ബിനോയ് എം. ജെ.
മനോസംഘർഷങ്ങൾ (conflicts) മന:ശ്ശാസ്ത്രത്തിന്റെ ഒരു പ്രധാന പഠനവിഷയമാണ്. മനോസംഘർഷത്തിൽ നിന്നും മാനസിക അസ്വസ്ഥതകളും, രോഗങ്ങളും, എല്ലാ തരത്തിലുമുള്ള ദുഃഖങ്ങളും ഉണ്ടാകുന്നു. മനോസംഘർഷം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മനോസംഘർഷങ്ങൾ എവിടെ നിന്നും വരുന്നു? അതിന്റെ കാരണവും പരിഹാരവും എന്താണ്? സാർവ്വലൗകീകമായ ഈ പ്രതിഭാസത്തിന് ഒരു പരിഹാരം നിർദ്ദേശിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. അത് മാനവരാശിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലും, സംസ്കാരത്തിൽ ഒരു പുത്തൻ സൂര്യോദയവും ആയിരിക്കും. ഈ പ്രതിഭാസത്തിലേക്ക് വിരൽ ചൂണ്ടുന്ന പല കണ്ടെത്തലുകളും ഇതിനോടകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനുള്ള ശാശ്വതമായ ഒരു പരിഹാരത്തിന്റെ അഭാവത്തിൽ മാനസിക അസ്വസ്ഥതകളും ജീവിത പ്രശ്നങ്ങൾ പൊതുവെയും ഇന്നും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് എല്ലാ ജീവിതപ്രശ്നങ്ങൾക്കുമുള്ള ശാശ്വതമായ ഒരു പരിഹാരമാണ്. ഭാരതീയ സംസ്കാരം ഈയൊരാശയത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികം ആർക്കും അറിവുള്ള കാര്യമല്ല. അവയാകട്ടെ പാശ്ചാത്യ മനസ്സിന് ഗ്രഹിക്കുവാൻ ആവാത്തവിധം ആത്രമാത്രം സങ്കീർണ്ണവും ആഴവും ഉള്ളതാണ്. സൂര്യനെ എത്ര നാൾ കൈപത്തികൊണ്ട് മറച്ചു പിടിക്കുവാനാകും? ഈ ആശയങ്ങൾ കാലാകാലങ്ങളിൽ പ്രകാശിക്കുകയും ആധുനിക മനുഷ്യന്റെ ജീവിതത്തിൽ ഗംഭീരമായ പുരോഗതികൾ കൊണ്ടുവരികയും ചെയ്യും.
മനോസംഘർഷങ്ങൾ എല്ലാവർക്കും തന്നെ ഉള്ളതിനാൽ അവയുടെയെല്ലാം പിറകിൽ അടിസ്ഥാനപരമായ ഒരു കാരണവും ഉണ്ടാവണം. മനുഷ്യൻ എപ്പോഴും സ്വന്തം ശരീരവുമായും മനസ്സുമായും താദാത്മ്യപ്പെടുവാൻ ശ്രമിക്കുന്നു. ‘ഞാൻ ഈ കാണുന്ന ശരീരമാണ്’, ‘ഞാനീ കാണുന്ന വ്യക്തിയാണ്’ എന്നും മറ്റും അവൻ സദാ ചിന്തിക്കുന്നു. അതേ സമയം ഈ ചിന്ത അത്ര ശരിയല്ലെന്നും തനിക്ക് മരണമോ അവസാനമോ ഇല്ലെന്നും ഉള്ളിലുള്ള ആത്മാവ് സദാ മന്ത്രിക്കുന്നു. എന്നാൽ അവന്റെ മനസ്സ് അത് സമ്മതിച്ചു കൊടുക്കുന്നില്ല. വാസ്തവത്തിൽ മനുഷ്യൻ ശരീരമനസ്സുകളാണോ? അതോ അതിലും ഉത്കൃഷ്ടമായ മറ്റെന്തെങ്കിലും ആണോ? അവൻ ശരീരമനസ്സുകളാണെങ്കിൽ തീർച്ചയായും മരിക്കും! ആ കാര്യത്തിൽ ഒരു സംശയവും വേണ്ടാ. അപ്പോൾ തനിക്ക് മരണമില്ലെന്ന് ഉള്ളിൽ നിന്നും ഒരു സ്വരം സദാ മന്ത്രിക്കുന്നതെന്തുകൊണ്ട്? ഇതിനൊരു വിശദീകരണം കൊടുക്കുവാൻ ഭൗതികതയിലൂന്നിയ പാശ്ചാത്യ ശാസ്ത്രങ്ങൾക്ക് കഴിയുകയില്ല. പാശ്ചാത്യ ചിന്താപദ്ധതി നാശത്തിലേക്കേ നയിക്കൂ. കാരണം അവരുടെ അഭിപ്രായത്തിൽ എല്ലാം ജഡമാണ്. മനുഷ്യനെ ഇപ്രകാരം ജഡമായി ചിത്രീകരിക്കുന്നത് മനുഷ്യവംശത്തിന്റെ ഉന്മൂലനാശത്തിലേക്കേ നയിക്കൂ.
ഇവിടുത്തെ പ്രശ്നം താദാത്മീകരണത്തിന്റെ(identification) പ്രശ്നമാണ്. താൻ അല്ലാത്ത എന്തെങ്കിലുമായി മനുഷ്യൻ താദാത്മീകരിക്കുമ്പോൾ അവന്റെ ജീവിതത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുവെന്ന സദ്ഗുരുവിന്റെ ആശയം ഇവിടെ എടുത്ത് പറയേണ്ടതാണ്. വാസ്തവത്തിൽ മനുഷ്യൻ ശരീരമോ മനസ്സോ അല്ല. മറിച്ച് അവൻ അത്മാവോ, ഈശ്വരനോ, സമഷ്ടിയോ ആണ്. അവനൊരു വ്യക്തി ബോധത്തെ വളർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും വാസ്തവത്തിൽ അവനൊരു വ്യക്തിയല്ല. ഈ വ്യക്തിബോധവും സമഷ്ടി ബോധവും തമ്മിൽ സദാ സംഘർഷത്തിൽ വരുന്നു. ഇതാണ് എല്ലാ മനോസംഘർഷങ്ങളുടെയും അടിസ്ഥാനം. താൻ നശ്വരനാണെന്ന് മനസ്സ് പറയുമ്പോൾ അനശ്വരനാണെന്ന് ആത്മാവ് പറയുന്നു. താൻ മരിച്ചു പോകുമെന്ന് ചിന്തിക്കുന്ന മനുഷ്യൻ മിഥ്യയിലാണ് ജീവിക്കുന്നത്. പിന്നീട് അങ്ങോട്ടൊരു പൊരുതലാണ്. മരണത്തെ ജയിക്കുവാനുള്ള പൊരുതൽ. നിലനിൽപിനുവേണ്ടിയുള്ള പൊരുതൽ. മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളും ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതിണ്. ആഹാരം സമ്പാദിക്കുന്നതും, വീട് കെട്ടുന്നതും, സുഖഭോഗങ്ങളിൽ മുഴുകുന്നതും എല്ലാം ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി മാത്രം. ഇനി അൽപം കൂടി ഉയർന്ന പടിയിൽ ഉള്ളവർ മാനസികമായ ആവശ്യങ്ങൾക്ക് വേണ്ടി പ്രയത്നിച്ചേക്കാം. അതിനപ്പുറത്തേക്ക് മനുഷ്യപ്രയത്നങ്ങൾ നീളുന്നില്ല. കാരണം അവൻ ശരീരമനസ്സുകളുമായി താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ശരീരം വീഴും! അത് വീണേ തീരൂ. അതോടൊപ്പം മനസ്സും തിരോഭവിക്കും. എത്രയോ ഘോരമായ ഒരവസ്ഥയാണിത്? ഇതിൽ നിന്നും കരകയറുവാൻ മാർഗ്ഗമില്ലെന്ന് ഭൗതികവാദിയായ മനുഷ്യൻ മൂഢമായി വിചാരിക്കുന്നു. എന്നാൽ ഈ കാണുന്ന മരണം തന്റെ ആത്മസ്വരൂപത്തെ സ്പർശിക്കുകപോലും ചെയ്യുന്നില്ലെന്ന് അവൻ അറിയുന്നില്ല. കാരണം ഞാൻ എന്ന സത്തക്ക് ജനന മരണങ്ങൾ സംഭവിക്കുന്നില്ല. ഞാൻ അനാദിയും അനന്തവും ആകുന്നു! ഞാൻ ആ സർവ്വേശ്വരനിൽ നിന്നും ഒട്ടും തന്നെ ഭിന്നനല്ല. ക്ലേശങ്ങൾ എന്നെ ബാധിക്കുന്നുമില്ല! ഞാൻ ശരീരമനസ്സുകളുമായി താദാത്മ്യപ്പെടുന്നതുകൊണ്ടാണ് ജനനമരണങ്ങളും ക്ലേശങ്ങളും എന്നെ ബാധിക്കുന്നത്. ക്ലേശങ്ങളിൽ നിന്നെല്ലാം ഒരു മോചനവുമുണ്ട്.
ഞാൻ ഈശ്വരൻ ആണെന്നുള്ള ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അപ്രകാരം ഒരു ബോധ്യത്തിലേക്ക് വരുമ്പോൾ ഞാൻ സത്യത്തിൽ എന്താണോ അതായിത്തീരുന്നു. അവിടെ ആശയക്കുഴപ്പങ്ങളും മനോസംഘർഷങ്ങളും തിരോഭവിക്കുന്നു. ഒരുവൻ ഒരിക്കൽ ഈശ്വരനോട് ഇപ്രകാരം പ്രാർത്ഥിച്ചു “അങ്ങയെ കാണാതെ ഞാൻ മരിക്കുകയില്ല”. അപ്പോൾ ഈശ്വരൻ ഇപ്രകാരം മറുപടിപറഞ്ഞു “എന്നെ കണ്ടു കഴിഞ്ഞാൽ പിന്നെ നീ മരിക്കില്ല”. അതെ! സ്വന്തം സത്തയെ കണ്ടെത്തുന്നവന് പിന്നെ മരണമില്ല. ഇത് മാത്രമാണ് അമർത്യതയിലേക്കും നിത്യജീവിതത്തിലേക്കും ഉള്ള വഴി. യേശു ദേവൻ പറയുന്നു “സത്യം അറിയുവിൻ; സത്യം നിങ്ങളെ സ്വതന്ത്രരാക്കും “. ഈ പ്രകൃതി തീർക്കുന്ന കെട്ടുപാടുകളിൽ നിന്നും മോചനം പ്രാപിക്കണമെങ്കിൽ ഞാനാ പ്രകൃതിയുടെ ഭാഗമല്ലെന്ന സത്യം അറിയേണ്ടിയിരിക്കുന്നു. ഞാൻ ഒരിക്കലും ജഡമോ പ്രകൃതിയോ ആയിരുന്നില്ല. എന്നാൽ ഞാനവയാണെന്ന് ചിന്തിച്ചുതുടങ്ങിയാൽ അവയെന്നെ ബാധിക്കുവാനും തുടങ്ങുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സുരേഷ് തെക്കീട്ടിൽ
മലയാളം യുകെയിൽ ഓണവിഭവങ്ങളായി വന്ന രചനകളിൽ ഏറ്റവും മുന്നിലായി സ്ഥാനമുറപ്പിക്കുന്ന കഥകളിൽ സ്ഥാനമുണ്ട് ശ്രീമതി .ലതാ മണ്ടോടിയുടെ “ക്ഷണപ്രഭാചഞ്ചലം ” എന്ന കഥയ്ക്ക് എന്ന് പറയാൻ രണ്ടാമത് ഒന്നാലോചിക്കേണ്ടതില്ല. പരിചയസമ്പന്നയായ ഒരു എഴുത്തുകാരിയെ ഓരോ വരിയിലും നമുക്ക് അറിയാം ,കാണാം, വായിക്കാം. ഈ കഥയുടെ തുടക്കം മുതൽ തന്നെ കഥ പറയുന്ന രീതിയുടെ പ്രത്യേകത വായനക്കാരനെ ആകർഷിക്കും. “കലണ്ടറിലെ വിശേഷാൽ പേജിൽ പ്രത്യേക വിശേഷങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു ഞായറാഴ്ച” ,”ഒറ്റപ്പെടലിൻ്റെ മുഷിപ്പും പേറിയുള്ള യാത്ര.” കഥയുടെ തുടക്കം തന്നെ ഗംഭീരമായാണ്. “അവളുടെ കണ്ണുകളിലെ കടൽ ചുഴികളെ ഞാൻ ഭയപ്പെട്ടു” തുടങ്ങി പുതുമയുള്ള നിരവധി
പ്രയോഗങ്ങളാലും, ചിലപ്പോഴെങ്കിലും മക്കൾ മാതാപിതാക്കളുടെ ഉടമസ്ഥരാകാറുണ്ട് തുടങ്ങിയ സത്യസന്ധമായ ഒട്ടേറെ ജീവിത നിരീക്ഷണങ്ങളാലും സമ്പന്നമാണ് രചന. പരിഗണനയില്ലാത്ത പദവികൾ അർത്ഥശൂന്യമാണ് എന്നും അതൊരിക്കലും ആനന്ദം തരില്ല
എന്നുമുള്ള വലിയ സത്യം പ്രഖ്യാപിക്കുക കൂടിയാണ് ഈ കഥ. ഇത് തന്നെയാണ് കഥയുടെ കാതൽ. ഒരിക്കൽ തൻ്റെ വേലക്കാരിയായിരുന്ന കഥാനായിക പ്രഭാവതിയെ തേടി അവരുടെ ഗ്രാമത്തിൽ എത്തുന്ന കഥാനായകൻ. അവിടെ നിന്നാണ് കഥയാരംഭിക്കുന്നത്. ഭംഗിയാർന്ന വിവരണങ്ങളിലൂടെ അവർ തമ്മിലുള്ള ബന്ധവും സൗഹൃദവും അനാവരണം ചെയ്യപ്പെടുന്നു. ആ പ്രായത്തിലും
പ്രഭാവതിയുടെ വിവാഹം കഴിഞ്ഞു എന്ന അറിവും ആ അറിവിന് പ്രഭാവതിയുടെ മകൻ്റെ സാക്ഷ്യപ്പെടുത്തലും അതിനയാൾ കണ്ടെത്തുന്ന ന്യായീകരണവും കഥാനായകൻ്റെ തിരിച്ചു പോക്കും ഭാര്യാ സ്ഥാനം ഉപേക്ഷിച്ച് വേലക്കാരിയാകാൻ തിരിച്ചെത്തുന്ന പ്രഭാവതിയും അതിനിടയിൽ വിവിധ കഥാപാത്രങ്ങളിലൂടെ വെളിവാകുന്ന ജീവിത നിരീക്ഷണങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. സംസാരഭാഷയിൽ തന്നെ അവതരിപ്പിക്കപ്പെടുന്ന ചില കഥാപാത്രങ്ങൾ കഥയെ ജീവസ്സുറ്റതും കൂടുതൽ രസകരവുമാക്കുന്നുണ്ട്. ഈ കഥയെ കുറിച്ച് കൂടുതൽ എഴുതണം എന്നുണ്ട് എന്നാൽ സ്ഥലപരിമിതി തടസ്സമാകുന്നു.
ശ്രീ.വിശാഖ് രാജ് എഴുതിയ “പ്ലാൻ ബി” എന്ന കവിത ഓണവിഭവങ്ങളിൽ തിടമ്പേറ്റി നിൽക്കുന്നു . ഈ രചന പകർന്നു തരുന്നത് തീർത്തും വ്യത്യസ്തമായ വായനാനുഭവമാണ്. മികവിന്റെ പാതയിലൂടെ സഞ്ചരിച്ച്,ഒരുപാട് വെളിച്ചം പകർന്നു തരുന്നുണ്ട് ഈ കവിത. “വിഷക്കുപ്പിയും മരണക്കുറിപ്പും പോക്കറ്റിൽ ഉണ്ട് കൈനോട്ടക്കാരനും അയാളുടെ തത്തയും അത് അറിഞ്ഞിട്ടില്ല. മരണത്തിനു മുമ്പ് ഒരാളെയെങ്കിലും വിഡ്ഢിയാക്കാൻ ആയല്ലോ. മറിച്ചായിരുന്നു ഇതുവരെ .”
കവിതയാരംഭിക്കുകയാണ്. പുതിയകാല കവിതയുടെ മാറിവരുന്ന രീതിയും മുഖവും കൃത്യതയോടെ ആവാഹിച്ചെടുക്കുന്നുണ്ട് ഈ രചന.തൊണ്ണൂറ്റേഴു വയസ്സുവരെ ആയുസ്സുണ്ടെന്നും ആയിരം പുസ്തകങ്ങൾ വായിച്ച അറിവിനെക്കാൾ അറിവുണ്ട് എന്നും കൈനോട്ടക്കാരൻ അറിയിക്കുമ്പോൾ പോക്കറ്റിൽ മിച്ചമുള്ള നോട്ടുകൾ അയാൾക്ക് നൽകിയാണിറങ്ങുന്നത് .എന്നാൽ മരണക്കുറിപ്പ് കാണുന്നില്ല. മരണക്കുറിപ്പും, വിഷക്കുപ്പിയും കൈനോട്ടക്കാരൻ എടുത്തതാകാനേ തരമുള്ളൂ.” വായിച്ചുകഴിഞ്ഞ ശേഷവും മനസ്സിൽ ആഴത്തിൽ പതിഞ്ഞ് കിടക്കുന്ന വരികൾ .
എത് കടുത്ത നിരാശയിലും ഒട്ടും ആധികാരിയില്ലാത്ത ഒരാളുടെ വാക്കിനു പോലും പ്രതീക്ഷകളെ ഉണർത്തി മുന്നോട്ടു ചലിക്കാനുള്ള ഊർജ്ജം നൽകാനാകും. ചിന്തകളെ ധാരണകളെ മാറ്റി മറയ്ക്കാനാകും. കവിത പറയാതെ പറയുന്നത് എത്ര വലിയ സന്ദേശമാണ്.
തത്ത ചുണ്ടിലെ ചീട്ടിൽ മുമ്പ് കാണാത്ത ദൈവം / മുപ്പത്തിമുക്കോടി വലിയ സംഖ്യ തന്നെ /
ഈ വരികൾ ഹൃദയത്തോട് ചേർത്ത് ഞാൻ സത്യസന്ധമായി പറയട്ടെ ഞാൻ ഈ എഴുത്തുകാരനെ നമിക്കുന്നു .മലയാള കാവ്യലോകത്ത് സ്വന്തമായി ഇരിപ്പിടം നേടാൻ പ്രാപ്തനാണ് ഈ കവി . അത് നേടും എന്ന കാര്യത്തിൽ തർക്കവുമില്ല. ആശംസകൾ.
ശ്രീമതി അനുജാ സജീവ് എഴുതിയ പൂക്കൾ എന്ന കഥ ഭംഗിയായി തുടങ്ങി അതേ ഭംഗിയോടെ പറഞ്ഞു കൊണ്ടു പോയി ഭംഗിയായി തന്നെ അവസാനിപ്പിക്കുന്നു. എന്തോ തട്ടി മറയുന്ന ശബ്ദം കേട്ട് നിത്യ ഉറക്കമുണരുന്നു. ഒരു വർക്ക് ചെയ്തു തീർക്കണം എന്ന് പറഞ്ഞ് എണീറ്റു പോയ ചിത്രകാരൻ കൂടിയായ വിനുവിനെ തിരയുന്നു. ചിത്രം വരക്കാനാണ് നായക കഥാപാത്രം പോകുന്നത്. ഈ “വർക്ക് ” എന്ന വാക്കിൽ ഒരു പാട് ഓർമ്മകൾ എന്നിലേക്ക് കടന്നു വന്നു .പട്ടാമ്പി നിളാതീരത്തുള്ള ശില്പചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ പഠനകാലം. വരയ്ക്കുന്ന ചിത്രത്തിന് “വർക്ക് ” എന്ന് തന്നെയാണ് ചിത്രകാരന്മാർ അവിടെ പറഞ്ഞിരുന്നത്. ജീവിതത്തിൽ വർണ്ണങ്ങളുടെ മായാജാലം സമ്മാനിച്ച ഒരു കാലത്തേക്ക് ഓർമ്മകൾ കൊണ്ടുപോയി ഈ പ്രയോഗം.
അവൾ വിനുവിനെ കാണുന്നില്ല എന്നാൽ വിനു വരച്ച ചിത്രം കാണുന്നു.
മഞ്ഞ നിറമുള്ള ചെമ്പകപ്പൂക്കൾ, ചുവപ്പുനിറമുള്ള ചെമ്പരത്തിപ്പൂക്കൾ തെച്ചിപ്പൂക്കൾ ,
മുല്ലപ്പൂക്കൾ പനിനീർ പൂക്കൾ പല നിറത്തിലുള്ള കാട്ടുപ്പൂക്കൾ തുടങ്ങി പൂക്കളുടെ ഒരു ആഘോഷം തന്നെ ആ ചിത്രത്തിലും അതുവഴിഈ കഥയിലും കടന്നു വരുന്നു. തിരക്കേറിയ പട്ടണത്തിൽ നിന്നും ഓർമ്മകൾ നാട്ടിലേക്കെത്തിക്കാൻ ആ ചിത്രത്തിനു സാധിക്കുന്നു. ബാല്യം.ഓണക്കാലം പൂക്കൾ പറിക്കാൻ പോയത് . ഉണ്ണിയേട്ടൻ, അപ്പു, ശങ്കരൻ ലക്ഷ്മിയേടത്തി.ആ പേരുകൾക്ക് പോലും ഓണച്ചന്തം . മൊട്ടുകൾ പറിക്കരുത് നാളേയ്ക്കും പൂക്കൾ വേണ്ടേ എന്ന ഉണ്ണിയേട്ടൻ്റെ പ്രസക്തമായ ചോദ്യം ഈ കഥയിൽ തെളിഞ്ഞു നിൽക്കുന്നു.
മനസ്സ് ഗ്രാമത്തിൽ അലയുമ്പോൾ പിന്നിൽ കാൽ പെരുമാറ്റം .ഒരു ചെമ്പകപ്പൂമാലയുമായി വിനു.
” എത്ര തവണ ആവശ്യപ്പെട്ടു ഇന്നെന്താ മാല കൊണ്ടാരു പ്രണയം?”
എന്ന ചോദ്യത്തിന് ഉത്തരം വരുന്നു.
” ഇന്ന് ഓണമാണ് തിരുവോണം” തിരുവോണത്തിൻ്റെ പ്രണയത്തിൻ്റെ സ്നേഹത്തിൻ്റെ എല്ലാം ഗൃഹാതുര ചിത്രം നന്നായി വരച്ചിടുന്ന കഥ.
ശ്രീ.ജേക്കബ്ബ് പ്ലാക്കൻ എഴുതിയ “ഓർമ്മപ്പൂക്കൾ ” എന്ന കവിതയിലെ വരികൾ മനോഹരം.പ്രാസ ഭംഗിയാലും ശ്രദ്ധേയം .
മൂന്നൂറിലധികം രചനകൾ ഈ എഴുത്തുകാരൻ്റേതായി വന്നിട്ടുണ്ട്. ഈ കവിതയും പരിചയസമ്പന്നതയും ഭാവനാ മികവും തെളിയിക്കുന്നു.
ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ / ഓമൽകിനാവിൻ തേൻ / ആവണി തണുനീർ മണിമുത്തിൽ വെയിൽ /
കവിത ആരംഭിക്കുകയാണ് മുറ്റത്തിന് ആരോ മുക്കുത്തിയിട്ട് പോലെ മിന്നി തിളങ്ങുന്ന പൂക്കളങ്ങൾ / കാറ്റിനോട് ആരോ പ്രണയം പറഞ്ഞപ്പോൾ തുള്ളിക്കളിക്കുന്ന പൂമരം/ കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പൻ്റെ തെയ്യാട്ടം/വെയിൽ മഴ എഴുത്താണി വിരലാൽ പുഴ മാറത്തൊത്തിരി ഇക്കിളി വൃത്തങ്ങൾ വരച്ചു
ഈ വരികളുടെ പുണ്യം ധന്യത ഏത് വാക്കിൽ വരിയിൽ കുറിച്ചാലാണ് പൂർണമാകുക.
കവി കാണുന്നത് മനസ്സിൽ, ഭാവനയിൽ നെയ്യുന്നത് എല്ലാം വ വായനക്കാർക്കും അതേപോലെ അനുഭവിക്കാനാകുന്നു. മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി എന്നിട്ടും അമ്മ മനസ്സിൽ ഉണ്ണിക്ക് പ്രായമാകുന്നില്ല എന്നുമെഴുതി ആകാശത്തിലെ നക്ഷത്രത്തിന്
പ്രായമുണ്ടോ? എന്ന ചോദ്യവും കവിതയിലൂടെ കവി ഉയർത്തുന്നു. വരികൾ പിന്നേയും ഒഴുകുന്നു .ഓണനിലാവിൻ്റെ ചന്തമോടെ .അഭിനന്ദനങ്ങൾ.
കുഗ്രാമത്തിൽ അമ്മയുടെ വീട്ടിൽ മുറ്റത്തു നിന്നു നോക്കിയാൽ അകലെ സൂര്യനസ്തമിക്കുന്ന ആകാശത്തിനു താഴെ സർപ്പക്കാവ്, കുളം വല്യവധിയ്ക്ക് വിരുന്നുചെല്ലുന്ന ബാല്യം. അക്കാലത്ത് മനസ്സിൽ പതിഞ്ഞ നിറം മങ്ങാത്ത ചിത്രങ്ങളാണ്
ശ്രീ . കെ .ആർ മോഹൻദാസ് തൻ്റെ കഥയിലൂടെ അവതരിപ്പിക്കുന്നത്. “കാവിലെ സന്ധ്യ ” എന്ന് പേരിട്ട കഥ പേരുപോലെതന്നെ ഗ്രാമവും സർപ്പക്കാവും അവിടെ ഇരുണ്ട പച്ച നിറമുള്ള വെള്ളം നിറഞ്ഞ കുളവും, ചേച്ചി എന്നു വിളിക്കുന്ന അമ്മാവൻ്റെ മകൾക്കൊപ്പം പിന്നിട്ട അവധികാലവും എല്ലാം രസകരമായ ഓർമ്മകളായി മുന്നിലേക്ക് എത്തിക്കുകയാണ്.
ശ്രീമതി. ശ്രീകുമാരി അശോകന്റെ “ഓണത്തുമ്പി പാടൂ ” എന്ന കവിത ലളിതമായ വരികളാലാണ്, രചിക്കപ്പെട്ടിരിക്കുന്നത്. ഒട്ടും ദുർഗ്രഹത സൃഷ്ടിക്കാതെ വായനക്കാർക്കിഷ്ടമാക്കുന്ന നിർമ്മലമായ സുന്ദരമായ ഒരു രചന. ഒരു ഓണക്കാലം തനിമയോടെ ആസ്വദിക്കുക എന്ന ലക്ഷ്യമാണ് ഈ കവിത യ്‌ക്കുള്ളത്. ആ ലക്ഷ്യവും ധർമവും ഈ കവിത നന്നായി നിർവ്വഹിക്കുന്നുണ്ട്.
ഈ അഭിപ്രായം തന്നെയാണ് ശ്രീമതി ശുഭ അജേഷിൻ്റെ “പെയ്തൊഴിയാതെ തന്ന കവിതയെ കുറിച്ചും എനിക്ക് പറയുവാനുള്ളത്. പറയാതെ പോകുന്നതെന്തേ / എൻ പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ / തമ്മിലറിയാതെ പിരിയുവതെങ്ങനെ / എൻ പ്രാണനകലാതെ സഖീ
അതെ ഓർമ്മകൾ മെല്ലെ പൂക്കുകയാണ് കവിയുടെ മനസ്സിൽ മാത്രമല്ല ആ ഓർമകൾ പൂക്കുന്നതും ഓരം ചേർന്ന് ഒഴുകുന്നതും ആസ്വാദക മനസ്സിലും കൂടിയാണ്.
മലയാളം യുകെ സമ്മാനിച്ചത് മറക്കാനാവാത്ത ഒരു ഓണക്കാലമാണ്. കഥകൾ കവിതകൾ, ലേഖനങ്ങൾ ഓർമ്മകൾ വിഭവസമൃദ്ധം അതി രുചികരംഈ അക്ഷര സദ്യ.
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
ടോം ജോസ് തടിയംപാട്
രണ്ടുദിവസത്തെ ലിവർപൂൾ സന്ദർശനവും ഒരാഴ്ചത്തെ യു കെ സന്ദർശനവും കഴിഞ്ഞു അഡ്വക്കേറ്റ് ജയശങ്കർ ഇന്ന് രാവിലെ മാഞ്ചെസ്റ്റെർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ടു . രണ്ടുദിവസം അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ പറഞ്ഞ തമാശകളും പൊട്ടിച്ചിരികളും നാട്ടിലെ രാഷ്ട്രീയക്കാരിലെ വിവരദോഷികളെ പറ്റിയും അഴിമതിക്കാരെ പറ്റിയും ഒക്കെ നർമ്മം നിറഞ്ഞ ഭാഷയിൽ വിവരിച്ചത് മറക്കാൻ കഴിയില്ല .
എന്തു ഭഷണം കൊടുത്താലും അത് പൂർണ്ണമായി കഴിച്ചു പത്രം കഴുകി വയ്ക്കണെമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ് അദ്ദേഹം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആ പാത്രം കാണുന്നതുതന്നെ ഒരു ഭംഗിയാണ് ഒരിറ്റു ഭക്ഷണം പോലും അതിൽ ബാക്കി കാണില്ല ഇങ്ങനെ ഭക്ഷണം കഴിക്കുന്ന രണ്ടാളുകൾ എന്റെ ഓർമ്മയിൽ ഉള്ളത്. ഇടുക്കിയിലെ കോൺഗ്രസ് നേതാക്കൾ ആയിരുന്ന കരിമ്പൻ ജോസും .സുലൈമാൻ റാവുത്തറും ആയിരുന്നു ഞാൻ അവരെ പറ്റി ജയശങ്കർ സാറിനോട് പറയുകയും ചെയ്തു. വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഞങ്ങളോടൊപ്പം ചീട്ടു കളിക്കുകയും വീട്ടിൽ അദ്ദേഹത്തെ കാണാൻ വന്നവരെ നന്നായി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
ഒന്നും രണ്ടും ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ ഭടന്മാരെ ഓർക്കുന്നതിനു വേണ്ടി കേംബ്രിഡ്ജ് കൗൺസിൽ മേയർ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ജയശങ്കർ യു കെ യിൽ എത്തിയത്. ഞങ്ങൾ മേയർ ബൈജു തിട്ടാലയോട് ലിവർപൂളിൽ അദ്ദേഹത്തെ ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിക്കുകയും തുടർന്ന് തന്നെ ഞാൻ സുഹൃത്തുക്കളായ തമ്പി ജോസ് ,ജോയ് അഗസ്തി, ഹരികുമാർ ഗോപാലൻ, എൽദോസ് സണ്ണി , ലാലു തോമസ് എന്നിവരുമായി സംസാരിച്ചപ്പോൾ അവരെല്ലാം വലിയ പിന്തുണയാണ് നൽകിയത് . അവരുടെ ശക്തമായ പിന്തുണകൊണ്ടു മൂന്നു ദിവസം കൊണ്ടു പരിപാടി മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു .
യാതൊരു തലക്കനവും ഇല്ലാതെ എല്ലാവരോടും സംവേദിക്കുന്ന ജയശങ്കർ സാറിനോട് സാജു പാണപറമ്പിൽ ചോദിച്ചു 1995 ൽ വക്കഫ് ബിൽ പാസാകുമ്പോൾ പാർലമെന്റിൽ എം പി മാർ എന്തെടുക്കയായിരുന്നു ? അദ്ദേഹം പറഞ്ഞ മറുപടി പാർലമെന്റ് ക്യാന്റീനിൽ ചെറിയ പൈസക്ക് കിട്ടുന്ന ശാപ്പാടടിച്ചു അവർ ഉറങ്ങുകയായിരുന്നു എന്നാണ് , ലിവർപൂൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച സാറിനെ ലിവർപൂൾ കാണിക്കാൻ വളരെ സന്തോഷപൂർവം മുൻപോട്ടു വന്നത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൺവീനർ സാബു ഫിലിപ്പ് ആയിരുന്നു .
ലിവർപൂൾ കാത്തീഡ്രലും രണ്ടാം ലോകമഹായുദ്ധത്തിൽ ബോംബുവീണു തകർന്ന പള്ളിയും, അടിമ മ്യൂസിയവും ,മരിറ്റൺ മ്യൂസിയവും ,ലിവർപൂൾ ഫുട്ബോൾ സ്റ്റേഡിയവും, സിറ്റി സെന്ററും എല്ലാം സാബു കൊണ്ടുപോയി കാണിച്ചു . പോയവഴിയിൽ അടിമ മ്യൂസിയം കണ്ടപ്പോൾ സാറിന്റെ മുഖത്തെ വേദന വായിച്ചെടുക്കാൻ കഴിഞ്ഞെന്നു സാബു ഫിലിപ്പ് പറഞ്ഞു .
ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തി ഭക്ഷണം കഴിച്ചതിനു ശേഷം വൈകുന്നേരം മാഞ്ചസ്റ്ററിലെ ഷോയ് ചെറിയാന്റെ വീട്ടിൽ എത്തി അവിടെ വിശ്രമിച്ചു ഇന്ന് ശനിയാഴ്ച രാവിലെ അദ്ദേഹം വിമാനം കയറിയപ്പോൾ ഒരു നല്ല വിനീതനും സരസനും ജ്ഞാനിയുമായ ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞ സന്തോഷമാണ് എന്റെ മനസിൽ നിറഞ്ഞുനിന്നത്.
ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിന്ന സന്ദീപ് വാര്യരെ തങ്ങള്‍ക്കൊപ്പം എത്തിച്ചത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ക്യാമ്പ്. ഇന്ന് രാവിലെ മാത്രമാണ് മുന്‍ ബിജെപി വക്താവ് കോണ്‍ഗ്രസിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
സാധാരണഗതിയില്‍ കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഉള്ളില്‍ നിന്ന് തന്നെ ചോരാറുണ്ടെങ്കിലും സന്ദീപിന്റെ കാര്യത്തില്‍ അതുണ്ടായില്ല. എഐസിസി നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനൊടുവിലാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് ക്യാമ്പിലെത്തിയത്.
ബിജെപിയുമായി തെറ്റി നിന്ന സന്ദീപ് സിപിഎമ്മിലേക്ക് എന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ എ.കെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സന്ദീപിനെ പ്രശംസിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നീട് സന്ദീപ് വാര്യര്‍ എങ്ങോട്ട് എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സിപിഎമ്മിലേക്കുള്ള സന്ദീപിന്റെ പ്രവേശനം നടക്കില്ലെന്ന് മനസിലാക്കിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയത്.
ആദ്യ ഘട്ടം മുതല്‍ തന്നെ എഐസിസി നേതൃത്വത്തിന്റെ ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടായിരുന്നു. പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറുമായി തെറ്റിയാണ് സന്ദീപ് പുറത്തേക്ക് പോയത്. പാര്‍ട്ടിക്കുള്ളില്‍ യുവാക്കളുടെ പിന്തുണയുണ്ടായിരുന്ന സന്ദീപിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി തയ്യാറാകാത്തത് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
സംസ്ഥാനത്തെ ബിജെപി വക്താവിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കഴിഞ്ഞത് ദേശീയതലത്തിലും ചര്‍ച്ചയാക്കാനാണ് എഐസിസി നീക്കം. സംസ്ഥാനത്തെ നേതാക്കള്‍ക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയേയും മറ്റൊരു നേതാവിനെയും സന്ദീപുമായി നേരിട്ട് സംസാരിക്കാന്‍ ചുമതലപ്പെടുത്തി. പാര്‍ട്ടിയിലെത്തിയ ശേഷമുള്ള പരിഗണനകളില്‍ എഐസിസി നേതൃത്വം തന്നെ നേരിട്ട് ഉറപ്പ് നല്‍കിയിരുന്നു.
സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വന്നത് യാതൊരു ഉപാധികളും ഉറപ്പുകളും ഇല്ലാതെയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തൃത്താല സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് സന്ദീപ് വാര്യര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഇതോടെയാണ് ഒറ്റപ്പാലം സീറ്റും ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനം എന്ന ഫോര്‍മുലയിലേക്ക് എത്തിയത്. കെപിസിസി ഭാരവാഹിത്വം സംബന്ധിച്ച് അടുത്ത പുനസംഘടനയില്‍ തന്നെ പരിഗണിക്കുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ ഇസ്രയേലി ദമ്പതികളെ അപമാനിച്ച് കടയില്‍ നിന്ന് ഇറക്കി വിട്ട കാശ്മീരി കടയുടമയുടെ കട അടപ്പിച്ചു. സ്ഥലത്തെ മറ്റ് വ്യാപാരികളുള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കശ്മീരി വ്യാപാരിയുടെ കട അടയ്ക്കുകയായിരുന്നു.
തേക്കടിയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇസ്രയേലി ദമ്പതികളെ അപമാനിച്ച് ഇറക്കിവിട്ടത്. ദമ്പതികള്‍ ഇസ്രയേലില്‍ നിന്നാണെന്നറിഞ്ഞതോടെ സാധനം തരാനാകില്ലെന്നും ഇറങ്ങിപ്പോകാനും കടയുടമ ദമ്പതികളോട് ആവശ്യപ്പെടുകയായിരുന്നു. കടയ്ക്ക് പുറത്തിറങ്ങിയ ഇസ്രയേലി ദമ്പതികള്‍ മറ്റ് കടക്കാരോട് കാര്യം പറയുകയും ഇതിനിടയില്‍ ദമ്പതികളെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തു.
ഡ്രൈവറുടെയും മറ്റ് കടക്കാരുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് കടയുടമ മാപ്പ് പറഞ്ഞെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും എത്തുകയും കേന്ദ്ര ഏജന്‍സികള്‍ വിവരം ആരായുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരികളും കശ്മീരി കടയുടമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കട അടച്ചു പൂട്ടുകയായിരുന്നു.
കാശ്മീരി കടയുടമ കടയിലെത്തുന്നവരുടെ രാജ്യവും പൗരത്വവുമെല്ലാം ചോദിച്ച് മുന്‍പും വിവാദത്തിലായ ആളാണെന്നും പറയുന്നു. ഇയാളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. സംഭവം ഇസ്രയേല്‍ എംബസിയുടെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യാന്തര മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയര്‍ലണ്ടിലെ നീനയില്‍ മലയാളി നഴ്സ് നിര്യാതയായി . നീനാ St.Conlons കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായിരുന്ന സീമാ മാത്യു (45 വയസ് )ആണ് നിര്യാതയായത് .തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്സണ്‍ ജോസിന്റെ ഭാര്യയാണ്. ഏതാനം നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നീനയിലെ സ്വഭവനത്തില്‍ വെച്ചാണ് സീമ ലോകത്തോട് വിട പറഞ്ഞത്.
മൂന്ന് മക്കളാണ് ജെയ്സണ്‍ -സീമാ ദമ്പതികള്‍ക്കുള്ളത്. ജെഫിന്‍ , ജുവല്‍ , ജെറോം .
വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്ന സീമയുടെ കുടുംബം നീനയിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു . തൊടുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴി മാത്യുവിന്റേയും മേരിയുടെയും മകളാണ് സീമ.ശ്രീജ,ശ്രീരാജ് എന്നിവർ സഹോദരങ്ങളാണ്. മകളുടെ രോഗവിവരം അറിഞ്ഞു മാതാപിതാക്കള്‍ അയര്‍ലണ്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു.
സീമാ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
റോമി കുര്യാക്കോസ്
കവൻട്രി: ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ് റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച ചർച്ചാ ക്ലാസുകൾ നയിച്ചത്.
ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ. വർക്കിങ്ങ് പ്രഡിഡന്റുമാരായ ബേബിക്കുട്ടി ജോർജ് സ്വാഗതവും മണികണ്ഠൻ ഐക്കാട് നന്ദിയും അർപ്പിച്ചു.
വളരെ ഗൗരവമേറിയ വിഷയമെങ്കിലും സരസവും ലളിതവുമായ അവതരണവും ശൈലിയും കൊണ്ട് പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റിയ ചർച്ചയിൽ, യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കാളികളായി. ഇരു പ്രഭാഷകരുടേയും മുപ്പത് മിനിറ്റ് വീതമുള്ള ക്ലാസുകക്ക് ശേഷം നടന്ന ചോദ്യോത്തര വേളയും ശ്രോദാക്കളുടെ പങ്കാളിത്തം കൊണ്ട് സജീവമായി.
ഒരിക്കല്‍ നെഹ്റു സ്വയം മുസ്ലീമായി ജനിക്കേണ്ടത് ആയിരുന്നു എന്നതടക്കം സംഘപരിവാറുകാർ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പെരുംനുണകളുടെ ലോകത്താണ് നാം ജീവിക്കുന്നതെന്ന് പറഞ്ഞ ജയശങ്കര്‍, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു അവതരിപ്പിച്ച രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാന ആശയങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകളുമാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം എന്നും അടിവരയിട്ടു.
ഇംഗ്ലണ്ടിലെ പഠനം വഴി നെഹ്‌റു ആര്‍ജ്ജിച്ച പൊതു ബോധവും ബ്രിട്ടന്‍ മുറുകെപിടിക്കുന്ന മതേതര മൂല്യവും ആഴത്തിൽ മനസിലാക്കിയ വ്യക്തിത്വം എന്ന നിലയിലാണ് മഹാത്മാ ഗാന്ധി അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് എന്ന വസ്തുതയും ജയശങ്കർ ഉയർത്തിക്കാട്ടി.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ് കമ്മ്യൂണിസത്തിന്റെ ശത്രുക്കള്‍ എന്ന് നെഹ്റു അടക്കമുള്ളവരുടെ ചിന്താധാരകളും ചർച്ചാവിഷയമായി. ഒരു മുസ്ലിം ഭൂരിപക്ഷ പ്രവിശ്യ എങ്കിലും ഇന്ത്യയിൽ വേണമെന്ന നെഹ്‌റു ഉയർത്തിപിടിച്ച മതേതരമൂല്യത്തിന്റെ മകുടോദാഹരണമാണ് മുസ്ലിം ഭൂരിപക്ഷ താഴ്‌വരയായ കശ്‍മീരിനെ ഇന്ത്യയോട് ചേർത്തത്. ഇത്തരത്തിലുള്ള മൂല്യബോധം നെഹ്‌റുവിനെ പോലെയുള്ള തികഞ്ഞ മതേതരവാദികളിലെ കാണുവാൻ സാധിക്കൂ എന്നും ജയശങ്കർ പറഞ്ഞു.
നെഹ്‌റുവിന്റെ ആശയങ്ങളും ചിന്തകളും ഇന്നും കാലികപ്രസക്തസങ്ങളാണെന്നും ഇന്നത്തെ ഇന്ത്യയിൽ ഈ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതും, അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത ബൈജു തിട്ടാല പറഞ്ഞു. വഖഫ് വിഷയത്തിൽ ആശങ്കയറിയിച്ച ശ്രോതാക്കൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.
പരിപാടിയിൽ പങ്കെടുത്തവർക്ക് ടിഫിൻബോക്സ് റെസ്റ്റോറന്റ് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ‘ഇവന്റ്സ് മീഡിയ’ ചർച്ചയുടെ ലൈവ് സ്ട്രീമിങ്ങും പ്രക്ഷേപണം ചെയ്യുകയുണ്ടായി.
ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഷ്‌റഫ് അബ്ദുള്ള, ജോർജ് ജോസഫ്, വിജീ പൈലി, സാബു ജോർജ്, ജോർജ് ജേക്കബ്, അജിത്കുമാർ സി നായർ, സി നടരാജൻ, ബേബി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
സുമേഷൻ പിള്ള
അയർലണ്ട് :കെ വി സി ഡബ്ലിൻ 15-ാം വാർഷികത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് വിജയികളായി. ക്ലബ് സെക്രട്ടറി ശ്രീ സാജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ഡെപ്യൂട്ടി ഇന്ത്യൻ അംബാസിഡർ ശ്രീ മുരുഗരാജ് ദാമോദരൻ ഭദ്രദീപം തെളിച്ചു ടൂർണമെന്റ് ഉത്ഘാടനം നിർവഹിച്ചു.
യൂറോപ്പ് , യുകെ, മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുമുള്ള മികച്ച പത്തു ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒരു തോൽവി പോലും ഏൽക്കാതെ ആണ് ഗ്രൂപ്പ് ചാമ്പ്യൻമാരായി കാർഡിഫ് ഡ്രാഗൻസ് സെമി ബെർത്ത് ഉറപ്പിച്ചത്. ലിവർപൂൾ ലയൺസ് ആണ് പൂൾ എ യിൽ സെമിയിൽ എത്തിയ രണ്ടാമത്തെ ടീം. ഒരുപാട് അട്ടിമറികൾ കണ്ട പൂൾ ബി മത്സരത്തിൽ നിന്നും ആതിഥേയരായ കെ വി സി ഡബ്ലിനും കെ വി സി ബിർമിങ്ങമും സെമിയിൽ എത്തി.
ഒന്നാം സെമിയിൽ കരുത്തരിൽ കരുത്തന്മാരായ കാർഡിഫ് ഡ്രാഗൻസിന് എതിരെ ശക്തമായ മത്സരം കാഴ്ച വെക്കാൻ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി താരമായ റിച്ചർഡ് കുര്യന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിന് സാധിച്ചു. കാർഡിഫിന്റെ പവർ ഹൗസ് ആയ ബിനീഷിന്റെ ടു സോണിൽ നിനുമുള്ള കടുത്ത പ്രഹരവും സർവീസ് മെഷീൻ അർജുൻ നടത്തിയ അക്രമണവും കാർഡിഫിന്റെ ഫൈനലിലേക് ഉള്ള വഴിയേ എളുപ്പമാക്കി. രണ്ടാം സെമിയിൽ കെ വി സി യുടെ സൂപ്പർ താരം പ്രിൻസിനെയും ഇന്ത്യൻ ആർമിയുടെ മുൻ താരമായ സുമിത്തിന്റെയും ശക്തമായ അക്രമണങ്ങളെ ഡിഫെൻസ് ഗെയിംലൂടെ ലിവർപൂലിന്റെ ദിനിഷും ഷാനുവും അവരുടെ വരുതിയിൽ കൊണ്ട് വന്നു.
ഫൈനലിൽ കാർഡിഫ് ഡ്രാഗൻസിനെ എതിരിട്ട ലിവർപൂളിനു പ്രധാന തിരിച്ചടി അവരുടെ പ്രധാന അറ്റാക്കറായ റോണിയുടെ ഇഞ്ചുറി ആയിരുന്നു. റോണിയുടെ അഭാവത്തിൽ സനിയും ജോർലിയും ഇടവേളകൾ ഇല്ലാതെ അറ്റാക്ക് ചെയ്തപ്പോൾ ബാക്ക് കോർട്ടിൽ നിന്നും തീതുപ്പുന്ന “വെയ്‌വ് “അറ്റാക്കുമായി ഷാനു കളം നിറഞ്ഞാടി. യൂറോപ്പിലെയും യുകെയിലെയും മികച്ച ബ്ലോക്കർമാരുടെ പട്ടികയിൽ ഉള്ള സിറാജ് എന്ന വന്മതിലും പൈപ്പ് അറ്റാക്കിലൂടെ ശിവത്താണ്ഡവവുമായി ശിവയും എല്ലാ സോണിലും മികച്ച പ്രകടനം നടത്തുന്ന വിഷ്ണുവും ഒത്തുചേർന്നപ്പോൾ കാർഡിഫിന്റെ തുടർച്ചയായുള്ള അഞ്ചാംമത് കിരീടത്തിന് അയർലണ്ട് സാക്ഷിയായി.
മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ നെടുതൂൺ അർജുനും ബ്ലോക്കറായി ദുബായ് ടീമിന്റെ അരുണും സെറ്റർ ആയി ലിവർപൂളിന്റെ ബോബിയും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തിൽ ക്ലബ് ജോയിൻ സെക്രട്ടറി ശ്രീ ജ്യോതിഷ്, പി ആർ ഒ ശ്രീ ജോമി, ശ്രീ സാംസൺ എന്നിവർ ചേർന്ന് സമ്മാനദനം നടത്തി. വിജയികൾക്ക് വേണ്ടി ഉള്ള ട്രോഫി കാർഡിഫ് ടീമിന്റെ ക്യാപ്റ്റൻ ജിനോയും ടീമിന്റെ മാനേജർ ശ്രീ ജോസ് കാവുങ്കലും ടീം പ്രസിഡന്റ് ശ്രീ ഡോ മൈക്കിൾ ജോസ് എന്നിവർ ചേർന്നു സ്വികരിച്ചു.കേരളക്കരയിലെ വോളിബോൾ മാമാങ്കങ്ങളെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു ടൂർണമെന്റ് നടത്തിയത്. നാട്ടിലെ പോലെ തന്നെ ഇപ്പോൾ യൂറോപ്പിലും വോളി ആരവങ്ങൾ തണുത്ത രാത്രികളെ പകൽ ആക്കുന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു.
കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്‌ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍നിന്നു ബത്തേരിയിലേക്കു പോകുന്ന വഴി പുലര്‍ച്ചെ നാലോടെ മലയാംപടി എസ് വളവിലാണ് കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ ബസ് മറിഞ്ഞത്. 14 പേരാണ് ബസിലുണ്ടായിരുന്നത്. ഒമ്പതുപേരെ പരുക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ എറണാകുളം സ്വദേശികളായ ഉമേഷ് (39), ബിന്ദു (56) സുരേഷ് ( 60 ), വിജയകുമാര്‍ (52), കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍ (43), കായം കുളം സ്വദേശികളായ ഉണ്ണി (51ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കല്‍ സ്വദേശി സുഭാഷ് (59) എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രയില്‍ നിടുംപോയില്‍ വഴി ചുരം കയറിയ വാഹനം റോഡ് ബ്ലോക്കാണെന്ന് മനസിലാക്കി ഏലപ്പീടിക മലയാംപടി റോഡ് വഴി കേളകത്തേക്കു പോകവെയാണ് അപകടം.