Latest News

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എംഎൽഎ പരാതി നൽകാത്തതിനിടയിലും ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തതാണ്. സംഘം ചേർന്നുള്ള തടസ്സപ്പെടുത്തലാണ് ചുമത്തിയ പ്രധാന കുറ്റം.

അതേ സമയം, സമരക്കാർ എംഎൽഎയ്‌ക്കെതിരെയും പരാതി നൽകാനുള്ള നീക്കത്തിലാണ്. സ്ത്രീകളോടടക്കം മോശമായി പെരുമാറിയെന്നാണ് സമരക്കാരുടെ ആരോപണം. പെരിങ്ങത്തൂർ കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിനടുത്ത് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പാനൂർ നഗരസഭയിലെ 28-ാം വാർഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്. തണൽ ഡയാലിസിസ് സെന്ററിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട സമരസമിതി അംഗങ്ങളാണ് എംഎൽഎയെ തടഞ്ഞുവെച്ചത്.

വാഹനത്തിൽ നിന്ന് ഇറങ്ങി അങ്കണവാടിയിലേക്കു നടന്ന് പോകുമ്പോൾ പ്രതിഷേധക്കാർ വഴിയടച്ച് തടഞ്ഞു നിര്‍ത്താൻ ശ്രമിച്ചു. പ്രതിഷേധക്കാർക്കിടയിലൂടെ മുന്നേറുന്നതിനിടെയാണ് കയ്യേറ്റം നടന്നത്. സ്ത്രീകളടക്കം പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രകടനത്തിന്റെ രീതി ശരിയായില്ലെന്ന് എംഎൽഎ പിന്നീട് പ്രതികരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്തെ മാലിന്യ പ്രശ്നത്തെ കുറിച്ച് തന്നെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മാസങ്ങളായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ നിന്ന് ഒഴുകുന്ന മാലിന്യമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. കുടിവെള്ള കിണറുകൾ മലിനമാകുന്നതടക്കം ഗുരുതര പ്രശ്നങ്ങൾ ജനജീവിതത്തെ ബാധിച്ചുവരികയാണെന്ന് നാട്ടുകാർ ആരോപിച്ചു.

ജോബി തോമസ്

ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് ആൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 15 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബേസിംഗ്സ്റ്റോക്കിലെ എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കഴിഞ്ഞ വർഷം ആദ്യമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്ന്ന്റിന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ ആവേശകരമായാണ് പങ്കെടുത്തത്. ഇത്തവണ നടക്കുന്ന രണ്ടാമത് ടൂർണമെന്റിലും യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ടീമുകളുടെ വലിയ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഈ വർഷത്തെ ടൂർണമെന്റിൽ രണ്ട് പ്രധാന വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .

ഇന്റർമീഡിയറ്റ് വിഭാഗം – Yonex Mavis 300 (Blue Cap) നൈലോൺ ഷട്ടിൽ ഉപയോഗിച്ചുകൊണ്ടുള്ള മത്സരങ്ങളാണ് നടത്തുന്നത്. അഡ്വാൻസ്ഡ് വിഭാഗത്തിലുള്ള മത്സരങ്ങളിൽ Yehlex Feather Shuttle ഉപയോഗിച്ചുകൊണ്ടാണ് ടീമുകൾ പങ്കെടുക്കേണ്ടത് .

അഡ്വാൻസ്ഡ് വിഭാഗം ഡിവിഷൻ എ-കൗണ്ടി, ലീഗ് തലത്തിലെ മുൻനിര കളിക്കാർക്കായി പ്രത്യേകിച്ച് നിർദ്ദേശിച്ചിരിക്കുന്നു. മത്സരാർത്ഥികൾ അവരുടെ കഴിവിനും നിലവാരത്തിനും അനുസരിച്ച് യോഗ്യമായ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. അഡ്വാൻസ്ഡ് വിഭാഗം രജിസ്ട്രേഷൻ ഫീസ് ആയി 45 പൗണ്ട് ഓരോ ടീമും നൽകേണ്ടതാണ്.

ഇന്റർമീഡിയറ്റ് വിഭാഗം മത്സരാർത്ഥികൾ  രജിസ്ട്രേഷൻ ഫീസ് ആയി 35 പൗണ്ട് ഓരോ ടീമും നൽകേണ്ടതാണ്.

ആവേശവും സൗഹൃദവും സ്പോർട്സ്മാൻസ്പിരിറ്റും നിലനിർത്തി നടത്തുന്ന ഈ ബാഡ്മിന്റൻ ടൂർണമെന്റിൽ അഡ്വാൻസ്ഡ് വിഭാഗത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനം 450 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 250 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.

ഇന്റർമീഡിയറ്റ് വിഭാഗം മത്സരിക്കുന്നവർക്ക് ഒന്നാം സമ്മാനം 350 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 200 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.

അതിഥികൾക്കും കളിക്കാർക്കും വേണ്ടി പാൻ ഏഷ്യൻ കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ ഭക്ഷണസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
ഇന്റർമീഡിയറ്റ് വിഭാഗം രജിസ്‌ട്രേഷൻ നടത്തുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Intermediate Team Registartion link : https://docs.google.com/forms/d/e/1FAIpQLSf28EmOBWATbzFwhlY3WI5KYq5NrA4vYzy8cIPLHNFMgDdujA/viewform

അഡ്വാൻസ്ഡ് വിഭാഗം രജിസ്‌ട്രേഷൻ നടത്തുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Advanced Team Registration link : https://docs.google.com/forms/d/e/1FAIpQLSdChTiuQhm9yYww9-GYJ7_Diqp-s1A6thT4N0TeOumdXmSOiw/viewform

യുകെയിൽ  ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ആൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Seljo : 07847 321931
Joby: 07809209406
Raiju: 07469656799
Aswin: 07833813440

മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Everest Community Accademy,
Oxford Way, Sherborne St John,
Basingstoke, RG24 9UP

Date and Time: 15/11/25, 9AM-5 PM.

ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയ സംഭവത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ കമ്മിറ്റികൾ പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുവാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഉണ്ടാകണമെന്നും കേരള ചാപ്റ്ററിന്റെ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു.

മെറ്റ് പൊലീസ് സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുവാൻ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാന് നൽകിയ കത്തിൽ സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു. ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കമ്മിറ്റിയുടെ ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും പറഞ്ഞു. അക്രമത്തിന് പകരം സമാധാനവും വിഭജനത്തിന് പകരം സംഭാഷണവും തിരഞ്ഞെടുക്കാൻ ഗാന്ധിയുടെ പൈതൃകം ലോകത്തോട് ആവശ്യപ്പെടുന്നതായും സാം പിത്രോഡ കൂട്ടിച്ചേർത്തു.

ഇന്ത്യൻ വംശജരും ഗാന്ധിയൻ തത്വ ങ്ങളുടെ അഭിമാനികളായ അവകാശികളും എന്ന നിലയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ഉണ്ടായ അക്രമത്തിൽ കുറ്റവാളികൾക്കെതിരെ സമഗ്രവും സുതാര്യവുമായ അന്വേഷണം അതിവേഗം ഉണ്ടാകണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി കിയേർ സ്റ്റാർമർ ഉൾപ്പടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി അപലപിക്കണമെന്ന് ഐഒസി യുകെ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിക്രം ദുഹാൻ അവശ്യപ്പെട്ടു.

സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിച്ച്‌ വീട്ടില്‍ നിന്നിറക്കിവിട്ടതായി പരാതി.

ആലപ്പുഴ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഭർത്താവ് മിഥുൻ, സഹോദരി മൃദുല, സഹോദരീഭർത്താവ് അജി എന്നിവർക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ഓഗസ്റ്റ് 31ന് വിവാഹിതരായ യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ സ്ത്രീധനമോ മറ്റ് പാരിതോഷികങ്ങളോ നല്‍കാനാവില്ലെന്ന് വിവാഹ നിശ്ചയത്തിനു മുൻപുതന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതിന്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിച്ചത്.

നിയമപരമായി അടുത്ത മാസം ആറിന് വിവാഹം രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചിരിക്കെ, ഭർത്താവിന്റെ വീട്ടുകാർ ഇതിന് വിസമ്മതിക്കുകയായിരുന്നു.

കൊച്ചി: കണ്ണമാലിക്ക് പടിഞ്ഞാറ് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ ഇടിച്ചുകയറി . ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ, ‘പ്രത്യാശ’ എന്ന പേരിലുള്ള വള്ളം കടലിൽ നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നപ്പോഴാണ് സംഭവം.

മത്സ്യത്തൊഴിലാളികളുടെ ആരോപണമനുസരിച്ച്, എംഎസ്‌സി കമ്പനിയുടെ കപ്പലാണ് വള്ളത്തിലേക്ക് ഇടിച്ചു കയറിയത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വള്ളത്തിന് വലിയ കേടുപാടുകളാണ് സംഭവിച്ചത്.

പള്ളിത്തൊഴു സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽ പെട്ടത്. സംഭവത്തില്‍ കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

മണി ചെയിൻ തട്ടിപ്പുകൾ പുതിയ രൂപത്തിൽ! നിങ്ങൾ വിശ്വസിക്കുന്നവർ തന്നെ നിങ്ങളെ കരുവാക്കി പണം തട്ടുന്ന മണി ചെയിൻ തട്ടിപ്പുകൾ ഇന്നും സജീവമാണ്. പഴയ കാലത്തെപ്പോലെ സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ടല്ല ഇപ്പോഴത്തെ തട്ടിപ്പുകൾ നടക്കുന്നത് . ഇത് ഇപ്പോൾ അന്താരാഷ്ട്ര കായിക പരിപാടികളായ കാർ റേസ്, ഒളിമ്പിക്സ് പോലുള്ള മറ്റ് വലിയ പരിപാടികളോടും ബന്ധമുണ്ടെന്ന് പലരീതിയിൽ വരുത്തി തീർത്ത് തങ്ങൾ ഒരു ‘ജെനുവിൻ കമ്പനി’ ആണെന്ന് ഇവർ ആളുകളെ വിശ്വസിപ്പിച്ചെടുക്കുന്നു.

ഏറ്റവും അപകടകരമായ ഒരു മാറ്റം, അതിനായി, ആദ്യമവർ (ഈ തട്ടിപ്പുകമ്പനികൾ), പ്രധാന റിക്രൂട്ടർമാർക്ക്, അതായത് ആരോഗ്യരംഗത്തു നിന്നുള്ള വളരെ ടാലന്റഡ് ആയിട്ടുള്ള , മനുഷ്യരെ പറഞ്ഞു പ്രതിഫലിപ്പിച്ചു പറ്റിക്കാൻ കഴിവുള്ള കുറച്ചു ആൾക്കാരെ അതായത് ഡോക്ടർമാർ, നേഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങി സമൂഹത്തിൽ സ്വാധീനമുള്ള വിവിധ മേഖലകളിലെ ഏറ്റവും മിടുക്കരായവരെ ഇവർ റിക്രൂട്ട് ചെയ്യുന്നു എന്നതാണ്. പിന്നീടവരെ ദുബായ് പോലുള്ള വിദേശ സ്ഥലങ്ങളിൽ വീടുകളോ മറ്റ് സൗകര്യങ്ങളോ ഒരുക്കി കൊടുത്തുകൊണ്ട്‌ സംരക്ഷിക്കുന്നു. ഇത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത് ഇവരെ കണ്ടാൽ , മറ്റുള്ളവർക്ക് ഇത് ഈ കമ്പനിയിൽ ചേർന്നതുകൊണ്ട് പണം സമ്പാദിച്ച് ‘സെറ്റിൽ’ ആയി, എന്ന് തോന്നണം … കൂടാതെ ഇനി ഇവർക്ക് സാധാരണ ജോലിക്ക് പോകേണ്ട ആവശ്യമില്ല എന്നൊരു തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കിയെടുക്കുന്നു . പക്ഷെ ഈ ആഢംബര ജീവിതം ഒരു മറ മാത്രമാണ്, യഥാർത്ഥത്തിൽ ഇവർ മറ്റുള്ളവരെ കബളിപ്പിച്ച് നേടിയ പണമാണ് കമ്പനി ഇതിനെല്ലാം പിന്നിൽ മുടക്കുന്നത് .

പിന്നീട് കമ്പനി റിക്രൂട്ട് ചെയ്ത മേല്പറഞ്ഞ ഈ പ്രൊഫഷണലുകളെ ഉപയോഗിച്ച് അവരുടെ മേഖലകളിലുള്ളവരെ തന്നെ വലയിലാക്കാനും തട്ടിപ്പുകാർ ശ്രമിക്കുന്നു. അതിനായ് അവർ അവരുടെ പ്രൊഫഷനുകളിലെ തന്നെ സ്ഥിരമായി വരുമാനം നേടുന്ന സാധാ ആൾക്കാരിലേക്ക് തങ്ങൾ കടന്നു വന്ന വഴികളും ഇപ്പോൾ താമസിക്കുന്ന സുഖസൗകര്യങ്ങളും പറഞ്ഞു പ്രതിഫലിപ്പിച്ചു തട്ടിപ്പ് പരത്തി പണം തട്ടി എടുക്കുന്നു. ഇവരുടെ വരുമാനം സ്ഥിരമായതിനാൽ തട്ടിപ്പ് കമ്പനികൾക്ക് പണം കിട്ടാനുള്ള സാധ്യതയും കൂടും.

മണി ചെയിൻ ബിസിനസ് ആണെന്ന് പുറത്തറിയാതിരിക്കാൻ ഇവർ ഹോളിഡേ ടൂർ പാക്കേജുകൾ , വളരെയധികം വിലകൂടിയ പേസ്റ്റുകൾ പോലുള്ള ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കാറുണ്ട്. ഇതിന്റെ വില നാല് ലക്ഷം രൂപയോ അതിലധികമോ വരും. അഞ്ചോ പത്തോ വർഷത്തേക്കുള്ള പാക്കേജുകളാണെന്ന് പറഞ്ഞ് ഇവർ ആളുകളെ ആകർഷിക്കും. എന്നാൽ, ഇത്രയും ഭീമമായ തുക നൽകി ഒരുമിച്ച് പാക്കേജ് എടുക്കേണ്ട ആവശ്യം നമുക്കുണ്ടോ എന്നോ, ഇതിലും കുറഞ്ഞ തുകയ്ക്ക് ആവശ്യാനുസരണം യാത്രകൾ പ്ലാൻ ചെയ്യാൻ കഴിയില്ലേ എന്നോ നമ്മൾ ചിന്തിക്കുന്നില്ല.

ഇവിടെയാണ് തട്ടിപ്പിന്റെ പ്രധാന തന്ത്രം. ഉൽപ്പന്നത്തെ കുറിച്ച് പഠിക്കാനോ, അതിന്റെ യഥാർത്ഥ ആവശ്യകതയെ കുറിച്ച് ആലോചിക്കാനോ അവർ നിങ്ങളെ സമയം അനുവദിക്കില്ല. വലിയ ലാഭം ഉടൻ കിട്ടും എന്ന മോഹനവാഗ്ദാനം നൽകി, തിടുക്കത്തിൽ നിങ്ങളെക്കൊണ്ട് വലിയ തുക മുടക്കി പാക്കേജ് വാങ്ങിപ്പിക്കുകയാണ് ചെയ്യുന്നത്.

റിക്രൂട്ട് ചെയ്യപ്പെടുന്ന കഴിവുള്ളവർ പലപ്പോഴും, പല ജോലികളിലും ദുർബലരായ ആളുകളെ ലക്ഷ്യമിട്ട്‌ തങ്ങൾ എന്തോ വലിയ കാര്യമാണ് ചെയ്യുന്നത് എന്ന് അവരെ വിശ്വസിപ്പിച്ചെടുക്കുന്നു. തട്ടിപ്പ് കമ്പനികൾ തങ്ങളുടെ ‘മെറ്റീരിയലുകൾ’ എപ്പോഴും വായിക്കാനും കേൾക്കാനും സംസാരിക്കാനും നൽകുന്നു. യഥാർത്ഥമല്ലാത്ത കാര്യങ്ങളെ സത്യമെന്ന് വിശ്വസിപ്പിക്കാനുള്ള ഒരുതരം ‘ടെററിസ്റ്റ് പ്രവർത്തനം’ പോലെയാണിത്. ഇത് ആളുകളുടെ ചിന്താഗതിയെ സ്വാധീനിക്കുകയും, അവരെ പൂർണ്ണമായും തട്ടിപ്പിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ഇത്തരം തട്ടിപ്പുകൾ സമൂഹത്തിൽ വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. ‘പ്രൈസ് ചിറ്റ് ആൻഡ് മണി സർക്കുലേഷൻ നിയമപ്രകാരം (Price Chit and Money Circulation Schemes (Banning) Act, 1978)’ മണി ചെയിൻ ബിസിനസ് കുറ്റകരമാണ്.

അതീവ ജാഗ്രത പുലർത്തുക. ഒരു ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ്, അത് നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്നും, അതിന്റെ വില ന്യായമാണോ എന്നും നന്നായി ചിന്തിക്കുക. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിൽ പരാതി നൽകുക….പറ്റിക്കപ്പെട്ടവരും അവരുടെ മായാലോകത്തു സഞ്ചരിക്കുന്നവരും ധാരാളം ….

ലിവർപൂളിലെ ലേബർ പാർട്ടിയുടെ മലയാളി മുഖമായി, ഇന്ത്യയുടെ മുഖമായി മാറുകയാണ് ലിവർപൂളിൽ നിന്നുള്ള പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരമായ പ്രിയ ലാൽ. കഴിഞ്ഞ വർഷമാണ് പ്രിയ ലാൽ ലേബർ പാർട്ടിയിൽ ചേർന്നതെങ്കിൽ കൂടി ഇപ്പോൾ ലിവർപൂളിലെ ലേബർ പാർട്ടിയുടെ മുൻ നിരയിലേൽക്ക് ഉയർന്നു വന്നിരിക്കുകയാണ് പ്രിയ ലാൽ.

ലിവർ പൂളിൽ വച്ചു നടന്ന യുകെ ഭരിക്കുന്ന ലേബർ പാർട്ടിയുടെ വാർഷിക പൊതു യോഗത്തിൽ ലേബർ പാർട്ടിയുടെ നേതാക്കളെയും, ഇന്ത്യൻ കോൺസുലേറ്റിനെയും, ലിവർ പൂളിലെ ഇന്ത്യക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചാലക ശക്തിയായി നില കൊണ്ടതും പ്രിയലാൽ എന്ന മിടുക്കിയാണ്. ലിവർ പൂളിൽ വച്ചു നടന്ന ലേബർ പാർട്ടി യുടെ വാർഷിക പൊതു യോഗങ്ങളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട കിർ സ്റ്റർമർ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

പ്രിയ ലാലിന്റെ ശ്രമഫലമായിട്ടു കൂടിയിട്ടാണ് ഈ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയ മലയാളി നേതാക്കൾക്ക് ലിവർ പൂൾ മലയാളി സമൂഹം സ്വികരണം ഒരുക്കിയത്. യുകെയിലെ മലയാളി എംപി ശ്രീ സോജൻ ജോസഫിനും, കൗൺസിലർ സജീഷ് ടോമിനും, മുൻ മേയർ മഞ്ജുള ഷാഹുൽ ഹമീദിനും, മുൻ കൗൺസിലർ സുഗതൻ തെക്കേപുരക്കുമാണ് ശ്രീമാൻ എൽദോസ് സണ്ണിയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ ലിവർപൂൾ മലയാളി സമൂഹം വൻ സ്വീകരണം നൽകി ആദരിച്ചത്.

ലിവർപൂൾ മഹാ നഗരത്തിൽ തന്റെ മാതാ പിതാക്കളോടൊപ്പം താമസിക്കുന്ന പ്രിയ ലാൽ നിരവധി തെന്നിന്ത്യൻ സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ലേബർ പാർട്ടിയുടെ പൊന്നാപുരം കോട്ടയായ ലിവർ പൂളിൽ അറിയപ്പെടുന്ന മലയാളി രാഷ്ട്രീയ പ്രവർത്തകർ ഇല്ല എന്ന് തന്നെ പറയാം.അത് കൊണ്ട് തന്നെ പ്രിയ ലാലിന് മലയാളികൾ അടക്കമുള്ള എല്ലാ ഇന്ത്യക്കാരുടെയും പിന്തുണയുണ്ട്. ലിവർപൂളിൽ നിന്ന് ഒരു മലയാളി എംപി ഭാവിയിൽ നമുക്ക് ഉണ്ടായേക്കാം എന്ന അടിയറച്ച വിശ്വാസത്തിലും അതിന്റെ സന്തോഷത്തിലാണ് ലിവർ പൂളിലെയും, യുകെയിലെയും മലയാളികൾ.

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ പുടിന്‍റെ ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ – യുഎസ് ബന്ധത്തിൽ അടുത്ത കാലത്തായി ഉലച്ചിലുകൾ നേരിടുന്നുണ്ട്. എന്നാൽ റഷ്യയുമായും ചൈനയുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തു. റഷ്യയുമായുള്ള വ്യാപാരത്തിന്‍റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുകയും ചെയ്തിരുന്നു.

യുഎസുമായുള്ള വ്യാപാര ചർച്ചകൾ നടക്കുന്നതിനിടയിൽ, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിലെ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് രംഗത്തെത്തി. ‘ഇന്ത്യ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്’ എന്ന് അദ്ദേഹം പറയുകയും, അമേരിക്കൻ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കണമെങ്കിൽ ‘പ്രസിഡന്‍റുമായി സഹകരിച്ച് കളിക്കണം’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുഎസിന്‍റെ നിലപാട് കപടവും അന്യായവുമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ഈ വാദത്തെ തള്ളിക്കളഞ്ഞത്. ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പോള പരിഗണനകളെ ആശ്രയിച്ചാണ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകൾ, യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെ, റഷ്യയുമായി വ്യാപാരം തുടരുന്ന കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് ആരോപിച്ചു. യുഎസ് സമ്മർദ്ദങ്ങൾക്കിടയിലും, റഷ്യൻ എണ്ണ വ്യാപാരം നിർത്താൻ ഇന്ത്യ ഒരു സൂചനയും നൽകിയിട്ടില്ല. പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയ ശേഷം മോസ്കോ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരായി മാറിയിട്ടുണ്ട്.

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു.

നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.

തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ആണ് ഈ വാരം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ചിത്രം. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

രണ്ട് മലയാള സിനിമകളും ഈ വാരം ഒടിടിയിലേക്ക് എത്തുന്നുണ്ട്. സാഹസം ആണ് ഒടിടിയിൽ എത്തുന്ന ഒരു മലയാളം സിനിമ. ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് ഇത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് ‘ഓണം മൂഡ്’. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ചിത്രം സൺ നെക്സ്റ്റിലൂടെ നാളെ പുറത്തിറങ്ങും.

ഹൃദു ഹാറൂൺ നായകനായി എത്തിയ മേനേ പ്യാർ കിയ ആണ് സ്ട്രീമിങ്ങിനെത്തുന്ന അടുത്ത മലയാളം സിനിമ. നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

RECENT POSTS
Copyright © . All rights reserved