തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവര്‍ക്ക് ഈ ശിക്ഷ കൊടുത്തതില്‍ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നായിരുന്നു അച്ഛന്റെയും പ്രതികരണം. വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത വെളിപ്പെടുത്തി. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി. – ഹരിത വെളിപ്പെടുത്തി.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.
വിധികേട്ട് പൊട്ടിക്കരഞ്ഞ അനീഷിന്റെ മാതാപിതാക്കളെയും ഹരിത ചേര്‍ത്തു നിര്‍ത്തി. ഈ വയോധികര്‍ക്ക് ആശ്വാസമായുള്ളത് ഹരിതയാണ്. സാക്ഷര കേരളമെന്ന അഭിമാനച്ചൊല്ലിനെ അപമാനിച്ച അരുംകൊലയായിരുന്നു തേങ്കുറുശിയിലേത്. മകള്‍ ഹരിത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ഇതരജാതിയില്‍പ്പെട്ട അനീഷിനെ വിവാഹം കഴിച്ചപ്പോള്‍ അച്ഛന്റെയും അമ്മാവന്റെയും ഭീഷണിയെത്തി: ‘നിന്റെ താലിക്ക് 90 ദിവസം ആയുസ്സുണ്ടാകില്ല’. അച്ഛനും അമ്മാവനും ജാതിഭ്രാന്തില്‍ അരുംകൊല നടത്തി.
ഹരിതയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുഴല്‍മന്ദം തേങ്കുറുശി മാനാംകുളമ്പ് സ്‌കൂളിനു സമീപം ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകന്‍ അനീഷ് (27) കൊല്ലപ്പെട്ടത് 2020 ഡിസംബര്‍ 25ന്. ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ (43), അമ്മാവന്‍ സുരേഷ്‌കുമാര്‍ (45) എന്നിവരായിരുന്നു പ്രതികള്‍. കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയായ 2018ലെ കോട്ടയം കെവിന്‍ വധത്തിനു പിന്നാലെയായിരുന്നു പാലക്കാട് തേങ്കുറുശിയിലെ ദുരഭിമാനക്കൊല. മകളുടെ ഭര്‍ത്താവ് വിവാഹം നടന്നതിന്റെ 90 ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുമെന്ന ഭീഷണി കൊലപാതകത്തിലെത്തിയത് വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിനു തലേന്ന്.
തേങ്കുറുശ്ശിയില്‍ ഒരു കിലോമീറ്റര്‍ അകലെയാണ് ഹരിതയുടെയും അനീഷിന്റെയും വീടുകള്‍. വ്യത്യസ്ത ജാതികളില്‍പ്പെട്ട അനീഷും ഹരിതയും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അനീഷ് പെയിന്റിങ് തൊഴിലാളിയും ഹരിത രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയുമാണ്. വീട്ടുകാര്‍ മറ്റൊരാളുമായി ഹരിതയുടെ വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്. സാമ്പത്തിക അന്തരവും ഇതര ജാതിയായതും ഹരിതയുടെ പിതാവിന്റെയും അമ്മാവന്റെയും പക വര്‍ധിപ്പിച്ചു. മകളെ തട്ടിക്കൊണ്ടുപോയെന്ന പ്രഭുകുമാറിന്റെ പരാതിയില്‍ പൊലീസ് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. ഇനി പരാതിയില്ലെന്നാണു പ്രഭുകുമാര്‍ അന്നു പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പിന്നീടും അനീഷിനെ പലതവണ ഭീഷണിപ്പെടുത്തി. പ്രഭുകുമാറും സുരേഷ് കുമാറും നേരത്തേ പ്രദേശത്തുണ്ടായ അക്രമ കേസുകളില്‍ പ്രതികളായിരുന്നു. സാമ്പത്തികം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ഹരിതയെ തിരികെ വീട്ടിലേക്ക് എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി അനീഷിന്റെ അമ്മയും അച്ഛനും പൊലീസിനു മൊഴി നല്‍കി. സുരേഷ്‌കുമാര്‍ സ്ഥിരമായി കത്തിയുമായാണു നടന്നിരുന്നതെന്നും അനീഷിന്റെ കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു.
2020 ഡിസംബര്‍ 25നു വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹോദരന്‍ അരുണിനൊപ്പം കടയില്‍പ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രഭുകുമാറും സുരേഷ്‌കുമാറും ഇരുമ്പുദണ്ഡുകൊണ്ടു തലയിലടിക്കുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നു. അനീഷിന്റെ മരണം രക്തം വാര്‍ന്നാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കും തുടയ്ക്കും അടക്കം ശരീരത്തില്‍ പത്തിലധികം മുറിവുകളുണ്ടായിരുന്നു. കാലിലേറ്റ വെട്ടില്‍ പ്രധാന രക്തക്കുഴലടക്കം മുറിഞ്ഞു.
സുരേഷ്‌കുമാറിനെ ബന്ധുവീട്ടില്‍നിന്നും പ്രഭുകുമാറിനെ കോയമ്പത്തൂര്‍ ഗാന്ധിനഗറില്‍നിന്നുമാണു പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പുദണ്ഡ്, കത്തി, ധരിച്ചിരുന്ന വസ്ത്രം, ചെരിപ്പ് എന്നിവ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിന് എത്തിച്ചപ്പോഴും പ്രതികള്‍ക്കു കൂസലുണ്ടായിരുന്നില്ല. നടന്ന സംഭവം ഒട്ടും പതര്‍ച്ചയില്ലാതെ പൊലീസിനോടു വിവരിച്ചു. മുന്നോട്ടു ജീവിക്കാന്‍ ഹരിതയ്ക്ക് ഒരു ജോലി വേണം. ബിബിഎ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പിഎസ്സി പരിശീലനം നടത്തുകയാണ്. അനീഷിന്റെ അച്ഛനും അമ്മയും സ്വന്തം മകളായി തന്നെയാണു നോക്കുന്നതെന്നു ഹരിത പറയുന്നു.
എറണാകുളം കാക്കനാട് കളക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം. പള്ളുരുത്തി സ്വദേശിനി ഷീജയാണ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് തടയുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു നാടകീയമായ സംഭവം. ഷീജയുടെ എന്‍ജിനിയറിങ് ലൈസന്‍സ് വിജിലന്‍സ് ശുപാര്‍ശപ്രകാരം റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി ഓഫീസില്‍ എത്തിയപ്പോഴാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നേരത്തെ ഷീജയുടെ ലൈസന്‍സില്‍ പള്ളുരുത്തിയില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന് പെര്‍മിറ്റെടുത്തിരുന്നു. പിന്നീട് പണിനടന്നപ്പോള്‍ ഈ കെട്ടിടം കൊമേഴ്സ്യല്‍ ബില്‍ഡിങ് ആക്കി മാറ്റി. ഇതിന് ഷീജ അനുവദിച്ചില്ല. തുടര്‍ന്ന് മറ്റൊരാളെ ഉപയോഗിച്ച് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വന്നതോടെ ഷീജയുടെ ലൈസന്‍സ് റദ്ദാക്കിയെന്നാണ് ആരോപണം. സംഭവത്തില്‍ തന്നെ കുടുക്കിയതാണെന്നും തനിക്ക് പങ്കില്ലാത്ത സംഭവത്തിലാണ് ലൈസന്‍സ് റദ്ദാക്കിയതെന്നുമാണ് ഷീജ ആരോപിക്കുന്നത്.
എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാല്‍ ദീർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോളേജ് അധികൃതർ.
ആർഷോയുടെ മാതാപിതാക്കള്‍ക്കാണ് പ്രിൻസിപ്പല്‍ നോട്ടീസ് നല്‍കിയത്. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തി. കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്.
മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നല്‍കുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
എക്സിറ്റ് പോള്‍ ഒപ്ഷനെടുത്താലും ആർഷോയെ ബിരുദം നല്‍കി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ എക്സിറ്റ് പോള്‍ ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റൻഡൻ്സും വേണമെന്നാണ് സർവ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ് സർവ്വകലാശാല യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്.
വാറ്റ് ഫോർഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ *അയി വണ്ഡർ* എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 29 ചൊവ്വ, 30 ബുധൻ, 31 വ്യാഴം തീയതികളിൽ @9:30AM to 3PM നടത്തപ്പെടുന്നു.
കുട്ടികൾക്ക് (Age-3 to 18 Years) ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങൾക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സൻമാർഗീക ചിന്തകളും വളർത്തുവാൻ ഉതകുന്ന ആവേശകരമായ 3 ദിനങ്ങളായിരിക്കും ഇത്. മ്യൂസ്സിക്, ഗയിംസ്, സ്റ്റോറീസ്, ഇൻ്ററാക്ടീവ് സെഷൻസ് & ആക്റ്റിവിറ്റീസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
*സ്ഥലം- HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE*.
FREE PARKING & REGISTRATION LINK & Register your attendance in the link: https://forms.gle/ho65s1nJFxP98G766 QR CODE available to Register& Refreshments will be FREE.
കുടുതൽ വിവരങ്ങൾക്ക്
Pastor Johnson George 07852304150 /07982933690 www.wbpfwatford.co.uk & Email:[email protected]
ടോം ജോസ് തടിയംപാട്
ഇംഗ്ലണ്ടിലെ റൊച്ചുഡൈലിൽ ജനിച്ച ഒരു 22 കാരി മദാമ്മകുട്ടിയെ ഒരു അദൃശ്യശക്തി ഇന്ത്യയിലേക്കു വിളിച്ചുകൊണ്ടുപോയി, ഇംഗ്ലണ്ടിൽ നിന്നും കരമാർഗം ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ടർക്കി , ഇറാൻ , അഫ്ഗാനിസ്ഥാൻ , പാക്കിസ്ഥാൻ ചുറ്റി ഇന്ത്യയില വാഗാ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ചു തുടർന്നുള്ള യാത്രയിൽ തിരുവല്ല വല്ലഭൻ ക്ഷേത്രത്തിൽ എത്തി കഥകളി കണ്ടു അവിടെനിന്നും അവരുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവം ഉണ്ടായി .
ഈ യാത്രയിൽ കഴുതയുടെ പുറത്തും ,ലോറിയുടെ പുറകിലും ട്രെയിനിന്റെ ഇടനാഴികയിലും .തെരുവിലും കിടന്നുറങ്ങി യാത്ര കൂടുതലും പണംമുടക്കാതെ ആയിരുന്നു കൈ ഉയർത്തി ലിഫ്റ്റ് ചോദിച്ചാണ് ഈ ഫ്രീ യാത്ര തരപ്പെടുത്തിയത്, യാത്രയിൽ കണ്ടുമുട്ടിയ ഇറാനിയൻ ,അഫ്ഗാൻ മനുഷ്യരുടെ നന്മകൾ ഇവർ ഓർക്കുന്നു. അന്ന് ഇസ്ലാമിക ഭരണമല്ല അവിടെ നിലനിന്നിരുന്നത് . പാക്കിസ്ഥാനിലെ മോശം അനുഭവങ്ങളും അവർ പങ്കു വച്ചു .
തിരുവല്ലയിൽ താമസിച്ച ദിവസങ്ങളിൽ നടക്കാൻ പോയ ദിവസം ശ്രീ വല്ലഭൻ അവരോടു ഇംഗ്ലീഷിൽ പറഞ്ഞു താങ്കൾ കഥകളി പഠിക്കണമെന്ന് അവർ ചോദിച്ചു മലയാളം അറിയാത്ത ഞാൻ എങ്ങനെ കഥകളി പഠിക്കുമെന്നു ?. ശ്രീ വല്ലഭൻ പറഞ്ഞു ഞാൻ നിന്നെ സഹായിക്കുമെന്ന് അങ്ങനെ വീണ്ടും കേരളത്തിലൂടെ യാത്ര ചെയ്തപ്പോൾ ആരോ ചോദിച്ചു കലാമണ്ഡലം കണ്ടിട്ടുണ്ടോയെന്നു അതുകേട്ടു കലാമണ്ഡലം കാണുവാൻ തൃശ്ശൂരിൽ എത്തി, കഥകളി കണ്ടു അതിനു ശേഷം കലാമണ്ഡലം ഗോപി ആശാനേ കണ്ടു കഥകളി പഠിക്കണം എന്ന ആഗ്രഹം അറിയിച്ചു ഗോപി ആശാനും ഇംഗ്ലീഷ് അറിയില്ലെങ്കിലും ആംഗ്യ ഭാഷയിൽ കഥകളി പഠിപ്പിച്ചു പിന്നീട് കഥകളി മേക്കപ്പിലേക്കു ശ്രദ്ധ തിരിച്ചു അങ്ങനെ ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന വനിത കഥകളി മേക്കപ്പ് ആർട്ടിസ്റ്റായി ബാർബറ എന്ന ഇംഗ്ലീഷ്‌കാരിമാറി പിന്നീട് കഥകളി ആശാനായ വിജയകുമാറിനെ വിവാഹം കഴിച്ചു ഇംഗ്ലണ്ടിലെ സൗത്താംപ്‌റ്റാംണിലും കേരളത്തിലുമായി ജീവിക്കുന്നു ..ശ്രീ വല്ലഭന്റെ സഹായത്തിൽ കഥകളി ഇംഗ്ലണ്ടിൽ കൊണ്ടുവന്നു ഇംഗ്ലീഷുകാരെ കഥകളി പഠിപ്പിക്കാൻ കഴിഞ്ഞുവെന്ന് ബാർബറ പറഞ്ഞു.
ചെറുപ്പം മുതൽ നിറങ്ങളെ സ്നേഹിച്ച ബാർബറ കലാമണ്ഡലത്തിൽ 1972 എത്തിയെങ്കിലും തിരിച്ചു ഇംഗ്ലണ്ടിൽ വന്നു പിതാവിനെകണ്ടു കഥകളിയും മേക്കപ്പും പഠിക്കാൻ ആഗ്രഹം പറയുകയുകയും പിതാവിന്റെ പ്രോത്സാഹനം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 1974 -ൽ തിരിച്ചു കലാമണ്ഡലത്തിൽ എത്തി മേക്കപ്പും ,കഥകളിയും സ്വായത്തമാക്കി ഇന്നു ലോകം മുഴുവൻ കഥകളിക്കു പ്രോത്സാഹനം നൽകുന്നു. പുനർ ജന്മത്തിൽ വിശ്വസിക്കുന്ന ബാർബറ ഞാൻ കഴിഞ്ഞ ജന്മത്തിൽ കേരളത്തിലാണ് ജനിച്ചതും ജീവിച്ചതും എന്നാണ് വിശ്വസിക്കുന്നത് .
തൻ്റെ സിരകളിൽ മലയാളി രക്തമാണ് ഒഴുകുന്നത് ഞാൻ കലാമണ്ഡലത്തിൽ ആയിരുന്നപ്പോൾ കാലുവഴുതി വീണു രക്തം വാർന്നുപോയി ഒറ്റപ്പാലം ആശുപത്രിയിൽ ഓപ്പറേഷൻ നടത്തി രക്തം ആവശ്യമായി വന്നപ്പോൾ മലയാളികളാണ് രക്തം നൽകിയത് . അതുകൊണ്ടു എന്റെ സിരകളിൽ മലയാളി രക്തവും നാവിൽ മലയാളവും ആത്മാവ് ശ്രീ വല്ലഭനുമാണ് അങ്ങനെ ഞാൻ പൂർണമായും ഒരു മലയാളിയാണെന്ന് ബാർബറ പറഞ്ഞു .
ലിവർപൂൾ ഹിന്ദു സമാജം സംഘടിപ്പിച്ച ആഘോഷത്തിൽ കഥകളിയുടെ മഹത്വം പരിചയപ്പെടുത്താനും കഥകളിക്കാരെ സഹായിക്കാനും ഭർത്താവു വിജയകുമാറിനോടോപ്പമാണ് ബാർബറ എത്തിയത് അവിടെ വച്ചാണ് ബാർബറയോട് സംസാരിക്കാൻ അവസരം ലഭിച്ചത് . പരിപാടിയിൽ ലണ്ടൻ നവധാര അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ കരഘോഷത്തിനു പാത്രമായി, ഹിത ശശിധരൻ അവതരിപ്പിച്ച മോഹനിയാട്ടം കാണികൾക്കു ഇമ്പമായി ഇന്ത്യൻ സംസ്കാരം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നു ഹിന്ദു സമാജത്തിന്റെ പ്രതിനിധികളായ ദീപു , ഹരികുമാർ ഗോപാലൻ . രാംകുമാർ എന്നിവർ പറഞ്ഞു .
.
കുടുംബത്തിന്റെ വാർഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കംകുറിക്കും.
നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിർന്ന പൗരർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽ അത് പങ്കുവെക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്നപൗരർക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.
സമ്പന്ന-ദരിദ്ര ഭേദമില്ല. 70 കഴിഞ്ഞ ആർക്കും അംഗങ്ങളാവാം. ഡൽഹി, ഒഡിഷ, പശ്ചിമബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക. ആധാർകാർഡ് പ്രകാരം 70 വയസ്സോ അതിൽ കൂടുതലോ ഉള്ള ആർക്കും പദ്ധതിയിൽ അപേക്ഷിക്കാം.
ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള പദ്ധതിയായതിനാൽ പ്രധാനമന്ത്രി ജൻ ആരോഗ്യയോജന പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം. ആയുഷ്മാൻ കാർഡുള്ളവർ വീണ്ടും പുതിയ കാർഡിനായി അപേക്ഷിക്കുകയും ഇ.കെ.വൈ.സി. പൂർത്തിയാക്കുകയും വേണം. കേരളത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയതോ രജിസ്റ്റർ ചെയ്യാം.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉള്ളവരോ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ളവരോ ആയ 70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരർക്ക് പദ്ധതിക്കുകീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ മറ്റ് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നവർക്ക് അതിൽ തുടരുകയോ ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം.
വെല്‍ഡിങ്ങിനിടെ സൗദിയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.
അപകടത്തില്‍ യുപി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ആണ് അപകടം സംഭവിച്ചത്. മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കന്‍-ശ്രീജ ദമ്ബതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) ആണ് മരിച്ചത്.
അല്‍ഖര്‍ജ് സനാഇയ്യയില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ച കാറിന്റെ പെട്രോള്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ ആണ് അപകടം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്നു രണ്ട് പേര്‍ക്കും ഗുരുതര പൊള്ളലേറ്റു.
ഉടന്‍തന്നെ ഇവരെ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും ഇവര്‍ റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ശരതിന്റെ നില കൂടുതല്‍ മോശമാവുകയും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
പൂള്‍: ജനപങ്കാളിത്തത്തിലും സംഘാടനമികവിലും പുതു ചരിത്രം രചിച്ച് നീലാംബരി സീസണ്‍ 4. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും നര്‍ത്തകരും അരങ്ങു തകര്‍ത്ത നീലാംബരി അവതരണ മികവിലും ശ്രദ്ധേയമായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രാമ ഫെസ്റ്റിവലുകളും ഇവന്റുകളും നടക്കാറുള്ള പൂള്‍ ലൈറ്റ് ഹൗസില്‍ 26 -ന് ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് കാണികളായെത്തിയത്. ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ , തീയറ്ററിന്റെ ഫുള്‍ സീറ്റിംഗ് കപ്പാസിറ്റിയിലെത്തിയ വിവരം അറിയിച്ച് തുടര്‍ന്നുള്ള ആളുകളുടെ പ്രവേശനം ലൈറ്റ് ഹൗസ് അധികൃതര്‍ വിലക്കുകയായിരുന്നു.
വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്പതിലധികം ഗായകരാണ് നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 4 ന്റെ അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി. യുകെയിലെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി. വൈകുന്നേരം അഞ്ചുമണിയോടെ നടന്ന ചടങ്ങില്‍ മനോജ് മാത്രാടന്‍, ആദില്‍ ഹുസൈന്‍, ആന്‍ മെര്‍ലിന്‍ എന്നിവര്‍ ചേര്‍ന്ന് നീലാംബരി സീസണ്‍ 4 ഉദ്‌ഘാടന കര്‍മം നിര്‍വഹിച്ചു.
ലുലു ഗ്രൂപ്പ് റീജിണല്‍ മേധാവി ജോയ് ഷദാനന്ദന്‍, റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് തോമസ്, ഇടിക്കുള സോളിസിറ്റേഴ്‌സ് മേധാവി സ്‌റ്റീഫന്‍ ഇടിക്കുള, ചലച്ചിത്ര പിന്നണിഗായികയും ഒഎന്‍വികുറുപ്പിന്റെ കൊച്ചുമകളുമായ അപര്‍ണ രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിധികളായി. ടീം നീലാംബരിയുടെ ഭാഗമായുള്ള സുരേഷ് ഉണ്ണിത്താന്‍, രാകേഷ് തുടങ്ങിയവര്‍ ഉദ്‌ഘാടന കര്‍മ്മത്തില്‍ പങ്കെടുത്തു.
ജോയ് ഷദാനന്ദന്‍, ഫിലിപ്പ് തോമസ്, സ്‌റ്റീഫന്‍ ഇടിക്കുള, അപര്‍ണ രാജീവ്, ആദില്‍ ഹുസൈന്‍, ആന്‍ മെര്‍ലിന്‍, നര്‍ത്തകി അനുശ്രീ, ബിജു മൂന്നാനപ്പള്ളി, രകേഷ് നടേപ്പള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നീലാംബരിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു. ഇക്കുറിയുണ്ടായ വന്‍ ജനപങ്കാളിത്തം തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരി സീസണ്‍ 5, 2025 ജൂണ്‍ 14 ന് നടക്കുമെന്നും മനോജ് പറഞ്ഞു.
പാലക്കാട് കോണ്‍ഗ്രസില്‍ കത്ത് വിവാദം പുകയുന്നു. ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നല്‍കിയ കത്തിന്റെ രണ്ടാം ഭാഗം പുറത്ത്.
കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് പുറത്തു വന്നത്. വി.കെ ശ്രീകണ്ഠന്‍ എംപിയടക്കം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അഞ്ച് നേതാക്കളാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.
വി.കെ. ശ്രീകണ്ഠന്‍ എംപി, മുന്‍ എംപി വി.എസ് വിജയരാഘവന്‍, കെപിസിസി നിര്‍വാഹകസമിതി അംഗം സി.വി ബാലചന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച മുന്‍ ഡിസിസി അധ്യക്ഷന്മാര്‍. കെപിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ തുളസിയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്കും അയച്ച കത്താണ് പുറത്തു വന്നത്.
പാലക്കാട് ബിജെപിയുടെ വിജയം തടയാനും കേരളത്തില്‍ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും ഇടതു മനസുള്ളവരുടേയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.
അതേസമയം പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സജീവമായി രംഗത്തുള്ള നേതാവാണ് വി.കെ ശ്രീകണ്ഠന്‍.
ആഡംബര ജീവിതത്തിനായി ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ. കൊല്ലം ചിതറയിൽ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.
സെപ്റ്റംബറിൽ മുബീനയുടെ ഭർതൃ സഹോദരിയായ മുനീറയുടെ താലിമാല, വളകൾ, കൈ ചെയിനുകൾ, കമ്മലുകൾ തുടങ്ങിയവ മോഷണം പോയിരുന്നു. ഒക്ടോബർ 10നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്.
തുടർന്ന് വീട്ടിലെ സിസിടീവി പരിശോധനയിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. അതുവരെ ഈ വീട്ടിൽ മറ്റാരും വന്നിട്ടുമില്ല. തുടർന്ന് മുനീറ ചിതറ പോലീസിൽ പരാതി നൽകി.
സമാനമായ മറ്റൊരു സ്വർണ്ണ മോഷണ പരാതി ജനുവരി മാസം ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനിയും പരാതി നൽകിയിരുന്നു. അമാനിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്നത്.
ആഡംബര ജീവിതം നയിച്ചിരുന്ന മുബീനയ്ക്ക് അതിനുളള സാമ്പത്തിക ശേഷി ഇല്ലെന്നു പൊലീസ് മനസിലാക്കി. ഇൻസ്റ്റഗ്രാം താരമായിരുന്ന മുബീന ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. മോഷ്ടിച്ച സ്വർണം വിറ്റ പണവും സ്വർണാഭരണങ്ങളും മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.