Latest News

പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍മാതാവ് ദില്‍ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ജാമ്യഹര്‍ജിയും ഹൈക്കോടതി ഉടന്‍ പരിഗണിക്കാനിരിക്കുന്നതിനാല്‍ നടനെ ജയിലിലേക്ക് മാറ്റിയിരുന്നില്ല. ഇതിനുപിന്നാലെയാണ് നടന് ആശ്വാസമായി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് അല്ലു അര്‍ജുനെവെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തി തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികള്‍ക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്റ്റേഷനിലേക്ക് പോയത്.

പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്നും നടന്‍ പറഞ്ഞു. കാപ്പി കുടിച്ചതിന് പിന്നാലെ ഇനി പോകാം സര്‍ എന്നുപറഞ്ഞാണ് അല്ലു അര്‍ജുന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടന്നുനീങ്ങിയത്.

ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്റെ (BHIMA) ഈ വർഷത്തെ മണ്ഡലകാല അയ്യപ്പപൂജ പരിപാവനമായ ബർമിംങ്ഹാം ബാലാജി ക്ഷേത്രസന്നിധിയിൽ 14-12-2024 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വൈകിട്ട് 4.30 തിന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ചടങ്ങ് പടിപൂജയും വിവിധങ്ങളായ അഭിഷേകങ്ങൾക്കും നെയ്യഭിഷേകത്തിനും ശേഷം പ്രസാദവിതണത്തോടെയാണ് അവസാനിക്കുന്നത്.

കലിയുഗ വരദനായ കാനനവാസന്റെ പാദാരവിന്ദങ്ങളിൽ ശിരസ്സ് നമിച്ച് മനസ്സ് സമർപ്പിക്കാനാഗ്രഹിക്കുന്ന യുകെയിലെ വിശ്വാസികൾ ഭക്തിസാന്ദ്രമായ ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കുചേരണമെന്ന് ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷൻ ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു.

ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS) 2025 ലെ കലണ്ടറിന്റെ പ്രകാശനകർമ്മം ഡിസംബർ 12ാം തീയതി ലിവർപൂൾ കെൻസിങ്ടൺ മുത്തുമാരിയമ്മൻ കോവിലിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് LMHS സെക്രട്ടറി ശ്രീ സായികുമാർ ഉണ്ണികൃഷ്ണൻ അമ്പലത്തിലെ മുഖ്യ പൂജാരിക്ക് നൽകി നിർവഹിച്ചു . ലിവർപൂൾ മലയാളി ഹിന്ദു സമാജം പ്രവർത്തനമാരംഭിച്ചിട്ട് ഒന്നര വർഷമായിട്ടേ ഉള്ളൂ എങ്കിലും ഇതിനകം തന്നെ ലിവർപൂളിൻ്റെ കലാ സാംസ്കാരിക വേദികളിൽ മുൻനിരയിൽ തന്നെ സ്ഥാനം കണ്ടെത്താൻ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന് കഴിഞ്ഞിട്ടുണ്ട്.

ലിവർപൂളിൽ ഇതുവരെ അനുവർത്തിച്ചു വന്നിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS) ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് LMHS അംഗങ്ങൾക്ക് തികച്ചും സൗജന്യമായി ഇംഗ്ലണ്ടിലെയും കേരളത്തിലെയും പ്രധാന അവധി ദിനങ്ങളും കൂടാതെ കേരളത്തിലെ ചില പ്രധാനപെട്ട അമ്പലങ്ങളുടെ ചിത്രങ്ങളും അമ്പലത്തിൻ്റെ പ്രത്യേകതകളെ കുറിച്ചുള്ള ചെറിയ വിവരണവും ഉൾപെടുത്തി വർണ്ണ ശബളമായ ഈ കലണ്ടർ ഡിസൈൻ ചെയ്തിട്ടുള്ളത്.

ലിവർപൂൾ മലയാളി ഹിന്ദു സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീ രാംകുമാർ, ശ്രീ സജീവ്, ശ്രീ സരൂപ് , ശ്രീ രാംജിത്ത് പുളിക്കൽ എന്നിവർ കലണ്ടർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

യുകെ മലയാളികളുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ എന്ന ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു മനോഹരമായി ഈണം നൽകിയത് ഗോഡ്‌വിൻ തോമസ് ആണ്.ബിനോയ്‌ ജോസഫ് നിർമ്മിച്ച ഈ ഗാനത്തിൽ ക്യാമറ ജെയ്ബിൻ തോളത്ത് ,എഡിറ്റിംഗ് അരുൺ കൂത്താടത് ,ഓർക്കസ്ട്രേഷൻ ഷാൻ ആന്റണി പാടിയത് മരിയ ഡാവിനാ എന്നിവരാണ്. ഷൈൻ മാത്യു , ഏബിൾ എൽദോസ് ,ജിയോ ജോസഫ് ഷിജോ ജോസ്,അഭിലാഷ് ആന്റണി,രതീഷ് തോമസ് ബിജു തോമസ്,ബിബിൻ ബേബി,അന്ന ജോസഫ് കുന്നേൽ,ബിജി ബിജു,സീനിയ ബോസ്‌കോ അശ്വതി മരിയ,ഐവി അബ്രഹം ,രേഷ്മ സാബു,മെറിൻ ചെറിയാൻ,ഡാലിയ സജി,തുടങ്ങി കൂടെ നല്ലവരായ കുട്ടികളും വീഡിയോ ഗാനത്തിൽ പങ്കാളികളായി…

വീണ്ണിന്റെ മഹിമ പ്രതാപങ്ങൾ എല്ലാം വെടിഞ്ഞു മണ്ണിലേക്കു ഇറങ്ങിവന്ന്‌ മനുഷ്യനോളം താഴ്ന്നിറങ്ങിയ ദൈവ പുത്രൻ.മനുഷ്യരെ പുണ്യമുള്ളവരാക്കുവാൻ ,ലാളിത്യത്തിന്റെ പുൽതൊട്ടിലിൽ,കാലിതൊഴുത്തിലെ പുൽമെത്തയിൽ പിറന്നു സ്നേഹ സമ്പന്നനായ ഉണ്ണി ഈശോ.. കുറവുകളെ നിറവുകൾ ആക്കാൻ പുൽക്കൂട്ടിലെ തിരുപിറവി നമ്മെ പഠിപ്പിക്കുന്നു.ഉണ്ണിയേശു പിറന്നപ്പോൾ അവിടെ കേട്ട ആ സ്നേഹ ഗീതം ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു.‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം‘ നമുക്കെന്നും നല്ല മനസ്സുള്ളവരായിരിക്കാം.

എന്നും ഒരുമിച്ചായിരുന്നു അവർ. കളിക്കാനാണെങ്കിലും പഠിക്കാനാണെങ്കിലും. ചങ്ങാത്തച്ചരടിൽ കോർത്തവർ‌. ചെറുള്ളി ഗ്രാമത്തിൽ അടുത്തടുത്തായി താമസിക്കുന്നവർ. അവധിദിവസങ്ങളിലടക്കം നാലുപേരും ഒത്തുകൂടും. മരണത്തിലും വേർപിരിയാത്ത ആ കൂട്ടുകാർ നാടിന്റെ തീരാനോവായി.

കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനികളായ പി.എ. ഇർഫാന ഷെറിൻ, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്.

അപകടസ്ഥലത്തുനിന്ന്‌ 300 മീറ്റർകൂടി പിന്നിട്ടാൽ ഇവർ വീടുകളിൽ എത്തുമായിരുന്നു.

മദ്രസപഠനംമുതൽ തുടങ്ങിയതാണ് നാലുപേർക്കിടയിലെ സൗഹൃദം. സ്കൂളിൽ എട്ടാംതരത്തിലെ വിവിധ ഡിവിഷനുകളിലായാണ് ഇവർ പഠിച്ചിരുന്നത്. അപകടത്തിൽപ്പെട്ട കുട്ടികളിൽ ചിലരെ തിരിച്ചറിയാനാകാതെയാണ് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് കുതിച്ചത്. പൊന്നോമനകൾക്ക് സംഭവിച്ച ദുരന്തം വീട്ടുകാർ അറിഞ്ഞതും വൈകിയായിരുന്നു. ഒരുകുട്ടിയുടെ വാച്ചുകണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. അതോടെ ചെറുള്ളിയൊന്നാകെ സങ്കടക്കടലിലായി.

മുൻപ്‌ ദേശീയപാതയിലൂടെ അല്ലാതെ മറ്റൊരുവഴിയിലൂടെയായിരുന്നു കുട്ടികൾ സ്കൂളിലേക്കെത്തിയിരുന്നത്. അടുത്തിടെയാണ് ദേശീയപാതയിലൂടെ സ്കൂളിലേക്ക് വന്നുതുടങ്ങിയത്. വീട്ടിൽനിന്ന് സ്കൂളിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്ററേ ദൂരമുള്ളൂ.

തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ലിഫ്റ്റില്‍ ആറുപേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 11.30 പിന്നിടുമ്പോഴും തീപ്പിടിത്തം നിയന്ത്രണവിധേയമായിട്ടില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. നൂറിലധികം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. താഴത്തെ നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇതോടെ പലരും മുകള്‍നിലയിലേക്ക് ഓടിയതായും അതാണ് മരണനിരക്ക് ഉയരാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.

അസ്ഥിരോഗ ചികിത്സയ്ക്ക് ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്. ലിഫ്റ്റില്‍ കുടുങ്ങിയവരും മരിച്ചവരിലുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ മരണപ്പെട്ടവരിലുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ക്യാമ്പുചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരിമ്പ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാർഥിയുടെ മൃതദേഹം വട്ടമ്പലം മദർ കെയർ ആശുപത്രിയിലുമാണുള്ളത്.

സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഈ സമയം സിമന്റുമായെത്തിയ ലോറി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കാസർകോട് സ്വദേശികളായ വർ​ഗീസ്, മഹേന്ദ്ര പ്രസാദ് എന്നിവരാണ് ലോറി ഡ്രൈവർമാർ. ഇവർ മണ്ണാർക്കാട് മദർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച് സ്വയം പ്രസവിച്ച യുവതിയുടെ നവജാത ശിശു മരിച്ചു. ഒഡിൽ സ്വദേശികളായ ഗുല്ലി- ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്.

തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചെന്നെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഒടുവിൽ വീട്ടിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ച് കുഞ്ഞിൻ്റെ പൊക്കിൾക്കൊടി മുറിച്ച് മാറ്റിയതും യുവതി ഒറ്റയ്ക്കായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം.

സംഭവം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തി ഗർഭിണിയായ വിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും ചികിത്സ തേടാൻ ഉപദേശിച്ചിരുന്നതായും ആശ വർക്കർ പറഞ്ഞു. ആശ വർക്കർ നിർദ്ദേശിച്ചിട്ടും യുവതി ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.

എൽ ആൻഡ് ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി.എബ്രഹാമിന്റെ മകൻ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോൺ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകൾ എലീന തോമസ് (30)നെ ഗുരുതര നിലയിൽ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.

തിരുവല്ലയിൽനിന്ന് ബെംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറിയർ വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എൽ ആൻഡ് ടി ബൈ പാസിൽ നയാര പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. മരുമകൾ അലീനയെയും കുഞ്ഞിനെയും ബെംഗളൂരുവിലേക്ക്‌ കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിനാ(29)ണ് പിടിയിലായത്. ചോദ്യംചെയ്യലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നടത്തിയ വാഹനമോഷണങ്ങളുടെ ചുരുളഴിഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആൻഡ് പാർക്കിൽനിന്ന്‌ കാർ മോഷണം പോയത്. കടയ്ക്കലിൽ വർക്ക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന്‌ ഇളക്കിയ നമ്പർ പ്ലേറ്റ് മോഷ്ടിച്ച കാറിൽ സ്ഥാപിച്ചു. തുടർന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനത്തിൽനിന്ന്‌ 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവർന്നു.

അടുത്തദിവസം പത്തനംതിട്ട പെരിനാട്ട് കാറിൽ എത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് കവർന്ന 400 കിലോയിലധികം റബ്ബർഷീറ്റ് പൊൻകുന്നത്ത് കൊണ്ടുപോയി വിറ്റു. പണവുമായി കോഴിക്കോട്ടുള്ള സ്നേഹിതയെ കാണാൻ പോകുംവഴി പാലായ്ക്കുസമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ചത് പോലീസ് വാഹനത്തിലാണെന്നു തെറ്റിദ്ധരിച്ച് അവിടെനിന്നു കടന്ന പ്രതി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കാർ ഉപേക്ഷിച്ച് ബസിൽ തിരുവനന്തപുരത്തേക്കു പോയി. മോട്ടോർ സൈക്കിളിൽ വീണ്ടും കോഴിക്കോട്ടേക്കു പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്‌ഷനിൽ ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പോലീസ് പിടികൂടുകയായിരുന്നു.

ഒട്ടേറെ ഇടങ്ങളിൽ സമാനമായി ഇയാൾ വാഹനമോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 2023-ൽ കല്ലമ്പലത്ത് കാർ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിൻ കഴിഞ്ഞ ജൂലായിലാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്.

ഓഗസ്റ്റിൽ നെടുമങ്ങാട്ടുനിന്ന്‌ കാർ മോഷ്ടിച്ചതായും പാലക്കാട് കുഴൽമന്ദം തേങ്കുറിശ്ശിയിൽ പെയിന്റുകടയിൽ മോഷണം നടത്തിയതായും പോലീസ് പറഞ്ഞു. സെപ്റ്റംബറിൽ ആലത്തൂരിലെ യൂസ്ഡ് കാർ ഷോറൂം, കാസർകോട്ടെ യൂസ്ഡ് കാർ ഷോറൂം എന്നിവിടങ്ങളിൽനിന്ന് കാറും ഷൊർണൂരിൽ വാഹന ഷോറൂമിൽനിന്നു പിക്കപ്പ് വാനും പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

ഇതുൾപ്പെടെ പ്രതി ഉൾപ്പെട്ട എട്ട് മോഷണക്കേസുകൾ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോൺ കോളുകളും പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളിൽ വലയിലാക്കിയത്. കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ, എസ്.ഐ.മാരായ എ.ആർ.അഭിലാഷ്, രജനീഷ്, വാസുദേവൻ, രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജു ഡി.തോമസ്, സി.പി.ഒ.മാരായ എൻ.രാജേഷ്, ശ്യാം കൃഷ്ണൻ, അരുൺ മോഹൻ, ഡി.ദീപക്, അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Copyright © . All rights reserved