Latest News

26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറിന്റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ നിലവിലെ തലവന്‍ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് കേരളവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ വളര്‍ത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുള്‍.

ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്.. ഇതിന് ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ ഇയാള്‍ അവിടെ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു.

ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നതിനിടെ 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍ഡിഎക്‌സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട സജ്ജാദ് പിന്നീട് 2017ലാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ പാകിസ്താനിലേക്ക് പോവുകയും ചെയ്ത ഐഎസ്‌ഐയുടെ ശിക്ഷണത്തിലും ഉപദേശത്തിലും റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിച്ച സംഘടനകള്‍ക്ക് പകരം ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് ഐഎസ്‌ഐ നടപ്പിലാക്കിയത്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു സംവിധാനമൊരുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. പുല്‍വാമയ്ക്ക് പിന്നാലെ പാകിസ്താന്‍ ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന രീതിയില്‍ ആഗോളതലത്തില്‍ ചര്‍ച്ചകള്‍ വരികയും ചെയ്തിരുന്നു. ഭാവിയില്‍ അത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ടി.ആര്‍.എഫിലൂടെ ഐഎസ്‌ഐ ലക്ഷ്യമിട്ടത്.

മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ടിആര്‍എഫിന്റെ പ്രവര്‍ത്തനം സജീവമായി. 2020 മുതല്‍ 2024 വരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍ ജമ്മു കശ്മീരില്‍ നടത്തി. കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആര്‍.എഫിന്റെ സ്വഭാവമായിരുന്നു. നിലവില്‍ 50 വയസുള്ള സജ്ജാദ് ഗൗളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2022ല്‍ തന്നെ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

പാകിസ്താൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സേന. ഒൻപത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിസൈലാക്രമണ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

കോട്ലിയിലെ അബ്ബാസ് തീവ്രവാദ ക്യാമ്പ്, ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് (ജെഎം) ആസ്ഥാനം, സിയാൽകോട്ട്, മുസാഫറാബാദ്, ഭിംബർ, ചക് അമ്രു, ഗുൽപുർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പ്, മുരീദ്കെയിലെ അഡീഷണൽ എൽഇടി ക്യാമ്പ് എന്നീ കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

കോട്ലിയിലെ അബ്ബാസ് ഭീകരവാദ കേന്ദ്രമായിരുന്നു ഇന്ത്യൻ സൈന്യം ആദ്യം ലക്ഷ്യമിട്ടത്. പുലർച്ചെ 1.04 ഓടെയായിരുന്നു ഇവിടെ ഇന്ത്യൻ സേന മിസൈലാക്രമണം നടത്തിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തിൽ സേന ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യൻ മിസൈലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായാണ് വിവരം. മസ്ഹൂദ് അസ്ഹറിന്റെ പ്രസ്താവനെയെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ജോലിക്ക് പോയ യുവതി വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം. യുവതിയുടെ മുൻ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു കൃഷ്ണന്‍ (36) ആണ് ഇന്നലെ മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ഇന്നലെ രാവിലെ 9നു ജോലിക്കു പോകുമ്പോള്‍ വെട്ടിക്കാവുങ്കല്‍ – പൂവന്‍പാറപ്പടി റോഡിലാണ് അപകടം.

വാഹനമിടിച്ച് അബോധാവസ്ഥയില്‍ കിടന്ന നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലൂടെ എത്തിയ വാഹനം ഇടിച്ചുവീഴ്ത്തിയെന്നാണു പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്കു പോകുന്നതു കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചു.

വാഹനം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ടു സമീപകാലത്തു നടന്ന സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നീതുവിന്റെ മക്കള്‍: ലക്ഷ്മി നന്ദ, ദേവനന്ദ. സംസ്‌കാരം പിന്നീട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്ഥാന്റെ ഒന്‍പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ 1:44 ന് നടത്തിയ ഓപ്പറേഷനില്‍ കര, നാവിക, വ്യോമസേനകള്‍ ഒരുമിച്ചു ചേര്‍ന്നാണ് പാക് അധീന കാശ്മീര്‍ ഉള്‍പ്പെടെ ഒന്‍പത് ഇടങ്ങളില്‍ ആക്രമണം നടത്തിയത്.

പാകിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഒന്‍പത് ക്യാമ്പുകള്‍ ആണ് തകര്‍ത്തത്. കോട്‌ലി, ബഹാവല്‍പൂര്‍, മുസാഫറാബാദ് എന്നിവിടങ്ങളില്‍ ആണ് ആക്രമണം നടന്നത്. നീതി നടപ്പാക്കിയെന്ന് ഇന്ത്യന്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് പ്രതിരോധ മന്ത്രാലയവയും അറിയിച്ചു.

അതേസമയം ഇന്ത്യയുടെ പ്രത്യാക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്ക് പറ്റിയതായും പാകിസ്ഥാന്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ലാഹോര്‍ സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു.

1971 ല്‍ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് സൈന്യം നേരിട്ട് പാകിസ്ഥാന്റെ രാജ്യാതിര്‍ത്തി ഭേദിക്കാതെ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്. പാക് അധീന കാശ്മീരിലെയും പാകിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ചാവേര്‍ ഡ്രോണുകളായ ‘കമിക്കാസി’ ആണ് ആദ്യഘട്ട ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഗണ്യമായ സംയമനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ബഹവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം, മുരിഡ്കെയിലെ ലഷ്‌കറെ തൊയ്ബ ആസ്ഥാനത്തും ആയിരുന്നു ആദ്യ ആക്രമണം.

പുലര്‍ച്ചെ 1:24 ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു പാകിസ്ഥാനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുുള്ള ഇന്ത്യയുടെ ആക്രമണം. ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍’ എന്ന കുറിപ്പോടെ ഇന്ത്യയുടെ ടാങ്കുകളും തോക്കുകളും മിസൈല്‍ വാഹിനികളും പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ കരസേന പുലര്‍ച്ചെ 1:28 നാണ് എക്‌സില്‍ പോസ്റ്റിട്ടത്. കരസേന എഡിജിപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ നിന്നുള്ളതായിരുന്നു പോസ്റ്റ്.

ഇതിന് ശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു പാകിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള ഇന്ത്യയുടെ പ്രഹരം.

തൃശ്ശൂർ കൂട്ടായ്മയുടെ ഏഴാമത് വാർഷികവും വിഷു ഈസ്റ്റർ ആഘോഷവും അതിഗംഭീരമായി ബർമിങ്ഹാമിൽ ആഘോഷിച്ചു യുകെയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മയാണ് തൃശൂർ കൂട്ടായ്മ Gloucester പഞ്ചാരിയുടെ പഞ്ചവാദ്യവും ഹെവൻസ് യുകെയുടെ ഗാനമേളയും Freya സാജുവിന്റെ വയലിനും പരിപാടിക്ക് മാറ്റുകൂട്ടി, Spicy Nest Kettering ഒരുക്കിയ അതിസ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഉപഹാറിന്റെ നേതൃത്വത്തിൽ ഓർഗൺ ആൻഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രേഷനും ഉണ്ടായിരുന്നു, പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയിൽ ഭാരവാഹികൾ നന്ദി അറിയിച്ചു.

 

കാട്ടാക്കടയില്‍ 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. തിരുവനന്തപുരം വഞ്ചിയൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മരിച്ച പത്താം ക്ലാസ്‌കാരൻ ആദിശേഖറിന്റെ ബന്ധു കൂടിയാണ് പ്രതിയായ പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ. മനഃപൂർവമല്ലാത്ത അപകടം എന്ന് കരുതിയിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. കൂടാതെ ദൃക്‌സാക്ഷികളുടെ മൊഴിയും പ്രിയരഞ്ജൻ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചു.

2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെറെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ആദിശേഖര്‍ സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. പിന്നീട് കാർ നിർത്താതെ ഇയാൾ ഓടിച്ചുപോയി.

വിദേശത്തുള്ള ഭാര്യയുമായി സംസാരിക്കവെ കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴിയും പുറത്തുവന്നതോടെയാണ് കൊലപാതക കാരണം വൈരാഗ്യവും കൊലപാതകം ആസൂത്രിതവും ആയിരുന്നെന്ന് തെളിഞ്ഞത്.പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബം കോടതിയോട് ആവശ്യപ്പെട്ടത്.

ഇന്ത്യ- പാക് ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ വമ്പന്‍ യുദ്ധാഭ്യാസത്തിനൊരുങ്ങി വ്യോമസേന. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്നാകും യുദ്ധാഭ്യാസം നടക്കുക. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ് അഭ്യാസപ്രകടനങ്ങള്‍ നടക്കുക. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് കൊമേർഷ്യൽ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം ( NOTAM- Notice to Airmen) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

യുദ്ധാഭ്യാസ സമയത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങളില്‍നിന്ന് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നാളെ രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുകള്‍ നടത്താനുള്ള നിര്‍ദ്ദേശത്തിന് പുറമെയാണ് വ്യോമസേനയുടെ യുദ്ധാഭ്യാസമെന്നത് ശ്രദ്ധേയമാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് സംഘര്‍ഷം വര്‍ധിച്ചുവരികയാണ്. ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുന്നത്. 1971-ലാണ് അവസാനമായി മോക്ക് ഡ്രില്‍ നടന്നത്. ഇതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായിരുന്നു.

രാജ്യമെമ്പാടുമുള്ള സിവില്‍ ഡിഫന്‍സ് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മോക്ക് ഡ്രില്‍ നടത്തുക. 300 കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയാണ് സിവില്‍ ഡിഫന്‍സ് ജില്ലകളായി വിശേഷിപ്പിക്കുന്നത്. ആണവനിലയങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍, ക്രൂഡ് ഓയില്‍ സംഭരണകേന്ദ്രങ്ങള്‍, തന്ത്രപ്രധാനമായ സാമ്പത്തിക- പൊതു നിര്‍മിതികളുള്ള സ്ഥലങ്ങള്‍ തുടങ്ങിയവ ഉള്ള സ്ഥലങ്ങളാണ് സിവില്‍ ഡിഫന്‍സ് ജില്ലകള്‍.

ഷൈമോൻ തോട്ടുങ്കൽ

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം മെയ് 5 തിങ്കളാഴ്ച പ്രസ്റ്റൺ റീജിയണിൻ്റെ ആതിഥേയത്വത്തിൽ ചോർലിയിൽ വച്ച് നടന്നു. ആയിരത്തോളം അധ്യാപകർ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെള്ളൂസ് വെരി. റവ. ഡോ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയർ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തെ അധികരിച്ച് റവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു. രൂപതാ കാറ്റക്കിസം കമ്മീഷൻ നേതൃത്വം നൽകിയ അധ്യാപക സംഗമത്തിന് പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ശ്രീ ജോബി ജേക്കബ് നന്ദി പ്രകാശനവും നടത്തി. അടുത്ത വർഷത്തെ മതാധ്യാപകദിനം 2026 മെയ് 4 ന് ലണ്ടൻ റീജണിൽ വച്ച് നടത്തപ്പെടുന്നതാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: യു കെ യിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക മലയാളി സംഘടനകളിൽ ഒന്നായ ‘സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-ഈദ് ആഘോഷം പ്രൗഢവും സ്നേഹസ്പർശവുമായി. പുണ്യാഘോഷത്രയങ്ങളുടെ നന്മയും, പ്രതീക്ഷയും, സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച ‘ ദി ഹോളി ഫീസ്റ്റ്സ് ‘ സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും, കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും പ്രൗഢഗംഭീരമായി. നോയൽ, അൽഫ്രിഡ്, നേഹ,ആൻഡ്രിയ,അവെലിൻ, ബെല്ലാ, ടെസ്സ, സൈറാ, ബെനിഷ്യാ, ഹന്നാ,ആൻ, ഏഞ്ചൽ, വൈഗാ എന്നിവർ ‘ഈസ്റ്റർ വിഷു ഈദ്’ വെൽക്കം ഡാൻസിൽ വേഷമിട്ടപ്പോൾ തീം സോങ്ങുമായി ജോസ് ചാക്കോയും ജെസ്ലിൻ വിജോയും ആഘോഷ സാന്ദ്രത പകർന്നു.

സർഗം ഈസ്റ്റർ വിഷു ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രാരംഭ ഭക്ഷണത്തിനു ശേഷം ആരംഭിച്ച സാംസ്കാരിക വേദിയിൽ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് സർഗം പ്രസിഡണ്ട് മനോജ് ജോൺ സന്ദേശം നൽകി സ്വാഗതം ആശംസിച്ചു. തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയായിരുന്നു.

കൊച്ചുകുട്ടികളായ ഇവാ ടോം & ആന്റണി ടോം മുതൽ മുതിർന്ന ഗായകരായ ടാനിയ അനൂപ്, അഞ്ജു ടോം, ആൻ മേരി, ആരോമൽ & ജിനരാജ് കുമാർ എന്നിവർ തങ്ങളുടെ ആലാപനത്തിലൂടെ സദസ്സിനെ സംഗീതസാന്ദ്രതയിൽ ലയിപ്പിച്ചു. മെഡ്‌ലി ഫ്യൂഷൻ പാട്ടുകളുമായി ജോസ് ചാക്കോ, തേജിൻ തോമസ്, ആരോമൽ ജിനരാജ്, ജെസ്ലിൻ വിജോ, അഞ്ജു ടോം, ആൻ മേരി എന്നിവർ സർഗ്ഗം വേദിയെ സംഗീത സാഗരത്തിൽ മുക്കി.

ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങളിലൂടെ ടിന തോംപ്സൺ, ജീനാ അനി &ടെസ്സ അനി, മരിയാ അനി & ലക്ഷ്മിത പ്രശാന്ത്, ഇവാ ടോം & ആന്റണി ടോം, ലക്ഷ്മിത പ്രശാന്ത് & അമേയ അമിത് എന്നിവർ സദസ്സിൽ മാസമാരികത വിരിയിച്ചു. അദ്‌വിക് ഹരിദാസ്, ഷോൺ അലക്‌സാണ്ടർ,റിഷേൽ ജോർജ്ജ്, ഡേവിഡ് ജോർജ്ജ് എന്നിവർ ചേർന്നൊരുക്കിയ ഗ്രൂപ്പ് ഡാൻസും ഏറെ ആകർഷകമായി.

‘ടീം നൃത്യ’ക്കുവേണ്ടി ക്രിസ്റ്റിന & ഐസായ എന്നിവർ ചേർന്ന് അവതരിപ്പിച്ച രാസലീലയും, അദ്വ്യത ആദർശ്, ആദ്യ ആദർശ ജെന്നിഫർ വിജോ എന്നിവർ ചേർന്ന് നടത്തിയ ഗ്രൂപ്പ് ഡാൻസും വേദി ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. നൈനിക ദിലീപും, മീര കോലോത്തും ചേർന്നവതരിപ്പിച്ച വിഷു തീം ഡാൻസ് ഗുഹാതുരത്വമുണത്തി. ഭാരതനാട്യത്തിലൂടെ ബെല്ലാ ജോർജ്ജ്-സൈറാ ജിമ്മിയും വേദിയെ കോരിത്തരിച്ചപ്പോൾ, ലൈവ് ഓർക്കസ്ട്രയുമായി നോയൽ, ജോഷ്, ക്രിസ് എന്നിവർ ഹർഷാരവം നേടി.

കലാഭവൻ മണി ട്രിബുട്ടുമായി ടിന തോംസൺ നടത്തിയ നൃത്യാവതരണം വേദിയെ വികാരഭരിതമാക്കി. ടിന്റു മെൽവിൻ, ഹിമ തോംസൺ, ബീന സുരേഷ്, സിനി മാർട്ടിൻ, ലിൻസി അജി, എവെലിൻ അജി എന്നിവർ ചേർന്നവതരിപ്പിച്ച ‘കിച്ചൻ ഡാൻസ്’ ഹാസ്യാത്മകവും, ഹൈലൈറ്റുമായി.

സർഗ്ഗം സെക്രട്ടറി ആതിരാ ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിൻറ്റു ജിമ്മി, അനീറ്റ സജീവ് എന്നിവർ അവതാരകാരായി തിളങ്ങി. സജീവ് ദിവാകരൻ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കി.

സർഗ്ഗം ഭാരവാഹികളായ മനോജ് ജോൺ, ആതിരാ മോഹൻ, ജോർജ്ജ് റപ്പായി, ടെസ്സി ജെയിംസ്, ജിനേഷ് ജോർജ്ജ്, പ്രിൻസൺ പാലാട്ടി, ദീപു ജോർജ്ജ്, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗ്ഗീസ് എന്നിവർ ഈസ്റ്റർ വിഷു ആഘോഷത്തിന് നേതൃത്വം നൽകി. സമ്പന്നമായ കലാ വിരുന്നും, സ്വാദിഷ്‌ടമായ ഡിന്നറും, നൃത്തലയത്തിൽ സദസ്സിനെ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ ‘ആഘോഷ രാവ്’ സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി.

ലണ്ടൻ :- കൈരളി യുകെയുടെ രണ്ടാമത് ദേശീയ പ്രതിനിധി സമ്മേളനം റോയൽ ബ്രിട്ടീഷ് ലേജിയൻ ഹെയ്ജ് ഹൗസ് ന്യൂബെറിയിൽ വച്ച് ബഹു.തദ്ദേശ സ്വയംഭരണ- എക്സ്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് ഉത്ഘാടനം ചെയ്തു. പ്രവാസികൾ നാടിന്റെ സ്പന്ദനം തൊട്ടറിയുന്നവരാണെന്നും, നാടിന്റെ വികസനത്തിന്‌ പ്രവാസികളുടെ പങ്ക് ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു. കൈരളിയുടെ മുൻകാല പ്രവർത്തനങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുവാനും, യുകെയിലെ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ പുതിയതായി വരുന്ന പ്രവാസി മലയാളികളെ എത്തരത്തിൽ ബാധിക്കുന്നു എന്നത് കൂടുതലായി ചർച്ച ചെയപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു..

പ്രതിനിധി സമ്മേളനം 2025- 2027 വർഷത്തെക്കുള്ള ഭാരവാഹികളെയും കമ്മറ്റിയെയും തിരഞ്ഞെടുത്തു. സമ്മേളനം കൈരളി യുകെയുടെ പ്രസിഡന്റായി രാജേഷ് ചെറിയനെയും സെക്രട്ടറിയായി നവിൻ ഹരികുമാറിനെയും ട്രഷറായി ടി. കെ സൈജുവിനെയും തിരഞ്ഞെടുത്തു. സാമൂവൽ ജോഷ്വ (വൈസ് പ്രസിഡണ്ട്‌ ), ജോസഫ്. ടി. ജോസഫ് ( വൈസ് പ്രസിഡന്റ്), ജോസൻ ജോസ് (ജോയിന്റ് സെക്രട്ടറി), അനുമോൾ ലിൻസ് ( ജോയിന്റ് സെക്രട്ടറി), കുര്യൻ ജേക്കബ്, പ്രിയ രാജൻ, ബിജു ഗോപിനാഥ്, പ്രവീൺ സോമനാഥൻ, ലിനു വർഗ്ഗീസ്, നിതിൻ രാജ്, ഐശ്വര്യ കമല, മിനി വിശ്വനാഥൻ, ജ്യോതി സി.എസ്, ജെയ്സൻ പോൾ, ജെറി വല്യറ, രഞ്ജിത്ത് തെക്കേകുറ്റ്, വരുൺ ചന്ദ്രബാലൻ, സുജ വിനോദ്, ജയകൃഷ്ണൻ, അനസ് സലാം, അബിൻ രാജു എന്നിവർ അടങ്ങിയ നാഷണൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

പ്രിയ രാജൻ, ബിനോജ് ജോൺ, രാജേഷ് ചെറിയാൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എൽദോസ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. യുകെ യിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 122 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മിനി വിശ്വനാഥൻ, ജെറി വല്യറ മിനിട്സ് കമ്മിറ്റിയുടെയും, അനുമോൾ ലിൻസ്, അശ്വതി അശോക്, ജോസഫ് . ടി. ജോസഫ് എന്നിവർ പ്രമേയ കമ്മിറ്റിയുടെയും, അനു മോൾ ലിൻസ്, ജെയ്സൻ പോൾ, ലൈലജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു.

പഹൽഗാമ ഭീകരക്രമണ പശ്ചാത്തലത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും,
വർധിച്ചുവരുന്ന വിസ തട്ടിപ്പുകൾക്കും നിയമാനുസൃതമല്ലാത്ത റിക്രൂട്മെന്റുകൾക്കും എതിരെ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇടപെടലും മേൽനോട്ടവും ആവശ്യപ്പെട്ടുകൊണ്ടും,യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം സർവീസ് ആരംഭിക്കണമെന്നും തുടങ്ങിയ പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു.

നാഷണൽ കമ്മിറ്റി അംഗം അജയൻ അനുശോചനം അവതരിപ്പിച്ച ചടങ്ങിൽ കൈരളിയുടെ ജോയിന്റ് സെക്രട്ടറി നവിൻ ഹരികുമാർ സ്വാഗതവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജേഷ് ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved