നെയാണ് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.പ്രതികൾക്ക് വേണ്ടി അഡ്വ. എം. വിവേക്,അഡ്വ.പി. എ. അയൂബ്ഖാൻ എന്നിവർ ഹാജരായി.
ബിച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍; 24 കാരനായ ബി മഹേന്ദ്രന്‍ നായരെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവര്‍ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രന്‍ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇക്കാര്യം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പെണ്‍കുട്ടി തുറന്നു പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നവീന്‍ ബാബു ചെയ്തത് നിയമപരമായ നടപടികള്‍ മാത്രമാണ്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. ഫയല്‍ വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റാണ്. ആറ് ദിവസം മാത്രമാണ് പ്രസ്തുത ഫയല്‍ നവീന്‍ ബാബുവിന്റെ പക്കലുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ല. പരിശോധനകള്‍ നടത്തിയാണ് നവീന്‍ ബാബു മുന്നോട്ടുപോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ വൈകിപ്പിച്ചു, കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍.
കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് ആരംഭിക്കാന്‍ എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് സ്ഥലം ലീസിനെടുത്ത ടി.വി. പ്രശാന്തന്‍ ആരോപിച്ചിരുന്നു. നവീന്‍ബാബുവിന് കൈക്കൂലി കൊടുത്തെന്ന് പോലീസിനും പ്രശാന്തന്‍ മൊഴി നല്‍കി. സ്വര്‍ണം പണയംവെച്ചാണ് കൈക്കൂലിപ്പണം നല്‍കിയത്, പണയം വെച്ചതിന്റെ രേഖകളും പ്രശാന്തന്‍ ഹാജരാക്കിയിരുന്നു. ആറാംതീയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സിലെത്തി കണ്ടു. അവിടെ വെച്ചാണ് കൈക്കൂലി നല്‍കിയത്. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് പ്രശാന്തന്‍ പോലീസിനെ അറിയിച്ചത്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി വ്യാജമാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഒക്ടോബര്‍ 29ന് വിധി പറയും. നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വന്‍ വാദിച്ചത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയില്‍ നിരത്തിയിരുന്നു.
വൈറ്റിലയിൽ ഒഡിഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റ് വൈകുന്നു. 22 വയസുള്ള യുവതിയെ വീട്ടുടമസ്ഥനായ എഴുപത്തിയഞ്ചുകാരൻ ശിവപ്രസാദ് ശീതളപാനീയത്തിൽ മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് പൊലീസ് കേസ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിലിരുന്ന വ്യക്തിയുടെ അറസ്റ്റ് വൈകുന്നതിലാണ് ചോദ്യങ്ങൾ ഉയരുന്നത്. 22 വയസ്സുള്ള ആദിവാസി യുവതിയും ഒഡീഷയിലെ ഗജപതി ജില്ല സ്വദേശിമാണ് പരാതിക്കാരി. അമ്മ മരിച്ചതേടെ രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സ് മുതൽ വീട്ടു ജോലി ചെയ്ത് വരികയാണ് ഇവർ.
കഴിഞ്ഞ ഒക്ടോബർ 4ന് കൊച്ചിയിലെത്തി. 15,000 രൂപ മാസ ശമ്പളത്തിൽ വൈറ്റിലയിലെ കെ ശിവപ്രസാദിന്റെ വീട്ടിൽ ജോലിക്ക് കയറി. ഇക്കഴിഞ്ഞ 15 ആം തിയതി ചൊവ്വാഴ്ച ആണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ശീതളപാനീയത്തിൽ മദ്യം നൽകിയായിരുന്നു വീട്ടുടമസ്ഥന്റെ അതിക്രമം. ഇക്കാര്യം യുവതി തന്റെ ബന്ധുവിനെ അറിയിച്ചു.
ഇവർ പെരുമ്പാവൂർ ആസ്ഥാനമായി ഇതരസംസ്ഥാനക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സിഎംഐഡി യുമായി ബന്ധപ്പെട്ടു. എൻജിഒ പൊലീസ് സഹായത്തിൽ യുവതിയെ വീട്ടിൽ നിന്നും പുറത്തെത്തിച്ചു. യുവതിയുടെ പരാതിയിൽ ശിവപ്രസാദിനെതിരെ കേസെടുത്ത പൊലീസ് മെഡിക്കൽ പരിശോധനയും രഹസ്യ മൊഴിയും രേഖപ്പെടുത്തി.
എന്നാൽ അറസ്റ്റ് വൈകുകയാണ്. അറസ്റ്റ് വൈകിയതോടെ കഴിഞ്ഞ ദിവസം പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം ജില്ല സെഷൻസ് കോടതിയെ സമീപിച്ചു. യുവതി ഇപ്പോൾ സർക്കാർ സംരക്ഷണകേന്ദ്രത്തിലാണ് താമസം. നടപടികളിൽ വീഴ്ച ഇല്ലെന്നും കുറ്റമറ്റ രീതിയിൽ അന്വേഷണം ഉണ്ടാകുമെന്നും കൊച്ചി പൊലീസ് പ്രതികരിച്ചു.
യാത്രയയപ്പ് യോഗത്തില്‍ അപമാനിതനായെന്ന തോന്നലുണ്ടായി കണ്ണൂര്‍ എ.ഡി.എം. അവസാനിപ്പിച്ചത് ജീവിതയാത്രയായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹത്തിന്റെ ഭാര്യയും നെടുവീര്‍പ്പിട്ടിരുന്നു. എങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നായിപ്പോയേനേ എന്ന് തോന്നിക്കുന്നതരത്തിലാണ് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആദ്യം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പരിസരത്തെത്തിയ അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് ബാഗുമായി വീണ്ടും എത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ ചെലവിട്ട ശേഷമാണ് തിരിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയതും ജീവനൊടുക്കിയതും. ഒരു പക്ഷേ ആ തീവണ്ടി കിട്ടിയിരുന്നെങ്കില്‍….
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുൻപ് നാലരമണിക്കൂർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചെലവഴിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇത് മനസ്സിലായത്. മാനസികനില തകർത്ത യാത്രയയപ്പ് യോഗത്തിനുശേഷം വൈകീട്ട് ആറോടെ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട അദ്ദേഹം 200 മീറ്റർ ദൂരെ മുനീശ്വരൻ കോവിലിന് സമീപം ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കാറിൽനിന്ന് ഇറങ്ങിയിരുന്നു. കോവിൽ പരിസരത്ത് കുറച്ച് സമയം ചെലവഴിച്ചശേഷം 6.45-ഓടെ ഓട്ടോറിക്ഷയിൽ താമസസ്ഥലമായ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പിന്നീട് ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക് ഫോൺ ചെയ്തു. നേരത്തേ ബുക്ക് ചെയ്ത മലബാർ എക്സ്പ്രസിന് നാട്ടിലേക്ക് പോകാനായി 8.35-ഓടെ ക്വാർട്ടേഴ്സ് പൂട്ടിയിറങ്ങി. പള്ളിക്കുന്നിൽനിന്ന് ഓട്ടോറിക്ഷയിൽ നേരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും തീവണ്ടി സ്റ്റേഷൻ വിട്ടിരുന്നു. അതോടെ ബാഗുമായി പ്ലാറ്റ്‌ഫോമിലെ കസേരയിൽ തലചായ്ച്ച് അരമണിക്കൂറോളം ഇരുന്നു. വീണ്ടും ഫോൺ വിളിച്ചു. പിന്നീട് ഇരിപ്പിടത്തിൽ ബാഗ് വെച്ചശേഷം പ്ലാറ്റ്ഫോമിലൂടെ കൂറെദൂരം നടന്നു. അതിനിടയിൽ പാളത്തിൽ ഇറങ്ങുന്നതായും സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.
സ്റ്റേഷനകത്ത് നടക്കുകയും ഇരിക്കുകയും ചെയ്യുന്നതിനിടയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഇടയ്ക്ക് ഫോൺ ചെയ്തു. പിന്നീട് വീണ്ടും സീറ്റിലെത്തിയശേഷം മണിക്കൂറുകളോളം സാമൂഹികമാധ്യമങ്ങളിൽ നോക്കിയിരുന്നു. പുലർച്ചെ ഒന്നോടെ ബാഗുമായി സ്റ്റേഷന് പുറത്തിറങ്ങി. റോഡിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വീണ്ടും പള്ളിക്കുന്നിലെ താമസസ്ഥലത്തേക്ക് പോയി. പുലർച്ചെ 1.30 വരെ ഓൺലൈനിൽ ഉണ്ടായതായി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പുലർച്ചെ നാലിനും ആറിനും ഇടയിലുള്ള സമയത്താണ് ജീവനൊടുക്കിയത്.