Kerala

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യംചെയ്യും. വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പ്രയാഗയ്ക്ക് നോട്ടീസ് നല്‍കി. പ്രയാഗയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.

മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. മരട് പോലീസ് സ്‌റ്റേഷനില്‍വെച്ചുതന്നെയോ എറണാകുളം എ.സി.പിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗാമാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുണ്ടായിരുന്നു.

ശ്രീനാഥ് ഭാസിയേയും കേസില്‍ ചോദ്യംചെയ്‌തേക്കും. ഉടന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. നിലവില്‍ ശ്രീനാഥ് കൊച്ചിയില്‍ ഇല്ലെന്നാണ് വിവരം.

ഓംപ്രകാശിനെ മുറിയില്‍ സന്ദര്‍ശിച്ച 20 പേരില്‍ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിലെ മൂന്നുമുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നയന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനേയും കൂട്ടാളി ഷിഹാസിനേയും പിടികൂടിയത്.

മലപ്പുറം പരാമര്‍ശ വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്ന് വിമര്‍ശനം ഉന്നയിച്ച കൈമാറിയ കത്തില്‍ രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സാങ്കേതികത്വം പറഞ്ഞ് ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ഒപ്പം താന്‍ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവര്‍ണറുടെ അവശ്യം. ഇന്ന് നാല് മണിക്ക് രാജ്ഭവനിലെത്താന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ നടപടി. ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശ വിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഇതോടെയാണ് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മറുപടിക്കത്ത് നല്‍കിയത്.

കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റിൽ. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് അറസ്റ്റിലായത്.

ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ബാലൻസും മനസ്സിലാക്കിയ തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന വ്യാജേന ഫോൺ ചെയ്യുകയായിരുന്നു.

വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കാൻ പണം വേണമെന്ന് ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സിബിഐ ഓഫീസറായി എത്തുക വടക്കേ ഇന്ത്യൻ സ്വദേശിയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും സംഭാഷണം കൂടെ ആകുമ്പോൾ ആരും വിശ്വസിക്കും.13 ലക്ഷത്തിലധികം രൂപയാണ് ചാലാട് സ്വദേശിയെ ഭയപ്പെടുത്തി തട്ടിയെടുത്തത്.

നാഗ്പൂരിൽ എസ്ബിഐ അക്കൗണ്ടിലേക്ക് പണം നൽകാനായിരുന്നു നിർദ്ദേശം. പോലീസിന്റെ അന്വേഷണത്തിലാണ് പണം നേരെ തൃശൂർ സ്വദേശി ജിതിൻ ദാസിന്റെ അക്കൗണ്ടിലേക്ക് എത്തി എന്ന് കണ്ടെത്തുന്നത്. പണം ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ഇർഫാൻ ഇക്ബാലിന് കൈമാറുകയായിരുന്നു.

തട്ടിപ്പിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നാണ് നിഗമനം. സംഘത്തിലെ മറ്റുള്ളവർക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി.

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യൂ(75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശി കമലം (65) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരില്‍ മറ്റു നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ഓമശേരി ശാന്തി ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം അപകടത്തില്‍ ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെഎസ്ആര്‍ടിസി എംഡിക്ക് ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചുവെന്നും നിലവില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും നാട്ടുകാര്‍ അറിയിച്ചു. നാല്‍പതിലധികം പേരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞത്. കലുങ്കില്‍ ഇടിച്ച ശേഷം ബസ് തലകീഴായി മറിയുകയായിരുന്നു.

ജലക്ഷാമത്തെ തുടര്‍ന്ന് കേരളത്തിന്റെ സ്വന്തം ജവാന്‍ നിര്‍മ്മിക്കാനാകാതെ പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറി. സമീപത്തെ രണ്ട് പഞ്ചായത്തുകള്‍ വെള്ളം നല്‍കാനാകില്ലെന്ന നിലപാടുമായി രംഗത്തെത്തിയതോടെയാണ് മലബാര്‍ ഡിസ്റ്റിലറി പ്രതിസന്ധിയിലായത്. ചിറ്റൂര്‍ പുഴയിലെ കുന്നങ്കാട്ടുപതി റഗുലേറ്ററിലെ മുങ്കില്‍മട ശുദ്ധ ജല പദ്ധതിയില്‍ നിന്ന് പ്ലാന്റിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ആദ്യ തീരുമാനം.

എന്നാല്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഡിസ്റ്റിലറിയ്ക്ക് വെള്ളത്തിന്റെ പ്രതിസന്ധി നേരിടേണ്ടി വന്നത്. ദിവസവും രണ്ട് ലക്ഷം ലിറ്റര്‍ വെള്ളമാണ് ജവാന്‍ മദ്യം ഉത്പാദിപ്പിക്കാന്‍ ആവശ്യമായി വരുന്നത്. നേരത്തെ വെള്ളം എത്തിക്കുന്നതിനായി 1.87 കോടി രൂപ ജലവിഭവ വകുപ്പിലേക്ക് അടയ്ക്കുകയും പൈപ്പുകളും മറ്റും വാങ്ങുകയും ചെയ്തു.

വടകരപ്പതി- എലപ്പുള്ളി പഞ്ചായത്തുകളിലെ ജലക്ഷാമമാണ് ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. ഇത്രയും അളവില്‍ ജലം പൈപ്പിട്ട് ഡിസ്റ്റിലറിക്ക് നല്‍കിയാല്‍ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്നാണ് ആശങ്ക. ജലലഭ്യത ഉറപ്പാക്കി എത്രയും വേഗം പ്ലാന്റ് യാഥാര്‍ഥ്യമാക്കാനുളള നീക്കത്തിലാണ് സര്‍ക്കാര്‍.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളുടെ പേരും.

കേസില്‍ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്.

നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ഇന്നലെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓം പ്രകാശിന്റെ സുഹൃത്താണ് മുറി ബുക്ക് ചെയ്തത്.

നടിയും നടനുമടക്കം ഇരുപതോളം ആളുകളുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. മുറിയില്‍ ലഹരി ഉപയോഗം നടന്നുവെന്നും പൊലീസ് പറയുന്നു. ഓം പ്രകാശും സുഹൃത്തുക്കളും വിദേശത്ത് നിന്ന് ലഹരി എത്തിച്ച് കൊച്ചിയിലെ ഡിജെ പാര്‍ട്ടിയില്‍ വില്‍പന നടത്തിയെന്നും സൂചനയുണ്ട്.

ശ്രീനാഥിനെയും പ്രയാഗയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല. വൈദ്യ പരിശോധനയിലും ലഹരി ഉപയോഗം തെളിയിക്കാനാവാത്തതിനാലാണ് ഓം പ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പിടികൂടിയ ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കല്‍നിന്ന് പൊലീസ് കൊക്കൈന്‍ പിടിച്ചെടുത്തിരുന്നു.

കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തിലാണ് നാര്‍കോട്ടിക്സ് വിഭാഗം പരിശോധന നടത്തിയത്.

ആദ്യം കരുതല്‍ കസ്റ്റഡിയിലെടുത്ത ഓം പ്രകാശിനെ പിന്നീട് പൊലീസ് സ്റ്റേഷനിലും ഹോട്ടലിലും എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതൽ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രം​ഗത്തു വന്നതാണ് സാഹചര്യങ്ങൾ വഷളാക്കിയത്. സഭയിൽ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിലും പ്രതിഷേധമുയർന്നു.

പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യത്തിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഒന്നിലധികം പ്രതിപക്ഷ നേതാവ് ഉണ്ടോ എന്ന സ്പീക്കറുടെ ചോദ്യവും പ്രതിഷേധത്തിനിടയാക്കി. എന്നാൽ കുറ്റബോധം കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് മറപുടി നൽകി.

സ്പീക്കർക്ക് പക്വതയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. സ്പീക്കർ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണിതെന്നും സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യങ്ങളാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്റെ എല്ലാ വൃത്തികേടുകൾക്കും സ്പീക്കർ കൂട്ടുനിൽക്കുകയാണെന്നും വി. ഡി സതീശൻ ആരോപിച്ചു.

സ്പീക്കറുടെ മുഖം മറച്ചും ഡയസിലേയ്ക്ക് കടന്ന് കയറാനും പ്രതിപക്ഷം ശ്രമിച്ചു. ഇതിനിടെ പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ച് മാറ്റി. ഇതോടെ സ്പീക്കര്‍ ചേംബറിലേക്ക് പോയി.

അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിട്ടും സഭ പിരിയുന്നത് അപൂര്‍വമാണ്. ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ചെയ്യാനായിരുന്നു തീരുമാനം.

2023 ഒക്ടോബര്‍ ഏഴിന് തങ്ങളുടെ രാജ്യത്ത് കടന്നു കയറി നൂറുകണക്കിനാളുകളെ വെടിവെച്ച് കൊല്ലുകയും നിരവധിപേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത ഹമാസിനോടും അവരെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള, ഹൂതി തുടങ്ങിയ ഇസ്ലാമിക സായുധ സംഘടനകളോടും ഇവര്‍ക്കെല്ലാം പിന്തുണ നല്‍കുന്ന ഇറാനെതിരെയുമുള്ള നിരന്തര പോരാട്ടത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്രയേല്‍.

ഇസ്രയേലിന്റെ നെഞ്ചിലൂടെ ആ വാള്‍ കടന്നു പോയിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നത്തെ രാത്രി നിര്‍ണായകമെന്നാണ് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഈ മാസം ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞെങ്കിലും അതുണ്ടായിട്ടില്ല.

ഇന്നു രാത്രി ഇസ്രയേല്‍ പൂര്‍ണ ശേഷിയോടെ എതിരാളികളെ ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ നിലയങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന അഭ്യൂഹവും ശക്തമാണ്. ഇറാന്റെ ആണവ നിലയങ്ങള്‍ അക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യര്‍ത്ഥന മറികടന്ന് പ്രത്യാക്രമണം നടത്താനാണ് ഇസ്രയേല്‍ ഒരുങ്ങുന്നതെന്ന് സിഎന്‍എന്‍ അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസിനെതിരെ ആരംഭിച്ച യുദ്ധം ഒരു വര്‍ഷത്തോടടുക്കുമ്പോഴും പൂര്‍ണ വിജയത്തിലെത്തിക്കാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല. തുടര്‍ന്ന് ഹിസ്ബുള്ളയും ഹൂതികളും ഹമാസിന് പിന്തുണയുമായി ഇസ്രയേലിനെതിരെ തിരിഞ്ഞിരുന്നു.

ഹമാസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ കഴിയാത്തത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കഴിവുകേടായാണ് ഇസ്രയേലിലെ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാസിന്റെയും ലെബനനിലെ ഹിസ്ബുള്ളയുടെയും പ്രധാനപ്പെട്ട നേതാക്കളെ വധിക്കാന്‍ കഴിഞ്ഞെങ്കിലും യുദ്ധം ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ സര്‍ക്കാരിന്റെ ഭാവി അത്ര ശോഭനമാകില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് വ്യക്തമായറിയാം.

അതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. കഴിഞ്ഞ രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ മുപ്പതിലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയില്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയത്. ലെബനനിലെ ഏറ്റവും ഭീകര രാത്രിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. രാത്രിയില്‍ വന്‍ പൊട്ടിത്തെറികളും പുകപടലങ്ങളും പ്രകാശവുമായിരുന്നു ബെയ്‌റൂട്ടിലെ ആകാശത്തിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ സൈന്യം നാനൂറിലധികം ഹിസ്ബുള്ള പോരാളികളെ വധിച്ചതിന് പിന്നാലെയാണ് രാത്രിയില്‍ വീണ്ടും അക്രമണം നടത്തിയത്.

അതേസമയം ഗാസയില്‍ യുദ്ധം ആരംഭിച്ച് ഇതുവരെ 41,870 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 97,000 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിസ തട്ടിപ്പിന് ഇരയായ യുവതി തൂങ്ങി മരിച്ചു. തലവടി മാളിയേക്കൽ ശരണ്യ (34) ആണ് മരിച്ചത്. ഭാര്യയുടെ മരിച്ചതിനെത്തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് അരുണിനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷിച്ചു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലി നോക്കിയിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയിൽ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. വീസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം കോട്ടയം പാലായിലെ ഏജൻസിക്കു നൽകിയിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തട്ടിപ്പിന് ഇരയായതായി അറിയുന്നത്. ഇതിൽ മനംനൊന്ത് ശരണ്യ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവ് അരുണിനോട് വിവരങ്ങൾ അന്വേഷിച്ചശേഷം നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ അരുൺ വീടിനുള്ളിൽ കയറി വാതിൽ പൂട്ടിയ ശേഷം തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തു കയറി കുടുക്ക് അറുത്തുമാറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഏഴ് വർഷം മുൻപു വിവാഹിതരായ ഇവർക്കു മക്കളില്ല.

പാലായിലെ ഏജൻസി ശരണ്യയെ ഇടനില നിർത്തി തലവടി സ്വദേശികളായ പലരുടെയും കയ്യിൽനിന്നു വീസ വാഗ്ദാനം ചെയ്തു പണം വാങ്ങിയതായും സൂചനയുണ്ട്. ഇവർ തിരികെ പണം ആവശ്യപ്പെട്ട് ശരണ്യയെ സമീപിച്ചിരുന്നതായും പറയുന്നു. ഏജൻസിയെക്കുറിച്ച് എടത്വ എസ്ഐ എൻ. രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്.

അസാധാരണമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദിനത്തിൽ സെക്രട്ടേറയറ്റിൽ എത്തുന്നത്. 20 മിനിറ്റോളം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ചെലവഴിച്ചതായാണ് വിവരം.

കഴിഞ്ഞ കുറേ നാളുകളായി പി.വി. അൻവർ എം.എൽ.എ. അജിത് കുമാറിനെതിരേ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫിൽ നിന്ന് പിണങ്ങി പുതിയ പാർട്ടി രൂപീകരിക്കുന്നതിലേക്ക് വരെ എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പിവി അൻവറിനെ എത്തിച്ചിരുന്നു. എ.ഡി.ജി.പി. അജിത് കുമാർ – ആർ.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ചതിനു പിന്നാലെ ശക്തമായി പി.വി. അൻവർ ഉന്നയിച്ചിരുന്നു. തൃശ്ശൂർപ്പൂരം കലക്കൽ ആരോപണവും എ.ഡി.ജി.പിക്കെതിരേ ശക്തമായിരുന്നു. എന്നാൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേകാന്വേഷണത്തിന് ശേഷം മാത്രമേ എ.ഡി.ജിപിക്കെതിരേ നടപടി ഉണ്ടാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എ.ഡി.ജി.പിയെ മാറ്റിയേ തീരൂ എന്ന നിലപാടിൽ സി.പി.ഐയും രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴും മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഒടുവിൽ മുഖ്യമന്ത്രിക്ക് നടപടി എടുക്കേണ്ടി വന്നു എന്നുവേണം കരുതാൻ.

Copyright © . All rights reserved