Latest News

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ഒരുക്കിയ ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് ‘ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് രണ്ടാം ഭാഗം ഒരുങ്ങുന്നു. എറണാക്കുളം ഗോകുലം പാര്‍ക്കില്‍ നടന്ന ‘വാഴ’യുടെ വിജയാഘോഷ വേദിയില്‍ വെച്ചാണ് ‘വാഴ ll ബയോപിക് ഓഫ് എ ബില്ല്യണ്‍ ബ്രദേഴ്‌സ് ‘എന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.

വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സാവിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ‘വാഴ’യിലെ താരങ്ങളായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ് , അജിന്‍ ജോയി, വിനായക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ്, ഐക്കോണ്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍, ഐക്കോണ്‍ സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 2025 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ലൈലാസുരന്‍ നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍, പി ആര്‍ ഒ-എ എസ് ദിനേശ്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സർഗം മ്യൂസിക് ആൻഡ് ഡീ ജെ നൈറ്റ് നാളെ സ്റ്റീവനേജിൽ ഗാനവിസ്മയം തീർക്കുമ്പോൾ സംഗീത ലോകത്തെ പ്രതിഭകളായ നിരവധി ഗായകർ അരങ്ങിലെത്തും. സർഗ്ഗം മ്യൂസിക് & ഡീ ജെ നൈറ്റിനു സ്റ്റീവനേജ് ഓവൽ കമ്മ്യൂണിറ്റി സെന്ററിലാണ് വേദിയൊരുങ്ങുക.

പ്രൊഫഷണൽ വോക്കലിസ്റ്റ്, കമ്പോസർ, പെർഫോമിംഗ് ആർട്ടിസ്റ്റ് , കൈരളി ടിവിയിലെ ഗന്ധർവ്വസംഗീതം, മണിമേളം, കഥപറയുമ്പോൾ എന്നിവയിലൂടെയും കലാ കേരളം നെഞ്ചോട് ചേർത്ത അൻവിൻ കെടാമംഗലം, കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് വജ്രജുബിലി ഫെല്ലോഷിപ്പ് ആർട്ടിസ്റ്റ് അംഗീകാരവുമായാണ് സ്റ്റീവനേജിൽ എത്തുക.

സംസ്ഥാന- ദേശീയ അവാർഡുകൾ നേടിയിട്ടുള്ള കേംബ്രിഡ്ജ് സെന്റ് പീറ്റേഴ്‌സ് സ്‌കൂളിൽ 12-ാം വർഷ വിദ്യാർത്ഥിയുമായ അതിഥിതാരം കാർത്തിക് ഗോപിനാഥ് കർണാടക സംഗീതത്തോടൊപ്പം, ഗിറ്റാറിലും, വയലിനിലും ഒരുപോലെ പ്രാവീണ്യം നേടിയിട്ടുണ്ട്. 2023-ലും 2024-ലും യുക്മ മത്സരത്തിൽ കലാമിന്റെ ലോക റെക്കോർഡും ഭാഷാ കേസരി അവാർഡും നേടിയിട്ടുണ്ട്.

ലൈവ് സംഗീത നിശയിൽ ഐഡിയ സ്റ്റാർ സിംഗർ സീസൺ 6 ഫസ്റ്റ്റ ണ്ണർ അപ്പ് രാജീവ് രാജശേഖരനും സർഗം ഗാനനിശയിൽ പങ്കുചേരും.

പ്രശസ്ത അഥിതി ഗായകരോടൊപ്പം നിധിൻ ശ്രീകുമാർ (കേംബ്രിഡ്ജ്) സജിത്ത് വർമ്മ (നോർത്തംപ്റ്റൻ) ഹരീഷ് നായർ (ബോറാംവുഡ്) ഡോ. ആശാ നായർ (റിക്സ്മാൻവർത്ത്) ആനി അലോഷ്യസ് (ലൂട്ടൻ) ഡോ. രാംകുമാർ ഉണ്ണികൃഷ്ണൻ (വെൽവിൻ ഗാർഡൻ സിറ്റി) എന്നിവർ അതിഥി താരങ്ങളായി ഗാനനിശയിൽ പങ്കുചേരുമ്പോൾ സർഗ്ഗം സ്റ്റീവനേജിന്റെ അനുഗ്രഹീത ഗായകരായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഡോ ആരോമൽ, ആതിരാ ഹരിദാസ്, നിസ്സി ജിബി, ടാനിയ അനൂപ്, ഡോ. അബ്രാഹം സിബി, ഹെൻട്രിൻ ജോസഫ്, എറിൻ ജോൺ എന്നിവർ സംഗീത സദസ്സിൽ അരങ്ങു വാഴും.

സംഗീതാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ രാത്രി എട്ടരവരെ നീണ്ടു നിൽക്കും. തുടർന്ന് ഡീ ജെക്കുള്ള അവസരമൊരുങ്ങും.

സർഗം അസ്സോസ്സിയേഷൻ മെംബർമാർക്കും അവരുടെ ഗസ്റ്റുകൾക്കും സൗജന്യമായി സംഗീത നിശയിൽ പങ്കുചേരാവുന്നതാണ്. സംഗീതാസ്വാദകർക്കായി ഫുഡ് സ്റ്റാളും ഒരുക്കുന്നുണ്ട്.

 

അപ്പച്ചൻ കണ്ണഞ്ചിറ

ഇപ് സ്വിച്ച്: കേരളാ കൾച്ചറൽ അസോസിയേഷന്റെയും (കെസിഎ) കെ സി എസ് എസിന്റെയും നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ച കേരളാപ്പിറവിയും ദീപാവലിയും ഗംഭീരമായ ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളി സമൂഹം. പ്രവാസി ജീവിതത്തിൽ നാടിന്റെ നൻമകളെ ചേർത്ത് പിടിക്കുന്നതും, ഗൃഹാതുര സ്മരണകളുണർത്തുന്നതുമായി കെസിഎയുടെ കേരളപ്പിറവി ആഘോഷങ്ങൾ.

സെന്റ് അഗസ്റ്റിൻസ് ഹാളിൽ വേദിയൊരുങ്ങിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കുചേർന്നു. ചടങ്ങിൽ വി. സിദ്ദിഖ് കേരളാപ്പിറവി സന്ദേശം നൽകി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച മികവുറ്റ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി.

വർണശബളമായ ആകാശദീപകാഴ്ച്ചകളുടെ അകമ്പടിയോടെ ആണ് ദീപാവലി ആഘോഷങ്ങൾ അരങ്ങേറിയത്. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫയർ വർക്ക്സ് ആകാശത്ത് വർണ്ണവിസ്മയം വിരിയിച്ചു.

നാടൻ തട്ടുകട വിഭവങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഡിസേർട്ട് വരെയടങ്ങിയ വിഭവസമൃദ്ധവും വ്യത്യസ്ത രുചിക്കൂട്ടുകളുമടങ്ങിയളടങ്ങിയ ‘ഡിന്നർ’ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി.

കെസിഎ ക്രിസ്മസ് ആഘോഷത്തിൽ കേക്കുണ്ടാക്കുന്നതിന്റെ പ്രാരംഭമായി നടത്തിയ കേക്ക് മിക്സിംഗ് പ്രദർശനവും പരിശീലനവും ഏവരുടെയും പങ്കാളിത്തം കൊണ്ട് സൗഹൃദവേദിയുയർത്തുകയും പുത്തൻ അനുഭവം ആകുകയും ചെയ്തു. സ്റ്റാർ ഹോട്ടലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കേക്ക് മിക്സിംഗിൽ നേരിട്ട് കാണുവാനും പങ്കാളികളാകുവാനും സാധിച്ചത് വേദിയിൽ ആവേശമുയർത്തി.

ആഘോഷത്തിനൊപ്പം മലയാളി സമൂഹത്തിന്റെ ഒത്തുചേരലിനും ഐക്യത്തിനുമാണ് കെസിഎയുടെ കേരളപ്പിറവി – ദീപാവലി ആഘോഷങ്ങൾ വേദിയൊരുക്കിയത്. മോർട്ട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്സായ സ്റ്റെർലിംഗ് സ്ട്രീറ്റായിരുന്നു പരിപാടിയുടെ സ്പോൺസേഴ്സ്. കെസിഎ പ്രസിഡണ്ട് വിനോദ് ജോസ്, വൈസ് പ്രസിഡണ്ട് ഡെറിക്, സെക്രട്ടറി ജിജു ജോർജ്,
കോർഡിനേറ്റർ വിത്സൻ,ട്രഷറർ നജിം , പിആർഓ സാം ജോൺ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി

കാണാതായ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് വീട്ടില്‍ തിരികെയെത്തി. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ചാലിബ് തിരികെയെത്തിയത്. മാനസികപ്രയാസം മൂലമാണ് താന്‍ നാട് വിട്ടതെന്ന് അദ്ദേഹം പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു .

കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് വിവരം ലഭിച്ചിരുന്നു. താന്‍ സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു. എവിടെയാണെന്ന ചോദ്യത്തിന് ദൂരെയാണെന്നും ഇപ്പോള്‍ ബസ്സ്റ്റാന്റിലാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, സംസാരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ലെന്നാണ് പ്രതികരിച്ചിരുന്നത്. ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് കാണിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പോലീസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ ബുധനാഴ്ച വൈകീട്ട് ഓഫീസില്‍നിന്ന് വരുന്നവഴിയാണ് കാണാതായത്. ഓഫീസില്‍നിന്ന് അദ്ദേഹം വൈകീട്ട് അഞ്ചേകാലോടെ ഇറങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതിനുശേഷം ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്താന്‍ വൈകും എന്നാണ് അറിയിച്ചത്. പിന്നീട് വാട്‌സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു.

രാത്രി 11 വരെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രി 12.18-ന് ഓഫ് ആയ ഫോണ്‍ പിന്നീട് രാവിലെ 6.55-ന് അല്‍പസമയം ഓണ്‍ ആയതായി കണ്ടിരുന്നു. ആദ്യഘട്ടത്തില്‍ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് പാളയം ഭാഗത്താണെന്നാണ് കാണിച്ചിരുന്നത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. ദേശീയപാത മണ്ണെടുപ്പ് പ്രശ്നത്തില്‍ ഇരിമ്പിളിയത്ത് ഇദ്ദേഹം സര്‍വേക്ക് പോയിരുന്നു.

കാണാതായെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും പോലീസ് വീട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്തു.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി നൽകിയ യുവാവിനെ ബെംഗളൂരുവിലെ വിവിധ താജ് ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുക്കും. വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് തന്നെ ആണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരൻ മൊഴി നൽകിയിരുന്നു.

സംഭവം നടന്നിട്ട് 9 വർഷത്തോളം ആയതിനാൽ ഏത് ഹോട്ടൽ ആണെന്ന് ഫോട്ടോ കാണിച്ചപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ഇന്നലെയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പോലീസ് വിശദമായി രേഖപ്പെടുത്തിയത്.

നഗരത്തിൽ ആകെ ഉള്ളത് നാല് താജ് ഹോട്ടലുകളാണ്. വിമാനത്താവളത്തിന് അടുത്തുള്ള താജ് അല്ലാതെ നഗരത്തിൽ മൂന്ന് താജ് ഹോട്ടലുകൾ ഉണ്ട്.

ഇതിൽ യശ്വന്തപുര താജിലും വെസ്റ്റ് എൻഡ് താജിലും എത്തിച്ചാണ് തെളിവ് എടുക്കുക. ഇതിന് ശേഷമാകും രഞ്ജിത്തിന് ഹാജരാകാൻ നോട്ടീസ് നൽകുകയെന്നാണ് വിവരം.

തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്‍കി എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്.

നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്.

മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കില്‍ അടുത്തമാസം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പുതിയ പദവിയിലായിരിക്കും മഞ്ജുഷയുണ്ടാവുക.

ഒക്ടോബര്‍ 16-ന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവര്‍ത്തര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമര്‍ശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസില്‍ പി.പി ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി പിരിക്കുന്നതിനെതിരെ കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

ദാരിദ്ര്യവ്രതം ജീവിതചര്യയായി സ്വീകരിച്ചിരിക്കുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളം കൈപ്പറ്റുന്നത് അവരുടെ രൂപതകളോ ഭദ്രാസനങ്ങളോ ആണ്. ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നില്ലെന്ന് മുഖ്യ പരാതിക്കാരായ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് അപ്പീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ശമ്പളം വ്യക്തികള്‍ക്കാണ് ലഭിക്കുന്നതെന്നും ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

പള്ളിയോ, ഭദ്രാസനമോ, രൂപതയോ ആണ് പണം ചിലവാക്കുന്നത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. നിയമം എല്ലാവര്‍ക്കും തുല്യമാണ്. ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ പറഞ്ഞു.

ഒരു സ്ഥാപനം വ്യക്തിക്ക് ശമ്പളം നല്‍കുന്നത് ശമ്പള ഇനമായിട്ടാണ് കണക്കില്‍ രേഖപ്പെടുത്തുന്നത്. വ്യക്തിക്ക് നല്‍കുന്ന ശമ്പളം മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നു എന്ന് പറഞ്ഞ് നികുതി ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം 1940 മുതല്‍ നികുതി പിരിക്കാറില്ല എന്നത് കോടതി അംഗീകരിച്ചില്ല. കൃത്യമായ നിയമമില്ലാതെ നികുതി പിരിവില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

റോമി കുര്യാക്കോസ്

യു കെ: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്ന സുപ്രധാന ഉപതെരെഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്ത് ഒരു പ്രവാസ സംഘടന നടത്തിയിട്ടുള്ളതിൽ വച്ച് അഭൂതപൂർവ്വമായ സാന്നിധ്യമാണ് യു കെയിലെ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) പ്രവർത്തകർ ഇത്തവണ നടത്തിയത്. സംഘടനയുടെ അധ്യക്ഷ തന്നെ നേരിട്ട് പ്രചരണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നു എന്നതും ശ്രദ്ദേയം. സാധാരണ ഗതിയിൽ പ്രവാസി സംഘടന പ്രവർത്തകർ നാട്ടിലെത്തുന്ന സമയത്ത് വോട്ടിങ്ങിലും പ്രചാരണ രംഗത്തും സജീവമാകുക പതിവാണെങ്കിലും, തെരഞ്ഞെടുപ്പു പ്രചരണത്തിനു മാത്രമായി യു കെയിൽ നിന്നും നാട്ടിലെത്തി സംഘടനയുടെയും കോൺഗ്രസ്‌ / യുഡിഎഫ് പ്രവർത്തകരെയും കൂട്ടിച്ചേർത്തുകൊണ്ട് മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഒ ഐ സി സി (യുകെ) നടത്തിയത്.

ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലയർ മാത്യൂസ്, സംഘടനയുടെ ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി നാട്ടിലെത്തി മണ്ഡലങ്ങളിൽ സജീവമായത്. തുടർന്ന്, ഓ ഐ സി സി യുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന ‘കർമ്മസേന’ക്ക് രൂപം നൽകുകയും ചേലക്കരയിൽ നിന്നും പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. ഒ ഐ സി സിയുടെ നാട്ടിലുള്ള മറ്റു പ്രവർത്തകരും പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകരെയും കൂട്ടിച്ചേർത്തുകൊണ്ട് വിവിധ മണ്ഡലങ്ങളിലായി 50 പേരടങ്ങുന്ന സംഘമായി കർമ്മസേന പിന്നീട് വിപുലീകരിച്ചു. നേരത്തെ നാട്ടിൽ എത്തിയിരുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് കെ ജോണും പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

ബഹുഭൂരിപക്ഷം പ്രവാസികൾക്കും നാട്ടിൽ വോട്ടവകാശമില്ലെങ്കിലും അവരുടെ ബന്ധുക്കളുടെ വോട്ടുകൾ പരമാവധി യുഡിഎഫ് സ്ഥാനർഥികൾക്ക് അനുകൂലമായി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക യുഡിഫ് പ്രവർത്തകരുമായി ചേർന്നുകൊണ്ടുള്ള ഗൃഹ സന്ദർശനം, നേരിട്ടുള്ള വോട്ടഭ്യർത്ഥന, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് ഒ ഐ സി സി (യു കെ) പ്രചരണ രംഗത്ത് സജീവമായത്.

മൂന്ന് യുഡിഫ് സ്ഥാനാർഥികൾക്ക് വേണ്ടിയും മണ്ഡലങ്ങളിലെ പല സ്ഥലങ്ങളിൽ ഗൃഹ സന്ദർശനം, വാഹന പര്യടനം എന്നിവ സംഘടിപ്പിച്ച ഒ ഐ സി സി (യു കെ) കർമ്മ സേന, വിവിധ ഇടങ്ങളിൽ സ്ഥാനാർഥികളോടൊപ്പം പര്യടനങ്ങളിൽ പങ്കാളികളുമായി.

പ്രചരണത്തിനായി സ്ഥാനാർഥികളുടെ ചിത്രം അലേഖനം ചെയ്ത ടി ഷർട്ടുകളും തൊപ്പികളും ഒ ഐ സി സി (യു കെ) രംഗത്തിറക്കിയിരുന്നു. മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിച്ച പ്രചരണ സാമഗ്രികളുടെ പ്രകാശന ചടങ്ങിൽ എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കെപിസിസി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, ചാണ്ടി ഉമ്മൻ എം എൽ എ, യു ഡി എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൻ മാത്യൂസ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഒ ഐ സി സിയെ (യു കെ) – യെ പ്രതിനിധീകരിച്ച് നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരും ‘കർമ്മസേന’ പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും മുതിർന്ന നേതാക്കളും പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതലയും ഏകോപനവും വഹിക്കുന്ന എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കൊടിക്കുന്നിൽ സുരേഷ് എം പി, ഫ്രാൻസിസ് ജോർജ് എം പി, ഡീൻ കുര്യാക്കോസ് എം പി, ഷാഫി പറമ്പിൽ എം എൽ എ, അഡ്വ. ടി സിദ്ധിഖ് എം എൽ എ, ഐ സി ബാലകൃഷ്ണൻ എം എൽ എ, വി പി സജീന്ദ്രൻ എക്സ് എം എൽ എ, അഡ്വ. ഫിൽസൻ മാത്യൂസ്, അഡ്വ. അനിൽ ബോസ്, മുഹമ്മദ്‌ ഷിയാസ്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവരുമായും ഒ ഐ സി സി (യു കെ) സംഘം ആശയവിനിമയവും സംഘം നടത്തി. യു കെയിൽ നിന്നും പ്രചാരണത്തിനായി എത്തിച്ചേർന്ന ഒ ഐ സി സി യു കെ സംഘം നടത്തിയ പ്രവർത്തനം ശ്ലാഖനീയവും മാതൃകാപരമെന്നും നേതാക്കൾ പറഞ്ഞു.

ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലയർ മാത്യൂസ് നേതൃത്വം നൽകിയ ‘കർമ്മസേന’ സംഘത്തിൽ ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ വൈ എ റഹിം, കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും അയർകുന്നം മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ ജയിംസ് കുന്നപ്പളളി, അയർക്കുന്നം മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം, അയർകുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ബിനോയി നീറിക്കാട്, ബിജു മുകളേൽ, ബിനോയ് മാത്യു ഇടയലിൽ, കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ മുൻ നേതാവ് ബേബി മുരിങ്ങയിൽ തുടങ്ങിയവരും അണിചേർന്നു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് കെ ജോണിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും പ്രചരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി.

എഡിഎംകെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പ്രസ്താവിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കഴിഞ്ഞ തവണ വാദത്തിനിടെ പ്രതിഭാഗം കോടതിയില്‍ സമ്മതിച്ചിരുന്നു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ വാദിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബര്‍ 29 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 11 ദിവസമായി ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ ഒടുവില്‍ പാര്‍ട്ടി നടപടി. എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാന്‍ തീരുമാനിച്ച സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് അവരെ തരംതാഴ്ത്തി.

സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നല്‍കും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ദിവ്യ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്.

അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതി ചേര്‍ത്തതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

എന്നാല്‍ പാര്‍ട്ടി നടപടിയിലേക്ക് തല്‍കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഇതില്‍ വലിയ സമ്മര്‍ദ്ദം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായതോടെയാണ് പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. ദിവ്യയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.

Copyright © . All rights reserved