Latest News

നിലമ്പൂരില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനത്തെ പാര്‍ട്ടി ഘടകം തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കരുവന്നൂരില്‍ നടക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി)ന്റെ രാഷ്ട്രീയ വേട്ടയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ മടിയില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

കരുവന്നൂരില്‍ തെറ്റ് തിരുത്തിയോ എന്ന ചോദ്യത്തിന് തെറ്റ് തിരുത്തല്‍ സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തുന്നത് പോലെയല്ല എന്നായിരുന്നു എം.എ. ബേബിയുടെ മറുപടി. തെറ്റ് തിരുത്തല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയെക്കുറിച്ച് താന്‍ ആദ്യം നടത്തിയ അഭിപ്രായപ്രകടനത്തില്‍ പിഴവുണ്ടായെന്നും ബേബി പറഞ്ഞു. സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സിനിമ കണ്ടത്. എന്നാല്‍ ആ സിനിമയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത് ശരിയായില്ല. സിപിഎം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു എന്നും ബേബി കൂട്ടിച്ചേര്‍ത്തു.

അനിൽ ഹരി

കഴിഞ്ഞ മൂന്നു വർഷമായി വിജയകരമായി നടത്തുന്ന എൽ എസ് കെ പ്രീമിയർ കപ്പിന്റെ ഫോർത്ത് എഡിഷൻ (L S K PREMIER CUP 2025 4th Edition )ഈ വരുന്ന ജൂൺ 15th , 29th July 06th തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലും പങ്കെടുത്ത ടീമുകൾ, കൂടാതെ നാലു(4 ) ടീമുകൾ, എൽ എസ് കെ പ്രീമിയർ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ മികച്ചനിൽക്കുന്നതിനാൽ, യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. വൈറ്റ് ബോളിൽ നടക്കുന്ന ഗ്രൂപ്പ്സ്റ്റേജിലെ ക്രിക്കറ്റ് കളികൾ ജൂൺ 15th, ജൂൺ 29th ദിവസങ്ങളിൽ വിരാളിലെ(CH48 1NX) കാൽഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡിൽ വച്ചും ജൂലൈ 06th നടക്കുന്ന സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സെയിന്റ് ഹെലെൻസ്‌ (L34 6JW) പ്രെസ്‌കോട്ട് ആൻഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ആണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും സൂപ്പർ 8 സ്റ്റേജിൽ എത്തുമ്പോൾ നോകൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നു. ഓരോ ബോളിലും, വീറും വാശിയും നിറഞ്ഞു നില്ക്കുന്ന ക്രിക്കറ്റ് കാർണിവൽ.

2024 ലെ ചാമ്പ്യൻമാരായ ഡാർക്ക് നൈറ്റ്‌സ്, ഒന്നും രണ്ടും സീസണിലെ ചാമ്പ്യൻമാരായ എൽ എസ് കെ സൂപ്പർകിങ്‌സ്‌ കിരീടം തിരിച്ചു പിടിക്കാനിറങ്ങുന്നു, കൂടാതെ 2024 ലെ റണ്ണർ അപ് മേഴ്‌സി സ്‌ട്രൈക്കേഴ്‌സ്, 2023 ലെ റണ്ണർ അപ് നൈറ്റ് മാഞ്ചെസ്റ്റെർ, നോർത്ത് വെസ്റ്റിലെ പ്രമുഖ ടീമുകൾ എല്ലാം പങ്കെടുക്കുന്ന, വൈറ്റ് ബോളിൽ നടക്കുന്ന തീ പാറുന്ന ക്രിക്കറ്റ് കളി. കലാശപോരാട്ടത്തിലെ വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും, കൂടാതെ പ്ലേയർ ഓഫ് ദി മാച്ച് , ബെസ്റ്റ് ബാറ്റ്സ്സമാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികൾ നൽകുന്നു.

ഞങ്ങളുടെ പ്രധാന സ്പോൺസര്‍മാര്‍, ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ്, വൈസ് കെയർ ലിമിറ്റഡ്, വൈസ് ഫുഡ്സ്. മയിൽ ഫുഡ് പ്രോഡക്ട്സ് ആൻഡ് റോയൽ ഡെലികേസി ഫുഡ് പ്രോഡക്ട്സ്, റിലൈൻസ് കാറ്ററിംഗ് ലിമിറ്റഡ്.

കളിക്കളത്തിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിക്കുന്ന കളികളുമായി എൽ എസ് കെ പ്രീമിയർ കപ്പ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാവിലെ 9മണി മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകിട്ട് വരെ നീണ്ടുനിൽക്കുന്നു. ടൂര്‍ണമെന്റിന്റെ ആവേശം ഇരട്ടിയാക്കാന്‍ രുചികരമായ ഭക്ഷണങ്ങളുമായി രാവിലെ മുതൽ റിലൈൻസ് കാറ്ററിംഗിന്റെ സ്റ്റാൾ പ്രവർത്തിക്കുന്നു.

എൽ എസ് കെ പ്രീമിയർ കപ്പ് 2025 ന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കൺവീനർ ശ്രീ സജി ജോൺ ബന്ധപ്പെടേണ്ട നമ്പർ 07771616407. എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കോഓർഡിനേറ്റർസ് ശ്രീ ബിബിൻ യോഹന്നാൻ (07476698789), ശ്രീ ജയ്മോൻ ജെയ്സൺ (07768497472). ആവേശവും സൗഹൃദവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ ഈ ടൂർണമെന്റ് പൂരത്തിനായി ജൂൺ 15 മുതൽ ലിവർപൂളിൽ വരുക കാണുക ആസ്വദിക്കുക. ഇനിയും രണ്ടോ മൂന്നോ ടീമുകളെ ടൂർണമെൻ്റിൽ ഉൾപ്പെടുത്തവൻ അവസരം ഉണ്ട്, താൽപര്യം ഉള്ള ടീമുകൾ എത്രയും പെട്ടന്ന് കോർഡിനേറ്ററുമായി ബന്ധപ്പെടുക.

വില്ലോ മരത്തടിയിൽ തുകൽപ്പന്തു കൊള്ളുമ്പോൾ ഉണ്ടാകുന്ന ഇരമ്പങ്ങൾ കാതിൽ ഇരച്ചു കയറുമ്പോൾ ഉണ്ടാകുന്ന ആവേശത്തിന്റെ നാളുകൾക്കായി ഇനി നമുക്ക് കാത്തിരിക്കാം…..

ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതിനായി ഫുട്ബാളിൻ്റെ കലയുടെയും സാംസ്കാരിക നഗരി എന്നു അറിയപ്പെടുന്ന ലിവർപൂളിലേക്ക് സ്വാഗതം.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്‍ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രായമായവരും ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകണമെന്നും ആരോഗ്യവകുപ്പ് ശുപാര്‍ശചെയ്യുന്നു.

കനത്ത മഴയിൽ കോഴിക്കോട് അരീക്കാടിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി. ഇതേ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീഴുകയും ചെയ്തു. റെയിൽവേ ട്രാക്കിനടുത്തുള്ള വൈദ്യുതി ലൈനും തകർന്നുവീണിട്ടുണ്ട്. ട്രെയിനുകൾ താത്കാലികമായി സർവീസ് നിർത്തിവെച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പടെ മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവക്കും നാളെ അവധിയാണ്.

അതേസമയം, എറണാകുളം ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും റെയിൽവേയും സ്ഥലത്തെത്തി മരം നീക്കാനുള്ള ശ്രമം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള മകളുടെ ഒപ്പം താമസിക്കാൻ എത്തിയ പിതാവ് മരണമടഞ്ഞു. ചീഡിലിൽ താമസിക്കുന്ന രമ്യയുടെ പിതാവാണ്. എറണാകുളം പാറക്കടവ് സ്വദേശി മോഹൻ ആണ് സ്റ്റോക്ക് ഓൺ ട്രെൻഡ് റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. ഏതാനും ദിവസം മുൻപാണ് അദ്ദേഹം യുകെയിൽ എത്തിച്ചേർന്നത്.

രമ്യയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അതിശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി.

ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചില്‍ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും മഴയില്‍നിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്.

ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എഐസിസി. കൊച്ചിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ നേതാക്കളുടെ നിര്‍ണായക യോഗം ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു.

ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന.

ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെതിരേ പി.വി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നും തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തിരുന്നു.

ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.

ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.

കുട്ടികളിൽ വൈവിധ്യമാർന്ന കലാ വാസനകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിൽഷെയർ മലയാളി അസോസിയേഷൻ 7 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച കിഡ്സ് പാർട്ടി ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. പഠ്യേതര പ്രവർത്തനത്തോടൊപ്പംതന്നെ കുട്ടികളിൽ ആത്മവിശ്വാസവും വ്യക്തിത്വ വികസനവും കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന മികച്ച പ്രോഗ്രാമായിരുന്നു കിഡ്സ് പാർട്ടി. ഉല്ലാസങ്ങൾക്കും ഒത്തു ചേരലുകൾക്കുമായി നിരവധി അവസരങ്ങൾ ഉള്ള ഇക്കാലത്തു ഏകദേശം 110ൽ അധികം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായി നടത്തിയ കിഡ്സ് പാർട്ടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

സ്വിൻഡൻ പാർക്ക് സൗത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 നു ആരംഭിച്ച പരിപാടിയിൽ വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് ജിജി സജി ഉത്ഘാടനവും നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ട്രഷറർ കൃതിഷ് കൃഷ്‌ണൻ ഏവർക്കും നന്ദി അറിയിച്ചു സംസാരിക്കുകയുണ്ടായി.

സമപ്രായത്തിലുള്ള മറ്റു കൂട്ടുകാരെ കാണുവാനും പരിചയപെടുവാനും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനുമായി ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം ശ്രീമതി ജിജി ഉത്ഘാടനവേളയിൽ പങ്കുവെക്കുകയുണ്ടായി. WMA പ്രോഗ്രാം കോർഡിനേറ്റർമാരായ ജയേഷ്, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ, എന്നിവരോടൊപ്പം സൗമ്യ ജിനേഷ്, ജെയ്‌സ്, നിഷാന്ത് എന്നിവരുടെ നേത്രത്വത്തിൽ വളരെ ക്ര്യത്യമായ തയ്യാറെടുപ്പുകളോടെ ഏറെ അടുക്കും ചിട്ടയുമായിട്ടായിരുന്നു ഈ പരിപാടി നടത്തപ്പെട്ടത്.

വിൽഷെയർ മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടെസി അജി, ബൈജു വാസുദേവൻ, തേജശ്രീ, മീഡിയ കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവരോടൊപ്പം മറ്റുകമ്മറ്റി അംഗങ്ങളും വിൽഷെയർ വുമൺ ഫോറം പ്രതിനിധികളും മാതാപിതാക്കളും ഉൾപ്പെടെയുള്ളവരുടെ കഠിനാധ്വാനമാണ് ഈ പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ സഹായകരമായത്.

കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധയിനം വിനോദപരിപാടികളോടൊപ്പം ,നൃത്തം , സംഗീതം എന്നിവയിലൂടെ കുട്ടികളുടെ സർഗ്ഗ വാസനകളും പരിപോഷിപ്പിക്കുവാനുള്ള ഒരു വേദി കൂടി ആയിരുന്നു കിഡ്സ് പാർട്ടി. തുടർന്ന് സ്വാദിഷ്ടമായ ഭക്ഷണവും അതിനുശേഷം കുട്ടികളെ എല്ലാവരെയും ആനന്ദത്തിന്റെ ഉന്നതിയിലെത്തിച്ചു കൊണ്ടുള്ള ഡിജെയും കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരാഘോഷമായിമാറി. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു. ഇതുപോലുള്ള പരിപാടികൾ വീണ്ടും സംഘടിപ്പിക്കണമെന്ന് കൂട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്രമോ അതിതീവ്രമോ ആയ രീതിയില്‍ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുകയാണ്. കാലവര്‍ഷക്കെടുതിയില്‍ ആറുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെയിടങ്ങളില്‍ ഗതാഗതതടസ്സവും വൈദ്യുതതടസ്സവും അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും വൈദ്യുതക്കമ്പികള്‍ പൊട്ടിവീണത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കറ്റാണ് മൂന്നുമരണമുണ്ടായത്.

സന്ദർശന വിസയിൽ യുഎഇയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സഹോദരങ്ങളുടെ അടുത്തെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. വളാഞ്ചേരി കാവുംപുറം പണ്ടാറ വളപ്പിൽ മുഹമ്മദ് (ബാവ), കദിയാമു ദമ്പതികളുടെ മകൻ മുഹ്‌സിൻ(48) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റഷീദ. മക്കൾ: അമൻ മുഹമ്മദ്, അംന, അമിൽ.

Copyright © . All rights reserved