Latest News

ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സഹപാഠികൾ ഹരോഹള്ളി പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സഹപാഠികളായ വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്.

കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു ഹരോഹള്ളി പൊലിസ് കേസെടുത്തു. മുഴപ്പിലങ്ങാട് കുളം കടവിനു സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകളാണ് അനാമിക. സഹോദരൻ വിനായക്.

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പി-മാര്‍കിന്റെ എക്സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.

മാട്രിസ് എക്സിറ്റ് പോളില്‍ ബിജെപിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും മാട്രിസ് പ്രവചിക്കുന്നു.

ജെവിസിയുടെ എക്സിറ്റ് പോള്‍ ഫലത്തിലും ബിജെപി മുന്നേറ്റമെന്നാണ് വ്യക്തമാക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെവിസി പ്രവചിക്കുന്നത്. ആം ആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റ് വരെയും ജെവിസി പ്രവചിക്കുന്നു.

ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളും ബിജെപിക്ക് അനുകൂലമാണ്. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബിജെപി വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആം ആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോളില്‍ ചൂണ്ടിക്കാണിക്കുന്നു.

പീപ്പിള്‍സ് സര്‍വേയില്‍ ബിജെപിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പറയുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 10 മുതല്‍ 19 വരെയും പ്രവചിക്കുന്ന സര്‍വേ ഫലം കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പറയുന്നു.

ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും.

‘ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങൾ തയാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയിൽ സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ഈ ആശയം പങ്കുവച്ച എല്ലാവർക്കും ഇത് വലിയ ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാൽ അതും ചെയ്യും’–ട്രംപ് പറഞ്ഞു.

പലസ്തീൻ പൗരന്മാർ ഗാസയിൽനിന്ന് ഈജിപ്തിലേക്കോ ജോർദാനിലേക്കോ പോകണമെന്ന തന്റെ മുൻ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ട്രംപ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ചു മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞു. പലസ്തീൻ പൗരന്മാരെ ഗാസയിൽനിന്നു മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ ഈജിപ്തും ജോർദാനും ഹമാസും ഉൾപ്പെടെ തള്ളിയിരുന്നു.

അതേസമയം, ട്രംപിന്റെ തീരുമാനം തീർച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകൾക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനോജ് കെ ജയന്റെ പ്രൈവറ്റ് പ്ലേറ്റിനു ബദലായി ഒറിജിനൽ പ്രൈവറ്റ് നമ്പർ പ്ലേറ്റ് കരസ്ഥമാക്കി യുകെ മലയാളി. ബർമിംഗ്ഹാമിൽ സ്ഥിരതാമസമാക്കിയ കോൺഫിഡൻസ് ഗ്രൂപ്പിൻറെ ഡയറക്ടർ തൃശ്ശൂർ കണിമംഗലം സ്വദേശി മാർട്ടിൻ കെ ജോസിന്റെ രണ്ടു കാറിന്റെയും നമ്പർ പ്ലേറ്റ് തൃശ്ശൂർ എന്നാണ് . റേഞ്ച് റോവർ ഓവർഫിഞ്ചിന്റേത് തൃശ്ശൂർ എന്നും (TRIISUR) എന്നും ടെസ്‌ലയുടെത് ( TRISURR) എന്നുമാണ് നമ്പർ. നാടിനെ അത്രമാത്രം ഇഷ്ടപ്പെടുന്ന മാർട്ടിൻ തൃശ്ശൂരിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഈ നമ്പർ എടുത്തത് എന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും തൃശ്ശൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പിലും എല്ലാവരും ഇപ്പോൾ ഇത് ഷെയർ ചെയ്യുന്നുണ്ട്. തൃശ്ശൂരിലെ പല പ്രമുഖരും ഈ നമ്പറിനു വേണ്ടി ഓഫർ ചെയ്തിട്ടുണ്ടെങ്കിലും മാർട്ടിൻ കൊടുക്കാൻ തയ്യാറല്ല.

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വിദേശി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജർമ്മൻ സ്വദേശി മൈക്കിളിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. വാല്‍പ്പാറ- പൊള്ളാച്ചി റോഡില്‍വെച്ചായിരുന്നു സംഭവം.

റോഡില്‍ നിലയുറപ്പിച്ച കാട്ടാനയുടെ പിറകിലൂടെ ബൈക്കുമായി പോകവെയാണ് മൈക്കിളിനെ ആക്രമിച്ചത്. ബൈക്കില്‍നിന്ന് വീണ മൈക്കിള്‍ എഴുന്നേറ്റ് നിന്നപ്പോള്‍ ആന വീണ്ടും ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ ആശുപത്രിയില്‍ എത്തിച്ചത്.മൈക്കിളിനെ ആന ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവസ്ഥലത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേലിൽ ജോലിചെയ്തു വരികയായിരുന്ന മലയാളി നേഴ്സ് അന്തരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിനിയായ ജെസി അലക്സാണ്ടർ ആണ് മരണമടഞ്ഞത്. 55 വയസ്സായിരുന്നു പ്രായം. നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയും ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ജെസി അലക്സാണ്ടറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ്(38) ആണ് മരിച്ചത്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്.

ഉത്സവത്തിന് കച്ചവടത്തിനായി എത്തിയ യുവാവാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളുടെയും നില ഗുരുതരമാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റി.

യുവാവിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നര കിലോ മീറ്ററോളം ഓടി.

അവിടെ നിന്നിരുന്ന ആനന്ദിനെ കുത്തി വീഴ്ത്തി. അവിടെ നിന്നും നാലര കിലോ മീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. പിന്നീട് ഏറെ നേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്.

ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂര്‍ സ്വദേശിയായ ആര്‍. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂര്‍ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേല്‍. ഒരുവര്‍ഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരില്‍ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന മുനിയാണ്ടിയും സുമിത്രയും അടുപ്പത്തിലായത്. കാര്‍ ഡ്രൈവറായ മുനിയാണ്ടിയും ഭാര്യയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുരുകവേല്‍ ഭാര്യയെയും കൂട്ടി കോയമ്പത്തൂരിലേക്ക് താമസംമാറ്റിയത്. എന്നാല്‍, ഇതിനുശേഷവും സുമിത്രയും മുനിയാണ്ടിയും ബന്ധം തുടരുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മുനിയാണ്ടിയും വീട്ടിനുള്ളില്‍ സംസാരിച്ചിരിക്കുന്ന കാഴ്ചയാണ് മുരുകവേല്‍ കണ്ടത്. ഇതോടെ മുരുകവേലും മുനിയാണ്ടിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടെ മുരുകവേല്‍ മുനിയാണ്ടിയുടെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. പിന്നാലെ കുത്തേറ്റ മുനിയാണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി.

നെഞ്ചില്‍ കത്തി തറച്ചനിലയിലാണ് മുനിയാണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ സുമിത്ര ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് കാമുകനെ രക്ഷിക്കാനായി പുറത്തേക്കിറങ്ങി. തുടര്‍ന്ന് കാമുകന്റെ നെഞ്ചില്‍നിന്ന് കത്തി ഊരിമാറ്റിയതോടെ അമിതമായ രക്തസ്രാവമുണ്ടായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുനിയാണ്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

റോമി കുര്യാക്കോസ്

കവൻട്രി: സംഘടനയുടെ പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഒ ഐ സി സി (യു കെ) – യുടെ കവൻട്രി യൂണിറ്റ് രൂപീകരിച്ചു. ഞായറാഴ്ച കവൻട്രിയിൽ വച്ച് ചേർന്ന രൂപീകരണം യോഗം നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി.

ശനിയാഴ്ച ഒ ഐ സി സി (യു കെ) – യുടെ ലിവർപൂൾ യൂണിറ്റ് രൂപീകൃതമായി 24 മണിക്കൂർ തികയും മുൻപ് കവൻട്രിയിൽ യൂണിറ്റ് രൂപീകരിക്കാൻ സാധിച്ചത് സംഘടന യു കെയിൽ ജനകീയമാകുന്നതിന്റെ മകുടോദാഹരണമായി.

അടുത്ത മൂന്ന് മാസം യൂണിറ്റ് / റീജിയനുകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനുള്ള നിർദേശമാണ് ഓ ഐ സി സി (യു കെ) – യുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികൾ ഒ ഐ സി സി (യു കെ) നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

സംഘടനാ പ്രവർത്തനത്തിൽ പരിചയസമ്പന്നരായവരെയും യുവാക്കളെയും ഉൾപ്പെടുത്തി ശക്തമായ ടീം ഇനി കവൻട്രിയിലെ ഒ ഐ സി സി സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്‌
ജോബിൻ സെബാസ്റ്റ്യൻ

വൈസ് പ്രസിഡന്റ്‌
ജോപോൾ വർഗീസ്

ജനറൽ സെക്രട്ടറി
അശ്വിൻ രാജ്

ട്രഷറർ
ജയ്മോൻ മാത്യു

ജോയിന്റ് സെക്രട്ടറി
സുമ സാജൻ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

ദീപേഷ് സ്കറിയ
ജിക്കു സണ്ണി
മനോജ്‌ അഗസ്റ്റിൻ
രേവതി നായർ
ലാലു സ്കറിയ

പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറില്‍ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് – 26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.45-നായിരുന്നു അപകടം.

സുഹൃത്തുക്കളായ സന്ദീപ്, റോഷന്‍, അജിത്ത് എന്നിവരും മറിഞ്ഞ ചങ്ങാടത്തില്‍ ഉണ്ടായിരുന്നു. മൂവരും നീന്തി രക്ഷപ്പെട്ടു. പത്രവിതരണം നടത്തുന്ന ജോലിയായിരുന്നു രമേശിന്. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടു മണിയോടെ പരുമല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉഷയാണ് മാതാവ്. സഹോദരി രേഷ്മ. സംസ്‌കാരം പിന്നീട്.

RECENT POSTS
Copyright © . All rights reserved