വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു. രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരും.
കോവിഡിനെ നേരിടാനുള്ള പ്രതിരോധ നടപടികളുമായി സര്‍ക്കാരും അധികൃതരും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.ഇതില്‍ 9.9 ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ .01 ശതമാനം ആളുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത് അനുസരിക്കില്ലെന്ന് നിര്‍ബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു. ഇനി അഭ്യര്‍ഥനകള്‍ ഉണ്ടാകില്ലെന്നും കലക്ടര്‍ ആവര്‍ത്തിച്ചു.
അവശ്യസാധനങ്ങള്‍ ലഭിക്കാന്‍ മുഴുവന്‍ കടകളും നിര്‍ബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ബേക്കറികളും തുറക്കണം. എന്നാല്‍ ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വില്‍ക്കരുത്. ഒരു തരത്തിലും ഭക്ഷ്യക്ഷാമവും ഉണ്ടാകില്ല. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ കടകള്‍ തുറക്കണം. മല്‍സ്യ, മാംസ വില്‍പന അനുവദിക്കുമെന്നും ആളുകൂടിയാല്‍ അടപ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
‘മരണങ്ങൾക്കു നടുവിൽ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും കേരളത്തിൽ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുത്..’ ഇറ്റലിയിൽ പഠിക്കാൻ പോയ മലയാളി വിദ്യാർഥിനി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞ ഈ കാര്യങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിരീക്ഷത്തില്‍ ഇരിക്കുന്നവർ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് നിങ്ങളുടെ നല്ലതിനു വേണ്ടിയാണെന്നും കരഞ്ഞുകൊണ്ടാണ് ഇവർ പറയുന്നത്.
‘ഇറ്റലിയിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോർഡി റീജിയനിൽ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാർഥിനിയാണ്.
ഇറ്റാലിയൻ സമയം പുലർച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം വീടിനുള്ളിൽ ഉറങ്ങിയിരുന്ന ഞാൻ ആംബുലൻസുകൾ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ഇതിവിടെ ഇപ്പോൾ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല. ഞാൻ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു. അത്യാവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രം പുറത്തു പോകും. ആർമി വണ്ടികൾ വരിവരിയായി പോകുന്നു. അതിൽ നിറച്ച് മരിച്ചവരും അല്ലാത്തവരുമായ മനുഷ്യർ.’
ദിവസവും ഇതു കാണുമ്പോൾ മനസ്സ് മരവിച്ച അവസ്ഥയാണ്.
ഇനി എന്താണ് സംഭവിക്കുന്നതെന്നോർക്കുമ്പോൾ പേടിയാണ്.ആറായിരത്തിനു പുറത്തായി മരണസംഖ്യ. ആകെ കേസുകൾ 63,000 കവിഞ്ഞു. എന്നു വച്ചാൽ ഇൻഫെക്‌ഷൻ വന്നതിൽ പത്തു ശതമാനത്തോളം മരണം, നമ്മുടെ ഇന്ത്യൻ പോപ്പുലേഷൻ വച്ച് താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് മാത്രമേ ഉള്ളു. ഈ രോഗം ഇന്ത്യയിൽ വന്നു കഴിഞ്ഞാൽ അതും ഇപ്പോൾ സ്ഥിരീകരിച്ച അവസ്ഥ കൂടിക്കഴിഞ്ഞാൻ നമുക്കൊന്നും വിചാരിക്കാൻ പറ്റാത്ത അത്രയും ഇവിടെ സംഭവിക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങളാകും വെറും രണ്ടാഴ്ച കൊണ്ടോ മൂന്നാഴ്ച കൊണ്ടോ സംഭവിക്കുക.
ഇവിടെ മരിക്കുന്നവരുടെ ബോഡി സംസ്കരിക്കാനുള്ള സ്ഥലം പോലും ഇല്ല. മോർച്ചറിയാൽ ബോഡി ശേഖരിച്ചു വച്ച് സംസ്കരിക്കാൻ വേണ്ടി ഓരോന്നു ചെയ്യുകയായിരുന്നു. ഇനി ഒരു കുഴിമാടത്തിലേക്ക് കുറേ പേരെ ഇട്ട് സംസ്കരിക്കാൻ പോകുകയാണെന്നും കേൾക്കുന്നു.ഇവിടുത്തെപോലെയുള്ള അവസ്ഥ ആകരുതെന്നു വിചാരിച്ചാണ് കേരളത്തിൽ ഇത്രയും മുൻകരുതൽ എടുക്കുന്നത്. ദയവു ചെയ്ത് അതെല്ലാവരും അനുസരിക്കണം. ഇവിടുത്തെ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നവരൊക്കെ കൈവിട്ട അവസ്ഥയിലാണ്. ആരെ രക്ഷിക്കണം, ആരെ സഹായിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവർ. ഈ സിറ്റി ലോക്ഡൗൺ നേരത്തെ എടുത്തിരുന്നെങ്കിൽ ഇത്രയും ഭീകരമായ അവസ്ഥ ഇവിടെ സംഭവിക്കില്ലായിരുന്നു.
ഇന്ത്യയിലുള്ള കുറച്ച് വിദ്യാർഥികൾ ഇവിടുണ്ട്. പക്ഷേ ഞങ്ങളാരും നാട്ടിലേക്കു വരുന്നില്ല. ഞങ്ങൾ വന്ന് അവിടാർക്കും ഒന്നും സംഭവിച്ചുകൂടാ എന്നു വച്ചാണ്.
മരണങ്ങൾക്കു നടുവിൽ ജീവിക്കുക എന്ന അവസ്ഥയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുക. മൈക്രോബയോളജി വിദ്യാർഥിനി ആയതിനാൽത്തന്നെ ഇതിന്റെ ഗൗരവം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. മെഡിക്കൽ രംഗത്തുള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.’ വിദ്യാർഥിനിയായ വിനീത പറയുന്നു.
തൃശൂരില്‍ കോവിഡ് ബാധിച്ച യുവാവിന്റെ രോഗം മാറി. കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷണത്തിനു ശേഷം ആശുപത്രി വിടാം. അതേസമയം, ഫ്രാന്‍സില്‍ നിന്ന് വന്ന തൃശൂരില്‍ നഗരപ്രദേശത്തുള്ള ഒരു യുവതിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു.
ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിനിയായ യുവതിയ്ക്കായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കൊറോണ. ചികില്‍സയിലൂടെ രോഗം മാറി. പിന്നെ, ഖത്തറില്‍ നിന്ന് എത്തിയ മതിലകം കൂളിമുട്ടം സ്വദേശിയായ യുവാവിനായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഈ യുവാവിന്റെ രോഗവും മാറി. പക്ഷേ, ആശുപത്രി വിടണമെങ്കില്‍ രണ്ടാഴ്ച കൂടി ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയണം. ഫ്രാന്‍സില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശികളായ ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മുപ്പതുകാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഫ്രാന്‍സില്‍ നിന്ന് എത്തിയത് കഴിഞ്ഞ പതിനേഴിനായിരുന്നു. അതിനു ശേഷം വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തൊണ്ടവേദന കൂടിയതോടെ ഇരുവരേയും 20ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ ചില കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. ആ കടകള്‍ പൂട്ടി. ഇവരുമായി ബന്ധപ്പെട്ട അന്‍പതു പേരെ നിരീക്ഷണത്തിലാക്കി.
വിദേശത്തു നിന്ന് വന്ന തൃശൂര്‍ സ്വദേശികള്‍ക്കു മാത്രമാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ നിന്ന് നാട്ടുകാരായ ആര്‍ക്കും രോഗം കിട്ടാത്തതാണ് തൃശൂരിനെ സംബന്ധിച്ചുള്ള ആശ്വാസം.
കൊല്ലത്ത് റോഡുകളില്‍ വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മിഷണര്‍ നേരിട്ട് ഇടപെട്ടു. നഗരത്തില്‍ വാഹനങ്ങളില്‍ കൂടുതലായി എത്തിയവരെ കമ്മിഷണര്‍ ടി.നാരായണന്റെ നേതൃത്വത്തില്‍ നിയന്ത്രിച്ചു.
പലയിടത്തും ജനക്കൂട്ടവും ഉണ്ടായിരുന്നു. പൊലീസ് പലതവണ അഭ്യര്‍ത്ഥിച്ചിട്ടും പലരും വീടുകളിലേക്ക് മടങ്ങിയില്ല. അവശ്യസാധനങ്ങള്‍ക്കായി പോയവരെ മാത്രമേ കടത്തിവിടൂവെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.
വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാൾ ആശാവർക്കറെ മർദിച്ചതായി പരാതി. വാമനപുരം പഞ്ചായത്തിലെ പൂവത്തൂർ വാർഡ് ആശാ വർക്കർ പൂവത്തൂർ സരസ്വതി ഭവനിൽ ലിസി (37) ക്കാണ് മർദനമേറ്റത്. സംഭവത്തിൽ പൂവത്തൂർ വിഎസ് ഭവനിൽ വിഷ്ണു(27)വിനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം.
ലിസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദിക്കുകയും പെൺമക്കളെ അസഭ്യം വിളിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒൻപതിന് സൗദിയിൽ നിന്നു നാട്ടിലെത്തിയ ഇയാളെ ആരോഗ്യ വകുപ്പ് അധികൃതർ വിളിക്കുകയും വീട്ടിൽ നിന്നും പുറത്തു പോകരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
താൻ നാട്ടിലെത്തിയ വിവരം ആശാ വർക്കർ ആരോഗ്യ വകുപ്പിനു കൈമാറിയെന്നാരോപിച്ചായിരുന്നു അക്രമമെന്ന് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ലിസിയുടെയും മക്കളുടെയും നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇതിനിടയിൽ ഇയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ ചെവിക്ക് സാരമായി പരുക്കേറ്റ ലിസിയെ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ഒന്നിച്ചു അനുകൂലിച്ച ജനത കർഫ്യൂവിൽ അടഞ്ഞു കിടന്ന ഭക്ഷണശാലകൾ മൂലം ഉച്ച ഭക്ഷണത്തിനു വലഞ്ഞ സെക്യൂരിറ്റി ജീവനക്കാർക്ക് സ്വന്തം വീട്ടിൽ ഭക്ഷണം നൽകി മാതൃകയായിരിക്കുകയാണ് കൊച്ചിൻ മേയർ സോമിനി ജെയിൻ. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, കൊച്ചിൻ കോർപ്പറേഷനിൽ സന്ദർശകരെ നിയന്ത്രിക്കുമെന്ന് മേയർസൗമിനി ജെയിൻ അറിയിച്ചു. ഓഫീസിൽ എത്തുന്നവർക്ക് തെർമൽസ്‌കാനിംഗ് സംവിധാനം ഏർപ്പെടുത്തും. കോർപ്പറേഷനിൽ ഹെൽപ് ഡെസ്‌ക് ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു.
ആശാപ്രവർത്തകരുടെ സഹായത്തോടെ പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. നഗരത്തിൽ വിവിധ പ്രദേശങ്ങളിലായി അമ്പതോളം സ്ഥലത്ത് ജനങ്ങൾക്ക് ഹാൻഡ്വാഷും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ഒരു ലക്ഷത്തോളം മാസ്‌കുകൾനഗരത്തിൽവിതരണം ചെയ്യും. തട്ടുകടകളിൽ നിലവാരം ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തും. ഇതിനായി ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷണ കേന്ദ്രങ്ങൾക്ക് എതിരെ നടപടിയുണ്ടാകുമെന്നും സൗമിനി ജയിൻ അറിയിച്ചു.
കൊവിഡ് 19നെതിരെ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ആഹ്വാനം ചെയ്തിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾക്കായുള്ള കൊവിഡ് പ്രതിരോധ ബോധവത്കരണ പരിപാടിയിലായിരുന്നു സംയുക്ത ആഹ്വാനം. നമുക്ക് താങ്ങാവുന്നതിനും അപ്പുറത്തേയ്ക്കുള്ള അവസ്ഥയിലേക്ക് കൊവിഡ് ബാധ ശക്തിപ്പെടാതെ നോക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും
28 വൈറസ് ബാധിതരിൽ 19 പേരും കാസര്‍കോട് ജില്ലയിൽ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരിൽ 25 പേരും വന്നത് ദുബൈയിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മാർച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. ലോക്ക് ഡൌണിൽ സംസ്ഥാനം മൊത്തം അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്ആർടിസിയോ ഉണ്ടാവില്ല. എന്നാൽ സ്വകാര്യ വാഹനങ്ങളിൽ പോകാം. ആശുപത്രികൾ പ്രവർത്തിക്കും. ഇന്ധന പാചക വിതരണം തുടരും.
ആരാധനാലയങ്ങളിൽ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടു പോകാം. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം.
ചികിത്സയിലുണ്ടായിരുന്ന കണ്ണൂരിലെ ഒരു രോഗി ഇന്ന് അസുഖം മാറി വീട്ടിൽ പോയി. 383 പേർ ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്. 122 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4291 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 2987 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ചെയ്തു.
കാസർകോട് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവിടെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്നു. കാസർകോട് ജില്ലയിൽ ഇനിയൊരാളും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുകയും കടുത്ത പിഴത്തുക ഈടാക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്. എല്ലാവരും പരിശോധനക്ക് വിധേയരാകണം.
വീട്ടിൽ നിരീക്ഷണത്തിലുള്ളവർ ഇറങ്ങി നടക്കുന്നത് തടയും. നിരീക്ഷത്തിലുള്ളവരുടെ ലൊക്കേഷൻ വിവരങ്ങൾ മൊബൈൽ സർവ്വീസ് പ്രൊവൈഡർമാരിൽ നിന്നും സ്വീകരിക്കും. ഇവർ ടവർ ലൊക്കേഷൻ മറികടന്നാൽ പൊലീസ് ഇടപെട്ടും. നിരീക്ഷണത്തിലുള്ളവരുടെ അയൽവാസികളേയും ഇനി നിരീക്ഷണത്തിലുള്ള ആൾക്കാരുടെ വിവരം അറിയിക്കും.
കൊവിഡ് ബാധിതരെ ചികിത്സിക്കാൻ പ്രത്യേകം ആശുപത്രികൾ ഒരുക്കും. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ ആദ്യദിനം മുതൽ വിശ്രമമില്ലാത്ത പ്രവർത്തിക്കുകയാണ്. തുടർന്നും അവരുടെ സേവനം ഉറപ്പാക്കാനായി ജോലി ചെയ്യുന്ന ആശുപത്രികൾക്ക് സമീപം തന്നെ അവർക്ക് താമസ സൗകര്യം ഉറപ്പാക്കും. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കറൻസി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ് ഇക്കാര്യം ആർബിഐയെ അറിയിക്കും. ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യം പരിശോധിക്കണം.
വിദേശത്ത് നിന്നും വരുന്നവരെ ഇനി പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിൽ പാർപ്പിക്കും. നിരീക്ഷത്തിലുള്ളവർക്ക് വേണ്ട ഭക്ഷണം ഇനി നേരിട്ട് വീടുകളിൽ എത്തിക്കും. ഈ സൗകര്യം ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം.
ചില മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്ന സാഹചര്യമുണ്ട്. ചില കളക്ഷൻ ഏജൻറുമാര്‍ ഇടപാടുകാരുടെ വീടുകളിൽ പോയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള എല്ലാ കളക്ഷനും രണ്ടാഴ്ചത്തേക്ക് നിർത്തി വയ്ക്കുന്നു. മെഡിക്കൽ ഷോപ്പടക്കം എല്ലാ അവശ്യവസ്തുകൾ വിൽക്കുന്ന സ്ഥാപനങ്ങളും രാവിലെ എഴ് മണി മുതൽ അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കാൻ പറ്റില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം എവിടെയുണ്ടായാലും അതു തടയണം. ഇതിനായി 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാവുന്നതാണ്. രോഗപകർച്ചയ്ക്ക് സാധ്യത സംശയിക്കുന്ന ആളുകളെ താത്കാലിക ഐസൊലേഷൻ സെൻ്റെറുകളിലാണ് താമസിക്കുക. എന്നാൽ ഗൌരവകരമായ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ മെച്ചപ്പെട്ട സൌകര്യങ്ങളുള്ള ഐസൊലേഷൻ വാർഡിൽ പാർപ്പിക്കേണ്ടതുണ്ട്.
നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ഇനി അയൽവാസികൾക്ക് കൊടുക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഒപ്പം നൽകും നിരീക്ഷണത്തിലുള്ളവർക്ക് പുറത്തിറങ്ങിയാൽ അയൽവാസികൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണം. നിരീക്ഷണത്തിലുള്ളവർ ഇറങ്ങി നടന്നാൽ അറസ്റ്റ് ഉറപ്പാണ്.
മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ശേഖരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കും. എന്നാൽ രോഗബാധ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ മാധ്യമപ്രവർത്തകർ സ്വയം സ്വീകരിക്കണം. ഇതേക്കുറിച്ച ചർച്ച ചെയ്യാൻ നാളെ മാധ്യമമേധാവികളുമായി ഒരു വീഡിയോ കോൺഫറൻസിംഗ് നടത്തും. അസാധാരണായ ഒരു സാഹചര്യമാണ് നാം നേരിടുന്നത്. ഒന്നായി നിന്നു മുന്നേറേണ്ട സമയമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളേയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടയാൻ നാട്ടിലെ മുഴുവൻ ജനങ്ങളുടേയും പിന്തുണ തേടുന്നു. രോഗത്തെ നേരിടാൻ സർക്കാർ ഒപ്പമല്ല.. മുന്നിൽ തന്നെയുണ്ടാവും എന്ന് ഓർമ്മിപ്പിക്കുന്നു.
ഒമാനിൽ ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടു മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വരും മണിക്കൂറുകളിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജിഷ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരമുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായത്. തലസ്ഥാനമായ മസ്കത്തിൽ നിന്ന് 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം വാദി മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടെ തന്നെ റോയൽ ഒമാൻ പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.
ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങിയപ്പോൾ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷിന്റെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തി. ഉച്ചയോടെ സുജിത്തിന്റെ മൃതദേഹവും റോയൽ ഒമാൻ പൊലീസിന് ലഭിച്ചു. ഇരുവരും ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു.
‘അൽ റഹ്‍മ’ ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വാഹനങ്ങൾ വാദികൾ മുറിച്ചുകടക്കുന്നത് സുരക്ഷാനിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാത്രിയിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്.
ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് മുങ്ങിയതായി കണ്ടെത്തി
മസ്‌കത്തില്‍നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികളെ കാണാതായി. ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപിയേയും വിജീഷിനേയുമാണ് കാണാതായത്.
അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് അപകടം. ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം.
ഒഴുക്കില്‍പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ് രൂപപ്പെട്ടത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനമായി ലോക്ക്‌ഡൗൺ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം. 75 ജില്ലകൾ പൂർണമായും അടച്ചിടാൻ ഞായറാഴ്ച കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടപടികൾ കർക്കശമാക്കാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുമുളള കേന്ദ്രത്തിന്റെ ഉത്തരവ്.
ഇന്ത്യയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 415 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒറ്റ രാത്രിക്കുള്ളിൽ 65 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം പൂർണ അടച്ചിടലിലേക്ക് നീങ്ങിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.
‘ലോക്ക്ഡൗണുകള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം’, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരം ആറു മാസം വരെ ജയിൽ ശിക്ഷയും 1000 രൂപ പിഴയും ഈടാക്കും.
ലോക്ക്‌ഡൗണിനെ ജനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ‘ലോക്ക്ഡൗണിനെ പലയാളുകളും ഗൗരത്തിലെടുക്കുന്നില്ല. നിര്‍ദേശങ്ങള്‍ പാലിക്കൂ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കൂ. സംസ്ഥാന സര്‍ക്കാരുകളോട് നിയമം കൃത്യമായി നടപ്പിലാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ല പൂര്‍ണമായും അടച്ചിടാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയിലെ എല്ലാ പാതകളും അടച്ചു. ഹൈവേ ഒഴികെയുള്ള പാതകളാണ് അടച്ചത്. ഹൈവേയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങൾ വൈകീട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും.
കോവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല.