സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തിലെ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിരുവനന്തപുരത്ത് വൈകീട്ട് നാല് മണിയോടെയാണ് മഴ തുടങ്ങിയത്. കടുത്ത ചൂടിനിടെ വേനല്‍മഴ എത്തിയത് ആശ്വാസമായി.
ശക്തമായ കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായി വിവരമുണ്ട്. എന്നാല്‍ മറ്റുനാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ കോട്ടയം ജില്ലയിലെ പലയിടത്തും ഞായറാഴ്ച വൈകീട്ടോടെ ശക്തമായ കാറ്റും മഴയുമുണ്ടായി. കുറുവിലങ്ങാട് മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒരു വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കൃഷിസ്ഥലങ്ങളിലെ വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തി. ചങ്ങനാശേരി പായിപ്പാട് വൈദ്യുത തൂണുകള്‍ റോഡിലേക്ക് വീണു. പലയിടത്തും മഴ തുടരുകയാണ്.
കൊല്ലം: ബന്ധുവിെന്റ വീടിനു പെട്രോള്‍ ഒഴിച്ചു തീവെച്ചയാള്‍ പൊള്ളലേറ്റു മരിച്ചു. കടവൂര്‍ സ്വദേശിയായ ശെല്‍വമണി (37) ആണ് മരിച്ചത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവനാട് മീനത്തു ചേരി റൂബി നിവാസില്‍ ഗേര്‍ട്ടി രാജനാണ് (65) പൊള്ളലേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.
പുലര്‍ച്ചെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആദ്യം വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഇത് കണ്ട് യുവതിയും വീട്ടുകാരും പിന്‍വാതിലിലൂടെ ഓടി. ഇതിനിടെ ഇവരുടെ ദേഹത്തേക്ക് ശെല്‍വമണി മണ്ണെണ്ണ ഒഴിച്ചു. തൊട്ടുപിന്നാലെ സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീ ആളിപ്പടരുന്നതിനിടെ യുവാവ് യുവതിയുടെ അടുത്തേക്ക് ഓടിയടുത്തു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പൊള്ളലേറ്റത്. ഓടിരക്ഷപ്പെട്ടതിനാല്‍ യുവതിയ്ക്ക് പരിക്കേറ്റില്ല. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെല്‍വമണിയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ബന്ധുവായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഈ പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്
മലയാളി വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കിൽ കൊവിഡ് ബാധിച്ച് മരിച്ചു, തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാമാണ് മരിച്ചത് . 21 വയസ്സുണ്ട്.
വൈറസ് ബാധയേറ്റ ഷോണ്‍ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മരണം സംഭവിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം
ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം. നന്ദി- മോദി ട്വീറ്റ് ചെയ്തു.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
ശനിയാഴ്ചയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു-എന്നായിരുന്നു മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു.
ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. ഇത് മറ്റെങ്ങും അല്ല തലസ്ഥാനത്ത് തന്നെയാണ്. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് ജനിച്ചിട്ടത് ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ നിലയിലായിരുന്നു ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
നാട്ടുകാരനായ യുവാവാണ് ആദ്യം ഈ കാഴ്ച കണ്ടത്. ഉടൻതന്നെ ഇയാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ഡൗണ്‍ ആയതിനാൽ അധികമാരും പുറത്തിറങ്ങിയിരുന്നില്ല.
ജനിച്ചിട്ട് 5 ദിവസം പ്രായമായിട്ടേയുള്ളൂ. വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്നിരുന്നു. നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചതൊഴിച്ചാൽ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗൺ മൂലം തെരുവ് നായ്ക്കൾ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത് എന്നതും ആശ്വാസകരമാണ്.
വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. പൊക്കിൾക്കൊടിയിൽ ക്ലിപ് ഉള്ളതിനാൽ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ച് പലരും രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ അടക്കം ഇത്തരം വ്യാജ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇത്തരം പ്രസ്താവനകളെ ട്രോളുകളിലൂടെ പരിഹസിച്ച് പലരും രംഗത്തെത്തി. ജനം ടിവി ചീഫ് അനില്‍ നമ്പ്യാരുടെ പേജില്‍ ഷെയര്‍ ചെയ്ത അബദ്ധജടിലമായ പോസ്റ്റാണ് പുതിയ ചര്‍ച്ചാവിഷയം.
അശാസ്ത്രീയമായ ന്യായീകരങ്ങള്‍ പങ്കുവയ്ക്കുന്ന സംഘപരിവാറുകാരെ പരിഹസിച്ചുകൊണ്ട് മുകേഷ് കുമാർ എഴുതിയ പോസ്റ്റാണ് ആധികാരികമായ കാര്യമായി അനില്‍ നമ്പ്യാര്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അബദ്ധം മനസ്സിലായപ്പോള്‍ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പേജില്‍ ഇപ്പോഴും പോസ്റ്റ് ഉണ്ട്. അതില്‍ത്തന്നെ ആദ്യത്തെ വരിയായ ‘വാട്ട്‌സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..’ എന്നത് ഒഴിവാക്കിയാണ് പോസ്റ്റ് ഇട്ടതും.
പോസ്റ്റ്:
‘ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
‘സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ’
വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോള്‍ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാന്‍ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാന്‍ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’.
അയര്‍ലന്‍ഡില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു. വിവിധ കൗണ്ടികളിലായിയാണ് നൂറു പേര്‍. ആരുടെയും നില ഗുരുതരമല്ല. ഇവരില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നാകെ രോഗം ബാധിച്ചവരുമുണ്ട്. അതിനിടെ ആദ്യഘട്ടത്തില്‍ രോഗബാധിതരായിരുന്ന ആറു മലയാളി നഴ്‌സുമാര്‍ സുഖം പ്രാപിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഒരു ദിവസം 1,500 പേരുടെ രക്തപരിശോധന നടത്താനേ അയര്‍ലണ്ടില്‍ സൗകര്യമുള്ളു. നിലവില്‍ പതിനയ്യായിരം പേര്‍ രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങി.
സിറ്റി വെസ്റ്റ് ഹോട്ടലില്‍ 750 മുറികളിലായി 1,100 കിടക്കകള്‍ സജ്ജമാക്കി. ഇന്നലെ രാവിലെ ആദ്യഘട്ടമായി 75 പേരെ ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ ഹോട്ടലുകളും ഹോം സ്റ്റേകളും താത്കാലിക ആശുപത്രികളാക്കി മാറ്റാന്‍ നടപടി പുരോഗമിക്കുന്നു.
ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രം രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ത്തന്നെ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ആശുപത്രി സാമഗ്രികള്‍ക്കും പ്രതിരോധമരുന്നുകള്‍ക്കും ആദ്യമുണ്ടായിരുന്ന ക്ഷാമം പരിഹരിച്ചുകഴിഞ്ഞു.
നിലവില്‍ അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിതരായ 3,500 പേരില്‍ 126 പേര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇതോടകം അയര്‍ലന്‍ഡില്‍ 85 പേര്‍ക്ക് മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ കര്‍ക്കശമായ നിബന്ധനകള്‍ നടപ്പാക്കിയതിനാലാണ് അയര്‍ലന്‍ഡില്‍ ദുരന്ത വ്യാപ്തി ഇത്രയെങ്കിലും കുറയാനിടയായത്.
കൊറോണയില്‍ സ്ഥാപനങ്ങള്‍ പൂട്ടിയതോടെ തൊഴില്‍ രഹിതരായ അഞ്ചു ലക്ഷം പേര്‍ക്ക് ദൈനം ദിന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 2.83 ലക്ഷം പേര്‍ക്ക് ആഴ്ചയില്‍ 350 യൂറോ വീതം മാര്‍ച്ച് 16 മുതല്‍ തൊഴില്‍രഹിത വേതനം നല്‍കുന്നു. ഫെബ്രുവരിയില്‍ 24,400 പേര്‍ക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവന്നത്.
അമേരിക്കയ്ക്കു പിന്നാലെ കാനഡയിലേക്കും രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയില്‍ കാനഡയിലുള്ള 9,000 ഐറീഷ് വംശജര്‍ക്ക് അയര്‍ലന്‍ഡില്‍ മടങ്ങിയെത്താന്‍ അടിയന്തരമായി വിമാനങ്ങള്‍ അയയ്ക്കാന്‍ നടപടിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ രാജ്യത്തു മടക്കിയെത്തിച്ച് രണ്ടാഴ്ചയിലേറെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും.
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ ജീവനൊടുക്കി. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനില്‍ ലിജി സീമോന്‍ ആണ് ആത്മഹത്യ ചെയ്തത്. 31 വയസ്സായിരുന്നു.
രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.
കൊച്ചി ∙ പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ടു സ്ത്രീകളുൾപ്പെടെ 41 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ്. 10,000 രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
മുൻദിവസങ്ങളിൽ പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത് അവഗണിച്ചു വീണ്ടും ഇവർ നിരത്തിലിറങ്ങിയതിനെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച രാവിലെ ഇവിടെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ നിയമലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ വലിയ വാഹനങ്ങളുമായെത്തിയ പൊലീസ് നടക്കാനിറങ്ങിയ എല്ലാവരെയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടു.