Kerala

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാൻഡ്‌ഫോർത്തിൽ സൈക്കിൾ യാത്രക്കാരി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി യുവതി അറസ്റ്റിലായി. ഹാൻഡ്‌ഫോർത്ത് ടേബ്ലി റോഡിൽ താമസിക്കുന്ന 42 വയസ്സുകാരിയായ സീന ചാക്കോയ്ക്ക് എതിരെയാണ് ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ബുൾസ് ഹെഡ് പബ്ബിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് 62 കാരിയായ സ്ത്രീ ചൊവ്വാഴ്ച ആശുപത്രിയിൽ മരിച്ചു. വിൽംസ്‌ലോ റോഡിലൂടെ നീല സിട്രോൺ സി 4 ഗ്രാൻഡ് പിക്കാസോ ഓടിക്കുകയായിരുന്ന സീനയുടെ വാഹനം ഒരു സൈക്കിൾ യാത്രക്കാരിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സൈക്കിൾ യാത്രക്കാരിയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.

സെപ്റ്റംബർ 17 ചൊവ്വാഴ്ച ചെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരായ സീന ചാക്കോ അപകടകരമായ ഡ്രൈവിംഗ് നടത്തിയതായുള്ള കുറ്റം സമ്മതിച്ചു. അപകടകരമായ ഡ്രൈവിംഗ്, റോഡ് അപകടത്തിന് ശേഷം വാഹനം നിർത്താതിരിക്കുക, ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് സീന ചാക്കോ നേരിടുന്നത്. കോടതി നടപടികൾക്കായി സീന ഒക്ടോബർ 21-ാം തീയതി ചെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാകണം.

യുകെയിൽ ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തും. ലൈസൻസില്ലാതെ വാഹനമോടിച്ച് സംഭവിക്കുന്ന അപകടങ്ങളുടെ ഗുരുതരാവസ്ഥ അനുസരിച്ച് ശിക്ഷയിലും ഏറ്റക്കുറച്ചിലുണ്ടാവും. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാൽ വാഹനം പിടിച്ചെടുക്കാൻ പോലീസിന് അധികാരമുണ്ട് . വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്ത സമയത്ത് അപകടം ഉണ്ടാവുകയാണെങ്കിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് വാഹനം ഓടിക്കുന്നയാൾ ബാധ്യസ്ഥനാകും.

കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകളായ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20ന് താമസ സ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.

‘അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്‌സില്‍ കുറിച്ചു. വൈക്കം സ്വദേശിനിയായ യുവതിയുടെ മരണം സംബന്ധിച്ച് തൊഴില്‍വകുപ്പ് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്നും അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്നും ആരും പങ്കെടുത്തില്ലെന്നും ആരോപിച്ച് യുവതിയുടെ അമ്മ പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അയച്ച ഹൃദയഭേദകമായ കത്ത് ചർച്ചയായിരുന്നു. ‘അമിത ജോലിയെ മഹത്വവത്കരിക്കുന്ന തൊഴില്‍ സംസ്‌കാരത്തെ തിരുത്താന്‍ കമ്പനി തയ്യാറാകണം. ജോലിയെടുക്കുന്ന മനുഷ്യരെ അവഗണിക്കുന്നത് ഒഴിവാക്കി അവരെ പരിഗണിക്കുന്ന നിലയിലേക്ക് മാറണം. എന്റെ മകളുടെ മരണം ഉണരാനുള്ള ഒരു കോള്‍ ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു’- അന്ന സെബാസ്റ്റ്യന്റെ അമ്മ അനിതാ അഗസ്റ്റിന്റെ കത്തില്‍ പറയുന്നു. അതേ സമയം അന്നയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ കത്തിടപാടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു യുവാവ്.

എക്മോ സപ്പോർട്ടിലാണ് ഇദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. അതേസമയം തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബന്ധുക്കളുടെ നീക്കം.

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേല്‍പിച്ചു. കൈക്ക് വെട്ടേറ്റതോടെ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ പൊലീസ് കണ്ടെത്തി. പോലിസ് തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊക്കനാട് ഫാക്ടറി ഡിവിഷനില്‍ ജെ.വിഘ്‌നേഷ് (വിക്കി32) ആണ് അവശനിലയില്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്.

ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് അവധിക്കു ബന്ധുവീട്ടിലെത്തിയതായിരുന്നു പതിനാലുകാരി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പിന്‍വാതില്‍ വഴി അകത്തു കടന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഓടി വന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളുടെ കയ്യില്‍ വെട്ടുകയായിരുന്നു. മുറിവേറ്റതോടെ ഇയാള്‍ ഓടിപ്പോയി.

വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണു പ്രതി പിടിയിലായത്. അവശനിലയില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിഷം കഴിച്ചതായി പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കാവലിലാണ് ഇപ്പോള്‍. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യുമെന്നു ദേവികുളം പൊലീസ് പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളിയായ ഇയാള്‍ വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നിയമനടപടികളിലേക്ക്. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തതില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം.

ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളില്‍ പരാതിക്കാരെ കാണും. മൊഴി നല്‍കിയവരുടെ താല്‍പര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് എസ്.ഐ.ടി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ല. മുഴുവന്‍ മൊഴികളും എല്ലാവര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് വിവരം.

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യര്‍ഥിച്ചു.

തിങ്കളാഴ്ച രാവിലെയാണ് യുവാവ് മഞ്ചേരിയില്‍ ചികിത്സ തേടിയെത്തിയത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം മറ്റുള്ളവരുമായി വലിയ തോതിലുള്ള സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചത്.

കൊല്ലം മൈനാഗപ്പള്ളി അപകടത്തിൽ തന്റെ മകൾ ഡോ.ശ്രീക്കുട്ടിയെ അജ്മൽ കുടുക്കിയതാണെന്ന് അമ്മ സുരഭി. എല്ലാത്തിനും പിന്നിൽ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവാണ്. മകളുടെ സ്വർണവും വാഹനവും അടക്കം അവൻ കൈവശപ്പെടുത്തി. ഈ കുടുംബം നശിപ്പിക്കാൻ അവർ കളിച്ച കളികൾ ആണിതെല്ലാം. പക്ഷേ തന്റെ കുട്ടിയെ കുടുക്കാനായി എന്തിനാണ് ആ പാവത്തിനെ കാർ കയറ്റി കൊന്നത്? ശ്രീക്കുട്ടി നിരപരാധിയാണെന്നും സുരഭി പറ‍ഞ്ഞു.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും ചുമത്തിയത് നരഹത്യാക്കുറ്റം. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍(29) ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടി(27) എന്നിവര്‍ക്കെതിരേയാണ് മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി എട്ടുമണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതിനാല്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ല.

ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാക്കുറ്റം ചുമത്തുമെന്നായിരുന്നു പോലീസ് നേരത്തെ നല്‍കിയ സൂചന. എന്നാല്‍, നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് വനിതാ ഡോക്ടര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തിയത്. സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് ദൃക്‌സാക്ഷികളും മൊഴി നല്‍കിയിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ചന്ദനക്കടത്ത്, തട്ടിപ്പ് കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുന്‍പ് ആശുപത്രിയില്‍വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നൃത്താധ്യാപകനാണെന്ന് പറഞ്ഞാണ് അജ്മല്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് സൗഹൃദം വളരുകയും ഇരുവരും ഒരുമിച്ച് നൃത്തപഠനത്തിനായി പോവുകയുംചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. അതേസമയം, കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ തന്നെ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു അതിദാരുണമായ സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി.

 

ആലപ്പുഴയിൽ ഒമ്പതുകാരിയുടെ ഉയരത്തേക്കാൾ നീളത്തില്‍ തലമുടിയുടെ കെട്ട് വയറ്റിൽ നിന്ന് പുറത്തെടുത്തു. ആലപ്പുഴയിൽ വയറുവേദനയുമായി എത്തിയ ഒമ്പതുകാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 127 സെന്റിമീറ്റർ നീളത്തിലുള്ള മുടിയുടെ കെട്ട് പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗമാണ് ശസ്ത്രക്രിയയിലൂടെ ഈ മുടിയുടെ കെട്ട് പുറത്തെടുത്തത്. നിരന്തരമായുള്ള വയർ വേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയിൽ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂർവ രോഗം ആണെന്ന് കണ്ടെത്തി. ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലെ ആകുന്ന രോഗത്തെയാണ് ‘ട്രൈക്കോബെസോർ’ എന്ന് പറയുന്നത്. ഹെയർ ബോൾ എന്നും ഈ അവസ്ഥക്ക് പറയും. തലമുടി, നൂൽ, ക്രയോൺ എന്നിവ ഉള്ളിൽ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നവയാണ്. എന്നാൽ കുട്ടിക്ക് ബാധിച്ച രോഗം പതിവിൽ നിന്നും വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു.

കുട്ടിയിൽ ഹെയർബോളിന് 127 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്‍റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സർജറിവിഭാഗത്തിലെ ഡോ. ഷിനാസ് സാദ്ദിഖ്, ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദി, ഡോ. ജ്യൂഡ് ജോസഫ്, ഡോ. ഫാത്തിമ, ഡോ അനന്തു, അനസ്ത്യേഷ്യാ വിഭാഗത്തിലെ ഡോ. വീണ, ഡോ. ബിബി, ഡോ. അഡ്ലേൻ, ഡോ. ഹരികൃഷ്ണ, ഡോ. അംബിക, ഡോ. അപർണ, ഡോ. അനുരാജ്, ഗ്യാസ്ട്രോളജിസ്റ്റ് ഡോ. ഗോപു, നഴ്സിങ് വിഭാഗത്തിലെ ഷീജ, ശ്രീദേവി, ഷെറിൻ, സൂരജ്, ധന്യ, ബേബിപ്രീത, മീര, സനിത, ആശ, അഞ്ജലി, ബിന്ദുമോൾ, രമാദേവി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുവീഴ്ത്തി, ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ പ്രതി പിടിയില്‍. കാര്‍ ഡ്രൈവര്‍ കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ശാസ്താംകോട്ട പോലീസ് ഇയാളെ പിടികൂടിയത്.

സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീത്തുകയും തുടര്‍ന്ന് കാര്‍ നിര്‍ത്താതെ വീണുകിടന്ന സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.46-നാണ് സംഭവം.

സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കുഞ്ഞുമോള്‍ കാറിനടിയിലേക്ക് വീണു. ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് രക്ഷപ്പെടാന്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പിന്നിലെ ടയര്‍ കുഞ്ഞുമോളുടെ കഴുത്തിലൂടെ കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞുമോളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9.45-ഓടെ മരണം സ്ഥിരീകരിച്ചു.

കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറും ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാല്‍ അജ്മല്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് വിവരം.

Copyright © . All rights reserved