Latest News

വിശാഖ് എസ് രാജ്

യുദ്ധങ്ങളുടെ നടത്തിപ്പിന് മാത്രമായി
കുറച്ചു ദ്വീപുകൾ വേണം.
എത്ര വലിയ പട്ടാളത്തെയും
ഒന്നിലധികം യുദ്ധങ്ങളെയും
താങ്ങാൻ കെൽപ്പുള്ളവ.

രാഷ്ട്രത്തലവന്മാർ
സൈന്യങ്ങളുമായി
ദ്വീപുകളിലേക്ക് പുറപ്പെടണം.

അവിടുന്നൊരു ബോംബിട്ടാൽ
ഞങ്ങളുടെ ആശുപത്രികളിൽ,
സ്‌കൂളുകളിൽ, അടുക്കളകളിൽ
വന്നു വീഴരുത്.
വെടിയുതിർത്താൽ
ഞങ്ങളുടെ നെറ്റി
തുളയ്ക്കുകയുമരുത്.

നിങ്ങൾ സമയമെടുത്ത്
പോരടിച്ചുകൊള്ളുക.
കാലിയായ ആയുധങ്ങൾ
കടലിലെറിഞ്ഞ ശേഷം മാത്രം
മടങ്ങി വരുക.

വിശാഖ് എസ് രാജ് : – കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.

ഈ വർഷത്തെ ഏറ്റവും പുതിയ ഓണപാട്ട് ചെസ്റ്റർ ഫീൽഡിൽ റിലീസ് ചെയ്തു. ഓർമ്മയിൽ നിറയും ഓണക്കാലം, മനസ്സിൽ നിറയും നല്ലൊരു കാലം. ഗൃഹാതുരത്വം തുളുമ്പുന്ന ഷിജോ സെബാസ്റ്റ്യന്റെ വരികൾക്ക് ഈണം നൽകിയത് ഷാൻ ആന്റണി യും പാടി മനോഹര മാക്കിയത് രമേശ്‌ മുരളിയും ആണ്.ക്യാമറ ജെയ്ബിൻ തോളത്തും എഡിറ്റിംഗ് സൂര്യ ദേവയും റെക്കോർഡിങ് മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയും നിർവഹിച്ചു. മ്യൂസിക് ഷാക്ക് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഷൈൻ മാത്യു,സ്റ്റാൻലി ജോസഫ്,പോൾസൺ പള്ളത്തുകുഴി,ജിയോ ജോസഫ്,ഏബിൾ എൽദോസ്, ജെസ് തോമസ്,സ്വരൂപ്‌ കൃഷ്ണൻ,ഹർഷ റോയ്, ഇന്ദു സന്തോഷ്‌,ഐറിൻ പീറ്റർ,നൃത്ത ചുവടുകളുമായി നമ്മുടെ കുട്ടികളും ദൃശ്യാവിഷ്കരണത്തെ കൂടുതൽ മനോഹരമാക്കി. ജാതിമതഭേദമെന്യേ മലയാളികൾ ഒരുമയോടെ ഓണം ആഘോഷിക്കുമ്പോൾ നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന തിരുവോണ നാളിന്റെ മംഗളങ്ങൾ ഏവർക്കും സ്നേഹത്തോടെ നേരുന്നു..

2001ന് ശേഷം ആദ്യമായി യുഎസ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025 ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനൽ ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് (എൻ‌ടി‌ടി‌ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 8 ശതമാനം കുറവാണ് കാണിക്കുന്നത് .

മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 5.5 ശതമാനം ഇടിവാണ് കാണിക്കുന്നത്. എന്നാൽ ഈ മാന്ദ്യം ആഗോള പ്രവണതയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്.

യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും ജൂണിൽ 6.2 ശതമാനം, മേയിൽ 7 ശതമാനം, മാർച്ചിൽ 8 ശതമാനം, ഫെബ്രുവരിയിൽ 1.9 ശതമാനം എന്നിങ്ങനെ കുറവുണ്ടായതായി എൻടിടിഒ ഡേറ്റ കാണിക്കുന്നു.

അതേസമയം, ജനുവരിയിലും ഏപ്രിലിലും മാത്രമാണ് യഥാക്രമം 4.7 ശതമാനത്തിന്റെയും 1.3 ശതമാനത്തിന്റെയും വർധനവ് ഉണ്ടായത്. യുഎസിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ, അതിർത്തി പങ്കിടുന്ന മെക്സിക്കോയും കാനഡയും ഒഴിച്ചുനിർത്തി, യുകെ കഴിഞ്ഞാൽ രണ്ടാമത് ഇന്ത്യയാണ്. തൊട്ടുപിന്നിൽ ബ്രസീൽ.

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്.

ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദർശനം നടത്തി. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിൽ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാം പാപ്പാൻ പ്രദീപിനെ ആന തട്ടിവീഴ്ത്തി. ഈ സമയം സുനിൽകുമാർ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ആനപ്പുറത്തിരുന്നു.

ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ടശേഷം ചവിട്ടുകയായിരുന്നു. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ സമീപക്ഷേത്രങ്ങളിലെ പാപ്പാന്മാരെല്ലാം ഹരിപ്പാട്ടെത്തി. ഇവർ ചേർന്ന് ആനയെ സുരക്ഷിതമായി ആനത്തറയിലേക്കു മാറ്റാൻ ശ്രമിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ വരുതിയിലാക്കിയത്.

പുല്ലാംവഴി വളപ്പിൽനിന്ന് വലിയകൊട്ടാരത്തിനു സമീപത്തുള്ള ആനത്തറയിലേക്ക് കനത്ത സുരക്ഷയിൽ ആനയെ നടത്തുകയായിരുന്നു. ഈ സമയം മുരളീധരൻനായർ ആനപ്പുറത്തു കയറി. മറ്റു പാപ്പാന്മാർ വടംകൊണ്ടു ബന്ധിച്ചാണ് ആനയെ നടത്തിയത്.

വലിയകൊട്ടാരത്തിന്റെ വടക്കേ വാതിലിനടുത്തെത്തിയപ്പോൾ ആന മുരളീധരൻനായരെ തുമ്പിക്കൈകൊണ്ടുവലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു.ഉടൻ മറ്റു പാപ്പാന്മാർ ചേർന്ന് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ഇതിനിടെ ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയെ മയക്കാനുള്ള മരുന്നു കുത്തിവെച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ കൊട്ടാരവളപ്പിൽ തളച്ചു.

മദകാലം കഴിഞ്ഞതിനാൽ ആനയെ അഴിക്കാമെന്ന് ഒരുമാസം മുൻപ് വെറ്ററിനറി ഡോക്ടർ നിർദേശിച്ചിരുന്നു. എന്നിട്ടും ആനയെ അഴിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായി. ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവമാണ്. തിരുവോണത്തിനാണ് ആറാട്ട്. അന്ന് ഈ ആനയെ എഴുന്നള്ളിക്കുന്നതിനു മുന്നോടിയായാണ് ഞായറാഴ്ച അഴിച്ചതെന്നാണ് അറിയുന്നത്. സുനിൽകുമാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ബർമിംഗ്ഹാമിലെ സോഹോ റോഡിൽ (351–359 Soho Road, B21 9SE) മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ യുകെയിലെ നാലാമത്തെ   ഷോറൂം സെപ്റ്റംബർ 6-ന് വൈകിട്ട് 2 മണിക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബോളിവുഡ് താരം കരീന കപൂർ ഖാൻ ഉദ്ഘാടനം നിർവഹിക്കും.

1993-ൽ കേരളത്തിൽ നിന്നു തുടക്കം കുറിച്ച മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ന് ലോകമെമ്പാടും 13 രാജ്യങ്ങളിലായി 391-ത്തിലധികം ഷോറൂമുകളുമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നാണ്. യുകെയിൽ ലണ്ടൻ, ലെസ്റ്റർ എന്നിവിടങ്ങളിൽ വിജയകരമായി ഷോറൂമുകൾ ആരംഭിച്ച ശേഷം, ബർമിംഗ്ഹാമിൽ തുറക്കുന്ന പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം ആഭരണ പ്രേമികൾക്കായി ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

കനത്തമഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചല്‍പ്രദേശില്‍ മലയാളികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. സംഘത്തില്‍ 18 മലയാളികളാണുള്ളത്. അഞ്ച് തമിഴ്‌നാട്ടുകാരും രണ്ട് ഉത്തരേന്ത്യക്കാരും സംഘത്തിലുണ്ട്. ശനിയാഴ്ച ഷിംലയിലേക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ച പാതയില്‍ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. കല്‍പ്പ എന്ന ഗ്രാമത്തിലാണ് നിലവില്‍ സംഘമുള്ളത്.

സംഘത്തില്‍ മൂന്നുപേര്‍ക്ക് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ആംബുലന്‍സിന്റെ സഹായവും തേടിയതായാണ് വിവരം. മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഷിംല വിമാനത്താവളത്തില്‍ വിനോദസഞ്ചാരികളുടെ സംഘത്തിന് എത്തണമെങ്കില്‍ വ്യോമസേനയുടെ സഹായം ആവശ്യമാണ്.

എയര്‍ലിഫ്റ്റിങ് വേണമെന്നതാണ് വിനോദസഞ്ചാരികളുടെയും ആവശ്യം. കല്‍പ്പയില്‍നിന്ന് ഷിംലയിലേക്കെത്താന്‍ റോഡുമാര്‍ഗം എട്ടുമണിക്കൂര്‍ സഞ്ചരിക്കേണ്ടതായുണ്ട്. മഴയും മണ്ണിടിച്ചിലുമുള്ള അവസ്ഥയില്‍ ഇത് സാധ്യമല്ല. അതിനാലാണ് വ്യോമമാര്‍ഗമുള്ള സഹായം സംഘം തേടുന്നത്.

ഭക്ഷണവും വെള്ളവും പരിമിതമായതിന്റെ ആശങ്കയും 25 പേരടങ്ങുന്ന വിനോദസഞ്ചാരി സംഘത്തെ അലട്ടുന്നുണ്ട്. കല്‍പ്പ ചെറിയൊരു ഗ്രാമമായതിനാല്‍ ഭക്ഷണം തീര്‍ന്നാല്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് വിനോദസഞ്ചാരികളിലൊരാളും നിലമ്പൂര്‍ സ്വദേശിയുമായ ഷാരൂഖ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് മണ്ണിടിച്ചിലുണ്ടായതെന്നും അതിനാല്‍ ട്രെയിന്‍, റെയില്‍വേ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടിവന്നെന്നും ഷാരുഖ് പറയുന്നു. പിന്നെയും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ഷാരുഖ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ സുരക്ഷിതമായ സ്ഥാനത്താണുള്ളതെന്നും ഷാരുഖ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ സഹായം തേടിയിട്ടുണ്ടെന്നും ഷാരുഖ് വ്യക്തമാക്കി.

വയനാടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാര പ്രതീക്ഷ നല്‍കി ആനയ്ക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തുരങ്ക പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നാളുകള്‍ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുമെന്നന പ്രതീക്ഷയിലാണ് ജനങ്ങള്‍. നിലവില്‍ കച്ചവട ആവശ്യങ്ങള്‍ക്കും മറ്റും വയനാട്ടിലേക്ക് പോകാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്യണം. മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ കിടക്കണം.

തുരങ്ക പാത യാഥാര്‍ഥ്യമായാല്‍ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനക്കാംപൊയിലിന്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കൂടി തുരങ്ക പാത വഴിത്തുറക്കും. കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്ക പാതയുടെ നിര്‍മാണം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്.

കൊച്ചി-ബംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്ക പാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശേരി ചുരത്തിലെ തിരക്ക് ഒഴിവാകും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണം കേവലം ഒരു ഉത്സവമല്ല, ഒരു വികാരമാണ്. പൂക്കളും പുലികളിയും സദ്യയും ചേർന്നുള്ള, മലയാളി മനസ്സുകളിൽ നന്മയുടെയും സമൃദ്ധിയുടെയും ഒരു പുഴയായി എന്നും ഒഴുകി നീങ്ങുന്ന ഒരു ഓർമ്മയാണ്. …..
ഓരോ ചിങ്ങമാസം വരുമ്പോഴും ലോകത്തിന്റെ ഏത് കോണിലായാലും ഒരു മലയാളി തിരിഞ്ഞുനോക്കുന്നത് ഓർമ്മകളിലെ ആ മാവേലി നാടിനെയാണ്.
ടെക്നോളജിയുടെ വേഗതയില്ലാത്ത, സോഷ്യൽ മീഡിയയുടെ ആർഭാടങ്ങളില്ലാത്ത, പാടത്തും പറമ്പിലും കൂട്ടുകാരോടൊപ്പം ഓടിക്കളിച്ച ഒരു കാലം….
മരങ്ങളിൽ കയറി ഊഞ്ഞാലാടിയും, തുമ്പപ്പൂവും കാക്കപ്പൂവും തേടി ഓടിനടന്നും, മുറ്റത്ത് വലിയ പൂക്കളമിട്ടും, പുത്തൻ മുണ്ടും നേര്യതും ഉടുത്തും ആഘോഷിച്ച ആ പഴയ ഓണം. ….
കൂട്ടുകാർക്കും ബന്ധുക്കൾക്കും ഒപ്പം ചിരിച്ചും കളിച്ചും സമയം ചിലവഴിച്ചതിന്റെ ഓർമ്മകളാണ് പലർക്കും ഓണം. സദ്യവട്ടങ്ങൾ ഒരുക്കാൻ അമ്മമാരും മുത്തശ്ശിമാരും അടുക്കളയിൽ തിരക്ക് പിടിച്ചപ്പോൾ, അതിന്റെ മണം വീടിന്റെ അകത്തളങ്ങളിൽ നിറഞ്ഞുനിന്നു. ആ മണമാണ്, ആ ഓർമ്മയാണ്, ഇന്നും ഓരോ മലയാളിയെയും ഓണത്തിലേക്ക് അടുപ്പിക്കുന്നത്….

കാലം മാറിയപ്പോൾ നമ്മളറിയാതെ നമ്മുടെ ഓണവും പുതിയ ഭാവം കൈക്കൊണ്ടു. പാടങ്ങൾ ടൗൺഷിപ്പുകളായി മാറിയപ്പോൾ, പൂക്കളങ്ങൾ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റാഗ്രാം റീൽസുകളിലും ഇടംപിടിച്ചു. പക്ഷെ ഓണത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല. പുതിയ കാലഘട്ടത്തിനനുസരിച്ച് അത് കൂടുതൽ വിശാലമായി എന്ന് മാത്രം.
ഇന്ന് ഓണം ഒരു “ഗ്ലോബൽ ഫെസ്റ്റിവൽ” ആണ്.
വിദേശ രാജ്യങ്ങളിലുള്ള മലയാളി കൂട്ടായ്മകൾ ഓണം ആഘോഷിക്കുന്നത്, ജാതിമത ഭേദമന്യേ എല്ലാവരെയും ചേർത്ത് പിടിച്ചുകൊണ്ടാണ്. ഓണക്കളികളും, ഓണപ്പാട്ടുകളും, ഫ്ലാഷ് മോബുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരമ്പരാഗതമായ കസവ് വസ്ത്രങ്ങൾക്ക് പകരം ആധുനിക ഫാഷൻ ഡിസൈനർമാരുടെ ഓണം കളക്ഷനുകൾ വൻ ഹിറ്റാണ്. സദ്യ ഓൺലൈനായി ഓർഡർ ചെയ്യുമ്പോൾ പോലും, അതിന്റെ രുചിക്ക് ഒരു കുറവുമില്ല.
ഓണത്തിന്റെ നന്മയുടെയും തുല്യതയുടെയും സന്ദേശം കാലത്തിനനുസരിച്ച് കൂടുതൽ ശക്തമാവുകയാണ്. പണ്ടത്തെ മാവേലിയുടെ സങ്കൽപ്പങ്ങളെ പുതിയ തലമുറ പുതിയ രീതിയിൽ ആഘോഷിക്കുന്നു. നന്മയുള്ള ഒരു ഭരണാധികാരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിന് പകരം, ഓരോരുത്തരും തങ്ങളുടെ ചുറ്റും നന്മയുടെ ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു….
അതുകൊണ്ടാണ് ഓണം ഇന്നും പ്രസക്തമായിരിക്കുന്നത്.
ഓണം ഓർമ്മകളിലേക്കുള്ള ഒരു യാത്രയാണ്, ഒപ്പം പുതിയ കാലഘട്ടത്തെ ചേർത്ത് പിടിക്കുന്ന ഒരു ആഘോഷവും. അത് കൊണ്ട് തന്നെ, മാറിയ കാലത്തും മായാത്ത ഒരു നന്മയുടെ പ്രതീകമായി ഓണം മലയാളിയുടെ മനസ്സിൽ എന്നുമുണ്ടാകും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

ഡോ.ഉഷാറാണി.പി.

കളഞ്ഞുകിട്ടിയ മയിൽപ്പീലിത്തുണ്ടും
മഞ്ചാടിക്കുരുവും
മേശവലിപ്പിലൊളിപ്പിച്ചു
കൈകഴുകി വെടിപ്പാക്കി
നിറമുള്ള നാഗരികപലഹാരക്കഷണങ്ങൾ
നുണഞ്ഞിറക്കി.

അച്ഛൻപറഞ്ഞ കഥകളിലെ
രാമകൃഷ്ണന്മാരെയുമെത്രയീശന്മാരെയും
രാജാക്കളെയും സ്വപ്നംകണ്ടന്നുറങ്ങി.

ലക്ഷ്മിയുമുമയുമായി
ചിലപ്പോളപ്സരകന്യകയുമായി,
യെപ്പൊഴോ ശകുന്തളയും ദമയന്തിയുമായി.
കണ്ണാടിനോക്കിച്ചിരിതൂകി
കരിതേച്ചു കൺമിനുക്കി,
നിനവിലെ കൽക്കണ്ടപ്പൊതികളെങ്കിലും
കയ്പും ചവർപ്പുമായിരുന്നു

നാലു ചുമരിൻ്റെ നാട്ടറിവും
മിണ്ടാത്ത വാനവും
ഇല്ലാത്ത കിളികളും
കാണാത്ത പുഴകളും
മർമ്മരംപെയ്യാത്ത മഴയും
പുണരാത്ത കാറ്റും
പുരളാത്ത മണ്ണും
തീണ്ടാത്ത വെയിലും
പങ്കിട്ടുപാടാനുമാടാനും നിഴലും.

രാധയായൊരിക്കലും കനവിൽച്ചമഞ്ഞീല,
അച്ഛനക്കഥമാത്രമോതിയില്ല.

ഡോ.ഉഷാറാണി .പി .: – തിരുവനന്തപുരം മണക്കാട് നിവാസിനി. മലയാളം അദ്ധ്യാപിക. ചിന്മയാവിദ്യാലയ ,ആറ്റുകാൽ . ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചുവരുന്നു. ഇരുപത്തിയഞ്ചോളം കൃതികൾക്ക് അവതാരികയും ആസ്വാദനവും പഠനവും എഴുതി. രണ്ടു കൃതികൾ പ്രസിദ്ധീകരിച്ചു. 1. ആത്മനിവേദനം – കവിതാ സമാഹാരം . 2. ബഷീർ ഇമ്മിണി വല്യ ഒന്ന് -ബാലസാഹിത്യം.

ഈ തൃശ്ശൂർ ഞാൻ ഇങ്ങോട്ട് എടുക്കുവാ. പിറന്ന നാടിനെ ഇങ്ങനെയും സ്നേഹിക്കുന്ന മലയാളികളോ യുകെയിലെ ബെർമിംഗാമിൽ സ്ഥിര താമസമാക്കിയ തൃശ്ശൂർ കണിമംഗലം സ്വദേശിയും കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയുമായ മാർട്ടിൻ കെ ജോസിന്റെ മൂന്നു വാഹനങ്ങൾക്കും തൃശൂർ എന്നാണ് നമ്പർ പ്ലേറ്റ്, റേഞ്ച് റോവർ ഓവർ ഫിഞ്ച് (TR11SUR) എന്നും ടെസ്ല വൈ യുടെ (TR15SUR) എന്നും JAECOO 7 Hybrid ( TR15UUR) എന്നുമാണ് നമ്പർ, പിറന്ന നാടിനോടുള്ള ഇഷ്ടവും സ്നേഹവും കൊണ്ട് മാത്രമാണ് ഈ നമ്പറുകൾ എടുക്കാൻ കാരണമെന്ന് മാർട്ടിൻ വ്യക്തമാക്കി, പലരും പേരുകൾ നമ്പർ ആയി ഉപയോഗിക്കുന്നുണ്ടെങ്കിലും, പിറന്ന നാടിന്റെ പേര് നമ്പർ ആയി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

RECENT POSTS
Copyright © . All rights reserved