Kerala

പത്തനംതിട്ട മുക്കൂട്ടുതറയിലെ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പറയാനുള്ളത് എല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്ന് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി.

ലോഡ്ജ് ഉടമയുമായുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്താനുള്ള കാരണമെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ജെസ്‌നയെ ലോഡ്ജില്‍ കണ്ടതായി ഇവര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

മുണ്ടക്കയത്തുള്ള ലോഡ്ജില്‍ ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നു. ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറഞ്ഞിരുന്നു.

എന്നാല്‍ ജീവനക്കാരിയുടെ വാദം തള്ളി ലോഡ്ജ് ഉടമ രംഗത്ത് വന്നിരുന്നു. ആരോപണമുയര്‍ത്തിയ സ്ത്രീ ലോഡ്ജില്‍ ലൈംഗിക തൊഴില്‍ നടത്തിയിരുന്നു. ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു പറഞ്ഞു. 2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്‌നയെ കാണാതായത്.

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർ‍ച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതി‍ർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.

തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.

ലഭിച്ച ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറി‌ഞ്ഞ‌ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെയും കാണിച്ചു. പെൺകുട്ടിയുടെ അച്ഛൻ ഇത് തന്റെ മകൾ തന്നെയെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരി പൊലീസിന് ഇതിനോടകം തന്നെ കേരള പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.

കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിൻ ആയതിനാൽ അവിടെത്തന്നെ ഇറങ്ങിയിരിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാൽ ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. കന്യാകുമാരി എത്തുന്നതിന് മുമ്പ് ഈ ട്രെയിനിന് അഞ്ച് സ്റ്റോപ്പുകളുമുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം ഉടൻ തന്നെ കന്യാകുമാരിയിലേക്ക് പുറപ്പെടും.

മർദനമേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പൂവത്തൂർ ചുടുകാട്ടിൻമുകൾ വിഷ്ണുഭവനിൽ മോഹനൻ ആശാരി (62) ആണ് മർദനമേറ്റ് തിങ്കളാഴ്ച മരിച്ചത്. നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനൻ നായർ (67), ചെല്ലാംകോട് വേണു മന്ദിരത്തിൽ വേണു (63) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

മുക്കോല ജങ്ഷനിൽ വച്ചായിരുന്നു അക്രമം. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലുള്ള തർക്കമാണ് സംഘട്ടനത്തിലെത്തിയത്. ഒന്നാം പ്രതിയായ മോഹനൻ, മോഹനൻ ആചാരിയെ പിടിച്ചുതള്ളി. വെയിറ്റിങ് ഷെഡ്ഡിന്റെ അരച്ചുമരിൽ വന്നു വീണ മോഹനൻ ആചാരിയുടെ കഴുത്തിന്റെയും തലയുടെയും പുറകു ഭാഗത്ത് ശക്തമായ ഇടികിട്ടി.

അബോധാവസ്ഥയിൽ മൂന്ന് മണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞു കിടന്ന ഇയാളെ വിവരമറിഞ്ഞ ഭാര്യയും മകൻ വിഷ്ണുവും ആശുപത്രിയിലെത്തിച്ചു.മർദിച്ചവരുടെ വിവരങ്ങൾ മോഹനൻ ആശാരി പറഞ്ഞിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പുറകെയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും . ഇതിനിടെ പേരു പറയാതെ റിപ്പോർട്ടിൽ പരാമർശിക്കുന്നത് ആരെ കുറിച്ചാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി. സമൂഹമാധ്യമങ്ങൾ വഴി പല നടന്മാരുടെയും പേരുകളാണ് കമന്റുകളും മറ്റും ആയി പ്രചരിക്കുന്നത്.

ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതിനാൽ, റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സർക്കാരിന് കത്ത് നൽകിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവർത്തിച്ചു പറഞ്ഞിരുന്നു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 63 പേജുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചിരുന്നു. സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് പറഞ്ഞാണ് ഇത് മാറ്റിവച്ചത്. ലഭിച്ച മൊഴികളുടെയെല്ലാം അടിസ്ഥാനത്തില്‍ അവസാനഘട്ടത്തിലാണ് കേസ് എടുക്കുന്നത് സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുള്ളത്. കേസെടുക്കാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ സൂചിപ്പിക്കുന്നത്.

സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന വിധത്തില്‍ പെരുമാറിയാല്‍ ഐപിസി 354 പ്രകാരം അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാം. സിനിമയിലെ പവര്‍ മാഫിയയുമായി എന്തെങ്കിലും തരം അഭിപ്രായ ഭിന്നതയോ വിദ്വേഷമോ ഉണ്ടായാല്‍ അവര്‍ക്കെതിരെ ഫാന്‍സിന്റെ സൈബര്‍ ആക്രമണം പതിവാണ്. മോശം ചിത്രങ്ങളും ദൃശ്യങ്ങളുമിട്ട് അവരെ പൊതുസമൂഹത്തിന് മുന്നില്‍ നാണം കെടുത്തുന്നതും പതിവാണ്. ഇതില്‍ നടനും ഫാന്‍സും കുറ്റക്കാരാണ്. ഇതില്‍ കേസ് എടുക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു

22 വർഷം മെത്രാനായും, 17 വർഷം മെത്രാപ്പോലീത്തയായും ചങ്ങനാശ്ശേരി അതിരൂപതയെ സമൃദ്ധമായി നയിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം പിതാവ് വിരമിക്കുന്നു. പുന്നത്തുറ കോങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി ബേബിച്ചൻ എന്ന് വിളിക്കുന്ന മകൻ ജനിച്ചത് 1948 ജൂലൈ 5 ന് ആയിരുന്നു. 1974 ൽ തിരുപ്പട്ടം സ്വീകരിച്ചു!2002 മെയ് മാസത്തിൽ ചങ്ങനാശ്ശേരി സഹായമെത്രാനായി 2007മാർച്ച്‌ 19 മുതൽ ചങ്ങനാശ്ശേരി അതിരൂപതയിലെ മെത്രാപ്പോലീത്ത ആയി മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ പിൻഗാമിയായി ചങ്ങനാശേരി അതിരൂപതയെ സീറോ മലബാർ സഭയുടെ മാതൃക അതിരൂപത ആയി മുന്നോട്ട് നയിച്ചു വരുന്നു.

പാലാ, കാഞ്ഞിരപ്പള്ളി രൂപതകൾ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ ഉള്ള രൂപതകളായി മുന്നോട്ടു നയിക്കുമ്പോൾ അതിൽ മാർ ജോസഫ് പെരുന്തോട്ടം വഹിച്ച പങ്ക് സ്തുത്യർഹമാണ്. നാളെ തുടങ്ങുന്ന സിനഡിൽ അദ്ദേഹം വിരമിക്കുന്ന വിവരം പ്രഖ്യാപികുകയും പിൻഗാമി ആരെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.

‘നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തില്‍ അങ്ങനെയല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പു പോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്’… മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആമുഖ പരാമര്‍ശമാണിത്.

മലയാള സിനിമയില്‍ സ്വന്തമായി ആരാധകരുള്ളവരും പണമിറക്കി ആരാധക വൃന്ദങ്ങളെ സൃഷ്ടിച്ച് കീ ജയ് വിളിപ്പിക്കുന്നവരുമായ പല നടന്‍മാരുടെയും ചീഞ്ഞളിഞ്ഞ പൊയ്മുഖം ചിതറി വീഴുന്നതായി മാറി ഇന്ന് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സ്വകാര്യത മാനിച്ച് റിപ്പോര്‍ട്ടിലെ ‘സെന്‍സിറ്റീവായ’ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കിയാണ് നിലവില്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പൂര്‍ണമായി പുറം ലോകമറിഞ്ഞാല്‍ ആരാധകരുടെ ‘മാതൃകാ പുരുഷന്‍മാരായ’ പല മാന്യന്‍മാര്‍ക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും.

‘അഡ്ജസ്റ്റ്‌മെന്റ്’, ‘കോംപ്രമൈസ്’ എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സുപരിചിതം എന്ന് ചില പുതുമുഖ നടിമാര്‍ വെളിപ്പെടുത്തിയതായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഡ്ജസ്റ്റ്‌മെന്റിനും കോംപ്രമൈസിനും തയ്യാറാകാത്ത നടിമാര്‍ക്ക് ഷൂട്ടിങ് സെറ്റില്‍ നല്ല ഭക്ഷണം നല്‍കാറില്ല, ശുചിമുറി സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്നു എന്നതെല്ലാം ഈ മാംസ കൊതിയന്‍മാരുടെ ക്രൂരമുഖം വെളിപ്പെടുത്തുന്നു. പ്രമുഖ നടന്‍മാര്‍ ഉള്‍പ്പെടെ 15 പേരടങ്ങുന്ന ‘പവര്‍ ഗ്രൂപ്പ്’ ആണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നതെന്ന് ഹേമ കമ്മീഷന്‍ വ്യക്തമാക്കുമ്പോള്‍ ആ 15 പേരില്‍ ആരൊക്കെയുണ്ടെന്ന് സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ മനസിലാകും.

മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേ ദിവസം ഉപദ്രവിച്ച അതേ നടന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായതായി കമ്മീഷന് മുമ്പാകെ ഒരു നടി മൊഴി നല്‍കി. തലേ ദിവസത്തെ മോശം അനുഭവം മാനസികമായി തകര്‍ത്തതിനാല്‍ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തില്‍ സംവിധായകന്റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നതായും നടി നല്‍കിയ മൊഴിയില്‍ പറയുന്നു.

നടന്‍മാരുടെയും സംവിധായകന്റെയും നിര്‍മാതാവിന്റെയുമെല്ലാം ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നാല്‍ ചില ചുംബന രംഗങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ച് എടുപ്പിക്കുന്നതും സ്ഥിരം കലാപരിപാടിയാണ്. മാത്രമല്ല സിനിമ ചിത്രീകരണത്തിന്റെ തുടക്കത്തില്‍ പറഞ്ഞുറപ്പിക്കുന്ന കാര്യങ്ങളല്ല പല നടിമാരും പിന്നീട് ചെയ്യേണ്ടി വരുന്നത്. കരാറിലില്ലാത്ത തരത്തില്‍ ശരീര പ്രദര്‍ശനവും ലിപ് ലോക്ക് സീനുകളും ചെയ്യേണ്ടി വന്നതായി പല നടിമാരും കമ്മിഷന് മൊഴി നല്‍കിയിട്ടുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം എ.എം.എം.എ എന്ന സിനിമ നടീനടന്‍മാരുടെ സംഘടന സ്വീകരിക്കുന്ന വിചിത്ര നിലപാടാണ് ഏറെ പരിഹാസ്യമാകുന്നത്. സ്ത്രീ വിരുദ്ധ നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. സഹകരിക്കാത്ത സ്ത്രീകളെ എങ്ങനെ സഹകരിപ്പിക്കാമെന്നാണ് സംഘടന പഠിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുക്കി പറഞ്ഞാല്‍ വെറും കൂട്ടിക്കൊടുപ്പുകാരന്റെ പണി. എന്നിട്ടാണ് ആ സംഘടനയ്ക്ക് ലോകത്തിലെ ഏറ്റവും മഹത്വമേറിയതും ആദരവര്‍ഹിക്കുന്നതും അനിര്‍വചനീയവും മലയാള ഭാഷയിലെ ഏറ്റവും നല്ല നേരറിവുമായ അമ്മ എന്ന് പേരിട്ടിരിക്കുന്നത്.

എന്തായാലും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പ്രത്യേക നിയമ നിര്‍മാണം, ട്രൈബ്യൂണല്‍ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുകയാണ് ഇനി ചെയ്യേണ്ടത്. എന്നാല്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ നാല് വര്‍ഷത്തോളം അടയിരുന്ന സര്‍ക്കാരില്‍ നിന്ന് അത്തരമൊരു നടപടി പ്രതീക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്. ലൈംഗിക ചൂഷണകഥകള്‍ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി പറയുന്നു

റിപ്പോർട്ടിലെ പ്രസക്തഭാ​ഗങ്ങൾ

പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു
വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും
വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം
സിനിമ മേഖലയിൽ വ്യാപക ചൂഷണം
അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം
പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്‌
അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍
സംവിധായകര്‍ക്കെതിരേയും മൊഴി
ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം
വിസമ്മതിച്ചാല്‍ ഭീഷണി
നഗ്നതാപ്രദര്‍ശനവും വേണം
മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം
ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും
എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍
വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും
പ്രൊഡക്ഷന്‍ കണ്ടട്രോളര്‍ വരെ ചൂഷകരാകുന്നു
രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കും
വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും
സെറ്റില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യമില്ലാത്തതിനാല്‍ വെള്ളം പോലും കുടിക്കാതെ പിടിച്ചു നില്‍ക്കും.
പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി
സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ റിപ്പീറ്റ് ഷോട്ടുകൾ എടുത്ത് ബുദ്ധിമുട്ടിച്ചു
ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു
മലയാളസിനിമയിൽ തമ്പ്രാൻവാഴ്ച നടക്കുന്നു
സ്ത്രീകളോട് പ്രാകൃത സമീപനം
ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു
അവസരത്തിനായി ശരീരം ചോദിക്കുന്നു
പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു
തുറന്ന് പറയുന്നവര്‍ക്ക് അവസരം ഇല്ലാതാക്കി
സിനിമാ സെറ്റില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയം
ഫോണ്‍ വഴിയും മോശം പെരുമാറ്റം
അല്‍പ്പ വസ്ത്രംധരിച്ചാല്‍ അവസരം, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു

മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാപ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉള്‍പ്പെടുന്നുന്നു.

തന്റെ സിനിമയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷാ ഉത്തരവാദിത്തത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെക്കുറിച്ചും സംവിധായകനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്. ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കേണ്ട അവസരങ്ങളില്‍ അത്യാവശ്യമുള്ളവരെ മാത്രമേ സെറ്റില്‍ നില്‍ക്കാന്‍ അനുവദിക്കൂ. മാത്രവുമല്ല മറ്റുള്ളവര്‍ കാണാതെ സെറ്റ് കവര്‍ ചെയ്യും. അത് അഭിനയിക്കുന്നവരില്‍ കൂടതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കും. സിനിമയിലെ വ്യത്യസ്ത ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പുരുഷന്‍മാര്‍ സൗഹാര്‍ദ്ദത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അങ്ങനെ ഒരുപാട് നല്ല സിനിമാപ്രവര്‍ത്തകര്‍ എല്ലാ കാലത്തും സിനിമയിലുണ്ടായിട്ടുണ്ട്.

പുതിയ തലമുറയിലെയും പലതലമുറയിലെയും സ്ത്രീകളും പുരുഷന്‍മാരുമായ സിനിമാപ്രവര്‍ത്തകരുമായി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസാരിക്കുകയുണ്ടായി. സിനിമുടെ ആദ്യകാലം മുതല്‍ തന്നെ സ്ത്രീകള്‍ നിരവധിപ്രശ്‌നങ്ങള്‍ നേരിടുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ തന്നെ. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും പ്രത്യേക അധികാര കേന്ദമില്ലാത്തതും ഒരു പോരായ്മയാണ്.

233 പേജുള്ള റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.

ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് വഴിയാത്രക്കാരനും അവിവാഹിതനുമായ ആളെ പോലീസ് അടിച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി.കോട്ടയം ഗാന്ധിനഗർ പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോഗിയായ മാതാവും സഹോദരനുമുള്ള മാത്യു, ഇവർക്കുള്ള മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഈ സമയം പോലീസ് ജീപ്പ് അടുത്തുനിർത്തിയശേഷം പുറത്തിറങ്ങിയ എ.എസ്.ഐ. ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് മാത്യു ഉന്നത പോലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.

താൻ വിവാഹിതനല്ലെന്നും ഡിവൈ.എസ്‌.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോൾ പോലീസുകാർ കേൾക്കാൻകൂട്ടാക്കാതെ പരിഹസിച്ചു. പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.

ഈ ഭാഗത്തുള്ള ഒരു വീട്ടിൽ കുടുംബകലഹം നടന്നതുസംബന്ധിച്ച് ഒരാൾ പോലീസിനോട് ഫോണിൽ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്ന് സംശയിക്കുന്നു.

അതേസമയം, പരാതി നൽകിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോൾ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നും അടിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.

ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താൻ സിബിഐ. ജസ്നയും യുവാവും താൻ ജോലി ചെയ്തിരുന്ന ലോഡ്ജില്‍ എത്തിയിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തല്‍. മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തലും ജസ്നയുടെ തിരോധാനവും തമ്മിലുള്ള ബന്ധമാണ് സിബിഐ അന്വേഷിക്കുന്നത്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി സിബിഐ സംഘം ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കും. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കാണാതാകുന്നതിന് മുൻപ് മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയത് ജസ്ന തന്നെയാണോ,ജസ്നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുക. ലോ‍ഡ്ജിനെപ്പറ്റി നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

ആറ് വർഷങ്ങള്‍ക്ക് മുൻപ് പത്തനംതിട്ടയില്‍ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നുവെന്നാണ് മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച്‌ കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലായിരുന്നു.

‘പത്രത്തില്‍ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കൊച്ചിൻറെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാള്‍ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാൻ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.’

സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ അധികവും രാത്രിസമയത്ത്. ഇതില്‍ ഏറെയും വൈകുന്നേരം ആറിനും രാത്രി 10 നുമിടയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന അപകടങ്ങളുടെ 30 ശതമാനത്തോളം ഈ സമയത്താണെന്നാണു കേരള പോലീസിന്‍റെ വെബ്സെറ്റില്‍നിന്നുള്ള വിവരം.

വർഷംതോറും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും വർധിച്ചുവരികയാണ്. അപകടങ്ങളില്‍ ഏറെയും മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമാണെന്ന് അന്വേഷണ റിപ്പോർട്ടുകളില്‍നിന്നു വ്യക്തമാകുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം നടന്ന അപകടങ്ങളില്‍ ജീവൻ പൊലിഞ്ഞത് 4010 പേർക്കായിരുന്നുവെങ്കില്‍ 2019ല്‍ 4440 പേരുടേയും 2022ല്‍ 4317 പേരുടേയും ജീവൻ പൊലിഞ്ഞു. ഇതില്‍ സർക്കാർ വാഹനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2020 ല്‍ ആണ് ഏറ്റവും കുറവ് അപകടമരണം. 2979 പേരാണ് ആ വർഷം അപകടത്തില്‍പെട്ടു മരിച്ചത്.

വൈകുന്നേരം ആറിനും രാത്രി പത്തിനും ഇടയില്‍ ജീവൻ നഷ്ടപ്പെട്ടവർ 2019ല്‍ 898, 2020ല്‍ 651, 2021ല്‍ 789,2022ല്‍ 923, 2023 ല്‍ 901 എന്നിങ്ങനെയാണ്. റോഡ് അപകടങ്ങള്‍ ഏറെയും നടന്നത് 2023ലാണ്. 48141 അപകടങ്ങള്‍. 2020 ല്‍ അപകടങ്ങള്‍ കുറയാൻകാരണം കോവിഡ് കാലമായതിനാല്‍ മദ്യലഭ്യത കുറഞ്ഞതാണെന്നാണ് വിലയിരുത്തല്‍.

RECENT POSTS
Copyright © . All rights reserved