സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ സർക്കാർ. സംസ്ഥാനത്താകെ പൊതുപരിപാടികൾ നിയന്ത്രിക്കാൻ തീരുമാനം. മാർച്ച് മാസത്തിലെ പൊതുപരിപാടികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം എട്ട് മുതലുള്ള പരീക്ഷകൾ നടത്തും. പ്രൊഫഷണൽ കോളേജടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കും പ്രാക്ടിക്കലിനും മാറ്റമുണ്ടാകില്ല.
സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുൻകരുതൽ കര്‍ശനമാക്കി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുകമാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍.
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് മലയാളത്തില്‍ ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുദ്ധമലയാളത്തില്‍ ജന്മദിനാശംകള് നേര്‍ന്നതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ ചിന്താശിലം ഹൃദയത്തില്‍ തൊട്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച തരൂരിന്റെ 64ാം ജന്മദിനമായിരുന്നു. പ്രധാനമന്ത്രി അയച്ച ആശംസ കാര്‍ഡും തരൂര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
കൊറോണ വൈറസ് (കോവിഡ് 19 രോഗം) ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വിത്തുകോശ ചികിത്സ ഫലപ്രദമാകുന്നു. കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ നാല് രോഗികള്‍ക്ക് വിത്തുകോശ ചികിത്സയെ തുടര്‍ന്ന് അസുഖം ഭേദമായെന്നാണ് സൂചന. ഇതോടെ കൂടുതല്‍ ഗുരുതരാവസ്ഥയിലായ രോഗികളിലേക്ക് ഈ ചികിത്സാ മാര്‍ഗ്ഗം ഉപയോഗിക്കുന്നുവെന്നും സയന്‍സ് ആൻഡ് ടെക്‌നോളജി ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്തു.
പ്രസവസമയത്ത് പൊക്കിള്‍ കൊടിയില്‍ നിന്നാണ് മൂലകോശങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ എടുക്കുന്ന മൂലകോശങ്ങള്‍ സ്‌റ്റെം സെല്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നു. ശരീരത്തിലെ ഏത് കോശങ്ങളായി മാറാനുമുള്ള കഴിവ് ഈ മൂലകോശങ്ങള്‍ക്കുണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും അടിസ്ഥാനമാണ് മൂലകോശം അഥവാ വിത്ത്‌കോശം. അതിവേഗത്തില്‍ വിഭജിച്ച് രോഗം ബാധിച്ച ഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇവക്കാകും. രോഗം ബാധിച്ച അവയവങ്ങളെ ഈ മൂല കോശങ്ങളുടെ സഹായത്തില്‍ പുതിയ കോശങ്ങളുണ്ടാക്കി കേടുപാടുകള്‍ പരിഹരിക്കുന്ന മാര്‍ഗമാണ് മൂലകോശ ചികിത്സ.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍, തലച്ചോറിലെ മുഴകള്‍, നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമാനമായി കോവിഡ് 19 രോഗത്തിനെതിരെയും വിത്ത് കോശ ചികിത്സ ഫലപ്രദമാണെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നാല് പേരില്‍ വിത്ത് കോശ ചികിത്സ ഫലപ്രദമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ രോഗികളില്‍ ഈ ചികിത്സ നടത്തുമെന്ന് ശാസ്ത്ര സാങ്കേതികവിദ്യ സഹമന്ത്രി സു നാന്‍പിങ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ H7N9 പക്ഷിപ്പനിയുടെ കാലത്ത് വിത്തുകോശ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ കോഴിക്കോട് അസാധാരണ സംഭവം. കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. വവ്വാല്‍ എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് നിപ വൈറസിനെയാണ് പേടി. അതുകൊണ്ടുതന്നെ നിസാരമാക്കി തള്ളി കളയേണ്ടതല്ല. സംഭവം കണ്ട നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
കാരശ്ശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടത്തോടെ ചത്തനിലയിലാണുള്ളത്. ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രദേശങ്ങളിലെ പക്ഷികളെ കൊന്നൊടുക്കുന്നത് ഈ ആഴ്ച പൂര്‍ത്തിയാകും.
പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. കർശനനിരീക്ഷണത്തിലുള്ള വാർഡിൽ നിന്നാണ് ഇയാള്‍ ചാടിപോയത്. അതേസമയം, ജില്ലയില്‍ ഒരാളെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്. പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം.
ദില്ലിയിൽ മലയാളികളായ അമ്മയേയും മകളേയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശി സുമിത വാത്‍സ്യ മകൾ സ്മൃത വാത്‍സ്യ എന്നിവരെയാണ് ഇന്നലെ വസുന്ധര എങ്ക്ലേവിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തായ വിനയ് ആണ് കസ്റ്റഡിയിൽ ആയത്. ഇയാളെ ജയ്പൂരിൽ നിന്നും രാജസ്ഥാൻ പൊലീസ് ആണ് പിടികൂടിയത്.
ഇയാളും സ്മൃതയും തമ്മിൽ അടുത്തിടെ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിനയ് ഇപ്പോൾ രാജസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ നാളെ ദില്ലിയിലേക്ക് കൊണ്ടുവരും. വിനയ് ഇന്നലെ ഫ്ലാറ്റിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
രാവിലെ ഫ്ലാറ്റിലെത്തിയ ജോലിക്കാരിയാണ് സുമതിയുടെയും മകളുടെയും മൃതദേഹം കണ്ടത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ച മൂന്ന് മണിയോടെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ജയ്പൂരിൽ വച്ചാണ് സ്മൃതയുടെ ആൺസുഹൃത്ത് വിനയിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്തിയതിന് ശേഷം ബസിൽ രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. തുടർന്ന് കിഴക്കൻ ദില്ലി പൊലീസ് രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
നാൽപ്പത്തിയഞ്ച് കാരിയായ സുമിത വാത്‍സ്യയും മകളും ഇരുപത് വർഷത്തോളമായി ദില്ലിയിലാണ് താമസം. സുമിതയുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്‍പ് മരിച്ചു. ഒരു ഇവന്റ് മാനേജ്‍മെന്റ് കന്പനിയില്‍ എക്സിക്യൂട്ടീവാണ് കൊല്ലപ്പെട്ട സുമിത വാത്‍സ്യ. ഇരുപത്തിയഞ്ച്കാരിയായ സ്മൃത പഠനം കഴിഞ്ഞ് ഒരു സ്വകാര്യ കന്പനിയിൽ തൊഴില്‍ പരിശീലനം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം മറ്റന്നാൾ സംസ്കരിക്കും
കോട്ടയം: ജില്ലയിൽ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും കിട്ടാക്കനി. മെഡിക്കൽ സ്റ്റോറുകൾ ഇവയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വൻവില വാങ്ങുന്നതായി വ്യാപകപരാതി. ആഴ്ചകൾക്ക് മുൻപ് മൂന്നു രൂപയ്ക്കും അഞ്ച് രൂപയ്ക്കും വാങ്ങിയിരുന്ന മാസ്കുകൾ ഒന്നിന് ഇരുപത്തിയഞ്ച് രൂപയിലേറെയാണ് പലകടകളിലും ഈടാക്കുന്നത്. തോന്നിയതുപോലെ വിലകൂട്ടി വിൽക്കാൻ മെഡിക്കൽ സ്റ്റോറുകളിൽ മാസ്കുകളുടെ ചില്ലറ വിൽപ്പനയാണ് നടക്കുന്നത്. പായ്ക്കറ്റ് മാസ്കുകൾ ഒരിടത്തും ലഭിക്കാനില്ല. പായ്ക്കറ്റുകളിൽ വില രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഇതിൽ കൂടുതൽ വാങ്ങാൻ കഴിയാത്തതിനാലാണ് ചില്ലറ വിൽപ്പന നടത്തുന്നതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് പരാതികൾ വന്നതോടെ എഡിഎമ്മിന്റെ നേതൃത്വത്തില്‍ മൊത്തവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
സൗദി വിമാനം ബഹ്‌റൈനില്‍ അടിയന്തിരമായി ഇറക്കി. നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട വിമാനമാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ നിരവധി മലയാളികള്‍ ഉണ്ട്. ഇവരെ മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.
അതേസമയം, നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കും ഐപിഎല്ലിനും മാറ്റമുണ്ടാകില്ല. ബിസിസിഐ തീരുമാനം മാറ്റാന്‍ സാധ്യതയില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രോഗബാധയുള്ളവര്‍ക്ക് സേ പരീക്ഷയൊരുക്കും.
കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം. മെഡി.കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയിൽ സകൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ശവസംസ്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണമന്നതടക്കമുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മുസ്ലീം പള്ളികളില്‍ പൊതുഇടത്തിലെ ദേഹശുദ്ധി നിര്‍ത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്.
ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍വാര്‍ഡില്‍ മൂന്നുപേരെകൂടി പ്രവേശിപ്പിച്ചു. എഴുപേരെക്കൂടി ഐസോലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്നാണിത്. വയോധികരായ രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോടതികള്‍ ഈ മാസം പതിമൂന്നുവരെയുള്ള സിറ്റിങ് ഒഴിവാക്കി.
ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയവര്‍ ഇന്ന് രാവിലെ നടത്തിയ അവകാശവാദങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്. അടുത്ത ബന്ധുവിന് രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയതോടെയാണ് ഇവർ ഇറ്റലിയിൽ നിന്നും ആണ് നാട്ടിലെത്തിയത് എന്ന് അറിയുന്നത്. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ ഇവരുമായി ബന്ധപ്പെട്ടു. അന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് പറഞ്ഞു. അന്ന് ഹൈപ്പർ ടെൻഷനുള്ള ചികിത്സയാണ് തേടിയതെന്നാണ് പറഞ്ഞത്.
എന്നാൽ ആരോഗ്യപ്രവർത്തകർ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള ഡോളോ മരുന്നും വാങ്ങിയത് അറിയുന്നത്. കുടുംബം തുടക്കം മുതൽ രോഗവിവരം മറച്ചുവെക്കാനാണ് ശ്രമിച്ചത്. അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
അതേസമയം, റാന്നിയിലെ രോഗബാധിതര്‍ ബന്ധപ്പെട്ടത് 300 പേരെയെന്നാണ് നിഗമനം. ഈ 300 പേര്‍ 3000 പേരെ ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന. ഇവര്‍ ബന്ധപ്പെട്ടവര്‍ 3000 പേരെന്ന സൂചനയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു. അതേസമയം, റാന്നി സ്വദേശികള്‍ പലതും മറച്ചുവയ്ക്കുന്നുവെന്ന് എറണാകുളം ജില്ലാ കലക്ടർ പറഞ്ഞു. ആദ്യ പറഞ്ഞതു പലതും ശരിയല്ലെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞുവെന്നും എസ്.സുഹാസ് പറഞ്ഞു.
അതേസമയം, പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുകയാണ് ലക്ഷ്യം. ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്ന് കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
വിവാഹം അടക്കമുള്ള ചടങ്ങുകള്‍ രണ്ടാഴ്ചത്തേയക്ക് മാറ്റിവെയ്ക്കണം. അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തണം. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പത്തനംതിട്ട ജില്ലയിലെ അടച്ചിട്ട രണ്ടു ആശുപത്രികള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.
കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. നടപടി പൊതുജനാരോഗ്യച്ചട്ടം പ്രകാരമാകും. പലരും രോഗം മറച്ചുവയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്ത് 42 പേരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.