Kerala

കോവിഡ് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതി ഒരു മാസം പിന്നിടുമ്പോൾ കേരളത്തിലേക്ക് കുടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ജൂണ്‍ ഒമ്പത് മുതലുള്ള ദിവസങ്ങളിൽ പ്രതിദിനം 12 വിമാനങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നായി കേരളത്തിലെത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വന്ദേ ഭാരത് ദൗത്യത്തിന് പുറത്ത് 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളുമായി നാട്ടിലെത്തും. കണക്കുകൾ പ്രകാരം ജൂൺമാസത്തിൽ പ്രവാസികളുടെ വലിയൊരു സംഘം കേരളത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിൽ കൂടുതല്‍ പേരെ സ്വീകരിക്കാനും ഇവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറെടുക്കുന്നതിനും ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒരു വിമാനത്തിൽ ശരാശരി 170 പേര്‍ എത്തിയാൽ 40,800 പേർ വന്ദേ ഭാരത് ദൗത്യം മുഖേന മാത്രം കേരളത്തിലെത്തും. പുറമെയാണ് വിവിധ കെഎംസിസി ഉൾപ്പെടെ ഒരുക്കുന്ന ചാർട്ടേ‍ഡ് വിമാനങ്ങൾ. 420 വിമാനങ്ങളിൽ ഇത് പ്രകാരം 71,000 ആളുകളും നാട്ടിലെത്തും. അതായത് ജൂൺ മാസത്തിൽ ഒന്നേക്കാൽ ലക്ഷത്തോളം പേർ വിദേശരാജ്യങ്ങളിൽ നിന്ന് മാത്രം നാട്ടിലെത്തും.

ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യത്തിന് പുറത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ 1,79,294 പേരാണ് കേരളത്തിൽ എത്തിയത്. എയര്‍പോര്‍ട്ടുകൾ വഴി 43,901 പേരും കപ്പല്‍ മാര്‍ഗ്ഗം 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും ട്രെയിന്‍ മാർഗ്ഗം 16,540 പേരും സംസ്ഥാനത്ത് ഒരുമാസത്തിനിടെ എത്തിയിട്ടുണ്ട്. ട്രെയിൻ സർവീസുകളും, പൊതുഗതാഗതവും, അന്തർ സംസ്ഥാന യാത്രകളും ഇളവുകൾക്ക് പിന്നാലെ വര്‍ദ്ധിക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണവും കൂടും.

കഴിഞ്ഞ ഒരുമാസം ഉണ്ടായ പ്രവാസികളുടെ മടക്കത്തോടെ കേരളത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണവും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‌ 1029 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഈ കണക്ക് പരിശോധിച്ചാൽ കേരളത്തിലെ രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധന വരുമാസങ്ങളിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടിവരും.

ഈ സാഹചര്യം ഉൾപ്പെടെ കണക്കിലെടുത്താണ് ക്വാറന്റീന്‍, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ, ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകളോടാണ് ചീഫ് സെക്രട്ടറി ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം കൂടന്ന സാഹചര്യത്തിൽ താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുന്നത്. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായാണ് (സി.എഫ്.ടി.സി.) തദ്ദേശസ്ഥാപനങ്ങൾ സജ്ജീകരിക്കുക. രോഗം സ്ഥികരിച്ചവർക്ക് ഐസൊലേഷനുള്ള സൗകര്യവും, നിരീക്ഷണത്തിലുള്ളവർക്ക് വാർഡുമാണ് ഇതിലുണ്ടാവുക. ആവശ്യമെങ്കിൽ 48 മണിക്കൂറിനുള്ളിൽ കേന്ദ്രങ്ങൾ സജ്ജമാക്കാനാണു നിർദേശം. ഹോസ്റ്റലുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ആയുർവേദകേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, മത-സമുദായ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കുക.

കെട്ടിടം സൗജന്യമായിട്ടായിരിക്കും ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുക്കുക. ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് മുറികൾ, നിരീക്ഷണ മുറികൾ, ഫാർമസി, സ്റ്റോർ, ഫ്രണ്ട് ഓഫീസ്, നഴ്‌സിങ് സ്റ്റേഷൻ, സ്റ്റാഫ് റൂം. വാർഡിനുപുറമേ കുളിമുറി, കക്കൂസ് സൗകര്യമുള്ള മുറികൾ എന്നിവയും ഒരുക്കും.

എന്നാൽ, പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യം പ്രതീക്ഷിച്ച വിജയമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ദൗത്യം ഒരുമാസം പിന്നിടുമ്പോൾ. നാല് ലക്ഷം മലയാളികളാണ് നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ നാട്ടിലെത്തിയത് 22,483 പ്രവാസികൾ മാത്രം. ആകെ 133 വിമാനങ്ങളാണ് ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവീസ് നടത്തിയത്. യുഎഇ- 12,929, സൗദി അറേബ്യ 1,500, ഒമാൻ- 3,186, ഖത്തർ- 1,770, ബഹ്റീൻ- 1,456, കുവൈത്ത്- 1,650. അതായത് നാട്ടിലേക്ക് മടങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചവരിൽ 5.6 ശതമാനത്തിന് മാത്രമാണ് ഇതുവരെ കേരളത്തിലെത്താൻ കഴിഞ്ഞത്. സർവീസുകൾ ഈ നിലയിൽ തുടർന്നാൽ ഒരു വർഷം എടുക്കും ഇപ്പോൾ രജിസ്റ്റർ ചെയ്തവർ മാത്രം നാട്ടിലെത്താൻ എന്നാണ് വിവരം.

പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി നേതാവും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിക്ക് എട്ടിന്റെ പണികൊടുത്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്താണ് കേരളാ സൈബര്‍ വാരിയേഴ്‌സ് മറുപടി കൊടുത്തിരിക്കുന്നത്. മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ സംഘടനയാണിത്.

മനേകാ ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്‌നേഹം മുസ്ലീം വിരോധത്തിന്റെ മുഖംമൂടിയാണെന്നും എംപിയും മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും സൈറ്റില്‍ എഴുതിവച്ചിട്ടുണ്ട്. ഇതിനു പുറമെ ആന ചെരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നും ഇതിനു മുമ്പും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നുവെന്നും ഇത്തരത്തില്‍ നാനൂറോളം ജീവികളെയാണ് അവര്‍ കൊന്നൊടുക്കിയതെന്നും മനേകാ ഗാന്ധി ആരോപിച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും വനംവകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നും ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും മനേകാ ഗാന്ധി പറഞ്ഞിരുന്നു.

കഠിനംകുളം പീഡനശ്രമക്കേസിലെ മുഴുവൻ പ്രതികളേയും പിടികൂടി പോലീസ്. മുഖ്യപ്രതികളിലൊരാളും പീഡനത്തിനിരയായ യുവതിയുടെ ഭർത്താവുമായ നൗഫലാണ് പിടിയിലായത്. കേസിലെ ആറ് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫൽ ഒളിവിലായിരുന്നു. നൗഫലിന്റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

അതേസമയം, ഇന്നലെ റിമാന്റ് ചെയ്ത ആറ് പ്രതികളിൽ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമർപ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ട് പോയതെന്നും അവിടെ സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് മദ്യം കഴിപ്പിച്ച ശേഷം തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.

വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത് മോഷണം നടത്തിയത് കാമുകിയെ തേടി പോകാനുള്ള പണത്തിനെന്ന് പ്രതി ബിലാൽ. താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകവും മോഷണവും പ്രതി തനിയെ ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിയായ പെൺകുട്ടിയെ കാണാൻ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. ഓൺലൈൻ ഗെയിമുകളിലൂടെ താൻ പണം സമ്പാദിച്ചിരുന്നതായും പ്രതി മുഹമ്മദ് ബിലാൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

വീട്ടിൽ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാൽ പണം കണ്ടെത്താൻ മറ്റുവഴിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മോഷണം നടത്താൻ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാൽ പറഞ്ഞു.

അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയുമായി പോലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയിൽ ബിലാൽ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്. കഴിഞ്ഞദിവസം തണ്ണീർമുക്കത്ത് നടത്തിയ തെളിവെടുപ്പിൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈൽ ഫോണുകളും താക്കോൽക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു.

ക്രൂര കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് ആളൂര്‍ പരിചിതനാണ്. ജോളി കേസ്, ദിലീപ് കേസ് തുടങ്ങി നിരവധി പ്രധാന കേസുകളും ആളൂര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ ആന ചരിഞ്ഞ കേസിലും പ്രതിക്ക് വേണ്ടി ആളൂര്‍ തന്നെയാണ് ഹാജരായത്. അറസ്റ്റിലായ മൂന്നാം പ്രതി വില്‍സണ്‍ ജോസഫിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായി.

പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് പ്രതിയെ ഹാജരാക്കിയത്. ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകന്‍ ഷെഫിന്‍ അഹമ്മദ് ആണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.

സ്ഫോടക വാസ്തു കയ്യില്‍ വെച്ചതിനു പോലീസും, വന്യ ജീവികളെ വേട്ടയാടിയതിനു വനം വകുപ്പും കേസ് എടുത്തിരുന്നു. ഇതില്‍ ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമിനും, മകന്‍ റിയാസുദീനും വേണ്ടി ആളൂര്‍ തന്നെ ഹാജരാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്. തേങ്ങയില്‍ പടക്കം നിറച്ചു പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ ആണ് ആന കുടുങ്ങിയത് എന്നാണ് വില്‍സണ്‍ മൊഴി നല്‍കിയത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പിഞ്ചു കുഞ്ഞ് മരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെയാണ് കുഞ്ഞിനൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്.

കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നാണ് കുഞ്ഞിനെ ശ്വാസ തടസ്സങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നെങ്കിലേ കൊവിഡാണോ എന്നു സ്ഥിരീകരിക്കാനാവൂ.

അതേ സമയം മഞ്ചേരിയില്‍ ഇന്നു മാത്രം രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ കടുത്ത ജാഗ്രതയിലായി. പൊലിസ് പരിശോധനശക്തമാക്കിയിട്ടുണ്ട്. കടകള്‍ അടച്ചിടാന്‍ വ്യാപാരികളോട് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് വര്‍ഗീയ വിഷം ചീറ്റുന്നവര്‍ കാണണം യഥാര്‍ത്ഥ മലപ്പുറത്തിന്റെ ചിത്രം. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് വ്യക്തമാക്കി ക്ഷേത്ര മുറ്റത്ത് ഒന്നിച്ച് മരം നടുന്ന തങ്ങളുടെയും പൂജാരിയുടേയും ചിത്രം മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

ലോക പരിസ്ഥിതി ദിനത്തിലാണ് പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിനിടയിലും വര്‍ഗീയ വാദികള്‍ക്ക് ചുട്ട മറുപടി നല്‍കുന്ന ചിത്രം വൈറലായത്. മലപ്പുറത്തിന്റെ ഒത്തനടുക്ക്, കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്രമുറ്റത്താണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ഒരു തൈ നട്ടത്.

മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് നട്ട മരത്തിന് ഇരുവരുംചേര്‍ന്ന് മൈത്രി എന്ന് പേരും നല്‍കി. മുനവ്വറലി തങ്ങള്‍ മണ്ണിലുറപ്പിച്ച ആ സ്വപ്നമരത്തിന് മണികണ്ഠന്‍ എമ്പ്രാന്തിരി ആദ്യ തീര്‍ഥജലം പകര്‍ന്നു. ക്ഷേത്ര മുറ്റത്ത് മരം നടാന്‍ താത്പര്യമുണ്ടെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ മുനവ്വറലി തങ്ങള്‍ രണ്ട് ദിവസം മുമ്പാണ് ആഗ്രഹം പ്രകടിപ്പിച്ചത്.

അമ്പലക്കമ്മിറ്റി സന്തോഷത്തോടെ അനുമതിയും നല്‍കി. ചെയര്‍മാന്‍ സുരേഷ് സിംസ് മുനവ്വറലി തങ്ങളെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തില്‍ രാവിലെ എട്ടുമണിയോടെ മുനവ്വറലി തങ്ങള്‍ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം തൈയുമായി ക്ഷേത്രാങ്കണത്തില്‍ എത്തി.

തുടര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ക്ഷേത്രമുറ്റത്ത് ഐക്യത്തിന്റെ മരം നട്ടു. മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിക്കുന്ന സമയത്ത് ഇതൊരു സന്ദേശമാണ്. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വളരെ സന്തോഷത്തോടെയാണ് ഈ മരം നട്ടത്. എല്ലാ മതസ്ഥരും സൗഹാര്‍ദത്തില്‍ ജീവിക്കുന്ന നാടാണ് മലപ്പുറം. ഉത്സവം നടത്താന്‍വരെ നാട്ടുകാര്‍ ഒന്നിച്ചുനില്‍ക്കുന്നുവെന്നും ഈ സൗഹൃദം എന്നുമെന്നും നിലനിര്‍ത്താനാണ് ശ്രമമെന്നുംത്രിപുരാന്തക ക്ഷേത്രം പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും കൂട്ടിച്ചേര്‍ത്തു.

‘മൈത്രി’ക്ക് പുറമെ ക്ഷേത്രഭാരവാഹികള്‍ ഒരു റമ്പൂട്ടാന്‍ തൈകൂടി അമ്പലമുറ്റത്ത് നട്ടു. വ്യാഴാഴ്ച മലപ്പുറം സെയ്ന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഫാ. കെ.എസ്. ജോസഫ്, പാണക്കാട് സാദിഖലി തങ്ങള്‍ എന്നിവര്‍ ചേര്‍ന്നും മരം നട്ടിരുന്നു.

കേരളത്തില്‍ ഒരാള്‍കൂടി കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.

പത്ത് ദിവസം മുമ്പ് ഹംസക്കോയ കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും മകന്റെ ഭാര്യയ്ക്കും രണ്ട് കുഞ്ഞുങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം സംസ്ഥാനത്ത് മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.

ഇന്നലെ ഉച്ചയോടു കൂടി ഹംസക്കോയയുടെ നില ഗുരതരമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കൊവിഡില്‍ നിന്ന് മുക്തരായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സക്കായി നല്‍കിയത്.

തിരുവനന്തപുരം: ‘പേടിച്ച് നിലവിളിച്ചു കൊണ്ടാണ് കാറിന് മുന്നില്‍ ചാടിയത്, മുഖത്ത് പാടുകള്‍, വസ്ത്രം പകുതി മാത്രമാണ് ഉണ്ടായിരുന്നത്’ ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും കൊടിയ പീഡനത്തിന് ഇരയായ യുവതിയെ രക്ഷിച്ച യുവാക്കളുടെ വാക്കുകളാണ് ഇത്. അക്ഷരാര്‍ത്ഥത്തില്‍ ഭീകരമെന്നേ വിശേഷിപ്പിക്കാനാകൂ.

കാറില്‍ കയറിയ യുവതി പേടിച്ച് കരഞ്ഞുകൊണ്ടാണ് കൂട്ടബലാത്സംഗം നേരിട്ട വിവരം പറഞ്ഞതെന്ന് ഇവര്‍ പറയുന്നു. രാത്രി എട്ട് മണിയോടെ പുത്തന്‍തോപ്പിന് അടുത്ത് വച്ചാണ് യുവതി കാറിന് മുന്നില്‍ ചാടി യുവാക്കളോട് സഹായം അഭ്യര്‍ത്ഥിച്ചത്. ആറ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് യുവതി വെളിപ്പെടുത്തി.

ഒരാള്‍ യുവതിയുടെ മകനെ ഉപദ്രവിച്ചുവെന്നും യുവതി യുവാക്കളോട് പറഞ്ഞു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ കണിയാപുരത്തെ വീട്ടില്‍ എത്തിച്ച ശേഷമാണ് വിവരം പോലീസിനെ അറിയിച്ചതെന്നും പിന്നീട് പോലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഭര്‍ത്താവടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തില്‍ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു പീഡിപ്പിച്ചത്. നിര്‍ബന്ധിച്ച് യുവതിയെ മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ഭര്‍ത്താവും ആറ് സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. നിലവില്‍ ചിറയന്‍കീഴ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.

വിക്ടേഴ്‌സ് ചാനലില്‍ ഗണിത ക്ലാസ് എടുത്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിതുര ഗവ. യു.പി. സ്‌കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി.ബിനുകുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള തോട്ടിലാണ് മൃതദേഹം കണ്ടത്. 44 വയസായിരുന്നു. കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. ശേഷം മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അധ്യാപകന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജൂണ്‍ 4ന് വിക്ടേഴ്സ് ടിവിയില്‍ ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്രം ക്ലാസ് കൈകാര്യം ചെയ്തത് ബിനുകുമാറായിരുന്നു. കെ.എസ്.ടി.എ പാലോട് ഉപജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ- കൃഷ്ണപ്രിയ (അധ്യാപിക, നെടുമങ്ങാട് ദര്‍ശന സ്‌കൂള്‍), മകള്‍- ദേവനന്ദ (എട്ടാം ക്ലാസ് വിദ്യാര്‍ഥിനി).

Copyright © . All rights reserved