കോഴിക്കോട് കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുഞ്ഞിന്റെ നില കഴിഞ്ഞ ദിവസം മുതൽ ഗുരുതരമായിരുന്നു. ജൻമനാ ഹൃദ്രോഗിയാണ് കുട്ടി.
കുട്ടിക്ക് രോഗം പടർന്നത് എങ്ങനെയെന്ന് ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിന് കോവിഡ് വന്ന് ഭേദമായിരുന്നു. പക്ഷേ ഇയാൾ കുട്ടിയുമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കളുടെ ഫലം ഇന്ന് വരും.അതേസമയം കുഞ്ഞിനെ ചികിൽസിച്ച മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അഞ്ച് ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി.
കേരളത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേരാണ് രോഗമുക്തി നേടിയത്. കാസറഗോഡ് പുതിയ കേസുകളില്ല. ഇടുക്കിയിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒന്ന് വീതവും കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. 129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21334 സാമ്പിളുകൾ പരിശോധിച്ചതിൽ 20336 സാമ്പിളുകൾ നെഗറ്റീവ് ആണ്. ഇന്ന് 148 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയവും ഇടുക്കിയും ഗ്രീൻ സോണിൽ നിന്ന് മാറ്റി ഓറഞ്ച് സോണിലാക്കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് നിലവിൽ റെഡ് സോണിലുള്ളത്. ബാക്കി 10 ജില്ലകൾ ഓറഞ്ച് സോണിലാണ്. ഓറഞ്ച് എ, ബി വിഭജനം ഒഴിവാക്കി ഒറ്റ സോണാക്കി. റെഡ് സോണിൽ പരിശോധന കൂടുതൽ കർശനമാക്കും.
23876 പേർ നിരീക്ഷണത്തിലാണ്. 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം (സമൂഹവ്യാപനം) ഉണ്ടായില്ല. അതേസമയം സമൂഹവ്യാപന ഭീഷണി ഇല്ലാതായിട്ടില്ല.
രോഗപരിശോധന വേഗത്തിലാക്കാൻ നടപടി – 10 ആർടി പിസിആർ മെഷിനുകൾ വാങ്ങും. നിലവിൽ 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലും സംസ്ഥാനത്ത് കോവിഡ് പരിശോധന നടക്കുന്നു.
അതിർത്തികളിൽ പരിശോധന കർശനമാക്കും. ആളുകളെ കടത്താൻ ശ്രമിക്കുന്നത് തടയും. അതിർത്തികടന്നുവന്ന ഡോക്ടറേയും ഭർത്താവിനേയും ക്വാറൻ്റൈൻ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.
അടിയന്തര സാഹചര്യങ്ങളിൽ ജില്ല കടന്നുള്ള യാത്രകൾക്ക് പൊലീസിൻ്റെ എമർജൻസി പാസ് വാങ്ങണം.
ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ അടച്ചിടും.
ക്വാറികൾക്ക് പ്രവർത്തിക്കാം. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം.
മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് റേഷൻ നിഷേധിച്ചെന്ന പരാതി പരിശോധിക്കും.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കി.
പൊലിസുകാരേയും ഹോം ഡെലിവറി നടത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.
3,30,216 പേർ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തു.
നോമ്പുകാലത്ത് പാഴ്സൽ, ഹോം ഡെലിവറി എന്നിവയ്ക്കായി റസ്റ്റോറൻ്റുകൾക്ക് രാത്രി 10 മണി വരെ സമയം നീട്ടി നൽകും.
ക്രിസ്ത്യൻ വിവാഹച്ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.
കേരളത്തിലെ വ്യവസായികൾ പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും നിർമ്മിക്കുന്നുണ്ട്.
വിദേശത്തേയ്ക്ക് മരുന്ന് പാഴ്സലായി അയയ്ക്കാം.
നോയിഡയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒപ്പം കുടുംബത്തിലെ എല്ലാവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ 14 ദിവസം മാത്രം പ്രായമായ കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ല.
സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് ആദ്യം കൊവിഡ് ബാധയുണ്ടായത്. പിന്നാലെ ഇവരുടെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. സഹോദരിയുടെ കുഞ്ഞിനാണ് വൈറസ് ബാധയേല്‍ക്കാതെയിരുന്നത്.
കൊവിഡ് ബാധിതരായവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ ഇതുവരെ 20471 പേര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 1486 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 92 പുതിയ കേസുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകം മുഴുവൻ നാശം വിതയ്ക്കുന്ന കോവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത! ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ സമ്മാനം മലയാളിക്ക്. പാറപ്പറമ്പിൽ ജോർജ് വർഗീസിനാണ് 10 ലക്ഷം ഡോളർ ഇന്ത്യൻ രൂപ ഏകദേശം 7,64,05,000 കോടി സമ്മാനം ലഭിച്ചത്.
328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്. അതേസമയം, സമ്മാനവിവരം അറിയിക്കാൻ ജോർജ് വർഗീസിനെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതർ പറഞ്ഞു. നറുക്കെടുപ്പിൽ മറ്റ് മൂന്നുപേർക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു.
ഇന്ത്യക്കാരനായ രവിചന്ദ്രൻ രാമസ്വാമിക്ക് മാഗ്‌നി ആഢംബര മോട്ടോർ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്.
കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. മിഷിഗണിൽ താമസിക്കുന്ന ചങ്ങനാശ്ശേരി വലിയ പറമ്പിൽ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 44 ആയി.
അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 47,750 ആയി. ഇതുവരെ രോഗം ബാധിച്ചത് 8,52,703 പേർക്കാണ്. കൊറോണ ബാധിച്ച് ഏറ്റവും അധികം മലയാളികൾ മരിച്ചത് അമേരിക്കയിലാണ്. ഗൾഫ് നാടുകളിലാകെ ഇതുവരെ മരിച്ചത് 16 മലയാളികളാണ്.
ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്‌നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, ശാന്തന്
മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി.
ഞായറാഴ്ചയാണ് പട്ടഞ്ചേരി മാങ്ങോട് ശാന്തന്‍ വല്‍സല ദമ്പതികളുടെ മകളായ അനുശ്രീ(10) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അനുശ്രീ. അച്ഛന്‍ ശാന്തന് തമിഴ്‌നാട്ടിലെ കരൂരില്‍ ഇലക്ട്രീഷ്യനായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് ശാന്തന് നാട്ടിലെത്താനായില്ല.
മകളുടെ മരണ വിവരം അറിഞ്ഞു ശാന്തന്‍ കരൂര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ടു കേരളത്തിലെത്താനുള്ള അനുമതി വാങ്ങി. മീനാക്ഷിപുരം അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ശാന്തനെ കൂട്ടാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ സുരക്ഷാ വസ്ത്രമണിഞ്ഞു ബൈക്കില്‍ സുഹൃത്ത് കാത്തുനിന്നു.
ശാന്തനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണു വീട്ടിലെത്തിയത്. സുരക്ഷാ മുന്‍കരുതല്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകരും ശാന്തന്റെ വീട്ടിലുണ്ടായിരുന്നു. ചടങ്ങുകള്‍ ഒഴിവാക്കി ചിറ്റൂര്‍ ശോക ശാന്തിവനം വാതക ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ വീടും പരിസരവും അണുവിമുക്തമാക്കി. ചടങ്ങിന് ശേഷം കുടുംബാംഗങ്ങളെല്ലാം ക്വാറന്റീനിലായി.
സഹോദരന്‍: അഖില്‍
പോലീസിനെയും അധികൃതരെയും വെല്ലുവിളിച്ച് കോഴിയെ ചുട്ട് കഴിച്ച് യുവാക്കള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കൂട്ടിലങ്ങാടിയിലാണ് കൂട്ടംചേര്‍ന്ന് യുവാക്കള്‍ കോഴിയിറച്ചി പാകം ചെയ്ത് കഴിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ കൂട്ടംചേര്‍ന്ന് ഭക്ഷണം പാകംചെയ്ത് കഴിച്ച ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഇവര്‍ സംഘം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിന് പുറമേ, പോലീസിനെയും അധികൃതരെയും ഇവര്‍ വെല്ലുവിളിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി കൈകൊണ്ടത്.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1. അഞ്ച് പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജന്മാരും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. മലപ്പുറത്ത് നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കോവിഡ്. വിദേശത്ത് നിന്നെത്തി തൊടുപുഴ താലുക്കാശുപത്രിയില്‍ ചികില്‍സയിലാണ് കോട്ടയം സ്വദേശി. പാലക്കാട് സ്വദേശിക്കുമാത്രമാണ് ഇന്ന് രോഗമുക്തി. ഇതുവരെ 437 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിൽസയിലുള്ളത് 127 പേർ. 29150 പേർ നിരീക്ഷണത്തിലുണ്ട്. 20821 പരിശോധനകൾ നടത്തി.
കണ്ണൂര്‍ അതീവജാഗ്രത തുടരും.ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുത്. ജില്ലമുഴുവന്‍ അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ സിഎസ്ആര്‍ ആയി കണക്കാക്കില്ല. കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹ്യഉത്തരവാദിത്ത സംഭാവനയാണ് CSR. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിക്കുന്നത് താല്‍ക്കാലികമായെന്ന് മുഖ്യമന്ത്രി
ആശ വര്‍ക്കര്‍മാര്‍ക്ക് മാര്‍ച്ച് മുതല്‍ മേയ് വരെ ആയിരം രൂപ അധിക ഇന്‍സന്റീവ്. നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും ഇന്‍സന്റീവും ലഭിക്കും. സാമ്പത്തികപ്രതിസന്ധിയും പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കാന്‍ സമിതി
മലയാളികൾ ഒരിക്കലും മറക്കാത്ത മികച്ച കോമഡി സിനിമകളിലൊന്നാണ് അലി അക്ബർ സംവിധാനം ചെയ്ത ജൂനിയർ മാൻഡ്രേക്ക്. ജഗദീഷ് നായകനായ ചിത്രത്തിൽ ജഗതി അവതരിപ്പിച്ച ഒാമനക്കുട്ടൻ എന്ന കഥാപാത്രം ഒരുപാട് രംഗങ്ങളിലാണ് പ്രേക്ഷകനെ ചിരിപ്പിച്ചത്. പല രംഗങ്ങളും ഇപ്പോൾ ട്രോളുകളുടെ രൂപത്തിൽ നമുക്ക് കാണാപാഠവുമാണ്. ഉടൽ മുഴുവൻ മണ്ണിനടിയിലുള്ള രംഗവും റോഡിൽ പായ് വിരിച്ചു കിടക്കുന്ന സീനുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ആ സിനിമയിലെ ഇത്തരം ചില രംഗങ്ങൾ ഷൂട്ട് ചെയ്ത അനുഭവങ്ങൾ സിനിമയുടെ ക്യാമറാമാനായ ലാലു അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. സമൂഹമാധ്യമങ്ങളിലെ സിനിമാഗ്രൂപ്പുകളിൽ അത് വലിയ ചർച്ചയാകുകയും ചെയ്തു. സുനിൽ എന്ന ഒരു സിനിമാപ്രേമി ഇൗ രംഗങ്ങളെക്കുറിച്ചും സിനിമയുടെ ഛായാഗ്രാഹകന്റെ അനുഭവം വായിക്കാനിടയായതിനെക്കുറിച്ചും ഒരു സിനിമാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്.
ചെറുപ്പം മുതൽ ഈ സിനിമയിലെ ചില സീനുകൾ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളിൽ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാൻ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂർണമായും മണ്ണിലിറക്കിയാണോ അതോ മറ്റു വല്ല മാർഗങ്ങൾ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്
ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു, ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്”
“അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും”
“അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതുപയോഗിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.”
ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും. തീരുമാനിച്ച പോലെ ഞങ്ങൾ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധ കിട്ടാത്ത ഇടത്ത് കൊണ്ടുവന്നു. ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു. ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു. ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.”!
സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 43 ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഐവര്‍ മെക്റ്റീന്‍ മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്.
തുടര്‍ച്ചയായ രണ്ടു പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്ന ഘട്ടത്തില്‍ മാത്രമാണ് ഒരു രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുകയുള്ളു. പുതിയ മരുന്നു നല്‍കിയതിനു ശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് നെഗറ്റീവായി ഫലം വന്നിരിക്കുന്നത്. അടുത്ത സാമ്പിള്‍ പരിശോധന അടുത്തദിവസം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആ പരിശോധനയും നെഗറ്റീവ് ആയാല്‍ മാത്രമേ ഇവര്‍ രോഗവിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു.
ഏവരെയും ആശങ്കയിലാക്കി തുടര്‍ച്ചയായി ഫലം പോസിറ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ഐവര്‍ മെക്ടീന്‍ എന്ന മരുന്ന് നല്‍കിത്തുടങ്ങിയത്. സാധാരണ ഗതിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷനു നല്‍കുന്ന മരുന്നാണിത്. ഇതോടെയാണ് ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത്. ഇറ്റലിയില്‍നിന്നു വന്ന കുടുംബവുമായി അടുത്തിടപഴകിയതിനു പിന്നാലെയാണ് ഇവര്‍ രോഗബാധിതയായത്.