Kerala

കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.

ചികിത്സക്ക് ശേഷം സ്വന്തം വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്‍റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട്  കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു.

2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രിധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂരജ് പൊലീസിന് നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്.

 

മാവേലിക്കര:കർമ്മരംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട ജനകീയ സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാന ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി കേരളത്തിൻ്റെ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ ഒരു ബ്രഹത് കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. കോവിഡ് – 19 മൂലം കുടുംബങ്ങൾക്ക് ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഈ പദ്ധതി മൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”10 മൂട് കപ്പയും ഒരു മൂട് കാന്താരിയും ” എന്ന പദ്ധതി സംസ്ഥാന വ്യാപകമായി പ്രചരിപ്പിച്ച് മരച്ചീനി കൃഷി മുഴുവൻ വീടുകളിലും പൊതു ഇടങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കൃഷി ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ശ്രീ ശുഭാനന്ദ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ആശ്രമത്തോട് ചേർന്ന് ഉള്ള നാല് ഏക്കർ സ്ഥലത്തും എല്ലാ ശാഖകളിലും വീടുകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് ശുഭാനന്ദാശ്രമം മഠാധിപതി ദേവാനന്ദ ഗുരുദേവൻ കപ്പത്തടിയും കാന്താരി തൈയും ഏറ്റ് വാങ്ങിക്കൊണ്ട് നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ജോർജ്ജ് തഴക്കര , ജനറൽ കൺവീനർ സന്തോഷ് കൊച്ചുപറമ്പിൽ,സംസ്ഥാന കോർഡിനേറ്റർ ഡോ.ജോൺസൺവി. ഇടിക്കുള, ജോസഫ്കുട്ടി കടവിൽ,എന്നിവർ പ്രസംഗിച്ചു.

വീടിൻ്റെ മുറ്റത്ത് ഒരു കൃഷിത്തോട്ടം എന്ന ആശയത്തിലൂടെ വിഷരഹിത പച്ചക്കറി ഉദ്പാദിപ്പിച്ച് വരും തലമുറയെ പ്രകൃതിയോട് ഇണങ്ങി ചേരുമാറാക്കാനാണ് ലക്ഷ്യം.

മെയ് 28ന് ജില്ലാതല ഉദ്ഘാടനങ്ങൾ പൂർത്തിയാകും .വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കും. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്ക് പങ്കാളിത്ത കൃഷിയും ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കാരൂർ സോമൻ

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മനാട്ടിൽ വരുന്നതിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. സർക്കാർ ഉദേശിക്കുന്നത് അവരിൽ പലരും കോവിഡ് രോഗികൾ എന്നാണ്. ആയിരകണക്കിന് ആരോഗ്യരംഗത്തുള്ളവരെ സർക്കാർ തീറ്റിപോറ്റുന്നത് രോഗിയെ ചികിൽസിച്ചു സുഖപ്പെടുത്താനാണ്. അതിനുള്ള അടിസ്ഥാന മാർഗ്ഗങ്ങളല്ലേ സർക്കാർ നോക്കേണ്ടത്? ഗൾഫ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ജന്മദേശത്തേക്ക് വരാൻ ആഗ്രഹിക്കുമ്പോൾ അവർ അപകടകാരികൾ, രോഗമുള്ളവർ എന്നൊക്കെ പറഞ്ഞാൽ അവരെ നൊന്ത് പ്രസവിച്ച അമ്മമാർ സഹിക്കുമോ? മനുഷ്യമനസ്സിലെ വെറുപ്പും, അസഹിഷ്ണതയും , അസംതൃപ്തിയുമാണ് ഇത് വെളിപ്പെടുത്തുന്നത്.

കേരളത്തിന്റ ചികിത്സാചരിത്രം നമ്മുടെ ഭരണാധികാരികൾക്ക് അറിയില്ലേ? പോർച്ചുഗീസുകാർ 1482 ൽ വന്ന നാളുമുതൽ മുതൽ ചികിൽസാരംഗത്തു ഇന്ത്യയിൽ കേരളം വളരെ മുന്നിലാണ്. അറിവിലും ആരോഗ്യ രംഗത്തും പാശ്ചാത്യരുടെ വരവ് കേരളത്തിന് ഏറെ ഗുണം ചെയ്തു. 1813 ൽ റാണി ഗൗരിലക്ഷിമിഭായിയുടെ ഭരണകാലത്തു് കൊട്ടാരത്തിൽ മാത്രം തങ്ങി നിന്ന പാശ്ചാത്യ ചികിത്സ പാവങ്ങളിലേക്ക് ബ്രിട്ടീഷ്‌കാരുടെ നിര്ബന്ധ പ്രകാരം മാരകമായ വസൂരിക്കുള്ള മരുന്നുമായി കടന്നു വന്നു. ബ്രിട്ടീഷ് ഡോക്ടർമാർ തുറന്നുപറഞ്ഞു. രോഗത്തിന് പാവപെട്ടവനോ പണക്കാരനോ എന്നൊന്നില്ല. ഇതിനായി തൈക്കാട്ട് 1816 ൽ ഒരു ഔഷധശാല തുടങ്ങി. മരുന്ന് എല്ലാവര്ക്കും സൗജന്യമാണ്. മരണം കണ്ടുകൊണ്ടിരുന്ന മനുഷ്യർ മതത്തിന്റ ചങ്ങലകളെ അന്ധവിശ്വാങ്ങളെ പൊട്ടിച്ചുകളഞ്ഞു.ഇന്ന് കൊറോണ ദൈവം മനുഷ്യനെ ചങ്ങലയിൽ തളച്ചു. തടവറയിലാക്കി.ദേവാലയങ്ങൾ അടപ്പിച്ചിട്ടും പ്രബുദ്ധ കേരളം ദൈവത്തെ കണ്ടില്ല. സത്യം അറിഞ്ഞിട്ടില്ല. ചരിത്രപാഠമറിയാത്ത സിനിമാപ്രേമികൾക്ക് ഇതിനൊക്കെ എവിടെയാണ് നേരം?

കേരള സർക്കാർ പറയുന്ന ജാഗ്രത എല്ലാവര്ക്കും വേണ്ടതാണ്. അതിന് ആർക്കാണ് എതിർപ്പുള്ളത്? ഇന്ത്യയിൽ 500 ലധികം വിമാനങ്ങൾ കിടക്കുമ്പോൾ എന്തുകൊണ്ടാണ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി വിമാനം ഇന്നുവരെ വിട്ടില്ല? ലോകത്തിന്റ എല്ലാം കോണുകളിൽ നിന്നും അവർ കണ്ണീരൊഴുക്കുന്നു. ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ പോലും അതിൽ ശരിക്കൊന്നു ഇരിക്കാൻ പറ്റിയ സീറ്റുപോലും ഇല്ലാഞ്ഞിട്ടും വിട്ടുകൊടുക്കാൻ തയ്യാറായില്ല? പ്രവാസികളെ ജോലിയും കൂലിയും കൊടുക്കാതെ നാടുകടത്തി അതാണ് ഇന്ത്യൻ ജനാധിപത്യം ചെയ്ത ആദ്യത്തെ അപരാധം അല്ലെങ്കിൽ കുറ്റകൃത്യം. ആ വകയിൽ നല്ലൊരു തുകയും കേന്ദ്ര സർക്കാർ ഈടാക്കി. ഇന്ന് ആ കണക്ക് നോക്കിയാൽ കോടികൾ, മില്യനാണ്. എയർ ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത പാവങ്ങൾക്ക് അതിൽ നിന്ന് ഒരു ചില്ലികാശ് ഈ വെള്ളാനകൾ കൊടുത്തില്ല. ഇറാക്ക് യുദ്ധകാലത്തു് നാട്ടിൽ വന്നവർ ടിക്കറ്റിന് പണം കൊടുത്തില്ല. സർക്കാരുകൾ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് തുക കൊടുക്കുന്നതാണ് മാന്യത. കാരണം കൊറോണ അവർ സൃഷ്ഠിച്ചതല്ല. ദേശീയ ദുരന്തമായി കണ്ട് പ്രവാസികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ വിദേശകാര്യ വകുപ്പ് വിദേശ രാജ്യങ്ങളിൽ പൗരത്വം സീകരിച്ചുവർക്ക് പോലും അവർ കൊടുത്ത പണം മടക്കികൊടുത്തിട്ടില്ല. ഇതൊക്കെ അനീതിയാണ്. ഇതിനെയാണ് പകൽ കൊള്ള എന്ന് പറയുന്നത്. ഇന്ത്യൻ പാസ്സ്പോർട്ടുള്ള പൗരന്മാരെ, വിദേശ ഇന്ത്യൻ പൗരന്മാരെ ഈ ദുർഘട വേളയിൽ ജന്മനാട്ടിലേക്ക് കൊണ്ടുവരേണ്ടത് ആരുടെ ചുമതലയാണ്? ഇവരാണോ നിസ്വാർത്ഥ സേവകരായ ഭരണാധിപന്മാർ? ജീവകാരുണ്യ പ്രവർത്തനങ്ങളിൽപ്പെടുത്തിയെങ്കിലും പ്രവാസികളെ ജന്മനാട്ടിലെത്തിക്കണം.

പുറത്തു നിന്ന് രോഗികൾ വന്നതുകൊണ്ട് രോഗം വർധിച്ചുവെന്ന കേരള സർക്കാർ സമീപനം പ്രവാസികളോടുള്ള വെല്ലുവിളിയാണ്. ഒരു നാടിനെ പട്ടിണിയിൽ നിന്ന് കരകയറ്റിയ പ്രവാസികൾ അവർ ഇന്ത്യയിൽ, ഗൾഫിൽ, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരെങ്കിലും അവസരവാദ രാഷ്ട്രിയക്കാരെപോലെ അപമാനിക്കുന്നത് നല്ലൊരു സർക്കാരിന് ചേർന്നതല്ല. അവർ സ്വന്തം വീട്ടിൽ നിന്ന് ഉത്പാദിപ്പിച്ച രോഗമല്ല കൊറോണ കോവിഡ്. വികസിത രാജ്യങ്ങളെ താറുമാറാക്കാൻ ചൈന വികസിപ്പിച്ചെടുത്ത ജൈവ ആയുധം ആര്ക്കാണ് മനസ്സിലാകാത്തത്? എന്റെ ഇറ്റലി യാത്രയിൽ ധാരാളം ചൈനക്കരെ കണ്ടിരുന്നു. അന്ന് കരുതിയത് ഇവർ ടൂറിസ്റ്റുകളായി വന്ന കൊറിയ, ജപ്പാൻ, തായ്‌ലാൻഡ് രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരിക്കുമെന്നാണ്. ഇറ്റലിക്കാർ ചത്തൊടുങ്ങിയപ്പോൾ ഞാൻ കണ്ടവർ ചൈനയിൽ നിന്നുള്ളവരെന്ന് സുകൃത്തുക്കൾ വഴി അറിയാൻ കഴിഞ്ഞു. ഇറാക്ക് യുദ്ധകാലത്തു് സൗദിയിൽ മാസ്ക് അണിഞ്ഞു നടന്നത് സദാം ഹുസ്സയിൻ മിസ്സയിൽ വഴി കെമിക്കൽ വാതകങ്ങൾ കയറ്റിവിടുമോ എന്ന ഭയമായിരിന്നു. ലോകമെങ്ങും ഭീതി വളർത്തി നിരപരാധികളെ കൊന്നൊടുക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയെ വിവരമുള്ളവർ വിലയിരുത്തട്ടെ. അമേരിക്കയുമായി വാതപ്രതിവാദങ്ങൾ നടക്കുകയാണല്ലോ.

ഒരു ഭാഗത്തു് കേരള സർക്കാർ പറയുന്നു. പ്രവാസികൾ മടങ്ങിവരട്ടെ. അങ്ങനെയെങ്കിൽ ഇന്നുവരെ കേരളത്തിലേക്ക് എന്തുകൊണ്ട് ട്രെയിൻ സംവിധാനം നടന്നില്ല? വിദ്യാഭാസ യോഗ്യതകൾ അധികമില്ലാത്ത ബംഗാളി, ഒറീസ്സ, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലേക്ക് അവിടുത്തുകാർ കടന്നു പോയി? ഇന്ത്യക്ക് പുറത്തുള്ള പ്രവാസികൾക്ക് എന്തുകൊണ്ടാണ് വിമാന, ട്രെയിൻ സെർവിസ് ആവശ്യത്തിന് നല്കതിരിക്കുന്നത്? മറ്റുള്ളവരുടെ കണ്ണിൽപൊടിയിടാൻ ഏതാനം വിമാനങ്ങൾ വന്നാൽ മതിയോ? ജോലിയില്ലാത്ത, ആഹാരം കഴിക്കാൻ മറ്റുള്ളവരുടെ ഔദാര്യത്തിന്നായി കൈനീട്ടേണ്ട ഒരവസ്ഥ പ്രവാസിക്ക് എന്തുകൊണ്ടുണ്ടായി? രോഗികൾ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, വാടകകൊടുക്കാൻ നിവർത്തിയില്ലാത്തവർ ഇങ്ങനെ പലവിധ ദുരിതങ്ങൾ അനുഭവിക്കുന്നവരെ വിമാനത്തിൽ കയറ്റാതെ മറ്റുള്ളവരുടെ സ്വാധിനം ചെലുത്തി എന്തുകൊണ്ടാണ് വിമാനത്തിൽ കൊണ്ടുവന്നത്? എന്തുകൊണ്ടാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരെ കൊണ്ടുവരാൻ നടപടി സ്വീകരിക്കാത്തത്? അന്നന്ന് കാണുന്നവരെ അപ്പ എന്ന് വിളിക്കുന്ന രാഷ്ട്രീയ പാപ്പരത്തം ഏത് രാഷ്ട്രീയ പാർട്ടിയായാലും അവസാനിപ്പിക്കുക. ജാതിമതങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഭരണ സംവിധാനങ്ങൾ അറിയേണ്ടത് ഭാവിയിൽ എന്ത് സംഭവിക്കും എന്നല്ല. അതിനേക്കാൾ ഇന്നുള്ള മുറിവും ചികിത്സയുമാണ് വേണ്ടത്. പ്രവാസിക്ക് ഇന്നുണ്ടായ ഈ മുറിവ് ഒരിക്കലും മറക്കില്ല. അധികാര പദവികൾ വാരിക്കോരി ആസ്വദിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്ന പാവം പ്രവാസിയെ അവന്റെ ദുരിത നാളുകളിൽ അംഗീകരിക്കാൻ മുന്നോട്ടു വരാഞ്ഞത് അവരിൽ എന്തെന്നില്ലാത്ത ഏകാന്തത, അരക്ഷിതത്വബോധം വളർത്തിയിട്ടുണ്ട്. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് അനുകമ്പ സഹജീവികളോട് കാട്ടേണ്ടത്. പ്രവാസികൾ ഭരിക്കുന്ന സർക്കാരുകളുടെ കളിപ്പാവകളോ, പരിഹാസ കഥാപാത്രങ്ങളോ അല്ല എന്നത് ഓർക്കുക. അവർ ശ്രമിച്ചാലും സർക്കാരുകളെ മാറ്റിമറിക്കാൻ സാധിക്കും.

പ്രവാസികൾ കേരളത്തിന്റ സ്വന്തം എന്ന് വീമ്പിളക്കുന്നവർ അവരനുഭവിക്കുന്ന ഇന്നത്തെ ദുർവിധി എന്തുകൊണ്ട് കാണുന്നില്ല? പലരുടേയും കദന കഥകൾ കേൾക്കുന്നത് ചാനലുകൾ വഴിയാണ്. കേരള സർക്കാർ രോഗികളുടെ എണ്ണം വർധിച്ചുവെന്ന് പറയുമ്പോൾ അതിൽ ഊന്നൽ കൊടുക്കുന്നത് പ്രവാസികളെയാണ്. പ്രവാസികൾക്ക് എല്ലാം സൗകര്യവും ഒരുക്കിയ സർക്കാർ ഈ നാടകം എന്തിനാണ് കളിക്കുന്നത്? അവർ വരട്ടെ എന്നല്ലേ പറയേണ്ടത്? സ്തുതിപാഠകരായ എഴുത്തുകാരെപോലെ കേരളത്തിലെ ആരോഗ്യ രംഗവും സ്തുതിപാഠകരായി മാറിയോ? ലോകെമെങ്ങും ആരോഗ്യ രംഗം ലോകാത്ഭുതമായി പ്രകൃതിക്കുമ്പോൾ കരുത്തുള്ള ഒരു ആരോഗ്യ രംഗം പ്രവാസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കയല്ലേ വേണ്ടത്? പ്രവാസികൾ വിദേശത്തു് പൗരത്വം കിട്ടിയവരായാലും ജന്മനാട് രാഷ്ട്രീയ അധികാരമോഹികളെപോലെ മറക്കാൻ പറ്റുമോ? മാതൃദേശത്തേക്കല്ലാതെ അവർ എവിടെ പോകാനാണ്?

ഗോവയിൽ ഒരാൾ പോലും കോവിഡ് പിടിച്ചു് മരണപെട്ടതായി അറിഞ്ഞില്ല. കേരളത്തേക്കാൾ മികച്ച ആരോഗ്യരംഗം കാഴ്ചവെച്ച പല സംസ്ഥാനങ്ങളുമുണ്ട്. കേരളത്തെപ്പറ്റി ഇത്രമാത്രം വീമ്പ് പറയാൻ എന്തെന്ന് വിദേശത്തുള്ള പലർക്കും മനസ്സിലാകുന്നില്ല. ചില മന്ത്രിമാരടക്കം ഇറ്റലിയെപ്പറ്റി പറഞ്ഞത്. വയോധികരെ നോക്കേണ്ടതില്ല ചെറുപ്പക്കാരെ നോക്കിയാൽ മതിയെന്നാണ്. ഈ കൂട്ടർ മൊത്തം പാശ്ചാത്യ രാജ്യങ്ങളെ അതിൽപ്പെടുത്തി പരിഹസിച്ചു. ഏതാനം ലക്ഷങ്ങൾ പ്രവാസികളുള്ള സംസ്ഥാനത്തു് അവർ തൽക്കാലം വരേണ്ടതില്ല എന്ന് പറഞ്ഞതിനേക്കാൾ കുറ്റകരമാണോ ആശുപ്ത്രിയിൽ ബെഡുകൾ ഇല്ലെന്ന് പറഞ്ഞത്? കേരളത്തിൽ ഇതുപോലെ ആയിരങ്ങൾ മരണപ്പെട്ടാൽ എന്ത് സമീപനമാണ് സ്വീകരിക്കുക? പുതിയ ആശുപത്രികൾ പണിയുമോ? പാശ്ചാത്യ നാടുകൾ വേണ്ടുന്ന ശ്രദ്ധ ആദ്യനാളുകളിൽ കൊടുക്കാത്തതാണ് ഇന്നവർ അനുഭവിക്കുന്ന ദുരിതം. മറ്റുള്ളവരെ അപകൃതിപ്പെടുത്തികൊണ്ടുള്ള ഈ ദുഷ്പ്രചാര വേലകൾ നിർത്തുക.വോട്ടുകിട്ടാനുള്ള തന്ത്രങ്ങളാണ് രാഷ്ട്രീയപാർട്ടികൾ ചെയ്യുന്നതെങ്കിൽ അവർക്ക് ജാതി മത പ്രമാണിമാരുണ്ടല്ലോ. മറുനാട്ടിൽ കഷ്ടപ്പെടുന്ന സ്വന്തം ജനതയെ കൊണ്ടുവന്നിട്ട് നല്ല പിള്ള ചമയുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്നില്ല എന്നൊരു പരാതിയുണ്ട്. ഇതിൽ കേരളവും മാറ്റിവെച്ചിട്ടുണ്ടോ?

ജനങ്ങൾ ചെകുത്താനും കടലിനുമിടയിൽ ദുരിതമനുഭവിക്കുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് സൈബർ ഗുണ്ടകളെ ഇറക്കിവിടാതിരിക്കുക. ഒരു പനിപോലെ വന്നുപോകുന്ന കോവിഡിനെ എന്തോ വലിയ സംഭവമായി സമൂഹത്തിൽ ഭീതി പടർത്തി രാഷ്ട്രീയ ലാഭം കൊയ്യാതിരിക്കുക. ഈ കൂട്ടർ അറിയേണ്ടത് ഇന്ത്യൻ സംസ്ഥാനളെപോലെ വിദേശ രാജ്യങ്ങളായ സ്വീഡൻ, വിയറ്റ്നാം, ആഫ്രിക്കൻ രാജ്യങ്ങൾ ആഗോള തലത്തിൽ കോവിടിലിൽ നിന്ന് രക്ഷപ്പെട്ടു കഴിയുന്നവരാണ്. അവരാരും പൊങ്ങച്ചം പറഞ്ഞു കേട്ടില്ല. ഏത് രോഗമായാലും ശരിയായ ചികിത്സ നടത്തിയാൽ രോഗ സൗഖ്യ൦ നേടും. അതിന് പരിചയ സമ്പന്നരായ ആരോഗ്യ് രംഗത്തുള്ളവർ നമ്മുക്കുണ്ട്. അവർ പൊങ്ങച്ചം പറഞ്ഞാലും ആരും അംഗീകരിക്കില്ല.കാരണം കേരളം വളർത്തിയെടുത്ത ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം മലയാളിക്കുണ്ട്. കേരള സർക്കാർ ഒരു കാര്യമറിയുക. വേണ്ടുന്ന പരിരക്ഷ കിട്ടാതെ പ്രവാസികൾ ലോകമെമ്പാടും മരണപ്പെടുന്നു. സ്വന്തം വിടും നാടും പ്രിയപ്പെട്ടവരെ പിരിഞ്ഞു കൊറോണക്ക് മുന്നിൽ പകച്ചുനിൽക്കുന്നവരാണവർ. അവരുടെ ഏക ആശ്രയം ജന്മനാടാണ്.അവർക്ക് വേണ്ടുന്ന താങ്ങും തണലുമൊരുക്കുക. എത്രയോ എം.പി മാർ ലോകസഭയിലുണ്ട്. അവർ വഴിപോലും സ്വന്തം സഹോദരി സഹോദരങ്ങളെ നാട്ടിൽ എത്തിക്കാത്ത സർക്കാർ സമീപനങ്ങോളോടെ ഒരിക്കലും യോജിക്കാനാവില്ല. രാഷ്ട്രീയ പോരുകൾക്കിടയിൽ ഇവിടെ വേട്ടയാടപ്പെടുന്നത് പാവം പ്രവാസികൾ. സ്വാർത്ഥ ലാഭത്തിന്റെ സാഫല്യത്തിനായി പ്രവാസികളെ ഇരയാക്കാതിരിക്കുക.

കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യ അടക്കം അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ ചികിൽസയിലാണ്.

ഹൃദയാഘാതത്തെത്തുടർന്ന് മെയ് 17 നാണ് ഹൈദരാബാദിലെ ശിവാജി നഗറിൽ താമസിച്ചിരുന്ന കായംകുളം സ്വദേശിയായ 64 കാരൻ മരിച്ചത്. അന്നുതന്നെ ശിവാജി നഗറിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇവരുടെ വീടിനോട് ചേർന്നുള്ള 20 ഓളം ആളുകൾ സംസ്‌കാര ചടങ്ങിൽ സംബന്ധിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം മെയ് 19 നാണ് മരിച്ചയാളുടെ ഭാര്യയ്ക്ക് കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിലാക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ശവസംസ്‌കാരചടങ്ങിൽ പങ്കെടുത്ത നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

മരിച്ചയാൾ നേരത്തെ പനിയ്ക്ക് സ്വകാര്യ ക്ലിനിക്കിൽ ചികിൽസ തേടിയിരുന്നു എന്നാണ് വിവരം. എന്നാൽ ഇയാൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.

മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പിടിയിലായ ലക്ഷ്മി കേസിലെ 23ാമത്തെ പ്രതി. ആന്ധ്രാപ്രദേശ് സ്വദേശിയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് യുവതികളേയും മറ്റും ചതിയിൽപ്പെടുത്തുന്ന പെൺ വാണിഭസംഘത്തിലെ അംഗവുമായ പ്രഭാവതി എന്ന ലക്ഷ്മിയാണ് പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി ലക്ഷ്മിയുടെ കെണിയിൽപ്പെടുന്നത്. പിന്നീട് വാട്സ് ആപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഈ സംഘം പലർക്കുമയക്കുകയായിരുന്നു. സുഷി എന്നയാൾ വഴിയാണ് ലക്ഷ്മി പീഡനത്തിനിരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്.

ഓൺലൈൻ സെക്‌സ് സൈറ്റ് സന്ദർശകരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽ നിന്നും തുക മുൻകൂർ വാങ്ങിയാണ് ഈ സംഘം ഇടപാടുകൾ നടത്തിവന്നിരുന്നത്.

മറ്റുള്ളവർ പിടിയിലായതറിഞ്ഞ സുഷി അയൽ സംസ്ഥാനത്തേക്ക് മുങ്ങുകയും വീണ്ടും ഇരിങ്ങാലക്കുടയിലും കൈപ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തവേ ഏതാനും മാസം മുൻപ് പിടിയിലായിരുന്നു. ഇയാളിൽനിന്നുമാണ് മറ്റുള്ളവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയത്.

ഇടുക്കിയിലെ വെള്ളത്തൂവലിൽ ഒളിവിൽ കഴിയവേയാണ് ലക്ഷ്മി പിടിയിലായത്. ചാലക്കുടിയിലെത്തിച്ച ലക്ഷ്മിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴ അനുഭവപ്പെട്ടു. കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.

താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലും കടകളിലുമടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത കാറ്റില്‍ വ്യാപക കൃഷിനാശവും ഉണ്ടായി. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളില്‍ വെള്ളം കയറി. കിള്ളിയാര്‍ കര കവിഞ്ഞൊഴുകുകയാണ്. ആനാട് പഞ്ചായത്തില്‍ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂര്‍, കുറ്റിച്ചല്‍ ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചിറ്റാര്‍ കരകവിഞ്ഞ് ഇരുകരകളിലെയും വീടുകളിലും കടകളിലും വെള്ളം കയറി. നാട്ടുകാരടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ഇതുമൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞ് ബണ്ട് റോഡ് ഭാഗത്ത് വീടുകളില്‍ വെള്ളം കയറി.കേരളത്തില്‍ ഇന്നും വ്യാപകമായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗണിനിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. പൃഥ്വിരാജും സംഘവും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് കൊച്ചിയിലെത്തിയത്.

ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായാണ് 58 അംഗ സംഘം ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു.

കേരളത്തിൽ തിരിച്ചെത്തിയ സംഘം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്‍റീൻ പാലിക്കും. ഫോര്‍ട്ട് കൊച്ചിയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പണം നൽകിയുള്ള ക്വാറന്‍റീൻ സൗകര്യമാണ് ഫോര്‍ട്ട് കൊച്ചിയിൽ ഒരുക്കിയിട്ടുള്ളത് . പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലേക്കു പോകും. ആടു ജീവിതത്തിന്‍റെ സംവിധായകൻ കൂടിയായ ബ്ലസി തിരുവല്ലയിലെ വീട്ടിലാകും ക്വാറന്‍റീനിൽ കഴിയുകയെന്നാണ് വിവരം.

പൃഥ്വിരാജിനും സംവിധായകന്‍ ബ്ലെസിക്കുമൊപ്പം ചിത്രീകരണ സംഘത്തിലെ 56 പേരുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താളവളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ച്‌ രണ്ടാംവാരത്തിലാണ് സംഘം ഷൂട്ടിംഗിനായി ജോര്‍ദാനിലെത്തിയത്.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഒരു മുറിയിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർഥികളുടെ എണ്ണം 20 ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫർണിച്ചർ അണുവിമുക്തമാക്കും.

വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ കൂടി മാത്രമേ പ്രവേശനം അനുവദിക്കൂ. എസ്എസ്എൽസിക്ക് 4.5 ലക്ഷവും ഹയർസെക്കൻഡറിയിൽ 9 ലക്ഷവും ഉൾപ്പെടെ 13.5 ലക്ഷം വിദ്യാർഥികളാണ് മേയ് 26 മുതൽ 30വരെ പരീക്ഷ എഴുതുന്നത്.

സ്കൂളുകൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാൽ 25ന് മുൻപ് പരീക്ഷ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ ശുചിയാക്കണമെന്ന് പരീക്ഷ നടത്തിപ്പിനായി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം.

സാമൂഹിക അകലം പാലിക്കുന്നതിനായി പരമാവധി ഹയർസെക്കൻഡറി ക്ലാസ് മുറികൾ പരീക്ഷയ്ക്കായി ഉപയോഗിക്കണം. പരീക്ഷയ്ക്ക് മുൻപും ശേഷവും വിദ്യാർഥികളെ കൂട്ടംചേരാൻ അനുവദിക്കരുത്. വിദ്യാർഥികൾക്ക് മാസ്ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം. സാനിറ്റൈസറിന്റെയും സോപ്പിന്റെയും തുക പരീക്ഷാ ഫണ്ട്–സ്പെഷൽ ഫീ അക്കൗണ്ടിൽനിന്ന് ഉപയോഗിക്കാം.

ഗതാഗത സൗകര്യം ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പ്രധാന അധ്യാപകൻ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കാം. തദ്ദേശസ്ഥാപനങ്ങളുടേയും പട്ടികജാതി പട്ടികവർഗ വകുപ്പുകളുടേയും സഹായം തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും ഉപയോഗിക്കാം. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കാണ് ഇതിന്റെ ചുമതല. ആവശ്യമെങ്കിൽ ബസുകൾ വാടകയ്ക്ക് എടുക്കാം.

പരീക്ഷ കേന്ദ്രമാറ്റത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിൽനിന്നും എത്രപേർ അപേക്ഷിച്ചിട്ടുണ്ടെന്നും മറ്റു ജില്ലകളിൽനിന്ന് എത്രപേർ അപേക്ഷിച്ചിട്ടുണ്ടെന്നും ചീഫ് സൂപ്രണ്ടുമാരെ അറിയിക്കും. ഇതിനനുസരിച്ച് സൗകര്യം ഏർപ്പെടുത്തണം. പരീക്ഷാ ജോലിക്കു ചുമതലപ്പെടുത്തിയ എല്ലാ അധ്യാപകരും നിർബന്ധമായും ജോലിക്കു ഹാജരാകണം.

ചോദ്യപേപ്പറുകളുടെ സുരക്ഷ ചീഫ് സൂപ്രണ്ടുമാർ ഉറപ്പാക്കണം. കോവിഡ് സെന്ററുകളായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അധികാരികളുടെ അനുമതി വാങ്ങി പരീക്ഷയ്ക്ക് സജ്ജമാക്കണം. വിദ്യാലയങ്ങൾ വിട്ടുകിട്ടിയില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണം. ഈ വിവരം വിദ്യാർഥികളെയും രക്ഷിതാക്കളെയും 24ന് മുന്‍പ് അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു

ജിബിൻ ആഞ്ഞിലിമൂട്ടിൽ

അഭിനയമികവിന്റെ,നടനവൈഭവത്തിന്റെ ,മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത മഹാനടനത്തിന് ഇന്ന് 60 വയസ്സ്. മോഹൻലാൽ എന്നാൽ മലയാളസിനിമയുടെ അഭിമാനവും അഹങ്കാരവും ആണെന്നതിൽ സംശയമില്ല.വിശ്വനാഥൻ നായരുടെയും, ശാന്തകുമാരിയേടും മകനായി 1960 പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനനം.മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലെ ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ തിരുവനന്തപുരത്തെ മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ ആയിരുന്നു കുട്ടിക്കാലം.ആ നാട്ടിലെ ഒരു ചെറിയ സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലഘട്ടത്തിന്റെ തുടക്കം.പ്രിയദർശൻ, എംജിശ്രീകുമാർ തുടങ്ങിയവർ ആയിരുന്നു അദ്ദേഹത്തിന്റെ സഹപാഠികൾ.ആ സൗഹൃദം ഇന്നും വളരെ ശക്തമായി തുടരുന്നു.

തിരുവനന്തപുരം മോഡൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി,അക്കാലത്ത് തന്നെ നാടകങ്ങളിൽ മറ്റും അഭിനയിക്കുമായിരുന്നു.ഉപരിപഠനം തിരുവനന്തപുരം എംജി കോളേജിൽ പൂർത്തിയാക്കി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ. മോഹൻലാലിന്റെ ആദ്യ സിനിമ തിരനോട്ടം ആയിരുന്നു എന്നാൽ അത് റിലീസായില്ല.

മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ(1980) ആയിരുന്നു.അന്ന് മോഹൻലാലിന്റെ പ്രായം 20വയസ്സ്.ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.1983ൽ പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെ ആണ് മോഹൻലാൽ നായകപദവിയിലേക്ക് ചേക്കേറുന്നത്.മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രങ്ങൾ ആയിരുന്നു കിലുക്കം, മിന്നാരം,തേന്മാവിൻ കൊമ്പത്ത് തുടങ്ങിയവ.1986 മുതൽ 1995 വരെ മലയാള സിനിമയുടെ സുവർണ കാലഘട്ടമായാണ് കണക്കാക്കുന്നത്.ഈ കാലത്ത് റിലീസായ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു.മോഹൻലാലിന്റെ അഭിനയ രംഗത്തെ മികച്ച തുടക്കങ്ങളായിരുന്നു ഇതൊക്കെ.

മോഹൻലാലിന്റെ കൂടെ നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചത് ശോഭന ആണ്;പത്തൊൻപത് സിനിമകളിൽ.ഉർവശിക്കൊപ്പം 16 സിനിമയിൽ നായകനായി.പ്രിയ സുഹൃത്ത് പ്രിയദർശനോടൊപ്പം മലയാള സിനിമയിൽ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച്,ആഭിനയിച്ച് താരപദവിയിലേക്ക് നടന്നടുക്കുകയായിരുന്നു മോഹൻലാൽ.എൺപതുകളുടെ പകുതിയിൽ സൂപ്പർ സ്റ്റാർ പദവിയിൽ.1986 ൽ മാത്രം 34സിനിമകളിൽ അഭിനയിച്ചു .1986 പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ഗോപാലൻ എം.എ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.1989 ൽ കിരീടം സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം മോഹൻലാലിന് ലഭിച്ചു. 1991 ൽ ഭരതം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.പിന്നീട് മോഹൻലാൽ മലയാള സിനിമയുടെ താരരാജാവായി ആണ് തന്റെ യാത്ര തുടർന്നത്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ.

2001 ൽ പത്മ ശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.പത്മ ഭൂഷൺ,ലെഫ്റ്റനന്റ് പദവി തുടങ്ങി നിരവധി അംഗീകാരങ്ങൾ മോഹൻലാൽ എന്ന നടനവിസ്മയത്തെ തേടിയെത്തി.മോഹൻലാൽ ഇതുവരെ അഭിനയിച്ച ആകെ സിനിമകളുടെ എണ്ണം 341.തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.നടനപ്പുറം നിർമ്മാതാവ്, പാട്ടുകാരൻ,എഴുത്തുകാരൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചു.മോഹൻലാൽ എന്ന പേരിനൊപ്പം ചേർത്ത് വായിക്കുന്ന ഒരു പേരാണ് ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിത്വവും.ആദ്യകാലത്ത് മോഹൻലാലിന്റെ ഡ്രൈവറും,പിന്നീട് വ്യാവസായിക സംരഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ നിർമ്മാണ കമ്പനി ആണ് ആശിർവാദ് സിനിമാസ്.കാലക്രമേണ മോഹൻലാലിന്റെ ഉത്തമ സുഹൃത്തായ ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ അഭിനയ ജീവിത വഴികളിൽ നിഴലായി ഇപ്പോഴും കൂടെയുണ്ട്.അഭിനയമികവിന്റെ വഴിയിൽ വിജയത്തിന്റെ തേര് തെളിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന മോഹൻലാൽ എന്ന മഹാനടനവിസ്മയത്തിന്റെ സ്വപ്നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. സിനിമയ്ക്ക് പേരും ആയി “ബറോസ്”.
അറുപതിന്റെ നിറവിൽ നിൽക്കുന്ന താരരാജാവിന് മലയാളംയുകെയുടെ പിറന്നാൾ ആശംസകൾ….

സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോട്ടയം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് രണ്ടുപേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തു നിന്നും(യുഎഇ-8, കുവൈറ്റ്-4, ഖത്തർ1, മലേഷ്യ1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നവരാണ്.

അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന എട്ടുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വയനാട് ജില്ലയിൽനിന്നും അഞ്ചു പേരുടെയും (ഒരു മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽനിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് നിലവിൽ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 510 പേർ രോഗമുക്തരായി. എയർപോർട്ട് വഴി 5,495 പേരും സീപോർട്ട് വഴി 1,621 പേരും 332ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയിൽവേ വഴി 2136 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 80,138 പേർ നിരീക്ഷണത്തിലാണ്. 79,611 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 527 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RECENT POSTS
Copyright © . All rights reserved