Kerala

സംസ്ഥാനത്ത് വരുന്നത് അതിശക്തമായ മഴ. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് മുന്നറിയിപ്പും പിൻവലിച്ചു.24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം.

കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ ജില്ലകളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത്(25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ്(29) എന്നിവരെയാണ് വാക്കാട് വെച്ച് 12.64 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും തിരൂര്‍ പോലീസും ശനിയാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ മയക്കുമരുന്നുമായി വാക്കാട് ഭാഗത്ത് വെച്ച് മോട്ടോര്‍സൈക്കിളില്‍ പിടിയിലായത്. തിരൂര്‍ -താനൂര്‍ ഭാഗങ്ങളില്‍ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു, ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ്, എസ്.ഐ സുജിത്ത് ആര്‍.പി, എ.എസ്.ഐ ദിനേശന്‍, സി.പി.ഓ മാരായ വിവേക്, അരുണ്‍, ധനീഷ് കുമാര്‍, നിതീഷ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കണ്ണൂർ കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. ബീവറേജ് ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് 23 മദ്യക്കുപ്പികളാണ് കള്ളൻ കൊണ്ടുപോയത്. മോഷ്ടാവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പൊലീസിന്റെ പട്രോളിംങിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ബീവറേജ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനൽചില്ല് തകർത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്.

പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 17 മദ്യക്കുപ്പികൾ കണ്ടെത്തിയത്. ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കടകളിലെയടക്കം സി സി ടി വി ക്യാമറകൾ കടലാസ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ചട്ടുകം ഉപയോഗിച്ച്‌ അടിച്ചു തകര്‍ത്ത് യുവതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവമുണ്ടായത്. അനില്‍ സത്യനാരായണന്‍ എന്ന മുപ്പതുകാരനാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. വീടിന് സമീപത്ത് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ കയറിയാ ഇയാള്‍ അതിക്രമത്തിന് ശ്രമിച്ചത്.

വീട്ടിനുള്ളില്‍ കടന്ന് യുവതിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയുമായിരുന്നു. യുവതി ഇതിനെ എതിര്‍ത്തതോടെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇവിടെ നിന്നും രക്ഷിപ്പെട്ട് ആടുക്കള ഭാഗത്തേക്ക് ഓടിയ യുവതിയെ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് കൈയ്യില്‍കിട്ടിയ ചട്ടുകം ഉപയോഗിച്ച്‌ യുവതി പ്രതിരോധിച്ചത്.

ജനനേന്ദ്രിയത്തില്‍ സാരമായി പരിക്കേറ്റ അനില്‍ സത്യനാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം.

കുണ്ടറ പടപ്പക്കരയില്‍ വീട്ടിനുള്ളില്‍ വീട്ടമ്മയെ മരിച്ചനിലയിലും ഇവരുടെ അച്ഛനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തി. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയാണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുഷ്പലതയുടെ മകന്‍ അഖിലിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

പുഷ്പലതയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവാണ് ശനിയാഴ്ച രാവിലെ 11.30-ഓടെ വീട്ടിനുള്ളില്‍ ഇരുവരെയും പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകള്‍ അഖില കേരളത്തിന് പുറത്താണ് പഠിക്കുന്നത്. രാവിലെ അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ മകള്‍ സമീപത്തെ വീട്ടില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് പുഷ്പലതയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു. തലയ്ക്ക് മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്ന ആന്റണി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്.

പുഷ്പലതയുടെ മകൻ അഖിൽ ലഹരിക്കയ്‌യായിരുന്നുവെന്നും കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മകന്റെ ആക്രമണത്തില്‍ സഹികെട്ട് ഇവര്‍ കുണ്ടറ പോലിസില്‍ പലതവണ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയും പുഷ്പലത പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കി. പോലിസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടയച്ചെന്നും പറയുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ പുറത്തുവിടുന്നതിൽ അനിശ്ചിതത്വം. അന്തിമ തീരുമാനം നാളെ രാവിലെ മാത്രമേ ഉണ്ടാകൂ. നടി രഞ്ജിനിയുടെ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുനരാലോചന. താൻ കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തിങ്കാഴ്ച ഹർജി കോടതി പരിഗണിക്കും. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ അന്തിമ തീരുമാനം നാളെ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടിനായി അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് നാളെ 11 മണിക്ക് ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരുന്നത്. റിപ്പോർട്ട് നൽകുമോയെന്ന കാര്യത്തിൽ തീരുമാനം അപ്പോഴോ അതിന് മുമ്പോ അറിയിക്കും.

വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ എഡിറ്റഡ് രൂപം സംസ്ഥാന സ‍ർക്കാർ നാളെ പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയിൽ പുതിയ ഹർജി എത്തിയത്. കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവരിൽ ഒരാളായ ര‍‍ഞ്ജിനിയാണ് ഹർജി നൽകിയത്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ബന്ധപ്പെട്ടിട്ടില്ല. സ്വകാര്യത ഉറപ്പാക്കുമെന്ന ധാരണയിലാണ് കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവർ മൊഴി നൽകിയത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ റിപ്പോർട്ടായി പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വനിത കമ്മീഷൻ പോലും ഇക്കാര്യത്തിൽ ഇടപെടൽ നടത്താത്തതിൽ നിരാശയുണ്ടെന്നും ര‍‍ജ്ഞിനി പറഞ്ഞു.

ഹർജി നാളെ കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണ‌ർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ നിർമ്മാതാവ് സജിമോൻ പാറയിൽ ഹർജിയുമായി എത്തിയത്. ഹർജിയിലെ പൊതുതാൽപര്യം വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം ഈ ഹർജി തള്ളിയിരുന്നു. വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിലുണ്ടെന്ന പരാമർശത്തോടെയായിരുന്നു കോടതി തീരുമാനം.

ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികന്‍ മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്‍ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍(ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടന്‍ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന്‍ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.

ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്‍ന്ന് ചെമ്പന്‍തൊട്ടി, നെല്ലിക്കമ്പോയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.

ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തി പടവില്‍, വിവിധ ഇടവകളിലെ വികാരിമാര്‍, വിവിധ മഠങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ എന്നിവരും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അഗസ്റ്റിന്‍. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. 2023 ലെ പുരസ്കാരങ്ങൾ നാളെ (16 ഓഗസ്റ്റ് 2024) ഉച്ചയ്ക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ പ്രഖ്യാപിക്കും.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.

ആദ്യഘട്ടത്തില്‍ നൂറ്ററുപതിലേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്‌ക്രീനിങ്.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കാണുന്നുണ്ട്.

മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സർപ്രെെസായി മറ്റൊരു എൻട്രി ഉണ്ടാകുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.

കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാന്‍ ഉര്‍വശിക്ക് കഴിഞ്ഞാല്‍ അത് കരിയറിലെ ആറാം പുരസ്‌കാരമാകും. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.

വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017-ല്‍ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

വിവാദമായ കാഫിർസന്ദേശ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് പാർട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകൾ വഴിയാണെന്ന പോലീസ് വെളിപ്പെടുത്തലോടെ സി.പി.എം. വീണ്ടും പ്രതിരോധത്തിൽ.

പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് ആയുധമാക്കി ബുധനാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിൽ എം.പി.യും മുസ്‌ലിംലീഗുമെല്ലാം സി.പി.എമ്മിനെതിരേ രംഗത്തെത്തി. പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ അധ്യാപകൻ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ബുധനാഴ്ച യൂത്ത്‌ ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. തിങ്കളാഴ്ച വടകര പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സന്ദേശം പ്രചരിച്ച വഴി കൃത്യമായി വിശദീകരിക്കുന്നത്.

അന്വേഷണം ഏറ്റവുമൊടുവിൽ എത്തിനിൽക്കുന്നത് വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ റിബേഷിലാണ്. റെഡ് എൻകൗണ്ടർ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ 25-ന് ഉച്ചയ്ക്ക് 2.13-ന് ഈ സന്ദേശം ഷെയർചെയ്തത് ഇയാളാണെന്നാണ് പോലീസ് റിപ്പോർട്ട്. എവിടെനിന്ന് ഈ സന്ദേശം ലഭിച്ചുവെന്നത് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചാൽമാത്രമേ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകൂ.

തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും എം.എസ്.എഫ്. നേതാവുമായ പി.കെ. മുഹമ്മദ് കാസിം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരേ വിവാദസന്ദേശം അയച്ചെന്നായിരുന്നു സി.പി.എം. ആരോപണം. എന്നാൽ, തന്റെപേരിൽ വ്യാജമായി സൃഷ്ടിച്ചതാണ് ഈ സന്ദേശമെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് മാറിമറിഞ്ഞു.

അമ്പാടിമുക്ക് സഖാക്കൾ എന്ന സി.പി.എം. അനുകൂല ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം ഈ സന്ദേശം വന്നതെന്നായിരുന്നു മുസ്‌ലിംലീഗിൻ്റെ പരാതി. ഈ പേജിന്റെ അഡ്മ‌ിൻ മനീഷിനെ ചോദ്യംചെയ്തപ്പോൾ ഏപ്രിൽ 25-ന് ഉച്ചയ്ക്ക് 2.34-ന് റെഡ് ബറ്റാലിയൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽനിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് മൊ ഴിനൽകി.

അമൽ റാം എന്നയാളാണ് ഈ ഗ്രൂപ്പിൽ സന്ദേശമിട്ടത്. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ഈ സന്ദേശം ലഭിച്ചതെന്ന് അമൽ റാം സമ്മതിച്ചു. റിബേഷ് എന്നയാളാണ് 2.13-ന് റെഡ് എൻകൗണ്ടറിൽ ഇത് പോസ്റ്റുചെയ്തതെന്നും അമലിൻ്റെ മൊഴിയുണ്ട്. തുടർന്നാണ് റിബേഷിൻ്റെ മൊഴിയെടുത്തത്.

പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിൽ ഈ സന്ദേശം പോസ്റ്റ് ചെയ്തത് ഏപ്രിൽ 25-ന് രാത്രി 8.23-നാണ്, അന്നു വൈകീട്ടുമുതൽ വാട്‌സാപ്പ് വഴി ഒട്ടേറെ പേരിൽനിന്നും ഈ സന്ദേശം തനിക്ക് ലഭിച്ചതായി അഡ്‌മിൻ വഹാബ് മൊഴിനൽകി. പക്ഷേ, ആരിൽനിന്നാണ് ഇതു ലഭിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കേസിലെ 20 മുതൽ 23 വരെയുള്ള സാക്ഷികളാണ് സന്ദേശം പ്രച രിപ്പിച്ച നാലുപേരും. ഇവരാരും പ്രതികളല്ല. അതേസമയം വിവാദപോസ്റ്റ് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടും അത് നീക്കംചെയ്യാത്തതിനാൽ ഫെയ്‌സ്ബുക്കിനെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. അത് പോസ്റ്റുചെയ്ത പേജിൻ്റെ അഡ്‌മിനെതിരേ കേസുമില്ല.

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തെക്കുറിച്ച് പുനർവിചിന്തനം വേണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. തുരങ്കപാതയെ സംബന്ധിച്ച് മൂന്നുവട്ടമെങ്കിലും ചിന്തിക്കണം. ശാസ്ത്രീയപഠനം ആവശ്യമാണ്. വയനാടിന്റെ ഭൂപ്രകൃതിയെപ്പറ്റി ബോധമുണ്ടാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

‘‘പാവങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനം വികസനമല്ല. വികസനത്തിന് സ്ഥായിയായ നിലനിൽപ്പുവേണം. അല്ലെങ്കിൽ വികസനത്തിന്റെപേരിൽ മുടക്കിയ കോടികളെല്ലാം നഷ്ടപ്പെട്ടുപോകും. ഭൂമി സർവംസഹയല്ല, അതിന്റെ ക്ഷമയ്ക്ക് അതിരുണ്ട്’’ -ബിനോയ് വിശ്വം പറഞ്ഞു.

പശ്ചിമഘട്ടമേഖലയിലെ നിയമവിരുദ്ധമായ എല്ലാപ്രവർത്തനങ്ങളും അനധികൃതനിർമാണങ്ങളും തടയും. പശ്ചിമഘട്ടത്തിന്റെ ദുർബലമേഖലകളിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി. സന്തോഷ്‍കുമാർ എം.പി., സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ലാസെക്രട്ടറി ഇ.ജെ. ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ചൂരൽമല, മുണ്ടക്കൈ ദുരന്തമുഖത്ത് എല്ലാവരും ഒറ്റക്കെട്ടായിനിന്നു. മനുഷ്യരുടെ കൈകോർത്തുപിടിക്കലും ചേർത്തുനിർത്തലുമാണ് യഥാർഥ കേരളസ്റ്റോറിയെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ‘‘പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് ദുരന്തബാധിതപ്രദേശം സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനസർക്കാരിനെ നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു’’ -അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ എല്ലാവരുടെയും പുനരധിവാസം സാധ്യമാക്കുമെന്നും അതിന് കായികവും സാമ്പത്തികവുമായ എല്ലാപിന്തുണയും സി.പി.ഐ. നൽകുമെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved