Latest News

സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയില്‍. വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം വാർത്ത ചെയ്യുകയും അശ്ലീല വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന പരാതിയിലാണ്‌ കേസ്. പാലാരിവട്ടത്തുള്ള ഓഫീസിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തി.

പ്രമുഖ വ്യവസായിയായ ആർ പ്രേംകുമാറിനെതിരെ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കേസുണ്ട്. പോലീസ് പല തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഹാജാരായില്ല.

പാലക്കാട് തിരഞ്ഞെടുപ്പിനായി ഹോട്ടലില്‍ ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പണം എത്തിച്ചു, 20000 കോടിയുടെ അനധികൃത ഇടപാടുകള്‍ നടത്തി എന്നും സൂരജ് വീഡിയോയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോകള്‍ യുടുബിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചതിനാണ് ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വക്കീല്‍ നോട്ടീസ് അയച്ചത്.

സ്ഥിരമായി അപവാദ പ്രചാരണം അടങ്ങുന്ന വീഡിയോകള്‍ ഇറക്കുകയും അസഭ്യ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്ന സൂരജ് പാലാക്കാരനെതിരെ നിലവില്‍ നിരവധി കേസുകള്‍ ഉണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

ഝാർഖണ്ഡ്‌ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പും പത്തു സംസ്ഥാനങ്ങളിലായി 31 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ബുധനാഴ്ച നടക്കും. ഈ ഉപതിരഞ്ഞെടുപ്പുകൾ സർക്കാരുകളെ ബാധിക്കില്ലെങ്കിലും ഈയിടെ നടന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട കോൺഗ്രസിനും ഇന്ത്യസഖ്യത്തിനും വലിയ പരീക്ഷണംതന്നെയാണ്. 23-നാണ് വോട്ടെണ്ണൽ.

16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. ഉപതിരഞ്ഞെടുപ്പ് ബാലറ്റിൽ ഒന്നു മുതൽ മൂന്നു വരെയാണ് മുന്നണി സ്ഥാനാർഥികൾ. ഒന്ന് യു.ആർ. പ്രദീപ് (ചുറ്റിക അരിവാൾ നക്ഷത്രം), രണ്ട് കെ. ബാലകൃഷ്ണൻ (താമര), മൂന്ന് രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാർഥികളുടെ ചിഹ്നം. തുടർന്ന് സ്വതന്ത്രസ്ഥാനാർഥികളാണ്. നാല്- ലിൻഡേഷ് കെ.ബി.(മോതിരം), അഞ്ച്-സുധീർ എൻ. കെ. (ഓട്ടോറിക്ഷ), ആറ്-ഹരിദാസൻ (കുടം).

നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും.

വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നിപ്പോരാട്ടമാണ്. സിപിഐയിലെ സത്യന്‍ മൊകേരിയും, ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍. ചേലക്കരയില്‍ കോണ്‍ഗ്രസിലെ രമ്യ ഹരിദാസ്, സിപിഎമ്മിലെ യു.ആര്‍ പ്രദീപ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന 2013 ലെ നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് ജസ്റ്റിസ് പി.വികുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.

വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ തര്‍ക്കങ്ങളും നിയമ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്.

വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 1999 ലാണ് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. കാലാകാലങ്ങളില്‍ ഇതിന്റെ വാടക കരാര്‍ പുതുക്കുകയും ചെയ്തിരുന്നു.

പോസ്റ്റ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്‌സ് നിര്‍മിക്കുന്നതിനാല്‍ തന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്നും കെട്ടിടം ഉടമസ്ഥന്‍ പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ട പ്രകാരം 2005 ജൂണില്‍ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റി.

കെട്ടിടത്തിന് മതിയായ സുരക്ഷ ഉണ്ടാകണമെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് കെട്ടിടത്തിന് പുതിയ ഗ്രില്‍ വച്ചു നല്‍കാമെന്ന് ഉടമസ്ഥന്‍ 2006 ഓഗസ്റ്റില്‍ അറിയിച്ചെങ്കിലും 2014 വരെ ഇതു നടപ്പാക്കിയില്ല. ഈ സമയം വരെ വാടകയും സ്വീകരിച്ചിരുന്നു.

പിന്നീട് കെട്ടിടം ഉടമ വാടക സ്വീകരിക്കാതായി. പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചു പിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിലും സ്ഥലമുടമ പരാതി നല്‍കി. ട്രൈബ്യൂണല്‍ ഇതിനിടെ സ്ഥലമുടമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലില്‍ ഈ വിധി റദ്ദാക്കി.

പിന്നീടാണ് പോസ്റ്റ് ഓഫിസ് ഭൂമി കയ്യേറിയെന്നു കാണിച്ച് വഖഫ് ബോര്‍ഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണല്‍ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണല്‍ പോസ്റ്റ് ഓഫിസിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്ര പരസ്യങ്ങള്‍ നല്‍കിയെങ്കിലും സ്ഥലം കിട്ടിയില്ല.

ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കെതിരെ 2013 ലെ നിയമഭേദഗതി പ്രകാരമുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52 എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ചത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോസ്റ്റ് ഓഫിസ് 1999 മുതല്‍ പ്രവര്‍ത്തിക്കുകയാണെന്നും നിയമ ഭേദഗതി വന്നത് 2013 ലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഈ വകുപ്പനുസരിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കേസ് റദ്ദാക്കുകയായിരുന്നു.

റോമി കുര്യാക്കോസ്

കവൻട്രി: ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ (The Relevance of Nehruvian Thoughts on India Today) എന്ന വിഷയം ആസ്പദമാക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) യു കെ ഘടകം ചർച്ച സംഘടിപ്പിക്കുന്നു. കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് നവംബർ 13, ബുധനാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള ഹൈ കോടതിയിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേബ്രിഡ്ജിന്റെ ആദരണീയനായ മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു രാഷ്ട്രനിർമാണത്തിന്റെ ചില അടിസ്ഥാന ആശയങ്ങൾ അവതരിപ്പിക്കുകയും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾ ഇന്ന് ഇന്ത്യയിൽ എങ്ങനെ പ്രയോഗിക്കാമെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം ആണെന്നും പരിശോധിക്കുക എന്നതാണ് ചർച്ചയുടെ ഉദ്ദേശം.

യു കെയിലെ ഹാരോ സ്കൂളിലും കേബ്രിഡ്ജ് ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ ചിന്താധാരകൾ യു കെയിൽ തന്നെ പ്രഭാഷണ വിഷയമാകുക ഏറെ പ്രത്യേകത ഉളവാക്കുന്നതാണ്.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും കാലിക പ്രസക്തമായ വിഷയം പ്രതിബാദിക്കുന്ന ചർച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

രണ്ട് ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ യോദ്ധാക്കൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് കേബ്രിഡ്ജ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്നതാണ് അഡ്വ. എ ജയശങ്കർ.

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ബെന്യാമിൻ പങ്കെടുത്ത സംവാദ സദസ്സ് നവംബർ 9 ശനിയാഴ്ച വെകുന്നേരം സ്കോട്ട് ലൻഡ് തലസ്ഥാനമായ എഡിന്ബറയിൽ നടന്നു. യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബറയിൽ നടന്ന ചർച്ചകൾക്ക് കൈരളി യുകെ എഡിൻബറ യൂണിറ്റ് സെക്രട്ടറി പ്രവീൺ ചെറിയാൻ അശോക് മോഡറേറ്റർ ആയിരുന്നു.

സംവാദത്തിൽ പ്രശസ്ത ചരിത്രകാരൻ മഹമൂദ് കൂരിയ, സിനിമ സംവിധായകൻ ആൽവിൻ ഹെൻറി, സിനിമ നിർമ്മാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളും സാഹിത്യ സിനിമ പ്രേമികളും ഉൾപ്പടെ പങ്കെടുത്ത ചർച്ച ആടുജീവിതം മുതൽ ലോക സാഹിത്യ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. പരിപാടിയുടെ വിജയത്തിന് സഹായിച്ച എല്ലാവര്ക്കും കൈരളി യുകെ എഡിൻബറ യൂണിറ്റ് നന്ദി അറിയിച്ചു.

ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് മിഷന്‍ പാരിഷ് ഡേ ആഘോഷം വര്‍ണ്ണാഭമായി. രാവിലെ ഒക്ലാന്‍ഡ്സ് സ്നൂക്കേഴ്സ് ക്ലബില്‍ 11 മണിയോടെ വിശുദ്ധ കുര്‍ബാനയോടെ ഇടവകാ ദിന പരിപാടികള്‍ക്ക് തുടക്കമായി.
വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന നടന്നു. ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വൈസ് ചാന്‍സലര്‍ ഫാ ഫാന്‍സ്വാ പത്തില്‍ മുഖ്യ അതിഥിയായിരുന്നു. യോഗത്തില്‍ എസ്എംസിസി ട്രസ്റ്റി ബാബു അളിയത്ത് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ ഇടവക അംഗങ്ങളുടെ കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.

 

ഒറ്റയ്ക്കാണെങ്കില്‍ എപ്പോഴും ബുദ്ധിമുട്ടാണെന്നും രണ്ടു പേര്‍ ചേര്‍ന്നാല്‍ നമുക്ക് എതിര്‍ത്ത് നില്‍ക്കാനാവുമെന്നും മൂന്നുപേര്‍ ചേര്‍ന്നാല്‍ നമുക്ക് എന്തിനെയും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവുമുണ്ടാകുമെന്നും ഫാദര്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. ഒരുമിച്ച് നിന്നാല്‍ നമ്മളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും ദൈവ വചനത്തെ ആസ്പദമാക്കി അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്ന് നടന്ന പ്രസംഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വൈസ് ചാന്‍സലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍ സംസാരിച്ചു. നമ്മള്‍ യുവാക്കളായിരുന്ന കാലഘട്ടത്തില്‍ പള്ളികളില്‍ സജീവമായിരുന്ന സമയത്തെ ഓര്‍മ്മകള്‍ നമ്മുടെ മനസില്‍ ഇപ്പോഴുമുണ്ടാകും. അതേപോലുള്ള ഓര്‍മ്മകള്‍ നമ്മുടെ മക്കള്‍ക്ക് നല്‍കാനായാല്‍ അത് അവരുടെ ജീവിതത്തിലെ ഏറ്റവും ഗുണം ചെയ്യും. കുട്ടിയായിരിക്കുമ്പോഴും യുവാക്കളായിരിക്കുമ്പോഴും അവര്‍ പള്ളിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ ഭാവി ജീവിതത്തിലും സന്തോഷകരമായ ഓര്‍മ്മകളാകുമെന്നും നമ്മുടെ കുട്ടികള്‍ക്കും ആ സന്തോഷവും നന്മയും ലഭിക്കണമെന്നും തന്റെ ഉദ്ഘാടന സന്ദേശത്തില്‍ ഫാദര്‍ ഫാന്‍സ്വാ മാതാപിതാക്കളോടായി പറഞ്ഞു.

ഫാ. ഫാന്‍സ്വാപത്തിലും ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്തും ആന്റണി ജെയിംസും വേദപാഠം ഹെഡ്ടീച്ചര്‍ ലൗലി സെബാസ്റ്റ്യനും കാറ്റികിസം പ്രതിനിധയായി രജ്ഞിത മൈക്കിളും വുമണ്‍സ് ഫോറം പ്രസിഡന്റ് ജിനു ബോബി, യൂത്ത് കോര്‍ഡിനേറ്റര്‍ ദിയ ബിനോയ്, ചെറുപുഷ്പമിഷന്‍ ലീഗിന്റെ പ്രസിഡന്റ് എഡ്വിന്‍ ജെഗിയും ചേര്‍ന്ന് രണ്ടാം ഇടവകാദിന ആഘോഷം ഉത്ഘാടനം ചെയ്തു. ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു, ഒപ്പം ബൈബിള്‍ കലോത്സവത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവും പങ്കെടുത്തവര്‍ക്കുള്ള മെഡലുകളും നല്‍കി. വേദപാഠ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്കും ഏറ്റവും അധികം അറ്റന്‍ഡന്‍സ് ഉള്ളവര്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പൊതുയോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ട്രസ്റ്റി ആന്റണി ജെയിംസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് വേദിയില്‍ മനോഹരമായ കലാ വിസ്മയങ്ങള്‍ അരങ്ങേറി. 30 ഓളം കലാ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. വൈകീട്ട് ഏഴു മണിവരെ നീണ്ട പരാപിടികള്‍ ചിട്ടയായി അവതരിപ്പിച്ചു. പാട്ടും നൃത്തവും നാടകവും ഒക്കെയായി ഒട്ടേറെ മികവുറ്റപരിപാടികളാണ് വേദിയില്‍ എത്തിയത്.ഉച്ചയ്ക്ക് രുചികരമായ ഭക്ഷണം ഒരുക്കിയിരുന്നു.

വിവിധ ഫാമിലി യൂണിറ്റുകളുടെ പരിപാടികളും ബൈബിള്‍ കലോത്സവത്തില്‍ സമ്മാനം നേടിയ പ്രോഗ്രാമുകളും യുവാക്കളുടേയും മറ്റ് അംഗങ്ങളുടേയും ഹൃദ്യമായ പരിപാടികളാണ് വേദിയെ കീഴടക്കിയത്. ഫാമിലി യൂണിറ്റിന്റെ സ്‌കിറ്റും ശ്രദ്ധേയമായി. അവസാനമായി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ സംഘം അവതരിപ്പിച്ച മോഡേണ്‍ ഒപ്പനയിലൂടെയാണ് പരിപാടി അവസാനിപ്പിച്ചത്. വൈകീട്ട് ഏഴു മണിവരെ പരിപാടികള്‍ നീണ്ടു.

ഗോസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തെ സംബന്ധിച്ച് മിഷന്‍ ആയ ശേഷമുള്ള ആദ്യത്തെ ഇടവകാദിന ആഘോഷമാണ് അരങ്ങേറിയത്. ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ബിജോയ് യുടെ നേതൃത്വത്തില്‍ GM ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഒരുക്കിയിരുന്ന മനോഹരമായ എൽഇഡി വാള്‍ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. ജൂബി ബിജോയ് , രഞ്ജിത മൈക്കിള്‍, ലിയ ബിജു , ഏബല്‍ ജോജിന്‍ എന്നിവര്‍ അവതാരകരായിരുന്നു .

യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സായിരുന്നു. ലെജന്റ് സോളിസിറ്റേഴ്‌സ് ,നേപ്പാളി ഷെഫ്, സ്പൈസ് മര്‍ച്ചന്റ്, ബിടിവി പ്ലംബിംഗ് ആന്‍ഡ് ഹീറ്റിംഗ് സര്‍വ്വീസ് , ഫ്രണ്ട്‌സ് മലയാളി , ചിക്കിംഗ് ബ്രിസ്റ്റോള്‍ എന്നിവരും സ്‌പോണ്‍സേഴ്സായിരുന്നു. ബിനുമോന്‍ , ജെസ് വിന്‍ ജോസഫ് , ബില്‍ജി ലോറന്‍സ് , റെജി അജിമോന്‍ എന്നീ കോര്‍ഡിനേറ്റേഴ്‌സിന്റ നേതൃത്വത്തില്‍ ഗ്ലോസ്റ്റര്‍ കമ്യൂണിറ്റിയുടെ ഒത്തൊരുമയോടെയുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് പാരിഷ് ഡേ ഇത്രയും മനോഹരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

അനീഷ് കുര്യാക്കോസ് എടുത്ത ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://photos.google.com/share/AF1QipPL1t_F5Y-3Pppc3WYQHkbNUsmlu-6DGeA-FuEiFULKN4P5X8tAc1SbvQqdsTcvEg?key=WWpEdVA4MWd0d3kwWWY3WXRxU3c1YTJIeTJXdjJR

വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ്‌ ഗോപാലകൃഷ്‌ണൻ നേരിടുന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.

എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശചെയ്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി’യെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’യാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതില്‍നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവര്‍ത്തിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിച്ചത്.

ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേര്‍ന്ന് പ്രശാന്ത് ഉണ്ടാക്കിയതാണെന്നാരോപിച്ച് മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍, മേഴ്സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്.

മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത് കെ.​ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ​വിവാദമായ ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണന്റെ ഫോണിൽ പ്ലേ സ്റ്റോറിൽനിന്നല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിൾ പോലീസിനെ അറിയിച്ചിരുന്നു. ഫോൺ മറ്റിടങ്ങളിൽനിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും മറുപടി നൽകിയിട്ടുണ്ട്. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു.

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ ആരംഭിച്ചതിനു പിന്നാലെയായിരുന്നു മല്ലു മുസ്‌ലിം ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പ് തുടങ്ങിയത്. ആദ്യഗ്രൂപ്പിൽ അംഗങ്ങളായവരിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചത്. തുടർന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

ഇതിനുപിന്നാലെയാണ് ‘മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്’ എന്ന ഗ്രൂപ്പുണ്ടായത്. അബദ്ധം മനസ്സിലാക്കിയശേഷം തന്റെ വാദം സാധൂകരിക്കാനായാണ് രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യഗ്രൂപ്പ് തുടങ്ങിയതിനുപിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരംലഭിച്ചിരുന്നു. സ്വകാര്യനേട്ടത്തിനുവേണ്ടിയായിരുന്നു ഇതെന്ന സംശയവുമുണ്ട്. സംഭവംനടന്ന് രണ്ടുദിവസത്തിനുശേഷംമാത്രമാണ് തന്റെ ഫോൺ ഹാക്ക് ചെയ്തെന്നുകാട്ടി കെ. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്.

കൊച്ചിയിൽ ഒഡീഷ സ്വദേശിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ശിവപ്രസാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശിവപ്രസാദ് 28 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി എസിപി ഓഫീസിൽ കീഴടങ്ങിയത്.

പിന്നാലെ നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും പ്രതി പറഞ്ഞതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് 75കാരനായ ശിവപ്രസാദിനെ ഡിസ്ചാർജ് ചെയ്തത്. 22 വയസ്സുള്ള, ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശീതളപാനീയത്തിൽ മദ്യം നൽകിയാണ് ഇയാൾ കഴിഞ്ഞ മാസം 15 ആം തിയതി പീഡിപ്പിച്ചത്.

ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർ‍പ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്.ബലാത്സംഗത്തിന് ശേഷം ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം ജില്ല സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു.

വീട്ടുജോലിക്കാരിയായ യുവതിയെ വൈറ്റിലയിലെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ശീതളപാനീയത്തിൽ മദ്യം നൽകിയായിരുന്നു ഇയാൾ ബലാത്സംഗം ചെയ്തത്. ഇക്കാര്യം യുവതി തന്റെ ബന്ധുവിനെ അറിയിച്ചതോടെയാണ് പൊലീസെത്തി ഇവരെ വീട്ടിൽ നിന്നും പുറത്തെത്തിച്ചത്. മുന്പും തന്നോട് ശിവപ്രസാദ് അപമര്യാദയായി പെരുമാറി എന്ന ഇരയുടെ മൊഴിയെ തുടർന്ന് മറ്റൊരു കേസ് കൂടി ശിവപ്രസാദിന് എതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി.രാജീവ്. എറണാകുളം ഗസ്റ്റ് ഹൗസിൽ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ‌ദ്ദേഹം.

‘ഒരാളും ഇറങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ഒരു ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റിവെക്കേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം 22ന് യോഗം ചേരും’ -മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.

വിഷയത്തിൽ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും സമാധാനപരാമായി നടത്തുന്ന ഉപവാസ സമരം തുടരുമെന്നും സമരസമിതി നേതാവ് ജോസഫ് ബെന്നി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved