വൈദ്യുതാഘാതമേറ്റ് ചത്തനിലയില്‍ കണ്ടെത്തിയ മയിലിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കോയമ്പത്തൂര്‍ ശിങ്കനല്ലൂര്‍ പോലീസാണ് ദേശീയ പതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതി നല്‍കി വനപാലകരെ ഏല്‍പ്പിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
കോയമ്പത്തൂര്‍ എസ്‌ഐഎച്ച്എസ് കോളനി പെട്രോള്‍ പമ്പിന് സമീപമുള്ള ട്രാന്‍സ്ഫോമറിലാണ് ഏകദേശം മൂന്നു വയസ്സുള്ള മയില്‍ കുടുങ്ങിയത്. പ്രകൃതിസ്നേഹിയായ കന്തവേലന്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ സുകുമാരന്‍ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് മയിലിനെ പുറത്തെടുത്തു.
കൂടിനിന്നവരുടെ മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ പതാക പുതപ്പിച്ച് ശേഷം സല്യൂട്ട് നല്‍കി മധുക്കര വനപാലകര്‍ക്ക് സംസ്‌കരിക്കാനായി ഏല്‍പ്പിക്കുകയും ചെയ്തു.
അതേസമയം, ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന ദേശീയപക്ഷിയായ മയിലിന് മരണം സംഭവിച്ചാല്‍ പ്രോട്ടോകോള്‍ പ്രകാരം ദേശീയപതാക പുതപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് വടക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ മയില്‍ ചത്തപ്പോള്‍ ദേശീയ പതാക പുതപ്പിച്ച് ബഹുമതി നല്‍കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കോയമ്പത്തൂരില്‍ പോലീസ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കടലില്‍ പോകുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആരും മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് ഒരു വിഭാഗവും പോകണമെന്ന് മറ്റൊരു വിഭാഗവും പറഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് സ്ഥലത്ത് എത്തി ലാത്തി വീശിയാണ് സംഘര്‍ഷക്കാരെ ഒഴിവാക്കിയത്.
അതേസമയം മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
ഇടുക്കി∙ കോവിഡ് വ്യാപനത്തിനിടയിൽ ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ നിശാപാര്‍ട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. 250 ലേറെപ്പേരാണ് പാർട്ടിയിൽ പങ്കെടുത്തതെന്നാണ് വിവരം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ജൂണ്‍ 28 നായിരുന്നു ഉടുമ്പന്‍ചോലയില്‍ ശാന്തൻപാറയ്ക്കു സമീപമുള്ള റിസോർട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. പുതിയതായി തുടങ്ങിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം നടത്തിയത്. അന്യ സംസ്ഥാനത്തു നിന്നാണ് ഡാൻസ് ചെയ്യാൻ പെൺകുട്ടിയെ എത്തിച്ചത്.
രാത്രി എട്ടിനു തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുനിന്നു. സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷരാവിൽ പങ്കെടുത്തു.
നിശാപാർട്ടിയിൽ പങ്കെടുത്തവർ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ നിശാപാർട്ടി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചെന്നു വിഡിയോയിൽ വ്യക്തമാണ്.
കോട്ടയം: കേരളകോൺഗ്രസ് ജോസ് വിഭാഗം ഇടത്തോട്ട് ചായുമോ അതോ യു.ഡി.എഫിൽ തിരിച്ചു കയറുമോ എന്ന് രാഷ്ടീയ കേരളം ചർച്ച ചെയ്യുന്നതിനിടെ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ദൂതൻ ജോസ് കെ. മാണിയുമായി ബന്ധപ്പെട്ടതായറിയുന്നു. കെ.എം.മാണിയുമായി ആത്മബന്ധമുള്ള സീനിയർ കേൺഗ്രസ് നേതാവ് എ.കെ.ആന്റണി മുൻകൈ എടുത്തായിരുന്നു ഈ നീക്കം.
രണ്ട് പാർലമെന്റംഗങ്ങൾ ഉള്ള യു.പി.എ ഘടക കക്ഷിയാണ് ജോസ് വിഭാഗം. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതിലെ വേദന ദൂതനുമായി ജോസ് പങ്കുവച്ചു. പ്രശ്നത്തിൽ ദേശീയ തലത്തിൽ ഇടപെടലുണ്ടാവുമെന്ന സൂചനയാണ് നൽകിയതെന്നറിയുന്നു. കോൺഗ്രസ് സംസ്ഥാന നേതാക്കൾ സ്വരം മയപ്പെടുത്തിയതും ഇതിന്റെ തുടർച്ചയായാണ് ജോസ് കാണുന്നത്.
അതേസമയം, യു.ഡി.എഫിലേക്ക് പെട്ടെന്നൊരു തിരിച്ചു പോക്കിനോട് പല നേതാക്കളും താത്പര്യം കാണിക്കുന്നില്ല. പോയാൽ ഒപ്പമുണ്ടാകില്ലെന്നു പറഞ്ഞ ജോസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ നേതാക്കളുമുണ്ട്. ഇടതു മുന്നണി പ്രവേശനത്തിലും അഭിപ്രായവ്യത്യാസമുണ്ട്.
അടിമാലി: പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വ്യാപാരിയില്‍നിന്നു തട്ടിയെടുത്ത സംഭവത്തില്‍ അഭിഭാഷകനും യുവതിയും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. അടിമാലി ബാറിലെ അഭിഭാഷകനായ ചാറ്റുപാറ മറ്റപ്പിള്ളില്‍ ബെന്നി മാത്യു (56), ഇരുമ്പുപാലം പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയില്‍ ഷൈജന്‍ (43), പടിക്കപ്പ് തട്ടായത്ത് ഷെമീര്‍ (38), കല്ലാര്‍കൂട്ടി കത്തിപ്പാറ പഴക്കാളിയില്‍ ലതാ ദേവി (32) എന്നിവരെയാണ് അടിമാലി സി.ഐ. അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ടൗണിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ചെരുപ്പു വ്യാപാരം നടത്തുന്ന പുളിയിലക്കാട്ട് വിജയനാണു തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ”കഴിഞ്ഞ ജനുവരി 26നു വിജയന്റെ വീട്ടില്‍ ഒന്നാം പ്രതി ലതയെത്തി. വിജയന്റെ ബന്ധുവിന്റെ ഒന്‍പതര സെന്റ് ഭൂമി വാങ്ങാനെന്ന പേരിലായിരുന്നു സന്ദര്‍ശനം. സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ലത ഫോണില്‍ പകര്‍ത്തി. ഫെബ്രുവരി നാലിനു റിട്ട. ഡി വൈ .എസ്.പിയെന്നു പരിചയപ്പെടുത്തി ഷൈജന്‍ വിളിച്ചു വിജയനെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശമുണ്ടെന്നും അറിയിച്ചു. സംഭവം ഒതുക്കിത്തീര്‍ക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. പണം അഭിഭാഷകനായ ബെന്നിയെ ഏല്‍പിക്കാനും നിര്‍ദേശിച്ചു.
വിജയന്‍ പിറ്റേന്ന് എഴുപതിനായിരം രൂപയുമായി ബെന്നിയുടെ ഓഫീസിലെത്തി. ഡി വൈ .എസ്.പി. വിളിച്ചു പറഞ്ഞ പണമല്ലേ എന്ന ചോദ്യത്തോടെ ബെന്നി അതു വാങ്ങി. പിന്നീട് പലപ്പോഴായി പ്രതികള്‍ വിജയനെ ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ വാങ്ങിയെടുത്തു. ഫെബ്രുവരി 10നു കേസിലെ മറ്റൊരു പ്രതിയായ ഷെമീറിന്റെ വാഹനത്തില്‍ വിജയനെ കൊണ്ടുവന്നു ബെന്നിയുടെ ഓഫീസില്‍വച്ച് ഏഴു ലക്ഷം രൂപ മൂന്നു ചെക്കുകളിലായി ബലമായി എഴുതി വാങ്ങി. ഭീഷണി തുടര്‍ന്നതോടെയാണു വിജയന്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.
െഹെക്കോടതി ജഡ്ജിയെന്ന പേരിലും വിജയനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേര്‍ക്കുകൂടി പങ്കുള്ളതായി സൂചനയുണ്ട്. അതിനിടെ, പതിനാലാം മൈല്‍ മച്ചിപ്ലാവ് സ്വദേശി ജോയി എന്നയാളില്‍നിന്നു സമാനമായ രീതിയില്‍ കാല്‍ ലക്ഷം രൂപ ഇതേ സംഘത്തിലെ മൂന്നു പേര്‍ ചേര്‍ന്ന് അപഹരിച്ചതായി മറ്റൊരു കേസ് ഇന്നലെ പോലീസ് രജിസ്റ്റര്‍ ചെയ്തു.
ആദിവാസി സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണി മുഴക്കിയാണ് ഈ തട്ടിപ്പ് നടത്തിയത്. 2017 സെപ്റ്റംബര്‍ 18നു കല്ലാര്‍കുട്ടിയിലെ പോസ്റ്റ്മാസ്റ്ററായിരുന്ന കമ്പിളികണ്ടം സ്വദേശിയെ ഭീഷണിപ്പെടുത്തി എഴുപതിനായിരം രൂപ തട്ടിയെടുത്തതും ഇതേ കേസിലെ പ്രതികളായ ലതയും ഷൈജനും ചേര്‍ന്നാണെന്നു പോലീസ് പറഞ്ഞു. മേഖലയില്‍ നിരവധി തട്ടിപ്പുകള്‍ ഇതേ സംഘം നടത്തിയതായി സൂചനയുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവുമധികം കോവിഡ് കേസുകൾ മലപ്പുറം ജില്ലയിൽ. പുതുതായി 37 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ച ദിവസമായ ഇന്ന് 14 ജില്ലകളിലും പുതിയ രോഗികളുണ്ട്. മൊത്തം 2129 പേരാണ് ചികിത്സയിലുള്ളത്.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും ഒരാള്‍ പുണെയില്‍നിന്നുമാണ് എത്തിയത്. നാലു പേര്‍ ഹോം ക്വാറന്റീനിലും രണ്ടു പേര്‍ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റി ബോഡി പരിശോധനാ ഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ഇവരില്‍ ഒരാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്.
ഇടുക്കി ജില്ലയിൽ 2 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 24ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ അടിമാലി സ്വദേശി (32), ജൂൺ 22 നു ഡൽഹിയിൽ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശിനി (28) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ രോഗമുക്തരായി.
കുട്ടനാട് സ്വദേശിനിയായ നഴ്‌സ് സൗദിയില്‍ മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് 9–ാം വാര്‍ഡ് പൊള്ളയില്‍ സുരേന്ദ്രന്റെയും ശകുന്തളയുടെയും മകള്‍ പി.എസ്. സുജ (26) ആണു മരിച്ചത്. സൗദിയിലെ അല്‍റാസ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ജൂണ്‍ 14നു തലവേദനയെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ബോധരഹിതയായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെന്റിലേറ്ററിലായിരുന്നു.
ചികിത്സയിലിരിക്കെ 2ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. 3 തവണ കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു സൗദിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. സഹോദരി: മായ റിഗേഷ്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ രാഷ്‌ട്രീയ മനസും കാഴ്‌ചപ്പാടും എന്താണെന്ന് അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ സർവേ ഫലം പുറത്തുവിട്ടു. ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്നൊരുക്കിയ സമഗ്രമായ അഭിപ്രായ സര്‍വേയുടെ ഫലവും വിലയിരുത്തലുകളും ഇന്ന് 7.30 നാണ് ആരംഭിച്ചത്.
കെ.എം.മാണിയുടെ നിര്യാണവും കേരള കോൺഗ്രസിലെ പിളർപ്പും യുഡിഎഫിന് ക്ഷീണം ചെയ്യുമോ ? എന്നായിരുന്നു സർവേയിലെ ആദ്യ ചോദ്യം. യുഡിഎഫിന് ‘ക്ഷീണം ചെയ്യും’ എന്ന് 46 ശതമാനം പേർ പറഞ്ഞപ്പോൾ 28 ശതമാനം പേർ ‘ഇല്ല’ എന്ന് പറഞ്ഞു.
മുസ്‌ലിം ലീഗും കേരള കോൺഗ്രസും യുഡിഎഫിൽ തുടരുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ‘തുടരും’ എന്ന് 49 ശതമാനം പേരും അഭിപ്രായപ്പെട്ടു. ‘തുടരില്ല’ എന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേരും.
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനു നൽകുന്ന മാർക്ക് എത്ര? ഈ ചോദ്യത്തിനു സർവേയിൽ പങ്കെടുത്തവർ നൽകിയ മറുപടി വളരെ മികച്ചത്: ഒൻപത് ശതമാനം, മികച്ചത്-45 ശതമാനം, തൃപ്‌തികരം-27 ശതമാനം, മോശം-19 ശതമാനം
സർവേയിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്; കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രകടനമാണോ നടത്തുന്നത് ? എന്നതായിരുന്നു ആ ചോദ്യം. സർക്കാർ പ്രവർത്തനങ്ങൾ ‘വളരെ മികച്ചത്’ എന്ന് 15 ശതമാനം പേർ അഭിപ്രായപ്പെട്ടു. ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടത് 43 ശതമാനം പേരാണ്. ഭേദപ്പെട്ടത് എന്ന് അഭിപ്രായപ്പെട്ടത് 26 ശതമാനം പേർ. എന്നാൽ, മോശം എന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേർ മാത്രം.
കോവിഡ് കാലത്തെ മുന്നണി പ്രവർത്തനവും വിലയിരുത്തി. അതിൽ യുഡിഎഫ് മുന്നണിയുടെ പ്രവർത്തനം വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ടത് നാല് ശതമാനം പേർ മാത്രം. ബിജെപിയുടെ പ്രവർത്തനം വളരെ മികച്ചതെന്ന് പറഞ്ഞത് ഏഴ് ശതമാനം പേർ.
കോവിഡ് കാലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തെ വിലയിരുത്തി. മുഖ്യമന്ത്രിയുടെ പ്രകടനം ‘വളരെ മികച്ചത്’ എന്ന് 16 ശതമാനം പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരും മുഖ്യമന്ത്രിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടു. തൃപ്‌തിപ്പെടുത്തുന്നത് എന്ന് അഭിപ്രായപ്പെട്ടത് 17 ശതമാനം ആളുകളാണ്. എന്നാൽ, പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേർ മാത്രമാണ്. കോവിഡ് കാലത്തെ പ്രകടനം മുഖ്യമന്ത്രിയുടെ മതിപ്പ് ഉയർത്തിയോ എന്ന ചോദ്യത്തിനു 84 ശതമാനം ആളുകളും മതിപ്പ് ഉയർത്തി എന്നാണ് പറഞ്ഞത്. താഴ്‌ത്തി എന്ന് പറഞ്ഞത് 14 ശതമാനം പേർ മാത്രം.
മുഖ്യമന്ത്രിക്കു ശേഷം മറ്റ് രാഷ്‌ട്രീയ നേതാക്കളെ വിലയിരുത്തുന്ന ചോദ്യവും സർവേയിൽ ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വളരെ മികച്ചത് എന്നു അഭിപ്രായപ്പെട്ടവർ വെറും ആറ് ശതമാനം പേർ മാത്രം. മികച്ചത് എന്നു അഭിപ്രായപ്പെട്ടവർ 13 ശതമാനം പേർ. 33 ശതമാനം പേർ തൃപ്‌തികരം എന്നു പറഞ്ഞപ്പോൾ 47 ശതമാനം പേരും മോശം എന്നാണ് അഭിപ്രായപ്പെട്ടത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വളരെ മികച്ചത്-രണ്ട് ശതമാനം
മികച്ചത്-18 ശതമാനം
ഭേദപ്പെട്ടത്-37 ശതമാനം
മോശം-43 ശതമാനം
ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ
വളരെ മികച്ചത്-അഞ്ച് ശതമാനം
മികച്ചത്-18 ശതമാനം
തൃപ്‌തികരം-40 ശതമാനം
മോശം-37 ശതമാനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുല്ലപ്പള്ളിയുടെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 39 ശതമാനം പേർ. പ്രതിച്ഛായ മോശമാക്കിയെന്ന് അഭിപ്രായപ്പെട്ടത് 61 ശതമാനം. ചെന്നിത്തലയുടെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 43 ശതമാനം പേർ. മോശമെന്ന് അഭിപ്രായപ്പെട്ടത് 57 ശതമാനം പേർ. കെ.സുരേന്ദ്രന്റെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 56 ശതമാനം പേർ. മോശമാക്കിയെന്ന് അഭിപ്രായപ്പെട്ടത് 44 ശതമാനം പേർ മാത്രം.
ആരോഗ്യമന്ത്രി കെ.കെ.ശെെലജയ്‌ക്ക് സർവേയിൽ മികച്ച സ്വീകാര്യത ലഭിച്ചു. കെ.കെ.ശെെലജയുടെ പ്രകടനം ‘വളരെ മികച്ചത്’ എന്ന് 38 ശതമാനം പേർ അഭിപ്രായപ്പെട്ടു. ‘മികച്ചത്’ എന്ന് 43 ശതമാനം പേർ പറഞ്ഞു. ‘തൃപ്‌തികരം’ എന്ന് അഭിപ്രായമുള്ളത് 16 ശതമാനം പേർക്ക്. എന്നാൽ, ‘മോശ’മെന്ന് പറഞ്ഞത് വെറും മൂന്ന് ശതമാനം ആളുകൾ.
2021 ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കണം എന്ന ചോദ്യത്തിനു 47 ശതമാനം പേരും ഉമ്മൻചാണ്ടി വേണമെന്ന് അഭിപ്രായപ്പെടുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാർഥി ആവണമെന്ന് 13 ശതമാനം പേരും മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി സ്ഥാനാർഥി ആവണമെന്ന് 12 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 28 ശതമാനം പേർ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ട് ദിവസങ്ങളിലായാണ് സര്‍വേ ഫലം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. സംസ്ഥാനത്തെ 50 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 10,409 പേരിൽ നിന്നാണ് സര്‍വേ സാംപിളുകൾ ശേഖരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. നാളെയും സർവേ ഫലം പുറത്തുവിടുന്നത് തുടരും. ജൂൺ 29 വരെയുള്ള സർവേ ഫലമാണിത്.
യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്‌ലിം ലീഗ്-ജമാ അത്ത് ഇസ്‌ലാമി-എസ്‌ഡിപിഐ കൂട്ടുക്കെട്ടിലൂടെ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. വർഗീയ കൂട്ടുക്കെട്ടുകളെ തോൽപ്പിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും അതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
“യുഡിഎഫ് പ്രതിസന്ധിയിലാണ്. വർഗീയ ധ്രുവീകരണത്തിനു ശ്രമങ്ങൾ നടക്കുന്നു. അടുത്തുവരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജമാ അത്ത് ഇസ്‌ലാമി, എസ്‌ഡിപിഐ പാർട്ടികളുമായി യോജിക്കാൻ ആലോചനകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. വർഗീയ കൂട്ടുക്കെട്ടുകളെ തോൽപ്പിക്കണം. ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കരുത്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിപ്പ് വളർത്തിയെടുക്കണം. മതനിരപേക്ഷ നിലപാടിനെ ശക്തിപ്പെടുത്തി വർഗീയ ധ്രുവീകരണ ശക്തികളെ തോൽപ്പിക്കാൻ ഇടതുമുന്നണി പരിശ്രമിക്കും. അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ സെക്രട്ടറിയേറ്റിൽ തീരുമാനമായിട്ടുണ്ട്,” കോടിയേരി പറഞ്ഞു.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തോടുള്ള നിലപാടും കോടിയേരി വ്യക്തമാക്കി. യുഡിഎഫിലെ ആഭ്യന്തര സംഘർഷമാണ് ജോസ് കെ.മാണിയെ പുറത്താക്കാൻ കാരണം. ജോസ് കെ.മാണി ആദ്യം രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കണം. ജോസ് കെ.മാണി നിലപാട് പ്രഖ്യാപിച്ചശേഷം മാത്രമേ ഇടതുമുന്നണിയിൽ ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യൂ. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം അവരോടുള്ള സമീപനം വ്യക്തമാക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ.മാണി വിഭാഗവുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെയൊരു ചർച്ചയ്‌ക്ക് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയെ സമീപിച്ചിട്ടുമില്ല. അതുകൊണ്ട് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് അവരോടുള്ള സമീപനം ഇടതുമുന്നണി ചർച്ച ചെയ്യുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിലും കോടിയേരി നിലപാട് വ്യക്തമാക്കി.” ‘ഒരു ദിവസം ആരോപണം ഉന്നയിക്കുന്നു, താെട്ടടുത്ത ദിവസം അത് പിൻവലിക്കുന്നു’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നത് ഇതാണ്. ആരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസം വന്ന് സർക്കാർ പറഞ്ഞതാണ് ശരിയെന്ന് പറയേണ്ടിവരുന്നു. ചെന്നിത്തലയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ കൊണ്ടുവരട്ടെ. തെളിവുകൾ ഉണ്ടെങ്കിൽ വിജിലൻസിനെയോ മറ്റ് ഏജൻസികളെയോ സമീപിക്കാമല്ലോ.” കോടിയേരി വെല്ലുവിളിച്ചു
അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ തുർക്കി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് മുൻ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ തീവ്രവാദക്കുറ്റം ഇസ്താംബൂൾ കോടതി ശരിവച്ചു. മുൻ ആംനസ്റ്റി തുർക്കി ഡയറക്ടർ ഇഡിൽ എസറിനെ ‘ഒരു തീവ്രവാദ സംഘടനയെ സഹായിച്ചു’ എന്ന് ആരോപിച്ചാണ് കോടതി ഒരു വർഷം പതിമൂന്ന് മാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
മുൻ ആംനസ്റ്റി ഇന്റർനാഷണൽ ടർക്കി ചെയർ ടാനർ കിലിക്കിനെ ‘തീവ്രവാദ സംഘടനയിൽ അംഗത്വം ഉണ്ടെന്ന്’ ആരോപിച്ച് ആറ് വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചതായും ആംനസ്റ്റി തുർക്കി അറിയിച്ചു. ജർമ്മൻ പൗരനായ പീറ്റർ സ്റ്റീഡ്‌നർ, സ്വീഡിഷ്കാരനായ അലി ഗരവി എന്നിവരടക്കം മറ്റ് ഏഴ് മനുഷ്യാവകാശ പ്രവര്‍ത്തകരെ കോടതി വെറുതെ വിടുകയും ചെയ്തു.
‘ഇത് പ്രകോപനമാണ്. അസംബന്ധ ആരോപണങ്ങളാണ് മുന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഒരു തെളിവുപോലും ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് ഒരു തീവ്രവാദ സംഘടനയിൽ അംഗമായി എന്നു പറഞ്ഞ് ടാനർ കിലിക് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരേയും കുറ്റവിമുക്തരാക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല’ – ആംനസ്റ്റിയുടെ ആൻഡ്രൂ ഗാർഡ്നർ ട്വീറ്റ് ചെയ്തു.
സമൂഹത്തിൽ അരാജകത്വം” സൃഷ്ടിക്കാൻ ശ്രമിച്ചതായി ആംനസ്റ്റി പ്രവർത്തകർക്കെതിരെ ആരോപണം ഉയർന്നിരുന്നു. 2013-ല്‍ തുർക്കിയെ പിടിച്ചുകുലുക്കിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയും ഇതേ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരുന്നത്. ഇപ്പോൾ ആംനസ്റ്റിയുടെ ഓണററി ചെയർ ആയി സേവനമനുഷ്ഠിക്കുന്ന കിലിക് 14 മാസത്തെ ജയിൽവാസത്തിന് ശേഷം 2018 ഓഗസ്റ്റിൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
തുർക്കി നിരോധിച്ച യുഎസ് ആസ്ഥാനമായുള്ള മുസ്‌ലിം പ്രസംഗകൻ ഫെത്തുല്ല ഗെലന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനവുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 2016-ൽ പ്രസിഡന്റ് റെസെപ് ത്വയ്യിപ് എർദോഗാനെ അട്ടിമറിക്കാൻ ശ്രമം നടത്തിയത് ഗെലനാണെന്നാണ് തുര്‍ക്കിയുടെ ആരോപണം. അട്ടിമറി പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്നതിന് ഉപയോഗിച്ചതായി അധികൃതർ കരുതുന്ന എൻക്രിപ്റ്റ് ചെയ്ത ‘ബൈലോക്ക്’ എന്ന ആപ്ലിക്കേഷൻ കിലിക് ഉപയോഗിച്ചതായി അധികൃതർ അവകാശപ്പെടുന്നു.