Kerala

കഴിഞ്ഞ പത്തുവർഷമായുള്ള പ്രണയമാണ്. രണ്ടു മതവിഭാഗങ്ങളിൽപ്പെട്ടവരാണ് ഞങ്ങൾ. പക്ഷേ, അറിഞ്ഞപ്പോൾ രണ്ടു വീട്ടുകാരും അനുകൂലിച്ചതേയുള്ളൂ. ചൂരൽമലയിൽവെച്ച് കഴിഞ്ഞമാസമായിരുന്നു നിശ്ചയം. ഞങ്ങളൊരുപാട് സന്തോഷിച്ചിരുന്നതൊന്നും ഇപ്പോഴില്ല. അപ്പോഴേക്കും ശ്രുതി അടുത്തെത്തി. നമുക്കിനിയൊന്നും സംസാരിക്കണ്ട, അവൾക്കു താങ്ങില്ലെന്ന് ജെൻസൺ പറയാതെ പറഞ്ഞു. സ്നേഹത്തോടെ ശ്രുതിയെ ചേർത്തുപിടിച്ച് അവൻ നടന്നുനീങ്ങി…’, ഓഗസ്റ്റ് ഏഴാംതീയതി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അവസാന വാചകങ്ങൾ…

ജീവിതത്തിൽ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നപ്പോഴും പ്രതീക്ഷകൾ നൽകിയവൻ… ഇനി ജീവിതത്തിൽ എല്ലായ്പോഴും ഒപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നയാൾ.. ഇനിയവൻ ശ്രുതിക്കൊപ്പമില്ല. ജൻസൺ മടങ്ങി, അവൾ വീണ്ടും തനിച്ചായി. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ അന്ന് ശ്രുതിക്ക് നഷ്ടമായതെങ്കിൽ സ്വന്തമെന്നു പറയാൻ ബാക്കി ഉണ്ടായിരുന്നവന്റെ ജീവനും ഇന്ന് മറ്റൊരു അപകടം കവർന്നു.

ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും അടക്കമുള്ള പ്രിയപ്പെട്ടവരെ ആ പാതിരാവിൽ കുതിച്ചെത്തിയ ഉരുൾകൊണ്ടുപോയി. കുടുംബത്തിലെ ഒമ്പത് പേരെയാണ് അന്ന് ശ്രുതിക്ക് അന്ന് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.

ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ, ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്. പിന്നീട് പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് ​ഗുരുതരമായി പരിക്കേറ്റത്. ​അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെൻസൻ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു ജെൻസെനെ മരണത്തിലേക്ക് നയിച്ച അപകടം. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്.

ശ്രുതിയുടെ ബന്ധു ലാവണ്യക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യക്ക് നഷ്ടമായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.

പീഡനപരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു.

ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

നിലവില്‍ സംഗറെഡ്‌ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവില്‍ ആയിരുന്നു.

ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റായി എത്തിയപ്പോള്‍ കോളയില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള വിവാദം മുറുകുമ്പോഴും എഡിജിപി എം.ആര്‍ അജിത് കുമാറിന് സംരക്ഷണ കവചമൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതോടെ അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായി. അജണ്ടയില്‍ വെച്ച് ചര്‍ച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.

ആര്‍എസ്എസ് നേതാക്കളെ കണ്ടത് കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി.സി ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍ സാങ്കേതിക വാദം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്.

എഡിജിപി മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭാ യോഗത്തിലും ഇന്ന് ചര്‍ച്ചയായിരുന്നില്ല.

അതിനിടെ നാല് ദിവസത്തെ അവധി അപേക്ഷ എഡിജിപി പിന്‍വലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതല്‍ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാര്‍ മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.

അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി.വി അന്‍വര്‍ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങള്‍ക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു അവധി ചോദിച്ചിരുന്നത്.

അന്‍വറിന് ഒപ്പം അജിത് കുമാറിന്റെയും പരാതി ഉള്ളതിനാല്‍ അദേഹത്തിന്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും. അപ്പോഴും അന്‍വറിന്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇന്ന് സുപ്രധാന ദിനം. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം മുദ്രവച്ച കവറിൽ സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. കോടതി നിർദ്ദേശപ്രകാരമാണ് നടപടി.

ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബഞ്ചിൻ്റെ സിറ്റിംഗും ഇന്ന് നടക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ , സി എസ് സുധ എന്നിവരടങ്ങുന്നതാണ് പ്രത്യേക ബഞ്ച്. റിപ്പോർട്ടുമായി ബന്ധപ്പെട്ട 6 ഹർജികൾ ഇന്ന് പരിഗണിക്കും.

നിർമ്മാതാവ് സജിമോൻ പാറയിൽ, പായിച്ചിറ നവാസ്, ജോസഫ് എം പുതുശ്ശേരി, ടി പി നന്ദകുമാർ, ആൻ്റി കറപ്ഷൻ ആൻറ് ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ എന്നിവർ സമർപ്പിച്ച ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കുക, റിപ്പോർട്ട് പുറത്തുവിടുന്നത് തടയുക, സിബിഐ അന്വേഷണത്തിന് ഉത്തരവിടുക തുടങ്ങി വ്യത്യസ്ഥമായ ആവശ്യങ്ങളാണ് ഓരോ ഹർജിയിലും ഉള്ളത്.

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച്‌ 7.60 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിലൊരാളെ കര്‍ണാടകത്തില്‍ നിന്നും പോലിസ് പിടികൂടി. കര്‍ണാടക തുമകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാന്‍ റാം ഡി.പട്ടേല്‍ (22) ആണ് അറസ്റ്റിലായത്. ഈ യുവാവാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് ദമ്പതികളെ കെണിയില്‍ വീഴ്ത്തിയത്.

ബെംഗളൂരു യെലഹങ്കയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചാണ് റാമിനെ പിടികൂടിയത്. റാമാണ് വാട്‌സാപ് വഴി ചാറ്റ് ചെയ്തു പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പു സംഘത്തിലെ മൂന്നു പേരെ ജൂലൈ ആദ്യം ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണിത്. ചേര്‍ത്തല പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീടു ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല്‍പതോളം ഇടപാടുകളിലായി പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ദമ്പതികളുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത വ്യക്തിയിലേക്കു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് എത്തുകയായിരുന്നു. കേസില്‍ വലിയ സംഘത്തിനു പങ്കുണ്ടെന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഡോക്ടര്‍ ദമ്പതികളെ വാട്‌സാപ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്താണു നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്. വാട്‌സാപ്പില്‍ ചാറ്റ് ചെയ്തത് റാം ആയിരുന്നു. എന്നാല്‍ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടതോടെ രണ്ടു കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. ഇതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.

ഭഗവാന്‍ റാം പട്ടേല്‍ പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍രാജ്, എസ്‌ഐ അഗസ്റ്റിന്‍ വര്‍ഗീസ്, എഎസ്‌ഐമാരായ വി.വി. വിനോദ്, ഹരികുമാര്‍ എന്നിവരാണു ബെംഗളൂരുവിലെത്തി പ്രതിയെ പിടികൂടിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബെംഗളൂരുവില്‍ അഞ്ചു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടാനായത്. ഇന്‍സ്‌പെക്ടര്‍ ജി.അരുണ്‍, എസ്‌ഐമാരായ സജികുമാര്‍, എസ്.സുധീര്‍, സിപിഒമാരായ ബൈജുമോന്‍, ആന്റണി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍ പ്രായില്‍ പ്രവീഷ് (35), ചേവായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്‌മെന്റില്‍ അബ്ദുല്‍ സമദ് (39) എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായത്.

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) ആണ് മരിച്ചത്. ബെംഗളുരിൽ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.

അതേസമയം, കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ പോസിറ്റീവ് ആയിരുന്നു. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു.

ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

സ്വകാര്യബസ്സിൽ പെൺകുട്ടിക്കു നേരെ അധ്യാപകന്‍റെ ലൈംഗിക അതിക്രമം. അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്‍റെ പിടിയിലായി. ഫോര്‍ട്ട്കൊച്ചി–ആലുവ ബസ്സിലാണ് പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമമുണ്ടായത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസെടുത്തത്.

കടയിരിപ്പ് ഹൈസ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. ഇതിനു മുന്‍പും ഇയാളില്‍ നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങൾ പ്രവഹിക്കവേ, പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകാലങ്ങളിലേതുപോലെ മുഖ്യമന്ത്രിക്കു കവചമൊരുക്കാൻ നേതാക്കൾ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. സി.പി.എം. സൈബർ പടയാളികളും മൗനത്തിലാണ്. ചാനൽച്ചർച്ചകൾക്കും സി.പി.എം. നേതാക്കളെ കിട്ടാനില്ല. മാധ്യമങ്ങളുടെ നിർബന്ധത്തിനു വഴങ്ങി സി.പി.എം. സഹയാത്രികരേ എത്തുന്നുള്ളൂ.

ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളിൽ വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാർട്ടി. പി.ബി. അംഗങ്ങളായ എം.എ. ബേബിയും എ. വിജയരാഘവനുമൊക്കെ തൃശ്ശൂർ ഒത്തുകളിവിവാദത്തിൽ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പി.യുടെ കാര്യത്തിൽ പ്രതിരോധത്തിനു മുതിർന്നില്ല.

എ.കെ. ബാലൻ, സജി ചെറിയാൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിർന്നില്ല. ആർ.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമർശനമുണ്ടായപ്പോൾ അതിലൊക്കെ സർക്കാർ നടപടിയെടുക്കുമെന്നും പാർട്ടിയുമായി കൂട്ടിക്കെട്ടേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദൻ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയിൽവെച്ചു. ഗൗരവമുള്ള പ്രശ്നങ്ങളിൽ നടപടിയാവശ്യപ്പെട്ട സി.പി.ഐ.യാവട്ടെ, മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.

പാർട്ടിയുടെ ഇന്നത്തെ പോക്കിൽ അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ചുള്ള പോസ്റ്റുകൾ സി.പി.എം. സൈബർ ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്. മലപ്പുറത്തെ സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്റെ ഫെയസ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ചർച്ച. കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹനെ വീഴ്ത്തിയത് ശിഖണ്ഡിയെ മുന്നിൽനിർത്തിയാണ്. ജാഗ്രതൈ… എന്നാണ് ഉള്ളടക്കം.

പുറത്ത് പെരുമഴപെയ്യുമ്പോൾ അഞ്ചെട്ടുപേർ കമ്മിറ്റികൂടി വെയിലാണെന്നും കുടയുടെ ആവശ്യമില്ലെന്നും പ്രമേയം പാസാക്കിയാൽ അവസാനിക്കുന്നതല്ല മഴയും കെടുതികളുമെന്ന് വിമർശിച്ചുള്ള പോസ്റ്റുകളും സൈബർ ഗ്രൂപ്പുകളിൽ പ്രചരിച്ചു. ചെപ്പടിവിദ്യകൾകൊണ്ടു മുറിവുകൾ ഉണങ്ങില്ലെന്നാണ് അംഗങ്ങളുടെ ഓർമ്മപ്പെടുത്തൽ.

എ.ഡി.ജി.പി. എവിടെയെങ്കിലും പോയതിന് സി.പി.എം. എങ്ങനെ ഉത്തരവാദിയാവുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞപ്പോഴും സൈബർ ഗ്രൂപ്പുകളിൽ രോഷം പൊട്ടി. പോലീസ് തലവന്മാരുടെ സംഘപരിവാർ ബന്ധം എന്നുമുതലാണ് ഒരു സാധാരണത്വമായതെന്നാണ് ചോദ്യം. അത്രയും സംഘിവത്കരിക്കപ്പെട്ട സർക്കാരും പാർട്ടിയുമാണോ കേരളത്തിലുള്ളതെന്നും ഇ.പി. ജയരാജനുപോലും ഇല്ലാത്ത പരിരക്ഷ എ.ഡി.ജി.പി.ക്ക് എന്തിനാണെന്നും ചോദ്യമുയർന്നു. ചിലരാവട്ടെ, മുൻസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രമാക്കി നിലവിലെ നേതൃത്വത്തോടുള്ള നീരസവും മറച്ചുവെച്ചില്ല.

നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ ഒന്‍പത്, തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നാളെ നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

വൈകി ട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയിന്‍ പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതും കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതുമാണ് കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാഹചര്യമൊരുക്കിയത്.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved