Latest News

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സെന്റ് മാത്യൂസ് കോൺഫറൻസ് തിരുപ്പിറവിയുടെ 2025-ാം വർഷ ജൂബിലിയും, സൊസൈറ്റിയുടെ 85-ാം വാർഷികവും പ്രമാണിച്ച് ഇടവകയിലെ ഭവനരഹിത കുടുംബത്തിനുവേണ്ടി നിർമ്മിക്കുന്ന 11-ാംമത് വിൻസെൻഷ്യൻ ഭവനത്തിന്റെ തറകല്ലിടീൽ കർമ്മം വികാരി റവ. ഡോ. ഫാദർ സോണി തെക്കുംമുറിയിൽ നിർവ്വഹിച്ചു. കോൺഫറൻസ് പ്രസിഡൻ്റ് ബെന്നി തടത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

പരേതരായ വരാകുകാലായിൽ വി. ഡി കുര്യനും, റോസമ്മ കുര്യനും സൊസൈറ്റിക്ക് സൗജന്യമായി നൽകിയ 4 സെന്റ് ഭൂമിയിലാണ് 11 ലക്ഷം രൂപയുടെ വീട് നിർമ്മിക്കുന്നത്.

അസ്സിസ്റ്റൻ്റ് വികാരി റവ.ഫാ ജെറിൻ കാവനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ പോൾ, ബ്രദർ ടിൽജോ, ഏരിയ പ്രസിഡൻ്റ് എബ്രഹാം കൊറ്റത്തിൽ, മദർ സുപ്പീരിയർ സിസ്റ്റർ പ്രശാന്തി സി എം സി, സിസ്‌റ്റർ റോസിലിൻ(MSMHSC) , ഭവനനിർമ്മാണ കമ്മിറ്റി കൺവീനർ പി. റ്റി. ജോസഫ്, സെക്രട്ടറി ഇൻചാർജ് ജോസ് വേങ്ങാത്തടം തുടങ്ങിയവർ പ്രസംഗിച്ചു.

കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ ചിങ്ങ മാസ ശ്രീ അയ്യപ്പ പൂജ, (2025 ഓഗസ്റ്റ് 23 ആം തീയതി ശനിയാഴ്ച) നടക്കും. വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,07973 151975

ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC)യുടെ രാമായണ മാസാചരണം കർക്കിടകം 1ന് തുടങ്ങി 31 ദിവസം നീണ്ട രാമായണ മാസാചരണം ബ്രൂമുഡ് ഹാളിൽ വച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പരിസമാപ്തി കുറിച്ചു. രാമനാമങ്ങൾ നിറഞ്ഞ ഈ ദിനങ്ങൾ ഭക്തർക്ക് അനിർവചനീയ അനുഭവമാണ് നല്കിയത്. ഓരോ ദിവസവും ഓരോ കുടുംബാങ്ങളുടെ വീടുകളിൽവച്ചായിരുന്നു രാമായണ പാരായണം നടത്തിയിരുന്നത്.

ഡോ: സുകുമാർ കാനഡ കുട്ടികൾക്കായി ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് രാമായണം കുട്ടികൾ 30 ദിവസങ്ങളിൽ പരായണം ചെയ്തതത് ഈ വർഷത്തെ രാമായണ പാരായണത്തിൻ്റെ മികവ് ഏറ്റി. കൂടുതൽ കുടുംബ പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ രാമായണ മാസാചരണം വളരെയധികം ഭംഗിയായിനടത്തപ്പെട്ടു. രാമായണപാരായണ സമാപനത്തിന് ശേഷം ശ്രീകൃഷ്ണജന്മാഷ്ടമി ഭക്തിപുരസരം ആഘോഷിച്ചു കൃഷ്ണ രാധാ വേഷം ധരിച്ച ബാലികാ ബാലൻമാരുടെ ശോഭായാത്ര, ഉറിയടി തുടങ്ങിയ പരിപാടികൾ നടത്തപ്പെട്ടു. ചിങ്ങപുലരിയുടെ പ്രത്യാശയോടെ രാമായണ മാസം പരിസമാപ്തിയായി.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും.

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.

തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്തവർക്ക് പണം വച്ചുള്ള ഓൺലൈൻ ഗെയിംമിന് ഏർപ്പെടുത്തിയ പാതിരാ നിയന്ത്രണം ശരിവച്ച് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. നിയന്ത്രണം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നൽകിയ ഹർജി കോടതി തള്ളിയത്. രാത്രി 12 മുതൽ 5 വരെ നിയന്ത്രണം ഏർപ്പെടുത്തിയതും, ആധാർ നമ്പർ നൽകാതെ ലോഗിൻ തടഞ്ഞതുമാണ് കമ്പനികൾ തടഞ്ഞത്. ഇവ സ്വകാര്യതയുടെ ലംഘനമാണെന്നും, സ്വന്തം ജീവിതം നശിപ്പിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും കമ്പനികൾ വാദിച്ചിരുന്നു. എന്നാൽ പൊതുജനാരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഉത്തരവാദിത്തം ഉണ്ടെന്ന സർക്കാർ വാദം ശരിവച്ച കോടതി, സ്വാതന്ത്ര്യത്തിന് പരിധികളും ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. റമ്മി അടക്കം ഓൺലൈൻ കളികളിൽ ഏർപ്പെട്ട് നിരവധി കുട്ടികൾ ജീവനൊടുക്കിയതോടെയാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

ബ്രിട്ടനിൽ സിഖ് വയോധികർക്ക് നേരെ ക്രൂരമായ ആക്രമണം. ഓഗസ്റ്റ് 15 ന് വോൾവർഹാംപ്ടണിലെ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാരാണ് രണ്ട് സിഖ് പുരുഷന്മാരെ ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായി ആക്രമിച്ച ഇം​ഗ്ലീഷ് കൗമാരക്കാർ, സിഖ് വയോധികന്റെ തലപ്പാവ് ബലമായി അഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം രോഷത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. സിഖ് പുരുഷന്മാരുടെ തലപ്പാവ് ബലമായി അഴിച്ചുമാറ്റിയതായി ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നിലെ കൗമാരക്കാരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ആക്രമണത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച ബാദൽ, വിഷയം ബ്രിട്ടീഷ് സർക്കാരുമായി ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടു. യുകെയിലെ വോൾവർഹാംപ്ടണിൽ രണ്ട് വൃദ്ധരായ സിഖ് പുരുഷന്മാർക്ക് നേരെയുണ്ടായ ഭീകരമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. വംശീയ വിദ്വേഷ കുറ്റകൃത്യം ലക്ഷ്യമിടുന്നത് സിഖ് സമൂഹത്തെയാണെന്നും ദയയ്ക്കും അനുകമ്പയ്ക്കും പേരുകേട്ട സിഖ് സമൂഹം ലോകമെമ്പാടും സുരക്ഷയും ബഹുമാനവും അർഹിക്കുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസിനോടും യുകെ ഹോം ഓഫീസിനോടും വേഗത്തിൽ പ്രവർത്തിക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഖ് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ യുകെ സർക്കാരുമായി ഈ വിഷയം ഉന്നയിക്കാൻ ഞാൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിക്കുന്നു. അതേസമയം, വിദേശത്ത് സ്ഥിരതാമസമാക്കിയ എല്ലാ സിഖ് സഹോദരന്മാരും ഈ അത്യാവശ്യ ഘട്ടത്തിൽ പരസ്പരം പിന്തുണയ്ക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ബാദൽ പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി രോഗ മുക്തനായി. താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയെന്നാണ് വിവരം.

ചെന്നൈയില്‍ ചികിത്സയിലുള്ള താരത്തിന്റെ എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പുറത്തു വന്നത്. മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.

നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ സന്തത സഹചാരി ജോര്‍ജും ഇക്കാര്യം സ്ഥിരീകരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കു വെച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളിലും പലരും ഇരുവരുടെയും പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്.

രോഗം സൗഖ്യപ്പെട്ടതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തുമെന്നുറപ്പായി. സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കും. നേരത്തെ ഈ ചിത്രം ആരംഭിച്ച ശേഷമാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്ത് ചെന്നൈയിലേക്ക് പോയത്.

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ ആണ് തീയേറ്ററിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ്.ബി.സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.

1990-ല്‍ 6 മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായും പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു.

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം. പനി ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കയക്കും. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വ്യാഴാഴ്ചയാണ് നാലാം ക്ലാസുകാരി അനയ മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനായ ഏഴ് വയസുകാരനാണ് പുതുതായി രോഗ ലക്ഷണം. പനി ബാധിച്ചതിനെ തുടർന്ന് ഏഴുവയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്രവ സാംപിൾ കഴിഞ്ഞ ദിവസം മൈക്രോ ബയോളജി ലാബിൽ പരിശോധിച്ചെങ്കിലും റിസൾട്ട് നെഗറ്റീവായിരുന്നു.

ഇന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം നട്ടെല്ലിൽ നിന്നു സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശത്തെ ജലാശയങ്ങളിൽ ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ നടത്തിയിരുന്നു. അനയ പഠിച്ച സ്കൂളിൽ ഇന്നലെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ തുടരുകയാണ്. കുഞ്ഞിന്‍റെ വീട് ഉൾപ്പെടുന്ന ഓമശ്ശേരിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച 49 വയസുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം. യുക്രൈനിന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, ഞങ്ങള്‍ മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും ട്രംപ് അറിയിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഞാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിനെ ഫോണില്‍ വിളിക്കുകയും മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു സ്ഥാലത്ത് വെച്ച് പുതിനും സെലെന്‍സ്‌കിയും ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതായും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ നീക്കങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീറ്റിങ് നിര്‍ത്തിവെച്ച് ട്രംപ് പുതിനുമായി സംസാരിച്ചിരുന്നുവെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്.

ഡൊണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലാന്‍ഡ്, യൂറോപ്യന്‍ കമ്മീഷന്‍, നാറ്റോ എന്നിവയുടെ നേതാക്കളുമായി നടത്തി കൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് പുതിനുമായി സംസാരിക്കാന്‍ സമയം എടുത്തതെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപ് ഈ കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കിയത്. സമാധാനം സ്ഥാപിക്കുന്നതിന് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് സെലെന്‍സ്‌കി സംസാരിക്കാന്‍ തുടങ്ങിയത്. ഈ ശ്രമങ്ങള്‍ക്കൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ സഹായം വേണെന്നും അദ്ദേഹം പറഞ്ഞു. പുതിനും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും നന്നായി ഭവിച്ചാല്‍ ഇന്നുതന്നെ യുദ്ധം അവസാനിക്കുമെന്നുമായിരുന്നു ട്രംപിന്റെ മറുപടി. യുക്രൈനെ പിന്തുണച്ച ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഫിന്‍ലാന്‍ഡ്, യുകെ, ജര്‍മനി തുടങ്ങിയ എല്ലാ രാജ്യങ്ങളോടും സെലെന്‍സ്‌കി നന്ദി അറിയിച്ചു.

നിലവിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും ഡൊണാള്‍ഡ് ട്രംപിന് ശക്തിയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ചര്‍ച്ചയ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാകൂ. പ്രസിഡന്റ് ട്രംപിന് ആ ശക്തിയുണ്ടെന്നായിരുന്നു വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ വാക്കുകള്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിന്റെ പ്രത്യേക പ്രതിനിധി കെയ്ത് കെല്ലോഗുമായും അദ്ദേഹം ചര്‍ച്ച നടത്തി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഓഗസ്റ്റ് 19-ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ ഉത്തരവിട്ടു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.

അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും.സുരക്ഷാ കാരണങ്ങളാൽ ടർഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം നിന്ന് സെൽഫിയെടുക്കുന്നതിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved