അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ‘സർഗം പൊന്നോണം 2025’ സെപ്തംബർ 13 ന് ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷം സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാവും നടക്കുക. കഴിഞ്ഞ ഒരുമാസത്തോളം നീണ്ടുനിന്ന കായിക ജ്വരം പകർന്ന ഇൻഡോർ-ഔട്ഡോർ-അത്‌ലറ്റിക്ക് മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററും വേദികളായി.
‘സർഗം പൊന്നോണം 2025 ‘ ആഘോഷത്തിലെ ഹൈലൈറ്റായ ഓണസദ്യയിൽ വിഭവ സമൃദ്ധവും, തിരുവോണ രുചി ആവോളം ആസ്വദിക്കുവാനുമുള്ള വിഭവങ്ങൾ ആവും തൂശനിലയിൽ വിളമ്പുക. പൂക്കളമൊരുക്കി സമാരംഭിക്കുന്ന ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക് തിരികൊളുത്തുമ്പോൾ തിരുവാതിരയോടൊപ്പം, നൃത്തനൃത്യങ്ങളും, കോമഡി സ്കിറ്റുകളും ഗാനമേളയും, മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ സ്റ്റീവനേജിന്റെ അനുഗ്രഹീത കലാകാരുടെ താര നിരയാവും അണിനിരക്കുക. മാവേലി മന്നന്റെ ആഗമനവും, ഊഞ്ഞാലും, ഓണപ്പാട്ടുകളും, ചെണ്ടമേളവും, അതിലുപരി ‘തിരുവോണ സംഗീത-നൃത്താവതരണവും’ വേദിയെ കീഴടക്കും.

സ്റ്റീവനേജിലെ മലയാളികളുടെ കൂട്ടായ്മ്മയും, സൗഹൃദവേദിയുമായ സർഗ്ഗം ഒരുക്കുന്ന കലാവിരുന്നും, ഓണസദ്യയും മനം നിറയെ ആസ്വദിക്കുവാൻ ‘പൊന്നോണം 2025’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് ഭാരവാഹികളുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
മനോജ് ജോൺ – 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ – 07503961952,
ജോർജ്ജ് റപ്പായി – 07886214193
മനോജ് ജോൺ – 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ – 07503961952,
ജോർജ്ജ് റപ്പായി – 07886214193
Venue: Barnwell Upper Schoo, Barnwell, Stevenage, SG2 9SR

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം.. ശ്രീ മഹാഗണപതിയും, ശ്രീ ധർമശാസ്തവും തുല്യ പ്രാധന്യത്തോടെ വാണരുളുന്ന കെന്റ് ശ്രീ ധർമശാസ്ത വിനായക ക്ഷേത്രത്തിൽ 2025 സെപ്റ്റംബർ 5 ആം തീയതി (1201 Chingam 20) ചിങ്ങമാസത്തിലെ തിരുവോണംനാളിൽ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമർപ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകർമികത്വത്തിൽ ഭഗവാന്റെ അനുത്ജയോടുകൂടി നടത്തപ്പെടുന്നു, ഈ പുണ്യകർമത്തിൽ സാക്ഷ്യം വഹിക്കാനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകുക.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07838170203 , 07973151975, 07985245890

ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ , ഇടുക്കി വിമലഗിരി സ്വദേശി ബിനോയ് സെബാസ്റ്റ്യനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 2110 പൗണ്ട് (ഏകദേശം 2,49264 രൂപ ) ഇടുക്കി ചാരിറ്റിയുടെ പ്രതിനിധിയും തോപ്രാംകുടി സ്വദേശിയും ഇപ്പോൾ യു കെ യിലെ ഓസ്‌ഫോർഡ് ഷെയറിൽ താമസിക്കുന്ന സൂസൻ ജസ്റ്റിൻ വിമലഗിരിയിലെ ബിനോയിയുടെ വീട്ടിൽ എത്തി സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബിനോയിയുടെ ഭാര്യ സാലിക്ക് കൈമാറി. ബിനോയ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തെ സന്മനസോടുകൂടി കണ്ടു സഹായിക്കുന്ന എല്ലാ നല്ല യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു .ബിനോയ് വാഹനാപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
രാജേഷ് ജോസഫ് ലെസ്റ്റർ
കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണം, ഒരിക്കൽ ലാളിത്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പ്രതീകമായിരുന്നു. എന്നാൽ ഇന്നത്തെ കേരളത്തിൽ ഓണാഘോഷങ്ങൾ ഉപഭോഗാധിഷ്ഠിത വിപണി സംസ്‌കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടന, ഗൾഫ് പ്രവാസികളുടെ റീമിറ്റൻസ്, വ്യാപാര വിപണി, ഉപഭോഗ സംസ്കാരം എന്നിവ ഓണത്തെ വിപണി പ്രാധാന്യമുള്ള ഉത്സവമായി മാറ്റിയിരിക്കുകയാണ്.
മുൻകാലത്തെ ഓണം – ഗ്രാമജീവിതത്തിൻ്റെ ലാളിത്യം
പഴയകാലത്ത്, ഓണം കാർഷിക സമൂഹത്തിൻ്റെ വിളവെടുപ്പ് ആഘോഷമായിരുന്നു. കുടുംബം, അയൽക്കാർ, ഗ്രാമസമൂഹം എന്നിവർ ചേർന്ന് പൂക്കളങ്ങൾ ഒരുക്കുകയും വീട്ടിൽ തയ്യാറാക്കിയ ഓണസദ്യയോടെ ഉത്സവം ആഘോഷിക്കുകയും ചെയ്‌തു. ചെലവുകുറഞ്ഞിരുന്നെങ്കിലും സന്തോഷവും ഐക്യവും നിറഞ്ഞിരുന്നു.
“ഓണം മുൻകാലത്ത് ഒരു കൂട്ടായ്മാ ഉത്സവമായിരുന്നു. ഇന്നത്തെ പോലെ ആഡംബരം ഉണ്ടായിരുന്നില്ല,” എന്നു സംസ്കാര ചരിത്രകാരൻ ഡോ. എ. രാജൻ പറയുന്നു.
ഇന്നത്തെ ഓണം – വിപണിയുടെ ആഘോഷം
കാലത്തിന്റെ ഒഴുക്കിൽ, ഓണത്തിന്റെ ആഘോഷ രീതി വ്യാപാരത്തിന്റെ നിയന്ത്രണത്തിലേക്ക് നീങ്ങി. ഓൺലൈൻ ഷോപ്പിംഗ്, ബ്രാൻഡഡ് വസ്ത്രങ്ങൾ, സ്വർണാഭരണം, കാറ്ററിംഗ് സർവീസുകൾ, ഓണ വായ്പകൾ എന്നിവയാണ് ഇന്നത്തെ ആഘോഷത്തിന്റെ മുഖ്യഘടകങ്ങൾ.
• വസ്ത്ര വിൽപ്പന: കേരളത്തിൽ ഓണകാലത്ത് വസ്ത്രവിൽപ്പന ₹10,000 കോടി കടക്കും.
• സ്വർണവില്പന: ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സ്വർണാഭരണ വിപണിയിൽ ₹500 കോടി വരെ ഇടപാട്.
• മദ്യവില്പന: KSBC റിപ്പോർട്ട് പ്രകാരം, ഓണം സമയത്ത് ഏകദിന മദ്യവിൽപ്പന ₹818 കോടി വരെ.
• ഓണസദ്യ: പല വീടുകളും ഹോട്ടലുകളും കാറ്ററിംഗും ആശ്രയിക്കുന്നു. വില ₹150 – ₹500 വരെ.
“ഓണം ഇപ്പോൾ വികാരത്തിന്റെയും വിപണിയുടെയും കൂട്ടായ്മയാണ്. ഇത് കേരളത്തിന്റെ consumer economy–യെ മുന്നോട്ട് നയിക്കുന്നു,” എന്ന് സാമ്പത്തിക വിദഗ്ധൻ കെ. ബിജു പറയുന്നു.
ഗൾഫ് റീമിറ്റൻസിന്റെ സ്വാധീനം
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗൾഫ് റീമിറ്റൻസ് നിർണ്ണായകമാണ്. 2023-ൽ, കേരളത്തിന്റെ സംസ്ഥാന വരുമാനത്തിൽ 23% വിദേശ തൊഴിലാളികളിൽ നിന്നുള്ള വരുമാനമാണ്. ഈ പ്രവാഹം ഓണാഘോഷത്തിൽ വലിയ ചെലവുകൾക്ക് കാരണമാകുന്നു. എന്നാൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു: “ഇത് ഉപഭോഗാധിഷ്ഠിത വളർച്ചയാണ്; ഉൽപാദനത്തെ അപേക്ഷിച്ച് ഉപഭോഗം കൂടുതലാണെന്നതാണ് കേരളത്തിന്റെ വെല്ലുവിളി,” എന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ. ശിവൻ പറയുന്നു.
സർക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടൽ
ഓണ സമയത്ത് സർക്കാർ ഫ്രീ ഓണം കിറ്റുകൾ, സബ്സിഡി വിൽപ്പന, പെൻഷൻ വിതരണം, അലവൻസ് എന്നിവ നൽകുന്നു. സപ്ലൈകോ 2024-ൽ ₹180 കോടി വരെ ന്യായവില വിൽപ്പന നടത്തി. 6.32 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ കിറ്റ് വിതരണം ചെയ്തു.
“ഓണത്തിന്റെ ആത്മാവായ സമത്വവും സഹവർത്തിത്വവും നിലനിർത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. വിപണി സംസ്കാരത്തിൽ മുങ്ങുന്ന കേരളത്തിന്റെ സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കേണ്ട സമയമാണിത്,” എന്ന് സാമൂഹ്യശാസ്ത്രജ്ഞ ഡോ. ജയശ്രീ അഭിപ്രായപ്പെട്ടു.
ഓണം ഇന്നും കേരളത്തിന്റെ ഐഡന്റിറ്റിയുടെ പ്രതീകമാണ്. പക്ഷേ മഹാബലിയുടെ കാലത്തെ സമത്വത്തിന്റെ സ്വപ്നത്തിൽ നിന്ന്, ഇന്നത്തെ ഉപഭോഗത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് കേരളം മാറിയിരിക്കുന്നു. “ലാളിത്യവും ഐക്യവും” ഓണത്തിന്റെ ആത്മാവാണ് – അതിനെ നഷ്ടപ്പെടുത്താതെ ആധുനിക കാലഘട്ടം സ്വീകരിക്കുന്നതാണ് വെല്ലുവിളി.
രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.
യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.
യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.
സ്നേഹപ്രകാശ്. വി. പി.
ഇനിയൊരു കഥ പറയാം. ഒരു പഴയ കഥ. പാണന്റെ പഴംപാട്ടു പോലെ, പാടിപ്പതിഞ്ഞ ഈരടികൾ പോലെ, പറഞ്ഞു പതം വന്ന കഥ.
പണ്ട് എന്നുവെച്ചാൽ പണ്ടുപണ്ട് ഒരു രാജാവുണ്ടായിരുന്നു. അതാണല്ലോ പഴങ്കഥകളുടെ ഒരു ശൈലി. ഒരു വലിയ മലയും, മലയിലെ വിഭവങ്ങളും, അതിന്റെ താഴ്‌വരയിലെ ജനങ്ങളും രാജാവിന്റേതായിരുന്നു. തികഞ്ഞ രാജഭക്തിയുള്ളവരായിരുന്നു പ്രജകൾ. രാജാവ് മലമുകളിലെ കൊട്ടാരത്തിലിരുന്ന് സസുഖം തന്റെ സാമ്രാജ്യം ഭരിച്ചു പോന്നു.
എന്നാൽ നമ്മുടെ രാജാവിന് ഒരു ദൗർബല്യമുണ്ടായിരുന്നു. രാജാവാണെന്ന് വെച്ച് ദൗർബല്യമില്ലാതാവില്ലല്ലോ. അദ്ദേഹം എലികളെ വളർത്തിയിരുന്നു. മലയിൽ മുഴുവൻ എലികളുടെ മടകളായിരുന്നു. എലികളും രാജാവിനെപ്പോലെത്തന്നെ സുഭിക്ഷതകൊണ്ട് തടിച്ചു കൊഴുത്തിരുന്നു.
കാലം കഴിയവേ കാട്ടിലെ മൂപ്പന് ഒരു സംശയം. ഈയിടെയായി കാട്ടിലെ വിഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടോ ? എലികളല്ലേ മല നിറയെ. പിന്നെ കാട്ടിലെ വിഭവങ്ങൾ കുറയാതിരിക്കുമോ. മൂപ്പൻ ഈ കാര്യം വളരെ രഹസ്യമായി മൂപ്പത്തിയോട് പറഞ്ഞു. രഹസ്യമായതുകൊണ്ടാവാം മുപ്പത്തി, അത് മറ്റു പെണ്ണുങ്ങളോടും അവർ അവരുടെ ആണാളുകളോടും… അങ്ങനെയങ്ങനെ കാര്യം എല്ലാവരും അറിഞ്ഞു. പെട്ടെന്നുതന്നെ കാട്ടിലെയും നാട്ടിലെയും ജനം സംഘടിച്ച് മൂപ്പന്റെ നേതൃത്വത്തിൽ രാജാവിനോട് പോരിനിറങ്ങി. ഒരു നാടിന്റെ മുഴുവനും പിന്തുണയുണ്ടായിരുന്നതിനാൽ ഒടുവിൽ മൂപ്പൻ രാജാവിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുത്തു. അണികൾ മൂപ്പനെ തോളിലേറ്റി മൂപ്പനാണ് ഇനി തങ്ങളുടെ രാജാവെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആനന്ദനൃത്തം ചവിട്ടി.
ഇനിയെന്ത് ?
എല്ലാവരും ആലോചിച്ചു.
“എലികളാണ് നമ്മുടെ ശത്രു.. ”
ഒന്നാമൻ പറഞ്ഞു.
“ഈ കാടും, നാടും മുഴുവൻ നശിപ്പിച്ചത് എലികളാ… നമുക്കവയെ നശിപ്പിക്കണം.. ”
ചുണ്ടിലെരിയുന്ന ബീഡി ആഞ്ഞു വലിച്ചുകൊണ്ട് രണ്ടാമൻ പറഞ്ഞു.
“എങ്കിലും അവയെ കൊല്ലണോ..? ”
മൂന്നാമന്റെ ഒരു സംശയം.
“അവയെക്കൊന്ന് നാടിനെ രക്ഷിക്കാമെന്നു പറഞ്ഞിട്ടാ ഞാൻ നിങ്ങളുടെ കൂടെ നിന്നത് .. ”
നാലാമൻ ന്യായം പറഞ്ഞു.
ഇത്രയധികം എലികളെ കൊന്നൊടുക്കുക അത്ര എളുപ്പമാണോ ?
മൂപ്പൻ തല പുകഞ്ഞാലോചിച്ചു. മൂപ്പന്റെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ നഗ്നമായ നെഞ്ചിലേക്കിറങ്ങി. മൂപ്പന്റെ അവസ്ഥ കണ്ട് മൂപ്പത്തിയുടെ മനമലിഞ്ഞു. അവർ പറഞ്ഞു.
“നമുക്കീ മല മറിച്ചിടാം… അപ്പോൾപ്പിന്നെ എലികളുടെ പ്രശ്നമില്ലല്ലോ.. ”
മൂപ്പൻ സമ്മതിച്ചു. അങ്ങനെ അവർ എല്ലാവരും കൂടി മല മറിച്ചിടാൻ തയ്യാറായി. മൂപ്പൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടി.
“ഇനി നമുക്ക് മല മറിക്കാം… മല മറിക്കാം കൂട്ടരേ.. ”
ഒരായിരം കണ്ഠങ്ങളിലൂടെ ഒരു വിപ്ലവ ഗാനം പോലെ അവരത് ഏറ്റുപാടി.
” ഇനി നമുക്ക് മല മറിക്കാം, മല മറിക്കാം കൂട്ടരേ…
മല മറിച്ച് മല മറിച്ച് എലികളെ തുരത്തിടാം..
എലികളെന്ന വർഗ്ഗമിനി നാട്ടിൽ വേണ്ട കൂട്ടരേ..
എലിയില്ലാത്ത, മലയില്ലാത്ത ലോകമെത്ര സുന്ദരം…
“അപ്പോൾ എല്ലാ മലയും മറിച്ചിടണോ മൂപ്പാ…? ”
ഒരു ഡൗട്ടിങ്ങ് തോമസ്.
മൂപ്പന്റെ കണ്ണിൽ തീ ആളി. ചോദ്യകർത്താവിനെ ദഹിപ്പിക്കുന്ന പോലെ നോക്കി മൂപ്പൻ ചൊല്ലി.
“ഈ മല, ഈ മല, ഈ മല മാത്രം
ഈ മല, എലിമല, എലിമല മാത്രം
ഈ മല എലിമല, ചതി മല മാത്രം ”
പിന്നീടയാളുടെ നാക്ക് പൊങ്ങിയില്ല. മൂപ്പനും കൂട്ടരും തങ്ങളുടെ കോറസ്സിലേക്ക് തന്നെ മടങ്ങിപ്പോയി.
“എലിയില്ലാത്ത, മലയില്ലാത്ത
ലോകമെത്ര സുന്ദരം..
പങ്കു ചേരുക, പങ്കുചേരുക
പുണ്യമാമീ കർമത്തിൽ… ”
മൂപ്പന്റെ ഉണർത്തുപാട്ട് ഏറ്റുപാടിക്കൊണ്ട് അവർ മലക്കുചുറ്റുമായി കൈകോർത്തു പിടിച്ചു നിന്നു. പിന്നീട് തങ്ങളുടെ ശക്തി മുഴുവൻ സംഭരിച്ചുകൊണ്ട് അവർ മല മറിച്ചിടാൻ ശ്രമിച്ചു. പക്ഷേ മല ഒന്നിളകാൻ പോലും കൂട്ടാക്കിയില്ല. ഈയിടെയായി രാജാവിനെതിരെ സംസാരിക്കുന്നതിൽ കവിഞ്ഞു അവർ ഒന്നും ചെയ്യാറില്ലയിരുന്നു. വേല ചെയ്യാൻ പോലും മറന്നു പോയിരുന്ന അവരുടെ ശരീരത്തിലെ മാംസപേശികളിൽനിന്നും ശക്തി ചോർന്നു പോയിരുന്നു. ഒടുവിൽ തളർന്നു വീണ തന്റെ ആൾക്കാരെ നോക്കി മൂപ്പൻ പറഞ്ഞു.
” ഇതൊരു പാഴ്‌വേലയാ… നമുക്കൊരു കാര്യം ചെയ്യാം…. രാജാവ് മുൻപ് ഉപയോഗിച്ച മലമുകളിലെ കൊട്ടാരത്തിലേക്ക് താമസം മാറ്റാം… ”
“ഇത്രയും കാലം എലികളുണ്ടായിട്ടും നമ്മളിവിടെ താമസിച്ചില്ലേ…? ”
“ശരിയാ … ”
“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”
തളർന്നു പോയ അവരുടെ തൊണ്ടയിലൂടെ എന്തെല്ലാമോ ശബ്ദങ്ങൾ പൊങ്ങി വന്നു. ഒടുവിൽ എല്ലാവരും ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.
“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”
അങ്ങനെ മൂപ്പനും, മൂപ്പത്തിയും കൂട്ടരും മല കയറാൻ തുടങ്ങി. കുറെ ദൂരം താണ്ടിയപ്പോൾ പലർക്കും മടുപ്പായി. വീണ്ടും അവരിൽ നിന്നും പല അഭിപ്രായങ്ങളും പൊങ്ങി വന്നു.
“ഇതിലും നല്ലത് രാജാവ് തന്നെയായിരുന്നു.. ”
“ആര് ഭരിച്ചാലും നമുക്ക് ഒരു പോലെത്തന്നെ… ”
“എങ്കിൽ മൂപ്പൻ മാത്രം രാജാവായി മലമുകളിൽ താമസിക്കട്ടെ.. ‘
അങ്ങനെ മലയുടെ പല മടക്കുകളിൽ നിന്നായി പലരും പല വഴിക്ക് പിരിഞ്ഞു. അവർ താഴ്‌വരയിലേക്ക് തിരിച്ചു പോയി. ഒടുവിൽ യാത്രാദുരിതം സഹിക്കവയ്യാതെ എവിടെയോ വെച്ച് മൂപ്പത്തിയും, മൂപ്പനെ കൈവിട്ടു. എന്നാൽ മൂപ്പനും അനുയായികളും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ അവർ പഴയ രാജാവിന്റെ കൊട്ടാരത്തിലെത്തി. സ്വർണം പതിച്ച സിംഹാസനത്തിൽ മൂപ്പൻ ഉപവിഷ്ടനായി. ചെങ്കോലും കൈയിലേന്തി ഭരണം തുടങ്ങി. പഴയ രാജാവിന്റെ ഖജനാവ് കാലിയായിരുന്നില്ല. എല്ലാവിധ സുഖസൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു താനും. മൂപ്പൻ പിന്നീട് താഴ്‌വരയിലേക്ക് നോക്കിയതേയില്ല.
വളരെ പെട്ടെന്ന് തന്നെ അധികാരം തലക്കുപിടിച്ച മൂപ്പന്റെ ദുർഭരണം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി. ഒരിക്കൽ താഴ്‌വരയിൽ നിന്നും ആൾക്കാർ സങ്കടമുണർത്തിക്കാനായി വന്നു. അവർ മൂപ്പന് നേദിക്കാനായി പനങ്കള്ളും കാട്ടുപെണ്ണിനേയും കൊണ്ടു വന്നിരുന്നു. മൂപ്പൻ അവർക്ക് തന്റെ അരമനയിലെ അപ്സരസ്സുകളെയും, വിദേശ നിർമിതമായ മദ്യശേഖരവും കാണിച്ചു കൊടുത്തു. മേലിൽ കൊട്ടാരത്തിൽ കാലുകുത്തരുതെന്ന താക്കീതോടെ അവരെ ആട്ടിയോടിച്ചു.
കാലചക്രം വീണ്ടും തിരിഞ്ഞു. മൂപ്പന്റെ ദുർഭരണം അതിന്റെ പാരമ്യത്തിലെത്തി. നാടുമുഴുവൻ പട്ടിണിയിലായപ്പോഴും മൂപ്പനും കൂട്ടരും മദോന്മത്തരായി കൊട്ടാരത്തിൽ വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ മൂപ്പന് ആകെ ഒരു വല്ലായ്മ. ഒരു വിധത്തിൽ എഴുന്നേറ്റ് ആൾക്കണ്ണാടിയിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി. താൻ ഒരു വലിയ എലിയായി മാറിയിരിക്കുന്നു. പുറത്തു നിന്നും എന്തോ ശബ്ദം കേട്ട് മൂപ്പൻ സിംഹാസനത്തിൽ നിന്നും ചാടിയിറങ്ങി ജാലകത്തിലൂടെ താഴ്‌വരയിലേക്ക് നോക്കി. അവിടെ നിന്നും ഒരു വല്ലാത്ത ആരവം കേൾക്കുന്നുണ്ടായിരുന്നു. താഴ്‌വരയിൽ നിന്നും ചില വെളുത്ത പൊട്ടുകൾ മുകളിലേക്ക് വരുന്നുണ്ടായിരുന്നു. മൂപ്പൻ താഴ്‌വരയിലെ കാഴ്ച്ചകൾ കാണാൻ വേണ്ടി ഒരുക്കിയിരുന്ന ദൂരദർശിനിയിലൂടെ സൂക്ഷിച്ചു നോക്കി. അവ പൂച്ചകളായിരുന്നു. എലികളെ തിന്നൊടുക്കിക്കൊണ്ട് അവ മലമുകളിലേക്ക് വരികയായിരുന്നു. എലികളുടെ രക്തം കവിളുകളിലൂടെ ഒലിച്ചിറങ്ങി പൂച്ചകളുടെ തലകൾ ചുവപ്പു നിറമായിരുന്നു. അവ അതിശീഘ്രം മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്നു. അവയ്ക്ക് ഒരു നേതാവില്ലായിരുന്നു.!
സ്നേഹപ്രകാശ് വി. പി. :- കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയി പ്രവർത്തിച്ചു. വിരമിച്ചതിനുശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കഥകൾ, കവിതകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്.
2008 ൽ ബേപ്പൂർ ശാഖ മാനേജർ ആയിരിക്കെ ബഷീർ ജന്മ ശദാബ്‌ദിയോടാനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിനു വേണ്ടി ശ്രീ. അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്. 2021 ൽ “ഉടലുകൾ” എന്ന പേരിൽ 60 കുറുംകഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. ഐഷ വി
പച്ചപ്പ് നിറഞ്ഞ പ്രകൃതി . ‘വേലിക്കൽ നിൽക്കുന്ന വെളുത്ത തെറ്റി പൂക്കുന്ന മണം കണ്ണൻ ആസ്വദിച്ചു. ചെമ്മൺ പാതയിലൂടെ പഴയ ടയർ കൊണ്ടു രൂപപ്പെടുത്തിയ തൻ്റെ കളിപ്പാട്ട വണ്ടി ഒരു കോലുകൊണ്ട് തട്ടിയുരുട്ടി കളിയ്ക്കുകയാണ് കണ്ണൻ. ഇത് പല പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞപ്പോൾ അവൻ അമ്മയുടെ അടുത്തേയ്ക്ക് ഓടി. താത്ക്കാലികമായി പണിഞ്ഞ ആറുകാലിപ്പുരയിൽ അവനും അവൻ്റെ അമ്മ തങ്കവും മാത്രമാണ് താമസം. അതിൻ്റെ മുറ്റത്തായി ഒരടിസ്ഥാനം ഉയർത്തി കെട്ടിയിട്ടുണ്ട്. വീടു പണിയ്ക്കായി അവൻ്റെ അമ്മയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ആദ്യഗഡു കൊണ്ട് പൂർത്തിയാക്കിയ തറയാണത്. അവൻ ടയറും കോലും തറയുടെ ഒരറ്റത്ത് ചാരിവച്ച ശേഷം അടിസ്ഥാനത്തിൻ്റെ മുകളിൽ കറയി ചുറ്റുമൊന്നു നോക്കി. ഇപ്പോൾ കുറച്ചധികം കാഴ്ചകൾ അവന് കാണാം. അയൽ പക്കത്ത് അവൻ്റെ കൂട്ടുകാരായ കുട്ടികൾ പൂക്കടയിൽ നിന്നും വാങ്ങിയ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കുകയാണ്. അവന് അവരുടെ ഒപ്പം കൂടണമെന്നുണ്ടായിരുന്നു. ആത്മാഭിമാനിയായ അവൻ്റെ അമ്മയോടൊപ്പം അവിടെ നിന്ന് തിരുവോണമാഘോഷിക്കുവാൻ അവൻ തീരുമാനിച്ചു. കഞ്ചാവിനടിമയായിരുന്ന അവൻ്റെ അച്ഛൻ അവനേയും അമ്മയേയും കളഞ്ഞിട്ട് പോയതിൽ പിന്നെ അവന് അവൻ്റെ അമ്മയും അമ്മയ്ക്ക് മകനും മാത്രമേയുള്ളൂ കൂട്ട്. വേലിക്കൽ നിൽക്കുന്ന പലയിനം നാടൻ പുക്കൾ കൊണ്ട് അവനും അവൻ്റെ അമ്മയും കൂടി നേരത്തേ തന്നെ ഒരു പൂക്കളം തീർത്തിട്ടുണ്ട്. അവൻ വീടിനകത്തേയ്ക്ക് കയറി. അവൻ്റെ അമ്മ തങ്കം അവരുടെ വരുമാന പരിധിയിൽ നിന്നുകൊണ്ട് ഉച്ചയ്ക്ക് സദ്യയൊരുങ്ങാനുള്ള വട്ടം കൂട്ടുകയാണ്. പപ്പടം പൊള്ളിക്കാനായി വെളിച്ചെണ്ണ കുപ്പിയെടുത്തപ്പോൾ അവൻ ശ്രദ്ധിച്ചു നോക്കി. വെളിച്ചെണ്ണയ്ക്ക് പൊള്ളുന്ന വിലയായതിനാൽ അവൻ്റെ അമ്മ ഇരുന്നറ്റമ്പത് ഗ്രാം വെളിച്ചെണ്ണ മാത്രമേ വാങ്ങിയിരുന്നുള്ളൂ.
വെളിച്ചെണ്ണയെടുത്ത തങ്കം തൻ്റെ കുട്ടിക്കാലം ഓർത്തുപോയി. വിറകും ചുള്ളിയുമൊക്കെ ശേഖരിക്കാനായി പാട വരമ്പത്തുകൂടി നടക്കുമ്പോൾ വട്ടയില കുമ്പിൾ കൂട്ടി തോട്ടു വരമ്പിൽ അതിരിട്ടു നിൽക്കുന്ന കാളപ്പൂവും കളമ്പോട്ടി പൂവും തുമ്പപൂവും കൂടി ശേഖരിക്കും. അവരുടെ കുട്ടിക്കാലത്തെ പൂക്കളത്തിൽ അവകൂടി ഉൾപ്പെടുത്തുമായിരുന്നു. അന്ന് തേങ്ങ വെട്ടി കഴിഞ്ഞ വസ്തുക്കളുടെ ഉടമസ്ഥർ തേങ്ങയും ചൂട്ടും കൊതുമ്പും പെറുക്കി കൊണ്ട് പോയിക്കഴിഞ്ഞാലും ഉടമസ്ഥരുടെ ശ്രദ്ധയിൽ പെടാതെ തോട്ടു വരമ്പിലെ കാട്ടുചെടികളുടെ ഇടയിൽ വീണു കിടക്കുന്ന തേങ്ങകൾ തങ്കവും കൂട്ടരും ശേഖരിക്കും . അങ്ങനെ പലപ്പോഴായി ശേഖരിക്കുന്ന തേങ്ങകൾ അവർക്ക് ആട്ടാനും അരയ്ക്കാനും തികയുമായിരുന്നു. ഇന്ന് കാലം മാറി.
പാചകമെല്ലാം കഴിഞ്ഞ ശേഷം അമ്മയും മകനും കൂടി കുളിച്ചൊരുങ്ങി വന്നു. വിഭവ സമൃദ്ധമല്ലെങ്കിലും അവരുടെ സദ്യ അമ്മയും മകനും കൂടി തൂശനിലയിട്ട് മനസ്സിൽ സമൃദ്ധിയോടെയും സന്തോഷത്തോടെയും ആസ്വദിച്ച് ഉണ്ടു.
ഡോ. ഐഷ വി:- ഐ എച്ച് ആർഡിയുടെ മാവേലിക്കര അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലാണ്. ആനുകാലികങ്ങളിലും മറ്റും രചനകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കർഷകയ്ക്കുളള അവാർഡ്’, ജൈവകൃഷിയ്ക്കുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ പ്രോത്സാഹന സമ്മാനം, റോട്ടറി ക്ലബ്ബ് ഹരിപ്പാടിൻ്റ വിമൺ അച്ചീവ്മെൻ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി, ജനറേറ്റീവ് എഐ ആൻ്റ് ദി ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ ഇൻ എ നട്ട് ഷെൽ എന്നിവ കൃതികളാണ്.
കൊല്ലം സ്വദേശി. Rtd പ്രിൻസിപ്പൽ, ബി.ശ്യാംലാലാണ് ഭർത്താവ്, മക്കൾ:അക്ഷയ് ലാൽ എസ്, പൗർണ്ണമി എസ് ലാൽ. മാതാ പിതാക്കൾ ‘കെ.വിദ്യാധരൻ ( Late), കെ രാധ.
വിനോദ് വൈശാഖി
വെളുത്ത വീടുകൾ
നിരന്നിരുന്നാൽ
പൂന്തോട്ടം പോലെ
നനഞ്ഞ പാതകൾ
ക്കിരുവശവും
മഴവില്ലുകൾ
ഒടിച്ചു വച്ചതുപോലെ
പയ്യെ നടന്ന്
മഞ്ഞു പോലവൾ
കുഞ്ഞുപൂക്കളുടെ
ബ്രിസ്റ്റൽ
മഴപ്പൂവുകൾ
അവിടെയാണത്രേ
വെയിൽപ്പൂവുകൾക്ക്
തണുപ്പാണ്
പൂവേത് മഞ്ഞേത്
ശലഭമേത്!
ചന്ദ്രനിലെത്തിയ
കുഞ്ഞിനെപ്പോലെ
ടിനിറ്റി ഓടി നടന്നു!
“മ” മമ്മിയിലും
അമ്മയിലുമുണ്ടെന്ന്
പഠിപ്പിച്ച്
അവിടെ
പൂക്കളെ ഗ്ലാസിലൂടെ
നോക്കി ഒരാൾ !
റോസുകളുടെ
രാജകുമാരി
ഇപ്പോൾ ബ്രിസ്റ്റൽ
ഭംഗിയുള്ള
ഉടുപ്പണിയിച്ച്
ട്രിനിറ്റിയെ
കെട്ടിപ്പിടിക്കുന്നു!!
വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ
പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021).
ലിസ മാത്യു
ഒരു ഓണക്കാലം കൂടി നാം ആഘോഷിക്കുകയാണ്…. ഓണമെക്കാലത്തും മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ സ്മരണകൾ നൽകിയാണ് മടങ്ങുക. മനുഷ്യരോടൊപ്പം പ്രകൃതിയും ഓണാഘോഷങ്ങളിൽ പങ്കെടുക്കാനെന്നോണം ഒരോ വർഷവും ഒരുങ്ങും. അതിന്റെ പ്രതിഫലനമാണ് ചിങ്ങമാസത്തിൽ തങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായ വിളവുകൾ കൊയ്തെടുക്കുന്ന കർഷകർക്ക് പ്രകൃതി നൽകുന്ന വിളവ്. ഏതൊരു ആഘോഷവും മനുഷ്യരോടൊപ്പം പ്രകൃതിയും ഒന്ന് ചേരുമ്പോഴാണ് പൂർണമാവുക. വിഷുക്കാലമാകുമ്പോൾ വിടരുന്ന കണിക്കൊന്നയും, ഓണക്കാലമാകുമ്പോൾ നിറയുന്ന പൂച്ചെടികളുമെല്ലാം നമ്മെ ഇതാണ് ഓർമിപ്പിക്കുന്നത്.
ആധുനികതയുടെ ഓട്ടപാച്ചിലിൽ ഒരിടക്കാലത്ത് മലയാളിയും ഓണാഘോഷങ്ങളുടെ തനിമയെ മറന്നു എന്നത് വാസ്തവമാണ്. പ്രകൃതിയെ ആഘോഷങ്ങളുടെ ഭാഗമാക്കാതെ, പ്രകൃതിക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ മലയാളികളുടെ ഓണാഘോഷങ്ങളിലും കടന്നുകൂടി. കൂടുതൽ സൗകര്യപ്രദത്തിന് മലയാളിയുടെ സദ്യ പ്ലാസ്റ്റിക് വാഴയിലയിലും, സദ്യക്ക് ശേഷമുള്ള പായസം ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകളിലും ആയപ്പോൾ, അവ നമ്മുടെ മണ്ണിനെയും പ്രകൃതിയെയും ദോഷകരമായി ബാധിച്ചു എന്നത് വസ്തുതയാണ്. ഒരു കച്ചവട സംസ്കാരം ഇവിടെയൊക്കെയോ ഓണത്തിന്റെ തനിമയ്ക്ക് മങ്ങലേൽപ്പിച്ചു.
എന്നാൽ ഇന്ന് കേരള സമൂഹം ഒരു മടങ്ങിവരവിലാണ്. ഓണാഘോഷങ്ങളും ശീലങ്ങളും പ്രകൃതിയെ മുറിവേൽപ്പിക്കാതിരിക്കുവാൻ, നമ്മുടെ സ്വത്വം മറക്കാതിരിക്കാൻ നാം പ്രയത്നിക്കുകയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് കേരള സർക്കാരിന്റെ ഈ വർഷത്തെ ‘ഹരിത ഓണം’ എന്ന തലക്കെട്ടും. നമ്മുടെ ആഘോഷങ്ങൾ പ്രകൃതിക്ക് മുതൽക്കൂട്ടാവുന്ന തരത്തിലുള്ളതാകണമെന്ന ചിന്തയാണ് ഈ ആശയത്തിന് പിന്നിൽ. ‘സസ്റ്റയിനബിലിറ്റി’ അഥവാ സുസ്ഥിരത എന്ന ആശയം ഇന്ന് തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കുവാൻ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യരും പ്രയത്നിക്കുകയാണ്. ചാണകം മെഴുകിയ മുറ്റത്ത്, സ്വന്തം വീട്ടിലെയും അയൽ വീടുകളിലെയും, തൊട്ടടുത്ത പറമ്പുകളിലെയും പൂക്കൾ ശേഖരിച്ച് പൂക്കളം ഇടുന്ന, തങ്ങളുടെ മാവേലിത്തമ്പുരാനെ വരവേൽക്കുവാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളിയാണ് യഥാർത്ഥ ഓണത്തിന്റെ സ്വത്വത്തെ വിളിച്ചോതുന്നത്. അത്തരം ഒരു ഓണക്കാലമാവട്ടെ ഇത്തവണ നമുക്ക് ഓരോരുത്തർക്കും…..
ലിസ മാത്യു :- സ്വദേശം പത്തനംതിട്ട ജില്ലയിലെ നെല്ലാട്. പരേതരായ പി കെ മാത്യുവിന്റെയും ലീലാമ്മ മാത്യുവിന്റെയും മകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ബിരുദവും, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. മലയാളം യുകെ ഉൾപ്പെടെയുള്ള വേദികളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലായിരുന്നു പരിശോധന.
പത്തനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ 11,500 രൂപയും കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ മുഖേന 93,000 രൂപ എത്തിയത് ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനില്‍നിന്ന് 2600 രൂപ പിടിച്ചെടുത്തു.
വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശൗചാലയത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരുള്ള കവറിനുള്ളില്‍ 13,000 രൂപ ഒളിപ്പിച്ചുവെച്ചതായും പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ അഞ്ചുകുപ്പി മദ്യം ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങിസൂക്ഷിച്ചതായും കണ്ടെത്തി.
പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഷാപ്പുടമയില്‍നിന്ന് 24,000 രൂപയും മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍നിന്ന് 34,000 രൂപയും ഗൂഗിള്‍ പേ മുഖേന വാങ്ങിയതും കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍നിന്ന് പാരിതോഷികമായി വാങ്ങിസൂക്ഷിച്ച 16 കുപ്പി മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍നിന്ന് 8000 രൂപ ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കല്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സുകാരെക്കണ്ട് എക്‌സൈസ് ഉദ്യോഗസ്ഥന്‍ 6500 രൂപ വലിച്ചെറിഞ്ഞു. കാസര്‍കോട്ട് ഉദ്യോഗസ്ഥനില്‍നിന്ന് കണക്കില്‍പ്പെടാത്ത 5000 രൂപ പിടിച്ചെടുത്തു.
രാജ്യത്തെ ജി എസ് ടിയിൽ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറായതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കാൻ പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം നികുതിയിൽ വലിയ ഇളവാണ് ജി എസ് ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പാലിനും ജീവൻ രക്ഷ മരുന്നുകൾക്കുമടക്കം വലിയ നികുതിയിളവ് ലഭിക്കും. എന്നാൽ സിഗററ്റിനും പാൻമസാല ഉത്പന്നങ്ങൾക്കും ആഡംബര സാധനങ്ങൾക്കും വില കൂടുകയും ചെയ്യും. വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജി എസ് ടിയിൽ നിന്ന് ഒഴിവാക്കി. മോട്ടോർ സൈക്കിളിനും ചെറിയ കാറിനും വില കുറയും. 33 ജീവൻ രക്ഷാ മരുന്നുകൾക്കും നികുതിയില്ല. സിമന്‍റ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും. സെപ്തംബർ 22 മുതൽ പുതിയ നികുതി ഘടന നിലവിൽ വരും.
സാധാരണ വീട്ടുപകരണങ്ങൾക്കെല്ലാം വലിയ വില വ്യത്യാസമാകും പുതിയ ജി എസ് ടി ഘടന നിലവിൽ വരുമ്പോൾ ഉണ്ടാകുക. ഹെയർ ഓയിൽ, ടോയ്‌ലറ്റ് സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് ബ്രഷുകൾ, ടേബിൾവെയർ, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ ജി എസ് ടി 18% ൽ നിന്ന് 5% ആയി കുറയും. യു എ ച്ച്ടി പാൽ, പനീർ, ഇന്ത്യൻ ബ്രെഡുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. അവയുടെ നിരക്കുകൾ 5% ൽ നിന്ന് പൂജ്യമായി കുറച്ചു. നംകീൻ, ബുജിയ, സോസുകൾ, പാസ്ത, കോൺഫ്ലെക്സ്, നെയ്യ് തുടങ്ങിയ പാക്കേജ് ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പുതിയ ജി എസ് ടിയിൽ 5% സ്ലാബിന് കീഴിൽ വരും. ആരോഗ്യ സംരക്ഷണ ചെലവുകൾക്കുള്ള ഒരു പ്രധാന ആശ്വാസമായി 33 ജീവൻ രക്ഷാ മരുന്നുകൾക്കും മരുന്നുകൾക്കും നികുതി ഒഴിവാക്കി. കണ്ണടകളുടെ വിലയും കുത്തനെ കുറയും. 28% ൽ നിന്ന് 5% ആയി. ഓട്ടോമൊബൈലുകളും കൺസ്യൂമർ ഡ്യൂറബിൾസും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. എയർ കണ്ടീഷണറുകൾ, ഡിഷ് വാഷിംഗ് മെഷീനുകൾ, 32 ഇഞ്ചിൽ കൂടുതലുള്ള ടിവികൾ എന്നിവയുടെ വില 28% ൽ നിന്ന് 18% ആയി കുറയും. വലിപ്പം പരിഗണിക്കാതെ എല്ലാ ടിവികൾക്കും ഇപ്പോൾ 18% ജിഎസ്ടി ബാധകമാണ്. 350 സിസിയിൽ താഴെയുള്ള ചെറുകാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മുച്ചക്ര വാഹനങ്ങൾക്കും 28% ൽ നിന്ന് 18% ആയി. 1200 സിസിയിൽ താഴെയുള്ള പെട്രോൾ കാറുകൾക്കും 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകൾക്കും ഇനി 18% ജി എസ് ടി ഈടാക്കും. ബസുകൾ, ട്രക്കുകൾ, ആംബുലൻസുകൾ തുടങ്ങിയ വലിയ യാത്രാ വാഹനങ്ങളും 18% ൽ താഴെയാണ്, കൂടാതെ എല്ലാ ഓട്ടോ ഭാഗങ്ങളും ഒരേ നിരക്കിൽ ഏകീകരിക്കപ്പെടുന്നു. മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും.
അതേസമയം,ചില ഉത്പനങ്ങള്‍ക്ക് 40 ശതമാനം ജി എസ് ടി ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പാന്‍ മസാല, സിഗരറ്റ്, ഗുട്ട്ക, ചവയ്ക്കുന്ന പുകയില പോലുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, സര്‍ദ പോലുള്ള ഉല്‍പ്പന്നങ്ങള്‍, ബീഡി എന്നിവയാണ് ഈ നിരക്കിന്റെ പരിധിയില്‍ വരുന്നത്. പഞ്ചസാര, മധുരപലഹാരങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും 40 ശതമാനം ജി എസ് ടിയുടെ പരിധിയില്‍ വരും.