യുഎസിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികൾ 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോർക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ(82), ടെക്സസിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാൻഡർ സാബു എൻ. ജോണിന്റെ മകൻ പോൾ (21) എന്നിവരാണ് മരിച്ചത്.
ലാലുപ്രതാപ് ജോസ് ന്യുയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രഷനിൽ (സബ് വെ) ട്രാഫിക് കൺട്രോളറായിരുന്നു. മറിയാമ്മ മാത്യു കോവിഡ് ബാധിതയായി വിൻത്രോപ് ആശൂപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യയാണ്. മക്കള്‍: വിനി, വിജു, ജിജു.
ആലപ്പുഴ കരുവാറ്റ വടക്ക് താശിയിൽ സാംകുട്ടി സ്കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്സിയിൽ കഴിഞ്ഞ ദിവസം മരിച്ചു. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. 8 വർഷമായി യുഎസിലാണ്. മക്കൾ: സീന (ദുബായ്), സ്മിത, ക്രിസ് (ന്യൂ ജഴ്സി). മരുമകൻ: അനീഷ്.
പോളിന് ഹോസ്റ്റലിൽനിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയിൽനിന്നു വിരമിച്ച ശേഷം ഡാലസിൽ ഐബിഎമ്മിൽ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരൻ ഡേവിഡ്.
ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ
കോവിഡ് – 19 രാജ്യത്തെ പിടിച്ചു കുലുക്കുകയും ബ്രിട്ടണിലെമ്പാടും ലോക് ഡൗൺ നിലവിൽ വരികയും ചെയ്തതോടുകൂടി സ്റ്റുഡന്റ് വിസയിൽ ബ്രിട്ടണിലുള്ള നിരവധി മലയാളികൾ കടുത്ത പ്രതിസന്ധിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. പലരും ഭക്ഷണം പോലും ഇല്ലാതെ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നത് ഇതിനുപുറമേ പലർക്കും കൊറോണ വൈറസ് ബാധയേറ്റത് സ്ഥിതിഗതികൾ വഷളാക്കുന്നു. സ്റ്റുഡന്റ് വിസയിലെത്തി കുടുംബമായി കഴിയുന്നവരാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടർന്ന് നിരവധി പേർക്ക് ജോലി നഷ്ടമായതാണ് പ്രശ്നങ്ങൾക്ക് കാരണം.
സ്റ്റുഡൻസ് വിസയിൽ എത്തിയവർ പലരും ചെറുകിട റീടെയിൽ ഷോപ്പുകളിൽ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും സ്റ്റുഡന്റ് വിസയിൽ എത്തിയവർക്ക് ഇല്ലെന്നുള്ളത് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് രണ്ടുവർഷത്തെ സ്റ്റേബാക്ക് അനുവദിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ കൂടി കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികളുടെ കടുത്ത ഒഴുക്കായിരുന്നു. പലരും വീടും വസ്തുവും പണയപ്പെടുത്തിയാണ് എങ്ങനെയും കടൽകടന്ന് ഒരു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹത്തോടെ യുകെയിൽ എത്തിയത്. യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി സ്ഥിരതാമസമാക്കിയ പലരുടെയും കഥകൾ ഇത്തരക്കാർക്ക് പ്രചോദനം ആവുകയും ചെയ്തു.
എന്നാൽ അവിചാരിതമായി കടന്നുവന്ന കൊറോണ ദുരന്തം ഇവരുടെയെല്ലാം പ്രതീക്ഷകളെ തട്ടിമറിച്ചിരിക്കുകയാണ്. കടുത്ത ജീവിത ചിലവുള്ളതിനാൽ യുകെ പോലുള്ള രാജ്യങ്ങളിൽ പാർട്ട് ടൈം ജോലി എങ്കിലും ഇല്ലാതെ പിടിച്ചുനിൽക്കാനാവില്ല. സ്ഥിരതാമസക്കാരാകാൻ സാധ്യത കുറവായതിനാൽ വിവിധ സ്ഥലങ്ങളിലുള്ള മലയാളി അസോസിയേഷനുകൾക്കും ഇവരുടെ കാര്യത്തിൽ താത്പര്യമില്ല. ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ വിഷമിക്കുന്ന സ്റ്റുഡന്റ് വിസക്കാർക്ക് മലയാളി സംഘടനകളുടെ സഹായം, നാട്ടിൽ പോകാൻ താൽപര്യമുള്ളവർക്ക് സൗകര്യമൊരുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഇടപെടലുകളുമാണ് മലയാളി വിദ്യാർഥികളുടെ ആവശ്യം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണാ കാലത്തെ സാമ്പത്തിക നേട്ടത്തിനായുള്ള ഉത്സവകാലമാക്കാനുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ. കൊറോണാ കാലത്ത് ജീവൻ പണയം വെച്ച് പോരാടുന്ന നഴ്സുമാരുടെ ശമ്പളം 50 മുതൽ 80 ശതമാനം വരെ ചില സ്വകാര്യ മാനേജ്മെന്റുകൾ വെട്ടിക്കുറച്ചതായി ജാസ്മിൻഷാ ആരോപിച്ചു. 20000 രൂപയും അതിൽ കുറവും മാസ ശമ്പളം ലഭിക്കുന്ന നഴ്സുമാർക്കാണ് ഈ ദുരവസ്ഥ. ഇന്ത്യയിൽ പലയിടത്തും നഴ്സുമാർക്ക് ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകാതെ ചാവേറാകാൻ ആണ് നേഴ്സുമാരുടെ വിധി.
സമാന വിഷയത്തിൽ മലയാളം യുകെയിൽ വന്ന വാർത്ത
ചില മാനേജ്മെന്റുകൾ കോവിഡ് – 19 രോഗിയാണെന്നുള്ള വിവരം നഴ്സുമാരിൽ നിന്ന് മറച്ചുവെച്ച് ജോലി എടുപ്പിക്കുന്നത് നഴ്സുമാരുടെ ജീവന് ഭീഷണിയാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും നഴ്സുമാരിലും ആരോഗ്യപ്രവർത്തകരിലും കോവിഡ് പകരാൻ കാരണം ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണെന്ന് ജാസ്മിൻഷാ ചൂണ്ടിക്കാട്ടി. മാലാഖ വിളി നിർത്തി മനുഷ്യരായി കണ്ട് നേഴ്സുമാർക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും നൽകാൻ ജാസ്മിൻഷാ അധികാരികളോട് ആവശ്യപ്പെട്ടു.
നിരത്തിൽ മാത്രമല്ല ആകാശത്തും പറന്നു നടന്ന് നിരീക്ഷണത്തിലാണ് കേരള പൊലീസ്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനിടെ തലയിൽ തുണിയിട്ട് ഓടുന്നവരുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂട്ടമായി കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസിന്റെ ഡ്രോൺ എത്തുന്നതെങ്കിലോ? ആ കാഴ്ചയാണ് ഇപ്പോൾ ചിരി നിറയ്ക്കുന്നത്.
വയനാട് മാനന്തവാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതാണ് കുറച്ച് യുവാക്കൾ. ഇതിനിടയിലാണ് ഡ്രോൺ വരുന്നത്. പിന്നീട് സംഭവിച്ചത് പൊലീസ് ട്രോളാക്കി. വിഡിയോ കാണാം.
ഏപ്രില്‍ 15 മുതല്‍ ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്കായാണ് ആദ്യ സര്‍വീസുകള്‍. കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ്. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സര്‍വീസുകളെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ വെബ്സൈറ്റിലൂടെ വിമാന ടിക്കറ്റ് സ്വന്തമാക്കിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭ്യമല്ല. 1800 ദിര്‍ഹം (37000 രുപ) മുതലാണ് ടിക്കറ്റ് നിരക്ക്.
നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്കും വേണ്ടിയാവും ആദ്യ സര്‍വീസുകള്‍ എന്നാണ് സൂചന. ഏഴ് കിലോഗ്രാമിന്റെ ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കു. മറ്റ് ലഗ്ഗേജുകള്‍ കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രില്‍ 15 മുതല്‍ ഫ്‌ളൈ ദുബായ് യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ളവ ഈമാസം മുപ്പതോടെ സര്‍വീസ് ആരംഭിച്ചേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഗള്‍ഫില്‍ ഇത് വരെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. മരണ സംഖ്യ അറുപതും.
ലോക് ഡൗണ്‍ മൂലം അര്‍ഹിച്ചിരുന്ന അന്ത്യയാത്ര ലഭിക്കാതെ പോയ ശശി കലിംഗയെക്കുറിച്ച് സിനിമ-നാടക അഭിനേതാവ് വിനോദ് കോവൂരിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെങ്കിലും വിനോദ് അവസാനമായി തന്റെ സഹപ്രവര്‍ത്തകനെ കാണാനായി പോയിരുന്നു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നത് സഹിക്കാന് കഴിയാത്ത കാഴ്ച്ചയാണെന്നാണ് വിനോദ് സങ്കടത്തോടെ എഴുതുന്നത്. ഒരു റീത്ത് പോലും വയ്ക്കാന്‍ സാധിക്കാതെ പോയെന്ന നിരാശയും ഈ കുറിപ്പിലൂടെ വിനോദ് പങ്കുവയ്ക്കുന്നുണ്ട്.
വിനോദ് കോവൂരിന്റെ കുറിപ്പ്;
നാടക സിനിമാ നടന്‍ ശശി കലിംഗ വിടവാങ്ങി.
കാലത്ത് മരണ വിവരം അറിഞ്ഞത് മുതല്‍ സിനിമാ പ്രവര്‍ത്തകരെ പലരേയും വിളിച്ചു നോക്കി. എന്നാല്‍ ലോക് ഡൗണ്‍ കാലാവസ്ഥ കാരണം ആര്‍ക്കും വരാന്‍ ധൈര്യം വന്നില്ല. എങ്ങനെ എങ്കിലും പോയി ശശിയേട്ടനെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അര്‍പ്പിക്കണം എന്ന് മനസ് ആഗ്രഹിച്ചു അമ്മ അസോസിയേഷനുമായ് ബന്ധപ്പെട്ടു. ആര്‍ക്കും എത്താന്‍ പറ്റാത്ത ചുറ്റുപാടാണ് ,വിനോദ് പറ്റുമെങ്കില്‍ ഒന്നവിടം വരെ ചെല്ലണം എന്നു ഇടവേള ബാബു ചേട്ടന്‍ പറഞ്ഞു. അപ്പോഴാണ് ആകസ്മികമായ് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്ലെല്ലാം സജീവ പ്രവര്‍ത്തകനായ ആഷിര്‍ അലി വിളിക്കുന്നു വിനോദേ ശശിയേട്ടനെ കാണാന്‍ പോവുന്നുണ്ടോന്ന് ചോദിച്ച് .ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാറുമായ് വരാം വിനോദ് റെഡിയായ് നിന്നോളൂന്ന്.
പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ എന്ന നടന്‍ മരിച്ചു കിടക്കുന്നു. ഈ പോസ്റ്റിനോടൊപ്പം ഞാനിട്ട ഫോട്ടോയില്‍ നിങ്ങള്‍ക്ക് കാണാം. വിരലില്‍ എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നു. ഈ കൊറോണ എന്ന വിപത്ത് നമ്മുടെ നാട്ടില്‍ വന്നില്ലായിരുന്നെങ്കില്‍ ശശിയേട്ടന്റെ സഹപ്രവര്‍ത്തകരെ കൊണ്ടും ആരാധകരെ കൊണ്ടും നാട്ടുകാരെ കൊണ്ടും അവിടമാകെ തിങ്ങി നിറഞ്ഞേനേ. നിര്‍ഭാഗ്യവാനാണ് ശശിയേട്ടന്‍. ഇടവേള ബാബു ചേട്ടന്‍ പറഞ്ഞിരുന്നു പറ്റുമെങ്കില്‍ കിട്ടുമെങ്കില്‍ ഒരു റീത്ത് അമ്മയുടെ പേരില്‍ വെക്കണംന്ന്. പക്ഷെ റീത്തൊന്നും അവശ്യ സര്‍വീസില്‍ പെടാത്ത സാധനമായത് കൊണ്ട് എവിടുന്നും കിട്ടീല .ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കള്‍ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാന്‍ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തില്‍ സമര്‍പ്പിച്ചു പറഞ്ഞു ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ. കലാകുടുംബത്ത് നിന്ന് വേറെ ആരും വന്നിട്ടില്ല നാട്ടിലെ സാഹചര്യമൊക്കെ ശശിയേട്ടന് അറിയാലോ? സത്യത്തില്‍ കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നെങ്കില്‍ ഇപ്പോള്‍ ശശിയേട്ടന്റെ മൃതശരീരം കോഴിക്കോട് ടൗണ്‍ഹാളില്‍ പ്രദര്‍ശനത്തിന് വെക്കേണ്ട സമയമായിരുന്നു. ലോക് ഡൌണ്‍ കാരണം ഒന്നിനും ഭാഗ്യമില്ലാതെ പോയി ശശിയേട്ടന്. 5 സിനിമ കളില്‍ ശശിയേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് ഞാന്‍ .എന്നെ വലിയ പ്രിയമായിരുന്നു . ‘ഏറ്റവും ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമ വി.എം വിനുവിന്റെ കുട്ടിമാമയായിരുന്നു. സന്തോഷമുള്ള ഏറെ ഓര്‍മ്മകള്‍ ആ ഷൂട്ടിംഗ് നാളുകളിലുണ്ടായിരുന്നു. ഞങ്ങള്‍ വാപ്പയും മകനുമായി അഭിനയിച്ച ഒരു സിനിമ വെളിച്ചം കാണാതെ പോയി അത് വലിയ ഒരു സങ്കടമായ് അവശേഷിക്കുന്നു.
ശശിയേട്ടാ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നാടക പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
ലോക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നടത്തുന്ന റേഷന്‍ വിതരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാമ് നടന്‍ മണിയന്‍ പിള്ള രാജുവിന്റെ വാക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. റേഷന്‍ വിതരണത്തെ അഭിനന്ദിക്കുന്നവരെപ്പോലെ തന്നെ ചിലര്‍ എതിര്‍ത്തും രംഗത്തു വരുന്നുണ്ടെന്നു പറഞ്ഞാണ് മണിയന്‍പിള്ള രാജുവിനെ പരാമര്‍ശിച്ചത്.
റേഷനരി മോശമാണെന്നു ചിലരുടെയൊക്കെ ഫെയ്‌സ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് താന്‍ റേഷന്‍ അരി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു പറഞ്ഞത്. റേഷന്‍ അരിയും ജീവിതവുമായി ബന്ധപ്പെട്ട് വൈകാരികമായ അനുഭവങ്ങളും രാജു ഈ അഭിമുഖത്തില്‍ പങ്കുവയ്്ക്കുന്നുണ്ട്. മകനും നടനുമായ നിരഞ്ജനുമൊത്തായിരുന്നു തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള റേഷന്‍ കടയില്‍ നിന്നും അരി വാങ്ങിയത്. അതെക്കുറിച്ച് മണിയന്‍ പിള്ള രാജു പറയുന്നത് ഇങ്ങനെയാണ്;
‘റേഷന്‍ വാങ്ങാനായി ഇറങ്ങിയപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു ഒരാളുടെ പ്രതികരണം. എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണു ഞാന്‍ ഇവിടെ വരെ എത്തിയത്. കുട്ടിക്കാലത്ത് കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.’
‘നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റം. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറ്.
റേഷനരികൊണ്ടു വയ്ക്കുന്ന നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. അന്നൊക്കെ കഞ്ഞിവെള്ളത്തില്‍ മുക്കിയ വസ്ത്രം ധരിച്ചവന്റെ അടുത്തിരുന്നാല്‍ ആ ചോറിന്റെ മണം വരും. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല; മണിയന്‍പിള്ള രാജു പറയുന്നു.
നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റേഷന്‍ അരിയെ കുറ്റം പറയുന്നവര്‍ക്കായി എന്നു ചൂണ്ടിക്കാട്ടി നിരവധി പേര്‍ രാജുവിന്റെ അഭിമുഖം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനസ്വാധീനമുള്ളൊരു നടന്റെ പിന്തുണയായും മണിയന്‍പിള്ള രാജുവിന്റെ അനുഭവങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതും അതേ കാര്യമാണ്.
കൊവിഡ് 19 ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുമെങ്കിലും 21 ദിവസത്തേയ്ക്ക് കൂടി ലോക്ക് ഡോണ്‍ നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ.ഗോപീകുമാറും അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തെ വിവിധ ഭാഗങ്ങളിലേയും വിദേശത്തേയും ആരോഗ്യ വിദഗ്ധരുമായി കഴിഞ്ഞകുറച്ച് ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
യുകെ, യുഎസ്, ഇറ്റലി, ജര്‍മ്മനിസ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും അപേക്ഷിച്ച് കൊവിഡിനെതിരായ പ്രതിരോധത്തില്‍ മികച്ച നടപടികള്‍ കൈക്കൊണ്ട നടപടികള്‍ മികച്ചതാണ്. ഈ നേട്ടം നിലനിര്‍ത്തണമെങ്കില്‍ 21 ദിവസം കൂടി ലോക്ക് ഡൗണ്‍ തുടരണം.
ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകളെത്തുന്ന നിലയുണ്ടാകാം. ഇത് കേരളത്തില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് പല രാജ്യങ്ങളും കേസുകൾ പതിനായിരത്തിനടുത്തെത്തിയപ്പോളാണ് ലോക്ക് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ഇന്ത്യ 500ൽ താഴെ കേസുകൾ നിൽക്കെത്തന്നെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കേസുകൾ പിടിച്ചുനിർത്താൻ സഹായിച്ചതായും ഐഎംഎ വിലയിരുത്തി.
തന്റെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ജൂഹി രസ്‌തോഗി. ഇതുമായി ബന്ധപ്പെട്ട് താരം ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത് .
സമൂഹത്തിൽ താറടിച്ച് കാണിച്ച് മാനസിക സമ്മർദം ഉയർത്തി തന്നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇവർക്കെന്നും ജൂഹി ചൂണ്ടിക്കാട്ടുന്നു. ഈ ചെറുപ്രായത്തിൽ തന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവുമായി ഇറങ്ങിയവർക്കെതിരെ നടപടി എടുക്കുകയും പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ജൂഹി ആവശ്യപ്പെടുന്നു. പ്രചരിക്കുന്നവയെല്ലാം വ്യാജമാണെന്ന് പറഞ്ഞ് പ്രേക്ഷകർക്കായും ജൂഹി ഒരു ഇൻസ്റ്റാഗ്രാം സന്ദേശം നൽകുന്നു.
ജോജി തോമസ്, ന്യൂസ് ഡെസ്ക് , മലയാളം യുകെ
എണ്ണ വിപണി ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ തുടങ്ങിയതിൽ പിന്നെ ക്രൂഡോയിൽ വ്യവസായം ചരിത്രത്തിലെ സമാനതകളില്ലാത്ത വില തകർച്ചയെ നേരിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് – 19 മൂലം ലോകജനസംഖ്യയിൽ ഭൂരിപക്ഷവും വീടിനുള്ളിലായതോടുകൂടി ക്രൂഡോയിലിന്റെ ആവശ്യത്തിൽ ദിനംപ്രതി 1.5 കോടി ബാരൽ മുതൽ 2 കോടി ബാരലിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്.എണ്ണ സംഭരണ കേന്ദ്രങ്ങളുടെ ശേഷി കഴിയുന്നതോടുകൂടി റിഫൈനറികളിലെ എണ്ണ ഉൽപാദനം തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.
ക്രൂഡോയിൽ വില ബാരലിന് സമീപഭാവിയിൽതന്നെ 10 ഡോളർ വരെ താഴാൻ സാധ്യതയെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂഡോയിൽ വിലയുടെ വൻ തകർച്ച ഗൾഫ് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽരംഗത്തെ കൂട്ടപ്പിരിച്ചുവിടലിനും കാരണമാകും. 25 ലക്ഷത്തോളം മലയാളികൾ തൊഴിൽ പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിലെ ഈ പ്രതിസന്ധി കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് റബ്ബറിന്റെ വിലയിടിവും , കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ ലോക് ഡൗണിനെ തുടർന്നു തകർച്ചയിലായ കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാകും. പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. കാരണം പ്രവാസി നിക്ഷേപങ്ങൾ പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ഇപ്പോൾ തന്നെ കനത്ത വില തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തൽ.