Latest News

കോതമംഗലത്തെ യുവതി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്.

കേസില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം പോലെയുള്ള പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്ന് സിറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.

മരിച്ച പെണ്‍കുട്ടി യാക്കോബായ സഭ അംഗമായതുകൊണ്ടാണ് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാത്തത്. നിര്‍ബന്ധിത മത പരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. കൃത്യമായ വകുപ്പ് ചുമത്തി കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഈ വിഷയം തമസ്‌കരിക്കാന്‍ മറ്റു വിവാദങ്ങള്‍ ഉണ്ടാക്കുന്നു.

ഛത്തീസ്ഗഡ് വിഷയത്തില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത് രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജുമാണ്. കേന്ദ്ര സര്‍ക്കാരില്‍ ബന്ധമുള്ളവര്‍ എന്ന നിലയില്‍ അവര്‍ക്കായിരുന്നു ഇടപെടാന്‍ സാധിച്ചത്.

അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് പറഞ്ഞ് പാംപ്ലാനി പിതാവ് നന്ദി പറഞ്ഞത്. അവര്‍ക്ക് നന്ദി പറയേണ്ടത് സഭയുടെ കടമയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആ വിഷയത്തില്‍ ഇടപെട്ടെന്നും അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ദേവനന്ദയ്ക്കും ജുമാനയ്ക്കും മാത്രമല്ല കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കെല്ലാം ഇത്തവണ ഓണാഘോഷം കളറാക്കാം. ആഘോഷദിനങ്ങളിൽ കളർവസ്ത്രമിടാൻ അനുമതി തേടിയുള്ള ഇവരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.

തിങ്കളാഴ്ച കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി വി.ശിവൻകുട്ടി. ചടങ്ങ് കഴിഞ്ഞ് വേദിക്ക് പുറത്തിറങ്ങിയപ്പോൾ രണ്ട് പ്ലസ്‌വൺ വിദ്യാർഥിനികൾ മടിച്ചുമടിച്ച് മന്ത്രിക്കരികിലെത്തി, അവരുടെ കുഞ്ഞ്‌ ആവശ്യവുമായി. തിരക്കിനിടയിലും അവരെ വാത്സല്യത്തോടെ ചേർത്തുനിർത്തി പരാതി കേൾക്കാൻ മന്ത്രി സമയം കണ്ടെത്തി.

ഓണാഘോഷത്തിന് യൂണിഫോമിനുപകരം കളർ വസ്ത്രമിടാൻ അനുമതി തരണമെന്ന ആവശ്യവുമായി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ കെ.ദേവനന്ദയും സി.കെ.ജുമാനയുമായിരുന്നു മന്ത്രിയുെട അരികിലെത്തിയത്‌. മറ്റു ചില ചില അധ്യാപകരുടെ പരാതിപരിഹാരത്തിനായി മന്ത്രിക്കും സംഘത്തിനും പെട്ടെന്ന് ഡിഡിഇ ഓഫീസിലേക്ക് പോകേണ്ടിവന്നതിനാൽ പരിഗണിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

ചൊവ്വാഴ്ച തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതസംഘം രൂപവത്കരണയോഗത്തിലാണ് സ്കൂളിലെ ആഘോഷദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന പ്രഖ്യാപനം വന്നത്. കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളായി പറന്നുരസിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

രഹസ്യവിവരത്തെത്തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിൽ സിങ്കപ്പുരിൽനിന്നെത്തിയ കോട്ടയം സ്വദേശികളായ വിമാനയാത്രക്കാരിൽനിന്ന് ഏഴുകോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. 6.731 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ കോട്ടയം സ്വദേശികളായ ഫഹദ്‌മോൻ മുജീബ്, വാഴമറ്റത്തിൽ സുഹൈൽ ഉബൈദുള്ള എന്നിവരെ അറസ്റ്റുചെയ്തു.

തിങ്കളാഴ്ച രാത്രിയെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. വിനോദ സഞ്ചാരത്തിനു പോയി മടങ്ങുകയായിരുന്നെന്നാണ് അധികൃതർ പറയുന്നത്.

ഉയർന്ന നിലവാരമുള്ള കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതോടെ സിങ്കപ്പുർ-കോയമ്പത്തൂർ വിമാനത്തിലെത്തിയ മുഴുവൻ യാത്രക്കാരുടെയും ബാഗുകൾ വിശദമായി പരിശോധിക്കുകയായിരുന്നു. പ്രതികളെ കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതേ വിമാനത്തിലെത്തിയ പുതുക്കോട്ട ജില്ലക്കാരായ തമിഴരസി ജയമാണിക്കം, സുബ്ബയ്യ എന്നിവരിൽനിന്ന് 18.67 ലക്ഷം വിലവരുന്ന ഇലക്‌ട്രോണിക് സാധനങ്ങളും പിടികൂടി. നികുതിയടയ്ക്കാതെ അനധികൃതമായി കൊണ്ടുവന്ന മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളാണ് പിടിച്ചത്.

സാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ സ്വപ്‌ന നഗരി നോർട്ടിംഗ്ഹാമിൽ സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും ഉത്സവരാവ് നടത്തപ്പെട്ടു. ഡി സ്റ്റാർ മ്യൂസിക് (അനീഷ് കുട്ടി നാരായണൻ), ഇവൻ്റ് ഫാക്ടറി (വിൽസൺ വർഗീസ്, വിജിൽ) എന്നിവരാണ് ഫ്യൂഷൻ ഫിയസ്റ്റ 25 അവതരിപ്പിച്ചത്. ലൈജു വർഗീസ് പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ്. ജൂലായ് 19 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2.30 മുതൽ ബ്ലൂകോട്ട് വോളട്ടൺ അക്കാദമി ഹാളിൽ നടന്നു. ഇതിൻ്റെ അണിയറയിൽ പ്രവർത്തനം നടത്തിയത് പ്രസീദ അനീഷ്, ഏബിൾ ജോസഫ്, സീന ഏബിൾ, ലെനിൻ ലോറൻസ്, അബിൻ മാത്യു, മനോജ് പ്രസാദ് എന്നിവരാണ്.

പ്രസിദ്ധ സെലിബ്രിറ്റി ഷെഫ് ജോമോൻ, ഇൻഫ്ലുവൻസർ റീന ജോൺ, ഡി4ഡാൻസ് നർത്തകി ഫിദ അഷറഫ്, റിഥം യുകെ യുടെ സാരഥികളായിൽ ഒരാളായ രഞ്ജിത്ത് ഗണേഷ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. എൻഎംസിഎഡി പ്രസിഡൻ്റും സെക്രട്ടറിയുമായ ബെന്നി, ജയകൃഷ്ണൻ, മുദ്ര നോട്ടിംഗ്ഹാമിൻെറ നെബിൻ ആൻഡ് പ്രിൻസ്, യുക്മ ഡി ഡിക്സ് ജോർജ്, അനിത മധു, ജോബി ജോൺ പുതുക്കുളങ്ങര, ഇഎംഎംഎ ഭാരവാഹികളും പങ്കുവച്ചു.

ഇതിലെ പരിപടികൾ അവതരിപ്പിച്ച ഡാൻസ് ട്രൂപ്പുകൾ ടീം നവരസ ഡെർബി, പാർവതി ഡാൻസ് സ്കൂൾ, സംസ്കൃതി സ്കൂൾ ഓഫ് ഡാൻസ്, നാട്യരസ സ്കൂൾ ഓഫ് ആർട്സ്, അർപ്പണ സ്കൂൾ ഓഫ് ആർട്സ് കവെൻട്രി, റോസിയുടെ അക്കാദമി ഓഫ് ഡാൻസ്, നന്ദിനി ആർട്സ് സ്പേസ് എന്നിവിടങ്ങളിൽ നിന്നും മാൻസ്ഫീൽഡിൽ നിന്നും നൃത്തം ഉണ്ടായിരുന്നു. നിരവധി പ്രാദേശിക കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്കൊപ്പം, വയലിനിൽ മാന്ത്രികത തീർക്കുന്ന വിഷ്ണുരാജ്, കീതരുമായി ഇമ്മാനുവൽ, ഡ്രംസിൽ ചടുല താളവുമായി രാജേഷ് ചാലിയത്ത്, ഡിജെ നൈറ്റ് ഡിജെ എകെഎൻ ആന്റ് ഡിജെ അരുൺ, ലൈവ് മ്യൂസിക് ബൈ ടീം റെട്രോ റിവൈൻഡ്, ആങ്കർ ഗസ്റ്റായി രാജേഷ് രാഘവനും അന്ന മാത്യുവും, പ്രോഗ്രാം കോർഡിനേറ്റർമാർ ആയി അനിത മധു, അനൂപ, മിൽക്ക ഒപ്പം ഉത്തരാദേവി രാജീവും ആയിരുന്നു.

നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന ചങ്ങനാശ്ശേരി ബോട്ട് ക്ലബിന് പിന്തുണയേകാൻ ചങ്ങനാശ്ശേരി ബോട്ട് ക്ലബ് ഫാൻസ് ടീം മെഗാ മീറ്റ് മീഡിയ വില്ലേജിൽ സംഘടിപ്പിച്ചു. നൂറുകണക്കിന് ഫാൻസ് ടീം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ അതിരൂപത വികാരി ജനറാൾ മോൺ. ആൻറണി ഏത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.

ഏഷ്യാനെറ്റ് സീനിയർ റിപ്പോർട്ടറും ഈ വർഷത്തെ നെഹ്റു ട്രോഫി മാധ്യമ അവാർഡ് ജേതാവുമായ ബിദിൻ എം. ദാസ് ഉദ്ഘാടനം നിർവഹിച്ചു. മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോ ഫി പുതുപ്പറമ്പിൽ, മീഡിയ വില്ലേജ് ബർസാർ ഫാ. ലിബിൻ തുണ്ടുകളം , ബോട്ട് ക്ലബ് ക്യാപ്റ്റൻ സണ്ണി ഇടിമണ്ണിക്കൽ എന്നിവർ പ്രസംഗിച്ചു.

ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബിൻറെ ഔദ്യോഗിക ജേഴ്സി ലോഞ്ചിംഗും സംഭാവന കൂപ്പണിന്റെ പ്രകാശനവും ബോട്ട് ക്ലബ്ബിൻറെ തീം സോംഗ് പ്രദർശനവും നടന്നു.

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഈ ആവശ്യമുന്നയിച്ച് യുവതിയുടെ അമ്മ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കത്ത് നല്‍കി. നിലവില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത് വന്നിരുന്നു. മതപരിവര്‍ത്തനം ആവശ്യപ്പെട്ടുള്ള പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

23 വയസ്സുള്ള ടിടിസി വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസി(24) നെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പില്‍ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. റമീസ് ചെയ്ത തെറ്റുകള്‍ മനസ്സിലായിട്ടും റമീസിന്‍റെ വീട്ടുകാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞെന്നും കുറിപ്പില്‍ പറയുന്നു. മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മരിക്കുംമുന്‍പ് ആത്മഹത്യക്കുറിപ്പ് റമീസിന്റെ മാതാവിന് യുവതി ഫോണില്‍ അയച്ചുകൊടുത്തിരുന്നു. അവര്‍ അറിയിച്ചതനുസരിച്ച് യുവതിയുടെ മാതാവ് വീട്ടില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആലുവയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹം നടത്താനും വീട്ടുകാര്‍ ധാരണയിലെത്തിയതാണ്. പിന്നീടുണ്ടായ സംഭവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലെത്തിയത്. പിതാവിന്റെ മരണത്തിന്റെ നാല്പതാം നാളാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാനസികമായി ഏറെ തകര്‍ന്ന പെണ്‍കുട്ടിയെ റമീസും വീട്ടുകാരും കൂടുതല്‍ ബുദ്ധിമുട്ടിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ മരണക്കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.

കോഴിക്കോട് പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ നിവിന്‍ വര്‍ഗീസ്, ജില്‍സ് ഔസേപ്പ് എന്നിവരാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ ദിലീപിന് വൈദ്യുതി കെണി ഒരുക്കാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് പോലീസിൽ നിന്നും ലഭിച്ച വിവരം.

പന്നികളെ പിടിക്കാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ബോബി എന്ന വീട്ടമ്മ മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ബോബിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീടിന് സമീപത്തെ കൊക്കോ തോട്ടത്തില്‍ ബോബിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷോക്കേറ്റ് ചത്തതെന്ന് കരുതുന്ന പശുവിന്റെ ജഢവും സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.

റോമി കുര്യാക്കോസ്

ആലപ്പുഴ: സമൂഹത്തെ മുഴുവൻ ഒന്നാകെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വൻ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം – വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക്‌ സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച വാക്കത്തോണിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്.

എ ഐ സി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ രമേശ്‌ ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആലപ്പുഴ രൂപതാ പിതാവ് ജെയിംസ് റാഫേൽ ആനപ്പറമ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

വാക്കത്തോണിലുടനീളം യു കെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) പ്രവർത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഐ ഒ സി ഗ്ലോബൽ പ്രതിനിധി മഹാദേവൻ വാഴശ്ശേരിൽ, ഐ ഒ സി (യു കെ) വക്താവ് അജിത് മുതയിൽ, ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പരിപാടിയുടെ ഭാഗമായി. പ്രവാസ സംഘടനകളെ പ്രതിനിധീകരിച്ചാണ് ഐ ഒ സി പ്രവർത്തകർ വാക്കത്തോണിന്റെ ഭാഗമായത്.

 

രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ജാഥയിൽ പങ്കെടുക്കാൻ രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭേദമന്യേ ആലപ്പുഴ ബീച്ചിനെ ജനസാഗരമാക്കിക്കൊണ്ട് നിരവധി പേരാണ് എത്തിച്ചേർന്നത്.

കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് വാക്കത്തോൺ ആലപ്പുഴ ജില്ലയിലെത്തിയത്.

പി പി ചിത്തരഞ്ജൻ എംഎൽഎ, ഹാഷ്മിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ സി കെ ബാദുഷ സഖാഫി, ശബരിമല മുൻ മേൽശാന്തി നീലാമന പരമേശ്വരൻ നമ്പൂതിരി, അഡ്വ. എം ലിജു, ഡോ. കെ എസ് മനോജ് എക്സ് എംപി, ജോസഫ് വാഴക്കൻ, എ എ ഷുക്കൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്, പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, യുഡിഎഫ് കൺവീനർ സി കെ ഷാജിമോഹൻ, കെപിസിസി ഭാരവാഹികൾ എം ജെ ജോബ്, അഡ്വ. ജോൺസൺ എബ്രഹാം, അഡ്വ. കെ പി ശ്രീകുമാർ, ബി ബൈജു, അഡ്വ. സമീർ, രാജേന്ദ്രപ്രസാദ്, കറ്റാനം ഷാജി, ത്രിവിക്രമൻ തമ്പി, എൻ രവി, എസ് ശരത്, എബി കുര്യാക്കോസ്, കെപിസിസി വക്താക്കളായ അനിൽ ബോസ്, സന്ദീപ് വാര്യർ, ആർ വത്സലൻ പ്രൗഡ് കേരള ആലപ്പുഴ ജില്ലാ ചാപ്റ്റർ കൺവീനർ അഡ്വ. ശ്രീജിത്ത് പത്തിയൂർ, കോഡിനേറ്റർ സരുൺ റോയി, ഫെലിസിറ്റേറ്റർ എസ് എം അൻസാരി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, ഫാ. സേവ്യർ കുടിയാശ്ശേരി, ഗാന്ധിഭവൻ സെക്രട്ടറി മുഹമ്മദ് ഷമീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ എം നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 3 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സോജു സി ജോസ് നേടി

പ്രസംഗ മത്സരം ഗ്രാൻഡ് ഫിനാലെ എ ഡി ജി പി പി വിജയൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ തങ്ങളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഓർമ്മ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, ചലച്ചിത്ര സംവീധായകൻ ഭദ്രൻ മാട്ടേൽ, ചലച്ചിത്ര താരം വിൻസി അലോഷ്യസ്, ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ചലച്ചിത്രതാരം സുവർണ്ണ മാത്യു, ചലച്ചിത്രനിർമ്മാതാവ് ലിസി ഫെർണ്ണാണ്ടസ്, ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ, ബെന്നി കുര്യൻ, സോയി തോമസ്, ജോർജ് കരുണയ്ക്കൽ, ടോമി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ 1700 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. പാലായിൽ നടന്ന ഗ്രാൻ്റ് ഫിനാലേയിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 60 പേരാണ് മത്സരിച്ചത്. 10 ലക്ഷത്തിൽപരം രൂപ വിജയികൾക്കു സമ്മാനമായി നൽകി. ഇതിനു പുറമേ ട്രോഫികളും സർട്ടിഫിക്കേറ്റുകളും സമ്മാനിച്ചു.

ഓർമ്മ പുരസ്കാരം നേടിയ സോജു സി ജോസ് പത്തനംതിട്ട കടമ്പനാട് ബേത്ത്ഹാരൻ വീട്ടിൽ പ്രവാസിയായ ജോസ് ചെറിയാൻ്റെയും ഏനാത്ത് മൗണ്ട് കാർമ്മൽ സി എം ഐ സെൻട്രൽ സ്കൂൾ അധ്യാപിക സുമ ജോസിൻ്റെയും മകനാണ്. സോനു സി ജോസ് സഹോദരനാണ്.

സീനിയർ മലയാളം വിഭാഗത്തിൽ മദ്രാസ് കൃസ്ത്യൻ കോളജിലെ ബ്ലെസി ബിനു ഒന്നാം സ്ഥാനം നേടി 50000 രൂപ കരസ്ഥമാക്കി.

സീനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ പാലക്കാട് കാണിക്ക മാതാ കോൺവെൻ്റ് ഇ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീയാ സുരേഷ് 50000 രൂപയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജൂനിയർ വിഭാഗം മലയാളത്തിൽ കോഴിക്കോട് ബാലുശ്ശേരി ജി എച്ച് എസ് എസ്സിലെ അർച്ചന ആർ വി 25000 രൂപയുടെ ഒന്നാം സമ്മാനം നേടി.

ജൂനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ 25000 രൂപയുടെ ഒന്നാം സ്ഥാനം ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിലെ നിയ മരിയ ജോബി നേടി.

 

ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടികൂടി പെരുവന്താനം പോലീസ്. കുപ്പക്കയം സ്വദേശി കാപ്പ് കുളങ്ങര ജയചന്ദ്രൻ ആണ് പിടിയിലായത്. പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ട്രാവൻകൂർ റബ്ബർ ആൻഡ് ടി എസ്റ്റേറ്റിൽ കുപ്പക്കയത്ത് ആണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്.

പെരുവന്താനം പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.എച്ച്.ഒ ത്രദീപ് ചന്ദ്രൻ, എസ്‌.ഐ അജേഷ്, എ.എസ്‌.ഐ ബിജു, ജിനേഷ്, മഞ്ഞുകുട്ടൻ, ജയലാൽ എന്നീ പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

RECENT POSTS
Copyright © . All rights reserved