Latest News

ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.

പാനൂർ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛൻ ശ്രീധരൻ, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തത്.

2023 സെപ്റ്റംബർ മൂന്നിനാണ് ഇരുവരുടെയും വിവാഹം. തുടർന്ന് പ്രതിയുടെ വീട്ടിൽവെച്ച് ജിഷ്ണു മദ്യപിച്ചെത്തി മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മൂന്നാം പ്രതിയായ ശ്രീധരൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

പ്രതികൾ ചേർന്ന് മാനസിക പീഡനത്തിനിരയാക്കി ഏഴുപവൻ സ്വർണവും 3.21 ലക്ഷം രൂപയും തട്ടിയെടുത്തു. തിരിച്ചുചോദിച്ചപ്പോൾ വിവാഹമോചനം നൽകാതെ സ്വർണവും പണവും തിരിച്ചുനൽകില്ലെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സ്‌കൈപ്പ് വെറുമൊരു ആപ്ലിക്കേഷന്‍ മാത്രമല്ല. ആഗോള ജനതയുടെ ഡിജിറ്റല്‍ ജീവിതശൈലിയുടെ ഭാഗമായിരുന്നു എന്ന് തന്നെ പറയാം. ഇന്ന് കാണുന്ന ഗൂഗിള്‍ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്‌ക്കെല്ലാം മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അകന്നു കഴിയുന്ന പ്രിയപ്പെട്ടവരേയും അതിരുകളില്ലാത്ത സൗഹൃദങ്ങളേയും കൂട്ടിയിണക്കിയ സ്‌കൈപ്പ്, വാണിജ്യസ്ഥാപനങ്ങളിലെ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും ഉപയോഗിക്കപ്പെട്ടു. ഒരിക്കല്‍ ഒരു തലമുറയുടെ ജീവിതത്തില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്ന സ്‌കൈപ്പ് എന്ന സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. പകരം സൗജന്യ സേവനമായ മൈക്രോസോഫ്റ്റ് ടീമിന് പ്രചാരം നല്‍കാനാണ് നീക്കം.

2003 ല്‍ സ്വീഡനില്‍ നിന്നുള്ള നിക്ലാസ് സെന്‍സ്‌ട്രോം ഡെന്‍മാര്‍ക്കുകാരനായ ജാനസ് ഫ്രിസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈപ്പിന് തുടക്കമിട്ടത്. എസ്റ്റോണിയക്കാരായ ആഹ്ട്ടി ഹെന്‍ല, പ്രിറ്റ് കസെസലു, ജാന്‍ ടല്ലിന്‍, ടോവിയോ അന്നസ് എന്നീ ഡെവലപ്പര്‍മാര്‍ ചേര്‍ന്നാണ് സ്‌കൈപ്പ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. ഐപി അധിഷ്ഠിത വീഡിയോ കോണ്‍ഫറന്‍സിങ്, വീഡിയോ കോള്‍ സേവനമായിരുന്നു ഇത്. അതിവേഗമുള്ള സന്ദേശകൈമാറ്റം, ഫയല്‍ ട്രാന്‍സ്ഫര്‍, ലാന്റ് ലൈന്‍ ഫോണുകളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഫോണ്‍ വിളിക്കാനുള്ള സൗകര്യം എന്നിവയെല്ലാം സ്‌കൈപ്പില്‍ ലഭ്യമായിരുന്നു. ഡെസ്‌ക്ടോപ്പ് മൊബൈല്‍ വീഡിയോ ഗെയിം കണ്‍സോള്‍ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇത് ലഭ്യമായി.

ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയത്തില്‍ വലിയ വിപ്ലവമാണ് സ്‌കൈപ്പ് സൃഷ്ടിച്ചത്. ഇത് സൗജന്യമായാണ് നല്‍കിയിരുന്നത് എന്നത് ശ്രദ്ധേയമാണ്. സാധാരണ ഫോണ്‍ ശൃംഖലയില്‍ അന്താരാഷ്ട്ര ഫോണ്‍ വിളിക്കുന്നതും വീഡിയോകോള്‍ ചെയ്യുന്നതും വലിയ ചെലവായിരുന്ന കാലത്താണ് സ്‌കൈപ്പ് സൗജന്യ സേവനം വാഗ്ദാനം ചെയ്തത്. നേരില്‍ കണ്ട് സംസാരിക്കാന്‍ ഇന്നത്തെ അതിവേഗ ഇന്റര്‍നെറ്റും വാട്‌സാപ്പും മറ്റ് ആപ്പുകളും വ്യാപകമാകുന്നതിന് മുമ്പ് അന്യനാട്ടിലുള്ള ഉറ്റവരെ നേരില്‍ കണ്ട് സംസാരിക്കാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്നത് സ്‌കൈപ്പ് ആയിരുന്നു.

2003 ല്‍ ആരംഭിച്ച സ്‌കൈപ്പിനെ 2005ല്‍ ഈബേ (ebay) 260 കോടി ഡോളറിന് ഏറ്റെടുത്തു. 2009 സെപ്റ്റംബറില്‍ സില്‍വര്‍ ലേക്ക്, ആന്‍ഡ്രീസന്‍ ഹോറോവിറ്റ്‌സ്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്‌കൈപ്പിന്റെ 65 ശതമാനം ഓഹരി ഈബേയില്‍ നിന്ന് വാങ്ങി. 2011 ലാണ് വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സേവനത്തിന് പകരമായി 850 കോടി ഡോളറിന് മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ സ്വന്തമാക്കുന്നത്.

വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം ലഭിച്ചതോടെ വീഡിയോ കോള്‍ സേവനങ്ങള്‍ ആളുകള്‍ കൂടുതല്‍ സുഗമമായി. 2017 ല്‍ ചില മാറ്റങ്ങള്‍ സ്‌കൈപ്പില്‍ കൊണ്ടുവന്നെങ്കിലും അവയൊന്നും കാര്യമായി ഫലം കണ്ടില്ല. അപ്പോഴേക്കും മൈക്രോസോഫ്റ്റ് ടീംസ് അവതരിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് കോവിഡ് കാലത്ത് സൂം, ടീംസ്, മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രചാരം നേടിയതും സ്‌കൈപ്പിന് തിരിച്ചടിയായി. വീഡിയോ കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അക്കാലത്ത് ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറി. 2021 ല്‍ തന്നെ സ്‌കൈപ്പ് സേവനം അവസാനിപ്പിച്ചേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമായതും ഇന്റര്‍നെറ്റിന് ചിലവ് കുറഞ്ഞതും മൈക്രോസോഫ്റ്റ് സ്‌കൈപ്പിന് പകരം ടീംസിന് പ്രാമുഖ്യം നല്‍കിയതും സ്‌കൈപ്പിന്റെ പിന്നോട്ട് പോക്കിന് ആക്കംകൂട്ടി. 2025 മുതല്‍ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് 2025 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. സ്‌കൈപ്പിന്റെ സ്ഥാനത്തേക്ക് മൈക്രോസോഫ്റ്റ് ടീംസിലാണ് കമ്പനി ഇനി ശ്രദ്ധ ചെലുത്തുക.

തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്‌ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. മൃതദേഹത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്‍.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ്‍ എന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സമീപത്ത് സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്.

തുടര്‍ന്ന്, വിവരം ദിണ്ടിഗല്‍ താലൂക്ക് പോലീസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ പ്രദീപ് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രൈം ബ്രാഞ്ചും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്ന് രാഗുല്‍ ഗാന്ധി. ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടി ആവില്ല പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും യോഗത്തില്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഒരു മുറിക്കുള്ളില്‍ ഇരുന്ന് തീരുമാനിക്കും. നിരവധി യോഗ്യരായ നേതാക്കള്‍ നമുക്കിടയില്‍ ഉണ്ട്. മുഖ്യമന്ത്രി ആരെന്ന് നേരത്തെ തീരുമാനിക്കാനാവില്ല. അതൊക്കെ അധികാരം ലഭിച്ച ശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞ് ആരും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. മാധ്യമങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാനേ അത് ഉപകരിക്കൂ,’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കുന്ന ഒരു വിഭാഗം മുതിര്‍ന്ന നേതക്കള്‍ക്കുള്ള താക്കീത് കൂടിയായായാണ് രാഹുലിന്റെ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്.

മദ്യലഹരിയിൽ ഇരുപതുകാരൻ്റെ വെട്ടേറ്റ് നാൽപ്പത്തിയഞ്ചുകാരൻ മരിച്ചു. കൊല്ലം മൺറോതുരുത്തിലാണ് കിടപ്രം സ്വദേശി സുരേഷ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ പ്രതി അമ്പാടിയെ പൊലീസ് പിടികൂടി. മൺറോതുരുത്ത് കിടപ്രംവടക്ക് ലക്ഷം വീട് കാട്ടുവരമ്പിൽ ഇരുപതുകാരനായ അമ്പാടി ആണ് നാട്ടുകാരനായ സുരേഷിനെ വെട്ടിയത്.

അമ്പാടിയുടെ വീടിന് മുന്നിൽ വച്ച് രാത്രിയായിരുന്നു കൊലപാതകം. മദ്യലഹരിയിൽ ആയിരുന്നു അമ്പാടി. പടിഞ്ഞാറേകല്ലട കല്ലുംമൂട്ടിൽ ചെമ്പകത്തുരുത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറയെടുപ്പിനിടെ അമ്പാടി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് അമ്പാടിയെ നാട്ടുകാർ ക്ഷേത്രവളപ്പിൽ നിന്ന് ഓടിച്ചു വിടുകയായിരുന്നു.

തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പാടിയെ സുരേഷും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു. സുരേഷും സുഹൃത്തുക്കളും ചേർന്ന് അമ്പാടിയെ രാത്രി വീട്ടിൽ എത്തിച്ചപ്പോഴാണ് കൊലപാതകം. വീട്ടിൽ കയറിയ അമ്പാടി വെട്ടുകത്തിയെടുത്ത് സുരേഷിനെ വെട്ടുകയായിരുന്നു.

കഴുത്തിന് വെട്ടേറ്റ സുരേഷ് സ്‌ഥലത്ത് വച്ചു തന്നെ മരിച്ചു. മോഷണവും ലഹരികടത്തും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അമ്പാടി.

ട്യൂഷൻ സെന്ററിലെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കമാണ്‌ വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്‌. ഞായറാഴ്ചത്തെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.

വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. വൈകീട്ട് ആറരയോടെ താമരശ്ശേരി-വെഴുപ്പൂർ റോഡിലെ ചായക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെനിന്ന്‌ പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട്‌ റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.

സംഘർഷത്തിനിടെ മർദനമേറ്റ് മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പോലീസിനെ അറിയിച്ചത്. അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി.

തലയ്ക്ക് ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.

തുടർന്ന് വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണവിഭാഗത്തിലേക്ക്‌ മാറ്റുകയായിരുന്നു. ഷഹബാസിന് തലച്ചോറിൽ ആന്തരികരക്തസ്രാവവും ചെവിക്കു സമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ വിദ്യാർഥി ഒടുവിൽ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്.

സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന സംഭവമാണ് കാസര്‍കോട് നിന്നും പുറത്തുവന്നത്. കാസര്‍കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. സ്കൂളിന്‍റെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുട്ടികളുടെ കയ്യിൽ നിന്ന് കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കഞ്ചാവ് നൽകിയത് ആരാണെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിലാണ് കളനാട് സ്വദേശി കെകെ സമീറിനെ പിടികൂടിയത്.

സമീറിനെ പിടികൂടാൻ പോയപ്പോള്‍ പൊലീസുകാര്‍ക്കുനേരെയും ആക്രമണം ഉണ്ടായി. കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

ഉത്സവശേഷം സമീപപ്രദേശങ്ങളിലുള്ളവർ ക്ഷേത്രപരിസരത്തായിരുന്നു കിടന്നുറങ്ങിയത്. രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.

നൂറ് മീറ്റർ അകലെയുളള സ്ഥലത്തുകൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ കുഞ്ഞ് നിലവിളിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പോക്സോ വകുപ്പുകൾ ഉൾപ്പടെ ചുമത്തി പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം നാട്ടിലെത്തി. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. സൗദിയിലെ ദമ്മാമിൽ നിന്ന് തിരിച്ച അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിലൂടെയാണ് നാട്ടിലെത്താൻ സാധിച്ചത്.

ഏഴ് വർഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോൾ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയും മകനും സഹോദരനും സഹോദരിയെയും മൂത്ത മകൻ കൊല്ലപ്പെടുത്തി. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകൻ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലാണ്. അടക്കാനാവാത്ത ദുഃഖത്തിലാണ് അബ്ദുൾ റഹീം.

റിയാദിലെ കട നഷ്ടം വന്ന് പൂട്ടേണ്ടിവന്നതോടെ അബ്ദുൾ റഹീമിന് വലിയ സാമ്പത്തിക ബാദ്ധ്യത വന്നിരുന്നു. രണ്ടര വർഷമായി ഇഖാമയും പുതുക്കാൻ കഴിഞ്ഞില്ല. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കമാണ് ഇപ്പോൾ അബ്ദുൾ റഹീമിന്റെ രക്ഷയ്‌ക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്പോർട്ട് വിഭാഗത്തിൽ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്.

വിഖ്യാത നടന്‍ ജീന്‍ ഹക്ക്മാന്‍, ഭാര്യ പിയാനിസ്റ്റ് ബെറ്റ്സി അരക്കാവ എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ സാന്റ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും വളര്‍ത്തു നായയ്‌ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് തവണ ഓസ്‌കാര്‍ നേടിയ ഹക്ക്മാന് 95 വയസും അരക്കാവയ്ക്ക് 63 വയസുമായിരുന്നു. മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് സാന്റ ഫെ കൗണ്ടി ഷെരീഫ് അദാന്‍ മോന്റോസ പറഞ്ഞു. മരണത്തിന്റെ യഥാര്‍ത്ഥ കാരണവും സമയവും പുറത്തു വിട്ടിട്ടില്ല.

യുജീന്‍ അല്ലന്‍ ഹക്ക്മാന്‍ എന്ന ജീന്‍ ഹക്ക്മാന്‍ 1930 ല്‍ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയിലാണ് ജനിച്ചത്. 16 വയസ് മുതല്‍ മൂന്ന് വര്‍ഷം നാവിക സേനയില്‍ പ്രവര്‍ത്തിച്ചു. 1967 ല്‍ പുറത്തിറങ്ങിയ ബോണി ആന്റ് ക്‌ളൈഡ് എന്ന സിനിമയിലെ കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പട്ടത്. 1968 ല്‍ ഇന്‍സെന്‍ഡിയറി എന്ന സിനിമയിലൂടെ ആദ്യത്തെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു.

1970 ല്‍ ഐ നെവര്‍ സാങ് ഫോര്‍ മൈ ഫാദര്‍ എന്ന സിനിമയിലെ കഥാപാത്രത്തിനും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. 1972 ല്‍ ദി ഫ്രഞ്ച് കണക്ഷന്‍ എന്ന സിനിമയാണ് താരത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ നേടികൊടുത്തത്. 1993 ല്‍ അണ്‍ഫോര്‍ഗീവണ്‍ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ ഓസ്‌കാറും സ്വന്തമാക്കി. 2004 ല്‍ സിനിമാലോകത്ത് നിന്ന് വിരമിച്ചു.

സൂപ്പര്‍മാന്‍, ഫ്രഞ്ച് കണക്ഷന്‍, അണ്‍ഫോര്‍ഗീവണ്‍, മിസിസിപ്പി ബേണിങ്, ബോണി ആന്‍ഡ് ക്ലൈഡ്, റണ്‍ എവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകള്‍. പേ ബാക്ക് അറ്റ് മോര്‍ണിങ് പീക്ക്, പര്‍സ്യൂട്ട് തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദി അണ്‍നോണ്‍ ഫ്‌ളാഗ് റെയ്സര്‍ ഓഫ് ഇവോ ജിം, വീ ദി മറൈന്‍സ് എന്നീ സിനിമകളുടെ ആഖ്യാനവും നിര്‍വഹിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved