Kerala

പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്.

ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര്‍ ആരോപിച്ചു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.

മണിയന്‍ പിള്ളരാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നുംമിനു ആരോപിച്ചു.

അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി- മിനു പറയുന്നു.

ചലച്ചിത്രമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സർക്കാർ. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവർക്ക് പരാതിയുണ്ടെന്ന് അറിയിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോകും.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോ​ഗസ്ഥർ.

പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളിൽ ഇപ്പോൾ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരി​ഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.

നേരത്തെ, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെം​ഗി​ക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി.

യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ധിഖും രാജിവെച്ചിരുന്നു. വർഷങ്ങൾക്കുമുൻപ്‌ സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്‌. മുൻപ്‌ ഇതു പറഞ്ഞപ്പോൾ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി പറ്റൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില്‍ നിന്നും സിനിമരംഗത്ത് നിന്നും ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ആരോപണം ഉയര്‍ന്ന് 12 മണിക്കൂറിനുള്ളില്‍ സിദ്ദിഖ് കൂടി ഒഴിഞ്ഞതോടെ രാജിയല്ലാതെ മറ്റ് വഴിയില്ലാതാകുയായിരുന്നു. .

യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചതോടെ രഞ്ജിത്തിന് മേൽ സമ്മർദം വർധിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെം​ഗി​ക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി.

സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്തു നടത്തിയ പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി വിമലിനെ (33) യാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

2023 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് ഡാറ്റ എൻട്രി ജോലി നൽകാം എന്ന വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയിൽ നിന്നും 1,30,000 കൈപ്പറ്റി കംബോഡിയയിലേക്ക് കടത്തിവിട്ടു. കംബോഡിയയിൽ കെടിവി ഗാലഗ്സി വേൾഡ് എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ നിർബന്ധിച്ച് ഭീഷണിപെടുത്തി ഫേക്ക് ഐഡികൾ ഉണ്ടാക്കി സൈബർ തട്ടിപ്പു ജോലികൾ ചെയ്യിപ്പിക്കുകയായിരുന്നു.

ജോലിചെയ്യാൻ വിസമ്മതിച്ചപ്പോൾ പാസ്പോർട്ട് തിരികെ കൊടുക്കാതെ സഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് യുവാവ് ഇന്ത്യൻ എംബസി വഴിയാണ് നാട്ടിലെത്തിയത്.

നാട്ടിൽ തിരിച്ചെത്തിയ യുവാവ് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഇൻസ്പെകടർ എം കെ ഷമീറിന്റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‍ഡ് ചെയ്തു.

ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കൈയ്യിൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതികൾ അടിച്ച് മാറ്റിയത്.

കേസിൽ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടിൽ നാസർ മകൻ ജംഷീർ (34) വയസ്സ്, പുന്ന മുണ്ടോക്കിൽ മുസ്തഫയുടെ മകൻ ഫാറൂഖ്.കെപി (34) വയസ്സ് എന്നിവരെയാണ് ചാവക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രീത ബാബു അറസ്റ്റ് ചെയ്തത്.

പലസമയത്തായാണ് പ്രതികൾ പൂജയുടെ പേര് പറഞ്ഞ് യുവതിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് സ്വർണം തിരികെ ചോദിച്ചപ്പോഴാണ് യുവതിക്ക് ചതി മനസിലായത്. തന്‍റെ കൈയ്യിൽ നിന്നും വാങ്ങിയ സ്വർണ്ണം തിരികെ ചോദിച്ച സമയം പരാതിക്കാരിക്ക് റോൾഡ് ഗോൾഡിന്റെ ആഭരണങ്ങൾ തിരികെ നൽകി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സ്വർണ്ണം വിറ്റു കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചുളള ദർഗ്ഗകളിൽ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി. സിവിൽ പൊലീസ് ഓഫീസർമാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സിനിമാരംഗത്ത് കാസ്റ്റിങ് കൗച്ച് ചിലർക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്റ് നടൻ ജഗദീഷ്. ഹേമ കമ്മിറ്റിക്കുമുന്നിൽ വനിതകൾ നൽകിയ മൊഴികൾ അപ്രസക്തമാണെന്നു താൻ പറയില്ല. ആരോപണവിധേയർ അഗ്നിശുദ്ധി തെളിയിക്കട്ടെ. അവരുടെ പേരിൽ കോടതി കേസെടുക്കാൻ നിർദേശിച്ചാൽ അമ്മ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജഗദീഷ് പറഞ്ഞു.

ഇരയായവരുടെ പേര് റിപ്പോർട്ടിൽനിന്ന് ഒഴിവാക്കാം. എന്നാൽ, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നവർ അക്കാര്യം പറയുമ്പോൾ അന്ന് പറയാത്തതെന്താ എന്ന് ചോദിക്കാനാകില്ല. എത്ര കൊല്ലം മുൻപ് നടന്നതായാലും ലൈംഗികചൂഷണവും ലൈംഗികാതിക്രമങ്ങളും ഒരിക്കലും സ്വാഗതം ചെയ്യാനാകില്ല.

അതേസമയം, റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല.

അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഈ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. പേരുകൾ പുറത്തുവിടാൻ കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂർണ്ണമായും സഹകരിക്കും.

റിപ്പോർട്ട് അന്നുതന്നെ പുറത്തുവിട്ടിരുന്നെങ്കിൽ ഇക്കാലത്തിനിടെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായേനെയെന്നും ജഗദീഷ് പറഞ്ഞു.

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാളെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിളക്കോട് സ്വദേശി സഫീര്‍ ആണ് അറസ്റ്റിലായത്. തലശ്ശേരിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.

കേസിലെ മുഖ്യപ്രതി അശമന്നൂര്‍ സവാദിന് മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിതിന് പിന്നാലെ അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സഫീറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ ഈ മാസം 29 ന് കോടതി പരിഗണിക്കും.

2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ സംഘം പിടികൂടിയത്. കണ്ണൂരില്‍ നിന്നാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം റിപ്പോർട്ടിൽ അന്വേഷണം എന്ന നിർണായകമായ തീരുമാനത്തിലേക്കുള്ള ആദ്യചുവടുവെപ്പാകുമോയെന്നത് ചർച്ചയാകുന്നു. അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി വ്യാഴാഴ്ച പരിഗണിക്കവേ മൊഴിനൽകിയവർക്ക് പോലീസിനെ സമീപിക്കാമല്ലോ എന്നായിരുന്നു കോടതിയുടെ ആദ്യപ്രതികരണം. അതല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയിലും പരാതിനൽകാം -ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജിക്കാരനോട് പറഞ്ഞു.

അന്വേഷണം എന്ന ആവശ്യം റിപ്പോർട്ടിൽ ഇല്ലാത്തത് സർക്കാരും ചൂണ്ടിക്കാട്ടി. സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ശുപാർശകളടങ്ങിയ റിപ്പോർട്ട് നൽകാനാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും വാദിച്ചു. ഈ വാദം തള്ളിക്കൊണ്ടാണ് റിപ്പോർട്ട് പൂർണമായും പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.

സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോർട്ടിലുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴും അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി മുൻ ജഡ്ജികൂടിയായ കെ. ഹേമ റിപ്പോർട്ടിൽ ഉന്നയിച്ചിട്ടില്ലെന്നതായിരുന്നു അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. ഇതിനായി റിപ്പോർട്ടിലെ ചില പേജുകളും പ്രത്യേകം പരാമർശിച്ചു. അന്വേഷണമടക്കമുള്ള ആവശ്യം ഇല്ലാത്തതിനാലാണ് ജുഡീഷ്യൽ കമ്മിഷനുപകരം കമ്മിറ്റിയെ നിയോഗിച്ചത് എന്നും വിശദീകരിച്ചു.

290 പേജുകൾ അടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിൽ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്ന പേരിലാണ് നൽകാതിരുന്നത്. ഇതടക്കം മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദേശം.

അപ്പോഴും റിപ്പോർട്ടിന്റെ അനുബന്ധമായ വാട്സാപ്പ് ചാറ്റുകളും ഒാഡിയോ, വീഡിയോ ദൃശ്യങ്ങളും ഒന്നും കോടതിയിൽ എത്തില്ല. കമ്മിറ്റി അവ സർക്കാരിന് കൈമാറിയിട്ടില്ല എന്നാണ് എ.ജി. കോടതിയിൽ പറഞ്ഞത്. റിപ്പോർട്ട്് പരിശോധിച്ചശേഷം കോടതി ഇവയും വിളിച്ചുവരുത്തി പരിശോധിക്കുമോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല.

വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്ത മേഖലയിലെ അപകട സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളും സംബന്ധിച്ച് രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയത്. ജോണ്‍ മത്തായി നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്‍ പുനരധിവാസം സംബന്ധിച്ചും അപകട മേഖലകള്‍ സംബന്ധിച്ചുള്ളതുമാണ് സമര്‍പ്പിച്ചത്. പുനരധിവാസത്തിന് 24 സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നതില്‍ 12 ഇടത്ത് വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ഇതില്‍ അഞ്ച് സ്ഥലങ്ങള്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പുഞ്ചിരിമട്ടം താമസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സംഘം പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അപകട മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

പുഴയില്‍ നിന്നുള്ള ദൂരം, ഭൂമിയുടെ ചെരിവ്, നീര്‍ച്ചാല്‍ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ അപകട മേഖലകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളില്‍ പുഴയില്‍ നിന്ന് 350 മീറ്റര്‍ വരെ അപകട മേഖലയായി തരം തിരിച്ചിട്ടുണ്ട്. അന്‍പത് മീറ്റര്‍ ഉണ്ടായിരുന്ന പുഴ ഉരുള്‍പ്പൊട്ടലോടെ നൂറോ നൂറ്റമ്പതോ മീറ്ററായി പരിണമിച്ചിട്ടുണ്ട്.

പുഴയുടെ പുതിയ വക്ക് കണ്ടെത്തി തിരിച്ചറിഞ്ഞ സംഘം അവിടെ നിന്നാണ് അപകട മേഖല കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെയുള്ളതെല്ലാം സുരക്ഷിത സ്ഥലമായും കണക്കാക്കും. എങ്ങനെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്നുള്ള റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇനിയും നല്‍കിയിട്ടില്ല. ഇത് പ്രഭവകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമേ തയ്യാറാക്കൂ.

ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് അതിന് മുകളിലുള്ള ഉന്നതാധികാര സമിതി ഇനി പഠിക്കും. അവര്‍ ഈ ആഴ്ച അവസാനത്തോടെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കുകയാകും ചെയ്യുക.

എന്നാല്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നിലവില്‍ തുടരുകയാണ്. 119 പേരെയാണ് നിലവില്‍ കണ്ടെത്താനുള്ളത്. തിരച്ചില്‍ സംഘത്തില്‍ ആളുകളെ വെട്ടിക്കുറച്ചത് വിമര്‍ശനത്തിന് വഴി വച്ചിരുന്നു. വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതേത്തുടർന്ന് എയർഇന്ത്യ 657 വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.

മുംബൈയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45-ന് പുറപ്പെട്ടവിമാനം 8.10-നായിരുന്നു തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഭീഷണിയെ തുടർന്ന് എട്ടുമണിയോടെ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും.

യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. രാവിലെ 7.30-ഓടെയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് പൈലറ്റ് അറിയിച്ചതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. എവിടെ നിന്നാണ് ഭീഷണി ലഭിച്ചതെന്നത് ഉൾപ്പടെയുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.

RECENT POSTS
Copyright © . All rights reserved