Latest News

റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചദാനി അറസ്റ്റില്‍. ടിആര്‍പി തട്ടിപ്പ് കേസിലാണ് മുംബൈ പോലീസ് വികാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന പതിമൂന്നാമത്തെ പ്രതിയാണ് വികാസ്. ടിആര്‍പി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അര്‍ണബിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നാടകീയമായ അറസ്റ്റ് നടന്നത്.

നേരത്തെ വികാസിനെ പോലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഇയാളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിക്കുന്നു. ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഹന്‍സ റിസേര്‍ച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിന്‍ ദിയോകറാണ് റിപ്പബ്ലിക് ടിവിക്കെതിരെ പരാതി നല്‍കിയത്. ബാര്‍കിന് വേണ്ടി റേറ്റിങ് ബോക്സുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹന്‍സ റിസേര്‍ച്ച് എന്ന കമ്പനിയാണ്. മുന്‍ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകള്‍ ബോക്സുകളില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹന്‍സ നല്‍കിയതോടെയാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്.

യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്മാര്‍ വെടിവെച്ച് കൊന്നു.ചാന്ദിനി കശ്യപ് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ സഹോദരന്മാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര് ഒളിവിലാണ്.സഹോദരിയെ കൊലപ്പടുത്തിയ ശേഷം സഹോദരന്മാര്‍ സ്വന്തം ഫാമില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഭാര്യയെ കാണാന്‍ ഇല്ലെന്ന പറഞ്ഞ് ഭര്‍ത്താവ് അര്‍ജുന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്ത് വരുന്നത്. ഈ വര്‍ഷം ജൂണിലാണ് ചാന്ദിനി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ദളിത് വിഭാഗത്തില്‍ പെട്ട അര്‍ജുനെ വിവാഹം ചെയ്തത്. ഇരുവരും അയല്‍വാസികളായിരുന്നു. അര്‍ജുന്‍ ദലിത് യുവാവ് ആയതിനാല്‍ ഈ ബന്ധത്തില്‍ സഹോദരങ്ങള്‍ വലിയ ഏതിര്‍പ്പായിരുന്നു.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജ്ജുന്‍ കല്യാണ ശേഷം ചാന്ദ്‌നിയുമൊത്ത് കിഴക്കന്‍ ഡല്‍ഹിയിലേക്ക് താമസം മാറി. തുടര്‍ന്ന് നവംബര്‍ 17ന് സുനില്‍, സുശീല്‍, സുധീര്‍ എന്നീ സഹോദരന്മാര്‍ ചാന്ദിനിയെ കാണാന്‍ ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ചാന്ദിനിയെ യുപിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സഹോദരന്മാര്‍ ചാന്ദിനിയെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഫോണില്‍ പോലും ലഭിക്കാതിരുന്നതോടെ അര്‍ജ്ജുന്‍ ചാന്ദിനിയുടെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു.

എന്നാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ബന്ധുക്കള്‍ പറഞ്ഞത്. ചാന്ദിനി ആത്മഹത്യ ചെയ്‌തെന്നും ചാന്ദിനി വേറൊരാളെ വിവാഹം ചെയ്‌തെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അര്‍ജുന്‍ നവംബര്‍ 22ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്’.സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട്∙ തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച യു.എ. ഖാദർ (85) ഓർമയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചിത്രകാരന്‍, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പു ജീവനക്കാരനുമായിരുന്നു. നോവലുകളും കഥകളുമടക്കം എഴുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.

1935 നവംബർ 16ന് ബർമയിലെ (മ്യാൻമർ) മോൺ സ്റ്റേറ്റിൽ ബില്ലിൻ എന്ന ഗ്രാമത്തിൽ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീൻകുട്ടിയുടെയും ബർമക്കാരിയായ മാമൈദിയുടെയും മകനായാണ് ജനിച്ചത്. ഖാദർ ജനിച്ച് മൂന്നാംദിവസം അമ്മ മരിച്ചു. ഏഴാമത്തെ വയസ്സിൽ പിതാവിനൊപ്പം കൊയിലാണ്ടിയിലെത്തി.

കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് പാസായ ശേഷം മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചെങ്കിലും ബിരുദപഠനം പൂർത്തിയാക്കിയില്ല. സ്കൂൾ പഠനകാലത്തുതന്നെ സി.എച്ച്. മുഹമ്മദ്കോയയുടെ പ്രോൽസാഹനത്തിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. 1952ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1957ൽ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി. പല നാടുകളിൽ പല ജോലികൾ ചെയ്ത് തിരികെയെത്തി 1964–ൽ സർക്കാർ സർവീസിൽ ചേർന്നു. ആരോഗ്യവകുപ്പിലായിരിക്കെ ഡെപ്യൂട്ടേഷനിൽ 5 വർഷം കോഴിക്കോട് ആകാശവാണിയിലും പ്രവർത്തിച്ചു. 1990ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിനിസിട്രേഷൻ വിഭാഗത്തിൽനിന്ന് വിരമിച്ചു.

കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ നാലു തവണ അംഗമായി.

1984ൽ ‘തൃക്കോട്ടൂർ പെരുമ’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2009ൽ ‘തൃക്കോട്ടൂർ നോവെല്ലകൾ’ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. അബുദാബി ശക്തി പുരസ്കാരം, എസ്.കെ. പൊറ്റെക്കാട് പുരസ്കാരം, മലയാറ്റൂർ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി. അഘോരശിവം, നേടിയ കഥപോലെ ജീവിതം, ഒരുപിടി വറ്റ്, വായേ പാതാളം, മേശവിളക്ക്, കലശം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശിക്കൂട്ടം, ഓർമകളുടെ പഗോഡ (യാത്രാവിവരണം), കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും തുടങ്ങിയവയാണു മുഖ്യകൃതികൾ. ആത്മകഥാംശമുള്ള കുറിപ്പുകളുടെ സമാഹാരമാണ് ‘ഖാദർ എന്നാൽ’.

കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിനു സമീപം ‘അക്ഷര’ത്തിലായിരുന്നു താമസം. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലേഖ. മരുമക്കൾ: കെ.സലാം (ബേബി കെയർ), സഗീർ അബ്ദുല്ല (ദുബായ്), സുബൈദ, ഷെരീഫ, റാഹില. സംസ്കാരം ഞായറാഴ്ച നടക്കും.

മാഞ്ചസ്റ്റർ ∙ ഫൈസർ ഫാർമസ്യുട്ടിക്കലിന്റെ കോവിഡ് പ്രതിരോധ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിൽ കൂടുതൽ മലയാളി ഡോക്ടർമാർ. മാഞ്ചസ്റ്ററിലെ താമസക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ ഡോ. ശ്രീദേവി നായരാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ഫൈസർ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രതിരോധം പൂർണമാകണമെങ്കിൽ ഇരുപത്തിയൊന്ന് ദിവസത്തിനുശേഷം രണ്ടാം ഡോസുകൂടി എടുക്കണം. ഡോക്ടർ അജികുമാർ കവിദാസൻ എന്ന മലയാളി ഡോക്ടറും വാക്സീൻ സ്വീകരിച്ചിരുന്നു.

സ്റ്റോക്ക്പോർട്ട് നാഷനൽ ഹെൽത്ത് സർവീസ് ഫൌണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറായ ശ്രീദേവി നായർ ഇന്ത്യയിൽനിന്നുള്ള പഠനത്തിനുശേഷം ഇംഗ്ലണ്ടിൽനിന്നും അയർലണ്ടിൽനിന്നും നിരവധി ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. ഓറോ -ഫേഷ്യൽ വിദഗ്ധയായ ഡോക്ടർ ഈ മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർക്ക് തികച്ചും ആകസ്മികമായാണ് വാക്സീൻ എടുക്കാനുള്ള അവസരം ലഭിച്ചത്. രോഗികൾക്ക് നൽകാനായി കൊണ്ടുവന്ന ആദ്യ വാക്സീനുകളിലെ ബാക്കിയായ മരുന്ന് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുകൂടി നൽകാൻ അധികൃതർ തീരുമാനിച്ചപ്പോഴാണ് ശ്രീദേവിനായർക്കു വാക്സീൻ സ്വീകരിക്കാനുള്ള അവസരം ലഭിച്ചത്. ആശുപതിയിൽ ചികിത്സക്കെത്തിയ എൺപതോളം രോഗികൾക്ക് കൊടുത്തതിനിശേഷം ബാക്കിവന്ന മരുന്നാണ് ഡോക്ടർക്കും സഹപ്രവർത്തകർക്കും ലഭിച്ചത്.

വാക്സീൻ സ്വീകരിച്ചതിനുശേഷം പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുംതന്നെ അനുഭവപ്പെടുന്നില്ലെന്നാണ് ശ്രീദേവി പറയുന്നത്. എന്തായാലും ഡിസംബർ മുപ്പത്തിയൊന്നിന് രണ്ടാം ഡോസുകൂടിയെടുത്തു പൂർണ പ്രതിരോധ ശേഷിയുമായി പുതുവർഷത്തിലേക്കു കടക്കാമെന്നാണ് ഡോക്ടർ ശ്രീദേവി നായർ പ്രതീക്ഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും നിരവധി സർക്കാർ ഏജൻസികളുടെയും അനുമതിയോടെ ഉപയോഗിക്കപ്പെടുന്ന മരുന്ന് കോവിഡ് വ്യാപനത്തിനൊരു അവസാനം കുറിക്കുമെന്നാണ് എല്ലാവരേയുംപോലെ ഡോ. ശ്രീദേവിയും വിശ്വസിക്കുന്നത്‌. ലണ്ടനിലെ റോയൽ ഇൻഫെർമറി ആശുപത്രിയിലെ ഡോക്ടറായ ഭർത്താവ് രഘു മണിയും മൂന്നു മക്കളും പങ്കുവെക്കുന്നതും ഈ പ്രതീക്ഷകൾ തന്നെ.

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച പോയ സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പും. ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഡ്രൈവറുടെ ലൈസന്‍സിന്നെതിരെ നടപടിക്ക് ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്റെഷന്‍ ഓഫ് ക്രുവല്‍റ്റി റു അനിമല്‍ ആക്ട് പ്രകാരവും കേസ് എടുത്തു.നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം അഖിലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്നത് കണ്ട അഖില്‍ വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇയാളോട് തട്ടിക്കയറുകയും തെറിവിളിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

നായയുടെ കഴുത്തില്‍ കുരുക്കിട്ടാണ് ഓടുന്ന കാറിന് പിന്നില്‍ കെട്ടിവലിച്ചത്. കാര്‍ ഓടുന്നതിനിടെ നായ തളര്‍ന്നുവീണിട്ടും റോഡിലൂടെ നായയെ കെട്ടിവലിച്ച് കാര്‍ മുന്നോട്ടുപോവുകയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ മറന്ന് ജനങ്ങളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചതിന് തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വ്യാപാര സ്ഥാപനത്തില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് വന്‍ ജനത്തിരക്കിനിടയാക്കി. വിവരമറിഞ്ഞ് നിരവധി പേരാണ് ഒഴുകിയെത്തിയത്. ഗുരുതര കൊവിഡ് ചട്ട ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.

ജൂലൈയില്‍ പോത്തീസിന്റെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു. തുടര്‍ച്ചയായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നഗരസഭ നല്‍കിയ മുന്നറിയിപ്പുകള്‍ സ്ഥാപനം ലംഘിച്ചിരുന്നു.

പോത്തീസിലെ 17 പേര്‍ക്ക് അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപനങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് പോലും ഞായറാഴ്ചകളില്‍ പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കല്‍ നടപടി

ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി അതില്‍ച്ചാടി ആത്മഹത്യക്കുശ്രമിച്ച വയോധികന്‍ മരിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോടാണ് സംഭവം. പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന്‍ നായര്‍ ആണ് മരിച്ചത്.

പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് 72കാരന്‍ മരിച്ചത്. എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു.

നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുംചേര്‍ന്ന് ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്. ഭാര്യ സുധയും ഏകമകന്‍ ഹരിയും രോഗബാധിതരായി പത്തുവര്‍ഷംമുന്‍പ് മരിച്ചിരുന്നു.

തുടര്‍ന്ന് രാഘവന്‍ നായര്‍ തനിച്ചായിരുന്നു താമസം. തലവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പ് നടത്തിയ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടെ രോഗവും അലട്ടിയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.അരുവിത്തറ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഖജാന്‍ജിയും എക്‌സ് സര്‍വീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.

അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ വച്ച് കല്യാണം. ഉത്തര്‍പ്രദേശിലാണ് സംഭവം. 53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായത്. പ്രദേശത്ത് സംഘടിപ്പിച്ച സമൂഹവിവാഹമാണ് അമ്മയുടേയും മകളുടെയും വിവാഹത്തിന് സാക്ഷിയായത്.

ഉത്തര്‍പ്രദേശിലെ ഖോരഗ്പൂരിലാണ് വിവാഹം നടന്നത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം. 53കാരി മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് പുനര്‍ വിവാഹം ചെയ്തത്.

53 വയസുള്ള ബേലി ദേവിക്ക് മൂന്ന് പെണ്മക്കള്‍ ഉള്‍പ്പെടെ അഞ്ചു മക്കളാണ് ഉള്ളത്. 25 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മരിച്ചത്. ഇളയ മകളുടെ കല്യാണത്തിന് ഒപ്പമാണ് ബേലി ദേവിയും പുതിയ ജീവിതം തുടങ്ങിയത്. 55 വയസുളള ജഗദീഷിനൊപ്പം അവശേഷിക്കുന്ന കാലം ജീവിക്കാന് ബേലി ദേവി തീരുമാനിക്കുകയായിരുന്നു.

27 വയസുള്ള ഇന്ദു 29 വയസുള്ള രാഹുലിനെയാണ് വിവാഹം ചെയ്തത്. മക്കള്‍ക്ക് അമ്മയുടെ വിവാഹത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല എന്ന് ഇന്ദു പറയുന്നു. സമൂഹ വിവാഹ പന്തലില്‍ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിക്ക് ചുട്ട മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

സംസ്ഥാന സര്‍ക്കാരിനെ കാലില്‍ ചുഴറ്റി അറബികടലില്‍ എറിയണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇതിന് മറുപടിയായി അറബി കടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണതെന്നും ഹരീഷ് പറഞ്ഞു. ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും. കളമറിഞ്ഞ് കളിക്കുകയെന്നും ഹരീഷ് പറഞ്ഞു.

നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം…എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും…കളമറിഞ്ഞ് കളിക്കുക…

ജോൺ കുറിഞ്ഞിരപ്പള്ളി

സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞ് ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്.പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു,കൂടെ ഒരു പരിചയമില്ലാത്ത ഒരാളും ഉണ്ട്.”ഇതെന്താ എല്ലാവരുംകൂടി?ചീട്ടുകളിക്ക് സമയമായില്ല.”

ഉടനെ അച്ചായൻ പറഞ്ഞു,”മാഷെ, നിങ്ങളെ തേടി വരുകയായിരുന്നു. ഇത് വർഗീസ്,ജോർജ് കുട്ടിയുടെ നാട്ടുകാരനാണ്. പുള്ളിക്ക് ഒരു പ്രശ്നം.നിങ്ങൾ നാട്ടുകാരല്ലേ, ഒന്നു പരിചയപ്പെടാം എന്ന് വിചാരിച്ചു കൂട്ടിക്കൊണ്ടു വന്നതാണ്.”

അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ വർഗീസ് നിന്നു.

“ഇവന്, അവൻ താമസിക്കുന്ന വീടിനടുത്തുള്ള ഒരു പെങ്കൊച്ചുമായി പ്രേമം.”

“പ്രേമിച്ചോ. ഞങ്ങൾ ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ? ഇനി അത് കലക്കണോ? “ജോർജ് കുട്ടി ചോദിച്ചു.

“””””””ഒന്ന് മിണ്ടാതിരി ജോർജ് കുട്ടി,അവർ പറയട്ടെ.”

വർഗീസിൻറെ പ്രേമഭാജനം കാണുമ്പോൾ ചിരിക്കും. എന്നാൽ അത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം.അതായതു തിങ്കളാഴ്ച ചിരിച്ചാൽ പിന്നെ ചൊവ്വാഴ്ച മൈൻഡ് ചെയ്യില്ല. പിന്നെ ബുധനാഴ്ച ചിരിക്കും. അങ്ങനെയുള്ള ഒരാളോട് എങ്ങനെ ഇഷ്ടമാണെന്ന് പറയും?”.

“അത് ശരി. അത് വെളുത്ത വാവ് കറുത്തവാവ് എന്നൊക്കെ കേട്ടിട്ടില്ലേ. അങ്ങനെ വാവ് വല്ലതും ആയിരിക്കും.”

“തമാശ കളയൂ ജോർജ് കുട്ടി,ഇവന് ഭയങ്കര പേടി. എന്തുചെയ്യണം എന്നറിയില്ല.”

“ഒരു കാര്യം ചെയ്യൂ ഞങ്ങൾക്ക് വിട്ടു തന്നേക്ക്. ഞങ്ങൾ ഒന്നു നോക്കട്ടെ.”

വർഗീസ് പറഞ്ഞു,”ചേട്ടാ ചതിക്കല്ലേ.”

“ഒരു കോളും കൊണ്ടുവന്നിരിക്കുന്നു. നാട്ടുകാരുടെ തല്ലു മേടിച്ചുകൂട്ടാൻ ഒരു പണി. അല്ലെങ്കിൽത്തന്നെ ജോർജ് കുട്ടി ആവശ്യത്തിന് പണി തരുന്നുണ്ട്.”ഞാൻ പറഞ്ഞു.

“ഇവനെ നമ്മുക്ക് ഒഴിവാക്കാം ഈ കേസ് ഞാൻ അനേഷിക്കാം. എൻ്റെ നാട്ടുകാരനായിപ്പോയില്ലേ.”ഇവനെ ഒന്നിനും കൊള്ളില്ല.”

എന്നെ പതുക്കെ കണ്ണിറുക്കി കാണിച്ചു.

“ഒന്നരാടൻ പ്രേമം,എന്ന് പേരിട്ടു നമുക്ക് ഒരു സിനിമ പിടിക്കാം. സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ”. സെൽവരാജൻ.

“കേസ് വിശദമായിട്ടു പഠിക്കണം. അത് ഇങ്ങനെ റോഡിൽ നിന്ന് സംസാരിക്കേണ്ട വിഷയമല്ല. ഒരു ചായയൊക്കെ കുടിച്ച് ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കേണ്ട വിഷയമാണ്. ഞങ്ങളുടെ വീട്ടിലേക്ക് പോകാമായിരുന്നു. ചായയുണ്ടാക്കാൻ വച്ചിരുന്ന പാല് പൂച്ച കുടിച്ചുപോയി.”

“നിങ്ങൾക്ക് പൂച്ചയുണ്ടോ?”

“ഞങ്ങൾക്കില്ല. അയൽവക്കത്തുകാർക്ക് ഉണ്ട്. പാവം പൂച്ചയല്ലേ എന്നു വിചാരിച്ചു കുടിക്കട്ടെ എന്ന് കരുതി.”

“അത് സാരമില്ല. നമുക്ക് ഹോട്ടലിൽ പോകാം”. വർഗീസ് പറഞ്ഞു.

ഹോട്ടൽ മഞ്ജുനാഥയിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി. എല്ലാവർക്കും ചായയും മസാലദോശയും വർഗീസ് ഓർഡർ ചെയ്തു. ചായകുടി കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”നമുക്ക് അല്പം നടന്നുകൊണ്ട് സംസാരിക്കാം.”

വർഗീസ് ബില്ല് പേ ചെയ്തു റെഡിയായി. ഞങ്ങൾ നടന്നു.

“അപ്പോൾ നമ്മളുടെ വിഷയം ഒന്നരാടൻ പ്രേമം ആണ്. എന്തുകൊണ്ടാണ് അവൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം പരിചയം കാണിക്കുന്നത്? ചിലപ്പോൾ ആ ദിവസങ്ങളിൽ വേറെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകും, എന്ന് ഞാൻ പറയുന്നില്ല. പക്ഷെ,ചാൻസ് ഉണ്ട്. “വർഗീസിൽ നിന്നും നെടുവീർപ്പ് ഉയർന്നു.

“ചങ്കിനിട്ടു കുത്താതെ ജോർജ് കുട്ടി.”

“അടി ഒന്നും ആയിട്ടില്ല,വടി വെട്ടാൻ പോയിട്ടേയുള്ളു.”ജോർജ് കുട്ടി പറഞ്ഞു.

“അടിയുണ്ടാകും അല്ലെ. എന്നാൽ ഞാനില്ല”സെൽവരാജൻ.

“എടാ മണ്ടാ,ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ?”

“അത് ശരി. എന്നാലും തല്ലുണ്ടാകാൻ സാധ്യത കാണുന്നുണ്ട്. ഇനി ചായ കുടിക്കുന്നുണ്ടോ?”

“എന്താ?”

“ഇല്ലെങ്കിൽ പോയേക്കാം എന്ന് വിചാരിച്ചു “.

“വർഗീസ്സ്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്”. ജോർജ് കുട്ടി പറഞ്ഞു.

“ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ?”.അച്ചായൻ.

“അത് ബൈബിളിലുള്ളതാ. ദിനകരനെ കോപ്പി അടിച്ചതാ, “ഞാൻ പറഞ്ഞു.

അച്ചായനെയും സെൽവരാജനേയും, വർഗീസ്സ് പറയുന്നത് സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിന് അന്വേഷണ കമ്മീഷൻ ആയി നിയമിച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഹോട്ടൽ മഞ്ജുനാഥയിൽ ഒരു ടേബിളിന് ചുറ്റുമിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യുക, എന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു.

ഒരാഴ്‌ച്ച വൈകുന്നേരത്തെ ചായകുടിയും മസാലദോശയും വർഗീസ് സ്പോൺസർ ചെയ്തു. കമ്മീഷൻ വർഗീസ്സ് പറയുന്നത് സത്യമാണ് എന്ന് മനസിലാക്കി റിപ്പോർട്ടും തന്നു. ഇനി എന്ത്? ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.

കാഥികൻ കൊല്ലം രാധാകൃഷ്ണനും ഗോപാലകൃഷ്ണനും സ്ഥലത്തെത്തി,ഒരു പുതിയ കഥയുമായി,പേര് ഒന്നരാടൻപ്രേമവും മസാല ദോശയും.കേസ് അന്വേഷണം പൂർത്തിയായിട്ടൂ മാത്രം പരസ്യമാക്കുകയുള്ളൂ എന്ന് ഒരു കരാറുണ്ടാക്കി തൽക്കാലം അവരെ ഒതുക്കി.

ഭാഗ്യം ഞങ്ങളെ തേടി വന്നു.

അടുത്ത ദിവസം നടക്കാനിറങ്ങിയപ്പോൾ ഞങ്ങളുടെ ഹൗസ്സ് ഓണറിന്റെ മകളും വർഗീസിന്റെ പ്രേമഭാജനവും ഒന്നിച്ചു നടന്നു വരുന്നു. ഹൗസ് ഓണറുമായിട്ടു വളരെ അടുപ്പത്തിലായിരുന്നു ഞങ്ങൾ. അവരുടെ കുടുംബാംഗങ്ങളെപ്പോലെ അവർ കരുതിവന്നു. ഞങ്ങളെ കണ്ടപാടെ മരിയ ചോദിച്ചു,”അണ്ണാ,ഈവനിംഗ് വാക്കിന് ഇറങ്ങിയതാണോ?”

“ഉം,ഇതാരാ ഒപ്പം?”

മരിയ ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ്. അവൾ പറഞ്ഞു,”ഇത് അന്ന,എൻ്റെ കൂടെ കംപ്യൂട്ടർ കോഴ്സ് പഠിക്കുന്നു. ഇവള് ട്വിൻസാണ്,കൂടെയുള്ളത് ബെന്ന. അവൾക്കു നാളെയാണ് ക്‌ളാസ് ”

പ്രശ്നം പരിഹരിച്ചു. അത് ഇരട്ട കുട്ടികളാണ്. അതിൽ അന്നയാണ് വർഗീസിനെ കാണുമ്പോൾ ചിരിച്ചുകാണിക്കുന്നത്.

വിവരം അറിഞ്ഞ വർഗീസ്സ് .”കർത്താവെ,ഞാൻ എങ്ങനെ അവരെ തമ്മിൽ തിരിച്ചറിയും?”

“ഏതായാലും തല്ലുകിട്ടും. പിന്നെയെന്തിനാ തിരിച്ചറിയുന്നത്?”സെൽവരാജന് അതാണ് സംശയം.

“അതിനു പണിയുണ്ട്.”

“എന്ത് പണി?” വർഗീസ്സ് .

“നാളെ ഇതേ സമയത്തു ഹോട്ടൽ മഞ്ജുനാഥയിൽ വച്ച് നമുക്ക് ചർച്ചചെയ്യാം.” വർഗീസ്സ് സമ്മതിച്ചു.

സാധാരണ ഞാനും ജോർജ് കുട്ടിയും വൈകുന്നേരം ഒന്നിച്ചു ഭക്ഷണം തയ്യാറാക്കും. ജോർജ് കുട്ടിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം. ഒന്ന് സഹായിച്ചുക്കൊടുത്തൽ മതി. സെൽവരാജനും അച്ചായനും അങ്ങനെ തന്നെയാണ്. ചില ദിവസങ്ങളിൽ സെൽവരാജൻ നേരത്തെ എത്തും. അപ്പോൾ പുള്ളി ഒറ്റയ്ക്ക് എല്ലാം ചെയ്യും. ഇന്ന് സെൽവരാജൻ നേരത്തെ വന്നതുകൊണ്ട് അച്ചായൻ ചോദിച്ചു,”എല്ലാം റെഡിയല്ലേ സെൽവരാജാ ,എനിക്ക് വിശക്കുന്നു.”

സെൽവരാജന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.”എല്ലാം റെഡി “,അവൻ പറഞ്ഞു,
“എന്താ നീ ചെയ്തത്?”
“കുടിക്കാൻ പാഷാണം കലക്കി വച്ചിട്ടുണ്ട്.”
“ഓ എനിക്ക് അല്പം പണിയുണ്ട്. നീ കുടിച്ചിട്ട് കിടന്നോ. ഞാൻ വന്നേക്കാം.” എല്ലാവരും ചിരിച്ചു.

അപ്പോൾ കാഥികൻ കൊല്ലം രാധാകൃഷ്ണനും വാല്,ഗോപാലകൃഷ്ണനും ഓടി വന്നു.”അപ്പോൾ നമുക്ക് കഥ ആരംഭിക്കാം അല്ലെ? സഹൃദയരെ ,ഞാൻ നിങ്ങളോടു പറയാൻ പോകുന്ന കഥയുടെ പേര്,അന്നയും ബെന്നയും. അതാ അങ്ങോട്ട് നോക്കൂ, എന്താണ് നമ്മൾ കാണുന്നത്?”

” ഓടിക്കോടാ , നമ്മൾ കാണുന്നത് എല്ലാവരും ഓടി രക്ഷപ്പെടുന്നത്. “ഞങ്ങൾ എല്ലാവരും ഓടി. അപ്പോഴും രാധാകൃഷ്ണനും ഗോപാലകൃഷ്ണ്ണനും പാടുന്നു,മാമലകൾക്ക് അപ്പുറത്ത് ………….”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 
RECENT POSTS
Copyright © . All rights reserved