Kerala

ഉപയോക്താവിന് ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നല്‍കുകയും ചെയ്യാത്ത പെട്രോള്‍ പമ്ബുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മിഷന്‍ വിധി.

മല്ലശേരി മണ്ണില്‍ ഫ്യൂവല്‍ എന്ന നയാര പമ്ബിന്റെ പ്രൊപ്രൈറ്റര്‍ക്ക് എതിരേയാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ വാഴമുട്ടം ഈസ്റ്റ് പാലയ്ക്കല്‍ വീട്ടില്‍ കെ.ജെ. മനുവാണ് അഡ്വ. വര്‍ഗീസ് പി. മാത്യു മുഖേനെ കമ്മിഷനെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 25 ന് മനു തന്റെ കാറില്‍ 2022 രൂപയ്ക്ക് ഡീസല്‍ പമ്ബില്‍ നിന്നും നിറച്ചു. തുടര്‍ന്ന് ടയറില്‍ കാറ്റ് അടിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കില്‍ തന്നെ അടിച്ചോളാനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്‍ പ്രകാരം മനു തനിയെ കാറ്റടിക്കാന്‍ ശ്രമിച്ചുവെങ്കിലും കംപ്രസര്‍ ഓണ്‍ അല്ലാത്തതിനാല്‍ കഴിഞ്ഞില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കംപ്രസര്‍ ഓണ്‍ ചെയ്യാന്‍ സൗകര്യമില്ല എന്ന് അറിയിച്ചു. തുടര്‍ന്നാണ് മനു ടോയ്ലറ്റ് സൗകര്യം ചോദിച്ചത്. ഇതും നിഷേധിച്ചു. കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. എതിര്‍ കക്ഷി വക്കീല്‍ മുഖേനെ ഹാജരായെങ്കിലും തന്റെ ഭാഗം കൃത്യസമയത്തത് ഹാജരാക്കാന്‍ സാധിച്ചില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ എക്സ്പാര്‍ട്ടി വിധി പ്രസ്താവിച്ചു. ഹര്‍ജി കക്ഷിക്കുണ്ടായ മാനസിക വ്യഥയും സമ്മര്‍ദവും കണക്കിലെടുത്ത് 20000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം. വീഴ്ച വരുത്തിയാല്‍ 10 ശതമാനം പലിശ കൂടി നല്‍കണം. കൂടാതെ കോടതി ചെലവിലേക്ക് 3000 രൂപ കൂടി നല്‍കണം. പെട്രോള്‍ പമ്ബില്‍ ഉപയോക്താക്കള്‍ക്ക് ചില അവകാശങ്ങള്‍ കൂടിയുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് താന്‍ കമ്മിഷനെ സമീപിച്ചതെന്നും മനു പറഞ്ഞു.

ദേശീയപാത കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കൾ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരെ തിരിച്ചറിഞ്ഞു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാൻതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്‍മുറി വീട്ടിൽ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിന്റെ മകനാണ് അഫ്സൽ.

ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നു പോലീസ് പറഞ്ഞു. ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരുംവഴിയാണ് രണ്ടുപേർ മരിച്ചത്.

മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. കരിമ്പുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കൾ.

സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും ആംബുലൻസിനെയും വിളിച്ചത്. കല്ലടിക്കോട് പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കോങ്ങാടുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. സി .ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് 1 കോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി സലീഷ് കുമാർ (47) നെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐ.യിൽ നിന്നുമാണെന്ന് പറഞ്ഞു വിളിക്കുകയും, മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടമ്മ പലതവണകളായി ഒരു കോടി എൺപത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ ഗോവയിൽ നിന്നും പിടികൂടുകയായിരുന്നു.

സലീഷ് കുമാറിന് തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി, കൊരട്ടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റിലായി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും അറസ്റ്റ് വിവരം പോലീസ് പുറത്തുവിട്ടിരുന്നില്ല.

2011 ല്‍ തൃശൂര്‍ വാഴാനിക്കാവില്‍ വെച്ച് നടന്ന ഒരു സംഭവത്തില്‍ ആലുവാ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ഇന്നലെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു.

2011 ല്‍ വാഴാനിക്കാവില്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അടുത്തിടെയാണ് സംഭവത്തില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം എത്തി. അതിന് ശേഷമുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യവും മുകേഷിനുണ്ട്.

കൊല്ലം കുന്നിക്കോട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്. അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ അനിത വീട്ടുകാർക്കൊപ്പം ടെലിവിഷൻ പരിപാടി കാണുമ്പോഴാണ് സംഭവം.

ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് വീട്ടിൽ കറൻ്റ് പോയി. എന്നാൽ വീടിന് സമീപത്തെ തെരുവുവിളക്ക് അണഞ്ഞില്ല. അയൽവീട്ടിലും വെളിച്ചമുണ്ടായിരുന്നു. ഫ്യൂസ് പോയതാകാം എന്ന് കരുതി അനിത മെയിൽ സ്വിച്ചിന് അടുത്തെത്തി. തുടർന്നാണ് മെയിൻ സ്വിച്ചിന് സമീപം പതുങ്ങിയിരുന്ന മോഷ്ടാവ് തടികക്ഷണം കൊണ്ട് അനിതയുടെ തലയ്ക്ക് അടിച്ചത്. വേദനയിലും ഭയപ്പാടിലും അനിത നിലവിളിച്ചതോടെ ഭർത്താവ് ഓടി എത്തി.

മോഷ്ടാവ് ആദ്യം ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചു. പിന്നാലെ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് അയൽവാസികൾ എത്തിയാണ് അനിതയെ അശുപത്രിയിലേക്ക് മാറ്റിയത്.പിന്നാലെ കുന്നിക്കോട് പൊലീസിനെ വിവരം അറിയിച്ചു. ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാളാണ് മോഷ്ടാവ്. വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകൾ വഴി സമൂഹമാധ്യമങ്ങളിൽ തട്ടിപ്പ്. ചേർത്തല സ്വദേശിയായ പോലീസ് ഇൻസ്പെക്ടർ അനന്ത ലാലിന്റെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം സ്വദേശിനിയായ എസ്.സീമയുടെ 70000 രൂപ തട്ടിയെടുത്തു.

കഴിഞ്ഞ 14നാണു വീട്ടമ്മയ്ക്ക് മെസഞ്ചറിലൂടെ പോലീസ് ഉദ്യോഗസ്ഥന്റേതെന്ന വ്യാജേന സന്ദേശം ലഭിച്ചത്. സിആർപിഎഫിൽ ജോലിയുള്ള സുഹൃത്ത് സുമിത്തിന് പെട്ടെന്ന് ജമ്മുവിലേക്ക് സ്‌ഥലം മാറ്റം കിട്ടിയെന്നും അദ്ദേഹത്തിന്റെ 1,25,000 രൂപ വിലയുള്ള ഫർണിച്ചർ അടിയന്തരമായി വിൽക്കാനുണ്ടെന്നും അടുത്ത പരിചയക്കാർക്ക് 70000 രൂപയ്ക്ക് വിൽക്കുമെന്നുമാണു പറഞ്ഞത്.

പരാതിക്കാരിക്ക് പോലീസ് ഉദ്യോഗസ്‌ഥനെ നേരിട്ട് പരിചയമുള്ളതിനാൽ സന്ദേശം സത്യമാണെന്ന് ധരിച്ച് 70000 രൂപ സന്ദേശത്തിൽ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ പിന്നീട് ഫർണിച്ചർ വീട്ടിലെത്തിക്കാൻ 31,500 രൂപ വാഹന വാടകയിനത്തിൽ അയച്ചു കൊടുക്കണമെന്നു കൂടി പറഞ്ഞതോടെ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരിക്കുന്നതെന്നും സൈബർ സെൽ വഴി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി.വി പ്രശാന്തനെതിരെ ആരോഗ്യ വകുപ്പിന്റെ അന്വേഷണം. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരന്‍ മാത്രമാണ്.

എങ്കിലും ഇപ്പോഴുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ നിലവിലുണ്ടായിരുന്നവരെ അതേ ശമ്പളത്തോടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം കുറച്ചുപേരെ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുത്തത്. ബാക്കിയുള്ളവരെ സര്‍വീസിലേക്ക് എടുക്കാനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്.

ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ലിസ്റ്റില്‍ പ്രശാന്തനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇനി പ്രശാന്തന്‍ വകുപ്പില്‍ ജോലിക്കാരനായി തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

പ്രശാന്തനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരു പഴുതും ഉണ്ടാകരുതെന്ന് ഉറപ്പിക്കാനാണ് നിയമോപദേശം തേടിയിട്ടുള്ളത്. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനായിട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

എന്നാല്‍ പമ്പു തുടങ്ങാന്‍ ഇയാളുടെ അപേക്ഷ കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും അത്തരത്തിലൊരു തെളിവുമില്ലെന്നാണ് അറിയിച്ചത്. സംഭവത്തില്‍ കണ്ണൂരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് വകുപ്പിലെ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥനായ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയെ തന്നെ കണ്ണൂരിലേക്ക് അയക്കുന്നത്. കൂടാതെ മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ വിശ്വനാഥനുമുണ്ടാകും.

നാളെ തന്നെ ഇരുവരും കണ്ണൂരിലേക്ക് പോകും. പ്രശാന്തന് സര്‍വീസ് ചട്ടം ബാധകമല്ലേ, ചട്ട ലംഘനമുണ്ടായിട്ടുണ്ടോ എന്നിവയെല്ലാം അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

നവീന്‍ ബാബുവിനെ തനിക്ക് നേരിട്ട് അറിയാവുന്നയാളാണ്. വിദ്യാര്‍ത്ഥി ജീവിത കാലം മുതല്‍ അറിയാം. ഒരു കള്ളം പോലും വാക്കാല്‍ പറയരുതെന്ന് ജീവിതത്തില്‍ ദൃഡനിശ്ചയം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സ്റ്റുഡന്റായിരുന്ന കാലത്ത് പോലും നവീന്‍ ബാബു.

അതുകൊണ്ടു തന്നെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും പോലും വ്യത്യസ്തനായിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെയൊപ്പം പ്രവര്‍ത്തിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. ആ കുടുംബത്തിന്റെ വികാരം തനിക്ക് ഉള്‍ക്കൊള്ളാനാകും.

ഇതിന് പത്തനംതിട്ടക്കാരിയാകണമെന്നില്ല, മനുഷ്യനായാല്‍ മതി. അദേഹത്തോടും കുടുംബത്തോടും നീതി ചെയ്യണം എന്നതുകൊണ്ടാണ് പ്രശാന്തനെപ്പോലെ ഒരാളെ സര്‍വീസില്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആഗോള തലത്തില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടുന്നതായുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ആഗോള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തില്‍ സീറോ മലബാര്‍ സഭ ഉക്രേനിയന്‍ സഭയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.

നേരത്തെ രണ്ടാം സ്ഥാനത്ത് ആയിരുന്ന ഉക്രേനിയന്‍ സഭ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഉക്രേനിയന്‍ സഭയെക്കാള്‍ മൂന്നു ലക്ഷത്തിനടുത്ത് വിശ്വാസികളുടെ വര്‍ധനവാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്. 2023 ലെ കണക്ക് പ്രകാരമാണിത്. വത്തിക്കാനില്‍ നിന്നും ഇറങ്ങുന്ന പൊന്തിഫിക്കല്‍ ഇയര്‍ ബുക്ക് 2023 ലാണ് ഈ കണക്കുകളുള്ളത്.

ഇന്ത്യയില്‍ നിന്നു തന്നെയുള്ള മറ്റൊരു സുറിയാനി സഭയായ സീറോ മലങ്കര സഭ വിശ്വാസികളുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്തുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും സീറോ മലബാര്‍ സഭയ്ക്ക് വിശ്വാസികളുടെ സാന്നിധ്യമുണ്ട്.

വലിയ കുടുംബങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന സീറോ മലബാര്‍ സഭ, ആഗോള കത്തോലിക്കാ സഭയില്‍ ലത്തീന്‍ സഭയിലേക്കും, ഭാരതത്തില്‍ സീറോ മലങ്കര സഭയിലേക്കും അനേകം വൈദികരെയും സന്യസ്ഥരെയും സംഭാവന ചെയ്തിട്ടുണ്ട്.

പൊന്തിഫിക്കല്‍ ഇയര്‍ ബുക്ക് 2023 ലെ കണക്കുകള്‍ പ്രകാരം വിവിധ സഭകളിലെ വിശ്വാസികളുടെ എണ്ണം:

ലത്തീന്‍: 100,05,11,567
സീറോ മലബാര്‍: 45,37,342
ഉക്രേനിയന്‍: 42,95,581
മറോണൈറ്റ്: 35,43,796
മെല്‍കൈറ്റ്: 15,45,990
അര്‍മേനിയന്‍: 7,53,945
കല്‍ദായന്‍: 6,46,581
സീറോ മലങ്കര: 4,87,247
റൊമാനിയന്‍: 4,73,710
റുഥേനിയന്‍: 3,65,883
എഫാര്‍ക്കി ഓഫ് മുകാഷെവോ: 3,14,560
ഹംഗേറിയന്‍: 2,96,830
കോപ്റ്റിക്: 2,53,100
സ്ലൊവാക്യന്‍: 2,10,061
എറിട്രിയന്‍: 1,73,251
സിറിയന്‍: 1,20,679
എത്യോപ്യന്‍: 80,568
മെട്രോപോളിസ് ഓഫ് പിറ്റ്‌സ്ബര്‍ഗ്: 34,323
പ്രാഗയുടെ എക്‌സാര്‍ക്കേറ്റ്: 17,000

ഏകീകൃത സിനഡുകളില്ലാത്ത സഭാ സ്ഥാപനങ്ങള്‍:

ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഇറ്റലി (ഇറ്റലോ-അല്‍ബേനിയന്‍): 55,909
ക്രൊയേഷ്യയിലെയും സെര്‍ബിയയിലെയും ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച് (44,300)
എഫാര്‍ക്കി ഓഫ് ലങ്‌ഗ്രോ: 32,500
പിയാന ഡെഗ്ലി അല്‍ബനേസിയുടെ എഫാര്‍ക്കി: 23,400
ക്രിസെവ്സി, ക്രൊയേഷ്യ (സ്ലോവേനിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന) എഫാര്‍ക്കി: 23,000
എഫാര്‍ക്കി ഓഫ് റസ്‌കി ക്രിസ്റ്റൂര്‍, സെര്‍ബിയ: 21,300
ബൈസന്റൈന്‍സ് കാത്തലിക് ചര്‍ച്ച് ഓഫ് മാസിഡോണിയ: 11,419
ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസാക്കിസ്ഥാന്‍, മധ്യേഷ്യ: 10,400
ബള്‍ഗേറിയ സോഫിയയിലെ സെന്റ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ എഫാര്‍ക്കി: 10,000
ഗ്രീസിലെ ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച്: 6,017
ഗ്രീസിലെ ഏഥന്‍സ് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ്: 6,000
ബെലാറസിന്റെ ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍: 5,000
ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സതേണ്‍ അല്‍ബേനിയ: 1,921

മറ്റുള്ളവര്‍

കിഴക്കന്‍ യൂറോപ്പിലെ അര്‍മേനിയന്‍ ഓര്‍ഡിനേറിയറ്റ്: 6,18,000
സ്‌പെയിനിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 75,900
ഫ്രാന്‍സിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 25,300
ബ്രസീലിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 10,540
ഓസ്ട്രിയയിലെ ബൈസന്റൈന്‍ ഓര്‍ഡിനേറിയറ്റ്: 10,080
അര്‍ജന്റീനയിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 2,020
പോളണ്ടിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 682

ചരിത്രം നായകനായി വാഴ്ത്തുന്നതിന് മുമ്പ് നടൻ സിദ്ദിഖിന്റെ കള്ളി വെളിച്ചത് കൊണ്ട് വരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അല്ലെങ്കിൽ വരുംതലമുറ സിദ്ദിഖിനെ സർവ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. സിദ്ദിഖിന്റെ യഥാർഥ സ്വഭാവം വെളിച്ചത്ത് കൊണ്ട് വരേണ്ടതാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്.

ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ അജി ചന്ദ്രൻ നായരാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തത്. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെങ്കിലും നിരവധി തെളിവുകൾ പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ചാൽ പരാതിക്കാരി കേസിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ബലാത്സംഗത്തെ കുറിച്ച് പരാതി നൽകാൻ എട്ട് വർഷം വൈകിയത് എന്ത് കൊണ്ടാണ് എന്ന് നേരത്തെ കേസ് പരിഗണിച്ചിരുന്ന വേളയിൽ സുപ്രീം കോടതി ആരാഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, സിദ്ദിഖ് അക്കാലത്ത് സിനിമ മേഖലയിലെ ശക്തനായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചത്. മീ ടൂ വിവാദം ഉണ്ടായ കാലയളവിൽ തന്റെ അനുഭവത്തിന്റെ ഒരു ചെറിയ ഭാഗം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്നും എന്നാൽ സൈബർ ആക്രമണം കാരണം പിന്നീട് നിശബ്ദയായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതി നൽകാൻ വൈകിയത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരേയും സമൂഹമാധ്യമങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നത് വരേയും സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നത്. സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി 22-ന് പരിഗണിക്കും.

നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബെംഗളൂരു ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പോത്തിക്കല്‍ അനഘ ഹരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു അനഘ.

കോളേജ് ഹോസ്റ്റലില്‍ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. മാതാവ് രാധ. അനന്തു, അതുല്‍ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

RECENT POSTS
Copyright © . All rights reserved