ബെന്നി വർക്കി പെരിയപ്പുറം , പി ആർ ഒ വോയ്സ് ഓഫ് വയനാട് ഇൻ യു കെ
കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ജോലി ആവശ്യാർത്ഥം ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യു കെ , വയനാട് മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി സമാഹരിച്ച ധനസഹായം കൈമാറി. വയനാട്ടിലെ മേപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് തുക കൈമാറിയത്. സൗജന്യ ഡയാലിസിസ് അടക്കം നിരവധി പാലിയേറ്റീവ് സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി .
ഇരുന്നൂറോളം വോളണ്ടിയർമാർ ഇവരുടെ കീഴിൽ സന്നദ്ധ സേവനം ചെയ്യുന്നു. കൂടാതെ ബധിര , മൂക വിദ്യാർത്ഥികൾക്കായി ഒരു സ്കൂളും നടത്തുന്നു. ധനസഹായം വോയ്സ് ഓഫ് വയനാട് ഇൻ യുകെ പി ആർ ഒ ബെന്നി വർക്കിയിൽ നിന്നും കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ഏറ്റുവാങ്ങി . ടി സിദ്ദിഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കെ കെ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ബെന്നി വർക്കി, ജോസ് ജോൺ, ഷേബ ജെയിംസ്, ഓസ്തീന ജെയിംസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി. നാസർ, ഗോകുൽദാസ് കോട്ടയിൽ , ബിജി ബേബി, സിസ്റ്റർ തെരേസ തുടങ്ങിയവർ സംസാരിച്ചു.
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനും തമ്മില് അലാസ്കയില് നടത്തിയ നിര്ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചര്ച്ചയില് വെടിനിര്ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ഡൊണാള്ഡ് ട്രംപ് അറിയിച്ചു.
ചര്ച്ചയില് വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ചര്ച്ചയിലെ ധാരണകളെ കുറിച്ച് ഉക്രെയ്ന് പ്രസിഡന്റ് വോളൊഡിമിര് സെലന്സ്കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അതിന് ശേഷം തുടര് നടപടി ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ധാരണകള് എന്തെല്ലാമാണെന്ന കാര്യത്തില് ഇരുവരും വ്യക്തത നല്കിയിട്ടില്ല.
ഉക്രെയ്ന് സഹോദര രാജ്യമാണെന്നുമായിരുന്നു പുടിന്റെ പ്രതികരണം. എന്നാല് വിഷയത്തില് റഷ്യക്ക് പല ആശങ്കകള് ഉണ്ടെന്നും അദേഹം പറഞ്ഞു. സമാധാന ചര്ച്ചയില് പുരോഗതിയുണ്ടെന്ന് പറഞ്ഞ പുടിന് ചര്ച്ച തുടരുമെന്നും വ്യക്തമാക്കി. ചര്ച്ചയിലെ പുരോഗതിയെ ഇല്ലാതാക്കും വിധത്തിലുള്ള നീക്കങ്ങള്ക്ക് ഉക്രെയ്നോ യൂറോപ്യന് രാജ്യങ്ങളോ മുതിരരുത്. ഉക്രെയ്ന് യുദ്ധം അവസാനിക്കണമെങ്കില് റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണം. അതില് ഒന്ന് സെലന്സ്കി സര്ക്കാരാണെന്നും പുടിന് പറഞ്ഞു.
മൂന്നര വര്ഷമായി തുടരുന്ന ഉക്രെയ്ന്-റഷ്യ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി അലാസ്കയില് നടന്ന ചര്ച്ചയില് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയോ, പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. അടുത്ത ചര്ച്ച മോസ്കോയിലാകാമെന്ന് പുടിന് ട്രംപിനോട് പറഞ്ഞു. ആറ് വര്ഷത്തിന് ശേഷമാണ് പുടിനും ട്രംപും നേരിട്ട് കാണുന്നത് എന്ന പ്രത്യേകതയും ഈ ചര്ച്ചയ്ക്കുണ്ടായിരുന്നു. എന്നാല് ഉച്ചകോടിയിലേക്ക് സെലന്സ്കിയെ ക്ഷണിക്കാതിരുന്നതില് വിമര്ശനവും ഉയരുന്നുണ്ട്.
അതേസമയം ഉച്ചകോടിയ്ക്ക് ശേഷവും ഉക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന് വ്ളാഡിമിര് പുടിന് സമ്മതിച്ചില്ലെങ്കില് റഷ്യ ഗുരുതര പ്രത്യാഘാതങ്ങള് നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. സെലന്സ്കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ട്രംപിനോട് സംസാരിച്ചിരുന്നു. വെടിനിര്ത്തല് ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്സ്കി, റഷ്യയെ വിമര്ശിക്കുകയും ചെയ്തിരുന്നു. ഉക്രെയ്ന് പ്രദേശത്തെ കൈക്കലാക്കുന്നതിനുള്ള സമ്മര്ദ്ദം റഷ്യ ചെലുത്തുമെന്നും വെടിനിര്ത്തലിന് റഷ്യ തയ്യാറായില്ലെങ്കില് ഉപരോധം ശക്തമാക്കണമെന്നും ട്രംപുമായുള്ള വെര്ച്വല് യോഗത്തില് സെലന്സ്കി പറഞ്ഞിരുന്നു.
താമരശ്ശേരിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എല്പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില് സനൂപിന്റെ മകള് അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്. പനി മൂര്ഛിച്ചതിനെ തുടര്ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അനയയുടെ മരണത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു.
അതേസമയം, പനി-ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില് മഹാത്മ ഗാന്ധിക്കും മുകളില് ആര്.എസ്.എസ് ആചാര്യന് സവര്ക്കര്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിനെ ഒഴിവാക്കിയ പോസ്റ്ററില് മഹാത്മാ ഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങിനും ഒപ്പം സവര്ക്കറുടെ ചിത്രമുണ്ടെന്നു മാത്രമല്ല ഗാന്ധിജിക്കും മുകളിലായിട്ടാണ് പോസ്റ്ററില് സവര്ക്കറുടെ സ്ഥാനം.
‘സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്’ എന്നാണ് പോസ്റ്ററില് ഇംഗ്ലീഷില് ചേര്ത്തിട്ടുള്ള കുറിപ്പ്. സാമൂഹിക മാധ്യമങ്ങളില് പങ്കുവെച്ച ചിത്രത്തിനെതിരേ വലിയ തോതില് വിമര്ശനമാണ് ഉയരുന്നത്. സ്വാതന്ത്ര്യ സമരത്തില് യാതൊരു പങ്കാളിത്തവുമില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞ വ്യക്തിയാണ് സര്വര്ക്കറെന്ന വിമര്ശനം ബിജെപിക്കെതിരെ രാജ്യ വ്യാപകമായി ഉയരുമ്പോഴാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇത്തരമൊരു വിവാദ പോസ്റ്റര് പുറത്തിറക്കിയിട്ടുള്ളത്.
എന്നാല് സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും നല്കിയിട്ടില്ല. പോസ്റ്റര് പെട്രോളിയം മന്ത്രാലയത്തിന്റെ സോഷ്യല് മീഡിയ ഹാന്ഡിലില് നിന്ന് ഇതുവരെ പിന്വലിച്ചിട്ടില്ല. ഹര്ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് സഹമന്ത്രി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓഗസ്റ്റ് 16-ാം തീയതി ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 .30 pm ന് ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ വച്ചാണ് പ്രകാശന കർമ്മവും ഉദ്ഘാടനവും നടക്കുന്നത്. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എംഎൽഎ , ചാണ്ടി ഉമ്മൻ എംഎൽഎ, ജോസഫ് ചാഴിക്കാടൻ എംപി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം.
ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ.
വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നത്.
കുവൈറ്റിലെ വിഷ മദ്യദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര് ഇരിണാവ് സ്വദേശി പി സച്ചിന് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്ക്ക് വിവരം ലഭിച്ചു. കുവൈറ്റിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 13 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. സച്ചിനെ കൂടാതെ അഞ്ച് മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സച്ചിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. ഇവിടെയും സന്നദ്ധ പ്രവര്ത്തനങ്ങളിൽ സജീവമായിരുന്നു. ഏതാനും മാസം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിയാളുകൾക്ക് വിഷബാധയേറ്റത്. 13 പേര് ദുരന്തത്തിൽ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് മലയാളികൾ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈറ്റ് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. വിഷമദ്യ ദുരന്തത്തിൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. വിഷമദ്യ നിർമാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെയാണ് കുവൈറ്റ് പോലീസ് പിടികൂടിയത്.
രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ നടപടി തുടങ്ങിയിരിക്കുകയാണ് കുവൈറ്റ്. ഇതിന്റെ ഭാഗമായാണ് ജലീബ് അൽ ഷുയൂഖിൽ നിന്നുൾപ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യ നിർമാണ കേന്ദ്രങ്ങളാണ് ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടിയത്.
മദ്യനിരോധനമുള്ള രാജ്യമാണ് കുവൈറ്റ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ ചികിത്സ തേടി ആശുപത്രികളിൽ എത്തുകയായിരുന്നു. ലേബർ ക്യാംപുകൾ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു.
രാജ്യം 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്. ഡല്ഹി ചെങ്കോട്ടയില് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്ഹിയില് കനത്ത സുരക്ഷയാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു.
നഗരത്തില് ഉടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്വേ സ്റ്റേഷന്, ബസ് സ്റ്റാന്ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള് തുടങ്ങിയ ഇടങ്ങളില് പരിശോധന ശക്തമാക്കി. തുടര്ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നടത്തുന്നത്. ഓപ്പറേഷന് സിന്ദൂര്, വോട്ടര് പട്ടിക ക്രമക്കേട്, പകരം തീരുവ എന്നിവ വിഷയങ്ങളില് പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമോ എന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്. പുതിയ കേന്ദ്ര പദ്ധതികള് അദേഹം ഇന്ന് പ്രഖ്യാപിച്ചേക്കും.
സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് നടക്കുന്ന ചടങ്ങില് രാവിലെ ഒന്പതിന് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയപതാക ഉയര്ത്തും. മറ്റു ജില്ലകളില് മന്ത്രിമാര് പതാക ഉയര്ത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തില് സ്പീക്കര് എ.എന് ഷംസീര് പതാക ഉയര്ത്തും.
തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് സംശയ രോഗത്തെ തുടർന്നെന്ന് പൊലീസ്. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കല്ലിയൂർ കുരുവിക്കാട്ടുവിളയിലാണ് സംഭവം. അയൽവാസിയായ കുട്ടി ബിൻസിയെ വിളിച്ചിട്ടും എണീക്കാത്തതിനാൽ തലയിൽ മൂടിയിരുന്ന പുതപ്പ് എടുത്ത് മാറ്റിനോക്കിയപ്പോഴാണ് രക്തം കണ്ടത്. ഇതോടെ ഭയന്ന കുട്ടി തന്റെ വീട്ടുകാരെ വിവരം അറിയിച്ചു. അവരെത്തി ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈസമയം മക്കളായ സനോജിനെയും സിദ്ധാർഥിനെയും സ്കൂളിൽ വിട്ടശേഷം അടുത്ത വീടിനു സമീപം പതുങ്ങിയിരുന്ന സുനിലും ഓടിയെത്തി ബിൻസിയെ ആശുപത്രിയിലാക്കാൻ കൂടെപ്പോയിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ സനോജിനെയും രണ്ടാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥിനെയും ഭാര്യയ്ക്കു സുഖമില്ലെന്ന് പറഞ്ഞ് രാവിലെതന്നെ ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് സുനിൽ സ്കൂളിലയക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ചാണ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ബിൻസി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സുനിൽ പൊലീസിനോടു പറഞ്ഞു. അർധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കല്ലിയൂരിൽ ഹരിതകർമ സേനാംഗമായിരുന്നു ബിൻസി. പതിമൂന്ന് വർഷമായി ബിൻസിയും കുടുംബവും ഇവിടെയാണ് താമസം. സംശയത്തിന്റെ പേരിൽ ബിൻസിയുമായി സുനിൽ വഴക്കിടുന്നത് പതിവാണ്. കുട്ടികളെയും ക്രൂരമായി ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സുനിൽ ലഹരി ഉപയോഗിക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.
ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച, ആഗസ്റ്റ് 13-ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല് ഡ്രൈവില് 126 പേര് അറസ്റ്റില്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള് രജിസ്റ്റര് ചെയ്തു. മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെടുന്നതായി സംശയിക്കുന്ന 1896 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്ശന നിയമനടപടികള് സ്വീകരിക്കുന്നതിനാണ് 2025 ആഗസ്റ്റ് 13-ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്. അറസ്റ്റിലായവരില് നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു.
സംസ്ഥാനത്ത് മയക്കുമരുന്നിന് എതിരെയുള്ള നടപടികള് ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് സംസ്ഥാന തലത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് സെല്, എന്ഡിപിഎസ് കോര്ഡിനേഷന് സെല്, റേഞ്ച് അടിസ്ഥാനത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് സെല് എന്നിവ പ്രവര്ത്തിക്കുന്നുണ്ട്.
പൊതുജനങ്ങളില് നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള് സ്വീകരിച്ച് നടപടികള് കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ആന്റി നര്ക്കോട്ടിക്ക് കണ്ട്രോള് റൂം നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായാണ് സൂക്ഷിക്കുന്നത്.