Latest News

സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് മൂന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. പെരിന്തല്‍മണ്ണ പാണമ്പിയില്‍ പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകള്‍ നേഹ(21)യാണ് ക്രെയിനിനടിയില്‍പ്പെട്ടു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം.

മലപ്പുറം, പൂക്കോട്ടൂര്‍ പാറഞ്ചേരിവീട്ടില്‍ അഷര്‍ ഫൈസലുമായി ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. അല്‍ഷിഫ നഴ്‌സിങ് കോളജില്‍ ബി.എസ്സി. നഴ്‌സിങ് അഞ്ചാംസെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് നേഹ.

കോളേജില്‍നിന്ന് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് ഭര്‍ത്താവിനൊപ്പം വെട്ടത്തൂര്‍ കാപ്പിലെ ബന്ധുവീട്ടില്‍പ്പോയി സത്കാരം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. വാഹനം മറുഭാഗത്തേക്കു കടക്കുന്നതിനിടില്‍ യു ടേണില്‍ തിരിക്കാനിരിക്കെ വേഗതയിലെത്തിയ ക്രെയിന്‍ സ്‌കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കുവീണ നേഹ ക്രെയിനിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. തലയ്ക്ക് സാരമായി പരിക്കേറ്റ നേഹയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയ, സിയ എന്നിവരാണു സഹോദരങ്ങള്‍. മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിനെ ഇന്ന് കർദിനാൾ പദവിയിലേക്ക് ഉയർത്തും. ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി ഒമ്പതിന് വത്തിക്കാനിൽ നടക്കും. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികനാകും. ഇന്ത്യൻ സഭാ ചരിത്രത്തിലാദ്യമായാണ് ഒരു വൈദികനെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. മാർ ജോർജ് കൂവക്കാടിനൊപ്പം മറ്റ് ഇരുപത് പേരെയും കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും.

സ്ഥാനാരോഹണ സമയത്ത് ജോർജ് കൂവക്കാടിന്റെ മാതൃ ഇടവകയായ മാമൂട് ലൂർദ് മാതാ പള്ളിയിലും ചങ്ങനാശേരി രൂപതയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. കേരളത്തിൽ നിന്നും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും.

തിരുക്കർമ്മങ്ങൾക്ക് ശേഷം പുതിയ കർദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വത്തിക്കാൻ സമയം രാവിലെ ഒമ്പതരയ്ക്ക് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം പുതിയ കർദ്ദിനാൾമാരും കാർമികത്വം വഹിക്കും.

സിറോ മലബാർ സഭയിൽ നിന്നും പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികർ സഹകാർമികരാകും. വൈകിട്ട് സാന്ത അനസ് താസിയ സീറോ മലബാർ ബസലിക്കയിൽ മാർ ജോർജ് കൂവക്കാടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതഞ്ജതാ ബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.

സ്ഥാനാരോഹണത്തിനായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എം പി, ബി ജെ പി ദേശീയ സെക്രട്ടറി അനിൽ ആന്റണി, ബി ജെ പി ദേശീയ വക്താവ് ടോം വടക്കൻ എന്നിവർ പ്രതിനിധി സംഘത്തിലുണ്ട്.

പതിനെട്ടു മലകൾക്കും അധിപനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നാമ സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ട് സംഗീത സാന്ദ്രമായ ഒരു വേദി ബർമിംഗാം ശ്രീ ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയിൽ ഡിസംബർ 21-ാം തീയതി അരങ്ങേറുകയാണ് . മലയാളം തമിഴ് ഭക്തി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സംഘടിപ്പിക്കുന്ന ഈ സംഗീതാർച്ചനയിൽ യുകെയിലെ പ്രശസ്തരായ ഗായകർ. രഞ്ജിത്ത് ഗണേഷ്, , രാജീവ് ജി കാഞ്ഞങ്ങാട് , അനീഷ്കുട്ടി നാരായണൻ, അജിത് കർത്ത ഐശ്വര്യ വിനീത്, സ്മിത സജീഷ് അപർണ സൗപർണിക തുടങ്ങിയവരോടൊപ്പം പ്രശസ്ത കീബോർഡിസ്റ്റ് ശ്രീ മുകേഷ് കണ്ണൻ, തബലിസ്റ്റ് ശ്രീ സന്ദീപ്, വയലിനിസ്റ്റ് ശ്രീ അക്ഷയകുമാർ എന്നിവർ നയിക്കുന്ന ഓർക്കസ്ട്രയും ഒപ്പം ചേരുന്നു..

ഈ ഭക്തിഗാന സുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്റെ (BHIMA) ഈ വർഷത്തെ മണ്ഡലകാല അയ്യപ്പപൂജ പരിപാവനമായ ബർമിംങ്ഹാം ബാലാജി ക്ഷേത്രസന്നിധിയിൽ 14-12-2024 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വൈകിട്ട് 4.30 തിന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ചടങ്ങ് പടിപൂജയും വിവിധങ്ങളായ അഭിഷേകങ്ങൾക്കും നെയ്യഭിഷേകത്തിനും ശേഷം പ്രസാദവിതണത്തോടെയാണ് അവസാനിക്കുന്നത്.

കലിയുഗ വരദനായ കാനനവാസന്റെ പാദാരവിന്ദങ്ങളിൽ ശിരസ്സ് നമിച്ച് മനസ്സ് സമർപ്പിക്കാനാഗ്രഹിക്കുന്ന യുകെയിലെ വിശ്വാസികൾ ഭക്തിസാന്ദ്രമായ ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കുചേരണമെന്ന് ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷൻ ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. ബിപിഎലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 37 പൈസയുടെ വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാര്‍ജില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനവ് വരുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. ഇതിന് പുറമെ ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.

കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവും വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം ആളുകളെയാണ് ഈ നിരക്ക് വര്‍ധന ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കി പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടിയിരുന്നു. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസയും കൂട്ടി. നിലവില്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറില്‍ ഉപയോക്താക്കള്‍ക്ക് നല്‍കിപ്പോന്ന സബ്സിഡിയും നിര്‍ത്തലാക്കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ സുപ്രധാന ഭാഗങ്ങള്‍ പുറത്തേക്ക്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണിത്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശനിയാഴ്ച കൈമാറിയേക്കും. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ചില മാധ്യമ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കാണ് ഈ ഭാഗങ്ങള്‍ കൈമാറുക. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു.

49 മുതല്‍ 53 വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയില്‍ വെട്ടി മാറ്റിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. വിവരാവകാശ കമ്മീഷണറുടേതാണ് നിര്‍ണായക തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തു വരും. ഈ ഭാഗങ്ങള്‍ പുറത്ത് വിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പേജുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ പോലും ആശയ കുഴപ്പം ഉണ്ടായിരുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച പ്രധാന കാര്യം. വ്യക്തിപരമായ വിവരങ്ങള്‍ ഉള്ളതിനാലാണ് ഈ പേജുകള്‍ പുറത്ത് വിടാത്തതെന്നും പട്ടിക തയാറാക്കിയതില്‍ പിഴവുണ്ടായിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.

നീക്കം ചെയ്ത പേജുകള്‍ പുറത്തു വരേണ്ടതുണ്ടെന്നായിരുന്നു ഇതു സംബന്ധിച്ച് നടന്ന ഹിയറിങില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനം. ഇക്കാര്യത്തിലാണ് ശനിയാഴ്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം അപേക്ഷ നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്‍ നല്‍കിയേക്കുമെന്നുമാണ് സൂചന.

ദുബായില്‍ സ്വിമ്മിങ് പൂളില്‍ വീണ് 12 വയസുകാരന് ദാരുണാന്ത്യം. തളിപ്പറമ്പ് താഴെ ചൊറുക്കള പോച്ചംപള്ളില്‍ ഫെബിന്‍ ചെറിയാന്റെ മകന്‍ റയാനാണ് റിസോര്‍ട്ടിന്റെ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം നടന്നത്.

പൊതു അവധി ആയതിനാല്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയിരുന്നു. അവിടെ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ റയാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കളര്‍കോട് കാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഇടിച്ച് കയറി ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറിന്റെ ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹനവകുപ്പ് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിക്കും.

ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലാണ് കാര്‍ കൊടുത്തതെന്നായിരുന്നു അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടശേഷം വാഹനഉടമ ആദ്യം പറഞ്ഞത്. എന്നാല്‍ ഇയാളുടെ വിശദീകരണം അവിശ്വസനീയമെന്ന് പറഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് തളളിക്കളഞ്ഞിരുന്നു. ആര്‍.സി ബുക്ക് റദ്ദാക്കുകയും വകുപ്പിന്റെ പ്രാഥമിക നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും. നടപടിക്രമങ്ങള്‍ അമ്പലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ഷാമില്‍ ഖാന്റെ കാര്‍ വാടകയ്‌ക്കെടുത്ത് സിനിമ കാണാന്‍ പോകുമ്പോളായിരുന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് , എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

കരാർവ്യവസ്ഥ പാലിക്കാതെ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീകോം ഒഴിയുമ്പോഴും സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് കരാറിന് വിരുദ്ധം. കരാർലംഘനമുണ്ടായാൽ ടീകോമിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ടായിരിക്കെ, അതിന് വിരുദ്ധമായ തീരുമാനത്തിനെതിരേ പ്രതിപക്ഷവും രംഗത്തെത്തി. സർക്കാർഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ മാത്രമേ ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതുള്ളൂ.

ടീകോമുമായി കരാറുണ്ടാക്കി 13 വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലാണ് സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് ടീകോം ഒഴിയുന്നത്. പത്തുവർഷത്തിനകം 90,000 തൊഴിലവസരങ്ങളും 8.8 ദശലക്ഷം ചതുരശ്രയടി ഐ.ടി/ ഐ.ടി. ഇതരസ്ഥലമെന്ന വ്യവസ്ഥയും പാലിക്കാത്തതിനാൽ ടീകോം വ്യവസ്ഥകൾ ലംഘിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

പ്രത്യേക സാമ്പത്തികമേഖലയുടെ വിജ്ഞാപനത്തിലോ സ്ഥലം ഏറ്റെടുത്തു നൽകുന്നതിലോ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലോ വീഴ്ചവന്നെങ്കിൽ മാത്രമാണ് സർക്കാർ ടീകോമിന് നഷ്‌ടപരിഹാരം നൽകേണ്ടത്.

സ്വതന്ത്ര ഇവാല്യുവേറ്ററുടെ നിയമനത്തിനായുള്ള ശുപാർശ നൽകാൻ സർക്കാർ നിയോഗിച്ച സമിതിയിൽ ടീകോം മുൻ എം.ഡി. ബാജു ജോർജിനെയും ഉൾപ്പെടുത്തിയത് വിവാദമായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം സർക്കാർ തുടക്കമിട്ട ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന്റെ എം.ഡി.യാണ്. ഐ.ടി. മിഷൻ ഡയറക്ടർ, കൊച്ചി ഇൻഫോപാർക്ക് സി.ഇ.ഒ. എന്നിവരാണ് മറ്റംഗങ്ങൾ.

സർക്കാർ വ്യവസ്ഥ ലംഘിച്ചാൽ

1. ടീകോമിന് സ്മാർട്ട്‌സിറ്റി പദ്ധതി ഉപേക്ഷിക്കാം. അങ്ങനെയെങ്കിൽ ടീകോമിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും ഓഹരി സർക്കാർ ഏറ്റെടുക്കണം.

2. സർക്കാരിന്റെ കൈവശമുള്ള മുഴുവൻ ഓഹരിയും ടീകോമിന് ഏറ്റെടുക്കാം. ഇതിന്റെ മൂല്യം നിശ്ചയിക്കുന്നത് സ്വതന്ത്ര വാല്യുവേറ്ററായിരിക്കും. തുടർന്ന് പദ്ധതിയുടെ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ ആസ്തിയിൽ സർക്കാരിന് അവകാശമുണ്ടാകില്ല.

3. കമ്പനി അതുവരെ ചെലവഴിച്ച തുക സർക്കാരിൽനിന്ന് ഈടാക്കാം. ഇത് കണക്കാക്കുന്നത് ടീകോമും സർക്കാരുംചേർന്ന് നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും

ടീകോം വ്യവസ്ഥ ലംഘിച്ചാൽ

ആദ്യം നോട്ടീസ് നൽകും. ആറുമാസം കഴിഞ്ഞിട്ടും വീഴ്ച ആവർത്തിച്ചാൽ ടീകോമിനുള്ള പാട്ടം അവസാനിപ്പിച്ച് മുഴുവൻ ഓഹരിയും സർക്കാരിന് വാങ്ങാം. സർക്കാർ നൽകിയ ഭൂമിയുടെ മൂല്യം 91.52 കോടിയായി കണക്കാക്കും. ഈ സാഹചര്യത്തിൽ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ (എസ്.പി.വി.) ആസ്തികൾക്കുമേൽ ടീകോമിന് അവകാശമുണ്ടാകില്ല.

സർക്കാർ ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കി ടീകോമിൽനിന്ന് ഈടാക്കാം. ടീകോമും സർക്കാരും സംയുക്തമായി നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും തുകയെത്രയെന്ന് തീരുമാനിക്കുക.

ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി ഇന്നലെ മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 6 ആയി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍. ആൽവിന്റെ മരണത്തിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ കുടുംബ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ച വരികൾ ആരുടെയും കണ്ണീരണിയിക്കുന്നത്. ഫേസ്ബുക്കിലെ എഴുത്തിന്റെ പൂർണ്ണരൂപം വായിക്കാം.

പ്രിയ ആൽവിനെ…… വിട…..

എന്തെ ദൈവ്വങ്ങൾ ഇങ്ങനെ….പ്രിയ ആൽവിനെ……
മനസിലെ നൊമ്പരം… അത് എന്തിനേക്കാളും ഇന്നുണ്ട്.. വളരെ കുഞ്ഞായിരുന്ന കാലം മുതലേ അറിയുന്ന പ്രിയ സുഹൃത്തിന്റെ മകൻ.. നിന്റെ സ്വപ്നങ്ങളും… പ്രതീക്ഷകളും.. ഒരു ഡോക്ടർ ആകണം എന്ന നിന്റെ ആഗ്രഹം… അതിനു വേണ്ടി ആൽവിൻ നീ എടുത്ത തീരുമാനങ്ങൾ.. നിന്റെ മാതാപിതാക്കൾ അറിയും മുൻപേ നിൻറെ ലക്‌ഷ്യം അതാണ് എന്ന് നീ എന്നോടായിരുന്നല്ലോ പറഞ്ഞിരുന്നത്..

നിന്റെ കഴിവുകൾ തിരിച്ചറിയാൻ അധികകാലം വേണ്ടി വന്നിരുന്നില്ല.. പഠനത്തിലും നിന്റെ അക്കാദമിക് റെക്കോർഡിലും നീ ഉന്നത നിലവാരം പുലർത്തിയപ്പോൾ ഒരു പാട് ഒരുപാട് സന്തോഷിച്ചിരുന്നു. നിന്റെ സ്വതന്ത്രമായ പഠന ശൈലി… പഠിക്കുന്ന വിഷയത്തെ ആഴത്തിലറിയാനുള്ള നിന്റെ ശ്രമം.. അതിനു വേണ്ടി ആൽവിൻ…. നീ സഹിച്ച ബുദ്ധുമുട്ടുകൾ… നിന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നിന്റെ സ്വപ്നം സഫലമാക്കി മെഡിസിന് പ്രവേശനം ലഭിച്ചപ്പോൾ… വീട്ടുകാർക്കും നാട്ടുകാർക്കും നീ നൽകിയ സന്തോഷം… പ്രതീക്ഷകൾ… എല്ലാം…

എൻട്രൻസ് പഠനകാലം നിനക്ക് അല്പം സ്കോർ കുറഞ്ഞാൽ കളിയാക്കാൻ ഞാനും ഉണ്ടായിരുന്നു.. നിനക്ക് അന്ന് വിഷമം ഉണ്ടായോ എന്നറിയില്ല.. പിന്നീട് ആൽവിൻ നീ പറഞ്ഞിട്ടുണ്ട്.. ” എനിക്ക് വിഷമം അല്ല തോന്നിയത് വാശിയാണ്” എന്ന് . . എന്തെല്ലാം ആയാലും നിന്റെ കുടുംബ വീട്ടിലേക്കുള്ള യാത്രയിൽ പോകുമ്പോൾ എന്റെ അടുക്കലേക്കു ഓടി വരുന്ന…. സ്നേഹത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ച് എന്റെ ഒരു വിളി കേട്ട് പോകുന്ന.. അല്ലെങ്കിൽ എന്റെ വായിലിരിക്കുന്ന എന്തെങ്കിലും കേട്ടിട്ട് ചിരിയോടെ ഇറങ്ങി പോകുന്ന ആൽവിൻ ഇനിയും നീ ഞങ്ങൾക്ക് ഒപ്പമില്ലല്ലോ…

നീറ്റ് പരീക്ഷയിൽ ഉന്നത മാർക് ലഭിച്ചപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചപ്പോൾ ആദ്യം വിളിച്ചത് എന്നെ ആയിരുന്നല്ലോ ആൽവിൻ…. ഇടയ്ക്കു നിന്നെ വഴക്കു പറയുമ്പോൾ നിനക്ക് സ്നേഹം കൂടുക ആയിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞു.. അതിലേറെ പി ജി ഒക്കെ എടുത്തു വിദേശത്തു ഒക്കെ പോയ് തിരികെ വരണം ആൽവിൻ എന്ന് നിന്നോട് പറഞ്ഞപ്പോൾ.. എനിക്ക് അവിടെ എങ്ങും പോകണ്ട… നാട്ടിലെ പാവപെട്ട ആളുകൾക്ക് സൗജന്യമായി ചികിത്സ നൽകണം എന്ന നിന്റെ വാക്കുകൾ…….നിന്റെ ആ ചെറിയ ശരീരത്തിലെ വലിയ മനസ്സ് വായിക്കാൻ എനിക്ക് നന്നേ പാടുപെടേണ്ടി വന്നു..

ചിലപ്പോൾ നിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ പകച്ചിരുന്നിട്ടുണ്ട്‌… അധികം സംസാരിക്കാത്ത.. ചോദ്യങ്ങൾക്കു നീ നൽകുന്ന കൃത്യമായ മറുപടികൾ എനിക്ക് എന്നും നീ ഒരു കൗതുകമായിരുന്നു… നിനക്ക് തന്ന ആ വലിയ കഴിവുകളെ ഈശ്വരൻ അങ്ങെടുത്തുവല്ലോ… എന്നോർക്കുമ്പോൾ ആ ദൈവത്തോട് എനിക്ക്…. “എന്താ ഈശ്വരാ ഇങ്ങനെ” എന്ന് ചോദിച്ചു പോകേണ്ടി വരുന്നു….

നാളെ നീ വീണ്ടും എത്തും .. നിശ്ചലമായ നിന്റെ ആ ശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള ശക്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു.. ഈ ലോകത്തിന് അപ്പുറം ഒരു ജീവിതം ഉണ്ടെങ്കിൽ നിന്റെ സ്വപ്‌നങ്ങൾ അവിടെയെങ്കിലും സഫലമാകട്ടെ എന്നാഗ്രഹിക്കുന്നു.. പൊന്ന് മോനേ നിനക്ക് വിട…….

https://www.facebook.com/share/p/3JQNZqbvQSFM1MoE/

Copyright © . All rights reserved