Latest News

കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടികൾക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂമോണിയ പടർന്നുപിടിക്കുന്നതിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗത്തിൽനിന്ന് അറിഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ ശൈത്യം ഒരു പ്രധാന ഘടകമാണ്. കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും പ്രധാനമാണ്. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല.

കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് തേനി സ്വദേശിയായ മഹേശ്വരൻ ചെങ്കര സ്വദേശിയായ കുമളി ബസ് സ്റ്റാൻഡിൽ വച്ച് കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം.

മഹേശ്വരനും ഭാര്യയും കുറച്ച് നാളായി പിരിഞ്ഞ് കഴിയുകയാണ്. മഹേശ്വരൻ്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇതേച്ചൊല്ലി മുൻപും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്.

തുടർന്ന് വെള്ളിയാഴ്ച പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കയ്യിൽ കരുതിയിരുന്ന കത്തി വച്ച് മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു. സമീപത്തുള്ള നാട്ടുകാർ ചേർന്നാണ് മഹേശ്വരനെ പോലീസിൽ ഏൽപ്പിച്ചത്.

കഴുത്തിനും നെഞ്ചിനും കൈക്കും പരിക്കേറ്റ സുനിലിനെ കുമളി സർക്കാ‍ർ അശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് മലയാളി കുടിയേറ്റം ആരംഭിച്ചത്. ആരോഗ്യ മേഖലയിലെ വിവിധ ജോലിക്കായി യുകെയിലെത്തിയ മലയാളികൾ യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൈയ്യൊപ്പ് ചാർത്തുന്ന കാഴ്ചകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ കുടിയേറിയ മലയാളികളിൽ ഒരു സമൂഹം എന്ന നിലയിൽ ഒന്നിച്ചുനിർത്തുന്നതിനും രൂപപ്പെടുത്തുന്നതിനും വളരുന്നതിനും പ്രധാന പങ്കു വഹിച്ചത് മലയാളി അസോസിയേഷനുകളാണ്. ഇത്തരം മലയാളി അസോസിയേഷനുകളിൽ മുൻപന്തിയിലുള്ള ബെർമിംഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സ്ഥാപിതമായത് 2004 ലാണ്.

സാമൂഹിക സാംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ എന്നും മുൻപന്തിയിലാണ് ബിസിഎംസി. നിലവിൽ ബിസിഎംസിഎ നയിക്കുന്നതിൽ ഭൂരിപക്ഷവും വനിതകൾ ആണെന്നുള്ള പ്രത്യേകതയും ഈ വർഷത്തിനുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളെല്ലാം ജാതിമതഭേദമന്യേ ഒന്നിച്ച് ആഘോഷിക്കുന്നതിൽ ബിസിഎംസി എന്നും മുന്നിലാണ്. ഈ വർഷം ക്രിസ്മസും പുതുവത്സരവും ജനുവരി നാലാം തീയതി ഏറ്റവും വർണ്ണാഭമായി ആഘോഷിക്കാൻ ബി സി എം സി തയ്യാറെടുക്കുകയാണ്. ഇതിൻറെ ഭാഗമായി വമ്പിച്ച പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ബിസിഎംസി രൂപീകരിച്ചതിനു ശേഷമുള്ള ഇരുപതാം വാർഷികം ആണെന്നുള്ള പ്രത്യേകതയും ഈ വർഷത്തെ ആഘോഷത്തിന് ഉണ്ട്.

20 വർഷത്തെ കാലയളവ് യുകെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഈ കാലയളവിനുള്ളിൽ 200 ഓളം കുടുംബങ്ങൾ ആണ് ബിസിഎംസി എന്ന വട വൃക്ഷത്തിൻറെ കീഴിൽ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കായി സഹകരിക്കുന്നത്. കലാപരമായും കായികപരമായുമുള്ള എല്ലാ പ്രവർത്തനങ്ങളിലും ബിസിഎംസി മുൻപന്തിയിലാണ്. വടംവലി മത്സരം, ഷട്ടിൽ ബാഡ്‌മിന്റൺ മത്സരം എന്നീ ഇനങ്ങളിലെല്ലാം വെന്നിക്കൊടി പാറിക്കുന്ന ചരിത്രമാണ് ബിസിഎംസിയ്ക്ക് ഉള്ളത്. യുക്മയുടെ ദേശീയ കലാമേളയിൽ തുടർച്ചയായ കിരീടം ചൂടി കലാപരമായ രംഗത്തും മികവിന്റെ പാതയിലാണ് ബിസിഎംസി. യുക്മയുടെ നേതൃത്വത്തിൽ നടക്കുന്ന വള്ളംകളിയിൽ ബിസിഎംസിയുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടതാണ്. കിഡ്നി ഫെഡറേഷനുമായി കൈകോർത്ത് ബിസിഎംസി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നിരവധി ആലംബഹീനർക്കാണ് ആശ്വാസം ലഭിച്ചത്. 2018 ലെ വെള്ളപ്പൊക്കത്തിലും കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും കേരള ജനതയെ സഹായിക്കുന്നതിൽ മുൻപന്തിയിലായിരുന്നു ബിസിഎംഎസി. ബിസിഎംഎസിയുടെ മെൻസ് ഫോറമും വിമൻസ് ഫോറമും സ്‌ഥിരമായി കായിക മത്സരങ്ങൾ നടത്തിപോരുന്നുണ്ട്.

ലിറ്റി ജിജോ (ബിസിഎംസി പ്രസിഡൻറ്), ചാർലി ജോസഫ് (യൂത്ത് റെപ്രെസെന്ററ്റീവ്), ലിറ്റി ജിജോ (യുക്മ റെപ്രെസെന്റേറ്റീവ്), രാജീവ് ജോൺ (യുക്മ റെപ്രെസെന്റേറ്റീവ്), നോബൽ സെബാസ്റ്റ്യൻ (ട്രഷറർ), ദീപ ഷാജു (ലേഡി റെപ്രെസെന്റേറ്റീവ്) , റീന ബിജു (വൈസ് പ്രസിഡൻറ്), ഷൈജി അജിത് (പ്രോഗ്രാം കോഡിനേറ്റർ), സോണിയ പ്രിൻസ് (സെക്രട്ടറി), കെവിൻ തോമസ് (സ്പോർട്സ് കോഡിനേറ്റർ), അലീന ബിജു (ലേഡി റെപ്രെസെന്റേറ്റീവ്), അലൻ ജോൺസൺ (ജോയിൻ്റ് സെക്രട്ടറി) , അന്നാ ജിമ്മി (യൂത്ത് റെപ്രെസെന്റേറ്റീവ്), ആരോൺ (യൂത്ത് റെപ്രെസെന്റേറ്റീവ്), ജ്യുവൽ വിനോദ് (യൂത്ത് റെപ്രെസെന്റേറ്റീവ്), ബീന ബെന്നി (യുക്മ റെപ്രെസെന്റേറ്റീവ്) എന്നിവരുടെ സുത്യർഹ്യമായ സേവനമാണ് ബിസിഎംസിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

ബെർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി നാലിന് Washwood academy Burney Ln, Stechford, B8 2As യിൽ പ്രൗഢഗംഭീരമായി നടത്തപ്പെടുമെന്ന് ബി സി എം സി പ്രസിഡൻറ് ലിറ്റി ജിജോ , സെക്രട്ടറി സോണിയ പ്രിൻസ്, ട്രഷറർ നോബൽ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. പ്രസ്തുത യോഗത്തിൽ ബിസിഎംസി പ്രസിഡൻറ് അധ്യക്ഷത വഹിക്കുകയും യുക്മ നാഷണൽ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങോട്ടിൽ ഉത്ഘാടനം നിർവഹിക്കുകയും യുക്മ മിഡ് ലാൻഡ് റീജിയൻ പ്രസിഡൻറ് ജോർജുകുട്ടി തോമസ് മുഖ്യ അതിഥി ആയിരിക്കുകയും ചെയ്യും .

കഴിഞ്ഞ 20 വർഷക്കാലം ബിസിഎംസിയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ ബിസിഎംസി മുൻ പ്രസിഡൻ്റുമാരെയും സെക്രട്ടറിമാരെയും ഈ അവസരത്തിൽ ആദരിക്കുന്നതായിരിക്കുമെന്ന് ബിസിഎംസി കമ്മിറ്റി അറിയിച്ചു. കഴിഞ്ഞകാലങ്ങളിൽ നെടും തൂണായിരുന്ന എല്ലാ മെമ്പേഴ്സിനെയും പരിപാടിയിലേയ്ക്ക് കമ്മിറ്റി അംഗങ്ങൾ സ്വാഗതം ചെയ്തു. പ്രസ്തുത പരിപാടികൾക്ക് കൂടുതൽ മാറ്റ് ഏകാൻ ബിസിഎംസിയുടെ കലാപ്രതിഭകളുടെ കലാപരിപാടികൾ നടത്തുമെന്നും പ്രോഗ്രാം കോഡിനേറ്റർ ഷൈജി അജിത് അറിയിച്ചു . എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട് .

2024-ലെ സെര്‍ച്ച് ട്രെന്‍ഡ് വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വിഭവമാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി. ഭക്ഷണ വിഭവ രുചിക്കൂട്ടുകള്‍ക്കായുള്ള (റെസിപ്പി) അന്വേഷണങ്ങളുടെ കൂട്ടത്തിലാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയത്. സെര്‍ച്ചില്‍ ഒന്നാമതാണെങ്കിലും പലര്‍ക്കും അറിയില്ല, എന്താണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്ന്.

എന്താണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്ന് നോക്കാം. ലളിതമായി പറഞ്ഞാല്‍ പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോക്ക്‌ടെയിലാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി. പാഷന്‍ ഫ്രൂട്ട് ജ്യൂസിനും ലൈം ജ്യൂസിനുമൊപ്പം വോഡ്ക, പാഷന്‍ ഫ്രൂട്ടില്‍ നിന്ന് നിര്‍മ്മിക്കുന്ന മദ്യമായ പസ്സോവ എന്നിവ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന കോക്ക്‌ടെയിലാണ് ഇത്. അതേസമയം, ജിന്നും വെര്‍മൗത്തും ഉള്‍പ്പെടെ യോജിപ്പിച്ച് നിര്‍മ്മിക്കുന്ന മാര്‍ട്ടിനി എന്ന കോക്ക്‌ടെയിലുമായി ഇതിന് വലിയ ബന്ധമൊന്നുമില്ല.

ലണ്ടനിലെ ലാബ് ലണ്ടന്‍ ബാര്‍ ഉടമയായ ഡൗഗ്ലസ് അങ്ക്രയാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിയുടെ സ്രഷ്ടാവ്. 2002-ലാണ് ഡൗഗ്ലസ് പുതിയ കോക്ക്‌ടെയില്‍ രൂപപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലുള്ള ന്യൂഡ് സ്ട്രിപ് ബാറായ മാവെറിക്‌സ് റെവ്യൂ ബാറിലെ ജെന്റില്‍മെന്‍സ് ക്ലബ്ബ് സന്ദര്‍ശനമാണ് പുതിയ കോക്ക്‌ടെയിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2021-ലാണ് ഡൗഗ്ലസ് അന്തരിച്ചത്.

പോണ്‍സിനിമാ വ്യവസായവുമായോ പോണ്‍സ്റ്റാറുകളുമായോ യാതൊരു ബന്ധവും പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിക്കില്ല. താന്‍ മനഃപൂര്‍വമാണ് കോക്ക്‌ടെയിലിന് ഇത്തരമൊരു പ്രകോപനപരമായ പേര് നല്‍കിയതെന്ന് ഡൗഗ്ലസ് പറഞ്ഞിട്ടുണ്ട്. കലര്‍പ്പില്ലാത്ത ആഹ്‌ളാദവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന ‘സെക്‌സി’യും സ്റ്റൈലിഷുമായ പാനീയം എന്ന നിലയിലാണ് ഈ പേര് നല്‍കിയതെന്ന് പറഞ്ഞ ഡൗഗ്ലസ്, താന്‍ പോണിന്റേയോ ഏതെങ്കിലും പോണ്‍ സ്റ്റാറിന്റേയോ ആരാധകനല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.

2019-ല്‍ ബ്രിട്ടീഷ് ചെറുകിട വില്‍പ്പന ശൃംഖലയായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിയുടെ പേര് പാഷന്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്നാക്കി മാറ്റിയിരുന്നു. പോണോഗ്രാഫിയെ സാധാരണവത്കരിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഈ പേരുമാറ്റം.

പിഞ്ചു കുഞ്ഞിനോട് ലൈംഗികാതിക്രമം കാട്ടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്.

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തു ചെയ്യുകയായിരുന്നു അശോക്. അതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസോളമുള്ള ബാലികയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.

കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നാട്ടുകൽ പോലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാട്ടുകൽ സിഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ ചാവക്കാട് എസ്.ഐ ആയിരുന്ന വിജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ആണ് എസ.്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് കത്ത് നല്‍കിയത്.

പാലയൂര്‍ പള്ളിയിലെ കാരള്‍ ഗാന പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്‌ഐയുടെ നടപടി വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്.ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.

എസ്.ഐയക്ക് ഇഷ്ട സ്ഥലം മാറ്റം നല്‍കിയതിന് പിന്നാലെയാണ് സിപിഎം ഇടപെടല്‍. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തില്‍ ഇടപ്പെട്ടത്. നിലവില്‍ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ പിന്നീട് തൃശൂര്‍ എരുമപ്പെട്ടി എസ്.ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. പള്ളി കോമ്പൗണ്ടില്‍ മൈക്കിലൂടെ കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം. പള്ളിയങ്കണത്തില്‍ കരോള്‍ ഗാനം മൈക്കില്‍ പാടരുതെന്നായിരുന്നു പൊലീസിന്റെ ഭീഷണി.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു എസ്.ഐയുടെ ഇടപെടല്‍. മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.

യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാനുഷിക പരിഗണയില്‍ ഇടപെടല്‍ നടത്താന്‍ തയാറെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്.

യെമനുമായി നല്ല നയതന്ത്ര ബന്ധമുള്ള ഇറാന്റെ ഇടപെടലില്‍ വലിയ പ്രതീക്ഷയാണ് നിമിഷപ്രിയ നിയമസഹായ വേദിക്കുള്ളത്. ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യമാണ് യെമന്‍. ഇത് നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളെ പല ഘട്ടങ്ങളിലും പ്രതികൂലമായി ബാധിച്ചിരുന്നു.

യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷ പ്രിയയ്‌ക്കെതിരായ കേസ്. ഒരു മാസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ പ്രസിഡന്റ അനുമതി നല്‍കിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ വാര്‍ത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയവും രംഗത്തെത്തിയിരുന്നു.

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ ഭരണകൂടം ഒരുങ്ങുന്നത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജല സംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മെഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശ പ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തി വയ്ക്കാന്‍ സഹായിച്ച നഴ്സ് ഹാനാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് നഗരത്തില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരിക്കേറ്റു. അക്രമി ജനക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ പിക്കപ് വാന്‍ ഓടിച്ചുകയറ്റുകയും തുടര്‍ന്ന് പുറത്തിറങ്ങി വെടിയുതിര്‍ക്കുകയുമായിരുന്നു.

നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ബര്‍ബണ്‍ സ്ട്രീറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലിനായിരുന്നു സംഭവം. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവര്‍ഷം ആഘോഷിക്കാനായി എത്തിയിരുന്നത്. അക്രമി ജനക്കൂട്ടത്തിലേക്കു മനഃപൂര്‍വം കാറോടിച്ചുകയറ്റുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരമാവധിപ്പേരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. അക്രമിയുടെ വെടിയേറ്റ് രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു. പൊലീസുകാര്‍ തിരിച്ചും വെടിവച്ചു. അക്രമി വെടിയേറ്റു മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമിക്ക് വിദേശ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഫെഡറല്‍ ഏജന്‍സിയായ എഫ്ബിഐക്ക് അന്വേഷണച്ചുമതല കൈമാറിയതായി പൊലീസ് പറഞ്ഞു. ഭീകരാക്രമണമായി പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് എഫ്ബിഐ അറിയിച്ചു. ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ലാറ്റോയ കാന്‍ട്രെലും ഭീകരാക്രമണം ആണു നടന്നതെന്ന് അറിയിച്ചു. സംഭവസ്ഥലത്തുനിന്നു സ്‌ഫോടകവസ്തു കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.

അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരെയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2024 നവംബറില്‍ ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ കേസില്‍ തുടര്‍നടപടികളുമായി പൊലീസ്. സാമ്പത്തികാരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷന് കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും.

മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികോഷ് കുമാര്‍ ഇന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നത്.

കലൂര്‍ സ്റ്റേഡിയത്തില്‍ മൃതംഗനാദം എന്ന പേരില്‍ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാര്‍. ഇയാള്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഹാജരായില്ലെങ്കില്‍ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. നൃത്ത പരിപാടിയിലെ സാമ്പത്തിക തട്ടിപ്പില്‍ വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തിട്ടിട്ടുണ്ട്. മൃദംഗവിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

മൃദംഗവിഷന്‍ ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കിതരേയാണ് കേസ്. അതേസമയം സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതിചേര്‍ത്തേക്കും. നൃത്താധ്യാപകര്‍ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന നിലയിലാണ് ഡാന്‍സ് ടീച്ചര്‍മാര്‍ക്കെതിരേ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.

പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകര്‍ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി. കൂടാതെ ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പുതുവത്സരാഘോഷത്തിനിടെ സിഡ്‌നിയിലും മെല്‍ബണിലും രണ്ട് കൗമാരക്കാര്‍ക്ക് കുത്തേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെന്‍ട്രല്‍ സിഡ്‌നിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഗില്‍ഡ്‌ഫോര്‍ഡില്‍ ഒരു പാര്‍ക്കില്‍വെച്ചാണ് രാത്രി പത്തോടെ 17 വയസുകാരന് പിന്നില്‍ നിന്ന് കുത്തേറ്റത്. ഒരു സംഘം പുരുഷന്മാരാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ അനധികൃതമായി പാര്‍ക്കില്‍ പടക്കം പൊട്ടിച്ചതായി സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൗമാരക്കാരന്റെ പരിക്ക് ഗുരുതരമാണ്. അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

പുതുവത്സരാഘോഷങ്ങള്‍ക്കായി ദശലക്ഷത്തിലധികം ആളുകളാണ് നഗരത്തിലേക്ക് എത്തിയത്. വിവിധ അക്രമ സംഭവങ്ങളിലായി സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലുടനീളം (സി.ബി.ഡി) പൊലീസ് 36 പേരെ അറസ്റ്റ് ചെയ്തു. ആക്രമണം, കവര്‍ച്ച, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്.

മെല്‍ബണില്‍ കടല്‍ത്തീര പ്രദേശമായ ബ്ലെയര്‍ഗൗറിയില്‍ വൈകുന്നേരം 5:45 നാണ് ഒരു കൗമാരക്കാരന് കുത്തേറ്റത്. ജീവന് അപകടകരമല്ലാത്ത പരിക്കുകളോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൂടാതെ, അമ്പതിലധികം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ കൈവശം വച്ചതിന് 14 പേരെ അറസ്റ്റ് ചെയ്തു. അനധികൃത പടക്കങ്ങള്‍ നഗരത്തിലുടനീളം നിരവധി ചെറിയ തീപിടിത്തങ്ങള്‍ക്ക് കാരണമായെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Copyright © . All rights reserved