കൊറോണ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ എത്യോപ്യയിൽനിന്നുള്ള അനധികൃത തൊഴിലാളികളെ മടക്കി അയക്കരുതെന്ന് ആവശ്യപ്പെട്ട് ഐക്യാരാഷ്ട്രസഭ. ഇത് കൊറോണ വ്യാപനത്തിന് കാരണമാകുമെന്നാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളികളെ നാടുകടത്തുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎൻ ആവശ്യപ്പെട്ടു.
കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനുശേഷം സൗദി അറേബ്യ ഇതുവരെ 2,870 എത്യോപ്യൻ കുടിയേറ്റക്കാരെയാണ് അഡിസ് അബാബയിലേക്ക് നാടുകടത്തിയതായി യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചിട്ടുള്ളത്. നാടുകടത്തൽ നടക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
200,000 എത്യോപ്യൻ കുടിയേറ്റക്കാരെ സൗദി നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് യുഎൻ അധികൃതർ റോയിറ്റേഴ്‌സിനോട് വെളിപ്പെടുത്തി. മറ്റ് ഗൾഫ് അറബ് രാജ്യങ്ങൾ, കെനിയ, മറ്റ് അയൽ രാജ്യങ്ങൾ എന്നിവയും എത്യോപ്യൻ കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നീക്കത്തിലാണെന്നാണ് വിവരം.അതേസമയം, യുഎൻ നിർദേശത്തോട് സൗദി മാധ്യമ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
“ഒരു വടക്കൻ വീരഗാഥ” റിലീസ് ചെയ്തിട്ട് ഇന്ന് 31 വർഷം…..
മലയാള സിനിമയുടെ ചരിത്രം തിരുത്തിയ ചലച്ചിത്രകാവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാം നിരയിൽ നിർത്താവുന്ന “ഒരു വടക്കൻ വീരഗാഥ”പുറത്ത് വന്നിട്ട് ഇന്ന് 31 വർഷം. വിജയിച്ചവന്റെ കഥകൾ പാടി നടന്നിരുന്ന വടക്കൻ പാട്ട് സിനിമകൾ മാത്രം കണ്ട് ശീലിച്ച മലയാളികൾക്ക് , ഈ സിനിമ കൈകാര്യം ചെയ്ത, ചതിയൻ ചന്തുവിന്റെ വീരഗാഥ ഒരു പുതിയ അനുഭവം ആയിരുന്നു…
മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയ ഈ ചിത്രം, എം.ടിയുടെ അതിശക്തമായ തിരക്കഥാനൈപുണ്യം കൊണ്ട് മഹാവിജയം നേടുകയായിരുന്നു..
കൂടല്ലൂർ മന, മമ്മിയൂർ ആനക്കോട്ട, കൊല്ലംകോട് കൊട്ടാരം , ഗുരുവായൂർ ആനപ്പന്തി , ഭാരതപ്പുഴ എന്നിവിടങ്ങളിൽ വച്ചാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്..
ഹരിഹരൻ സംവിധാനം ചെയ്ത ഈ സിനിമയിൽ – മമ്മൂട്ടി , മാധവി, ബാലൻ.കെ. നായർ , സുരേഷ് ഗോപി , ഗീത , ക്യാപ്റ്റൻ രാജു, ദേവൻ , ഭീമൻ രഘു , സുകുമാരി , ചിത്ര ,രാജലക്ഷ്മി, ജോമോൾ, വിനീത് കുമാർ, സൂര്യ…തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചു.
ബോംബെ രവി സംഗീത സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് കൈതപ്രവും, കെ.ജയകുമാറും ആയിരുന്നു.. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി ഗംഗാധരൻ, ഒരു കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഈ പടം 1989 ലെ വിഷു ചിത്രമായിരുന്നു.. അക്കൊല്ലത്തെ നാല് ദേശീയ പുരസ്‌കാരങ്ങളും, കേരള സർക്കാരിന്റെ ആറ് അവാർഡുകളും നേടിയ ഈ ചിത്രം 300 ദിവസത്തിലധികം കേരളത്തിൽ പ്രദർശിപ്പിച്ചു. ഈ ചിത്രത്തിലെ “ചന്ദനലേപ സുഗന്ധം… “മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗന്ദര്യവർണ്ണനാ ഗാനവും, “കളരി വിളക്ക് തെളിഞ്ഞതാണോ… “ഏറ്റവും മികച്ച പുരുഷസൗന്ദര്യ വർണ്ണനാഗാനവുമാണ്… കാലം കടന്ന് പോയിട്ടും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒട്ടേറെ സംഭാഷണങ്ങൾ ഈ സിനിമയ്ക്ക് സ്വന്തം…ഉദാ:”മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്?? നീ അടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും…ചിരിച്ചു കൊണ്ട് കരയും…മോഹിച്ചു കൊണ്ട് വെറുക്കും…!!
സിനിമയിലുടനീളം ചന്തുവിനെ നയിച്ചിരുന്നത് അയാൾക്ക് ഉണ്ണിയാർച്ചയോടുള്ള പ്രണയമായിരുന്നു. അങ്ങനെ നോക്കുമ്പോൾ പൂർവകാല കാമുകിയെ തേടി ചെല്ലുന്ന കാമുക ഹൃദയത്തിന്റെ കഥയാണ് “ഒരു വടക്കൻ വീരഗാഥ”.
ഉത്തര്‍പ്രദേശ്: കൊറോണ കാലത്ത് പിറന്ന പൊന്നോമനയ്ക്ക് സാനിറ്റൈസര്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലയിലെ ദമ്പതികളാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയിരിക്കുന്നത്.
കൊറോണ വൈറസ് ഭീതി വിതച്ചെത്തിയപ്പോള്‍ രക്ഷകനായി എത്തിയത് സോപ്പും സാനിറ്റൈസറും ആയിരുന്നു. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ നിരന്തരം വൃത്തിയാക്കാനായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നത്. ഇത് തന്നെയാണ് കുഞ്ഞിന് ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.
നേരത്തെ, ലോക്ക്ഡൗണ്‍ കാലത്ത് ആന്ധ്രപ്രദേശില്‍ പിറന്ന കുഞ്ഞുങ്ങള്‍ക്ക് കൊറോണ കുമാരനെന്നും കൊറോണ കുമാരിയെന്നുംം മാതാപിതാക്കള്‍ പേര് നല്‍കിയതുംവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ശീമാട്ടി സിഇഒ ബീന കണ്ണന്റെ പിതാവ് വി തിരുവെങ്കിടം (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം ഉച്ചയ്ക്ക് 12.15ന് എറണാകുളം പച്ചാളത്ത് നഗരസഭ ശ്മശാനത്തില്‍ നടന്നു.
ശീമാട്ടി സ്ഥാപകന്‍ വീരയ്യ റെഡ്യാറുടെ മകനാണ് മരിച്ച വി.തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ ഏക മകളാണ് ബീന കണ്ണന്‍. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്‌കാര ചടങ്ങില്‍ ആളുകള്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതിനാല്‍ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത ബന്ധുക്കള്‍ വൈകിയാണ് എല്ലാവരെയും അറിയിച്ചത്.
ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസിന് പുതിയ പങ്കാളി. മകനായ നെയ്മറിനേക്കാള്‍ ആറു വയസിന് ഇളയവനായ 22-കാരനായ ഗെയിമറും മോഡലുമായ തിയാഗോ റാമോസുമായി ഡേറ്റിങിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ നദീനെ തന്നെയാണ് അറിയിച്ചത്. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നദീനെ പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ആശംസയുമായി നെയ്മര്‍ തന്നെ രംഗത്തെത്തി. ‘സന്തോഷമായിരിക്കൂ അമ്മേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’-നെയ്മര്‍ കുറിച്ചു. മുന്‍ ഭര്‍ത്താവ് വാഗ്‌നര്‍ റിബെയ്‌റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെയ്റോയുമായി 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ് നദീനെ.
നദീനെ ഗോണ്‍സാല്‍വസുമായി പരിചയത്തിലാകുന്നതിനു മുന്‍പുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെയ്മറിനോടുള്ള ആരാധന മൂത്ത് 2017ല്‍ തിയാഗോ റാമോസ് ഒരു മെസേജും അയച്ചിട്ടുണ്ട്; ‘നെയ്മര്‍, നിങ്ങള്‍ മികച്ച കളിക്കാരനാണ്. താങ്കളേപ്പോലൊരു ഫുട്‌ബോള്‍ താരത്തിന്റെ ആരാധകനായിരിക്കുകയെന്നത് നല്‍കുന്ന സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. താങ്കളുടെ പ്രകടനം എന്നും എന്നെ വല്ലാതെ പ്രചോദിപ്പിക്കാറുണ്ട്. ഒരു ദിവസം സഹോദരങ്ങളേപ്പോലെ ചേര്‍ന്നിരുന്ന് നമുക്ക് ഈ സന്ദേശം വായിക്കാമെന്നും ഒരുമിച്ചു കളിക്കാമെന്നും പ്രതീക്ഷിക്കുന്നു. നമ്മള്‍ ഒരിക്കല്‍ കണ്ടുമുട്ടുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്. കാരണം, ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോകുന്ന ഒരു സ്വപ്ന ജീവിയാണ് ഞാന്‍. എല്ലാ ആശംസകളും’ ഇതായിരുന്നു റാമോസിന്റെ സന്ദേശം. അടുത്തിടെ നെയ്മറിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ റാമോസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിൽനിന്നുള്ള വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിൽ നടത്തിയ പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐ.സി.എം.ആറിന്റെ പഠനത്തിൽ പറയുന്നു. 2018-’19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.
കർണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ചവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമാണ് സാംപിളുകളാണ് പരിശോധിച്ചത്.
കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായിരുന്നു. എന്നാൽ, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയിൽനിന്നുള്ള 25 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവായി.
ഹിമാചലിൽനിന്നു ശേഖരിച്ച രണ്ടും പുതുച്ചേരിയിൽനിന്നുള്ള ആറും തമിഴ്‌നാട്ടിൽനിന്നുള്ള ഒന്നും സാംപിളുകൾ പോസിറ്റീവായിരുന്നു. ആർ.ടി-പി.സി.ആർ. (റിവേഴ്സ് ട്രാൻസ്‌ക്രിപ്ഷൻ-പോളിമെറെയ്സ് ചെയിൻ റിയാക്‌ഷൻ) പരിശോധനയിൽ വവ്വാലുകളിൽ നേരത്തേ നിപ വൈറസ് കണ്ടെത്തിയിരുന്നു.
വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഈയിനത്തിൽപ്പെട്ട സസ്തനികളെ കൂടുതൽ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിർദേശിക്കുന്നു. വൈറസ് കണ്ടെത്തിയ മേഖലകളിൽ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും ആന്റിബോഡി സർവേകൾ നടത്തണം. സാക്രമികരോഗം പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണമേർപ്പെടുത്തണം. പകർച്ചവ്യാധിയിലേക്ക് നയിക്കാവുന്ന പുതിയ വൈറസുകൾ ഉണ്ടാകുന്നതു കണ്ടെത്താൻ ഇതുവഴി കഴിയും. പശ്ചിമഘട്ട മേഖലകൾ പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളിൽപ്പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. അതിനാൽ കേരളം കൂടുതൽ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വന്യമൃഗസംരക്ഷണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൗൾട്രി വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ സഹകരിച്ച് വൈറസ് കണ്ടെത്താനുള്ള നവീന സംവിധാനങ്ങൾ ആവിഷ്കരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന താത്പര്യത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അദ്ദേഹം മികച്ച ഭരണാധികാരിയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രി കെകെ ശൈലജയും മറ്റ് മന്ത്രിമാരും കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രവാസികളുടെ കാര്യത്തില്‍ നടപടി വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം. ഓരോ രാജ്യത്തേയും സ്ഥിതി പഠിച്ച് തീരുമാനമെടുക്കണം. കേന്ദ്രസര്‍ക്കാര്‍ വൈകാതെ പോംവഴി കണ്ടെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗർഭിണിയായ മലയാളി നഴ്‌സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവിൽ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്.
കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗർഭിണിയാണ്.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 29പേരാണ് ഈ ആശുപത്രിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 1മുതൽ ആശുപത്രി അടച്ചിട്ടിരുന്നു.
പ്രവാസികളെ സ്വീകരിക്കാനായി കേരളം ഒരുങ്ങി. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവരെ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഇതുസംബന്ധിച്ച് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്ഥാപനങ്ങള്‍ കണ്ടെത്തും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. പത്തുലക്ഷം മലയാളികളെങ്കിലും വിദേശരാജ്യങ്ങളിലുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം.
അതേസമയം, പ്രവാസികളെ തിരികെ എത്തിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ പ്രവാസികളെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചാല്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങളടക്കം മുന്‍കരുതലുകളാണ് കേരളമെടുക്കുന്നത്.
വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി.
പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കൊറോണ കെയര്‍ സെന്ററുകളാക്കി.
മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.
ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളും
തിരുവനന്തപുരം 7500 മുറികള്‍
പത്തനംതിട്ട 8100 മുറികള്‍
വയനാട് 135 കെട്ടിടങ്ങള്‍
ആലപ്പുഴ 10,000 കിടക്കകള്‍
മലപ്പുറം 15,000 കിടക്കകള്‍
കണ്ണൂര്‍ 4000 കിടക്കകള്‍
തൃശൂര്‍ 7581 മുറികള്‍
കോഴിക്കോട് 15,000 മുറികള്‍
യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കൽ എംഎ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഷർമില ഷെറിൻ(24) ആണ് മരിച്ചത്.
വടകര ഏറാമല സ്വദേശിനിയാണ് ഷർമില. ഷർമിലയുടേയും തിക്കോടി കോടിക്കൽ പോക്കർ വളപ്പിൽ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. വിദേശത്തായിരുന്ന ഭർത്താവ് ഏതാനും മാസമായി നാട്ടിലുണ്ട്.
ശനിയാഴ്ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്. മരണത്തിയിൽ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി.കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.